ആഖിറത്തിനെ തുരങ്കം വെക്കുന്ന പൗരോഹിത്യം
ആഖിറത്തിനെ തുരങ്കം വെക്കുന്ന പൗരോഹിത്യം
ലക്കം 2840-ലെ മുഖക്കുറിപ്പും പ്രസ്തുത വിഷയകമായി വന്ന വിശകലനങ്ങളും ശ്രദ്ധേയമായി. പ്രവാചകന്മാരുടെ അനന്തരാവകാശികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരാണ് പണ്ഡിതന്മാര്‍. ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരികയെന്നതാണ് അവരുടെ ദൗത്യം. ഇത്തരം പണ്ഡിതന്മാരെ കുറിച്ച് നബി(സ) പറയുന്നതിങ്ങനെ: ''എന്റെ ഉമ്മത്തിലെ പണ്ഡിതന്മാര്‍ ബനൂഇസ്രാഈലിലെ പ്രവാചകന്മാരെപ്പോലെയാണ്''. എന്നാല്‍, ഇസ്‌ലാമിന്റെ അകവും പുറവും തിരിച്ചറിയുന്ന, അല്ലാഹുവിനെ ഭയപ്പെടുന്ന നേതൃത്വത്തിന് പകരം ജനശക്തിക്കും പണശക്തിക്കും സ്വന്തം സ്ഥാനമാനങ്ങളുടെ സംരക്ഷണത്തിനും വേണ്ടി നെട്ടോട്ടമോടുന്ന ദുഷിച്ച പണ്ഡിതര്‍ നേതൃരംഗം മലിനമാക്കിയിരിക്കുന്നു. ഇവരുടെ ഭൗതികമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനിടയില്‍ അനേകം പേരുടെ പരലോക മോക്ഷമാണ് നഷ്ടപ്പെട്ടുപോകുന്നത്. ഇസ്‌ലാമിന്റെ ആത്മാവിനെയാണ് ഇക്കൂട്ടര്‍ തകര്‍ത്തുകളയുന്നത്.
'താടി കണ്ട് നീ വഞ്ചിതനാവേണ്ട. കാരണം, ആടുകള്‍ക്കുമുണ്ട് താടി' എന്ന് മഹാനായ പണ്ഡിതന്‍ ഇമാം മാലിക്(റ) തന്റെ ഒരു പ്രമുഖ ഗ്രന്ഥത്തില്‍ എഴുതിയത് മനസ്സില്‍ തെളിഞ്ഞുവരുന്നു. പണ്ഡിതരിലെ വ്യാജന്മാര്‍ ഇസ്‌ലാമിന് സര്‍വനാശമേ വരുത്തുകയുള്ളൂ. സ്വയം വഴിപിഴക്കുക മാത്രമല്ല മറ്റു വിശ്വാസികളെ വഴിതെറ്റിക്കുകയും ചെയ്യുന്നു. അനസ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം വായിക്കാം: ''എന്റെ സമുദായത്തിന്റെ നാശം രണ്ടുതരം വ്യക്തികളിലൂടെയാണ്. ഒന്ന്, തെമ്മാടിയായ പണ്ഡിതന്‍. രണ്ട്, വിവരദോഷിയായ അടിമ(ആബിദ്). എന്നാല്‍ ദുഷിച്ചവരില്‍ ഏറ്റവും നികൃഷ്ടന്‍ ദുഷിച്ച പണ്ഡിതനാണ്. നല്ലവരില്‍ ഏറ്റവും ഉത്കൃഷ്ടന്‍ യഥാര്‍ഥ പണ്ഡിതനാണ്.''
ഏറ്റവും മഹാനായ പണ്ഡിതന്‍ ഏറ്റവും കൂടുതല്‍ വിവരമുള്ളവനാണെന്ന ധാരണ ശരിയല്ല. ഏറ്റവും കൂടുതല്‍ വിവരമുണ്ടായിരുന്ന ഇബ്‌ലീസ് മഹാനാണെന്ന് ആരെങ്കിലും വാദിക്കുമോ? ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെ മഹാ പ്രതിഭയായ ഇമാം ഗസ്സാലി(റ) പറയുന്നു: ''തന്റെ വിജ്ഞാനം അനുസരിച്ച് പ്രവര്‍ത്തിക്കാത്ത പണ്ഡിതന് ഒരിക്കലും ആദരണീയതയില്ല.'' പൗരോഹിത്യത്തിന്റെ സകല ദുര്‍ഗുണങ്ങളും പേറിനടക്കുന്ന വല്ല 'സാമിരി'യും നിങ്ങളുടെ ആഖിറത്തിന് തുരങ്കം വെക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ജാഗ്രതയോടെ കരുതിയിരിക്കുക.
