Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 28

ഇന്ത്യയില്‍ മുസ്‌ലിം, പിന്നാക്ക ജനവിഭാഗങ്ങളുടെ ഐക്യനിര ഉയര്‍ന്നുവരണം

ടി. ആരിഫലി/ ശിഹാബ് പൂക്കോട്ടൂര്‍

തിനാറാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്? വ്യക്തികളാണ് ഈ ദേശീയ തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രങ്ങള്‍. ഇത് ജനാധിപത്യത്തെ എങ്ങനെ ബാധിക്കും?

         യഥാര്‍ഥത്തില്‍ ഓരോ തെരഞ്ഞെടുപ്പും ദര്‍ശനങ്ങളെയും ആശയങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് നടക്കേണ്ടത്. ചുരുങ്ങിയത് ഈ രാജ്യത്തിന്റെ സുസ്ഥിര വികസനം, സോഷ്യലിസ്റ്റ് മൂല്യങ്ങളുടെ സംരക്ഷണം, ഓരോ പൗരന്റെയും സാമ്പത്തികവും സാമൂഹികവുമായ പുരോഗതി ഇങ്ങനെ തുടങ്ങിയ കാഴ്ചപ്പാടുകളെങ്കിലും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചാണ് ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ദ്വന്ദ്വയുദ്ധമാണ്. ഇതുവരെ യു.പി.എയും എന്‍.ഡി.എയും മിനിമം മാനിഫെസ്റ്റോ പോലും പുറത്തിറക്കിയിട്ടില്ല. മാനിഫെസ്റ്റോകളില്ലാത്ത, ജനങ്ങളോട് സംവാദം സാധ്യമല്ലാത്ത രണ്ട് വ്യക്തികളുടെ അപദാനങ്ങള്‍ മാത്രം കേട്ട് വോട്ടു ചെയ്യേണ്ട അവസ്ഥ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് അഭിമാനകരമല്ല. അദാനി, ടാറ്റ, അംബാനി കോര്‍പ്പറേറ്റുകളും വിദേശ കുത്തക കമ്പനികളും നിര്‍മിച്ചെടുത്ത പ്രതിബിംബമാണ് നരേന്ദ്രമോഡി. കോര്‍പ്പറേറ്റ് കമ്പനികളുടെ മുന്നോട്ടുപോക്കിനും ചൂഷണത്തിനും വിഘാതമാവാത്ത ഒരു സ്വേഛാധിപതിയെയാണ് അവര്‍ക്കാവശ്യം. അതിനവര്‍ അവലംബിക്കുന്നത് മോഡിയെയാണ്. ഭൂരിപക്ഷ മതത്തിന്റെ ചിഹ്നങ്ങളെ ഫലപ്രദമായി ഉപയോഗിച്ചും മുസ്‌ലിം വിരുദ്ധത പ്രചരിപ്പിച്ചും വോട്ടുകള്‍ ഏകീകരിക്കാനുള്ള പ്രചാരണ തന്ത്രമാണ് അവര്‍ മോഡിയിലൂടെ പയറ്റുന്നത്. ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ സ്വീകരിച്ച പ്രചാരണ വാചകങ്ങളാണ് മോഡിയും ഉപയോഗിക്കുന്നത്. 'ഒരു ജനത, ഒരു നേതാവ്, ഒരു നിയമം' എന്ന ഹിറ്റ്‌ലറുടെ തെരഞ്ഞെടുപ്പ് കാമ്പയിനാണ് മോഡി നടത്തുന്നത്. ഹിറ്റ്‌ലറെ അധികാരത്തിലെത്തിച്ചതുപോലെ കമ്പനികള്‍ തന്നെയാണ് മോഡിയെയും പ്രമോട്ട് ചെയ്യുന്നത്. ഇതിനെ ജനാധിപത്യ ആശയങ്ങളിലൂടെയും മതേതര കൂട്ടായ്മയിലൂടെയും പ്രതിരോധിക്കേണ്ട കോണ്‍ഗ്രസ് മറ്റൊരു വ്യക്തിയെ ഇറക്കിയാണ് സമാന പ്രചാരണ തന്ത്രം മെനയുന്നത്.
