മരുഭൂമിയുടെ സ്വപ്നങ്ങളിലുണ്ട് <br>നിറയെ മരുപ്പച്ചകള്‍
രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍നിന്ന് 530 കിലോമീറ്റര്‍ ദൂരമുണ്ട് ബാഡ്മിറിലേക്ക്. പടിഞ്ഞാറന്‍ ഭാഗത്ത്, പാക് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ബാഡ്മിര്‍ ജില്ല, ലോക പ്രശസ്തമായ താര്‍ മരുഭൂമിയുടെ ഭാഗമാണ്. രാജസ്ഥാന്‍ സന്ദര്‍ശനത്തിന്റെ ഏഴാം നാള്‍, പത്തുമണിക്കൂറിലേറെ യാത്ര ചെയ്ത് ബാഡ്മിറില്‍ ട്രെയ്‌നിറങ്ങുമ്പോള്‍ സന്തോഷത്തെക്കാള്‍ ആകാംക്ഷയായിരുന്നു മനസ്സ് നിറയെ. കുട്ടിക്കാലത്തേ കേട്ടു തുടങ്ങിയ താര്‍ മരുഭൂമി കാണാന്‍ കഴിയുന്നതിലെ സന്തോഷം, അവിടുത്തെ ജനജീവിതത്തെ അടുത്തറിയാനുള്ള ആകാംക്ഷയില്‍ അലിഞ്ഞു ചേരുകയായിരുന്നു. അതുകൊണ്ടാകണം, പാണ്ഡികപാര്‍ ഗ്രാമക്കാരനായ ഞങ്ങളുടെ ആതിഥേയന്‍ അലി മുഹമ്മദിനോട്, ബാഡ്മിറിലെ ജനങ്ങളെക്കുറിച്ചും, സിന്ധികളെയും അവരുടെ സംസ്‌കാരത്തെയും സംബന്ധിച്ചും, മരുഭൂമിയിലെ ജീവിതരീതികളെ പറ്റിയും ഞാന്‍ ചോദിച്ചുകൊണ്ടേയിരുന്നു. സിന്ധി കലര്‍ന്ന ഉര്‍ദുവിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാനും, സഹയാത്രികരായിരുന്ന തലശ്ശേരി പാനൂരിലെ അബ്ദുര്‍റഹിമാന്‍, ഹാരിസ്, അര്‍ഷാദ്, നവാസ് എന്നിവരും അദ്ദേഹത്തിന്റെ വിവരണം സാകൂതം കേട്ടു. ആ സംസാരം, കേരളത്തില്‍നിന്ന് 2600 ഓളം കിലോമീറ്റര്‍ അകലെ, ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തരായി ജീവിക്കുന്ന ഒരു ജനതയുടെ സാംസ്‌കാരിക ചരിത്രത്തിലേക്കും വര്‍ത്തമാനകാല ജീവിതാവസ്ഥകളിലേക്കുമുള്ള വാതില്‍ തുറക്കുന്നതായിരുന്നു.
ബാഡ്മിര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് റാംസറിലേക്ക് മരുഭൂമിയിലൂടെയുള്ള റോഡ് വിശാലവും വിജനവുമായിരുന്നു. വാഹനങ്ങള്‍ നന്നേ കുറവ്. കാലികളും ഇടയന്മാരുമായിരുന്നു കൂടുതല്‍. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രക്കിടയില്‍ ഞങ്ങളെ കടന്നുപോയത് ഒരു ബസും ഒരു ട്രാക്ടറും ഒറ്റപ്പെട്ട ഇരുചക്ര വാഹനങ്ങളും മാത്രം. റോഡിനിരുവശവും മരുഭൂമിയില്‍ വളരുന്ന മുള്‍ച്ചെടികള്‍ക്കിടയിലൂടെ മാന്‍പേടകള്‍ ഓടിമറയുന്നുണ്ടായിരുന്നു. മൃഗശാലയില്‍ വളര്‍ത്തുന്ന, എല്ലും തോലുമായ മാനുകളെ മാത്രം കണ്ടുശീലിച്ചവര്‍ക്ക്, മരുഭൂമിയിലെ സ്വാതന്ത്ര്യം ആഘോഷിച്ച് ഉല്ലസിക്കുന്ന മാനുകള്‍ വേറിട്ട ആസ്വാദനം തന്നെയാണ്. മരുഭൂമിയില്‍ സുലഭമായിക്കണ്ട ആട്ടിന്‍പറ്റങ്ങളും പശുക്കളും ഒട്ടകങ്ങളും അവയെ തെളിച്ചുനടക്കുന്ന ഇടയന്മാരും ഉള്‍പ്പെടെ ബാഡ്മിര്‍ ജനതയുടെ ജീവിതം, ശാസ്ത്ര-സാങ്കേതിക വികാസ കാലത്തെ അപൂര്‍വ കാഴ്ച മാത്രമല്ല; ഖുര്‍ആന്‍ അവതീര്‍ണമാകുന്ന കാലത്തെ, നബിയും അനുചരന്മാരും ജീവിച്ച അറേബ്യന്‍ ദേശത്തെ അനുസ്മരിപ്പിക്കുന്നതു കൂടിയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തില്‍ മരുഭൂമിയിലൂടെ യാത്ര ചെയ്യുകയും ഖുര്‍ആന്‍ ഇറങ്ങിയ, നബിയും സ്വഹാബികളും ജീവിച്ച പ്രദേശങ്ങള്‍ കാണുകയും ചെയ്തിരുന്നു. പക്ഷേ, ചരിത്രം രേഖപ്പെടുത്തിയ മരുഭൂമിയിലെ ജീവിതം കണ്ടെത്താനാകാത്തവിധം അവിടമെല്ലാം മാറിക്കഴിഞ്ഞിരുന്നു. ഭൗതിക വളര്‍ച്ചയുടെ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക പ്രഭയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുകയാണ് ആ ദേശങ്ങളെല്ലാം. എന്നാല്‍, ബാഡ്മിര്‍ മരുഭൂമിയില്‍ പഴയ അറേബ്യയെ നമുക്ക് കുറെയൊക്കെ കണ്ടെത്താനാകും. ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ചുനടക്കുന്നവര്‍, അവയെക്കൊണ്ട് കിണറ്റിലെ വെള്ളം വലിപ്പിക്കുന്നവര്‍, ഒട്ടകപ്പുറത്ത് യാത്ര ചെയ്യുകയും ചരക്കുകള്‍ കൊണ്ടുപോവുകയും ചെയ്യുന്നവര്‍, ആട്ടിന്‍ പറ്റങ്ങളെ മേയ്ച്ചുനടക്കുന്നവര്‍, ചരക്കുകള്‍ ചുമക്കുന്ന കഴുതകള്‍, വലിയ മണ്‍കുന്നുകള്‍, അവയുടെ ചാരത്തു കൂടെ കടന്നുപോകുന്ന യാത്രികര്‍, പുല്ലുമേഞ്ഞ ചെറിയ മണ്‍കുടിലുകള്‍, പുരുഷന്മാരും സ്ത്രീകളും ധരിക്കുന്ന അയഞ്ഞു തൂങ്ങിയ വലിയ വസ്ത്രങ്ങള്‍, പുരുഷന്മാര്‍ അണിയുന്ന വലിയ തലപ്പാവും സ്ത്രീകള്‍ മുഖം ഉള്‍പ്പെടെ മറക്കുന്ന വലിയ ദുപ്പട്ടകളും തുടങ്ങി, ഭക്ഷണ രീതികള്‍, ആചാര മര്യാദകള്‍ പോലുള്ളവയിലെല്ലാം പഴയ അറേബ്യന്‍ സംസ്‌കൃതിയുമായി കുറേയൊക്കെ ചേര്‍ന്നുനില്‍ക്കുന്നുണ്ട് ബാഡ്മിര്‍ ജനത. ഒറ്റപ്പെട്ട കിണറുകളില്‍നിന്ന് വെള്ളം ശേഖരിക്കാന്‍ പാടുപെടുന്ന സിന്ധിപ്പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍, മദ്‌യനില്‍ മൂസാ നബി വെള്ളം കോരിക്കൊടുത്ത പെണ്‍കുട്ടികളെക്കറിച്ച ഖുര്‍ആന്‍ വിവരണത്തെ ഓര്‍മിപ്പിക്കുന്നു. ഒരു പക്ഷേ, ഹദീസുകളില്‍ രേഖപ്പെട്ടുകിടക്കുന്ന, നബിയുടെയും അനുചരന്മാരുടെയും ജീവിതത്തെ ഈ പശ്ചാത്തലത്തില്‍ വായിച്ചാല്‍ കുറേക്കൂടി വെളിച്ചം കിട്ടുമായിരിക്കും.
അങ്ങനെ, ബാഡ്മിര്‍ മരുഭൂമിയിലേക്കുള്ള യാത്ര, റാംസര്‍ താലൂക്കിലെ പാണ്ഡികപാര്‍-ജാനകിബറി ഗ്രാമത്തിലെ സന്ദര്‍ശനം, ഗ്രാമീണരോടൊപ്പം ചെലവഴിച്ച രാപ്പകലുകള്‍, ചുറ്റുമതിലില്ലാത്ത സ്‌കൂള്‍ കോമ്പൗണ്ടിലെ തുറന്ന മരുഭൂമിയില്‍ രാത്രി ആകാശം നോക്കിയുള്ള കിടത്തവും ഉറക്കവും.. ഒരു ജനതയെ മനസ്സിലാക്കാനും അവരുടെ ജീവിതത്തെ അടുത്തറിയാനുമുള്ള അവസരമായിരുന്നു. ഇന്ത്യയെന്ന മഹാസൗന്ദര്യത്തെ ആസ്വദിച്ച് അനുഭവിച്ച സന്ദര്‍ഭം. ഗ്രാമീണ ജീവിതത്തിന്റെ വിശുദ്ധിയും നിഷ്‌കളങ്കതയും, ലാളിത്യത്തിന്റെ ഹൃദ്യത, ആതിഥ്യത്തിന്റെ ഊഷ്മളത, പ്രകൃതിയോട് ഇണങ്ങിയും ലയിച്ചുചേര്‍ന്നുമുള്ള പച്ചയായ ജീവിതം, സിന്ധി പാരമ്പര്യത്തിന്റെ സൂക്ഷിപ്പ്, മരുഭൂമിയുടെ ഊഷരതയോടും ജലക്ഷാമവും ദാരിദ്ര്യവും ഉള്‍പ്പെടെയുള്ള പ്രതികൂലാവസ്ഥകളോടും പൊരുതിനില്‍ക്കാനുള്ള മനക്കരുത്ത്... പൊതുവില്‍ കാണപ്പെടുന്ന ഇത്തരം മൂല്യങ്ങളിലെല്ലാം അവര്‍ നമുക്കൊരു പാഠശാലയാണ്. രാഷ്ട്രീയവും സാമുദായികവുമായ കാരണങ്ങളാല്‍ ഒരു രാജ്യം വെട്ടിമുറിക്കപ്പെട്ടപ്പോള്‍ ഒറ്റപ്പെട്ടുപോയ ഒരു പറ്റം മനുഷ്യരുടെ നിശ്ശബ്ദ നിലവിളികളും ബാഡ്മിര്‍ മരുഭൂമിയില്‍ തളംകെട്ടി നില്‍ക്കുന്നുവെന്ന് ഇതോടൊപ്പം നാം അറിയേണ്ടതുണ്ട്.
