പി.സി ചാക്കോ തിരിച്ചെടുത്ത സത്യം<br> പ്രതിപക്ഷ നേതൃത്വത്തിന് പോലും കോണ്‍ഗ്രസ് പൊരുതേണ്ടിവരും
നിലവിലെ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമല്ലെന്നും യു.പി.എ പ്രതിപക്ഷത്താവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ തുറന്നടിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരിക്കെ ഒട്ടും ചിതമായില്ലെന്ന് പാര്‍ട്ടി നേതൃത്വം പ്രതികരിച്ചത് സ്വാഭാവികം മാത്രം. തന്മൂലം ചാക്കോ തന്റെ വാക്കുകള്‍ തിരിച്ചെടുക്കേണ്ടിവന്നതും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ, എല്ലാ കോണ്‍ഗ്രസ് നേതാക്കളുടെയും മനസ്സിലിരിപ്പാണ് ചാക്കോ തുറന്ന് പറഞ്ഞതെന്ന സത്യം ബാക്കി നില്‍ക്കുന്നു. ഇനിയൊരൂഴത്തിന് താനില്ലെന്ന് മന്‍മോഹന്‍ സിംഗ് ആദ്യമേ മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്. രണ്ടാമനായ എ.കെ ആന്റണിയും മൂന്നാമനായ ചിദംബരവും മുതിര്‍ന്ന മന്ത്രിസഭാംഗങ്ങളായ മനീഷ് തിവാരി, ജയന്തി നടരാജന്‍ തുടങ്ങിയവരും മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കാനാണ് ഇഷ്ടപ്പെട്ടത്. തമിഴ്‌നാട്ടില്‍ നേതാക്കളില്‍ ഒരാള്‍ പോലും ജനവിധി തേടാനില്ല. പകരം യുവാക്കളെ രംഗത്തിറക്കാന്‍ സമയമായെന്ന ബോധോദയമാണ് ചിദംബരാദികള്‍ പ്രകടിപ്പിക്കുന്നത്. ഒരല്‍പം ജയസാധ്യതയുണ്ടെങ്കില്‍ ടിക്കറ്റിന് വേണ്ടി ഇടിച്ചുകയറുന്നവരാണ് മിക്ക നേതാക്കളുമെന്നോര്‍ക്കുമ്പോഴാണ് ചാക്കോ തിരിച്ചറിഞ്ഞ സത്യത്തിന്റെ ഉള്ളുകള്ളി പിടികിട്ടുക. ശരിക്കും രാഷ്ട്രീയ സൂനാമിയാണ് പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ന് മൂക്ക് കീഴ്‌പ്പോട്ടുള്ളവരൊക്കെ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. അസം, കേരളം പോലുള്ള അപൂര്‍വം സംസ്ഥാനങ്ങളേ ഇതിനപവാദമായുള്ളൂ. യു.പി.എയുടെ ഒന്നും രണ്ടും ഊഴങ്ങളില്‍ കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന കക്ഷികളില്‍ മിക്കതും സഖ്യം വിട്ടുപോയെന്ന് തന്നെയല്ല പലതും നരേന്ദ്രമോഡിയുടെ പാളയത്തില്‍ അഭയം തേടുകയും ചെയ്തു. എന്‍.സി.പി, ജമ്മു-കശ്മീര്‍ നാഷ്‌നല്‍ കോണ്‍ഫറന്‍സ്, ആര്‍.ജെ.ഡി പോലുള്ള ചിലത് ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം തൂക്കുസഭയാണ് നിലവില്‍ വരുന്നതെങ്കില്‍ മറുകണ്ടം ചാടാനുള്ള തയാറെടുപ്പിലാണെല്ലാം. വിവരാവകാശം, ഭക്ഷ്യ സുരക്ഷ പോലുള്ള സുപ്രധാന നിയമ നിര്‍മാണങ്ങള്‍ നടത്തി, സ്ത്രീപീഡന നിരോധ ഓര്‍ഡിനന്‍സ് പുറത്തിറക്കി, ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പാക്കി തുടങ്ങിയ പല നേട്ടങ്ങളും എടുത്തുപറയാനുണ്ടായിട്ടും യു.പി.എക്ക് ഇത്തരമൊരു പ്രതികൂല സാഹചര്യം നേരിടേണ്ടിവന്നതിന്റെ കാരണങ്ങള്‍ അവ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ നേരിട്ട പരാജയവും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മൗനവുമാണെന്നാണ് പി.സി ചാക്കോയുടെ കണ്ടെത്തല്‍.