സാലിം ചോലയില്‍ ചെര്‍പ്പുളശ്ശേരി
വെറും തൊഴിലുറപ്പല്ല, വന്‍ ബിസിനസ്
ബഷീര്‍ തൃപ്പനച്ചിയുടെ 'മതം ഒരു തൊഴിലുറപ്പ് പദ്ധതിയാണ്' (ലക്കം 2840) എന്ന കുറിപ്പ് വായിച്ചു. മലപ്പുറം ജില്ലയില്‍ അത്തരമൊരു പരിപാടിയില്‍ പങ്കെടുത്ത അനുഭവം കുറിക്കട്ടെ.
പ്രഭാഷണം നല്ല ഈണത്തില്‍ തുടങ്ങി ഏകദേശം ഒരു മണിക്കൂറോളം വൈജ്ഞാനികമായ കുറച്ച് കാര്യങ്ങള്‍ പരാമര്‍ശിച്ചു. അതങ്ങനെ നീട്ടി പരത്തി ഒരു മണിക്കൂറായി. പിന്നെ ഓഫര്‍ തുടങ്ങി. 'ആരാണ് ഈ മഹദ് സംരംഭത്തിലേക്ക് 66666 രൂപ കൊടുക്കാന്‍ തയാറുള്ളത്?' മൂന്ന് നാല് പ്രാവശ്യം ചോദിച്ചിട്ടും നിതാഖാത്തില്‍ മുങ്ങി ജീവിതം വഴിമുട്ടി നില്‍ക്കുന്നവരടക്കമുള്ള സദസ്സ് പ്രതികരിച്ചില്ല. ഉടന്‍ പ്രഭാഷകന്‍ ഓഫര്‍ മാറ്റി. 'നിങ്ങള്‍ ഒറ്റത്തവണയായി കൊടുക്കണമെന്നില്ല. ഇപ്പോള്‍ ഈ പുണ്യ സദസ്സില്‍ വെച്ച് ഓഫര്‍ ചെയ്ത് പിന്നീട് തവണകളായി അടച്ചാല്‍ മതി...'
പാവം, ടാര്‍ഗറ്റ് അച്ചീവ് ചെയ്യേണ്ടേ... ഈ ഓഫറില്‍ ഒരുപാട് ഭക്തജനങ്ങള്‍ വീണു. പിന്നെ അവര്‍ക്ക് ഓരോരുത്തര്‍ക്കായി ഒരു പത്ത് സ്വലാത്തും ദുആയും! അതിനു ശേഷം സ്വര്‍ണാഭരണങ്ങള്‍ ഉയര്‍ത്തി കാണിക്കുന്നു. സ്ത്രീകളോട് ആഭരണങ്ങള്‍ സംഭാവന ചെയ്യാന്‍ ആവശ്യപ്പെടുന്നു.
മാര്‍ക്കറ്റില്‍ നല്ല ഡിമാന്റുള്ള ഈ പ്രഭാഷകന്‍ ഇപ്പോള്‍ സ്വന്തമായി ഫ്‌ളക്‌സ് പ്രിന്റിംഗ് കടകളും ലൈറ്റ് ആന്റ് സൗണ്ട് ഷോപ്പുകളും തുടങ്ങിയെന്ന് കേള്‍ക്കുന്നു. അതായത് ഒരു പ്രഭാഷണ പരമ്പരക്കുള്ള എല്ലാ സെറ്റപ്പും റെഡി. പാക്കേജ് ടൂര്‍ എന്നൊക്കെ പറയും പോലെ, 'പാക്കേജ് വഅള് പ്രോഗ്രാം!'
സി. സാബിക്ക്
അനറബി പേരുകളുടെ കാര്യം
ലക്കം 2842-ലെ 'പ്രശ്‌നവും വീക്ഷണവും' എന്ന പംക്തിയില്‍ കുട്ടികള്‍ക്ക് അറബി പേരുതന്നെ വേണമോ എന്ന ചോദ്യത്തിനുള്ള ഉത്തരം വിഷയത്തിന്റെ വിവിധ വശങ്ങള്‍ സ്പര്‍ശിച്ചു. പേരിന്റെ ഭാഷ അറബിയായതുകൊണ്ട് മാത്രം കാര്യമില്ല എന്ന് ഉത്തരത്തില്‍ നിന്ന് മനസ്സിലാക്കാം. ഏത് വിധമുള്ള പേരുകളാണ് കൂടുതല്‍ അഭികാമ്യം എന്നും അതില്‍ സൂചിപ്പിക്കുന്നു. പേര് കേള്‍ക്കുമ്പോള്‍ ആ വ്യക്തി ആണോ പെണ്ണോ എന്നും, ഏത് മതവിഭാഗത്തില്‍ പെടുന്നു എന്നുമൊക്കെ മനസ്സിലാകുന്നത് സൗകര്യമാണ്. അത്തരത്തിലുള്ളതാവണം വ്യക്തി നാമങ്ങള്‍.