'സിന്ധി'കളാണ് ബാഡ്മിറിലെ പ്രധാന ജനത. പഴയ 'സിന്ധി' പാരമ്പര്യത്തിന്റെ തുടര്‍ച്ചക്കാര്‍. രാജസ്ഥാനിലെ 1000 ലേറെ ഗ്രാമങ്ങളില്‍ അവര്‍ ജീവിക്കുന്നു. ഞങ്ങള്‍ സന്ദര്‍ശിച്ച ജാനകിബറി-പാണ്ഡികപാര്‍ ഗ്രാമങ്ങളില്‍ സിന്ധി മുസ്‌ലിംകളാണുള്ളത്. ഇത്തരം ഗ്രാമങ്ങള്‍ വേറെയും ധാരാളമുണ്ട്.
* * * * *
മരുഭൂമിയിലെ ജീവിതത്തിന് സവിശേഷമായൊരു സൗന്ദര്യമുണ്ട്. നീണ്ടുപരന്നു കിടക്കുന്ന മണല്‍ക്കാട്ടില്‍, ഇടക്കിടക്ക് കാണപ്പെടുന്ന കുറ്റിച്ചെടികളും ചെറുമരങ്ങളുംപോലെ ഒരു പച്ചപ്പ്. അവിടത്തെ മനുഷ്യരിലും ആ പച്ചപ്പ് നിറഞ്ഞുനില്‍പ്പുണ്ട്. പരന്നൊഴുകുന്ന മരുഭൂമിപോലെ, മുകളിലെ തെളിഞ്ഞ വിസ്തൃതവാനം പോലെ വിശാലമാണ് പൊതുവില്‍ മരുഭൂവാസികളുടെ മനസ്സും. കാരണം, മരുഭൂമിയോട് ഒട്ടിച്ചേര്‍ന്നതാണ് അവരുടെ ജീവിതം. മരുഭൂമിയിലൂടെ നടക്കുമ്പോള്‍ കാലിലും വസ്ത്രത്തിലുമെല്ലാം മണല്‍ പറ്റിപ്പിടിക്കും. അതുപോലെ, പ്രകൃതിയോട് ഇഴുകിച്ചേര്‍ന്നതാണ്, ഒട്ടിപ്പിടിച്ചതാണ് ബാഡ്മിര്‍ മരുഭൂവാസികളുടെ ജീവിതം. ഒരു പക്ഷേ എല്ലാ മരുഭൂമിയിലെയും ജനത ഇങ്ങനെത്തന്നെയായിരിക്കണം. കീഴടക്കിയും ചൂഷണം ചെയ്തു നശിപ്പിച്ചും പ്രകൃതിയെ താളം തെറ്റിച്ച് അര്‍മാദിക്കുന്നതാണ് പുതിയ കാലവും ലോകവും. പക്ഷേ, പ്രകൃതിയെ പരിപാലിക്കുന്ന ഒരു പാരമ്പര്യത്തെ നമുക്ക് ബാഡ്മിര്‍ മരുഭൂമിയില്‍ കാണാം. മണ്ണും മണലും മരച്ചില്ലകളും ചേര്‍ത്തുണ്ടാക്കിയ, പുല്ലുമേഞ്ഞ മനോഹരമായ കുടിലുകള്‍ ഇതിന്റെ അടയാളങ്ങളിലൊന്നാണ്. ഒരു മീറ്റര്‍ ഉയരത്തില്‍ വൃത്താകൃതിയില്‍ മണ്ണും ചെറിയ മരക്കൊമ്പുകളും കൊണ്ടാണ് ചുമര്‍. അതിനു മുകളില്‍ ചെത്തിമിനുക്കിയ മരക്കഷ്ണങ്ങള്‍ ചേര്‍ത്തുവെച്ച് പുല്ലുകൊണ്ട് മറച്ചിരിക്കുന്നു. അകത്തുകയറി മുകളിലോട്ട് നോക്കിയാല്‍ മരക്കഷ്ണങ്ങള്‍ ചേര്‍ത്തുവെച്ചതിലെ സൗന്ദര്യവും ഉറപ്പും മനസ്സിലാക്കാം. വൃത്താകൃതിയിലുള്ള വീടുകള്‍ മരുഭൂമിയിലെ ശക്തമായ കാറ്റിനെ അതിജീവിക്കും. എളുപ്പം തകര്‍ന്നുവീഴില്ല, വീണാലും അകത്തുള്ളവര്‍ക്ക് കാര്യമായ പരിക്കൊന്നും പറ്റില്ല. അവയുടെ അകവും പുറവും വൃത്തിയും വെടിപ്പുമുള്ളതാണ്. പാത്രങ്ങളും ഭക്ഷണസാധനങ്ങളും മറ്റും സൂക്ഷിക്കാന്‍ മണ്ണും ചെറിയ കമ്പുകളും ഉപയോഗിച്ച് ചുവരുകളില്‍ അവരുണ്ടാക്കിയ തട്ടുകള്‍ നമ്മെ ആശ്ചര്യപ്പെടുത്തും. ചെറിയ ഗ്ലാസ് പൊട്ടുകള്‍ കൊണ്ടാണ് അവ അലങ്കരിച്ചിരിക്കുന്നത്. പാലും തൈരും മറ്റും കേടുകൂടാതെ സൂക്ഷിക്കാന്‍ പാരമ്പര്യരീതിയില്‍ മണ്ണുകൊണ്ട് അവരൊരു ശീതീകരണി ഉണ്ടാക്കുന്നു; നമ്മുടെ ഫ്രിഡ്ജിന്റെ തനത് മാതൃകയെന്നോ, ആദിമ രൂപമെന്നോ ഇതിനെ വിളിക്കാം.