         ഇത് ജനാധിപത്യ പ്രക്രിയയില്‍ അനാരോഗ്യകരമായ പ്രവണതയാണ്. അതുപോലെതന്നെ ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കുന്ന മറ്റൊരു പ്രവണതയാണ് ശതകോടികളുടെ പ്രചാരണ മാമാങ്കങ്ങള്‍. പെയ്ഡ് ന്യൂസുകള്‍ക്കും മറ്റു അനധികൃത പ്രചാരണങ്ങള്‍ക്കും കോടിക്കണക്കിനു രൂപയുടെ കള്ളപ്പണമാണ് ഓരോ തെരഞ്ഞെടുപ്പിലും ഒഴുകുന്നത്. വിജയിക്കുന്ന ഓരോ സ്ഥാനാര്‍ഥിയും ആദ്യം ചെയ്യുന്നത് ഒഴുക്കിയ പണം തിരിച്ചുപിടിക്കലാണ്. ഇത് രാജ്യ താല്‍പര്യത്തെയും ജനാധിപത്യത്തിന്റെ ആത്മാവിനെയും സാരമായി ബാധിക്കുന്നതാണ്.

മുമ്പത്തേക്കാള്‍ കൂടുതല്‍ ഫാഷിസ്റ്റ് ഭീഷണിയാണ് ഈ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വംശഹത്യക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന മോഡി. ഇതിനെ ഏത് രീതിയില്‍ നേരിടാമെന്നാണ് വിചാരിക്കുന്നത്?
         അതെ, ഇന്ത്യയെ വംശീയമായി നശിപ്പിക്കാന്‍ ശേഷിയുള്ള ഒരു പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ശേഷിയുള്ള വ്യക്തിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രചോദനവും പ്രത്യയശാസ്ത്രവും ഏതെങ്കിലും ഒരു മതമല്ല. വിദേശീയ- സ്വദേശീയ കോര്‍പ്പറേറ്റ് കമ്പനികളുടെ താല്‍പര്യ സംരക്ഷണാര്‍ഥം നിര്‍മിച്ചെടുത്ത ഒരു കള്‍ട്ടാണ് നരേന്ദ്ര മോഡി. ഹിന്ദു സമുദായത്തിന്റെ വോട്ട് ഏകീകരിപ്പിക്കുന്നതിനാവശ്യമായ മിത്തുകളാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണായുധം. ഈ ഫാഷിസ്റ്റ് നീക്കത്തിനെതിരെ മതേതര കക്ഷികളെ സഹായിക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. പക്ഷേ, മതേതര പാര്‍ട്ടികള്‍ അതിനുള്ള അര്‍ഹത ഓരോ സന്ദര്‍ഭത്തിലും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസും മറ്റു മതേതര പുരോഗമന കക്ഷികളും കോര്‍പറേറ്റ് നവലിബറല്‍ സാമ്പത്തിക മൂല്യങ്ങളാണ് പിന്‍പറ്റുന്നത്. ബി.ജെ.പി വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന മുസ്‌ലിം, ദലിത് പിന്നാക്ക ജന വിഭാഗങ്ങളുമായി ഒരു തരത്തിലുള്ള സംവാദത്തിനും കോണ്‍ഗ്രസ് തയാറായിട്ടില്ല. ബി.ജെ.പി വിരുദ്ധ വികാരം മൂലം മുസ്‌ലിംകള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചുകൊള്ളുമെന്ന ഒരു ധാരണയിലാണ് ഇവര്‍ തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിംകളെ അഭിമുഖീകരിക്കുന്നത്. 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമുദായമെന്ന നിലയില്‍ കോണ്‍ഗ്രസിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് പിന്നാക്ക ദലിത് ജനവിഭാഗങ്ങളും (39 ശതമാനം) മുസ്‌ലിംകളും (37.2 ശതമാനം) ആണ്. പക്ഷേ, ഈ വിഭാഗങ്ങളുമായി യാതൊരുവിധ ഇടപെടലുകളോ അവരുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ പരിഹാരമോ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ബി.ജെ.പിയോട് ഏറ്റുമുട്ടാന്‍ അവര്‍ സ്വീകരിച്ചത് മൃദുഹിന്ദുത്വമാണ്.
