Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 28

ബലൂചിസ്താന്റെ ഭാവി

അബൂസ്വാലിഹ/ മുദ്രകള്‍

         ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ എതിരിടാനായി മഹാത്മാഗാന്ധി നടത്തിയ 300 കിലോമീറ്റര്‍ കാല്‍ നടയാത്രയാണ് തനിക്ക് പ്രചോദനമെന്ന് 'മാമാ' ബലൂച് എന്ന് വിളിക്കപ്പെടുന്ന ഖദീര്‍ ബലൂച് പറയും. പക്ഷെ, എഴുപത്തിരണ്ട്കാരനായ ഖദീര്‍ ബലൂചിസ്ഥാനിലെ ക്വറ്റയില്‍ നിന്ന് തുടങ്ങിയ നടത്തം ഇസ്‌ലാമാബാദിലെത്തിയപ്പോള്‍ 3,300 കിലോമീറ്റര്‍ പിന്നിട്ടിരുന്നു. 2013 ഒക്‌ടോബര്‍ 27-ന് ആരംഭിച്ച യാത്ര ഇസ്‌ലാമാബാദിലെത്തിയത് 2014 ഫെബ്രുവരി 28-ന്. ഈ ദീര്‍ഘദൂര നടത്തത്തിന് ആസ്പദമായ സംഭവം നടക്കുന്നത് 2009-ലാണ്. ഖദീര്‍ ബലൂചിന്റെ മകനായ ജലീല്‍ രഖി, ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കേന്ദ്രനേതാക്കളില്‍ ഒരാളായിരുന്നു. 2009-ല്‍ ജലീലിനെ കാണാതായി. മൂന്ന് വര്‍ഷത്തിന് ശേഷം അയാളുടെ മൃതദേഹമാണ് കണ്ട്കിട്ടിയത്. പാക് ഇന്റലിജന്‍സ് വിഭാഗം തട്ടിക്കൊണ്ട് പോയി വധിച്ചതാണെന്ന് 'മാമാ' ബലൂച് ആരോപിക്കുന്നു. ഇങ്ങനെ കാണാതായ ബലൂചികളുടെ എണ്ണം 19,200 വരുമെന്നും അവരില്‍ 2006 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കാണാതാകുന്ന വ്യക്തികളെ കണ്ടെത്താന്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഖദീര്‍ രൂപം കൊടുത്ത സംഘടനയാണ് Voice For Baloch Missing Persons.
         തീര്‍ത്തും നിയമ വിരുദ്ധമായ രീതിയില്‍ പിടികൂടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ബലൂച് നിവാസികള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ വരെ പലതവണ കയറിയിറങ്ങിയെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ല. അതിനെത്തുടര്‍ന്നാണ് ഗവണ്‍മെന്റിന്റെയും ജനങ്ങളുടെയും ശ്രദ്ധ ഈ പ്രശ്‌നത്തിലേക്ക് കൊണ്ട് വരുന്നതിനായി ഖദീര്‍ ഈ ദീര്‍ഘദൂര നടത്തത്തിന് സാഹസം കാണിച്ചത്. സ്ത്രീകളുള്‍പ്പെടെ കാണാതായവരുടെ ഏതാനും ബന്ധുക്കളും മാര്‍ച്ചില്‍ അണിനിരന്നു. പല കോണുകളില്‍ നിന്നും അക്രമങ്ങളും ഭീഷണികളും ഉണ്ടായിട്ടും അവയെല്ലാം അവഗണിച്ചായിരുന്നു ഈ സാഹസിക യാത്ര.
        വിഘടന വാദം അതിന്റെ പാരമ്യത്തിലെത്തിയ ബലൂചിസ്ഥാനിലെ ഒരു പ്രശ്‌നം മാത്രമാണിത്. പ്രവിശ്യാ ആസ്ഥാനമായ ക്വറ്റയില്‍ ശീഈ ന്യൂനപക്ഷം നിരന്തരമായി ആക്രമിക്കപ്പെടുന്നത് ക്രമസമാധാന നില അങ്ങേയറ്റം വഷളാക്കിയിട്ടുണ്ട്. പ്രവിശ്യ ഭരിക്കുന്ന മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ദുര്‍ബലമായ കൂട്ടുകക്ഷി മന്ത്രിസഭക്ക് ക്രമസമാധാന നില മെച്ചപ്പെടുത്താനോ തരക്കേടില്ലാത്ത ഭരണം കാഴ്ച വെക്കാനോ കഴിയുന്നില്ല.
1947-ല്‍ ബ്രിട്ടീഷ് ഭരണകാലത്തെ കലാത്ത് (Kalat) സ്റ്റേറ്റില്‍ നിന്ന് വേര്‍പെടുത്തി ബലൂചിസ്ഥാന്‍ ഭരണാധികാരി തന്റെ പ്രവിശ്യ പാകിസ്താനോട് ചേര്‍ത്തപ്പോള്‍ തന്നെ ജനങ്ങളില്‍ വലിയൊരു വിഭാഗം ശക്തമായി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം പലപ്പോഴും വലിയ കലാപങ്ങളായി. ഇറാനിലും അഫ്ഗാനിസ്താനിലും ബലൂച് പ്രദേശങ്ങളുണ്ട്. അവിടങ്ങളിലും കലാപം സര്‍വസാധാരണം. ഇറാനിയന്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെയാണ് പലപ്പോഴും പാക് ബലൂചിസ്താനില്‍ പാക് ഭരണകൂടം സൈനിക നടപടികള്‍ സ്വീകരിക്കാറുള്ളത്. 2006-ല്‍ മുന്‍ പട്ടാളമേധാവി മുശര്‍റഫിന്റെ ഭരണകാലത്ത് ബലൂച് ദേശീയ വാദികളുടെ നേതാവ് അക്ബര്‍ ബുഗ്തി സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതോടെയാണ് പ്രവിശ്യയില്‍ വിഘടനവാദം ശക്തിപ്പെട്ടത്. റഫറണ്ടം നടത്തിയാല്‍ ജനം സ്വതന്ത്ര ബലൂചിസ്താന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഖദീര്‍ ബലൂച് പറയുന്നു.

