Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 28

ഭരണകൂടങ്ങളുടെ പതനകാരണങ്ങള്‍

ജമാല്‍ ഇരിങ്ങല്‍ /ലേഖനം

         ഇസ്‌ലാമിക ലോകം ഇന്ന് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ചിലയിടത്തൊക്കെ മുസ്‌ലിം സമൂഹം ഭയത്തിന്റെയും നിരാശയുടെയും നിഴല്‍പാടിലാണ് ജീവിക്കുന്നത്. ഇസ്‌ലാമിന്റെ ശത്രുക്കള്‍ കളത്തിലിറങ്ങിക്കളിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ ഒറ്റക്കെട്ടായി നിന്നാണ് മുസ്‌ലിംകള്‍ക്കെതിരെ കരുക്കള്‍ നീക്കികൊണ്ടിരിക്കുന്നത്. അവരുടെ കുതന്ത്രങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നതിന് സഹായകമായ നിലപാടുകളാണ് മുസ്‌ലിം സമൂഹത്തിന്റെയും ഭരണാധികാരികളുടെയും ഭാഗത്ത് നിന്ന് പലപ്പോഴുമുണ്ടായിക്കൊണ്ടിരിക്കുന്നത്. 

ഒരു കാലത്ത് അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പ്രതിരൂപങ്ങളായ പല മുസ്‌ലിം ഭരണകൂടങ്ങളും കാലയവനികക്കുള്ളില്‍ മറഞ്ഞ് കഴിഞ്ഞു. അവരുടെ ഗരിമയും പ്രതാപവും ദിഗന്തങ്ങള്‍ ഭേദിച്ചിരുന്നു. ലോകത്തിന്റെ ധൈഷണികവും സൈദ്ധാന്തികവുമായ നേതൃത്വവും അവരുടെ കൈകളിലായിരുന്നു. സാമ്പത്തികവും സൈനികവുമായ രംഗത്തും ഒട്ടൊക്കെ മേല്‍ക്കൈ അവര്‍ക്ക് തന്നെയായിരുന്നു. നിലവിലുള്ള മുസ്‌ലിം ഭരണകൂടങ്ങളില്‍ പലതും അവരുമായി നിരവധി സമാനതകള്‍ പങ്ക് വെക്കുന്നുണ്ട്. ആ ഭരണകൂടങ്ങളുടെ മേല്‍കൈ നഷ്ടപ്പെടാനും അവര്‍ തകര്‍ച്ചയുടെ പാതയിലേക്കെത്താനുമുണ്ടായ സാഹചര്യങ്ങള്‍ കൂടുതല്‍ പഠനവിധേയമാക്കേണ്ടതുണ്ട്. ആ സാഹചര്യങ്ങളില്‍ പലതും വര്‍ത്തമാനകാലത്തും മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഒരുകാലത്ത് ലോകത്തിന്റെ നെറുകയിലേക്ക് കയറിനിന്ന അത്തരം ഭരണകൂടങ്ങളുടെ തകര്‍ച്ചയുടെ കാരണങ്ങളിലേക്കെത്തിനോക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. അല്ലാഹുവിന്റെ നടപടിക്രമം (സുന്നത്ത്) എല്ലാ ജനതക്കും ബാധകമാണ്. ആ സുന്നത്തിന്റെ ഭാഗമായാണ് പലരെയും അല്ലാഹു ഈ ഭൂമിയില്‍ നിന്ന് ഇല്ലായ്മ ചെയ്തത്.

