Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 28

ആത്മീയ രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ പ്രതീകം

സുഹൈര്‍ മുഹമ്മദ് ചാലാട്/ ലേഖനം

ന്ത്യ കണ്ട കഴിവുറ്റ ഭരണാധികാരികളില്‍ ഒരാളാണ് അശോകന്‍ (304-232 ബി.സി). ജനക്ഷേമത്തിനു വേണ്ടി ഒട്ടേറെ നടപടികള്‍ സ്വീകരിച്ച അദ്ദേഹം ഇന്ത്യാ ചരിത്രത്തിലെ വ്യതിരിക്തനായ ഭരണാധിപനാണ്. കലിംഗ യുദ്ധത്തിന് ശേഷം ബുദ്ധമതം സ്വീകരിച്ച അശോകന്‍ തന്റെ ഭരണം ബുദ്ധമത സംഹിതക്കനുസരിച്ച് ക്രമപ്പെടുത്തുകയായിരുന്നു. അതിലേറ്റവും പ്രധാനമാണ് ആത്മീയതയിലധിഷ്ഠിതമായ സംവിധാനം. ജനങ്ങളുടെ ഭൗതികമായ വളര്‍ച്ചയോടൊപ്പം ധാര്‍മിക ശിക്ഷണത്തിനും അദ്ദേഹം പ്രാധാന്യം നല്‍കി. സമൂഹത്തില്‍ സത്യം,നീതി, ധര്‍മം, സല്‍സ്വഭാവം തുടങ്ങിയ ദൈവിക-മാനവിക ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ അദ്ദേഹം തന്റെ രാഷ്ട്രത്തില്‍ ഒരുക്കുകയുണ്ടായി. തന്റെ വ്യക്തിപരമായ സുഖ സൗകര്യങ്ങളെക്കാളും പ്രതാപത്തെക്കാളും പ്രാധാന്യം ജനങ്ങളുടെ ക്ഷേമ-ഐശ്വര്യങ്ങള്‍ക്കാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാഷ്ട്രീയ-ഭരണ രംഗങ്ങളില്‍ ആത്മീയ മൂല്യങ്ങള്‍ സന്നിവേശിപ്പിച്ചതിനാലാണ് ഇത് സാധിച്ചത്.
         നാട്ടിലുടനീളം അദ്ദേഹം വിദ്യാഭ്യാസ കേന്ദ്രങ്ങളും ധര്‍മാശുപത്രികളും സ്ഥാപിച്ചു. വഴിനീളെ മരങ്ങള്‍ നട്ടുപിടിപ്പിച്ചു. കുളങ്ങളും മൃഗാശുപത്രികളും പണിതു. അതുവഴി പരിസ്ഥിതി സംരക്ഷണത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിക്കുകയായിരുന്നു അശോകന്‍. കേരളത്തില്‍ നശിച്ചുകൊണ്ടിരിക്കുന്ന പല കുളങ്ങളുടെയും പിന്നിലെ പ്രചോദനം അദ്ദേഹമാണെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു.
         ബുദ്ധമത പ്രബോധകനായിരിക്കെ തന്നെ അന്യമതങ്ങളെ ആദരിക്കുകയും അവക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തു. മതസൗഹാര്‍ദത്തിന്റെ മാതൃക സൃഷ്ടിച്ച അശോകന്‍ മാനവിക ഐക്യത്തിന്റെ സന്ദേശവാഹകനുമായിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനതകളോട് അദ്ദേഹം കാരുണ്യത്തോടെയും സ്‌നേഹത്തോടെയും പെരുമാറി. കുറ്റവാളികളെ ശിക്ഷിക്കുന്നേടത്ത് വലിപ്പ ചെറുപ്പം പരിഗണിച്ചില്ല എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
         മൗര്യവംശ സ്ഥാപകനായ ചന്ദ്രഗുപ്തനാണ് (322-298 ബി.സി) അശോകന്റെ പിതാമഹന്‍. ചന്ദ്രഗുപ്തനും മകന്‍ ബിന്ധുസാരനും ചേര്‍ന്ന് മഗധ ഒരു വലിയ സാമ്രാജ്യമാക്കി മാറ്റുകയായിരുന്നു. ബി.സി 274 നോടടുത്ത് ബിന്ധുസാരന്‍ മരണപ്പെട്ടതിന് ശേഷം മക്കളില്‍ ഏറ്റവും ബുദ്ധിയും കരുത്തുമുള്ള അശോകന്‍ ഭരണം ഏറ്റെടുക്കുകയായിരുന്നു.