ഉത്തര കൊറിയന്‍ കപ്പലും ലിബിയയുടെ ദുര്‍വിധിയും


         ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ സുരക്ഷ ഉറപ്പാക്കുന്ന ചുമതലയായിരുന്നു ലിബിയ റവല്യൂഷനറീസ് ഓപറേഷന്‍ റൂം എന്ന മീലീഷ്യക്ക് നല്‍കിയിരുന്നത്. അവര്‍ സകല പരിധികളും ലംഘിച്ചുകൊണ്ട് ലിബിയന്‍ പ്രധാനമന്ത്രിയായ അലി സൈദാനെ തന്നെ തട്ടിക്കൊണ്ട് പോയി, കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍. അതോടെ ഈ മിലീഷ്യക്ക് മേല്‍ കുറച്ചധികം നിയന്ത്രണങ്ങള്‍ വന്നു. അതേ പ്രധാന മന്ത്രിയെ ലിബിയന്‍ പാര്‍ലമെന്റ് എന്ന് വിളിക്കാവുന്ന ജനറല്‍ നാഷണല്‍ കോണ്‍ഗ്രസ് പുറത്താക്കി എന്ന വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ കേട്ടത്.
         ഒരു വടക്കന്‍ കൊറിയന്‍ എണ്ണക്കപ്പലാണ് ഇത്തവണ വില്ലന്‍. മുന്‍ ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫി ജനകീയ പ്രക്ഷോഭത്തില്‍ സ്ഥാന ഭ്രഷ്ടനാക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തിട്ട് വര്‍ഷം രണ്ട് കഴിഞ്ഞെങ്കിലും ആകെ കുത്തഴിഞ്ഞ നിലയിലാണ് ലിബിയ. ഒന്നിലധികം ഇടക്കാല ഗവണ്‍മെന്റുകള്‍ വന്നുപോയങ്കിലും രാജ്യത്തെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ അവയ്‌ക്കൊന്നിനും കഴിഞ്ഞില്ല. ഗവണ്‍മെന്റ് ഉത്തരവുകള്‍ നടപ്പാക്കാനാവാതെ അങ്ങേയറ്റം ദുര്‍ബലമായിക്കഴിഞ്ഞിരിക്കുന്നു ലിബിയന്‍ സൈന്യവും. നേതാക്കള്‍ക്ക് സ്വന്തമായി മിലീഷ്യകള്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ നടന്നുകിട്ടും. റെബലുകള്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് മറ്റൊന്ന്. നാല് എണ്ണ ശുദ്ധീകരണ ശാലകളെങ്കിലും പ്രതിവിപ്ലവകാരികളുടെ പിടിയിലാണ്. അതിലൊന്നില്‍ നിന്നാണ് വടക്കന്‍ കൊറിയയില്‍ നിന്ന് എത്തിയ ഒരു കപ്പല്‍ നിയമവിരുദ്ധമായി എണ്ണനിറച്ചത്. വിവരം യഥാസമയം പ്രധാനമന്ത്രി അലി സൈദാന് ലഭിക്കുകയും ചെയ്തു. കപ്പലിനെ പോകാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം എയര്‍ഫോഴ്‌സിന് ഉത്തരവ് നല്‍കി. പക്ഷേ എയര്‍ഫോഴ്‌സ് ആ ഉത്തരവ് അവഗണിച്ചു. നാവിക സേനയോട് പറഞ്ഞുനോക്കിയെങ്കിലും അവരും ചെവിക്കൊണ്ടില്ല. തന്റെ കീഴിലുള്ള മിസ്വ്‌റാത്ത മിലീഷ്യയുടെ സഹായം ആവശ്യപ്പെടുകയല്ലാതെ അലി സൈദാന് മറ്റു മാര്‍ഗമില്ലായിരുന്നു. കപ്പലിനെ ഓടിച്ചിട്ട് പിടിക്കാനുള്ള വൈദഗ്ധ്യമൊന്നും ഈ മിലീഷ്യക്ക് ഇല്ലാതിരുന്നതിനാല്‍ കപ്പല്‍ അതിന്റെ പാട്ടിന് പോയി (പിന്നീട് അമേരിക്കന്‍ നാവിക സേന അതിനെ പിടികൂടിയെങ്കിലും). ഈ കഴിവ്‌കേടില്‍ പ്രതിഷേധിച്ചാണ് പാര്‍ലമെന്റ് അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്.
         ഏതൊരാള്‍ പ്രധാനമന്ത്രി സ്ഥാനത്ത് വന്നാലും ഇത് തന്നെയായിരിക്കും സ്ഥിതി. കേന്ദ്രഗവണ്‍മെന്റിനോ ദേശീയ സൈന്യത്തിനോ അല്ല, പ്രാദേശിക മിലീഷ്യകള്‍ക്കും റബലുകള്‍ക്കുമാണ് അധികാരവും ശക്തിയുമുള്ളത്. ലിബിയയുടെ തെക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങള്‍ തമ്മിലുള്ള അധികാര മത്സരം മുറുകിയിരിക്കുന്നു. വിവിധ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ചുള്ള മിലീഷ്യകള്‍ തമ്മിലും കടുത്ത വൈരം നിലനില്‍ക്കുന്നുണ്ട്. മിസ്വ്‌റാത്തയും സിന്‍താനും തമ്മില്‍, വര്‍ശഫാനയും സാവിയയും തമ്മില്‍, ബനീല്‍ വലീദും മിസ്വ്‌റാത്തയും തമ്മില്‍, ജബലുല്‍ ഗര്‍ബിയും ഗിര്‍യാനും തമ്മില്‍, താബുവും ഔലാദ് സ്‌ലിമാനും തമ്മില്‍ ഈ പോര് നിലനില്‍ക്കുന്നുണ്ട്. ഗോത്രപരവും വംശീയവുമായ ബന്ധങ്ങളും വിവിധ മേഖലകള്‍ തമ്മിലുള്ള അധികാരപ്പോരിന് കരുത്ത് പകരുന്നു.
         ലിബിയയുടെ അതിര്‍ത്തിയിലുടനീളം ഇത് പോലുള്ള ഒട്ടേറെ പ്രാദേശിക സംഘര്‍ഷങ്ങള്‍ എത്രയോ കാലമായി നിലനില്‍ക്കുന്നുണ്ട്. ലിബിയയുടെ അഖണ്ഡത നിലനിര്‍ത്തുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയായിത്തീര്‍ന്നിരിക്കുന്നു. പരസ്പരം പോരടിക്കുന്ന സെക്യുലര്‍-ഇസ്‌ലാമിസ്റ്റ് കക്ഷികള്‍ ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി സമവായത്തിലെത്തിയെങ്കിലേ എന്തെങ്കിലും പ്രതീക്ഷക്ക് വകയുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 53-56
എ.വൈ.ആര്‍/ ഖുര്‍ആന്‍ ബോധനം