         ഇടതുപക്ഷത്തിന്റെ കാര്യവും വ്യത്യസ്തമല്ല. കേരളത്തില്‍ ഐ.എന്‍.എല്ലിനോടുള്ള അവരുടെ സമീപനം ഇതിന് ഉദാഹരണമാണ്. പല സമയങ്ങളില്‍ അവരെ പിന്തുണച്ച ജമാഅത്തെ ഇസ്‌ലാമിയെ അവര്‍ കടന്നാക്രമിക്കുകയാണ് ചെയ്തത്. ഇടതുപക്ഷത്തിന്റെ ഈ മുസ്‌ലിംവിരുദ്ധ സമീപനങ്ങളില്‍ അതൃപ്തിയുള്ള പശ്ചിമംബംഗാളിലെ അബ്ദുറസാഖ് മുല്ലയെ പോലുള്ള നേതാക്കള്‍ സി.പി.എമ്മില്‍ നിന്ന് രാജിവെച്ചുകൊണ്ടിരിക്കുന്നുണ്ട്. രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിയെ മറികടക്കാന്‍ അവലംബിക്കാവുന്ന പാര്‍ട്ടികളില്ലാതാവുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ പുതിയ ഐക്യനിര ഉയര്‍ന്നുവരേണ്ടതുണ്ട്.

ദല്‍ രാഷ്ട്രീയ നീക്കങ്ങളുടെ സാന്നിധ്യം ഇപ്രാവശ്യം വളരെ കൂടുതലാണ്. ജനങ്ങള്‍ക്ക് അവലംബിക്കാവുന്ന രാഷ്ട്രീയ കക്ഷികള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. ജനപക്ഷ രാഷ്ട്രീയ നീക്കങ്ങളുടെ പ്രതിസന്ധികള്‍ എങ്ങനെ മറികടക്കും? മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അവലംബിക്കാവുന്ന കക്ഷികളായി ഇവര്‍ മാറുമോ?
         ബദല്‍ രാഷ്ട്രീയ നീക്കങ്ങള്‍ ഇപ്പോള്‍ വളരെ സജീവമാണ്. പ്രാദേശിക പാര്‍ട്ടികളുടെ സ്വാധീനവും വര്‍ധിച്ചുവരുന്നുണ്ട്. ഇത് രാജ്യത്തിന് ഗുണകരമായിത്തീരുമെന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയിലെ വിവിധ ദേശ/ഭാഷകളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. ജനങ്ങളുടെ മൗലികമായ വിഷയങ്ങളാണ് ബദല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് ബദല്‍ രാഷ്ട്രീയ ശബ്ദങ്ങള്‍ അവലംബിക്കാവുന്ന രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവരേണ്ടതുണ്ട്. ഇന്ത്യയുടെ ബഹുസ്വരത ഉള്‍ക്കൊള്ളുന്ന, സാമ്രാജ്യത്വ വിരുദ്ധതയിലൂന്നിയ, ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ആശ്രയിക്കാവുന്ന രാഷ്ട്രീയ നീക്കങ്ങള്‍ കരുത്താര്‍ജിക്കേണ്ടത് ഈ രാജ്യത്തിന്റെ നിലനില്‍പിനു അത്യാവശ്യമാണ്. ഫാഷിസ്റ്റ് വിരുദ്ധ നീക്കത്തില്‍ മതേതര കക്ഷികള്‍ക്ക് അത് താല്‍ക്കാലിക ദോഷമായി ഭവിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന് ഗുണകരമാണ് പുതിയ ബദല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിധ്യം. ജയപരാജയങ്ങള്‍ക്കപ്പുറം അവ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടുക എന്നതുതന്നെ വലിയ വിജയമായിട്ടാണ് നാം വിലയിരുത്തേണ്ടത്. മൗലികാവകാശങ്ങളെ തിരിച്ചുപിടിക്കാനും ഓരോ പൗരനും ഇത്തരം ബദല്‍ നീക്കങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്.

കോണ്‍ഗ്രസ്, ബി.ജെ.പി പാര്‍ട്ടികള്‍ക്കെതിരെയുള്ള മൂന്നാം മുന്നണി എത്രത്തോളം ആശാവഹമാണ്?
