Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 28

സകാത്തിന്റെ പരിണാമദശകള്‍

ഡോ. മുഹമ്മദ് ഹമീദുല്ല /പഠനം

         മനുഷ്യന്റെ അതിജീവനത്തിന്റെയും നിലനില്‍പ്പിന്റെയും മാധ്യമമായിട്ടാണ് ഖുര്‍ആന്‍ സമ്പത്തിനെ പരിചയപ്പെടുത്തുന്നത്. ''നിങ്ങളുടെ സമ്പത്തിനെ നിങ്ങളുടെ നിലനില്‍പ്പിനുള്ള മാര്‍ഗമാക്കിയിരിക്കുന്നു അല്ലാഹു.''(4:5). സമ്പത്തില്‍ അല്ലെങ്കില്‍ സ്വത്തില്‍ നിന്നുള്ള വരുമാനം വളരെ പ്രധാനമാണ്.  തുടക്കം മുതല്‍ തന്നെ നമ്മുടെ നിയമജ്ഞര്‍ ഈ വിഷയകമായി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇമാം അബൂയൂസുഫിന്റെ അല്‍ ഖറാജ്, യഹ്‌യബ്‌നു ആദം അല്‍ ഖുറശിയുടെ കിതാബുല്‍ ഖറാജ്, അബുഉബൈദ് ഖാസിമുബ്‌നു സല്ലാമിന്റെ കിതാബുല്‍ അംവാല്‍ എന്നിവ ഉദാഹരണം.

 ഈ വിഷയത്തില്‍ പുസ്തകങ്ങള്‍ ധാരാളം ഉണ്ടെങ്കിലും ചിലത് മാത്രമേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളു.  ഈ മുന്‍കാല പണ്ഡിതന്‍മാരോടുള്ള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, അവരുടെ കൃതികള്‍ക്ക് ഒരു ന്യൂനതയുണ്ട്. വിഷയത്തെ ചരിത്രവല്‍ക്കരിച്ചുകൊണ്ട് പറയാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ ധനവിനിമയ വ്യവസ്ഥ ചരിത്രത്തില്‍ എങ്ങനെ രൂപപ്പെട്ടു എന്ന് ചികഞ്ഞ് അന്വേഷിക്കാന്‍ അവര്‍ മുതിര്‍ന്നിട്ടില്ല. ഹിജ്‌റക്ക് മുമ്പ് മക്കയുടെ അവസ്ഥകള്‍ എന്തായിരുന്നുവെന്നോ ഹിജ്‌റക്ക് തൊട്ടുടനെ മദീനയിലെ സ്ഥിതി എന്തായിരുന്നുവെന്നോ നമുക്കവരുടെ കൃതികളില്‍ നിന്ന് ലഭിക്കുന്നില്ല. ധനാഗമ മാര്‍ഗങ്ങള്‍ എങ്ങനെയാണ് വികസിച്ച് വന്നത്, അതിന്റെ ഒടുവിലത്തെ രൂപം പരിണാമപ്പെട്ട് വന്നത് എങ്ങനെ ഇത്യാദി ചോദ്യങ്ങള്‍ക്കൊന്നും അവരുടെ വിവരണത്തില്‍ ഉത്തരമില്ല. ചരിത്രകാരന്മാരും നിയമജ്ഞരും ഒരു പോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. അതായത് സകാത്ത് നിര്‍ബന്ധമാക്കുന്നത് ഹിജ്‌റ 9-ാം വര്‍ഷമാണ്. പക്ഷെ, സകാത്ത് എന്ന പദം ഹിജ്‌റക്കു മുമ്പ് നബിയുടെ മക്കാജീവിതകാലത്ത് ഇറങ്ങിയ സൂക്തങ്ങളില്‍ വരെ കാണാന്‍ കഴിയുന്നു. ഇതെന്ത്‌കൊണ്ട് എന്ന് ആളുകള്‍ അമ്പരക്കുന്നു. ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാനാണ് നാം ശ്രമിക്കുന്നത്. റവന്യൂ നികുതി സമ്പ്രദായങ്ങള്‍ക്ക് എങ്ങനെ ആരംഭം കുറിക്കപ്പെട്ടു എന്നും നാം പരിശോധിക്കും.