അനൈക്യവും ഛിദ്രതയും

ഇസ്‌ലാമിക സമൂഹം ഏറ്റവും ശക്തമായ പരീക്ഷണം നേരിട്ടത് അതിനുള്ളില്‍ അനൈക്യവും ഛിദ്രതയും ഉടലെടുത്തപ്പോഴാണ്. ''അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു സംഘത്തെ കണ്ടുമുട്ടിയാല്‍ സ്‌ഥൈര്യത്തോടെ ഉറച്ചു നില്‍ക്കുക. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം. അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അനുസരിക്കുക. നിങ്ങള്‍ ഭിന്നിക്കരുത്. നിങ്ങള്‍ ചിതറിപ്പോയാല്‍ നിങ്ങളുടെ കാറ്റ് പോവും. ക്ഷമയവലംബിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാലുക്കളുടെ കൂടെയാകുന്നു'' (ഖുര്‍ആന്‍). ഏതൊരു സമൂഹത്തിന്റെയും ഉത്ഥാനം സാധ്യമാവുന്നത് അവര്‍ക്കിടയിലെ ഐക്യത്തിലൂടെയാണ്. അവര്‍ ശാന്തിയും സമാധാനവും കൈവരിക്കുന്നതും ഐക്യത്തിലൂടെ തന്നെ. ഒരു കാലത്ത് നിര്‍ണായക ശക്തികളായിരുന്ന പല ഭരണകൂടങ്ങളും ഇന്ന് ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അതില്‍ പലതിന്റെയും സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണിന്ന്. അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതയുമാണ് അവരെ ഛിദ്രതയിലേക്ക് നയിച്ചത്. 

അബ്ബാസീ ഭരണകൂടം ഒരു കാലത്ത് ലോകത്തെ എണ്ണം പറഞ്ഞ ശക്തിയായിരുന്നു. അറബ് നാടുകള്‍ക്ക് പുറമേ ലോകത്തിന്റെ പല ഭാഗത്തേക്കും അവരുടെ സ്വാധീനവലയം വികസിച്ചു. എന്നാല്‍, ഭരണാധികാരികള്‍ക്കും പ്രജകള്‍ക്കുമിടയില്‍ ഐക്യം നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് ലോക ഇസ്‌ലാമിക ഭൂപടത്തില്‍ നിന്ന് അവര്‍ പിന്‍വാങ്ങുന്നതാണ് നാം കാണുന്നത്. ഇന്ത്യയില്‍ 800 വര്‍ഷത്തോളമാണ് മുസ്‌ലിംകള്‍ ഭരണം നടത്തിയത്. അവസാനം എത്ര പരിതാപകരമായ അവസ്ഥയിലാണ് ബ്രിട്ടീഷുകാര്‍ മുഗളന്മാരുടെ കൈയില്‍ നിന്ന് ഭരണം പിടിച്ച് വാങ്ങിയത്! ഒരുകാലത്ത് വളരെ പ്രബലരും ശക്തരുമായ മുഗളന്മാരെ ആര്‍ക്കും അധീനപ്പെടുത്താന്‍ സാധിക്കുമാറ് അവര്‍ ഛിന്നഭിന്നമായിപ്പോയിരുന്നു. അവര്‍ക്കിടയിലെ അനൈക്യവും രഞ്ജിപ്പില്ലായ്മയും തന്നെയായിരുന്നു മുഖ്യകാരണം. ഉസ്മാനിയ ഖിലാഫത്തിന്റെയും സ്ഥിതി മറിച്ചായിരുന്നില്ല. 

ഇറാഖ്, ദക്ഷിണ സുഡാന്‍, ലബനാന്‍, ബോസ്‌നിയ, ഇന്തോനേഷ്യ തുടങ്ങിയവ ഈ പട്ടികയിലെ വര്‍ത്തമാനകാല ഉദാഹരണങ്ങളാണ്. ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്ക് ശേഷം യൂറോപ്പും ഇതര പാശ്ചാത്യ രാജ്യങ്ങളും ഐക്യത്തിന്റെ വില ശരിക്കും തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതുശത്രുവായി ഇസ്‌ലാമിനെ പ്രതിഷ്ഠിക്കാനും ആ പൊതുശത്രുവിനെതിരെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഐക്യനിര കെട്ടിപ്പടുക്കാനും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നു മാത്രമല്ല, ഇസ്‌ലാമിക ലോകത്ത് ചേരിതിരിവും കക്ഷിത്വവും അവര്‍ ആസൂത്രിതമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അറിഞ്ഞോ അറിയാതെയോ മുസ്‌ലിം ഉമ്മത്ത് അവരുടെ കുതന്ത്രങ്ങളില്‍ വീണുപോവുകയും ചെയ്യുന്നു. 

