ശ്രദ്ധേയമായ അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സമ്മേളനം
ഇക്കഴിഞ്ഞ ആഗസ്റ്റ് 20 മുതല്‍ 22 വരെ അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതവേദിയുടെ ജനറല്‍ ബോഡി യോഗം ഇസ്തംബൂളില്‍ നടന്നത് മുള്‍മുനയിലായിരുന്നു. ഈജിപ്തിലെ പട്ടാള വിപ്ലവത്തെ തുടര്‍ന്നുണ്ടായ ധ്രുവീകരണത്തില്‍ ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ അധ്യക്ഷതയിലുള്ള പണ്ഡിത സഭയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതും, ഇറാഖ്, സിറിയ, ഗസ്സ പ്രശ്‌നങ്ങള്‍ കത്തി നില്‍ക്കുന്നതുമായ സാഹചര്യം സമ്മേളനം പരാജയപ്പെടുമെന്ന പ്രചാരണത്തിന് ശക്തി പകര്‍ന്നു. ഇരുപതോ മുപ്പതോ പേരിലധികം സമ്മേളനത്തിനെത്തില്ലെന്ന് ചില 'അറബ് വസന്ത' വിരോധികള്‍ ആശ്വസിക്കുകയും ചെയ്തിരുന്നു. പക്ഷേ ലോകത്തിന്റെ ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നായി ആയിരത്തിലധികം പണ്ഡിതന്മാരാണ് സമ്മേളനത്തിന് എത്തിച്ചേര്‍ന്നത്. യുദ്ധ ഭൂമിയില്‍ നിന്നും തങ്ങള്‍ക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുമൊക്കെ എങ്ങനെയോ അവര്‍ അതിര്‍ത്തി കടന്നു. സമ്മേളനം നടക്കുന്ന ഇസ്തംബൂളിലെ പ്രസിദ്ധമായ ഗ്രാന്റ് ജവാഹിര്‍ ഹോട്ടലില്‍ എത്തിച്ചേര്‍ന്ന ശേഷമാണ് അവരില്‍ പലര്‍ക്കും ശ്വാസം വീണത്.
സമ്മേളനം ആരംഭിച്ചതും ഗസ്സയില്‍ ഇസ്രയേലിന്റെ ആക്രമണം പുനരാരംഭിച്ചതും ഒന്നിച്ചായിരുന്നു. പുതുതായി കൊല്ലപ്പെട്ടവരുടെ എണ്ണം സ്റ്റേജിലും പുറത്തും പ്രഖ്യാപിക്കപ്പെട്ടുകൊണ്ടിരുന്നു. ഇറാഖിലെ അമേരിക്കന്‍ ആക്രമണത്തിന്റെയും ശിഈ-സുന്നി പ്രശ്‌നങ്ങളുടെയും പുതിയ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. യമനില്‍ ഗവണ്‍മെന്റിനെതിരെ ശിഈ പ്രക്ഷോഭം ശക്തിപ്പെടുന്നതിന്റെയും സിറിയയില്‍ നരനായാട്ട് തുടരുന്നതിന്റെയും കഴിഞ്ഞ സമ്മേളനത്തില്‍ ഓടിനടന്ന് പണിയെടുത്തിരുന്ന പലരും ഈജിപ്തിലെ തടവറയില്‍ പീഡിപ്പിക്കപ്പെടുന്നതിന്റെയും വിശദാംശങ്ങള്‍ വെളിപ്പെടുത്തപ്പെട്ടുകൊണ്ടിരുന്നു. ചില അറബ് രാജ്യങ്ങളില്‍ നിന്ന് എത്തിച്ചേരേണ്ടിയിരുന്ന പ്രമുഖ പണ്ഡിതര്‍ വീട്ടുതടങ്കലിലായതിനാല്‍ ലീവ് അറിയിച്ചിട്ടുണ്ടെന്ന് അറിയിപ്പ് വന്നു. ഈജിപ്തിലെ പട്ടാള അട്ടിമറിയെത്തുടര്‍ന്ന് അറബ് ലോകത്തുണ്ടായ ധ്രുവീകരണത്തിന്റെ ഭാഗമായി പണ്ഡിതസഭയില്‍ നിന്ന് പത്തോളം പേര്‍ രാജിവെച്ച വിവരവും അറിയിച്ചു.
