Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 28

അബൂമുസ്‌ലിം ഖൂലാനി<br> വ്യാജ നുബുവ്വത്തിനെതിരെ പോരാടിയ താബിഈ പണ്ഡിതന്‍

സഈദ് മുത്തനൂര്‍/ ചരിത്രം

         തന്റെ ആദ്യത്തേതും അവസാനത്തേതുമായ ഹജ്ജ് ചെയ്ത് മടങ്ങിയതില്‍ പിന്നെ നബി തിരുമേനി (സ) രോഗബാധിതനായി. ആ രോഗത്തില്‍ നിന്ന് അദ്ദേഹം പിന്നീട് മുക്തനായില്ല. തിരുമേനി (സ) രോഗബാധിതനായ വിവരം അറേബ്യയിലെങ്ങും പരന്നു. വിവരമറിഞ്ഞ അസ്‌വദ് അന്‍സിയുടെ ഉള്ളിലെ പിശാച് പുറത്ത് ചാടി. അയാള്‍ക്ക് മുഹമ്മദ് നബിക്ക് പകരം നബിയായി വിലസാന്‍ വലിയ ആവേശമായി. ഈമാനിന്റെയും ഇസ്‌ലാമിന്റെയും ഹാരം അയാള്‍ ആദ്യമേ തന്റെ കഴുത്തില്‍ നിന്ന് ഊരിയെറിഞ്ഞു. താന്‍ നബിയും റസൂലുമാണെന്ന് അയാള്‍ വാദിച്ചു. തന്റെ കഴിവും കരുത്തും അയാള്‍ വ്യാജനുബുവ്വത്ത് വാദത്തിന് ഉപയോഗപ്പെടുത്തി. ജാലവിദ്യയും നക്ഷത്രഫലം പറയലും ഇയാളുടെ ഹോബിയായിരുന്നു. ജനങ്ങളെ പറ്റിക്കാന്‍ അതൊക്കെ മതിയല്ലോ. വാഗ്വാദത്തിലും ഇയാള്‍ മേല്‍ക്കൈ നേടി. 'ആം ആദ്മി'യെ സ്വാധീനിക്കാന്‍ ഇയാള്‍ക്ക് പെട്ടെന്ന് കഴിഞ്ഞുവെന്നര്‍ഥം. യമനില്‍ ഇയാളുടെ മായാ വലയത്തില്‍ കുറെ പേര്‍ കുടുങ്ങി. ഉന്നത കുലജാതനായിരുന്ന അസ്‌വദിന്റെ കുടുംബത്തിന്റെ സഹായവും അയാള്‍ക്കുണ്ടായി. ആളുകള്‍ അസ്‌വദിന്റെ പിന്നാലെ കൂടി ആരവങ്ങള്‍ സൃഷ്ടിച്ചു. അയാളുടെ നുബുവ്വത്ത് വാദം നാടെങ്ങും പടര്‍ന്നു.
         അബൂമുസ്‌ലിം ഖൂലാനി എന്ന ഒരു മഹാന്‍ അന്ന് യമനില്‍ താമസിച്ചിരുന്നു. കറ കളഞ്ഞ വിശ്വാസിയും വലിയ ഭക്തനും മഹാസാത്വികനും പൊതു സ്വീകാര്യനുമായിരുന്നു ഖൂലാനി. ഇസ്‌ലാമിക വിധികള്‍തേടി ആളുകള്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാല്‍ അസ്‌വദ് അന്‍സി എന്ന വ്യാജ പ്രവാചകന്ന് അബൂമുസ്‌ലിം ഖൂലാനിയുടെ സാന്നിധ്യം ഏറെ പ്രശ്‌നം സൃഷ്ടിച്ചു. അസ്‌വദ് വൈകാതെ ഖൂലാനിയെ പിടിച്ച് ജയിലിലടച്ചു, ജയിലില്‍ ഭീകരമായി പീഡിപ്പിച്ചു. പീഡനം അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ദാര്‍ഢ്യം കൂട്ടിയതേയുള്ളു. തന്റെ വിശ്വാസത്തില്‍ നിന്ന് ഖൂലാനി കടുകിട മാറിയില്ല.