Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 19

ഉദാര സമീപനം പ്രവാചക മാതൃക

അബ്ദുസ്സമദ് കൂട്ടിലങ്ങാടി /ലേഖനം

         മീപനം (Attitude), അതാണ് എല്ലാം. ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ ആശയങ്ങളോടും വസ്തുക്കളോടുമുള്ള വിശ്വാസം, വികാരം, പ്രതികരണം, പ്രചോദനം തുടങ്ങിയവയാണ് സാമാന്യേന സമീപനമായി മനസ്സിലാക്കപ്പെടുന്നത്. ഒരുത്തന്റെ, താന്‍ ജീവിക്കുന്ന പരിസ്ഥിതിയോടുള്ള വികാരവും പ്രതികരണവുമാണ് സമീപനത്തില്‍ പ്രതിഫലിക്കുന്നത്. മറ്റൊരര്‍ഥത്തില്‍ അനുഭവത്തിലൂടെ മനസ്സിലാക്കുന്നതും സംഘടിപ്പിക്കുന്നതുമായ മനസ്സിന്റെ സന്നദ്ധതയെയാണ് സമീപനം അല്ലെങ്കില്‍ നിലപാട് എന്നു പറയുന്നത്. ഒരു പ്രത്യേക സംഭവത്തില്‍ ഒരുവന് ജനങ്ങളോടുള്ള പ്രതികരണമാണ് സമീപനം. ഈ മനോഭാവം ചില ആളുകളെ സംബന്ധിച്ചേടത്തോളം നിഷേധാത്മകമോ അല്ലാത്തതോ ആകാം.

അല്ലാഹു പറയുന്നു: ''മാന്യമായി അഭിവാദനം ചെയ്യപ്പെട്ടാല്‍ അതിലും ഭംഗിയായി അല്ലെങ്കില്‍ അതുപോലെയെങ്കിലും നിങ്ങള്‍ പ്രത്യഭിവാദനം ചെയ്യുക'' (അന്നിസാഅ് 86). പ്രത്യഭിവാദനവേളയില്‍ എന്തു നിലപാടെടുക്കണമെന്ന് പഠിപ്പിക്കുന്നു ചിന്തോദ്ദീപകമായ ഈ സൂക്തം. കൂടുതല്‍ നല്ല രൂപത്തില്‍ അല്ലെങ്കില്‍ അതുപോലെയെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഏറ്റവും നല്ല നിലപാടുകളെടുക്കാനുള്ള ആഹ്വാനമാണ് ഈ ഖുര്‍ആന്‍ സൂക്തം നമുക്ക് നല്‍കുന്നത്.

ആലുഇംറാന്‍ 159-ാമത്തെ സൂക്തം കാണുക: ''പ്രവാചകരേ, താങ്കള്‍ വളരെ സൗമ്യശീലനായത് അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ ഒരു അനുഗ്രഹമാകുന്നു. താങ്കള്‍ കഠിന ഹൃദയനായ പരുഷപ്രകൃതനായിരുന്നുവെങ്കില്‍ താങ്കളുടെ ചുറ്റുനിന്നും അവരെല്ലാം പിരിഞ്ഞുപോകുമായിരുന്നു. അവരുടെ തെറ്റുകള്‍ പൊറുക്കുക, അവരുടെ പാപമുക്തിക്കായി പ്രാര്‍ഥിക്കുക. ദീന്‍ കാര്യങ്ങളില്‍ അവരെയും കൂടിയാലോചനകളില്‍ പങ്കാളികളാക്കുക. എന്നിട്ട് താങ്കള്‍ ഒരു കാര്യത്തില്‍ ദൃഢനിശ്ചയമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. അല്ലാഹു അവനെ ഭരമേല്‍പിച്ച് പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുന്നു.''