ഐഹിക ജീവിതത്തിന്റെ നൈമിഷികത ബോധ്യപ്പെടുത്തുന്നതു കൂടിയാണ് ഈ മണ്‍കുടിലുകള്‍. ഭൂമിയില്‍ ശാശ്വതവാസം ലഭിക്കുമെന്ന് തെറ്റിദ്ധരിച്ച് രമ്യഹര്‍മ്യങ്ങള്‍ പണിയുന്ന മനുഷ്യന് ഖുര്‍ആന്‍ നല്‍കിയ താക്കീത് (അശ്ശുഅറാഅ് അധ്യായം) ഇവിടെ നമുക്ക് ഓര്‍മ വരും. ജീവിതം, ഇത്തരം വീടുകളിലും സന്തോഷത്തോടെ ജീവിച്ചുകൂടേ എന്നൊക്കെ നാം നമ്മോടുതന്നെ ചോദിക്കും. 'മനുഷ്യന്‍ ഒരു യാത്രക്കാരന്‍, മരത്തണലില്‍ വിശ്രമിക്കാനിരുന്നു, പിന്നെ അവിടംവിട്ട് യാത്ര തുടരുന്നു' എന്ന അര്‍ഥമുള്ള നബിവചനം ബാഡ്മിര്‍ മരുഭൂമിയും അതിലെ വീടുകളും ആട്ടിന്‍പറ്റങ്ങളും ഒട്ടകങ്ങളുടെ നടപ്പുമെല്ലാം ഓര്‍മപ്പെടുത്തുന്നു. മഹാഭൂരിപക്ഷം വീടുകളിലും വൈദ്യുതിയില്ല. രാത്രി വൈദ്യുതി വെളിച്ചം ആവശ്യമില്ല എന്നതാണ് അതിന് അവര്‍ പറഞ്ഞ കാരണങ്ങളിലൊന്ന്. ഇരുട്ടുന്നതോടെ വീടണയുന്നു, ഭക്ഷണം കഴിച്ച് ഉറങ്ങുന്നു. ഇതാണ് പൊതുരീതി. ആവശ്യമുള്ള ചിലര്‍ ചെറിയ സോളാര്‍ ടോര്‍ച്ചുകള്‍ ഉപയോഗിക്കുന്നു. പലയിടങ്ങളിലും വൈദ്യുതി എത്തിയിട്ട് ഒന്നു രണ്ടു വര്‍ഷങ്ങളേ ആയിട്ടുള്ളൂ. കണക്ഷന്‍ എടുക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കു പക്ഷേ, സാമ്പത്തികഭാരം താങ്ങാനാകില്ല. കണക്ഷന്‍ ലഭിക്കാന്‍ 2000 രൂപയിലേറെ വേണം. പിന്നെ 200-400 രൂപയുടെ ബില്ലും. ഇത് അടക്കുകയെന്നത് അവര്‍ക്ക് ഭാരം തന്നെയാണ്.
വീടുകള്‍ക്ക് പുറത്ത്, ചൂടി കൊണ്ടുള്ള ചെറിയ കട്ടിലുകളിലാണ് പലരുടെയും ഉറക്കം. വീടിനകത്തെ സ്ഥലപരിമിതി മാത്രമല്ല ഇതിന്റെ കാരണം. വിശാലതയും തണുത്ത കാറ്റും സുരക്ഷിതത്വവുമൊക്കെയുണ്ട് പുറത്ത്. പകല്‍ ചൂടുള്ള പൊടിക്കാറ്റ് വീശുമെങ്കിലും രാത്രിയിലെ തണുത്ത കാറ്റും അതേറ്റുള്ള ഉറക്കവും മരുഭൂമിയിലെ സുഖമുള്ള അനുഭൂതിയാണ്. ഗ്രാമവാസികളോടൊപ്പം ഞങ്ങളും ഉറങ്ങിയത് തുറന്ന മരുഭൂമിയുടെ തണുപ്പിലായിരുന്നു. പൊതുവിലുള്ള നിര്‍ഭയത്വവും സുരക്ഷിതത്വവുമാണ് കാരണം. ശുദ്ധമനസ്‌കരാണ് പൊതുവെ തദ്ദേശവാസികള്‍. കളവും അക്രമങ്ങളും പോലുള്ള അരുതായ്മകള്‍ തീരെ കുറവ്. രാത്രി പുറത്ത് ഉറങ്ങിയാലും പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. വളര്‍ത്തു മൃഗങ്ങള്‍ക്കും പ്രത്യേകം തൊഴുത്തൊന്നുമില്ല. കുടിലുകളോട് ചേര്‍ന്ന് തുറന്ന മരുഭൂമിയില്‍ അവ രാത്രി വിശ്രമിക്കുന്നു. ആടും ഒട്ടകവും പശുവും മനുഷ്യരും തമ്മില്‍ അദമ്യമായ ഒരു അടുപ്പമുണ്ട്. നമ്മുടെ മുഖത്തോട് മുഖം ചേര്‍ത്ത്‌നിന്നു തരും ആടുകള്‍. ബഷീറിയന്‍ കഥകളില്‍ പറയുന്നപോലെ ഭൂമിയുടെ അവകാശികള്‍ എന്ന അര്‍ഥത്തിലുള്ള ഇണക്കവും പങ്കുവെപ്പും.