അസ്‌വദിന്റെ അധികാര ദണ്ഡ് ഖൂലാനിയുടെ നേരെ ചമ്മട്ടിയായി വര്‍ഷിച്ചു. അതൊന്നും ഖൂലാനിയുടെ അടുത്ത് വിലപ്പോയില്ല. ഖൂലാനിയെ എന്ത് ചെയ്തും അവസാനിപ്പിച്ചേ പറ്റൂ - അസ്‌വദ് തീരുമാനിച്ചുറച്ചു. അയാള്‍ കിങ്കരന്‍മാരെ വിട്ട് സന്‍ആ മൈതാനത്ത് ഒരു വിറക് കൂമ്പാരം കൂട്ടിയിട്ടു. തീകുണ്ഡം ഒരുക്കി. ഇത് കണ്ടെങ്കിലും ഖൂലാനി ഭയന്ന് വിറക്കുമെന്നും അനുസരണ പ്രതിജ്ഞ ചെയ്യുമെന്നും ആ വ്യാജ പ്രവാചകന്‍ കണക്ക് കൂട്ടി. അയാള്‍ വിളംബരം ചെയ്തു: ''യമനിലെ ഈ 'മഹാഭക്തന്റെ' തൗബ വന്നു കാണുക, അല്ലെങ്കില്‍ ഇയാള്‍ അസ്‌വദിന്റെ 'നുബുവത്ത്' പ്രഖ്യാപിക്കുന്നത്, ജനങ്ങളേ നിങ്ങള്‍ വന്നു കേള്‍ക്കുക.''
         മൈതാനം ജനനിബിഡമായി. അസ്‌വദ് അന്‍സിയുടെ പൈശാചികവും നിഷ്ഠുരവുമായ ചെയ്തി അരങ്ങേറാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. ഹോമകുണ്ഡം കത്തിക്കയറുകയാണ്. ധിക്കാരിയായ അസ്‌വദിന്റെ മുഖം തെളിഞ്ഞു. തന്റെ ശത്രു ഇതാ ഇവിടെ നശിക്കാന്‍ പോവുകയാണല്ലോ. ഖൂലാനിയെ അവിടെ ഹാജറാക്കി. വ്യാജ പ്രവാചകന്‍ അസ്‌വദ്, ഖൂലാനിയുടെ ശ്രദ്ധ ആംഗ്യ ഭാഷയില്‍ കത്തിക്കാളുന്ന അഗ്നി കുണ്ഡത്തിലേക്ക് ക്ഷണിച്ചു.
''പറയൂ! മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണെന്ന് നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?'' അസ്‌വദ് ചോദിച്ചു. അബൂ മുസ്‌ലിം: ''അതെ, മുഹമ്മദ് (സ) ദൈവദൂതനാണെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു. അദ്ദേഹത്തിന് ശേഷം പ്രവാചകന്മാരുണ്ടാവില്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.'' അസ്‌വദ് കോപാന്ധനായി. അയാള്‍ ചോദിച്ചു: ''ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് നീ അംഗീകരിക്കുന്നുവോ?''
അബൂമുസ്‌ലിം: ''എനിക്ക് ചെവി ശരിക്ക് കേള്‍ക്കാനാവുന്നില്ല.''
അസ്‌വദ്: ''തീക്കുണ്ഡം ആളിക്കത്തുന്നത് നീ കാണുന്നുണ്ടല്ലോ. ഇത് നിന്റെ വിധി പറയും.''
അബൂമുസ്‌ലിം: ''എന്നെ ഈ തീയിലിട്ടാല്‍ എനിക്ക് നരകത്തീയില്‍ നിന്ന് രക്ഷപ്പെടാമല്ലോ. ഇവിടെ വിറക് മാത്രമാണ് കത്തിക്കുന്നത്. നരകത്തിലാവട്ടെ കല്ലും വിറകും മനുഷ്യരുമാണ് ഇന്ധനം. നരക കിങ്കരന്മാര്‍ അവിടെ കാവലുമുണ്ടാകും.''
മറുപടി കേട്ടു അസ്‌വദ് ഒന്ന് പിടഞ്ഞു. അയാള്‍ പറഞ്ഞു: ''ധൃതി എന്റെ രീതിയല്ല. ഞാന്‍ നിനക്ക് സാവകാശം തരുന്നു. നിനക്ക് ആലോചിക്കാം.'' കുറച്ച് നേരം അവിടെ മൗനം നിഴല്‍ വീഴ്ത്തി.