ജനങ്ങള്‍ ഇസ്‌ലാമിലേക്കാകൃഷ്ടരാകാന്‍ പ്രവാചകന്റെ ഈ സമീപനം എത്രമാത്രം വഴിയൊരുക്കിയിരുന്നുവെന്ന് ഈ സൂക്തം തെര്യപ്പെടുത്തുന്നു. ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്ന പ്രബോധകന്‍ സൗമ്യ സ്വഭാവക്കാരനും മാന്യനുമായിരിക്കണം. നമ്മുടെ നിലപാടുകളിലും സമീപനത്തിലും സൗമ്യവും മാന്യവുമായ രീതി കൈക്കൊള്ളണം. ആരെങ്കിലും നമ്മെ വേദനിപ്പിച്ചാല്‍ അവര്‍ക്ക് മാപ്പ് നല്‍കണം. എന്നാല്‍, ഇസ്‌ലാമിക വിരുദ്ധ നിലപാടിനോട് കടുത്തതും നീതിപൂര്‍വകവുമായ നിലപാട് തന്നെയാണ് പ്രവാചക മാതൃക.

വിജയശ്രീലാളിതനായി പ്രവാചകന്‍ മക്കയില്‍ പ്രവേശിച്ച സന്ദര്‍ഭം. ഖുറൈശികള്‍ പരാജയം സമ്മതിച്ച് കീഴടങ്ങിക്കൊണ്ടിരുന്ന അവസരം. ഖുറൈശി പ്രമുഖയായ ഒരു സ്ത്രീ ഒരു സാധനം മോഷ്ടിച്ചു. കൈ ഛേദിക്കലാണ് മോഷണത്തിനുള്ള ശിക്ഷ. മോഷ്ടാവ്, ധനാഢ്യനും കുലീനനുമായ ഖുറൈശിത്തലവന്റെ മകളായതിനാല്‍ ശിക്ഷ നടപ്പാക്കാതിരിക്കാന്‍ ബന്ധുക്കള്‍ തിരുമേനിയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അവളുടെ കരഛേദം ഗോത്രത്തിന് മൊത്തത്തില്‍ അപമാനമുണ്ടാക്കും. എന്നാല്‍, പ്രവാചകന്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചതിങ്ങനെയാണ്: ''അസാധ്യം. എനിക്ക് നിയമം മാറ്റിവെക്കാനാവില്ല. ഈ സ്ത്രീ ഉന്നതകുല ജാതയല്ലെങ്കില്‍ നിങ്ങളെല്ലാവരും കൂടി പറയും അവള്‍ക്ക് ശിക്ഷ നടപ്പാക്കണമെന്ന്. പക്ഷേ, ഇപ്പോള്‍ നിങ്ങള്‍ പറയുന്നു ശിക്ഷ നടപ്പാക്കരുതെന്ന്, അവള്‍ അപമാനിതയാകുമെന്ന്. എനിക്കെങ്ങനെ അവള്‍ക്ക് പൊറുത്തുകൊടുക്കാന്‍ കഴിയും? അല്ലാഹുവിന്റെ നിയമങ്ങളെ മാറ്റിമറിക്കാനാവില്ല. യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും സ്വീകാര്യമല്ല.'' പ്രവാചകന്റെ വാക്കുകള്‍ ഉറച്ചതായിരുന്നു.

തത്ത്വങ്ങളുടെയും നിയമങ്ങളുടെയും കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും പ്രവാചകന്‍ തയാറായിരുന്നില്ല എന്ന് നമുക്ക് ഈ സംഭവത്തില്‍ നിന്നു മനസ്സിലാകുന്നുണ്ട്. അതേസമയം വ്യക്തിതാല്‍പര്യങ്ങളുടെ കാര്യത്തിലാണെങ്കില്‍ പ്രവാചകന്‍ ഉദാരവും അനുകമ്പാപൂര്‍വ്വവുമായ സമീപനമാണ് കൈക്കൊണ്ടിരുന്നത്. ഇസ്‌ലാമിന്റെ വിജയത്തിന് സുപ്രധാനമായ ഒരു കാരണം പ്രവാചകന്റെ ഉന്നതമായ സ്വഭാവ ഗുണങ്ങളും അതിനനുസരിച്ചുള്ള ജീവിതരീതിയുമായിരുന്നു.