         കോണ്‍ഗ്രസ്, ബി.ജെ.പി. ഇതര കൂട്ടായ്മകള്‍ ഉയര്‍ന്നുവരേണ്ടത് വളരെ അത്യാവശ്യമാണ്. പല സന്ദര്‍ഭങ്ങളിലായി ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എന്‍.ഡി.എ, യു.പി.എ മുന്നണികള്‍ക്കെതിരെ രൂപം നല്‍കിയ മൂന്നാം മുന്നണി ഒരു തെരഞ്ഞെടുപ്പ് പ്രതിഭാസം മാത്രമാണ്. പരസ്പര വിരുദ്ധ കക്ഷികളുടെ ഒരു താല്‍ക്കാലിക താവളം. ഇതില്‍ പല പാര്‍ട്ടികളും കഴിഞ്ഞ കാലങ്ങളില്‍ എന്‍.ഡി.എയുടെ കൂടെ അധികാരം പങ്കിട്ടവരുമാണ്. ഇതിന് ആതിഥ്യം നല്‍കുന്ന ഇടതുപക്ഷം ദിനേന രാഷ്ട്രീയമായും ആശയപരമായും ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
         ആം ആദ്മിയുടെ ദല്‍ഹിയിലെ വിജയം ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. നിലവിലുള്ള സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഭിന്നമായി വിജയിക്കുമെന്ന് തോന്നുന്ന പരീക്ഷണങ്ങളെ പിന്തുണക്കാന്‍ ഇന്ത്യന്‍ ജനത സന്നദ്ധമാവുമെന്നതാണ് അതില്‍ പ്രധാനമായത്. നിലവില്‍ അരാഷ്ട്രീയമെന്ന് വിളിക്കാവുന്ന ഒരു ജനതയെ പ്രത്യേകിച്ച് യുവാക്കളെ രാഷ്ട്രീയ തല്‍പരരാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിലില്ലാത്ത സമൂഹത്തിലെ എഴുത്തുകാര്‍, ബുദ്ധിജീവികള്‍, ജുഡീഷ്യറിയിലെ പ്രധാനികള്‍, ബ്യൂറോക്രാറ്റുകള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരുടെ പങ്കാളിത്തം രാഷ്ട്രീയമായ ഒരു വിജയമായി അടയാളപ്പെടുത്താവുന്നതാണ്. അതുവരെ ഇന്ത്യയിലെ തെരുവുകളിലും സ്‌ക്രീനുകളിലും നിറഞ്ഞുനിന്നിരുന്ന മോഡിമാനിയയെ മറികടക്കാന്‍ ആം ആദ്മിയുടെ വിജയം ഒരു കാരണമായിട്ടുണ്ട്. എന്നാല്‍, ആം ആദ്മിയുടെ യഥാര്‍ഥ പ്രചോദനമെന്താണ്, ജാതി, മത സാമൂഹിക സങ്കീര്‍ണതകളുള്ള ഒരു രാജ്യത്ത് കേവല അഴിമതി വിരുദ്ധ കൂട്ടായ്മക്ക് എത്രകാലം നിലനില്‍ക്കാന്‍ സാധിക്കും, മൂര്‍ത്തമായ ആശയങ്ങളില്ലാതെ സുസ്ഥിരമായ നിലനില്‍പ് എങ്ങനെ സാധ്യമാവും തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഇനിയും പഠിക്കേണ്ടതുണ്ട്. അതുപോലെ സംവരണവുമായി ബന്ധപ്പെട്ട അവരുടെ നിലപാടുകള്‍, മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങളോടുള്ള സമീപനം എന്നിവ ഏറെക്കുറെ സങ്കീര്‍ണമാണ്. ബട്‌ലാ ഹൗസ് ഏറ്റുമുട്ടലിനെ ശക്തമായി ന്യായീകരിച്ച ആശിഖ് ഖേതനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ആം ആദ്മി പാര്‍ട്ടി മുസ്‌ലിം സമൂഹവുമായി എങ്ങനെയാണ് സംവദിക്കുക? അധികാരത്തില്‍ വന്ന സമയങ്ങളില്‍ യു.പിയിലെ മുസഫര്‍ നഗറില്‍ നടന്ന വംശഹത്യയെ കുറിച്ച് ആപ് മൗനം പാലിച്ചതെന്തുകൊണ്ട് തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്. മധ്യവര്‍ഗത്തിനപ്പുറം വികസിക്കാന്‍ ഇതുവരെ അവര്‍ക്ക് സാധിച്ചിട്ടില്ല.