ഭാഷയില്‍ നല്ല അര്‍ഥമുള്ള അനറബി പേരുകള്‍ വിളിക്കുന്നതിന് ഒരു കര്‍മശാസ്ത്ര വിശാരദനും എതിര് പ്രകടിപ്പിച്ചതായി അറിയില്ല എന്നും ഉത്തരത്തില്‍ പറഞ്ഞിരിക്കുന്നു. ഇത്തരം പേരുകള്‍ അനുവദനീയമാണ് എങ്കിലും പ്രായോഗിക ജീവിതത്തില്‍ അതുമൂലം ചില ബുദ്ധിമുട്ടുകളും ധാരണപ്പിശകുകളും ഉണ്ടാകാനിടയാകും. മലയാളത്തിലുള്ള ഈ പേരുകള്‍ ഉദാഹരണമായെടുക്കാം: ഉത്തമന്‍, സുഗുണന്‍, സത്യശീലന്‍, ധര്‍മപാലന്‍. വളരെ നല്ല അര്‍ഥമുള്ള പേരുകള്‍. എന്നാല്‍, ഈ പേരുകളുള്ളവര്‍ മുസ്‌ലിം ഗണത്തില്‍ പെടുന്നവരല്ല എന്ന തോന്നലാണ് അവ കേള്‍ക്കുമ്പോള്‍ ഉണ്ടാവുക. അതിനാല്‍ തെറ്റിദ്ധാരണയും അവ്യക്തതയുമുണ്ടാക്കുന്ന അനറബി പേരുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. അനുവദിച്ചതൊക്കെ ചെയ്യണമെന്നില്ലല്ലോ.
ടി. മൊയ്തു മാസ്റ്റര്‍ പെരിമ്പലം
ഈ വിശാലത സര്‍വരും സ്വീകരിച്ചെങ്കില്‍
പ്രബോധനം ലക്കം 2839-ല്‍ മുജാഹിദ് സമ്മേളനത്തിലെ മാതൃകാ പാഠങ്ങള്‍ എന്ന ലേഖനം വായിക്കാനിടയായി. കേരളത്തില്‍ പുറത്തിറങ്ങുന്ന വിവിധ മുസ്‌ലിം സംഘടനകള്‍ പ്രസിദ്ധീകരിക്കുന്ന മിക്ക പ്രസിദ്ധീകരണങ്ങളും വായിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ അതില്‍ നിന്നെല്ലാം വിഭിന്നമായി, മറ്റൊരു പ്രസ്ഥാനത്തിന്റെ സമ്മേളനത്തെ പുകഴ്ത്തിക്കൊണ്ട് എഴുതാന്‍ തയാറായ പ്രബോധനത്തിന് നന്ദി. മുജാഹിദ്-സുന്നി നേതാക്കന്മാരെക്കുറിച്ചും അവര്‍ നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ചും പ്രബോധനത്തില്‍ വായിക്കാനിടയായി (ഉദാ: പുളിക്കല്‍ മദീനത്തുല്‍ ഉലൂം, എടവണ്ണപ്പാറ റശീദിയ്യ അറബി കോളേജ്). ഈ വിശാലത എല്ലാ മതസംഘടനകളും സ്വീകരിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു.
മജീദ് സുല്ലമി ഉഗ്രപുരം
സേവനത്തില്‍ ചൂഷണം അഭികാമ്യമോ?
'അമൃതാനന്ദമയീ മഠം സമാന്തര ഭരണകൂടമായി മാറുന്നു' എന്ന് പ്രതികരിച്ച സ്‌കൂള്‍ ഓഫ് ഭഗവത് ഗീതയുടെ ആചാര്യന്‍ സ്വാമി സന്ദീപാനന്ദ ഗിരിയെ റോഡില്‍ വെച്ച് കൈകാര്യം ചെയ്യുമെന്നാണ് ചിലര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഗെയ്ല്‍ ട്രെഡ്‌വെല്ലിന്റെ പുസ്തകത്തെപ്പറ്റി അഭിപ്രായം പറഞ്ഞവര്‍ക്കെതിരെ പോലീസ് കേസെടുക്കാനും തുനിയുന്നു. എന്നാല്‍, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന അമൃതാനന്ദമയിക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് പോലീസ് അന്വേഷണവുമില്ല, കേസുമില്ല!