സകാത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് ഖുര്‍ആനില്‍ ചില സൂചനകളുണ്ട്. ഉദാഹരണത്തിന് ഈ സൂക്തം കാണുക.: ''വിളവെടുപ്പ് നാളില്‍ അവന്റെ (അല്ലാഹുവിന്റെ) അവകാശം കൊടുത്തു തീര്‍ക്കുക'' (6:141). ഇവിടെ 'അവന്റെ അവകാശം' കൊണ്ട് ഉദ്ദേശിക്കുന്നത് സകാത്താണ്. സകാത്തിന്റെ പര്യായപദങ്ങള്‍ പോലെ പ്രയോഗിച്ച വാക്കുകള്‍ വേറെയും സൂക്തങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നു. അവയില്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്ന പദം സദഖാത്ത് എന്നാണ്. ''പാവങ്ങള്‍ക്കും ആവശ്യക്കാര്‍ക്കും ഉള്ളതാണ് സ്വദഖാത്ത് (ദാനധര്‍മങ്ങള്‍)'' (9:60). ഇവിടെ സ്വദഖാത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഐഛികമായി ചെയ്യുന്ന കേവലം ദാനധര്‍മങ്ങളല്ല, നിര്‍ബന്ധ സ്വഭാവമുള്ള സകാത്ത് തന്നെയാണ് ഇവിടെ സ്വദഖാത്ത്.'അവരുടെ ധനത്തില്‍ നിന്ന് സ്വദഖയെടുക്കുക' എന്ന് പറയുന്നേടത്തും (9:103) നിര്‍ബന്ധ ദാനം തന്നെയാണ് ഉദ്ദേശിക്കുന്നത്. ഇന്‍ഫാഖ്, നസീബ് പോലെ സമാന അര്‍ഥങ്ങള്‍ ധ്വനിപ്പിക്കുന്ന വേറെയും വാക്കുകളുണ്ട് ഖുര്‍ആനില്‍. നബിയുടെ മക്ക-മദീന ജീവിത കാലഘട്ടങ്ങളില്‍ ഇത്തരം വാക്കുകള്‍ മാറിമാറി പ്രയോഗിക്കുന്നതായി കാണാം.

അതേ സമയം സകാത്ത് നബിയുടെ മക്കാജീവിതകാലത്ത് തന്നെ നിയമമാക്കിയിരുന്നു എന്നതിന് തെളിവുകളൊന്നുമില്ല. ഇത്ര വരുമാനത്തിന് ഇത്ര സകാത്ത് എന്ന നിലയില്‍ പ്രവാചകന്‍ മക്കാ കാലത്ത് അത് പിരിച്ചെടുക്കാനും വിതരണം ചെയ്യാനും എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയതായും അറിയില്ല.

എന്റെ അഭിപ്രായത്തില്‍, ഐഛിക കര്‍മം എന്ന നിലക്കാണ് സകാത്ത് ആരംഭിച്ചിട്ടുണ്ടാവുക. ഉദാരമായി സംഭാവന ചെയ്യാനുള്ള പ്രോത്സാഹനമായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. മുസ്‌ലികളെ അവരുടെ കച്ചവടം, കൃഷി, മറ്റു വരുമാനമാര്‍ഗങ്ങള്‍ എന്നിവയില്‍ നിന്ന് കിട്ടുന്ന സമ്പാദ്യത്തിന്റെ ഒരു വിഹിതം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ പ്രേരിപ്പിക്കാറുണ്ടായിരുന്നു. മൂസ്‌ലിംകള്‍ സ്വമേധയാ തന്നെ തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു വിഹിതം നല്‍കാന്‍ സന്നദ്ധരുമായി. തനിക്ക് യുക്തമെന്ന് കരുതുന്ന കാര്യങ്ങളില്‍ പ്രവാചകന്‍ ആ വിഹിതം ചെലവഴിച്ചും വന്നു. അനുയായികള്‍ സ്വയം തന്നെ തങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങളിലും ഈ വിഹിതം ചെലവഴിച്ചിരുന്നു.