ദൈവിക പാതയില്‍ നിന്നുള്ള വ്യതിചലനം

വിവാഹം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പിക്കലാണ് ദീന്‍ എന്നാണ് പല ഭരണകൂടങ്ങളും ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. സാമ്പത്തികവും രാഷ്ട്രീയവുമായ രംഗങ്ങളില്‍ ദീന്‍ ഇടപെടേണ്ടതില്ലെന്നും അവര്‍ തീരുമാനിച്ചു. മതത്തെ അവര്‍ കേവലം ആരാധനകളിലും ആചാരങ്ങളിലും പരിമിതപ്പെടുത്തുകയും മനുഷ്യന്റെ ജീവല്‍ പ്രശ്‌നങ്ങളെ അവഗണിക്കുകയും ചെയ്തു. സ്വാഭാവികമായും അത്തരത്തിലുള്ള നേതൃത്വങ്ങള്‍ക്ക് കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. 

അവരുടെ ദീന്‍ പലപ്പോഴും ദേശീയതയായിരുന്നു. സങ്കുചിതമായ ദേശീയബോധത്തെയായിരുന്നു അവര്‍ ഉദ്ദീപിപ്പിച്ചത്. അതിലൂടെ ജനങ്ങളുടെ മുതുകില്‍ തങ്ങളുടെ അധികാരത്തിന്റെ നുകത്തെ വലിച്ചുകെട്ടാന്‍ അവര്‍ ശ്രമിച്ചു. സ്വാതന്ത്ര്യം പലപ്പോഴും ജനങ്ങളുടെ സ്വപ്നം മാത്രമായി അവശേഷിച്ചു. ഇസ്‌ലാം പ്രതിനിധാനം ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ദീനിനെ അവര്‍ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാനുള്ള വൃഥാശ്രമത്തിലായിരുന്നു. അല്ലാഹുവിന്റെ ദീനിനെ മുന്‍നിര്‍ത്തിയുള്ള ഭരണനിര്‍വഹണത്തിന് അവര്‍ തയാറായില്ല. ഭരണം എന്നത് തങ്ങളുടെ താല്‍പര്യസംരക്ഷണത്തിനും ആസ്വാദനപൂര്‍ത്തിക്കും മാത്രമുള്ളതായി. ഈ വ്യതിചലനം സ്വാഭാവികമായും അത്തരം ഭരണകൂടങ്ങളുടെ ശവക്കല്ലറ തീര്‍ത്തു.

അതിക്രമവും നിഷേധവും

ഭരണനേതൃത്വം കൈയാളുന്നവരില്‍ ഇത് രണ്ടും ഒരുമിച്ചാല്‍ പിന്നെയവര്‍ക്ക് ഏറെക്കാലം മുന്നോട്ട് പോവുക സാധ്യമല്ല. ഭരണകൂടം 'മുഅ്മിനാ'ണെങ്കിലും ഭരണം നീതിപൂര്‍വകമല്ലെങ്കില്‍ അധികകാലം അതിന് നിലനില്‍ക്കാനാവില്ല. എന്നാല്‍, ഭരണം നീതിപൂര്‍വകമാണെങ്കില്‍ ഭരണകൂടം 'കാഫിറാ'ണെങ്കിലും അത് നിലനില്‍ക്കുമെന്ന് പറയാറുണ്ട്. ഭരണത്തിന്റെ അടിത്തറയാണ് നീതി. അതിലൂടെയാണ് പൗരന്മാര്‍ക്ക് ശാന്തിയും സമാധാനവും നിറഞ്ഞൊഴുകുന്ന ഒരു ജീവിതം സാധ്യമാവുക. കെട്ടുറപ്പുള്ള സമൂഹത്തിന്റെ സൃഷ്ടി അതിലൂടെ സാധ്യമാവും. നീതി പുലരാത്ത സമൂഹത്തില്‍ അക്രമമാണ് ഉടലെടുക്കുക. അവിടെ ശാന്തിയും സമാധാനവും ഇല്ലാതെയാവും. അക്രമവും കുഫ്‌റും ഒരുമിച്ചാല്‍ അവിടെ സര്‍വം അന്ധകാരമയമാവും. അക്രമവും നീതിനിഷേധവും ഒരു സമൂഹത്തില്‍ വ്യാപകമാവുമ്പോള്‍ ആ സമൂഹത്തെ ഉന്മൂലനം ചെയ്യുക എന്നത് അല്ലാഹുവിന്റെ സുന്നത്താണ്. അവരെ മാറ്റി മറ്റൊരു കൂട്ടരെ കൊണ്ടുവരുന്നതും ആ സുന്നത്തിന്റെ ഭാഗമാണ്. സ്‌പെയിനിലും ഇന്ത്യയിലും ഉസ്മാനിയാ ഖിലാഫത്തിലും ഫലസ്ത്വീനിലും ഇറാഖിലുമൊക്കെ ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ജിഹാദ് കൈയൊഴിക്കല്‍

