അങ്ങനെ ലവ് ജിഹാദ് യു.പിയിലെത്തി
ഝാര്‍ഖണ്ഡിലെ ഷൂട്ടിംഗ് താരം താര സഹ്‌ദേവയെ വിവാഹം കഴിച്ചത് രഞ്ജിത് സിംഗ് അല്ല റഖീബുല്‍ ഹസന്‍ ഖാന്‍ ആണെന്ന വാര്‍ത്ത പുറത്തു വന്നതിനു ശേഷം വി.എച്ച്.പി റാഞ്ചിയില്‍ നടത്തിയ സമരത്തില്‍ ഉയര്‍ന്ന ആരോപണം, റഖീബിന്റെ ലശ്കര്‍ ബന്ധത്തെ കുറിച്ച് അന്വേഷിക്കണം എന്നതായിരുന്നു. രഞ്ജിത് സിംഗ് ആയി നടന്നിരുന്നുവെങ്കില്‍ ഒരു കുഴപ്പവുമില്ലാതിരുന്ന ആള്‍ റഖീബ് ആയപ്പോള്‍ വിഷയം പോയ വഴി നോക്കണേ! മീറത്തിനു സമീപം സരാവയില്‍ മദ്‌റസാ അധ്യാപികയായ സവര്‍ണജാതിക്കാരിയെ മതംമാറ്റിയെന്നും കിഡ്‌നി മോഷ്ടിച്ചുവെന്നും ഹിന്ദിമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മദ്‌റസകളും അന്താരാഷ്ട്ര കിഡ്‌നി റാക്കറ്റുകളുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി നേതാക്കളുമുണ്ടായിരുന്നു. കിഡ്‌നി പോയതല്ല അവിഹിത ഗര്‍ഭം അലസിപ്പിച്ചതിന്റെ അടയാളമാണ് പെണ്‍കുട്ടിയുടെ വയറിലുള്ള മുറിവിന്റെ യാഥാര്‍ഥ്യമെന്നും അത് സാധിപ്പിച്ചെടുക്കാന്‍ ഒപ്പിച്ച കള്ള സര്‍ട്ടിഫിക്കറ്റാണ് ഇവരുടെ മതംമാറ്റമെന്നും ഒടുവില്‍ പോലീസ് വിളിച്ചു പറഞ്ഞതോടെയാണ് കേസില്‍ ബി.ജെ.പി ഇളിഭ്യരായി മാറിയത്. അപ്പോഴും 'മീറത്തിനെ രക്ഷിക്കുക' എന്ന പേരില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്ന വിഷപ്രചാരണം വി.എച്ച്.പി അവസാനിപ്പിച്ചിരുന്നില്ല. അലീഗഢില്‍ ചില ദലിതരെ ക്രിസ്തുമതത്തില്‍ നിന്ന് ശുദ്ധീകരണം എന്ന പേരില്‍ തിരികെ ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്താനും ഈ വാര്‍ത്ത ദേശീയ മാധ്യമങ്ങളിലടക്കം വലിയ ആഘോഷത്തോടെ പ്രസിദ്ധീകരിപ്പിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. ഇതിനിടയില്‍ വീണു കിട്ടിയ കേസായിരുന്നു പര്‍വേസ് എന്ന യുവാവിന്റേത്. ഇയാള്‍ മീറത്തുകാരിയായ മറ്റൊരു ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി 'ലവ് ജിഹാദ്' നടത്തിയെന്നായിരുന്നു ആരോപണം. 'ജിഹാദി'ന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാനായി പര്‍വേസിനെ പോലീസ് പിടികൂടി ജയിലിലിട്ടു. ഒടുവില്‍ 'തട്ടിക്കൊണ്ടു പോകലി'ന് വിധേയയായ യുവതി കോടതിയിലെത്തി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയതോടെ ആ കച്ചവടവും പൂട്ടി. പക്ഷേ ആഴ്ചകളോളം എഴുതിക്കൂട്ടിയതിനു ശേഷമാണ് ഈ കേസുകളിലെല്ലാം മാധ്യമങ്ങള്‍ സത്യം പറഞ്ഞത്.