പ്രവാചകന്‍ പള്ളിയിലേക്ക് നടന്നുവന്നുകൊണ്ടിരിക്കെ ഒരിക്കല്‍ ഒരു ജൂതന്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചു. സഹചാരികള്‍ ജൂതന്റെ നേരെ പാഞ്ഞടുക്കുന്നത് തടഞ്ഞുകൊണ്ട് പ്രവാചകന്‍ പറഞ്ഞതിങ്ങനെയാണ്: ''വേണ്ട, നിങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ല. എന്റെ സുഹൃത്തുമായി എന്തു ചെയ്യണമെന്ന് എനിക്കറിയാം.'' പ്രവാചകന്റെ ഈ വിനയവും ഉദാര മനസ്‌കതയും കണ്ട ജൂതന്‍ അവിടെ വെച്ചുതന്നെ ഇസ്‌ലാം സ്വീകരിക്കുകയാണുണ്ടായത്. ഇസ്‌ലാം ആശ്ലേഷത്തിനു ശേഷം ജൂതന്‍ പറഞ്ഞതിങ്ങനെ: ''താങ്കള്‍ വളരെ ശക്തനെങ്കിലും സൗമ്യനും ഉദാരനുമാണ്. ഇതൊരു സാധാരണ മനുഷ്യനു സാധ്യമായ കാര്യമല്ല. അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ലെന്നും മുഹമ്മദ് അവന്റെ പ്രവാചകനാണെന്നും ഞാന്‍ ഇതാ സാക്ഷ്യംവഹിക്കുന്നു.''

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ''ലോകാനുഗ്രഹിയായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല'' (2:107). പ്രവാചകന്‍ ജീവിതത്തിലുടനീളം വിട്ടുവീഴ്ചയുടെയും ഉദാര മനസ്‌കതയുടെയും സമീപനമാണ് സ്വീകരിച്ചത്. വ്യക്തികള്‍ക്കും സമൂഹത്തിനും അദ്ദേഹം ഒരുപോലെ മാപ്പ് കൊടുത്തു.

മക്കാ വിജയത്തോടെ പിടിക്കപ്പെട്ട ഖുറൈശികള്‍ നബിയെ സമീപിച്ചത് ഉള്‍ക്കിടിലത്തോടെയായിരുന്നു. വിജയശ്രീലാളിതരായ ചക്രവര്‍ത്തിമാര്‍ സാധാരണ ചെയ്യാറുള്ളതുപോലെ പ്രവാചകന്‍ തങ്ങളെ കൊന്നുകളയുമെന്നാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍ അവരെയെല്ലാം സ്വതന്ത്രരായി വെറുതെ വിടുകയാണ് പ്രവാചകന്‍ ചെയ്തത്. ''ഇന്ന് നിങ്ങള്‍ സ്വതന്ത്രരാണ്; പോകൂ!'' ഇതായിരുന്നു പ്രവാചകന്റെ പ്രഖ്യാപനം.

ഇസ്‌ലാമിന്റെ കടുത്ത ശത്രുക്കളില്‍ ഒരാളായിരുന്ന ഇക്‌രിമ, പ്രവാചകന്‍ പൊതുമാപ്പ് നല്‍കിയ ദിനത്തിലും മുസ്‌ലിംകളുമായി പോരിനിറങ്ങുകയുണ്ടായി. പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഒളിച്ചോടി. ഇക്‌രിമയുടെ ഭാര്യ മാപ്പപേക്ഷിച്ചപ്പോള്‍ പ്രവാചകന്‍ മാപ്പ് നല്‍കുകയാണുണ്ടായത്. മാപ്പ് ലഭിച്ച ഉടനെ ഇക്‌രിമ പ്രവാചകനെ സന്ദര്‍ശിച്ച് കുഫ്‌റിന്റെ ധിക്കാരം ആവര്‍ത്തിച്ചു. ഈ സാഹചര്യത്തിലും പ്രവാചകന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''തീര്‍ച്ചയായും നിനക്ക് നിന്റെ വിശ്വാസവുമായി സ്വതന്ത്രനായി മുന്നോട്ട് പോകാം.''