ജാനകിബറി ഗ്രാമത്തിലെ കുടിലുകളില്‍ മഗ്‌രിബോടെയാണ് ഞങ്ങളെത്തിയത്. പുറത്ത് ചൂടിക്കട്ടിലുകളിട്ട്, കൈകള്‍ കൊണ്ട് തുന്നിയുണ്ടാക്കിയ പ്രത്യേക വിരിപ്പു വിരിച്ചാണ് അതിഥികളെ സ്വീകരിക്കുന്നത്. അവരുടെ അതിഥി സല്‍ക്കാരത്തിന്റെ ഊഷ്മളത അനുഭവിച്ചറിയുക തന്നെ വേണം. പലരും രാത്രി ഭക്ഷണത്തിന് നിര്‍ബന്ധിച്ചു. ചില വീടുകളില്‍ സ്ത്രീകള്‍ രാത്രി ഭക്ഷണം തയാറാക്കുന്നുണ്ടായിരുന്നു. രാവിലെയും ഉച്ചക്കും കഴിക്കുന്നതു തന്നെയാണ് അവരുടെ രാത്രിയിലെയും ഭക്ഷണം. അഥവാ മൂന്നു നേരവും ഒരേ മെനു; ബാജിറ റൊട്ടിയും മോരും. ബാജിറ എന്ന ചെറുധാന്യം ഉണക്കിപ്പൊടിച്ചാണ് റൊട്ടിയുണ്ടാക്കുക. ഈ റൊട്ടി ഉണക്കി സൂക്ഷിക്കും. ഇത് ചെറുകഷ്ണങ്ങളാക്കി മോരില്‍ കുതിര്‍ത്തോ, തൈരില്‍ മുക്കിയെടുത്തോ കഴിക്കും. രണ്ടോ, മൂന്നോ റൊട്ടി കൊണ്ടാണ് നാലും അഞ്ചും അംഗങ്ങളുള്ള ഒരു കുടുംബം പലപ്പോഴും വിശപ്പടക്കുക. ബാജിറ പലരും സ്വയം കൃഷി ചെയ്യുന്നു. സ്വന്തമായി കൃഷി ഭൂമിയില്ലാത്തവര്‍ക്ക് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാന്‍ കിട്ടും. 100 കിലോക്ക് ഏതാണ്ട് 1600 രൂപയാണ് വില. ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ഇത് ധാരാളം. ചോറും കറിയും ആഘോഷ ദിവസങ്ങളില്‍ മാത്രം. ബാജിറ റൊട്ടിയും പച്ചക്കറിയും ചേര്‍ത്ത് കഴിക്കുന്നത് തീരെ കുറവാണ്. മിക്കവാറും അതിഥികളെ സല്‍ക്കരിക്കാനാണ് 'സബ്‌സി' (പച്ചക്കറി) ഉണ്ടാക്കുക. കാരണം പച്ചക്കറിക്ക് പൊള്ളുന്ന വിലയാണ്. ഒരു കിലോ തക്കാളിക്ക് 80 രൂപ കൊടുക്കണം. വെണ്ട-60, ചുരങ്ങ-40, പച്ചമുളക്-80, കിഴങ്ങ്-30... ഈ വിലക്ക് പച്ചക്കറി വാങ്ങാന്‍, ആവോളം ദാരിദ്ര്യമുള്ള ആ ജനതക്ക് കഴിയില്ല. ഏറ്റവും താഴ്ന്ന അരിക്ക് 30 രൂപയാണ് വില. ഒരു കിലോ ആട്ടിറച്ചിക്ക് 300 രൂപ കൊടുക്കണം. പക്ഷേ, 400 കുടുംബങ്ങളുള്ള ഗ്രാമത്തില്‍ ആടിനെ അറുത്ത് വില്‍ക്കാറില്ല-കാരണം, അതു വാങ്ങാനുള്ള പണം അവരുടെ കൈയിലില്ല.
* * * * *
കാലി വളര്‍ത്തലും കൃഷിയുമാണ് ബാഡ്മിര്‍ ഗ്രാമവാസികളുടെ പ്രധാന തൊഴില്‍. അതാണവരുടെ ജീവിതമെന്നു തന്നെ പറയാം. വരുമാനത്തിനുവേണ്ടിയുള്ള ജോലി എന്നതിനപ്പുറം, അവരുടെ അന്നത്തിന്റെ വഴിയാണത്. സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന ധാന്യങ്ങളും വളര്‍ത്തു മൃഗങ്ങളുടെ പാലും പാലുല്‍പന്നങ്ങളുമാണ് അവരുടെ ആഹാരം. ബാജിറ, മുന്‍ക്, മോഠ് എന്നീ ധാന്യങ്ങളാണ് കൃഷി. മരുഭൂമിയില്‍ അല്‍പ്പം പച്ചപ്പുള്ള മണ്ണില്‍, പുരുഷന്മാരോടൊപ്പം സ്ത്രീകളും ജോലി ചെയ്യുന്നു. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ്, മഴയുടെ ലഭ്യതയനുസരിച്ച്, വര്‍ഷത്തിലൊരിക്കല്‍ കൃഷിയിറക്കുക. ശേഷിക്കുന്ന 9 മാസത്തേക്ക് മനുഷ്യര്‍ക്കുള്ള ധാന്യവും മൃഗങ്ങള്‍ക്കുള്ള പുല്ലും ഇതില്‍നിന്ന് കിട്ടണം. മഴ ലഭിച്ചാല്‍ സാമാന്യം ഭേദപ്പെട്ട വിളവ് ലഭിക്കും. ആവശ്യം കഴിച്ചാല്‍ ചിലപ്പോള്‍ വില്‍ക്കാനുമുണ്ടാകും.
