Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 28

ലോക്പാല്‍ ഏട്ടില്‍ തന്നെ

         പൊതുജീവിതം അഴിമതിമുക്തമാക്കാന്‍ പര്യാപ്തമായ ലോക്പാല്‍ സംവിധാനം സര്‍ക്കാറോ പ്രതിപക്ഷമോ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നില്ല എന്നത് ഒരു സത്യമാണ്. ജന്‍ലോക്പാല്‍ ബില്ലിനു വേണ്ടി അണ്ണാ ഹസാരെയും അരവിന്ദ് കെജ്‌രിവാളും സംഘടിപ്പിച്ച പ്രക്ഷോഭത്തിന് ലഭിച്ച അപ്രതിഹതമായ ജനപിന്തുണ സര്‍ക്കാറിനെ വല്ലതും ചെയ്‌തേ തീരൂ എന്ന നിര്‍ബന്ധിതാവസ്ഥയിലെത്തിക്കുകയായിരുന്നു. അങ്ങനെ 15-ാം ലോക്‌സഭയുടെ അവസാന നാളുകളില്‍- 2013 ഡിസംബറില്‍- സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ ചുട്ടെടുത്തു. കെജ്‌രിവാളും പ്രശാന്ത് ഭൂഷണും മറ്റും ഈ ബില്ലിന്റെ ന്യൂനതകളും അപര്യാപ്തിയും നേരത്തെ ശക്തിയായി ചൂണ്ടിക്കാണിച്ചതാണ്. സര്‍ക്കാര്‍ അതൊന്നും ചെവിക്കൊള്ളാന്‍ കൂട്ടാക്കിയില്ല. ന്യൂനതകളുള്ള ബില്ലിന്റെ തന്നെ പ്രയോഗവത്കരണം മരവിച്ചിരിക്കുകയാണിപ്പോള്‍. അരവിന്ദ് കെജ്‌രിവാള്‍ അഴിമതിക്കെതിരെ സന്ധിയില്ലാതെ പൊരുതുന്ന പടയായി ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുകയും ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും തറപറ്റിച്ചുകൊണ്ട് ശക്തി തെളിയിക്കുകയും ചെയ്തിരിക്കുന്നു. 16-ാം ലോക്‌സഭയിലേക്ക് നീന്തുന്ന കോണ്‍ഗ്രസിനാവട്ടെ കെജ്‌രിവാളും മോഡിയും സൃഷ്ടിക്കുന്ന പെരുഞ്ചുഴിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ബലിഷ്ഠമായ പിടിവള്ളിയാണ് ലോക്പാല്‍ ബില്‍. എന്നിട്ടും ആ ബില്‍ പ്രയോഗവത്കരിക്കാന്‍ സ്വീകരിച്ച നടപടികളില്‍ തെളിയുന്നത് സര്‍ക്കാറിന്റെ തികഞ്ഞ ഉദാസീനതയും വൈമുഖ്യവുമാണ്.
         ലോക്പാല്‍ അംഗങ്ങളെ കണ്ടെത്താന്‍ ഒരു സെലക്ഷന്‍ കമ്മിറ്റിയും പിന്നൊരു സര്‍ച്ച് കമ്മിറ്റിയും നിയോഗിക്കപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ളതാണ് സെലക്ഷന്‍ കമ്മിറ്റി. സര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി ആദ്യം നിര്‍ദേശിക്കപ്പെട്ടത് രാജ്യത്തെ പ്രമുഖ അഭിഭാഷകനും നിയമജ്ഞനുമായ ഫാലി എസ് നരിമാനായിരുന്നു. അദ്ദേഹം ചുമതല ഏറ്റെടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് സുപ്രീം കോര്‍ട്ട് മുന്‍ ജഡ്ജിയായ കെ.ടി തോമസ് ആ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടു. അദ്ദേഹവും വിസമ്മതിച്ചിരിക്കുകയാണ്. ഈ രണ്ടുപേരുടെ പിന്മാറ്റം ലോക്പാല്‍ നിയമന പ്രക്രിയയെ തല്‍ക്കാലം സങ്കീര്‍ണമാക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്; ആസന്നമായ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നത് വരെ അസാധ്യമാക്കുക കൂടി ചെയ്തിരിക്കുന്നു. ഇലക്ഷന്‍ കമീഷന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ഇത്തരം നടപടികളൊക്കെ സ്തംഭിച്ചിരിക്കുകയാണല്ലോ. പുതിയ ഗവണ്‍മെന്റ് നിലവില്‍ വന്നാല്‍ തന്നെ ലോക്പാല്‍ നിയമന പ്രക്രിയകള്‍ പുനരാരംഭിക്കുന്നത് അന്നത്തെ ദേശീയ-അന്തര്‍ദേശീയ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും.