എന്നാല്‍, ചാക്കോയുടെ കണ്ടെത്തല്‍ തികച്ചും ഉപരിപ്ലവമാണെന്നേ സുചിന്തിതമായ വിലയിരുത്തലില്‍ ബോധ്യപ്പെടൂ. ഏതാണ്ട് പതിമൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കാനിരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വാര്‍ധക്യ സഹജമായ ബലഹീനതകളും ജീര്‍ണതകളും നിശ്ചയമായും കോണ്‍ഗ്രസിന് വകവെച്ചുകൊടുത്താലും അവസാനകാലത്ത് സംഭവിച്ച ഗുരുതരമായ പാളിച്ചകളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള നെഞ്ചൂക്ക് പാര്‍ട്ടിക്ക് നഷ്ടമാക്കിയതെന്ന് പറയാതെ വയ്യ. ഇതിനേറ്റവും പ്രകടമായ തെളിവ് യു.പി.എയുടെ ഒന്നാമൂഴം സാമാന്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു എന്നതുതന്നെ. സാമ്രാജ്യത്വദാസ്യവും സയണിസ്റ്റ് ബാന്ധവവും കുത്തകകളോടുള്ള വിധേയത്വവുമൊക്കെ ഒന്നാമൂഴത്തിലും പ്രകടമാക്കിയിരുന്നെങ്കിലും പുറത്ത് നിന്ന് പിന്തുണച്ച ഇടതുപക്ഷത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ചില നിയന്ത്രണങ്ങള്‍ പാലിക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നു. ഭക്ഷ്യ സുരക്ഷ നിയമത്തെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ചിന്തിച്ചു തുടങ്ങിയതും ചില്ലറ വില്‍പന രംഗത്തേക്കുള്ള വാള്‍മാര്‍ട്ട് പ്രഭൃതികളുടെ കടന്നുവരവ് തടയിടപ്പെട്ടതും മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവസ്ഥയെക്കുറിച്ച് പഠിച്ച് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചതും ഒന്നാം മന്‍മോഹന്‍ സിംഗ് സര്‍ക്കാറായിരുന്നു. അതിന്റെ പിന്‍ബലത്തില്‍ 2009-ലെ ജനവിധി വീണ്ടും സര്‍ക്കാറിന് അനുകൂലമായി. പക്ഷേ, ഇത്തവണ അപകടകരമായ മാറ്റത്തോടെയായിരുന്നു യു.പി.എയുടെ അരങ്ങേറ്റം. അമേരിക്കയുമായുള്ള ആണവക്കരാറുമായി മുന്നോട്ടുപോകാന്‍ ഇടതുപക്ഷ ബാധ ഒഴിവാക്കാന്‍ കാട്ടിയ അതിബുദ്ധിതന്നെയാണ് രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കുളംതോണ്ടിയത്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ തിരിച്ചടി നേരിട്ടത് ശരി. അതു പക്ഷേ, പ്രധാനമായും പശ്ചിമബംഗാളിലെ ഇടതു സര്‍ക്കാറിന്റെ നയവൈകല്യങ്ങളുടെ ഫലമായിരുന്നു. വോട്ടും സീറ്റും ഉറപ്പാക്കാന്‍ കോര്‍പ്പറേറ്റ് ഭീമന്മാരെയും പ്രാദേശിക, ജാതി താല്‍പര്യങ്ങള്‍ക്കപ്പുറം കാണാത്ത കക്ഷികളെയും അതിര്‌വിട്ട് ആശ്രയിച്ച കോണ്‍ഗ്രസ് മുന്നണി അധികാരലബ്ധിക്കു ശേഷം ദുശ്ശക്തികളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കുതറാന്‍ നേരിയ ശ്രമം പോലും നടത്തിയില്ല. കോണ്‍ഗ്രസിലെ തന്നെ ഒരല്‍പം നേരും നെറിയുമുള്ളവരെ മൂലക്കിരുത്തി അംബാനി, ടാറ്റമാരുടെ ഇഷ്ടദാസന്മാരെ അവരാഗ്രഹിക്കുന്ന വകുപ്പുകളുടെ തലപ്പത്ത് കുടിയിരുത്തിയും കുത്തകകള്‍ക്ക് വഴിവിട്ട വിട്ടുവീഴ്ചകളും സഹായങ്ങളും ചെയ്തും മുന്നോട്ട് നീങ്ങിയ മന്‍മോഹന്‍ -ചിദംബരം-അഹ്‌ലുവാലിയ ടീമിനെ വെറും വാഴനാര് കൊണ്ട് തളക്കാന്‍ പോലും സോണിയ ഗാന്ധിക്കോ പുത്രനോ ആയില്ല. അതോടൊപ്പം യു.പി.എ ഘടകകക്ഷികള്‍ക്ക് പതിച്ചുകൊടുത്ത വകുപ്പുകളില്‍ അവര്‍ അഴിമതിയുടെ തേര്‍ തെളിച്ചു. 2ജി സ്‌പെക്ട്രം അഴിമതിയുടെയും കോമണ്‍ വെല്‍ത്ത്, ആദര്‍ശ് ഫ്‌ളാറ്റ്, കല്‍ക്കരി കുംഭകോണങ്ങളുടെയും കഥകള്‍ പുറത്ത് വന്നപ്പോള്‍ കേന്ദ്രമന്ത്രിസഭായോഗം ദല്‍ഹി തിഹാര്‍ ജയിലില്‍ ചേരേണ്ടിവരുമോ എന്നുപോലും ആശങ്കിക്കേണ്ട സ്ഥിതിയായി. അഴിമതിക്കെതിരെ ഗാന്ധിയന്‍ അണ്ണാ ഹസാരെ തലസ്ഥാനത്ത് നടത്തിയ ജനകീയ പ്രതിഷേധം അഭൂതപൂര്‍വമായി രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുക കൂടി ചെയ്തതോടെ ഉപായങ്ങള്‍ കൊണ്ട് ഓട്ടയടക്കാനായി കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം. സാക്ഷാല്‍ പി.സി ചാക്കോയുടെ നേതൃത്വത്തിലുള്ള ജെ.പി.സി 2ജി സ്‌പെക്ട്രം അഴിമതി അന്വേഷണത്തില്‍ കാണിച്ച ഞാണിന്മേല്‍ക്കളി രാജ്യം കണ്ടതാണ്. മുഖ്യ കുറ്റാരോപിതനായ എ. രാജയുടെ മൊഴി പോലും കേള്‍ക്കാതെ സത്യസന്ധമോ നിഷ്പക്ഷമോ അല്ലാത്ത ജെ.പി.സി റിപ്പോര്‍ട്ട് പോലും വൃഥാവേലയായി മാറി. ഹസാരെയുടെ ജനലോക്പാല്‍ തള്ളി സ്വന്തമായി രൂപകല്‍പന ചെയ്ത ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കി നിയമമാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. അങ്ങനെയാണ് പൊടുന്നനെ രംഗപ്രവേശം ചെയ്ത അരവിന്ദ് കെജ്‌രിവാളുടെ ആം ആദ്മി പാര്‍ട്ടി ദിവസങ്ങള്‍ക്കകം ദല്‍ഹി സംസ്ഥാന ഭരണം കോണ്‍ഗ്രസില്‍ നിന്ന് തട്ടിയെടുക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ ഒന്നോ രണ്ടോ സീറ്റ് പോലും കോണ്‍ഗ്രസിന് അഭിപ്രായ സര്‍വേകള്‍ വകവെച്ചു കൊടുക്കാത്ത സാഹചര്യം തല്‍ഫലമായി രൂപപ്പെട്ടതാണ്. ടാറ്റ-അംബാനിമാരുടെ കങ്കാരു പാര്‍ട്ടികളാണ് തന്റെ ഭരണത്തെ അട്ടിമറിച്ചതെന്ന് കെജ്‌രിവാളിന് പ്രചാരണം നടത്താന്‍ അവസരം സൃഷ്ടിച്ചത് റിലയന്‍സിനെതിരെ അദ്ദേഹം കൈകൊണ്ട നടപടിക്ക് തൊട്ടുടനെ ആപ് മന്ത്രിസഭക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചപ്പോഴാണ് എന്നുകൂടി ഓര്‍ക്കണം.