ര് അധികാരത്തില്‍ വന്നാലും കോര്‍പ്പറേറ്റുകളുടെ താല്‍പര്യമാണ് സംരക്ഷിക്കപ്പെടുന്നത്. മുസ്‌ലിം, ദലിത് ജനവിഭാഗങ്ങള്‍ അധികാര കേന്ദ്രങ്ങളില്‍ നിന്ന് കൂടുതല്‍ തള്ളിമാറ്റപ്പെടുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഒരു ശതമാനം ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമാണ് നേട്ടമുള്ളത്. രാജ്യത്തിലെ ഓരോ പൗരനും സമഗ്രമായ വളര്‍ച്ച സാധ്യമാക്കാന്‍ എന്ത് നിര്‍ദേശങ്ങളാണ് നല്‍കാനുള്ളത്?
         ജനാധിപത്യം ഒരു നല്ല വ്യവസ്ഥിതിയാണ്. അതേസമയം അതിനു ധാരാളം പാര്‍ശ്വഫലങ്ങളുണ്ട്. ഉള്ളവനെ കൂടുതല്‍ ഉള്ളവനാക്കുന്നതും ഇല്ലാത്തവനെ കൂടുതല്‍ ദരിദ്രനാക്കുന്നതും, നേരത്തെതന്നെ അധികാരവും സ്വാധീനവുമുള്ളവര്‍ക്ക് വീണ്ടും അത് നല്‍കിക്കൊണ്ടിരിക്കുന്നതും ഈ വ്യവസ്ഥയുടെ പാര്‍ശ്വഫലങ്ങളാണ്. ന്യൂനപക്ഷ-പിന്നാക്ക ജനവിഭാഗങ്ങള്‍ അധികാര, മാധ്യമ, സാമ്പത്തിക കേന്ദ്രങ്ങളില്‍നിന്ന് തള്ളിമാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകത്ത് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ വര്‍ധിക്കുന്നതോടൊപ്പം ദാരിദ്ര്യ രേഖക്കു താഴെ (27 രൂപ ദിവസ വരുമാനമുള്ളവര്‍)യുള്ളവരുടെ എണ്ണവും ഇന്ത്യയില്‍ വര്‍ധിക്കുന്നു.
അതേസമയം ഉയര്‍ന്ന ജാതിക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും അവ കൂടുതല്‍ ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ പത്ത് സമ്പന്നരില്‍ ഏഴും ഉന്നത ജാതിയിലുള്ളവരാണ്. ഇന്ത്യയിലെ ഉദ്യോഗ മേഖലയില്‍ 70 ശതമാനവും ഇവര്‍ തന്നെയാണ്. 26 ചീഫ് സെക്രട്ടറിമാരില്‍ 19 പേരും, 27 ഗവര്‍ണര്‍മാരില്‍ 14 പേരും, 500 ഡെപ്യൂട്ടി സെക്രട്ടറിമാരില്‍ 310 പേരും, 16 സുപ്രീം കോടതി ജഡ്ജിമാരില്‍ 13 പേരും ഉന്നത ജാതിയില്‍ പെട്ടവരാണ്. ഐ.എ.എസ്, ഐ.പി.എസ് മേഖലകളില്‍ ബ്രാഹ്മണ മേധാവിത്വം 85 ശതമാനത്തോളമാണ്. ഇവിടങ്ങളില്‍ മുസ്‌ലിം, പിന്നാക്ക പ്രാതിനിധ്യം നാമമാത്രമാണ്. ഇന്ത്യയിലെ പ്രമുഖ നാല് ഇംഗ്ലീഷ് പത്രങ്ങളും ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഹിന്ദി പത്രം ജൈനിക് ജാര്‍ഗണും ഉന്നത ജാതിക്കാരുടെ കുത്തകയാണ്. മീഡിയാ രംഗത്ത് ഇവരുടെ പ്രാതിനിധ്യം 79 ശതമാനമാണ്. പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം 4 ശതമാനവും മുസ്‌ലിംകളുടെ പ്രാതിനിധ്യം മൂന്ന് ശതമാനവുമാണ്. ഈ മേഖലകളില്‍ നിന്നെല്ലാം തള്ളിമാറ്റപ്പെട്ടവര്‍ക്ക് മുഖ്യധാരയില്‍ ഇടം ലഭിക്കാനാവശ്യമായ നിയമനിര്‍മാണവും അവ പാലിക്കാനുള്ള ജാഗ്രതയും ഭരണകൂടങ്ങള്‍ ഉറപ്പ് നല്‍കേണ്ടതുണ്ട്. മീഡിയാ രംഗത്ത് മുസ്‌ലിം പ്രാതിനിധ്യം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്.