അമൃതാനന്ദമയി നടത്തിവരാറുള്ള വിപുലമായ ജനസേവനത്തിന്റെ പേരില്‍, അവര്‍ക്കെതിരെ ഉയര്‍ന്നുവന്ന ഗുരുതരമായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുദ്രകുത്തി തള്ളിക്കളയണമെന്നാണ് മുഖ്യമന്ത്രി മുതല്‍ പല പ്രമുഖരും വാദിക്കുന്നത്. അനാഥശാലകള്‍ മുതല്‍ സൗജന്യ ചികിത്സാ കേന്ദ്രങ്ങള്‍ വരെയുള്ള ഒട്ടുവളരെ ജീവകാരുണ്യ-ജനസേവന കേന്ദ്രങ്ങളുണ്ടിവിടെ. ഈ കേന്ദ്രങ്ങള്‍ നടത്തിവരുന്ന സേവനങ്ങളുടെ പേരില്‍ അവക്കെതിരെ ഉയര്‍ന്നുവരുന്ന ലൈംഗികമോ സാമ്പത്തികമോ ആയ ആരോപണങ്ങള്‍ക്കെതിരെയും കണ്ണടക്കണമെന്ന് വാദിക്കാനും ഇനി ഇവിടെ ആളുകളുണ്ടാവുമോ?
അമ്മക്കെതിരെയുള്ള ആരോപണങ്ങള്‍, നിഷ്പക്ഷമായ ഒരന്വേഷണത്തിലൂടെ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ട്, അവര്‍ക്ക് നിരപരാധിയായി രംഗത്ത് വരാന്‍ അവസരമൊരുക്കുന്നതല്ലേ ബുദ്ധി? നിയമത്തിന് മുന്നില്‍ സര്‍വരും തുല്യരാണെന്ന മഹിത തത്ത്വം പ്രാവര്‍ത്തികമാക്കാനുള്ള ഒരവസരവും ഇത് തന്നെയല്ലേ? ആത്മീയാന്വേഷണത്തിനായി മഠത്തിലെത്തി, പിന്നീട് മനോരോഗാശുപത്രിയില്‍ വെച്ച് സത്‌നം സിംഗ് എന്ന യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, പുതിയ ആരോപണത്തെ വൃഥാ തള്ളിക്കളയുന്നത് മഠത്തെക്കുറിച്ച ദുരൂഹതകള്‍ വര്‍ധിക്കാനല്ലേ ഇടയാക്കുക എന്ന് നീതി പുലരണമെന്നാഗ്രഹിക്കുന്ന സര്‍വരും ചിന്തിക്കേണ്ടിയിരിക്കുന്നു.
റഹ്മാന്‍ മധുരക്കുഴി
ലഹരി നുണയുന്ന കൗമാരം
നാളെയുടെ പൗരന്മാരായി സാമൂഹിക സേവനം ചെയ്യേണ്ടവരുടെ വിനാശകരമായ ശീലങ്ങളെ വളരെ ആകുലതയോടെ വീക്ഷിക്കുകയാണ് നമ്മുടെ സമൂഹം. മക്കളുടെ വഴിവിട്ട അപഥ സഞ്ചാരത്തെക്കുറിച്ചാണ് മിക്ക രക്ഷിതാക്കളും ഇന്ന് വ്യാകുലപ്പെടുന്നത്. പഠനകാലയളവുകളില്‍ തന്നെ ബ്രൗണ്‍ ഷുഗറും കഞ്ചാവും മദ്യവും ഇവരെ അധീനപ്പെടുത്തുന്നു.
ലഹരി ഉപയോഗങ്ങള്‍ക്ക് കര്‍ശനമായ വിലക്കുള്ള വിദ്യാലയ പരിസരങ്ങളില്‍ പ്രത്യേക കരുനീക്കങ്ങളിലൂടെ വന്‍കിട ലോബികള്‍ വിഹരിക്കുകയാണ്. ഇവരുടെ കെണിയില്‍ കൂടുതലും അകപ്പെടുന്നത് 12 വയസ്സ് മുതല്‍ 20 വയസ്സ് വരെയുള്ള കൗമാര പ്രായക്കാരാണ്. പോലീസ് ഉദ്യോഗസ്ഥരും മറ്റും നിയമങ്ങളില്‍ ഇളവ് ചെയ്ത് കൊടുക്കുന്നതും ഇത്തരം ലോബികളുടെ വളര്‍ച്ചക്ക് കാരണമാകുന്നു. ഇത്തരം തിന്മകളെ തുടച്ചുനീക്കി നമ്മുടെ നാടിനെ ലഹരിമുക്തമാക്കാന്‍ സാമൂഹിക സന്നദ്ധ സംഘടനകളോടൊപ്പം ഭരണകൂടവും രംഗത്തിറങ്ങേണ്ടതുണ്ട്.
കെ. ശാക്കിര്‍ അയിരൂര്‍
Comments