ഇതെല്ലാം അവഗണിച്ചാലും കോണ്‍ഗ്രസിന് ഒരുവിധം പിടിച്ചുനില്‍ക്കാമായിരുന്നു ജനപ്രിയനും കരുത്തനുമായ ഒരു വ്യക്തിത്വത്തെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നെങ്കില്‍. നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരനായ രാഹുല്‍ ഗാന്ധിക്ക് ഹൈടെക് സങ്കല്‍പങ്ങളിലൂടെ തന്റെ പാര്‍ട്ടിയുടെ യുവജന വിഭാഗത്തെ മാറ്റിയെടുക്കാനുള്ള പരീക്ഷണങ്ങള്‍ നടത്താനല്ലാതെ കോണ്‍ഗ്രസിനെയോ രാജ്യത്തെയോ നയിക്കാന്‍ ശേഷിയില്ലെന്ന് ജനം കരുതുന്നതായാണ് എല്ലാ അഭിപ്രായ സര്‍വേകളും കാണിക്കുന്നത്. മറുവശത്ത്, അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചപോലെ മീഡിയയെ വിലയ്‌ക്കെടുത്തിട്ടായാലും കരുത്തനും വികസനോന്മുഖനുമായ ഭരണാധികാരിയെന്ന പ്രതിഛായ സൃഷ്ടിച്ചെടുക്കുന്നതില്‍ നരേന്ദ്രമോഡി ഒട്ടൊക്കെ വിജയിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെ വരെ കോണ്‍ഗ്രസിനെ കൊണ്ട് അമ്മാനമാടിയ കോര്‍പ്പറേറ്റ് ഭീമന്മാരും ഇന്ന് ഈ ഗുജറാത്തിയുടെ പിന്നിലാണ്. അവരുടെ കൂറ് സ്വന്തം താല്‍പര്യങ്ങളോട് മാത്രമാണെന്നും ഏതെങ്കിലും പാര്‍ട്ടിയോടോ രാജ്യത്തോടോ അല്ലെന്നും തിരിച്ചറിയാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഇതിനിടയിലാണ് നരസിംഹറാവുവിന്റെയും സീതാറാം കേസരിയുടെയും കാലത്ത് സംഭവിച്ച പോലെ മുങ്ങാനിരിക്കുന്ന കപ്പലില്‍ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമം. സോണിയാ ഗാന്ധിയുടെ വരവോടെ ഈ പ്രതിഭാസത്തിന് വിരാമമായിരുന്നെങ്കിലും അവരുടെ താരപ്രഭ നഷ്ടപ്പെട്ട സാഹചര്യത്തില്‍ മറുകണ്ടം ചാട്ടവും പുനരാരംഭിച്ചിരിക്കുകയാണ്. യു.പിയിലെ കോണ്‍ഗ്രസ് എം.പി ജഗദാംബികാ പാല്‍, 10 കൊല്ലമായി കേന്ദ്രമന്ത്രിയും എന്‍.ടി രാമറാവുവിന്റെ പുത്രിയുമായ പുരന്ദരേശ്വരി, ഒറീസയിലെ പ്രതിപക്ഷ നേതാവ് ഭൂവിന്ദര്‍ സിംഗ്, നിയമസഭാ കക്ഷി സെക്രട്ടറി അനൂപ് സായി, മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത സ്ഥാനാര്‍ഥി ഡോ. ഭഗീരഥ പ്രസാദ് തുടങ്ങി ബി.ജെ.പിയിലേക്കോ മറ്റു കക്ഷികളിലേക്കോ ചേക്കേറിയവരുടെ പട്ടിക നീണ്ടുപോവുകയാണ്. 1999-ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ പ്രഥമ എന്‍.ഡി.എ സര്‍ക്കാര്‍ രൂപവത്കരണത്തിന് വഴിയൊരുക്കിയ 24 പാര്‍ട്ടികളുടെ കൂട്ടുകെട്ട് വീണ്ടും യാഥാര്‍ഥ്യമാവാന്‍ കളമൊരുങ്ങുകയാണ്. ടി.ആര്‍.