മുസ്‌ലിംകള്‍ ജനാധിപത്യ പ്രതിനിധാനം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കേണ്ട സന്ദര്‍ഭമാണിത്. നിലവിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ എങ്ങനെയാണ്? മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങളുടെ സമ്പൂര്‍ണ വളര്‍ച്ച, സാമൂഹിക സുരക്ഷ എന്നിവയെ മുന്‍നിര്‍ത്തി എങ്ങനെയാണ് ഈ തെരഞ്ഞെടുപ്പിനെ സമീപിക്കേണ്ടത്?
         ഇന്ത്യ സ്വതന്ത്രമായതിനു ശേഷം മുസ്‌ലിം രാഷ്ട്രീയം വളരെ കുറച്ച് കാലമാണ് പ്രതാപത്തോടെ നിലനിന്നത്. മുസ്‌ലിം ലീഗിന് കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമെല്ലാം എം.പിമാരെ ലഭിച്ചിരുന്നു. പാക് വിഭജനത്തിന്റെ ഉത്തരവാദികള്‍ എന്ന ആരോപണവും അതോടൊപ്പം മുസ്‌ലിം രാഷ്ട്രീയത്തിന്റെ യഥാര്‍ഥ പ്രതിനിധാനം നിര്‍വഹിക്കാനുള്ള ശേഷി കുറവും മുസ്‌ലിം ലീഗിനെ ക്ഷയിപ്പിച്ചു. മുസ്‌ലിംകളില്‍ ഗണ്യമായൊരു വിഭാഗം കോണ്‍ഗ്രസിനെ പിന്തുണക്കുകയും ചെയ്തു. എന്നാല്‍, കോണ്‍ഗ്രസിന്റെ സമീപനങ്ങള്‍ മുസ്‌ലിംകളില്‍ വലിയ അതൃപ്തിയുളവാക്കി. അടിയന്തരാവസ്ഥയില്‍ മുസ്‌ലിംകള്‍ വലിയ തോതില്‍ മര്‍ദനത്തിനു വിധേയരായി. ഇതിനു ശേഷം 1977-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുത്തില്ല. ഇതു കാരണം പ്രസ്തുത തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വന്‍ തിരിച്ചടികള്‍ നേരിട്ടു. 1992-ലെ ബാബരി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷവും ഇതേ രീതിയില്‍ മുസ്‌ലിംകള്‍ പ്രതികരിച്ചു. കോണ്‍ഗ്രസിനെതിരില്‍ മുസ്‌ലിംകള്‍ മുഖംതിരിഞ്ഞുനിന്ന എല്ലാ സന്ദര്‍ഭങ്ങളിലും കോണ്‍ഗ്രസിനു അധികാരം കൈവിടേണ്ടിവന്നു. നവ സാമ്രാജ്യത്വത്തിന്റെ ഭാഗമായി ലോകതലത്തില്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെട്ട മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളിലും നീക്കങ്ങളിലും യു.പി.എ ഭാഗഭാക്കായി. നിരവധി കരിനിയമങ്ങള്‍ ചുട്ടെടുത്തു. ഇത് മുസ്‌ലിംകളെ കോണ്‍ഗ്രസിതര പാര്‍ട്ടികൡ വിശ്വാസമര്‍പ്പിക്കാന്‍ നിര്‍ബന്ധിതമാക്കി. ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിയ ഹിന്ദുവര്‍ഗീയ കാര്‍ഡിനെയും രാമരഥയാത്രയെ തുടര്‍ന്നുണ്ടായ വംശഹത്യകളെയും മൃദുഹിന്ദുത്വം കൊണ്ടാണ് കോണ്‍ഗ്രസ് പ്രതിരോധിച്ചത്. ഇതിനെതിരെ മുസ്‌ലിംകളില്‍ നിന്ന് നിരവധി രാഷ്ട്രീയ ബദല്‍ നീക്കങ്ങള്‍ സജീവമായിരുന്നു. ആസാമിലെ എ.യു.ഡി.എഫ്, രാഷ്ട്രീയ ഉലമാ കൗണ്‍സില്‍ എന്നിവ അതില്‍ പ്രധാനമാണ്. പക്ഷേ, അവ വളരെ ദുര്‍ബല നീക്കങ്ങളായി പരിണമിച്ചു.