പോസിറ്റീവ് നിലപാടുകളാണ് പ്രവാചകന്‍ ഏതു കാര്യത്തിലും എപ്പോഴും സ്വീകരിച്ചിരുന്നത്. പ്രവാചകന്‍ ത്വാഇഫ് സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ജനങ്ങള്‍ തെരുവ് ഗുണ്ടകളെ പ്രവാചകനെതിരില്‍ ഇളക്കിവിട്ടു. അവര്‍ പ്രവാചകനെ ആട്ടിയോടിക്കുകയും കല്ലെറിയുകയും ചെയ്തു. തിരുശരീരത്തില്‍ നിന്ന് രക്തമൊഴുകി. പ്രവാചകന്‍ തളര്‍ന്നിരിക്കുമ്പോള്‍ മലക്ക് ജിബ്‌രീലും മാമലകളുടെ മലക്കും ഇറങ്ങിവന്ന് പ്രവാചകനോട് പറഞ്ഞു: ''ഓ പ്രവാചകരേ, താങ്കള്‍ ഞങ്ങളോട് കല്‍പിക്കുകയാണെങ്കില്‍ ത്വാഇഫിലെ ജനങ്ങളെ ഈ മലമറിച്ചിട്ട് ഞെരുക്കിക്കൊല്ലാം.'' പ്രവാചകന്റെ മറുപടി ഇങ്ങനെയായിരുന്നു: ''അറിവില്ലാത്ത ജനങ്ങളാണിവര്‍. ഇവരില്‍ നിന്ന് ചിലരെയെങ്കിലും ഇസ്‌ലാമിന് സേവനം ചെയ്യുന്ന വിഭാഗമായി അല്ലാഹു ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' ഇതാണ് പ്രവാചകന്റെ ഉദാരത, കാരുണ്യം. പ്രവാചകന്‍ പറഞ്ഞു: ''വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. എല്ലാം അവന് ഗുണകരമാണ്. വിശ്വാസിക്ക് മാത്രമാണ് ഇത്തരം അവസ്ഥയുള്ളത്. സന്തോഷകരമായ അവസ്ഥയാണ് അവനുള്ളതെങ്കില്‍ അവന്‍ അല്ലാഹുവിനോട് നന്ദിയുള്ളവനായിരിക്കും. അത് അവന് നന്മയുമാണ്. ഇനി എന്തെങ്കിലും പ്രയാസകരമായ അവസ്ഥയാണ് വിശ്വാസിക്ക് വന്നുപെടുന്നതെങ്കില്‍ അവന്‍ ക്ഷമിക്കും. അതും അവന് നന്മയായി ഭവിക്കും.''

ജീവിതം വളരെയേറെ അസഹ്യമായിട്ടാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. ജീവിതത്തിന്റെ നിമ്‌നോന്നതികള്‍ തീരാ ദുരിതത്തിലേക്കാണ് എത്തിക്കുന്നതെന്നാണ് നമുക്ക് തോന്നാറുള്ളത്. പോസിറ്റീവായും നെഗറ്റീവായും സംഭവ വികാസങ്ങള്‍ നമ്മുടെ മുമ്പിലൂടെ കടന്നുപോകുന്നു. സന്തോഷവും സന്താപവും മാറിമാറി വരുന്ന അവസ്ഥയാണ് നമുക്കുള്ളത്.

അതിനാല്‍ ജീവിതത്തോട് നമുക്കൊരു പോസിററീവ് നിലപാടെടുക്കാന്‍ കഴിയണം. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടാതെ നന്മകളെ ഉള്‍ക്കൊണ്ട് ഉന്നതവും ഉദാത്തവുമായ ജീവിതം നയിക്കാന്‍ നമുക്ക് സാധിക്കണം. പോസിറ്റീവ് നിലപാടിലേക്ക് ജീവിതത്തെ മാറ്റാന്‍ കഴിഞ്ഞാല്‍ നമ്മുടെ ലോകം സ്വര്‍ഗ സമാനമായിത്തീരും.