         പിതാമഹനെയും പിതാവിനെയും പോലെ അശോകനും സാമ്രാജ്യ വിപുലീകരണത്തില്‍ താത്പര്യമുണ്ടായിരുന്നു. ഇതിന് വേണ്ടി ആ കാലത്തെ ഏറ്റവും വലിയ നാവിക ശക്തിയായ കലിംഗയെ (ഇന്നത്തെ ഒഡീഷയും ആന്ധ്രാപ്രദേശിന്റെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന പ്രദേശം) അശോകന്‍ ആക്രമിക്കുകയുണ്ടായി. ഭരണം ഏറ്റെടുത്ത് എട്ടാം വര്‍ഷമാണിത്. കലിംഗയുമായുണ്ടായ ഘോരസംഘട്ടനത്തില്‍ ഒരു ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും ഒന്നര ലക്ഷത്തോളം ആളുകള്‍ തടവുകാരാക്കപ്പെടുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുദ്ധാനന്തരം കണ്ട ഭീകര ചോരക്കളം അശോകന്റെ മനസ്സില്‍ കുറ്റബോധം സൃഷ്ടിക്കുകയായിരുന്നു. അതിന് ശേഷമാണ് അശോകന് മാനസാന്തരം സംഭവിക്കുന്നത്. മറിച്ചുള്ള ചില അഭിപ്രായങ്ങളും ഇല്ലാതില്ല. വൈഷ്ണവ വിശ്വാസിയായിരുന്ന അശോകന്‍ മതത്തിന്റെ യഥാര്‍ത്ഥ പൊരുളറിയാന്‍ ശ്രമം നടത്തിയെന്നും പല മതാചാര്യന്മാരോടും തര്‍ക്കിച്ചുവെന്നും അവസാനം അധികാര മത്സരത്താല്‍ കൊല ചെയ്യപ്പെട്ട ജ്യേഷ്ഠന്‍ സുമനകുമാരന്റെ മകന്‍ സമന നിഗോധ്രനന്‍ ബുദ്ധഭിക്ഷയുമായി നടക്കുന്നത് കണ്ട അശോകന്‍ ഇത് തന്നെയാണ് തന്റെ യഥാര്‍ത്ഥ മാര്‍ഗമെന്ന് മനസ്സിലാക്കി ബുദ്ധമതാനുയായി ആയി മാറിയെന്നും ദീപവംശം പറയുന്നു. (വിശ്വവിജ്ഞാനകോശം; വാള്യം-1 പേജ് 638)

അശോകന്റെ ശിലാശാസനം
         അശോകന്റെ ലിഖിതങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേത്തിന്റെ ചരിത്രം പുനരാവിഷ്‌കരിച്ചിട്ടുള്ളത്. 39 ലിഖിതങ്ങളില്‍ പ്രധാന ശിലാസ്തംഭങ്ങളും അപ്രധാന-അഥവാ മൈനര്‍ ശിലാസ്തംഭങ്ങളുമുണ്ട്. കര്‍ണ്ണാടകത്തില്‍ മൂന്നു സ്ഥലങ്ങളിലും മധ്യപ്രദേശില്‍ ഒരു സ്ഥലത്തും കണ്ടെത്തിയ കല്‍ശാസനങ്ങളിലാണ് അശോകന്‍ എന്ന പേര് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റെല്ലാ ശിലാശാസനങ്ങളിലും ദേവന്മാര്‍ക്ക് പ്രിയന്‍ എന്ന് അര്‍ത്ഥമുള്ള 'ദേവനാംപ്രിയദര്‍ശി' എന്നുമാത്രമാണ് പരാമര്‍ശിക്കുന്നത്. ഇന്ത്യാ,നേപ്പാള്‍,പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ അശോക ലിഖിതങ്ങള്‍ കാണപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കുമായി അവരുടെ ജീവിത ക്രമീകരണത്തിന് വേണ്ടിയാണ് അശോകന്‍ അദ്ദേഹത്തിന്റെ സാമ്രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ശിലാഫലകങ്ങള്‍ സ്ഥാപിച്ചത്. ഗ്രീസിലുള്‍പ്പെടെ അന്ന് അദ്ദേഹത്തിന് സ്വാധീനമുണ്ടായിരുന്നതായി ലിഖിതങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഒരു ശിലാലേഖനത്തില്‍ ഇങ്ങനെ കാണാം: ''ദേവനാം പ്രിയന്‍ ഇതിനകം നേടിയ എല്ലാ വിജയങ്ങളും, ഇവിടെയും എല്ലാ അതിര്‍ത്തികളിലും, 600 യോജന അകലെയുള്ള അന്ത്യോഖ്യ എന്ന ഗ്രീക്ക് രാജ്യത്തിലും അതിനപ്പുറത്തുള്ള തുറാമയന്‍, ആന്റികാണി, മാഗന്‍, അലിഖസുദാരന്‍ തുടങ്ങിയ എല്ലാ രാജാക്കന്മാര്‍ക്കെതിരെയും നേടിയ വിജയങ്ങളും ദക്ഷിണ ദേശത്തെ ചോളന്മാര്‍ക്കും പാണ്ഡ്യന്മാര്‍ക്കും അങ്ങ് സിലോണ്‍ വരെയും ഉള്ള എല്ലാ വിജയങ്ങളും......''
         അഥവാ കലിംഗയുദ്ധത്തിന് ശേഷവും അശോകന്‍ തന്റെ സാമ്രാജ്യം വികസിപ്പിക്കുകയും അവിടെ ധര്‍മം അനുസരിച്ച് ഭരിക്കുകയും ചെയ്തു എന്നര്‍ത്ഥം.

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍
         ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും പ്രാധാന്യം നല്‍കിയ ഭരണാധികാരിയാണ് അശോകന്‍. നല്ല റോഡുകള്‍ നിര്‍മിക്കുകയും അവയ്ക്ക് ഇരുവശവും തണല്‍ മരങ്ങളും ഫലവൃക്ഷങ്ങളും നട്ടു വളര്‍ത്തുയും ചെയ്തു. വഴിയോരങ്ങളില്‍ ഇടവിട്ട് കിണറുകളും യാത്രക്കാര്‍ക്ക് വിശ്രമ മന്ദിരങ്ങളും പണി കഴിപ്പിച്ചു. ഔഷധ സസ്യങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും വലിയ തോട്ടങ്ങള്‍ നിര്‍മിച്ചു. മനുഷ്യരെയും മൃഗങ്ങളെയും ചികിത്സിക്കുന്നതിന് ധാരാളം ആശുപത്രികള്‍ അദ്ദേഹം പണിതു. ഒരു പിതാവ് തന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്നത് പോലെയാണ് അശോക ചക്രവര്‍ത്തി ഭരണം കാഴ്ചവെച്ചത്. ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതോടൊപ്പം അവരുടെ ധാര്‍മ്മിക നിലവാരം ഉയര്‍ത്തുവാനും അദ്ദേഹം പരിശ്രമിച്ചു. അതിനുവേണ്ടി ധര്‍മ്മമഹാമത്രന്മാര്‍ എന്ന പേരില്‍ രാജാവിന്റെ വിശ്വസ്തരായ ആളുകള്‍ രാജ്യത്തുടനീളം ഉണ്ടായിരുന്നു.
         സ്ഥാനാരോഹണത്തിന്റെ പന്ത്രണ്ടാം വാര്‍ഷിക ദിനത്തില്‍ അദ്ദേഹം പുറത്തിറക്കിയ മറ്റൊരു ശിലാലേഖനത്തില്‍ മാതാപിതാക്കളോടും ബന്ധുമിത്രാദികളോടും നന്നായി പെരുമാറേണ്ടതിനെ കുറിച്ച് ഉദ്‌ബോധിപ്പിക്കുന്നുണ്ട്. മിതസമ്പാദ്യവും മിതവ്യയവും ശീലിക്കല്‍ നിര്‍ബന്ധാനുഷ്ഠാനങ്ങളായി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട അശോകന്‍ ജനങ്ങളുടെ സ്വഭാവം നേര്‍വഴിക്കു തിരിയുന്നതിന് വേണ്ടി വീടുകള്‍തോറും സന്ദര്‍ശിച്ച് വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കാന്‍ തന്റെ ഉദ്യോഗസ്ഥന്മാരോട് നിര്‍ദ്ദേശിക്കുന്നുമുണ്ട്.