         അതേസമയം മുസ്‌ലിം വോട്ട് വീണ്ടും ലക്ഷ്യമാക്കി കോണ്‍ഗ്രസ് ചില രാഷ്ട്രീയ കളികള്‍ നടത്തിക്കൊണ്ടിരിക്കുന്നു. സച്ചാര്‍ കമ്മിറ്റി, രംഗനാഥ മിശ്രാ കമ്മിറ്റി എന്നിവയെ നിശ്ചയിച്ചു. എന്നാല്‍ അവര്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ക്ക് കേവല പ്രഖ്യാപനങ്ങളിലൊതുങ്ങുന്ന പരിഹാരം മാത്രമാണ് അവര്‍ മുന്നോട്ടുവെച്ചത്. ഗുജറാത്ത് കലാപ ഇരകള്‍ക്ക് ജോലി സംവരണം, തുല്യ അവസര കമീഷനെ നിയോഗിക്കുമെന്ന പ്രഖ്യാപനം, 1600 കോടിയുടെ ന്യൂനപക്ഷ വിദ്യാഭ്യാസ പാക്കേജ് തുടങ്ങിയ വായ്ത്താരികള്‍ മാത്രമാണ് ഇതില്‍ യു.പി.എ നടത്തിയിട്ടുള്ള മുസ്‌ലിം ക്ഷേമ പദ്ധതികള്‍.
         2009-ല്‍ 543 എം.പിമാരില്‍ 30 എം.പിമാര്‍ (5.52%) മാത്രമാണ് മുസ്‌ലിംകളുള്ളത്. 1980-ലാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിം എം.പിമാര്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത് (49 എം.പിമാര്‍). ഇതുപോലും 10 ശതമാനത്തില്‍ താഴെ മാത്രമാണ്. കടുത്ത വിവേചനം രാഷ്ട്രീയത്തില്‍ മാത്രമല്ല, സാമൂഹിക മേഖലയിലും മുസ്‌ലിംകള്‍ അനുഭവിക്കുന്നുണ്ട്. രംഗനാഥ മിശ്ര കമീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് മുസ്‌ലിംകളില്‍ മൂന്നിലൊരാള്‍ക്ക് കുടിവെള്ളവും കക്കൂസുമില്ല. എന്നാല്‍, കോണ്‍ഗ്രസ് കേവല പ്രഖ്യാപനങ്ങളിലൂടെ മുസ്‌ലിം ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ മുസ്‌ലിം പ്രീണനം എന്ന മിഥ്യ ചൂണ്ടിക്കാണിച്ച് ഭൂരിപക്ഷ മതത്തിന്റെ വോട്ടുകള്‍ ഏകീകരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പിയും ചില പൊടിക്കൈകള്‍ മുസ്‌ലിം വോട്ടുകള്‍ നേടാന്‍ ഉപയോഗിക്കുന്നുണ്ട്. തൊപ്പിയിട്ടവരുടെയും പര്‍ദയിട്ടവരുടെയും സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. തൊപ്പിയുടെയും പര്‍ദയുടെയും കൂടെ അത് ധരിച്ചവരെയും അവര്‍ക്ക് അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടി. കേരളത്തിലടക്കം ചില മതപണ്ഡിതന്മാരെയും അക്കൂട്ടത്തില്‍ ബി.ജെ.പി വാങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെ 110 മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാണ്. ഇവിടങ്ങളില്‍ പോലും മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാവുന്നില്ല. ഈ കടുത്ത വിവേചനം മുസ്‌ലിംകളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതേസമയം, മുസ്‌ലിംകള്‍ കേവല സമുദായമായി സംഘടിക്കുന്നതിനു പകരം മുസ്‌ലിം,ദലിത്, പിന്നാക്ക ജനവിഭാഗങ്ങളുടെയും മുഴുവന്‍ ചൂഷിതരുടെയും അവരോട് ഐക്യപ്പെടുന്ന ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍ തുടങ്ങിയവരുടെയും ബഹുസ്വരവും വിശാലവുമായ ഒരു രാഷ്ട്രീയ പ്ലാറ്റ്‌ഫോമാണ് ഇന്ത്യയില്‍ ഉയര്‍ന്നുവരേണ്ടത്.

സ്ത്രീ സുരക്ഷ ഏറ്റവും കൂടുതല്‍ ലംഘിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. വോട്ടര്‍മാരില്‍ പകുതിയിലധികം സ്ത്രീകള്‍ ഉണ്ടായിരിക്കെ അധികാര പങ്കാളിത്തത്തില്‍ സ്്രതീകളുടെ സാന്നിധ്യം വളരെ കുറവാണ്. ഇത് ജനാധിപത്യത്തിന്റെ ആത്മാവിനെ പ്രതിലോമകരമായി ബാധിക്കുകയില്ലേ?