പിന്നീട് അസ്‌വദിന്റെ ഗര്‍ജനം. ''എന്റെ പ്രവാചകത്വം നീ അംഗീകരിക്കുന്നോ, ഇല്ലേ?''
അബൂമുസ്‌ലിം: ''നീ ചോദിക്കുന്നതൊന്നും എനിക്ക് കേള്‍ക്കാന്‍ ആവുന്നില്ല. ബധിരത ബാധിച്ചപോലെ.''
മുഹമ്മദ് നബി (സ) ക്ക് ശേഷം പ്രവാചകത്വം എന്ന കാര്യം തന്നെ ഖൂലാനിക്കു ചിന്തിക്കുക വയ്യായിരുന്നു. അതിനാലാണദ്ദേഹം ഈ ചോദ്യം ഉന്നയിച്ചപ്പോഴൊക്കെ ബധിരത നടിച്ചത്. അബൂമുസ്‌ലിം ഖൂലാനിയുടെ ധീരതക്ക് മുമ്പില്‍ വ്യാജ പ്രവാചകന്റെ അകം ഒന്ന് കാളി. ഒട്ടും വൈകാതെ തീയിലെറിഞ്ഞേ പറ്റൂ- അയാള്‍ ഉറച്ചു.
അപ്പോള്‍ ഒരു പട്ടാളക്കാരന്‍ മുന്നോട്ട് വന്ന് അസ്‌വദിനെ പതിഞ്ഞ സ്വരത്തില്‍ ഉപദേശിച്ചു: ''താങ്കള്‍ക്കറിയാമല്ലോ, ആത്മീയമായി ഇയാള്‍ വളരെ ഉയര്‍ന്ന വ്യക്തിയാണ്, ദൃഢമാനസനും. ചിലപ്പോള്‍ തീക്കുണ്ഡത്തില്‍ നിന്ന് അയാള്‍ രക്ഷപ്പെട്ടെന്നും അയാളെ ദൈവം സഹായിച്ചെന്നും വരാം. അങ്ങനെ വന്നാല്‍ താങ്കളുടെ നുബുവ്വത്ത് വാദം പാളും. ജനങ്ങള്‍ താങ്കളെ സംശയിക്കും. ഖൂലാനിയെ ആളുകള്‍ ആഘോഷിക്കും. ഇനി ദൈവം നിശ്ചയിച്ച് അദ്ദേഹം മരണപ്പെട്ടാലോ, അദ്ദേഹത്തിന് രക്തസാക്ഷിത്വ പദവിയും പരിവേഷവും ലഭിക്കും. അതോടെ ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കുകയും താങ്കളെ പുറംതള്ളുകയും ചെയ്യും. അതിനാല്‍ അയാളുടെ കാല്‍ചങ്ങലകള്‍ അഴിച്ച് അയാളോടു നന്മയില്‍ വര്‍ത്തിക്കുന്നതായി കാണിച്ച് ബദ്‌റിന്റെ താഴ്‌വാരത്തിലേക്ക് നാടുകടത്തുകയാവും നല്ലത്.''
അസ്‌വദ് അന്‍സിക്ക് ഈ നിര്‍ദേശം സ്വീകാര്യമായി തോന്നി. അബൂമുസ്‌ലിമിന്റെ കാല്‍ചങ്ങലകളഴിച്ച് മോചിപ്പിക്കുകയും ബദ്ര്‍ പ്രദേശത്തേക്ക് നാടുകടത്തുകയും ചെയ്തു.
ക്രൂരനായ അസ്‌വദില്‍ നിന്ന് രക്ഷപ്പെട്ടതോടെ അബൂമുസ്‌ലിം ഖുലാനിയുടെ മനസ്സില്‍ നബി തിരുമേനി(സ)യോടുള്ള അനുരാഗം വന്നു കവിഞ്ഞു. പരീക്ഷണങ്ങളും പീഡനങ്ങളും നേരിടുമ്പോഴൊക്കെ പ്രവാചക സ്‌നേഹമാണ് അദ്ദേഹത്തിന് കരുത്ത് നല്‍കിയത്. മുഹമ്മദിന്റെ (സ) പ്രവാചകത്വം അംഗീകരിച്ച് നിലകൊണ്ടതിന്റെ പേരിലാണല്ലോ തനിക്ക് പീഡനങ്ങളേല്‍ക്കേണ്ടി വന്നത്. ഇനി പ്രവാചകനുമായി സന്ധിക്കണം. ഉള്ളം ധൃതിപ്പെട്ടു. കഴിഞ്ഞതെല്ലാം മറന്ന് അബൂമുസ്‌ലിം മദീനയെ ലക്ഷ്യമാക്കി ധൃതിയില്‍ നടന്നു.