അങ്ങനെ പിരിമുറക്കവും വൈകാരികതയും നിറഞ്ഞ പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ സമ്മേളനം. ഇസ്തംബൂള്‍ സമ്മേളനവേദിയായത് സ്വാഭാവികം. അറബ് മുസ്‌ലിം ലോകത്ത് ഭരണകൂടങ്ങളുടെ പീഡനമേല്‍ക്കുന്നവരുടെയും അവിടങ്ങളിലെ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും അഭയ കേന്ദ്രമാണിന്ന് ഇസ്തംബൂള്‍. അവരുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതും ഇസ്തംബൂളിലാണ്. പല മുസ്‌ലിം രാജ്യങ്ങളും ശൈഖ് ഖറദാവിക്കെതിരെ മുറവിളി കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍, ഇസ്തംബൂളില്‍ അദ്ദേഹത്തിനും സംഘത്തിനും വമ്പിച്ച വരവേല്‍പ്പാണ് ലഭിച്ചത്. പ്രസിഡന്റ് പദവിയിലേക്ക് നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ച മുന്‍പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഖറദാവിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര പണ്ഡിതവേദിയുടെ പ്രതിനിധി സംഘത്തിന് ഗംഭീര സ്വീകരണം നല്‍കി. ഒരു മണിക്കൂറിലധികം അദ്ദേഹം അവരോടൊപ്പം ചെലവഴിച്ചു. മുസ്‌ലിം ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. പണ്ഡിത സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് ഉപപ്രധാനമന്ത്രി അംറുല്ലയെ നിയോഗിക്കുകയും ചെയ്തു. അംറുല്ലയുടെ ഉദ്ഘാടന പ്രസംഗമാവട്ടെ തുര്‍ക്കിയുടെ ഈ പൊതു സമീപനത്തിന് അടിവരയിടുന്നതായിരുന്നു: ''വിരലിലെണ്ണാവുന്ന സ്വേഛാധിപതികളുടെ കൂടെ നില്‍ക്കാനല്ല, മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ കൂടെ നില്‍ക്കാനാണ് തുര്‍ക്കിക്ക് താല്‍പര്യം. ലോകത്തെങ്ങുമുള്ള പീഡിപ്പിക്കപ്പെടുന്ന ജനങ്ങളുടെ കൂടെ തുര്‍ക്കിയുണ്ടാകും. ഫലസ്ത്വീനികള്‍ ആ പട്ടികയില്‍ മുന്‍പന്തിയിലുണ്ട്. ഗസ്സ കൂട്ടക്കൊലയില്‍ മൗനം പാലിക്കുന്നവര്‍ക്ക് ചരിത്രം ഒരിക്കലും മാപ്പ് നല്‍കില്ല.''
'അല്ലാഹുവിനെ മാത്രം ഭയപ്പെടുന്നവര്‍'
''അല്ലാഹുവിന്റെ സന്ദേശം മനുഷ്യര്‍ക്ക് എത്തിച്ചു കൊടുക്കുന്നവരാണവര്‍. അവര്‍ അല്ലാഹുവിനെ പേടിക്കുന്നു. അവനല്ലാതെ മറ്റാരെയും പേടിക്കുന്നുമില്ല. കണക്കുനോക്കാന്‍ അല്ലാഹു തന്നെ മതി'' (അല്‍അഹ്‌സാബ്:39) എന്ന വചനമാണ് പണ്ഡിതസഭയുടെ മുദ്രാവാക്യം.