എസ് മേധാവി ചന്ദ്രശേഖര റാവുവിന്റെ ലയന വാഗ്ദാനത്തില്‍ മയങ്ങി സീമാന്ധ്രയെ മുഴുവന്‍ എഴുതിത്തള്ളി തെലങ്കാന സംസ്ഥാന രൂപവത്കരണത്തിന് തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസ് ക്രൂരമായി ചതിക്കപ്പെട്ടു. ടി.ആര്‍.എസ് ലയനത്തിനില്ലെന്നതോ പോകട്ടെ സാമാന്യ തെരഞ്ഞെടുപ്പ് ധാരണക്ക് പോലും തയാറല്ല. മോഡിപ്പടയിലാണ് ചന്ദ്രശേഖര റാവുവിന്റെയും നോട്ടം. നാളിതുവരെ കോണ്‍ഗ്രസിനോടൊപ്പം നിന്ന ദലിത്, പിന്നാക്ക വിഭാഗങ്ങളും പല സംസ്ഥാനങ്ങളിലും കളം മാറിച്ചവിട്ടിക്കഴിഞ്ഞു. മുസ്‌ലിം ന്യൂനപക്ഷം മാത്രം കാര്യമായി മോഡിപക്ഷത്തേക്ക് മാറിക്കഴിഞ്ഞിട്ടില്ല. എങ്കിലും, ഉത്തരേന്ത്യയില്‍ തീവ്ര യാഥാസ്ഥിതിക വിഭാഗമായ ബറേല്‍വി മൗലാനമാരെയും അവരോടൊപ്പം നില്‍ക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ സുന്നി ഗ്രൂപ്പിനെയും ചാക്കിടാനുള്ള മോഡിയുടെ ശ്രമം സഫലമാവുന്ന ലക്ഷണമാണ്. 2002-ലെ നരബലി മറന്നിട്ടില്ലാത്ത ഭൂരിപക്ഷം മുസ്‌ലിംകളും മോഡിയോടൊപ്പം പോവാന്‍ വൈമനസ്യം കാട്ടുന്നുവെങ്കിലും അവര്‍ കോണ്‍ഗ്രസിലും സംതൃപ്തരല്ല. മൊത്തം ലോക്‌സഭാ മണ്ഡലങ്ങളില്‍ നാലിലൊന്നില്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാണെങ്കിലും പല പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമായി അവ ശിഥിലമാവാനാണ് സാധ്യത. ഒട്ടേറെ മുസ്‌ലിം പാര്‍ട്ടികളുടെ രംഗപ്രവേശം വോട്ട് ശൈഥില്യത്തെ രൂക്ഷമാക്കുകയും ചെയ്യും. ഈ സ്ഥിതിവിശേഷവും ഗുണം ചെയ്യുക എന്‍.ഡി.എക്കാണ്. ഈ സാഹചര്യത്തിലാണ് അഭിപ്രായ സര്‍വേകള്‍ ഏറ്റവും വലിയ മുന്നണിയായി എന്‍.ഡി.എ ഉയരുമെന്ന് പ്രവചിക്കുന്നത്. എന്‍.ടി ടി.വിയുടെ കണക്ക് കൂട്ടലനുസരിച്ച് എന്‍.ഡി.എ നേടുന്ന സീറ്റുകളുടെ എണ്ണം 229 വരെ എത്താം. ബാക്കി നികത്താന്‍ നേരത്തെ ബി.ജെ.പിയോടൊപ്പം നിന്ന ജയലളിത, മമത ബാനര്‍ജി, മായാവതി മുതലായ പെണ്‍ പുലികള്‍ സഹായിക്കാനാണ് സാധ്യത.
ഈ സാഹചര്യത്തില്‍ പി.സി ചാക്കോ മുന്നറിയിപ്പ് നല്‍കിയ പോലെ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നതല്ല പ്രശ്‌നം, നിശ്ചിത എണ്ണം സീറ്റുകള്‍ നേടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടിക്കാവുമോ, പ്രതിപക്ഷ നേതാവായെങ്കിലും രാഹുല്‍ ഗാന്ധി വരുമോ എന്നുള്ളതാണ്. തെരഞ്ഞെടുപ്പാനന്തരം രൂപം കൊള്ളുന്ന ഐക്യമുന്നണികളില്‍ ചിലത് അംഗസംഖ്യയില്‍ കോണ്‍ഗ്രസ്സിനെ പിന്‍തള്ളാനുള്ള സാധ്യത തീര്‍ത്തും നിരാകരിച്ചുകൂടാ.
Comments