തുടക്കകാലത്ത് ഈ വിഹിതങ്ങള്‍ ആര്‍ക്കൊക്കെയാണ് കിട്ടിയത് എന്ന് വ്യക്തമല്ല. പ്രവാചകന്‍ വരുന്നതിന് മുമ്പും മക്കയിലുള്ള നല്ല മനുഷ്യര്‍ നല്ല കാര്യങ്ങള്‍ക്കായി പണം ചെലവിടാറുണ്ടായിരുന്നു. ആ പാരമ്പര്യം മുസ്‌ലിംകളും തുടര്‍ന്നു. പ്രവാചകന്റെ ആഗമനത്തിന് മുമ്പുള്ള പ്രാക്തന കാലത്തെ നല്ല സമ്പ്രദായങ്ങള്‍ ഇസ്‌ലാം നിലനിര്‍ത്താറുണ്ടല്ലോ. തുടക്കത്തില്‍ സകാത്ത് എന്ന പദം ആത്മാവിനെ ശുദ്ധീകരിക്കുന്ന പ്രവൃത്തി എന്ന അര്‍ഥത്തിലായിരിക്കും ഉപയോഗിച്ചുണ്ടാവുക. ആ പ്രവൃത്തിയുടെ ധാര്‍മിക തലത്തിനാണ് മുന്‍ഗണന. നിയമപരമായി നിര്‍ബന്ധമാവുക, അത് ശേഖരിക്കാന്‍ ഔദ്യോഗിക സമ്മര്‍ദങ്ങളുണ്ടാവുക തുടങ്ങിയ കാര്യങ്ങളൊന്നും ആദ്യഘട്ടങ്ങളില്‍ ഉണ്ടായിരുന്നില്ല.

ജനങ്ങളെ സഹായിക്കുന്നത്, പ്രത്യേകിച്ച് പാവപ്പെട്ടവരെയും അവശരെയും, സഹായിക്കുന്നത് വളരെ നല്ലൊരു കാര്യം തന്നെയാണ് എന്ന് പൊതുസമൂഹത്തിന് ബോധ്യം വന്നു തുടങ്ങിയ ഘട്ടത്തിലെപ്പോഴോ ആയിരിക്കണം സകാത്തിലേക്ക് അതിന്റെ മറ്റു അനുബന്ധ ഘടകങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ടാവുക. എപ്പോള്‍ ആര്‍ക്കാണ് സകാത്ത് കൊടുക്കേണ്ടത്, വരുമാനത്തിന്റെ എത്ര ശതമാനമാണ് സകാത്ത് ചുമത്തേണ്ടത്, സമൂഹത്തില്‍ ഏതൊക്കെ വിഭാഗങ്ങളാണ് അതിന് അര്‍ഹരായിട്ടുള്ളവര്‍ തുടങ്ങിയവയാണ് അനുബന്ധ കാര്യങ്ങള്‍. ഈ പ്രശ്‌നങ്ങളൊക്കെ ക്രമത്തില്‍ കടന്നു വരികയും പരിഹരിക്കപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളത്. പ്രവാചകന്റെ മക്കാജീവിതകാലത്ത് സകാത്ത് ഐഛികമായിരുന്നു, അത് കൊടുക്കാന്‍ ആരെയും നിര്‍ബന്ധിച്ചിരുന്നില്ല. മക്കയിലെ ബഹുദൈവാരാധക സമൂഹത്തിന് സകാത്തുമായി സാദൃശ്യമുള്ള ഒരു സംവിധാനം പോലും ഉണ്ടായിരുന്നു.അവര്‍ അവരുടെ ഉല്‍പ്പന്നത്തിന്റെ ഒരു ഭാഗം അവരുടെ വിഗ്രഹങ്ങള്‍ക്കായി മാറ്റിവെച്ചിരുന്നു. അതിലൊരു ഭാഗം അല്ലാഹുവിനും ബാക്കിയുള്ളത് വിഗ്രഹങ്ങള്‍ക്കും എന്ന നിലയിലായിരുന്നു വീതംവെപ്പ്. ഇതിനെ ഖുര്‍ആന്‍ അല്‍ അന്‍ആം അധ്യായത്തില്‍ കണക്കിന് കളിയാക്കുന്നുണ്ട് (6:136). ബഹുദൈവാരാധകരുടെ രീതി ഇതായിരുന്നു: കാറ്റടിച്ചോ മറ്റോ വിഗ്രഹങ്ങള്‍ക്ക് വേണ്ടി നീക്കിവെച്ച കാണിക്കയില്‍ കുറച്ച് ഭാഗം അല്ലാഹുവിന് വേണ്ടി ഒഴിച്ചിട്ട ഭാഗത്തേക്ക് നീങ്ങുകയാണെങ്കില്‍ അവര്‍ ഓടിച്ചെന്ന് അത് വിഗ്രഹങ്ങള്‍ ഇരിക്കുന്ന ഭാഗത്തേക്ക് തന്നെ നീക്കും. അല്ലാഹുവിന്റെ വിഹിതം വിഗ്രഹങ്ങളുടെ മുന്നിലേക്ക് നീങ്ങിപ്പോയാല്‍ അതവിടെ കിടക്കട്ടെ എന്ന് കരുതി അവര്‍ അനങ്ങുകയുമില്ല!