         ലോക്പാലിനെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമത്തിനെതിരെ പലതരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സെലക്ഷന്‍ -സര്‍ച്ച് കമ്മിറ്റികളുടെ ഘടന കുറ്റമറ്റ ലോക്പാലിനെ കണ്ടെത്താന്‍ പര്യാപ്തമല്ലാത്തതുകൊണ്ടാണ് സര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷപദത്തില്‍ നിന്ന് തങ്ങള്‍ പിന്മാറുന്നതെന്ന് ഫാലി എസ് നരിമാനും ജസ്റ്റിസ് തോമസും വ്യക്തമാക്കിയിരിക്കുന്നു. സെലക്ഷന്‍ കമ്മിറ്റി, സര്‍ച്ച് കമ്മിറ്റി എന്നിങ്ങനെ രണ്ട് സമിതികളുണ്ടാക്കിയതിന്റെ ഉദ്ദേശ്യശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സെലക്ഷന്‍ കമ്മിറ്റിയിലേറെയും സര്‍ക്കാര്‍ പ്രതിനിധികളാണുള്ളത്. ഈ കമ്മിറ്റി ലോക്പാലില്‍ നിയമിക്കപ്പെടാന്‍ യോഗ്യതയുള്ളവരുടെ ഒരു പട്ടിക തയാറാക്കുന്നു. സര്‍ക്കാറിനു താല്‍പര്യമുള്ളവരും വരുതിയില്‍ നില്‍ക്കുന്നവരുമായിരിക്കുമല്ലോ സ്വാഭാവികമായും ഈ പട്ടികയിലുണ്ടാവുക. യഥാര്‍ഥത്തില്‍ ലോക്പാലിനെ തെരഞ്ഞെടുക്കുന്നത് സര്‍ക്കാര്‍ തന്നെയാണെന്നാണിതിനര്‍ഥം. അതങ്ങനെയല്ല; സ്വതന്ത്രമായ വിദഗ്ധ സമിതിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വിദ്യയാണ് സര്‍ച്ച് കമ്മിറ്റിയുടെ നിയമനം. സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ പട്ടികയില്‍ നിന്ന് തങ്ങള്‍ക്ക് ബോധിച്ചവരെ ചൂണ്ടിക്കാട്ടുക മാത്രമാണ് സര്‍ച്ച് കമ്മിറ്റിയുടെ ചുമതല. സര്‍ച്ച് കമ്മിറ്റി നിര്‍ദേശിച്ചവരെ തെരഞ്ഞെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് നിയമപരമായ ബാധ്യതയില്ല. അവര്‍ക്കു വേണമെങ്കില്‍ സര്‍ച്ച് കമ്മിറ്റിയുടെ നിര്‍ദേശം അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. സെലക്ഷന്‍ കമ്മിറ്റി നല്‍കിയ പട്ടികക്ക് പുറത്ത് കൂടുതല്‍ യോഗ്യരായ വ്യക്തികളെ കണ്ടെത്തിയാല്‍ അവരെ നിര്‍ദേശിക്കാന്‍ സര്‍ച്ച് കമ്മിറ്റിക്ക് അധികാരമില്ല. കാര്യപ്രാപ്തിയും നൈതിക ധീരതയുമുള്ള സ്വതന്ത്ര വ്യക്തിത്വങ്ങള്‍ ലോക്പാലിലെത്തുന്നത് തടയാനേ ഈ ക്രമം സഹായകമാകൂ എന്നാണ് നരിമാന്‍ പറയുന്നത്. സ്വതന്ത്രമായ അധികാരമില്ലാത്ത സര്‍ച്ച് കമ്മിറ്റി തന്നെ അനാവശ്യമാണെന്നാണ് ജസ്റ്റിസ് തോമസിന്റെ നിലപാട്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റി തന്നെ ലോക്പാല്‍ അംഗങ്ങളെ തെരഞ്ഞെടുത്താല്‍ മതി എന്ന് അദ്ദേഹം പറയുന്നു. സെലക്ഷന്‍ കമ്മിറ്റിയില്‍ ചില അംഗങ്ങളുടെ നിഷ്പക്ഷത നേരത്തെ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. അതുന്നയിച്ചവരുടെ കൂട്ടത്തില്‍ സര്‍ച്ച് കമ്മിറ്റിയില്‍ അംഗമായ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജുമുണ്ട്. ഭാവിയില്‍ പ്രതിപക്ഷം മുഴുവന്‍ അതേറ്റെടുക്കാനാണ് സാധ്യത.
         ജസ്റ്റിസ് തോമസും നരിമാനും ലോക്പാലില്‍ തന്നെ അംഗങ്ങളാവാന്‍ യോഗ്യരായ വ്യക്തിത്വങ്ങളാണ്, അവരെ സെര്‍ച്ച് കമ്മിറ്റിയില്‍ ഒതുക്കിയത് ശരിയായില്ല എന്നും വിമര്‍ശനമുണ്ട്. ഒരുപക്ഷേ അതില്‍ അതൃപ്തരായിട്ടാവാം അവര്‍ കമ്മിറ്റിയില്‍ നിന്ന് പിന്മാറിയതെന്നും നിരീക്ഷിക്കപ്പെടുന്നു. സ്വതന്ത്രമായ ലോക്പാല്‍ ആവശ്യപ്പെട്ട ജനങ്ങളെ സര്‍ക്കാറിന് തൃപ്തിപ്പെടുത്തണം. ഒപ്പം ലോക്പാലിന്റെ കടിഞ്ഞാണ്‍ സ്വന്തം കരങ്ങളില്‍ ഭദ്രമാക്കുകയും വേണം. ഈ വൈരുധ്യങ്ങള്‍ ഏകീകരിക്കാനുള്ള അഭ്യാസമാണ് നടക്കുന്നതെന്ന സംശയം അസ്ഥാനത്തല്ല. ജനങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതാണീ പ്രക്രിയ. ഇല്ലെങ്കില്‍ ജനങ്ങള്‍ ആവശ്യപ്പെടുന്ന ലോക്പാല്‍ അല്ല, സര്‍ക്കാര്‍ ആഗ്രഹിക്കുന്ന ലോക്പാല്‍ ആണ് നിലവില്‍ വരിക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 53-56
എ.വൈ.ആര്‍/ ഖുര്‍ആന്‍ ബോധനം