പ്രവാചകന്‍ ജാതി, മത, വിശ്വാസങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരോടും തുല്യമായ ബഹുമാനാദരങ്ങളാണ് പ്രകടിപ്പിച്ചിരുന്നത്. ഒരു ജൂതന്റെ മൃതദേഹം കൊണ്ടുപോകുമ്പോള്‍ ബഹുമാനപുരസ്സരം പ്രവാചകന്‍ എണീറ്റു നില്‍ക്കുകയുണ്ടായി. പ്രവാചകരേ താങ്കളെന്തിനാണ് ജൂതന്റെ മൃതദേഹം കൊണ്ടുപോയപ്പോള്‍ എണീറ്റുനിന്നതെന്ന അനുചരന്മാരുടെ അത്ഭുതത്തോടെയുള്ള ചോദ്യത്തിന് പ്രവാചകന്റെ മറുപടി ഇങ്ങനെയായിരുന്നു: ''അതും ഒരു മനുഷ്യാത്മാവല്ലേ?''

ഭാരമുള്ള വിറക് കെട്ട് പ്രയാസപ്പെട്ട് ചുമന്നുപോകുന്ന സ്ത്രീയെ കണ്ട പ്രവാചകന്‍, ആ വിറക് കെട്ട് അവരുടെ ചുമലില്‍ നിന്നെടുത്ത് സ്വന്തം ശിരസ്സില്‍ വെച്ച് അവരുടെ വീട്ടില്‍ എത്തിച്ചുകൊടുത്ത സംഭവവും സ്മരണീയമാണ്. ഇരുവരും നടന്നു നീങ്ങവെ ആ സ്ത്രീ മുഹമ്മദിനെക്കുറിച്ച് മോശമായി സംസാരിക്കാന്‍ തുടങ്ങി. യാത്രയിലുടനീളം മുഹമ്മദിനെ അവമതിക്കാനും ചീത്ത വിളിക്കാനുമാണ് അവര്‍ വായ തുറന്നത്. മുഹമ്മദിന്റെ കെണിയില്‍ പെടാതെ സൂക്ഷിക്കണമെന്ന് ഉപദേശിക്കാനും മറന്നില്ല. പ്രവാചകന്‍ ക്ഷമയോടെ എല്ലാം കേട്ടുകൊണ്ടിരുന്നു. വിറക് കെട്ട് വീട്ടിലെത്തിച്ച് മടങ്ങുമ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''ഞാന്‍ തന്നെയാണ് നിങ്ങള്‍ പറഞ്ഞ മുഹമ്മദ്.'' ഇതു കേട്ടപ്പോള്‍ സ്ത്രീക്ക് മനഃപരിവര്‍ത്തനമുണ്ടാവുകയും അവിടെ വെച്ചുതന്നെ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.

മനുഷ്യ സ്വഭാവത്തിന്റെ അവിഭാജ്യ ഘടകമാണ് സമീപനം(Attitude). ഒരാള്‍ ഏറ്റവും നല്ലവനാകണമെങ്കില്‍ ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമയാകണം. നിലപാട് നന്നാകുമ്പോഴാണ് നല്ല സ്വഭാവമുണ്ടാകുന്നത്. നമ്മുടെ നിലപാട് ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമാണ്.

ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ മറ്റു ഹൃദയങ്ങളെ കീഴടക്കും. എന്നാല്‍ കേവലം വായില്‍ നിന്നുള്ള വാക്കുകള്‍ ഹൃദയങ്ങളില്‍ പ്രവേശിക്കുകയില്ല. ഹൃദയസ്പര്‍ശിയായ സമീപനത്തിലൂടെയാണ് പ്രവാചകന്‍ അജ്ഞരും ബഹുദൈവവിശ്വാസികളുമായ ഒരു സമൂഹത്തെ ഇസ്‌ലാമിന്റെ നിര്‍മലതയിലേക്കും ഏകദൈവവിശ്വാസത്തിലേക്കും കൊണ്ടുവന്നത്. പ്രവാചകനെ വിജയത്തിന്റെ സോപാനത്തിലെത്തിച്ചതും മറ്റൊന്നല്ല.

തീര്‍ച്ചയായും നല്ല സമീപനം(Positive Attitude) നമ്മെ ഏറ്റവും നല്ല മനുഷ്യരാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

അവലംബം: റേഡിയന്‍സ് വാരിക


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21/ അല്‍അമ്പിയാഅ്/ 7-10
എ.വൈ.ആര്‍