അശോകന്റെ ധമ്മ
         ധമ്മക്കനുസരിച്ച് തന്റെ ജനത സഞ്ചരിക്കണമെന്ന് അശോകന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി അഹോരാത്രം പരിശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ശിലാശാസനകള്‍ വ്യക്തമാക്കുന്നു. 'ധമ്മ' എന്നത് സംസ്‌കൃതത്തിലെ 'ധര്‍മ'യുടെ പ്രാകൃതരൂപമാണെന്നും സന്ദര്‍ഭം അനുസരിച്ച് പ്രാപഞ്ചിക നിയമം എന്നോ ധാര്‍മികത എന്നോ വിശേഷിപ്പിക്കാമെന്നും റോമിലാ ഥാപ്പര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അശോകന്റെ കാലത്ത് മതവും സാമൂഹിക നീതിയും അഥവാ മതവും രാഷ്ട്രവും പരസ്പരം ബന്ധിതമാണെന്ന് വിശ്വസിച്ചിരുന്നതായി ഇതില്‍ നിന്ന് മനസ്സിലാക്കാം. അന്നത്തെ ബുദ്ധമതത്തെ കുറിച്ച് റോമിലോ ഥാപ്പര്‍ എഴുതുന്നു:
         ''...തീര്‍ച്ചയായും അശോകന്‍ ബുദ്ധമതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അദ്ദേഹം ഒരു ബുദ്ധമത പ്രയോക്താവാകുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ കാലത്ത് ബുദ്ധമതം കേവലം ഒരു മതവിശ്വാസം ആയിരുന്നില്ല. അത് പല തലങ്ങളിലും ഒരു സാമൂഹിക ഭൗതിക പ്രസ്ഥാനം കൂടി ആയിരുന്നു. മതസാമൂഹിക ജീവിതത്തിന്റെ പല വശങ്ങളെയും സ്വാധീനിച്ചിരുന്നു''. (ആദിമ ഇന്ത്യാ ചരിത്രം- പേജ്-277)
         ഥാപ്പര്‍ വീണ്ടും എഴുതുന്നു: ''ബുദ്ധമതത്തിന്റെ ഊന്നല്‍ വ്യത്യസ്തമായിരുന്നു. പ്രപഞ്ചരാജാവ് അഥവാ ചക്രവര്‍ത്തി ധര്‍മാനുസരണം ഭരിക്കണം. അതിനര്‍ഥം വര്‍ണ്ണം ഏതായാലും പ്രജകളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തണം. അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന്റെ രാജ്യത്തിലൂടെ നിയമത്തിന്റെ ചക്രം ഉരുളും, അധാര്‍മികമായ ഒരൊറ്റ പ്രവൃത്തി മതി, ആ ചക്രം നിലയ്ക്കും, അത് മണ്ണില്‍ പുതഞ്ഞു പോകും. ബ്രാഹ്മണ സ്രോതസ്സുകളില്‍ നിന്നുള്ള രാഷ്ട്രീയ സിദ്ധാന്തത്തില്‍ അനുഭവൈകതലത്തില്‍ രാജാവിനായിരുന്നു ഏറ്റവും ഉയര്‍ന്ന അധികാരം. അമൂര്‍ത്ത തലത്തില്‍ ധര്‍മത്തിനും. രണ്ടാമത്തേത് വളരെ സാവധാനം മാറി. ആ മാറ്റം അത്രയും മന്ദമായിരുന്നതിനാല്‍ ശ്രദ്ധിക്കപ്പെട്ടതേയില്ല. അതുകൊണ്ട് തുടര്‍ച്ചയായ, നിലക്കാത്ത വിശ്വസ്തതയും ഉറപ്പ് വരുത്തപ്പെട്ടു. ധര്‍മത്തിന് അനുമതി ലഭിക്കുന്നത് ദിവ്യപ്രഭവങ്ങളില്‍ നിന്നാണ്. അതുകൊണ്ട് അത് സംരക്ഷിക്കേണ്ടത് ഒരു പുണ്യ കര്‍ത്തവ്യമായി''. (അതേ പുസ്തകം പേജ് 286)

മത സഹിഷ്ണുത
