ഉലകംവെല്ലാന്‍ ഉഴറിയ നീയോ...
ജീവിതത്തിന്റെ ക്ഷണികത ഹൃദയസ്പൃക്കായി ചിത്രീകരിക്കുന്ന മനോഹരകാവ്യമാണ് ആശാന്റെ 'വീണപൂവ്'. പൂവിനു സമാനം അഴകാര്‍ന്നതും എന്നാല്‍ പൂവിന്റെ ആയുസ്സുപോലെ ഹ്രസ്വവുമാണ് ജീവിതമെന്ന് കവിത ഓര്‍മ്മപ്പെടുത്തുന്നു.
ജീവിത ലക്ഷ്യം തേടുന്ന മനുഷ്യന് ഉത്തരം നല്‍കുകയാണ് ദൈവികമതം ചെയ്യുന്നത്. ജീവിത സുഖംതേടുന്ന മനുഷ്യന് ശാസ്ത്രം സൗകര്യങ്ങളൊരുക്കുന്നു. ഒന്നിന് പകരമാവില്ല മറ്റേത്.
ദൈവികസന്ദേശം മനുഷ്യന് കൈമാറിയ സന്ദേശവാഹകരാണ് പ്രവാചകന്മാര്‍. അവര്‍ സത്യസന്ധരും മാതൃകാവ്യക്തിത്വങ്ങളുമായിരുന്നു. അവരെ അവിശ്വസിക്കേണ്ട കാര്യമില്ല. ജീവിതവിജയം കാംക്ഷിക്കുന്നവര്‍ക്ക് പ്രവാചകന്മാരെ പിന്തുടരുകയേ നിര്‍വാഹമുള്ളൂ. പ്രവാചകന്മാരെ വെല്ലുവിളിക്കുകയും ദൈവത്തെ നിഷേധിക്കുകയും ചെയ്യുന്നത് യുക്തിയല്ല, അവിവേകവും ബുദ്ധിശൂന്യതയുമാണ്.
ഓരോ മനുഷ്യനെയും ഓരോ ഉത്തരവാദിത്വം ഏല്‍പിച്ചിരിക്കുകയാണ് ദൈവം. പ്രപഞ്ചമെന്ന തൊഴില്‍ ശാലയുടെ അധികാരിയാണ് ദൈവം. ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം നിര്‍വഹിച്ച് വിജയം വരിക്കുകയാണ് യാഥാര്‍ഥ്യബോധമുള്ളവര്‍ ചെയ്യുക. ഒരു കമ്പനിയില്‍ ജോലിനേടിയ ആള്‍ ജോലിചെയ്യാന്‍ തയാറാകാതെ പുറത്തിറങ്ങി, കോമ്പൗണ്ടിലെ ചെടിച്ചട്ടി വെച്ചത് ശരിയായില്ല, ഗേറ്റിന്റെ ഡിസൈന്‍ ആകര്‍ഷകമായില്ല എന്നൊക്കെ വിളിച്ചുപറയുകയാണെന്ന് വിചാരിക്കുക. ഭ്രാന്തനെന്നാണ് അയാളെ മറ്റുള്ളവര്‍ വിളിക്കുക. ദൈവത്തെ വെല്ലുവിളിച്ച് മതത്തെ പരിഹസിച്ച് കലഹിക്കുന്നവര്‍ ഈ ഗണത്തില്‍പെട്ടവരാണ്.
അന്ധവിശ്വാസങ്ങള്‍ എണ്ണിപ്പറഞ്ഞ് മതത്തെ വിമര്‍ശിക്കുന്ന സുഹൃത്തിനോട് പറഞ്ഞു:'അവയെല്ലാം മതത്തിന്റെ പുറത്ത് പറ്റിപ്പിടിച്ച മാറാലകളാണ്. വിവേകമുള്ളവര്‍ ചെയ്യേണ്ടത് ആ മാറാലകള്‍ നീക്കി യഥാര്‍ഥ വിശ്വാസം വീണ്ടെടുക്കുകയാണ്. മനുഷ്യരോട് സ്‌നേഹമുണ്ടെങ്കില്‍ ചെയ്യേണ്ടത് അന്ധവിശ്വാസത്തില്‍ വീണുപോയവരെ കരകയറ്റാന്‍ പരിശ്രമിക്കുകയാണ്. വിവരമില്ലാത്തവരെയും വഴിതെറ്റിയവരെയും പരിഹസിക്കുന്നത് നല്ല മനസ്സിന്റെ ലക്ഷണമല്ല. മറ്റുള്ളവരെ കരകയറ്റുന്നവരെയാണ് പരിഷ്‌കര്‍ത്താക്കള്‍ എന്നു പറയുന്നത്. അന്ധവിശ്വാസത്തില്‍ വീണുപോയവരെ പരിഹസിച്ചുചിരിക്കുന്നവരും കൈപിടിച്ചു കയറ്റുന്നവരും തുല്യരല്ലല്ലോ. പരിഹസിച്ചു ചിരിക്കുന്ന യുക്തിവാദിയേക്കാള്‍, കൈപിടിച്ചുയര്‍ത്തുന്ന വിശ്വാസിയാണ് ഉത്തമന്‍.' യുക്തിവാദത്തിന്റെ ചാറ്റല്‍ മഴയേല്‍ക്കുമ്പോള്‍ അലിഞ്ഞുപോകുന്ന മണ്ണാങ്കട്ടയാണ് ചിലര്‍ക്ക് ദൈവവിശ്വാസം. ആരോപണങ്ങളുടെ കാറ്റേല്‍ക്കുമ്പോള്‍ പാറിപ്പോകുന്ന കരിയിലയാണ് ചിലര്‍ക്ക് മതവിശ്വാസം.