ഒരു പോരാളി പറയുകയുണ്ടായി: 'ഞങ്ങള്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ഞങ്ങളുടെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും. എന്നാല്‍, ലോകം ദുര്‍ബലരെ ആദരിക്കുന്നേയില്ല.' ലോകം ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നത് ശക്തന്മാരെയാണ്. കൈയൂക്കുള്ളവനാണ് കാര്യക്കാരന്‍. നിലനില്‍ക്കാനുള്ള അര്‍ഹത അവര്‍ക്കേയുള്ളൂവെന്നാണ് പടിഞ്ഞാറന്‍ വക്താക്കള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. അപകര്‍ഷബോധവും അരാജകത്വവുമാണ് ഇന്ന് മുസ്‌ലിംകളെ ഭരിക്കുന്നത്. ഒരുതരം വിധേയത്വ മനസ്സാണിന്ന് മുസ്‌ലിം ഉമ്മത്തിന്. ജിഹാദീ ആവേശം മുസ്‌ലിംകളില്‍ നിന്നും കൈമോശം വന്നുപോയിരിക്കുന്നു. പകരം അവരെ ഭയവും വിധേയത്വ മനസ്സും പിടികൂടിയിരിക്കുന്നു. ഇതിനെകുറിച്ചാണ് പ്രവാചകന്‍ പറഞ്ഞത്: ''എന്റെ സമുദായത്തിന് ഒരു കാലം വരാനിരിക്കുന്നുണ്ട്. ഭക്ഷണത്തളികയില്‍ കൈയിട്ട് വാരുന്നതുപോലെ അവര്‍ക്കുമേല്‍ ശത്രുക്കള്‍ പാഞ്ഞടുക്കും.'' സ്വഹാബികള്‍ ചോദിച്ചു: ''അന്ന് മുസ്‌ലിംകള്‍ എണ്ണത്തില്‍ കുറവായിരിക്കുമോ പ്രവാചകരേ?'' ''അല്ല അന്നവര്‍ എണ്ണത്തില്‍ ധാരാളമുണ്ടായിരിക്കും. എന്നാല്‍, ഒഴുക്കിലെ ചപ്പുചവറുകളെ പോലെയായിരിക്കുമവര്‍. അവരുടെ മനസ്സുകളില്‍ 'വഹ്‌നാ'യിരിക്കും.'' അനുയായികള്‍ ചോദിച്ചു: ''എന്താണ് പ്രവാചകരേ വഹ്ന്‍?'' ''ഈ ലോകത്തോടുള്ള അടങ്ങാത്ത അഭിനിവേശവും മരണത്തോടുള്ള വെറുപ്പും'' (ഹദീസ്). ഇതാണ് രോഗം. ഈ രോഗവും ഭരണകൂടങ്ങളുടെ തകര്‍ച്ചക്ക് കാരണമായിത്തീരും. 