         തികഞ്ഞ ബുദ്ധമത ഭക്തനായിരുന്നു അശോകന്‍. ബുദ്ധമത പ്രചാരണത്തിനാവശ്യമായ എല്ലാ ഏര്‍പ്പാടുകളും ചെയ്തിരുന്നു. ലോകാടിസ്ഥാനത്തില്‍ തന്നെ ബുദ്ധമത മിഷനറി സംഘത്തെ അശോകന്‍ നിയോഗിച്ചിരുന്നു. അശോകന്റെ കാലത്താണ് കേവലമായ ഇന്ത്യന്‍ മതം എന്ന നിലയില്‍ നിന്ന് ബുദ്ധമതം ലോകമതമായി മാറിയതെന്ന് അഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരുണ്ട്. സിലോണിനെ മതപരിവര്‍ത്തനം ചെയ്തത് അശോക പുത്രനായ മഹേന്ദനാണത്രെ. എങ്കിലും അശോകന്‍ ആരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യുകയോ മറ്റു മതസ്ഥരുടെ വിശ്വാസങ്ങളില്‍ തടസ്സം സൃഷ്ടിക്കുകയോ ചെയ്തിരുന്നില്ല. മറ്റു മതക്കാരോട് സഹിഷ്ണുത പുലര്‍ത്തിയ അദ്ദേഹം അവര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങളും നല്‍കുകയുണ്ടായി.
         ഒരു ശിലാലിഖിതത്തില്‍, ജനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ നിര്‍ദേശം നോക്കൂ.
         '...പക്ഷേ ഈശ്വരന്മാര്‍ക്കു പ്രിയപ്പെട്ടവര്‍ എല്ലാ വിഭാഗങ്ങളുടെയും പുരോഗതിയോളം പ്രാധാന്യം, അന്തസ്സ് നിലനിര്‍ത്താനുള്ള സമ്മാനങ്ങള്‍ക്ക് നല്‍കുന്നില്ല. സന്ദര്‍ഭത്തിന് നിരക്കാത്ത രീതിയില്‍ സ്വന്തം വിഭാഗത്തിന്റെ മേനി പറയുക, മറ്റുള്ള വിഭാഗത്തെ നിന്ദിക്കുക എന്നിവയില്‍ നിന്ന് ഒഴിവാകാനായി സ്വന്തം സംഭാഷണത്തില്‍ സംയമനം പാലിക്കലാണ് അതിന്റെ അടിസ്ഥാനം. ഓരോ സന്ദര്‍ഭത്തിലും ഒരു വ്യക്തി മറ്റുള്ളവന്റെ വിഭാഗത്തെ ആദരിക്കണം, അങ്ങനെ ചെയ്യുമ്പോള്‍ സ്വന്തം വിഭാഗത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുകയും മറ്റുള്ളവന്നും അത് ഗുണമാക്കുകയും ചെയ്യുകയാണ്. മറിച്ചാണെങ്കിലോ അയാള്‍ സ്വന്തം വിഭാഗത്തിന്റെ സ്വാധീനം കുറക്കുകയും മറ്റുള്ളവന്റേത് ദോഷപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് എല്ലാവരും മറ്റുള്ളവരുടെ തത്വങ്ങള്‍ ശ്രദ്ധിക്കാന്‍ പാകത്തിന് സമന്വയമാണ് ശുപാര്‍ശ ചെയ്യുന്നത്. അതാണ് അഭിനന്ദനീയം'. (ആദിമ ഇന്ത്യാ ചരിത്രം-റോമിലൊ ഥാപ്പര്‍ പേജ്:280)
         എല്ലാ ജനവിഭാഗങ്ങളെയും പോലെ ബ്രാഹ്മണരെയും അദ്ദേഹം ബഹുമാനിക്കുകയും ആദരിക്കുകയും അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ യാഗങ്ങളുടെയും സ്ത്രീകളോടുള്ള അത്യാചാരങ്ങളുടെയും നിരോധം ബ്രാഹ്മണരില്‍ അശോകനെതിരെ ശത്രുത വളര്‍ത്തി. തങ്ങള്‍ക്ക് ഒരുപാട് സഹായങ്ങളും ആദരവുകളും നല്‍കിയ ഭരണാധിപനായിട്ട് പോലും തങ്ങളുടെ മറ്റു ചില താത്പര്യങ്ങള്‍ക്കെതിരെ അശോകന്‍ തിരിഞ്ഞപ്പോള്‍ സാധ്യമാകുന്നത്ര എതിര്‍ക്കുകയും അദ്ദേഹത്തിനെതിരെ കള്ളപ്രചാരണങ്ങള്‍ അഴിച്ച് വിടുകയും ചെയ്യുകയായിരുന്നു അവര്‍.