ആ വചനത്തോട് നീതിപുലര്‍ത്തി പോരുന്നു എന്നതാണ് ലോക പണ്ഡിതസഭയുടെ പ്രത്യേകത. അതുകൊണ്ട് അറബ് വസന്തത്തില്‍ അതിന്റെ ഒന്നാം ദിവസം മുതല്‍ കൂടെ നിന്നും, ഈജിപ്തിലെ പട്ടാള വിപ്ലവത്തിനെതിരെ നിലപാടെടുത്തും, ഹമാസിനെ ശക്തമായി പിന്തുണച്ചുമൊക്കെ നിലകൊണ്ട പണ്ഡിതവേദി പലരുടെയും കണ്ണിലെ കരടാവുക സ്വാഭാവികം. 'അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാത്തവര്‍' എന്ന വിശേഷണം തുടക്കം മുതലേ പണ്ഡിതവേദിയുടെ വഴിമുടക്കി. ഒരു മുസ്‌ലിം രാഷ്ട്രത്തിലും അതിന് രജിസ്‌ട്രേഷന്‍ ലഭിച്ചില്ല. അവസാനം അയര്‍ലന്റിലാണ് വേദി രജിസ്റ്റര്‍ ചെയ്തത്. രൂപീകരണ സമ്മേളനം നടത്താന്‍ മുസ്‌ലിം തലസ്ഥാന നഗരികള്‍ ലഭിച്ചില്ല. ഒടുവില്‍ ലണ്ടനിലാണ് 2004-ല്‍ പണ്ഡിതവേദിയുടെ രൂപീകരണം നടക്കുന്നത്. അറബ് വസന്തത്തെത്തുടര്‍ന്ന് ഈജിപ്തിലേക്കും തുനീഷ്യയിലേക്കും യമനിലേക്കുമൊക്കെ പ്രവേശനം ലഭിച്ചു. വിപ്ലവാനന്തരം ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ഖുത്വ്ുബ നടത്താന്‍ പണ്ഡിതവേദി അധ്യക്ഷന്‍ ശൈഖ് യൂസുഫുല്‍ ഖറദാവിക്ക് വേദിയൊരുങ്ങി. പക്ഷേ, പട്ടാള വിപ്ലവത്തോടെ എല്ലാം അട്ടിമറിഞ്ഞു. എന്നാല്‍ ഖറദാവിയുടെ കൂടെനിന്ന ഖത്തര്‍, പണ്ഡിതവേദിക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് ദോഹയില്‍ സൗകര്യം ചെയ്തുകൊടുത്തിട്ടുണ്ട്. സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കുകയും ചെയ്തു.
ഈ പ്രതിസന്ധികള്‍ക്കെല്ലാമിടയിലും കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് പണ്ഡിതവേദി കൈവരിച്ചത്. 83 രാജ്യങ്ങളിലെ ഏറ്റവും പ്രഗത്ഭരും പ്രശസ്തരുമുള്‍പ്പെടുന്ന 1858 അംഗങ്ങളുണ്ട് പണ്ഡിത വേദിയില്‍. തങ്ങളുടെ രാജ്യങ്ങളില്‍ വലിയ ദൗത്യങ്ങള്‍ നിര്‍വഹിച്ചുവരുന്നവരും, അന്നാടുകളിലെ പൊതുസമൂഹത്തില്‍ നല്ല സ്വാധീനമുള്ളവരുമാണ് അവരില്‍ മിക്കവരും. അവരിലൂടെ ലോകത്തെ മൊത്തം സ്വാധീനിക്കാന്‍ പണ്ഡിതസഭക്ക് അവസരമൊരുങ്ങിയെന്നത് ചില്ലറ കാര്യമല്ല. ഭരണകൂടങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും പണ്ഡിതവേദി പിടിച്ചുനില്‍ക്കുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയുടെ നിദാനമതാണ്.
ഫലസ്ത്വീന്‍, സിറിയ, ഇറാഖ്, യമന്‍, തുനീഷ്യ തുടങ്ങി അറബ് ലോകത്തെ സകല പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ട പണ്ഡിതവേദി, അതിനപ്പുറം ബംഗ്ലാദേശിലെ മനുഷ്യാവകാശ ലംഘനങ്ങളിലും, മ്യാന്മറിലെ മുസ്‌ലിം കൂട്ടക്കുരുതിയിലും മധേഷ്യന്‍ റിപ്പബ്ലിക്കിലെ പ്രശ്‌നങ്ങളിലുമുള്ള തങ്ങളുടെ കടുത്ത പ്രതിഷേധം ലോകത്തെ അറിയിച്ചു.