കാലിവളര്‍ത്തലാണ്, കൃഷിയെക്കാള്‍ പ്രധാനം. ഞങ്ങള്‍ സന്ദര്‍ശിച്ച ഓരോ വീട്ടിലും ധാരാളം ആടും പശുവുമുണ്ടായിരുന്നു. ആടിനെ വളര്‍ത്തുന്നത് പാലിനും അറവുകാര്‍ക്ക് വില്‍ക്കാനും വേണ്ടിയാണ്. ബാഡ്മിറിലെ ആടുകള്‍ക്ക് മാര്‍ക്കറ്റില്‍ പ്രത്യേക ഡിമാന്റുണ്ടത്രെ! ബലിപെരുന്നാളിന്റെ സന്ദര്‍ഭത്തിലാണ് ഒന്നിച്ച് വിറ്റുപോവുക. അതിലൂടെ വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന പണമാണ് പ്രധാന വരുമാനം. പാലും പാലുല്‍പന്നങ്ങളും പൊതുവെ വില്‍ക്കാറില്ലെന്നാണ് ഗ്രാമവാസികള്‍ പറഞ്ഞത്. കറന്നെടുത്ത ആട്ടിന്‍പാല്‍ ചൂടോടെ കുടിക്കാന്‍ തരും. അയല്‍പക്കത്തെ വീട്ടില്‍ പാലില്ലെങ്കില്‍ അവരത് സൗജന്യമായി പങ്കുവെക്കും. പാലും തൈരും മോരും വെണ്ണയുമൊക്കെയാണ് ബാജിറ റൊട്ടിയോടൊപ്പം കഴിക്കുക. തീ പിടിച്ച വിലകൊടുത്ത് പച്ചക്കറി വാങ്ങുന്നതിനെക്കാള്‍ എത്രയോ ലാഭകരവും ആരോഗ്യദായകവുമാണ് അവര്‍ക്കത്. രാവിലെ ആട്ടിന്‍പറ്റങ്ങളെ മേയ്ക്കാനിറങ്ങുന്നവര്‍, ഭക്ഷണവും-അതുണ്ടെങ്കില്‍-കൂടെ കരുതും. വൈകുന്നേരമാണ് തിരിച്ചുപോക്ക്. അതുവരെ മരത്തണലില്‍ തലചായ്ച്ചും, മണല്‍പരപ്പില്‍ അലസമായി നടന്നും, ആടുകളോട് കുശലം പറഞ്ഞും അവര്‍ ജീവിതത്തിന് അര്‍ഥം കണ്ടെത്തുന്നു. വിജനമായ മരുഭൂമിയിലേക്ക്, മുകളില്‍ ആകാശത്തേക്ക് തുറന്നുപിടിച്ച കണ്ണുകള്‍ കൊണ്ട്, അവര്‍ പ്രപഞ്ചത്തെ നന്നായി വായിക്കുന്നു. പ്രകൃതിയെ കുറിച്ച വ്യതിരിക്തമായ അറിവുകള്‍ നേടുന്നു. പുസ്തക താളുകളില്‍നിന്നും ഇ-ലോകത്തുനിന്നും നാം നേടുന്ന വിവരങ്ങള്‍ക്കും എത്രയോ അപ്പുറത്താണ്, മരുഭൂമിയില്‍നിന്ന് അവര്‍ നേടുന്ന അനുഭവജ്ഞാനം. ഭൂമിശാസ്ത്രത്തിന്റെയും വാനശാസ്ത്രത്തിന്റെയും വിശാല ലോകത്ത് ഓരോ ഇടയന്നും, ഓരോ മരുഭൂവാസിക്കും തന്റേതായ ജ്ഞാനസമ്പത്തുണ്ടാകും. ഓരോ ഇടയന്റെയും ജീവിതം ആഴത്തില്‍ പഠിക്കപ്പെടേണ്ട കവിതയാണ്. എന്തുകൊണ്ടായിരിക്കും പ്രവാചകന്മാരില്‍ പലരും ചെറുപ്രായത്തില്‍ ഇടയന്മാരായിരുന്നത്. ബാഡ്മിര്‍ മരുഭൂമിയില്‍ ഒട്ടകത്തെ വലിച്ചുനടക്കുന്ന ബാലന്മാരും വലിയ ദാര്‍ശനിക സത്യങ്ങളിലേക്കുള്ള താക്കോലുകളാണെന്ന് നമുക്ക് തോന്നും.
* * * * *
ജാനകബറി ഗ്രാമത്തിലെ ഏതാനും വീടുകള്‍ക്കപ്പുറം, പരന്നുകിടക്കുന്ന മരുഭൂമിയിലെ അഞ്ചാറു കിണറുകള്‍ക്കടുത്ത് നിറയെ ആളുകളുണ്ടായിരുന്നു. അധികവും സ്ത്രീകളും കുട്ടികളും. നൂറ് അടിയോ അതിലേറെയോ ആഴവും ഒരു മീറ്ററിലും അല്‍പം കൂടുതല്‍ വിസ്തൃതിയുമുള്ള കിണറ്റില്‍നിന്ന് വെള്ളം ശേഖരിക്കുന്ന തിരക്കിലായിരുന്നു അവര്‍. മിക്കവാറും മരത്തടിയില്‍ കെട്ടിയ കപ്പിയിലൂടെ ചെറിയ കുട്ടികള്‍പോലും വെള്ളം കോരുന്നു. ഒരു കുടുംബത്തിന്റെ ഒരു ദിവസത്തെ പ്രധാന ജോലിയാണ് വെള്ളം ശേഖരിക്കല്‍. മൂന്നും നാലും കിലോമീറ്റര്‍ നടന്നുവേണം പലര്‍ക്കും വെള്ളം കൊണ്ടുവരാന്‍. മിക്കവാറും മുതിര്‍ന്ന സ്ത്രീകളും പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചിലപ്പോള്‍ പുരുഷന്മാരും ഒരുമിച്ചാണ് വെള്ളം ശേഖരിക്കാനിറങ്ങുക. മൂന്നും