അശോകനും അഹിംസയും
         ബുദ്ധന്റെ ആഗമന കാലഘട്ടത്തില്‍ ആയിരക്കണക്കിന് ഗോക്കളെ യാഗങ്ങളുടെ പേരില്‍ ബലി നല്‍കിയിരുന്നു. ഇത്തരം യാഗങ്ങളെ ബുദ്ധനും അശോകനും ശക്തമായി എതിര്‍ത്തിരുന്നു. അതുകൊണ്ട് തന്നെ തികഞ്ഞ അഹിംസാവാദിയാണ് അശോകന്‍ എന്നാണ് പൊതുവിലുള്ള അഭിപ്രായം. എങ്കിലും ചില ചരിത്രകാരന്മാരെങ്കിലും ഈ അഭിപ്രായത്തെ ചോദ്യം ചെയ്തിട്ടുണ്ട്. എ.എല്‍ ബാഷാം എഴുതുന്നു: ''അഹിംസാവാദത്തെ അദ്ദേഹം ശക്തമായി പിന്തുണച്ചു. മൃഗങ്ങളെയും മനുഷ്യരെയും ഹിംസിക്കാതിരിക്കണം എന്ന് എല്ലാ മതവിഭാഗങ്ങള്‍ക്കുമിടയില്‍ പ്രചരിപ്പിച്ചു. ചുരുങ്ങിയത് തന്റെ തലസ്ഥാന നഗരിയിലെങ്കിലും മൃഗബലി നിരോധിച്ചു. ഭക്ഷണത്തിനു വേണ്ടിയുള്ള മൃഗവധം ക്രമീകരിച്ചു. തന്റെ കൊട്ടാരത്തില്‍ മാംസഭക്ഷണം അളവില്‍ കുറച്ചുകൊണ്ടുവന്നതായി അദ്ദേഹം പ്രഖ്യാപിച്ചു''. (ഇന്ത്യ എന്ന വിസ്മയം , പേജ്-95)
         അശോകന്‍ അഹിംസയുടെ കാര്യത്തില്‍ അത്ര വാശി പിടിച്ചില്ല എന്നും അക്രമം ഒഴിച്ചുകൂടാനാവാത്ത ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നുവെന്നും റോമിലൊ ഥാപ്പറും ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു ശിലാലേഖനത്തില്‍ ഇങ്ങനെ വായിക്കാം: ''ദേവനാം പ്രിയന്‍ സാമ്രാജ്യത്തിലെ കാട്ടുജാതിക്കാരോട് പോലും ന്യായവാദം നടത്തുകയും അവരുടെ പരിഷ്‌കാരത്തിനായി യത്‌നിക്കുകയും ചെയ്യുന്നു. എന്നാല്‍ ദേവനാം പ്രിയന്‍ കേവലം സഹതാപ പൂര്‍ണ്ണന്‍ മാത്രമല്ല, അവിടുന്ന് വളരെ ശക്തനാണ്, പശ്ചാത്തപിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ വധശിക്ഷക്ക് വിധേയരാകാനും. കാരണം, ദേവനാം പ്രിയന്‍ എല്ലാ ജനവിഭാഗങ്ങളുടെയും സുരക്ഷിതത്വവും ആത്മനിയന്ത്രണവും, നീതിയും ആനന്ദവും അഭിലഷിക്കുന്നു. നന്മയുടെ വിജയമാണ് ഏറ്റവും വലിയ വിജയമെന്ന് ദേവനാം പ്രിയന്‍ പരിഗണിക്കുന്നു....''