         ഇനി വൈകാതെ തനിക്ക് തിരുനബിയെ സന്ധിക്കാമല്ലോ. അദ്ദേഹം സമാശ്വസിച്ചു. ഇഹലോകത്ത് തന്നെ സ്വര്‍ഗം കാല്‍പാദത്തിനടുത്തെത്തിയ പോലെ. അദ്ദേഹത്തിന്റെ മനസ്സ് ആഹ്ലാഭരിതമായി. യാത്രയിലെ ക്ലേശങ്ങള്‍ അദ്ദേഹം തൃണവല്‍ഗണിച്ചു. അബൂമുസ്‌ലിമിന്റെ മനസ്സ് പ്രവാചകന്റെ തിരുമുമ്പിലെത്താന്‍ തനിക്ക് മുമ്പെ ഓടി. ഇന്നേ വരെ അബൂമുസ്‌ലിം പ്രവാചകന്‍ തിരുമേനി (സ)യെ കണ്ടിട്ടില്ല. ഇന്ന് ഈ യാത്രയില്‍ ആ ആഗ്രഹം സഫലമായേക്കാം. നബിയെ കണ്‍ നിറയെ കാണണം. പരിക്ഷീണിതനെങ്കിലും മനസ്സ് നിറയെ മദീനയും മുഹമ്മദ് മുസ്തഫ (സ)യും ആയതിനാല്‍ എല്ലാറ്റിനെയും വകഞ്ഞു മാറ്റിയാണ് ലക്ഷ്യത്തിലേക്കുള്ള കുതിപ്പ്. കിതപ്പ് മാറ്റാന്‍ ഇനി മദീനയിലെത്തിയേ സമയമുള്ളൂ.
         എന്നാല്‍ മദീനയില്‍ അദ്ദേഹത്തെ കാത്തിരുന്നതോ, കരളലിയിക്കുന്ന ആ വാര്‍ത്ത. അതേ, പ്രവാചകന്‍ തിരുമേനി(സ)യുടെ മരണ വൃത്താന്തം. അബൂമുസ്‌ലിം മദീനയില്‍ എത്തുമ്പോള്‍ അവിടെ തിരുനബി (സ) ഉണ്ടായിരുന്നില്ല. അദ്ദേഹം തന്റെ നാഥന്റെ വിളിക്കുത്തരം നല്‍കി തന്റെ ദൗത്യം പൂര്‍ത്തീകരിച്ച് എന്നന്നേക്കുമായി വിടവാങ്ങിയിരുന്നു. എങ്കിലും അബൂ മുസ്‌ലിം നേരെ മസ്ജിദുന്നബവിയില്‍ ചെന്നു കയറി. റൗദാശരീഫില്‍ ഗദ്ഗദകണ്ഠനായി അദ്ദേഹം നിന്നു. അവിടെ സലാം ചൊല്ലി. പ്രാര്‍ഥിച്ചു. പിന്നീട് ഒരു തൂണിന് പിറകില്‍ നിന്ന് രണ്ട് റക്അത്ത് നമസ്‌കരിച്ചു. നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ യാത്രാക്ഷീണം കാരണം അല്‍പമൊന്ന് വിശ്രമിക്കാനായി മാറിയിരുന്നു. അന്നേരം മസ്ജിദുന്നബവിയില്‍ ഹസ്രത്ത് ഉമര്‍ (റ) ഉണ്ടായിരുന്നു. അദ്ദേഹം പള്ളിയില്‍ പുതുതായി കണ്ട ആളുടെ നേരെ ചെന്ന് സലാം ചൊല്ലി. തുടര്‍ന്ന് താങ്കള്‍ ആരാണെന്ന് ആരാഞ്ഞു.