പക്ഷപാതിത്വം

ഇസ്‌ലാമിക സമത്വത്തിന്റെ മൗലികാടിത്തറയാണ് ഐക്യവും സാഹോദര്യവും. ആദര്‍ശത്തിന്റെയടിസ്ഥാനത്തിലുള്ള സാഹോദര്യത്തിന് ഇസ്‌ലാം ഏറെ പ്രാധാന്യം കല്‍പിക്കുന്നു. അവിടെ ഗോത്രപക്ഷപാതിത്വങ്ങള്‍ക്കോ വര്‍ണ-വര്‍ഗ വൈജാത്യങ്ങള്‍ക്കോ യാതൊരു സ്ഥാനവുമില്ല. ഈ സാഹോദര്യബോധമാണ് പേര്‍ഷ്യക്കാരനായ സല്‍മാനെയും റോമക്കാരനായ സുഹൈബിനെയും ഗിഫാര്‍ ഗോത്രക്കാരനായ അബൂദര്‍റിനെയും ഖുറൈശിയായ ഹംസയെയും അന്‍സ്വാരിയായ മുആദിനെയും എത്യോപ്യക്കാരനായ ബിലാലിനെയും ഇസ്‌ലാമിന്റെ ശീതളഛായയില്‍ ഒരുമിപ്പിച്ചത്. സ്‌പെയിനിന്റെ പതനകാരണങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളില്‍ നിന്ന് മനസ്സിലാവുന്നത് അതിന്റെ മുഖ്യകാരണം ഗോത്രപക്ഷപാതിത്വവും ആഭ്യന്തര ശൈഥില്യവുമായിരുന്നു എന്നാണ്. ഈ അവിവേകത്തിന്റെ വിലയൊടുക്കിയത് സ്‌പെയിന്‍ മാത്രമല്ല, ലോകമുസ്‌ലിംകള്‍ ഒന്നടങ്കമാണ്. ലോകമുസ്‌ലിംകള്‍ക്ക് നികത്താനാവാത്ത വലിയ നഷ്ടമാണ് സ്‌പെയിനിന്റെ പതനം.

ഒരുകാലത്ത് ലോകത്തിന് ദിശാബോധം നല്‍കുകയും നീതിയുടെയും ശാന്തിയുടെയും അടിസ്ഥാനത്തിലുള്ള ഭരണം നിര്‍വഹിക്കുകയും ചെയ്ത മുസ്‌ലിം രാഷ്ട്രങ്ങളെ പതനത്തിലേക്ക് നയിച്ച കാരണങ്ങളില്‍ ചിലതാണ് പ്രതിപാദിച്ചത്. ഈ കാരണങ്ങള്‍ കേവലം ഭരണകൂടങ്ങളെ മാത്രം ബാധിക്കുന്നതല്ല. ലോകവസാനം വരെയുള്ള ഭരണകൂടങ്ങള്‍ക്കും ഇത് ബാധകമാണ്. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ നാം മുന്നോട്ട് പോവേണ്ടതുണ്ട്. പരസ്പര സ്‌നേഹവും ബഹുമാനവും നമുക്കിടയില്‍ പുലരേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അധ്യാപനത്തിന്റെ തേട്ടമാണിത്. ''നിങ്ങളൊന്നടങ്കം അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിക്കരുത്. അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളെ സ്മരിക്കുവിന്‍, നിങ്ങള്‍ പരസ്പരം ശത്രുക്കളായിരുന്ന സന്ദര്‍ഭം. അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ ഇണക്കുകയും അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരന്മാരായിത്തീരുകയും ചെയ്തു'' (ഖുര്‍ആന്‍ 3:103). നമുക്കെതിരെയുള്ള ശത്രുവിന്റെ മുന്നേറ്റത്തെ ഒറ്റക്കെട്ടായി നിന്ന് കൊണ്ടേ ചെറുത്ത് തോല്‍പിക്കാന്‍ സാധിക്കുകയുള്ളൂ. ''പറയുക: നിങ്ങളുടെ മുകള്‍ഭാഗത്തു നിന്നോ, നിങ്ങളുടെ കാലുകളുടെ ചുവട്ടില്‍നിന്നോ നിങ്ങളുടെ മേല്‍ ശിക്ഷ അയക്കാന്‍, അല്ലെങ്കില്‍ നിങ്ങളെ ഭിന്നകക്ഷികളാക്കി ആശയക്കുഴപ്പത്തിലാക്കുകയും, നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരുടെ പീഡനം അനുഭവിപ്പിക്കുകയും ചെയ്യാന്‍ കഴിവുള്ളവനത്രെ അവന്‍'' (ഖുര്‍ആന്‍ 6:65).  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 53-56
എ.വൈ.ആര്‍/ ഖുര്‍ആന്‍ ബോധനം