         ഇന്ത്യയുടെ ഭരണഘടന വളരെ വിശാലമാണ്. ധാരാളം നിയമങ്ങളും ഉപനിയമങ്ങളുമടങ്ങുന്ന ഒരു നിയമസംഹിത. പക്ഷേ, ഇത് നടപ്പാക്കുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. സ്ത്രീകളെ അധികാര ഘടനയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനും അവരുടെ സുരക്ഷ ഉറപ്പ് വരുത്താനും നമ്മുടെ ഭരണഘടനയില്‍ തന്നെ ധാരാളം സാധ്യതകള്‍ ഉണ്ട്. എന്നാല്‍, അത് നടപ്പിലാക്കപ്പെടുന്നില്ല. സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ 33 ശതമാനം സംവരണം ചെയ്യുന്ന ബില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണുണ്ടായത്. സ്ത്രീ സംവരണം എന്നതിലുപരി പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകള്‍ക്കും അവരുടെ ജനസംഖ്യാനുപാതികമായ സംവരണമാണ് നല്‍കേണ്ടത്. കേവലമായ അധികാര പങ്കാളിത്തം കൊണ്ട് മാത്രം സ്ത്രീസുരക്ഷയുണ്ടാവുകയില്ല. സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരം ഇന്ത്യയില്‍ കൊല്‍ക്കത്തയായിരുന്നു. 2013-ല്‍ കൊല്‍ക്കത്തയിലും ധാരാളം സ്ത്രീ പീഡനങ്ങള്‍ അരങ്ങേറി. അവിടെ ഭരിക്കുന്നത് മമതാ ബാനര്‍ജി എന്ന സ്ത്രീയാണ്. 2012-ല്‍ മാത്രം ഇന്ത്യയില്‍ 1574 ദലിത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. സോണി സോറി എന്ന വനിതയെ ക്രൂരമായി പീഡിപ്പിച്ച അജിത് കാര്‍ഗിയെന്ന പോലീസ് ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ മെഡല്‍ നല്‍കി ആദരിച്ച രാജ്യമാണ് നമ്മുടേത്.
         സ്ത്രീകളോട് ഏറ്റവുമുയര്‍ന്ന സംസ്‌കാരത്തോടെ പെരുമാറിയ പാരമ്പര്യമാണ് നമ്മുടേതെന്ന് നാം അവകാശപ്പെടുന്നു. അതേസമയം പാശ്ചാത്യ സംസ്‌കാരത്തെ മഹത്വവത്കരിക്കുകയും ചെയ്യുന്നു. ഈ വൈരുധ്യവും കാപട്യവുമാണ് സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ഇവിടെ പ്രകടമായിക്കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ എല്ലാ മേഖലയിലും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ആത്മീയ കേന്ദ്രങ്ങള്‍ വരെ ഇതിനപവാദമല്ല. ലോകത്ത് തന്നെ ബലാത്സംഗങ്ങളുടെ നഗരമെന്നാണ് ദല്‍ഹി അറിയപ്പെടുന്നത്. ഫ്രാന്‍സും ജര്‍മനിയും ഇറാനും സ്വന്തം പൗരന്മാരായ സ്ത്രീകളോട് ദല്‍ഹിയില്‍ പട്ടാപകല്‍ പോലും ഒറ്റക്ക് ഇറങ്ങി നടക്കരുതെന്ന് നിര്‍ദേശം കൊടുത്തിരിക്കുന്നു. രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ ആനുപാതികമായ സംവരണവും സുരക്ഷാ നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കാനുള്ള സംവിധാനവും ഒരു പരിധിവരെ സ്ത്രീകളുടെ ഉന്നമനത്തിന് കാരണമാകും. സ്ത്രീകളുടെ സുരക്ഷയില്‍ ധാര്‍മിക ചിട്ടവട്ടങ്ങളും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. സ്ത്രീ സുരക്ഷയാണ് ഒരു രാജ്യത്തിന്റെ വികാസ ലക്ഷണമായി വിലയിരുത്തപ്പെടുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 53-56
എ.വൈ.ആര്‍/ ഖുര്‍ആന്‍ ബോധനം