യഥാര്‍ഥ മതവിശ്വാസികള്‍ കര്‍മങ്ങളെസംബന്ധിച്ച് ദൈവത്തിന്റെ മുന്നില്‍ കണക്കുബോധിപ്പിക്കേണ്ടിവരുമെന്ന വിശ്വാസമുള്ളവരാണ്. അവര്‍ മരണാനന്തരജീവിതത്തില്‍ ദൃഢവിശ്വാസമുള്ളവരാണ്. എന്നാല്‍ ശാസ്ത്രമാണ് സര്‍വസ്വമെന്ന് വിശ്വസിക്കുന്നവര്‍ മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നു. ജീവിതം യാദൃഛികമായ നാടകമാണെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവര്‍ ഡാര്‍വിന്റെ സിദ്ധാന്തങ്ങളെ/അനുമാനങ്ങളെ കണ്ണടച്ച് വിശ്വസിക്കുകയും, വിശ്വസ്തനെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയ പ്രവാചകന്റെ വാക്കുകളെ യുക്തിയേതുമില്ലാതെ നിഷേധിക്കുകയും ചെയ്യുന്നു!
മരണാനന്തര ജീവിതം ദൈവികമതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളിലൊന്നാണ്. മരണത്തെ ഓര്‍മിപ്പിക്കുന്ന അനേകം കാര്യങ്ങള്‍ നമുക്കുചുറ്റും നിത്യേന സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ശവശരീരങ്ങള്‍ കാണുമ്പോള്‍ ഉണരുന്ന മരണചിന്ത അവ മായുന്നതോടെ മങ്ങിമങ്ങി ഇല്ലാതാകുന്നു. യുധിഷ്ഠിരനോട് ഒരാള്‍ ചോദിച്ചു: ' ഭൂമിയിലെ ഏറ്റവും അത്ഭുതകരമായ കാര്യം എന്താണ്?' യുധിഷ്ഠിരന്‍ പറഞ്ഞു: 'നമുക്കുചുറ്റും ദിവസവും ആളുകള്‍ മരിക്കുന്നു. എന്നിട്ടും മനുഷ്യര്‍ വിചാരിക്കുന്നു അവര്‍ ഒരിക്കലും മരിക്കുകയില്ലെന്ന്.'
മരണത്തെ നിരന്തരം ഓര്‍മിപ്പിക്കുന്ന ഒന്നാണ് പത്രങ്ങളിലെ ചരമക്കോളം-പത്രത്താളുകളിലെ ശ്മശാനം. ആ പേജിലെ ഫോട്ടോകള്‍ കാണുമ്പോള്‍ ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് നമ്മോട് ആരോ മന്ത്രിക്കുന്നതായി തോന്നും. വിശ്വസനീയമായ ഒരു ദര്‍ശനത്തിന്റെ ആവശ്യകത അത് നമ്മെ ബോധ്യപ്പെടുത്തും.
ജീവിതലക്ഷ്യം എന്ത് എന്ന സ്വാഭാവികമായ ചോദ്യത്തിന് യുക്തിപൂര്‍വകമായ ഉത്തരം നല്‍കുന്നത് ദൈവികമതമാണ്. ശാസ്ത്രം ഇക്കാര്യത്തില്‍ തീര്‍ത്തും നിസ്സഹായമാണ്. ജീവിക്കുന്ന മനുഷ്യന്റെ സാഹചര്യങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം എന്നതാണ് ശാസ്ത്രത്തിന്റെ മുഖ്യചിന്ത. ജീവിതത്തിന്റെ ലക്ഷ്യമെന്ത് എന്ന് ചിന്തിക്കുന്ന മനുഷ്യന്റെ ചോദ്യത്തിനു മുമ്പില്‍ ശാസ്ത്രത്തിന് കൈമലര്‍ത്താനേ കഴിയൂ.
ലോകംകണ്ട ഏറ്റവും അഹങ്കാരിയായ ഭരണാധികാരിയായിരുന്നു ഫറോവ. ദൈവമുണ്ടെങ്കില്‍ കാണേണ്ടതല്ലേ എന്നായിരുന്നു മൂസാ പ്രവാചകനോട് അയാള്‍ പരിഹാസപൂര്‍വം ചോദിച്ചത്. 'വലിയ ഗോപുരം നിര്‍മിക്കൂ മന്ത്രീ, മൂസായുടെ ദൈവത്തെ ആകാശത്തില്‍ പരതിനോക്കട്ടെ' എന്ന് അയാള്‍ വെല്ലുവിളിച്ചു. കാലത്തിന്റെ കുത്തൊഴുക്കില്‍ അയാളും കാലിടറിവീണു. ഇന്ന് കൈറോ മ്യൂസിയത്തില്‍ ഫറോവ വിശ്രമിക്കുന്നു, വിറങ്ങലിച്ച വെറുമൊരു ശവശരീരമായി!
'എല്ലാ മനുഷ്യരും മരണത്തിന്റെ രുചിയറിയും' എന്ന ദൈവനിശ്ചയം മുടങ്ങാതെ നടക്കുന്നു. മരണദൂതന്റെ സഞ്ചാരവഴിയില്‍ വേലികെട്ടാന്‍ ഒരു സാങ്കേതിക വിദ്യക്കും കഴിഞ്ഞിട്ടില്ല.
'ഉലകം വെല്ലാന്‍ ഉഴറിയ നീയോ
വിലപിടിയാത്തൊരു തലയോടായി' എന്ന ഗാനം എത്ര അന്വര്‍ഥം! അഹങ്കാരിയായി അട്ടഹസിച്ചുനടക്കുന്ന മനുഷ്യനോട് ആ തലയോട്ടിക്ക് എന്തെല്ലാം കഥകള്‍ പറയാനുണ്ടാകും?
Comments