നാലും കുടങ്ങളില്‍ വെള്ളം തലയിലേറ്റി നടന്നുപോകുന്ന രാജസ്ഥാനി സ്ത്രീകളുടെ ചിത്രം പ്രസിദ്ധമാണല്ലോ. മുതിര്‍ന്നവര്‍ കിണറിലേക്ക് താഴ്ത്തുന്ന ബക്കറ്റ് വലിച്ചുകയറ്റുന്നത് കുട്ടികളായിരിക്കും. കയറ് വലിച്ചുകൊണ്ട് അവര്‍ കുറേ ദൂരം നടക്കും, പിന്നെ തിരിച്ചുവരും. ഒട്ടകങ്ങളെ ഉപയോഗിച്ചാണ് ചിലര്‍ വെള്ളം വലിക്കുന്നത്. ചെറിയ ടാങ്കുകളില്‍ വെള്ളം നിറച്ച് അതേ ഒട്ടകത്തെ ഉപയോഗിച്ച് കൊണ്ടുപോയി വില്‍ക്കുന്നതാണ് ചിലരുടെ ഉപജീവന മാര്‍ഗം. ഇങ്ങനെ പണിപ്പെട്ട് ശേഖരിക്കുന്ന വെള്ളം തന്നെ പലപ്പോഴും കുടിക്കാന്‍ കൊള്ളുന്നതല്ല. കുഴല്‍ കിണറിലെ വെള്ളമേ കുടിക്കാന്‍ പറ്റൂ. ഒരു കുഴല്‍കിണറുണ്ടാക്കാന്‍ നാലു ലക്ഷത്തിലേറെ രൂപ ചിലവ് വരും. സാധാരണ കിണറിന് ഒരു ലക്ഷവും. കിണര്‍ കുഴിച്ച് അടിയിലേക്ക് പോകുംതോറും ഉറപ്പുള്ള പലതരം പാറകളാണ്. വിസ്തൃതി കുറഞ്ഞ, ആഴം കൂടിയ കിണറ്റില്‍ തുടര്‍ച്ചയായി ഒരു മണിക്കൂര്‍ മാത്രമേ ഒരാള്‍ക്ക് ജോലി ചെയ്യാനൊക്കൂ. ഇങ്ങനെ, ഒരു ഫൂട്ട് താഴണമെങ്കില്‍ മൂന്നോ, നാലോ ദിവസമെടുക്കും. നാലു ലക്ഷത്തിന്റെ കുഴല്‍ കിണറിരിക്കട്ടെ, ഒരു ലക്ഷത്തിന്റെ സാധാരണ കിണര്‍ പോലും നിര്‍മിക്കുന്നത് പൊതുവെ അവര്‍ക്ക് പ്രയാസകരമാണ്. ഇത്തരം കിണറുകളില്‍നിന്ന് 3/4 മണിക്കൂര്‍ ഇടവിട്ട് 10-20 ലിറ്റര്‍ വെള്ളമാണ് കിട്ടുക. മഴ പെയ്യാത്ത വര്‍ഷങ്ങളിലാണെങ്കില്‍ അതുമുണ്ടാകണമെന്നില്ല.
വെള്ളമാണ് ബാഡ്മിര്‍ മരുഭൂമിയിലെ സ്വര്‍ണം. ഒരു നിധി പോലെയാണ് അവര്‍ വെള്ളം സൂക്ഷിക്കുന്നതും, ഉപയോഗിക്കുന്നതും. വിവാഹം അന്വേഷിക്കുമ്പോള്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വരനോട് ചോദിക്കുന്നത്, 'നിങ്ങള്‍ക്ക് സ്വന്തമായി കിണറുണ്ടോ' എന്നാണ്. 'കിണറില്ലെങ്കില്‍ എന്റെ മകള്‍ എവിടെനിന്ന് വെള്ളം കൊണ്ടുവരും?'-ഈ ചോദ്യത്തെ ഓരോ പുരുഷനും നേരിട്ടേ മതിയാകൂ. കിണറില്ലാത്തവര്‍ക്ക് പെണ്ണ് കിട്ടാന്‍ വലിയ പ്രയാസമാണ്. ജലക്ഷാമത്തെ മറികടക്കാന്‍ ചിലര്‍ മഴവെള്ള സംഭരണിയുണ്ടാക്കുന്നു. പ്രത്യേകം തയാറാക്കിയ ആഴമുള്ള കുഴികളില്‍, മഴവെള്ളം ശേഖരിക്കുന്നു. അതിന്റെ മുകള്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്യും. ബക്കറ്റുപയോഗിച്ച് കോരിയെടുക്കാന്‍ ചെറിയൊരു ഭാഗം തുറന്നിട്ടുണ്ടാകും. അതുപക്ഷേ, ഇരുമ്പിന്റെ വാതിലുപയോഗിച്ച് താഴിട്ടുപൂട്ടും. വെള്ളമെടുക്കാന്‍ മാത്രമേ തുറക്കൂ. മോഷണം പോലുള്ളവ അത്യപൂര്‍വമായി മാത്രം നടക്കുന്ന ഈ ഗ്രാമങ്ങളില്‍ പക്ഷേ വെള്ളം മോഷണം പോകാതിരിക്കാന്‍ രാത്രി കാവല്‍ കിടന്ന അനുഭവം ചിലര്‍ പങ്കുവെക്കുകയുണ്ടായി. ഇങ്ങനെ ശേഖരിക്കുന്ന വെള്ളം ഒരു വര്‍ഷത്തിലേറെ അവരുപയോഗിക്കും. സൂര്യപ്രകാശമേല്‍ക്കാതെ അടച്ചുവെച്ചാല്‍ വെള്ളം കേടുവരില്ല. കുടിവെള്ളം ടാങ്കിന് 1000 രൂപയാണ് വില. ഒരു കുടുംബത്തിന് പത്തു ദിവസത്തേക്കേ ഒരു ടാങ്ക് തികയൂ. ഒരു മാസം 3000 രൂപയുടെ കുടിവെള്ളം വാങ്ങണം. 1600 രൂപ മാത്രമേ ഒരു മാസത്തേക്ക് ആവശ്യമുള്ള ബാജിറ ധാന്യത്തിന് വരൂ!