പരലോക ബോധം
         പരലോക ബോധത്തിലധിഷ്ഠിതമായ വിശ്വാസസംഹിതയാണ് അശോകനെ മഹാനാക്കി മാറ്റിയതെന്ന് അദ്ദേഹത്തിന്റെ ശിലാ ലേഖനങ്ങള്‍ വ്യക്തമാക്കുന്നു. തന്റെ മുഴുവന്‍ കര്‍മ്മങ്ങള്‍ക്കും നാളെ ദൈവത്തിന്റെ സന്നിധിയില്‍ ഉത്തരം ബോധിപ്പിക്കേണ്ടതുണ്ടെന്നും അതിനനുസൃതമായി മാത്രമേ തനിക്ക് സ്വര്‍ഗ്ഗം ലഭിക്കുകയുള്ളുവെന്നും അശോകന്‍ വിശ്വസിച്ചിരുന്നു. തദനുസൃതമായ ഉപദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും അദ്ദേഹം നല്‍കുകയുണ്ടായി: 'ധര്‍മ്മബോധത്തോടുള്ള അളവറ്റ സ്‌നേഹമോ സുക്ഷ്മ പരീക്ഷണമോ പരമമായ അനുസരണമോ പാപത്തോടുള്ള ഭീതിയോ അതിയായ ഊര്‍ജസ്വലതയോ കൂടാതെ ഇഹത്തിലും പരത്തിലും ആനന്ദം കൈവരിക്കുക പ്രയാസമാണ്'. (ഭാരതീയ ബൃഹച്ചരിതം, വാള്യം 1, പേജ്-127)
         മറ്റൊരു ശിലാഫലകത്തില്‍ ഇങ്ങനെ കാണാം: ''ദേവനാം പ്രിയദര്‍ശിരാജന്‍ ഇങ്ങനെ അരുള്‍ ചെയ്യുന്നു: ഏതു നേരവും രാജ്യകാര്യങ്ങള്‍ എന്നെ അറിയിക്കുക എന്ന സമ്പ്രദായം നിന്നിട്ട് ഏറെകാലമായിരിക്കുന്നു. അത് കൊണ്ട് ഇന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തുകയാണ്. ഏതു സമയവും ഞാന്‍ എവിടെയായിരുന്നാലും ശരി- അന്തപുരത്തിലെ ഭക്ഷണമേശയ്ക്കരികിലോ, മുറിയിലോ കുതിരപ്പുറത്തോ എവിടെയായാലും ശരി- രാജ്യകാര്യങ്ങള്‍ എന്നെ ഉടനുടന്‍ അറിയിച്ചുകൊണ്ടേ ഇരിക്കേണ്ടതാണ്. എവിടെവെച്ചും എന്റെ ശ്രദ്ധ ജനഹിതം നടത്തുക മാത്രമാണ് . ഞാന്‍ ഈ ലോകത്തുചെയ്യുന്ന നിസ്സാരമായ സല്‍പ്രവൃത്തികള്‍ മൂലം മറ്റുള്ള ജീവജാലങ്ങളോട് എനിക്കുള്ള കടമ നിര്‍വഹിക്കുകയാണ്. അങ്ങനെ എനിക്ക് അവയെ സന്തുഷ്ടരാക്കുവാനും സ്വര്‍ഗ്ഗം പൂകുവാനും കഴിയും. ഇക്കാരണത്താലാണ് ധര്‍മ്മതത്ത്വങ്ങള്‍ ഇവിടെ കൊത്തിവെയ്ക്കുന്നത്.'' (വിശ്വവിജ്ഞാനകോശം,വാള്യം, പേജ്-645)
         മറ്റൊരു ശിലാഫലകത്തില്‍ തന്റെ ഉദ്യോഗസ്ഥന്മാരെ ഉപദേശിച്ചുകൊണ്ട് പറഞ്ഞത് ഭരണകുട ഭീകരതയാല്‍ അന്യായതടങ്കില്‍ കഴിയുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ കണ്ണീര്‍ വീണ സമകാലിക ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ്: ''തോസാലിയിലെ നീനിന്യായ പാലകരായ മഹാമാത്രന്മാരെ പ്രിയദര്‍ശിരാജാവിനുവേണ്ടി ഇപ്രകാരം