വാര്‍ഷിക റിപ്പേര്‍ട്ട്, ഭാവിപദ്ധതികള്‍ തുടങ്ങിയ ഇനങ്ങള്‍ക്ക് പുറമെ, ഉമ്മത്തിന്റെ നവോത്ഥാനത്തില്‍ പണ്ഡിതന്മാരുടെ പങ്ക് എന്ന പ്രമേയത്തില്‍ കേന്ദ്രീകരിച്ചായിരുന്നു സമ്മേളനത്തിന്റെ അജണ്ട തയാറാക്കിയിരുന്നത്. മധ്യമനിലപാടും മതനവീകരണവും പ്രചരിപ്പിക്കുന്നതില്‍ പണ്ഡിതന്മാരുടെ പങ്ക്, ഇസ്‌ലാമിക് ഐഡന്റിറ്റിയുടെ സംരക്ഷണത്തില്‍ പണ്ഡിതന്മാരുടെ ചുമതല, ന്യൂ മീഡിയയും പണ്ഡിതന്മാരും, മുസ്‌ലിം ഐക്യം സ്ഥാപിക്കുന്നതില്‍ പണ്ഡിതന്മാര്‍ വഹിക്കേണ്ട പങ്ക്, ഫത്‌വയുടെയും മതബോധനത്തിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍, ലോകത്ത് മതവിദ്യാഭ്യാസത്തിന്റെ ആനുകാലിക അവസ്ഥയും ഭാവിയും, അന്താരാഷ്ട്ര നിയമങ്ങള്‍ പ്രയോജനപ്പെടുത്തി സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ പണ്ഡിതന്മാരുടെ ഇടപെടല്‍ എന്നിങ്ങനെ ഏഴ് തലക്കെട്ടുകളില്‍ ഗ്രൂപ്പ് ചര്‍ച്ചയും വര്‍ക്ക്‌ഷോപ്പും നടത്തിയ സമ്മേളനം, ഇത്തവണ കുറച്ച് കൂടി പ്രായോഗിക നടപടികളിലേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. തദടിസ്ഥാനത്തില്‍ പണ്ഡിതസഭയും സെക്രട്ടറിയേറ്റും ഓരോ വിഷയത്തിലും ഭാവിപദ്ധതികള്‍ തയാറാക്കുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. സമ്മേളനത്തിന്റെ ഒടുവില്‍ പ്രതിനിധികള്‍ തിരുത്തലോടെയും ശബ്ദവോട്ടോടെയും അംഗീകരിച്ച പ്രമേയം ലോകത്തെ എല്ലാ പ്രധാന വിഷയങ്ങളിലും പണ്ഡിതവേദിയുടെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു. ഇറാഖിലും സിറിയയിലും പുതുതായി പ്രത്യക്ഷപ്പെട്ട തീവ്രവാദി ഗ്രൂപ്പുകളുടെ സായുധ പ്രവര്‍ത്തനങ്ങളെയും അവര്‍ മുസ്‌ലിംകളെയും അമുസ്‌ലിംകളെയും കൊന്നൊടുക്കുന്നതിനെയും പ്രമേയം നിഷിദ്ധമെന്ന് വിശേഷിപ്പിക്കുകയും, ശക്തമായി അപലപിക്കുകയും ചെയ്തു. ചില ഗ്രൂപ്പൂകള്‍ ഖിലാഫത്ത് പ്രഖ്യാപിച്ചതിന് ശര്‍ഇല്‍ നിയമ സാധുതയില്ലെന്നും, അത് ഒരു ഗ്രൂപ്പിന്റെയല്ല മൊത്തം മുസ്‌ലിം ഉമ്മത്തിന്റെ മാത്രം അവകാശമാണെന്നും സമ്മേളനം പ്രഖ്യാപിച്ചു.
ഇറാഖില്‍ മുന്‍ ഗവണ്‍മെന്റ് ചെയ്തത് പോലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള സമീപനം സ്വീകരിക്കാന്‍ പുതിയ സര്‍ക്കാറിനോട് പ്രമേയം ആവശ്യപ്പെട്ടു. ഈജിപ്തിലെയും സിറിയയിലെയും ബംഗ്ലാദേശിലെയും സ്വേഛാധിപത്യ ഭരണ കൂടങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുകയും സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ ജയിലിലടച്ചവരെ മോചിപ്പിക്കണമെന്നും, വധശിക്ഷകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ലോകത്തെവിടെയും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി പൊരുതുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും പണ്ഡിതവേദി പിന്തുണ വാഗ്ദാനം ചെയ്തു. ഫലസ്ത്വീന്‍ പ്രശ്‌നം മുസ്‌ലിം ലോകത്തിന്റെ ഒന്നാമത്തെ പ്രശ്‌നമാണെന്നോര്‍മിച്ച സമ്മേളനം, ഗസ്സയിലെ സ്വാതന്ത്ര്യ പോരാട്ടത്തെ പ്രശംസിക്കുകയും, ഇസ്രയേലിന്റെ കിരാത നടപടികള്‍ക്ക് അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി അറുതി വരുത്തണമെന്നാവശ്യപ്പെടുകയും ചെയ്തു.