ജലക്ഷാമം കാരണം, മണ്ണുപയോഗിച്ച് പാത്രം കഴുകുന്നതും ജാനകബറിയിലെ മദ്‌റസ റൗദത്തു സ്വാലിഹാത്തില്‍ ഞങ്ങള്‍ കണ്ടു. സ്റ്റീല്‍ പാത്രം മണ്ണുപയോഗിച്ച് കുറച്ചുസമയം ഉരച്ചെടുക്കുന്നു. ശേഷം, തുണി കൊണ്ട് തുടച്ചുവൃത്തിയാക്കുന്നു. വെള്ളവും സോപ്പുമുപയോഗിച്ച് കഴുകിയതിനെക്കാള്‍ തിളക്കമുണ്ടായിരുന്നു മണ്ണുകൊണ്ട് കഴുകിയ ആ പാത്രത്തിന്. കൈകഴുകേണ്ടത് ബര്‍തന്‍ എന്ന് വിളിക്കുന്ന വട്ടത്തിലുള്ള പാത്രത്തിലേക്കാണ്. പുറത്തേക്ക് കഴുകിയാല്‍ രക്ഷിതാക്കളില്‍നിന്ന് കുട്ടികള്‍ക്ക് അടി കിട്ടും. വലിയ ടബ്ബയിലിരുന്നാണ് കുളിക്കുക. അതും ആഴ്ചയില്‍ രണ്ടോ, മൂന്നോ ദിവസം മാത്രം. വെള്ളം കിട്ടാതിരുന്നതില്‍ തുടര്‍ച്ചയായി പതിനഞ്ചു ദിവസം കുളിക്കാതിരുന്ന സന്ദര്‍ഭമുണ്ടായിരുന്നതായി മുതിര്‍ന്നവര്‍ പറഞ്ഞു. ഇങ്ങനെ ശേഖരിക്കുന്ന, ഒരു തവണ ഉപയോഗിച്ച വെള്ളമാണ് കാലികള്‍ക്ക് കൊടുക്കുക, ഒട്ടും പാഴാക്കാതെ പരമാവധി ഉപയോഗം.
ഈ വര്‍ഷം ബാഡ്മിറില്‍ ജലക്ഷാമം വളരെക്കൂടുതലാണ്. സാധാരണ മഴ ലഭിക്കുന്ന ജൂണ്‍-ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ ഈ വര്‍ഷം മഴ ലഭിച്ചിട്ടില്ല. അതുകാരണം കൃഷി നടന്നില്ല. ഇത് മനുഷ്യരുടെ മാത്രമല്ല കാലികളുടെയും ഭക്ഷണത്തെ ബാധിക്കും. കൃഷി നടന്നാല്‍ മാത്രമേ, കാലികള്‍ക്ക് തിന്നാന്‍ പുല്ലുണ്ടാകൂ. ഒരു പശുവിന് ഒരു ദിവസം 10 കിലോയെങ്കിലും തീറ്റ വേണം. കൃഷിയില്ലെങ്കില്‍ പുറത്തുനിന്ന് പുല്ല് വാങ്ങിക്കൊടുക്കണം. 35 കിലോയുടെ ഒരു കെട്ട് പുല്ലിന് 600 രൂപയാണ് വില. കാലിത്തീറ്റക്ക് അതിനെക്കാള്‍ വിലവരും. നിത്യവൃത്തിക്കു തന്നെ കഷ്ടപ്പെടുന്നവര്‍ എങ്ങനെയാണിത് വാങ്ങിക്കൊടുക്കുക! തീറ്റയും വെള്ളവും കിട്ടാത്തതു മാത്രമല്ല, കാലികള്‍ ചത്തുവീഴാനുള്ള കാരണം. മഴ ലഭിക്കാതാകുന്നതോടെ പ്രകൃതി പ്രതികൂലമാണെന്ന് അവ തിരിച്ചറിയുന്നു. ഇതവക്ക് വലിയ മാനസികാഘാതമേല്‍പിക്കുമത്രെ. അതും മരണകാരണമാണെന്ന് ഗ്രാമീണര്‍ പറയുകയുണ്ടായി.
വെള്ളത്തിന്റെ ധൂര്‍ത്തും ദുര്‍വ്യയവും ജീവിതത്തിന്റെ മുഖമുദ്രയാക്കിയവര്‍ക്ക് ബാഡ്മിര്‍ മരുഭൂമിയിലെ ആയിരക്കണക്കിന് മനുഷ്യര്‍ അനുഭവിക്കുന്ന ജലക്ഷാമത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ കഴിയില്ല. ടാപ്പ് തുറന്നിട്ട്, ഉപയോഗിക്കുന്നതിലേറെ വെള്ളം വെറുതെ ഒഴുക്കിക്കളയുന്നവര്‍ക്ക് ബാഡ്മിര്‍ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴാണ് വെള്ളത്തിന്റെ വിലയറിയുക. വെള്ളം കിട്ടാത്തതു കാരണം ചത്തു വീണുകൊണ്ടിരിക്കുന്ന കന്നുകാലികളുടെ ശവങ്ങള്‍, ജലസംബന്ധിയായ ഖുര്‍ആനിക അധ്യാപനങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. വെള്ളം അല്ലാഹുവിന്റെ അനുഗ്രഹമാണെന്നും നിശ്ചിത തോതനുസരിച്ചാണ് ഭൂമിയിലേക്ക് അതിറക്കുന്നതെന്നും അല്ലാഹു വെള്ളം തടഞ്ഞാല്‍ ആരാണത് ലഭ്യമാക്കുക എന്നുമൊക്കെയുള്ള ഖുര്‍ആനിക ചോദ്യങ്ങളുടെ ആഴവും പരപ്പും, വെള്ളം കിട്ടാതെ ചത്തുകിടക്കുന്ന കാലികള്‍ നമ്മെ ബോധ്യപ്പെടുത്തും. വെള്ളത്തിന്റെ ധൂര്‍ത്തിനെതിരെ, ഖുര്‍ആനും സുന്നത്തും നല്‍കിയ താക്കീതുകള്‍ അപ്പോള്‍ നാം ഓര്‍ക്കും.
* * * * *
ഇന്ത്യാ-പാക് അതിര്‍ത്തിയിലെ ജീവിതാവസ്ഥകള്‍, സാമൂഹിക ബന്ധങ്ങള്‍, വിദ്യാഭ്യാസ നിലവാരവും ഇസ്‌ലാമിക ജീവിതവും, സിന്ധി സംസ്‌കാരത്തിന്റെ സവിശേഷതകള്‍ തുടങ്ങിയവയെക്കുറിച്ചാണ് ഇനി പറയാനുള്ളത്.
Comments