''ഞാന്‍ ഒരു യമന്‍ ദേശക്കാരനാണ്''- അബൂമുസ്‌ലിം സലാം മടക്കിയ ശേഷം മറുപടി പറഞ്ഞു.
യമന്‍ ദേശത്തുകാരനാണന്ന് കേട്ടപ്പോള്‍ ഹസ്രത്ത് ഉമറിന് കൗതുകമായി. അദ്ദേഹം അബൂമുസ്‌ലിമിനോട് ഉത്സാഹപൂര്‍വം ചോദിച്ചു: ''യമനില്‍ ഞങ്ങളുടെ ഒരു സഹോദരന്‍, അസ്‌വദ് അന്‍സിയുടെ തീകുണ്ഡത്തിലെറിയപ്പെടാന്‍ വിധിക്കപ്പെട്ടതായി കേട്ടിരുന്നു. താങ്കള്‍ക്ക് അത് സംബന്ധിച്ച് വല്ല വിവരവുമുണ്ടോ?'' അബൂ മുസ്‌ലിം: ''ദൈവത്തിന് സ്തുതി! അദ്ദേഹം ഇപ്പോള്‍ രക്ഷപ്പെട്ടിരിക്കുന്നു. സുഖമാണ്.''
ഹസ്രത്ത് ഉമര്‍: ''സത്യം പറയൂ. ആ വ്യക്തി താങ്കളൊന്നുമല്ലല്ലോ?''
അബൂമുസ്‌ലിം: ''ഈ ദൈവദാസന്‍ തന്നെയാണ് താങ്കള്‍ അനേ്വഷിക്കുന്ന ആള്‍. അബൂമുസ്‌ലിം എന്നാണ് എന്റെ പേര്.'' ഈ വിവരം കേട്ടപാടെ ഹസ്രത്ത് ഉമര്‍ (റ) അബൂമുസ്‌ലിം ഖൂലാനിയെ ആശ്ലേഷിച്ച് നെറ്റിയില്‍ ചുംബനങ്ങളര്‍പ്പിച്ചു. പിന്നീടു ഉമര്‍ ചോദിച്ചു: ''താങ്കളുടെ ആ ശത്രുവിന്റെ സ്ഥിതി പിന്നീടെന്തായി, വല്ല വിവരവുമറിഞ്ഞോ?''
മറുപടി: ''ഇല്ല, അയാള്‍ പിന്നീടെന്തായി എന്നെനിക്കറിയില്ല.'' ''പ്രവാചക ശിഷ്യന്മാര്‍ അയാളുടെ കഥ കഴിച്ചു. അയാളുടെ കൂടെയുണ്ടായിരുന്നവരെല്ലാം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു'' - ഉമര്‍ (റ) വിശദീകരിച്ചു.
''അല്ലാഹുവിന് സ്തുതി. അവന്‍ ഇഹലോകത്ത് വെച്ച് തന്നെ എന്റെ കണ്ണിനും കാതിനും കുളിര്‍മയും ആശ്വാസവും നല്‍കി'', അബൂമുസ്‌ലിം പ്രതികരിച്ചു.
മദീനയിലെ അനുഗൃഹീത ദിവസങ്ങള്‍ അബൂമുസ്‌ലിമിനെ വല്ലാതെ ആവേശിച്ചു. മസുജിദുന്നബവിയില്‍ സുജൂദും റുകൂഉം റൗദയിലെ സന്ദര്‍ശനവും ഖുര്‍ആന്‍ പാരായണവുമായി അദ്ദേഹം പരമാവധി സമയം ചെലവഴിച്ചു.
ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ശത്രുക്കള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വേള. അവരെ നേരിട്ടു രക്തസാക്ഷിയാകാന്‍ കൊതിച്ച് അബൂമുസ്‌ലിം പിന്നീടു സിറിയയിലേക്ക് തിരിച്ചു. റോമുമായുള്ള പോരാട്ടത്തിലാണ് അദ്ദേഹം പങ്കെടുത്തത്. യുദ്ധം വിജയിച്ചു. കാലം മുന്നോട്ട് പോയി. സച്ചരിതരായ നാലു ഖലീഫമാരുടെയും കാലം കഴിഞ്ഞു. ഹസ്രത്ത് മുആവിയയുടെ ഭരണമാണ് തുടര്‍ന്ന് അരങ്ങേറിയത്. അദ്ദേഹത്തിന്റെ കൊട്ടാര പ്രഭാവം അബൂമുസ്‌ലിമിന് ഒട്ടും പിടിച്ചില്ല. പല തവണ അദ്ദേഹം മുആവിയയുമായി നേര്‍ക്കുനേരെ എതിരിട്ടു. ഒരിക്കല്‍ ദര്‍ബാറില്‍ പ്രധാനികളും പ്രമാണിമാരും മറ്റും ഇരിക്കുന്നു. മുആവിയ അധ്യക്ഷ സ്ഥാനത്തും. പെട്ടെന്ന് അബൂമുസ്‌ലിം അവിടെ കടന്നു ചെന്നു. രംഗം വീക്ഷിച്ച ശേഷം അബൂമുസ്‌ലിം: ''അല്ലയോ 'അജീറുല്‍ മുഅ്മിനീന്‍', അസ്സലാമുഅലൈക്കും.''
ഈ അഭിസംബോധന കേട്ട് കൊട്ടാര സേവകര്‍ ഇളകി. അവര്‍: ''അബൂമുസ്‌ലിം, 'അജീറുല്‍ മുഅ്മിനീന്‍' എന്നല്ല 'അമീറുല്‍ മുഅ്മിനീന്‍' എന്ന് വിളിക്കൂ.'' എന്നാല്‍ അബൂമുസ്‌ലിം അവരുടെ അട്ടഹാസമൊന്നും ഗൗനിച്ചില്ല. വീണ്ടും അദ്ദേഹം അജീറുല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ കൂലിക്കാരാ) എന്ന് തന്നെ വിളിച്ചു.
ദര്‍ബാരികള്‍ അബൂമുസ്‌ലിമിനെ ശകാരിച്ചു.അബൂമുസ്‌ലിമാകട്ടെ അതൊന്നും കേട്ടതായി നടിച്ചില്ല. ഈ അവസരം അമീര്‍ മുആവിയ ഇടപെട്ടു. ''അബൂമുസ്‌ലിമിനെ വിട്ടേക്കൂ.അദ്ദേഹം പറയാനുള്ളത് പറയട്ടെ.''
''അല്ലയോ മുആവിയാ! താങ്കളുടെ ഉദാഹരണം ഒരു ഇടയന്റേതാണ്. തന്റെ ആടുകളെ ഒരു നിശ്ചിത അവധിക്ക് മേയ്ക്കാന്‍ ഉടമസ്ഥന്‍ ഇടയനെ ഏല്‍പ്പിക്കുമല്ലോ. ഈ അവസ്ഥയിലാണിപ്പോള്‍ താങ്കള്‍. ആ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിച്ചാല്‍ തക്ക പ്രതിഫലം ലഭിക്കും. തൊഴിലില്‍ വീഴച് വരുത്തിയാല്‍ അത് ഗുരുതര ഭവിഷ്യത്തുണ്ടാക്കും. ഇതില്‍ ഏതും താങ്കള്‍ക്ക് തെരഞ്ഞെടുക്കാം...'' അപ്പോള്‍ മുആവിയ പറഞ്ഞു: ''അബൂമുസ്‌ലിം, താങ്കള്‍ക്ക് ദൈവം പ്രതിഫലം നല്‍കട്ടെ. താങ്കള്‍ അല്ലാഹുവിനും പ്രവാചകന്നും വിശ്വാസി സമൂഹത്തിനും വേണ്ടിയാണ് സംസാരിക്കുന്നത്.'' ആ സദസ്സ് അങ്ങനെ പിരിഞ്ഞു.
         അബൂമുസ്‌ലിം ഖൂലാനിയുടെ യഥാര്‍ഥ നാമം അബ്ദുല്ലാഹിബ്‌നു ഥൗബ് എന്നായിരുന്നു. ക്രി: 684 (ഹി.62) ല്‍ അദ്ദേഹം റോമില്‍ വെച്ച് മരണപ്പെട്ടുവെന്ന് ഇബ്‌നുല്‍ അസാക്കിര്‍ രേഖപ്പെടുത്തുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 53-56
എ.വൈ.ആര്‍/ ഖുര്‍ആന്‍ ബോധനം