മഥുരയില്‍ കഴിഞ്ഞ മാസം നടന്ന ബി.ജെ.പി യോഗത്തിനൊടുവില്‍ ലവ് ജിഹാദ് വന്‍ വിഷയമായി ബി.ജെ.പി ഉയര്‍ത്തികൊണ്ടുവരുമെന്നാണ് പൊതുവെ മാധ്യമങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. ഈ പ്രചാരണം ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തികൊണ്ടുവന്ന സദ്ഭരണവുമായി ബന്ധപ്പെട്ട പ്രതിഛായയെ തുരങ്കം വെക്കുമെന്ന ദല്‍ഹി നേതാക്കളുടെ നിലപാടായിരുന്നു ബി.ജെ.പിയുടെ യു.പി ഘടകം അധ്യക്ഷന്‍ ലക്ഷ്മികാന്ത് ബാജ്‌പേയിയെ ഒടുവില്‍ ഈ വാക്ക് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാക്കിയത്. ഈ യോഗത്തില്‍ ബാജ്‌പേയിയെ നിശിതമായി വിമര്‍ശിച്ച ദല്‍ഹി നേതാക്കളിലൊരാള്‍ ചൂണ്ടിക്കാട്ടിയ രസകരമായ ഒരു കാര്യമുണ്ട്. ഈ യോഗം നടന്ന മഥുരയിലെ എം.പി കൂടിയായ ബി.ജെ.പി നേതാവ് ഹേമമാലിനി ധര്‍മ്മേന്ദ്രയെ വിവാഹം കഴിക്കുന്ന കാലത്ത് ഇരുവര്‍ക്കും ഹിന്ദു നിയമപ്രകാരം അത് അനുവദനീയമല്ലായിരുന്നു. അക്കാലത്ത് ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്ന ധര്‍മ്മേന്ദ്രക്ക് രണ്ടാം വിവാഹത്തിന് വകുപ്പുണ്ടായിരുന്നില്ല. ഇതിനു വേണ്ടി ഇരുവരും ഇസ്‌ലാം മതം സ്വീകരിച്ചതായി കള്ളരേഖയുണ്ടാക്കുകയാണ് അന്ന് ചെയ്തത്. കോണ്‍ഗ്രസ് വക്താവ് ശക്കീല്‍ അഹ്മദ് ചോദിച്ച അത്രയും പരിഹാസത്തോടെയല്ലെങ്കിലും ഈ താരദമ്പതിമാരെ നേതാക്കളായി കൊണ്ടു നടക്കുന്ന പാര്‍ട്ടി എങ്ങനെ ലവ് ജിഹാദിനെ കുറിച്ചു അങ്ങാടിയില്‍ സാധാരണക്കാരനായ ഹിന്ദുവിനോടു പറയും? 'ജിഹാദി'കളുടെ അമ്മായിയപ്പന്മാരായി നടക്കുന്ന അദ്വാനി മുതല്‍ സുബ്രഹ്മണ്യം സ്വാമി വരെയുള്ളവര്‍ വേറെയും. ഇങ്ങനെയുള്ള വിരോധാഭാസങ്ങളുടെ കൂടാരമായ പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവുമായിരുന്ന വിഷയമായിരുന്നില്ല അത്.