ഇതൊക്കെയായിരുന്നു മക്കയിലെ അവസ്ഥകള്‍. പ്രവാചകന്റെ മക്കയിലേക്കുള്ള പലായനത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. മുസ്‌ലിംകളുടെ അംഗസംഖ്യയോടൊപ്പം അവരുടെ ആവശ്യങ്ങളും വര്‍ധിച്ചു. പ്രതിരോധത്തിന് പണം ആവശ്യമായി വന്നു. ധനാഗമ മാര്‍ഗങ്ങളും വിപുലപ്പെട്ടു. കൃഷി തൊഴിലായി സ്വീകരിച്ച സമ്പന്നരായ മുസ്‌ലിംകളുണ്ടായിരുന്നു മദീനയില്‍. അവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വരുമാനം ലഭിച്ചുകൊണ്ടിരിക്കും. മാത്രമല്ല ഒരു ഭരണക്രമം മദീനയില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നല്ലോ പ്രവാചകന്‍. അപ്പോഴും തുടക്കത്തില്‍ സകാത്ത് നിര്‍ബന്ധ ബാധ്യതയായിരുന്നില്ല. അതിന്റെ വിഹിതവും നിശ്ചയിച്ചിരുന്നില്ല. ക്രമേണ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു. എപ്പോള്‍, ആര്‍ക്ക്, ഏതളവിലാണ് സകാത്ത് കൊടുക്കേണ്ടത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടപ്പോഴാണ് ഇപ്പോഴുള്ള രീതിയില്‍ സകാത്ത് നിയമമാക്കപ്പെടുന്നത്. ചില കാര്യങ്ങളില്‍ ആധുനിക നികുതി സമ്പ്രദായത്തോട് ഇതിന് സാദൃശ്യമുണ്ട്. ഒരാള്‍ ടാക്‌സ് അടക്കുന്നില്ലെങ്കില്‍ ഗവണ്‍മെന്റ് അയാളെ നിര്‍ബന്ധിക്കുമല്ലോ. സകാത്തിന്റെ കാര്യത്തിലും ആ നിര്‍ബന്ധ സ്വഭാവമുണ്ട്. പ്രവാചകന്റെ മരണ ശേഷം, അബൂബക്ര്‍ സിദ്ദീഖിന്റെ ഭരണകാലത്തിന്റെ ആദ്യഘട്ടത്തില്‍ സകാത്ത് കൊടുക്കില്ലെന്ന് പറഞ്ഞവര്‍ക്കെതിരെ യുദ്ധം ചെയ്തിട്ടുണ്ട്, അങ്ങനെ ആ നിയമത്തിന് വിധേയപ്പെടാന്‍ അവരെ നിര്‍ബന്ധിച്ചിട്ടുണ്ട്. 

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 53-56
എ.വൈ.ആര്‍/ ഖുര്‍ആന്‍ ബോധനം