പള്ളി പ്രവേശം
ഖറദാവി തന്റെ ആമുഖ പ്രസംഗത്തിലും ജുമുഅഃ ഖുത്വുബയിലും സ്ത്രീകളുടെ പള്ളി പ്രവേശം എടുത്തു പറഞ്ഞത് ശ്രദ്ധേയമായി. മുസ്‌ലിം ലോകത്ത് ഭൂരിപക്ഷമുള്ള ഹനഫീ മദ്ഹബിന്റെ ഇക്കാര്യത്തിലുള്ള നിലപാട് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം പണ്ഡിതന്മാരോട് ആവശ്യപ്പെട്ടു. സ്ത്രീകള്‍ പള്ളിയില്‍ പോയാല്‍ ഫിത്‌നയുണ്ടാകുമെന്ന് ഭയന്നാണ് പണ്ട് ഹനഫീ മദ്ഹബ് അത്തരമൊരു നിലപാട് സ്വീകരിച്ചത്. അക്കാലം കഴിഞ്ഞു. ഇന്ന് സ്ത്രീ എല്ലായിടത്തുമുണ്ട്. മാര്‍ക്കറ്റിലും, ജോലിസ്ഥലങ്ങളിലും അവരുടെ സാന്നിധ്യം സജീവമാണ്. പിന്നെ പള്ളിയില്‍ പോയാല്‍ മാത്രം ഫിത്‌നയുണ്ടാകുമെന്ന് ഇന്ന് ആരും പറയില്ല. സ്ത്രീയെ കൂടാതെ നവോത്ഥാനം സാധ്യമല്ല. ഒറ്റച്ചിറക് കൊണ്ട് നമുക്ക് പറക്കാനാവില്ല. അതുകൊണ്ട് ഹനഫീ പണ്ഡിതന്മാരോട് പണ്ഡിതസഭ ഇക്കാര്യം സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്. നേരത്തെ ഇമാം മൗദൂദിയോടും അബുല്‍ ഹസന്‍ അലി നദ്‌വിയോടും താന്‍ ഇക്കാര്യം സംസാരിച്ചിരുന്നതായും ഖറദാവി പറഞ്ഞു.
തന്റെ സമാപന പ്രസംഗത്തില്‍, പണ്ഡിതസഭയെയും ഈ സമ്മേളനത്തെയും പരാജയപ്പെടുത്താന്‍ ചിലര്‍ കരുനീക്കിയിരുന്നെങ്കിലും, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവര്‍ക്ക് വിജയിക്കാനായില്ലെന്ന് ഖറദാവി പറഞ്ഞു. പണ്ഡിതവേദി അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ പ്രശസ്ത ചിന്തകനും അറബ് വസന്താനന്തര തുനീഷ്യന്‍ പരീക്ഷണങ്ങളുടെ ആസൂത്രകനുമായ ശൈഖ് റാശിദുല്‍ ഗനൂശി ലോകത്ത് നീതിയും സ്വാതന്ത്ര്യവും ജനാധിപത്യവും പ്രചരിപ്പിക്കാനും സ്വേഛാധിപത്യം തടയാനും പണ്ഡിതന്മാരെ ആഹ്വാനം ചെയ്തു.
ജനാധിപത്യബോധം നിറഞ്ഞുനിന്ന സമ്മേളനം
മുസ്‌ലിം ലോകത്തെ സ്വേഛാധിപത്യത്തെ എന്നും എതിര്‍ത്തു പോന്നിട്ടുള്ള അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതവേദി അതിന്റെ നടപടി ക്രമങ്ങളിലുടനീളവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പിലും പൂര്‍ണമായും ജനാധിപത്യ രീതികളെയാണ് അവലംബിച്ചത്. വാര്‍ഷിക റിപ്പോര്‍ട്ടില്‍ അംഗങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ പറയാനും നിരൂപണം നടത്താനും സമയമനുവദിച്ചു. വിമര്‍ശനങ്ങള്‍ക്ക് വാതിലുകള്‍ തുറന്നിട്ടു.