പക്ഷേ, പുറത്തു വരുന്ന യാഥാര്‍ഥ്യങ്ങള്‍ കേട്ടതിലേറെ ഭീകരമാണ്. മധ്യപ്രദേശില്‍ ഇസ്‌ലാം മതം സ്വീകരിച്ച കുറ്റത്തിന് മണിറാം എന്ന ദലിത് കര്‍ഷകന് സാമൂഹിക വിലക്ക് പ്രഖ്യാപിക്കുകയും അയാളെ വീണ്ടും നിര്‍ബന്ധിച്ച് ദലിതനാക്കുകയും ചെയ്തു. മക്കളായ കാസിമിനും ഇബ്‌റാഹീമിനും തീരുമാനമെടുക്കാന്‍ ജില്ലാ ഭരണകൂടത്തോട് 10 ദിവസത്തെ സമയം ചോദിക്കുകയാണ് ഒടുവില്‍ ചെയ്തത്. ഈ സംഭവം ദലിതര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കിയെന്നു മാത്രമല്ല മണിറാമിന്റെ കുടുംബത്തിലെ ഏഴു പേര്‍ കൂടി ജില്ലാ കലക്ടറുടെ മുമ്പിലെത്തി മതം മാറാനുള്ള അപേക്ഷ നല്‍കുകയാണ് ഒടുവിലുണ്ടായത്. ശിവ്പുരിക്കു സമീപമുള്ള ഈ ഗ്രാമത്തില്‍ 500-ഓളം പേര്‍ മതംമാറാന്‍ തയാറെടുത്ത് നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്രയും പേര്‍ ഹിന്ദുമതം ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന അന്വേഷണം നടത്തുന്നതിനു പകരം ഇവര്‍ക്ക് സാമൂഹിക വിലക്ക് കല്‍പ്പിക്കാനും വയലിന് തീയിടാനും കുടിവെള്ളം വിലക്കാനുമൊക്കെയാണ് നീക്കം നടന്നത്. അതേസമയം കടുത്ത ജാതിപീഡനമാണ് ഈ മതംമാറ്റത്തിലേക്ക് ദലിതരെ നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അലീഗഢില്‍ സംഘ്പരിവാര്‍ ആരംഭിച്ച ഘര്‍വാപസി അഭിയാനില്‍ നൂറു കണക്കിന് ദലിത് ക്രിസ്ത്യാനികള്‍ ഹിന്ദുമതത്തില്‍ തിരികെയെത്തിയതായി വി.എച്ച്.പി നേതാക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റുള്ളവര്‍ നിര്‍ബന്ധിത മതംമാറ്റം നടത്തുന്നുണ്ടെന്ന് കുറ്റപ്പെടുത്തുമ്പോഴും അക്കാര്യം വി.എച്ച്.പി ചെയ്യുമ്പോള്‍ കുറ്റമല്ലാതാവുന്നതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു ശിവ്പുരിയിലെ കാസിമും ഇബ്‌റാഹീമും.
കത്തോലിക്ക സഭയുടെ ലവ്ജിഹാദ് എന്ന മുനപോയ ആയുധവുമായി യു.പി പിടിക്കാനിറങ്ങിയ ബി.ജെ.പി പക്ഷേ ഞെട്ടിക്കുന്ന ചില കണക്കുകളെയും യാഥാര്‍ഥ്യങ്ങളെയും മൂടിവെച്ചാണ് ഈ അങ്കത്തിനിറങ്ങുന്നത്. യു.പിയിലെ 80 ശതമാനം തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും മുസ്‌ലിം യുവതികളാണ് ഇരകളാവുന്നത്. സരാവയുടെ അയല്‍ഗ്രാമമായ ജാഹിദ്പൂരില്‍ അഖ്തര്‍ എന്ന ടയര്‍ റീത്രെഡ് തൊഴിലാളിയുടെ പ്രായപൂര്‍ത്തിയെത്താത്ത മകളെ വാല്‍മീകി സമുദായക്കാരനായ യുവാവ് തട്ടിക്കൊണ്ടുപോയ സംഭവത്തിലെ കേസ് അന്വേഷിക്കുന്നത് സരാവ കേസ് രജിസ്റ്റര്‍ ചെയ്ത അതേ കര്‍ക്കോഡ പോലീസ് തന്നെയായിരുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ മതംതിരിച്ചു കാണുകയല്ല പാര്‍ട്ടി ചെയ്യുന്നതെങ്കില്‍ ലക്ഷ്മി കാന്ത് ബാജ്‌പേയി ഈ വിഷയത്തെ കുറിച്ച് ഒരു പ്രസ്താവനയെങ്കിലും ഇറക്കണമായിരുന്നു. അതാണല്ലോ രാഷ്ട്രീയക്കാരന് കഴിയുന്ന ഏറ്റവും ചുരുങ്ങിയ കാപട്യം.
Comments