കൗണ്‍സിലിലേക്ക് മൊത്തം അംഗങ്ങളില്‍നിന്ന് നോമിനേഷന്‍ ക്ഷണിച്ചു. നിര്‍ദേശിക്കപ്പെട്ട 73 അംഗങ്ങള്‍ക്കിടയില്‍നിന്ന് തെരഞ്ഞെടുപ്പിലൂടെ 30 പേരെ തെരഞ്ഞെടുത്തു. അധ്യക്ഷപദവിയിലേക്ക് ശൈഖ് ഖറദാവിയുടെയും ശൈഖ് അലി ഖുര്‍റദാഗിയുടെയും പേരുകള്‍ നിര്‍ദേശിക്കപ്പെട്ടു. ഖറദാവി തെരഞ്ഞെടുക്കപ്പെട്ടു. ഉപാധ്യക്ഷന്മാരായി ഡോക്ടര്‍ അഹ്മദ് റൈസൂനി (മൊറോക്കോ) ഒമാന്‍ മുഫ്തി ശൈഖ് അഹ്മദ് അല്‍ ഖലീലി, ശൈഖ് അബ്ദുല്‍ ഹാദി അവാങ് (മലേഷ്യ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഈജിപ്ത് ജയിലില്‍ കഴിയുന്ന ഡോ. സ്വലാഹ് സുല്‍ത്താനും ശൈഖ് സഫ്‌വത്ത് ഹിജാസിയും കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ശ്രദ്ധേയമായി. ഇന്ത്യയില്‍ നിന്ന് ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍, ഡോ. ഇനായത്തുല്ലാ സുബ്ഹാനി, ഡോ. ഖാസി മുഹ്‌യുദ്ദീന്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി എന്നിവരാണ് സമ്മേളനത്തിനെത്തിയത്.
ഗനൂശിയുടെ കൂടെ
സമ്മേളനത്തിനിടെ ശൈഖ് റാശിദുല്‍ ഗനൂശിയുടെ കൂടെ അല്‍പം മാറിയിരിക്കാന്‍ അവസരം ലഭിച്ചു. ഇന്ത്യയില്‍ ഇസ്‌ലാമിക പ്രസ്ഥാനം മുന്‍കൈയെടുത്ത് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയെയും, പുതുതായി സ്ഥാപിച്ച ചാനലിനെയും കുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. അറബ് വസന്തത്തെ പ്രതിവിപ്ലവങ്ങള്‍ വിഴുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭാവിയെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന ആകാംക്ഷ ഞാന്‍ പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഈജിപ്തില്‍ ഒരു വര്‍ഷമെങ്കിലുമെടുക്കും ജനങ്ങള്‍ക്ക് യാഥാര്‍ഥ്യം ബോധ്യപ്പെടാന്‍. ജനറല്‍ സീസിക്ക് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് മനസ്സിലാവുമ്പോള്‍ അവര്‍ വീണ്ടും വിപ്ലവത്തിനിറങ്ങും. പട്ടാള ഭരണകൂടങ്ങളെ പിന്തുണച്ച രാഷ്ട്രങ്ങളിലെ പൗരന്മാര്‍ അങ്ങേയറ്റം അതൃപ്തരാണ്. തങ്ങള്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ തങ്ങളുടെ ഭരണകൂടങ്ങള്‍ പട്ടാള ഭരണകൂടത്തെ നിലനിര്‍ത്താന്‍ പണം വാരിയെറിയുന്നതില്‍ അവര്‍ക്കുള്ള പ്രതിഷേധം വൈകാതെ പുറത്തുവരും.'
തുനീഷ്യയില്‍ ഇസ്‌ലാമിക പ്രസ്ഥാനം, അറബ് വസന്തത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയതിനെ അദ്ദേഹം എടുത്തു പറഞ്ഞു: 'അധികാരത്തില്‍നിന്ന് മാറിനില്‍ക്കുക എന്ന വലിയ വില നല്‍കിയാണ് അത് സാധിച്ചത്. അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അന്നഹ്ദക്ക് നല്ല പ്രകടനം കാഴ്ചവെക്കാനാവുമെന്നാണ് പ്രതീക്ഷ.' ഈജിപ്തില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും, എന്നാല്‍ അത് പറയാന്‍ പറ്റിയ സമയമല്ലിതെന്നും ഗനൂശി കൂട്ടിച്ചേര്‍ത്തു.
Comments