അഭിസംബോധന ചെയ്യുന്നു: ഞാന്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. അതും ശരിയായ മാര്‍ഗ്ഗത്തില്‍ക്കൂടി മാത്രം. നല്ലയാളുകളുടെ സ്‌നേഹം ലഭിക്കുകയെന്ന ഉദ്ദേശ്യത്തോടെ ജനങ്ങള്‍ നയിക്കപ്പെടുന്നതിന് മഹാമാത്രന്മാര്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. എന്റെ സന്തതിക്ക് ഇഹത്തിലും പരത്തിലും സൗഭാഗ്യം ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത് പോലെ, എല്ലാവര്‍ക്കും അത് ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ, താങ്കള്‍ അത് ശ്രദ്ധിച്ചുകാണുന്നില്ല. എല്ലാ ഉദ്യോഗസ്ഥന്മാരും അവരുടെ ചുമതല മുഴുവന്‍ ചെയ്തു തീര്‍ക്കുന്നില്ല. അത് കൊണ്ട് പ്രവൃത്തി മുഴുവനാക്കേണ്ടതാണ്. പെരുമാറ്റ സംഹിത പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്, നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. ഒരുത്തന്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടിരിക്കാം. എന്നാല്‍ കാരണമില്ലാതെ വധിക്കപ്പെട്ടിരിക്കാനും സാധ്യതയുണ്ട്. പലരും മൃഗീയമായി മര്‍ദ്ദിക്കപ്പെട്ടിരിക്കാം. അത്‌കൊണ്ട് നിങ്ങള്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. സ്പര്‍ധ,സ്ഥിരോല്‍സാഹക്കുറവ്, നിഷ്ഠുരത, ധൃതി, സന്ദര്‍ഭത്തിനു യോജിക്കായ്മ, മടി മുതലായവ നിങ്ങളില്‍, നിങ്ങളുടെ പ്രവൃത്തിയില്‍, കടന്നു കൂടരുത്. ഈ കുറവുകള്‍ ഉദ്യോഗസ്ഥരായ നിങ്ങള്‍ക്ക് ചേരുന്നവയല്ല. സ്ഥിരോല്‍സാഹവും സാവകാശവും ശീലിക്കുക. മര്‍ദിക്കപ്പെട്ടവര്‍ എഴുന്നേറ്റ് മുന്നേറാനുള്ളതാണെന്ന ബോധം നിങ്ങളുടെ പ്രവൃത്തിയില്‍ കാണേണ്ടതാണ്. പ്രിയ ദര്‍ശി രാജാവിന്റെ ആഹ്വാനമിതാണ്. പ്രവൃത്തിക്ക് മഹത്തായ പ്രതിഫലമുണ്ട്. പ്രവര്‍ത്തിക്കാത്തതിന്റെ ഫലം അപകടവുമായിരിക്കും. പ്രവര്‍ത്തിക്കാത്തവന് രാജാവില്‍ നിന്ന് ആനുകൂല്യമോ, സ്വര്‍ഗമോ ലഭ്യമല്ല. അവരവരുടെ പ്രവൃത്തി ചെയ്ത് തീര്‍ക്കുന്നത് കൊണ്ട് രാജപ്രീതിയും സ്വര്‍ഗവും ലഭിക്കുക തന്നെ ചെയ്യുന്നു.''
         ഭൗതികതയും ആത്മീയതയും സമന്വയിപ്പിക്കുകയും,ഭരണ-രാഷ്ട്രീയ രംഗത്ത് മത-ധാര്‍മിക മൂല്യങ്ങള്‍ അടിസ്ഥാനമാക്കുകയും ചെയ്ത അശോകന്‍ വര്‍ത്തമാന കാല ചര്‍ച്ചകളില്‍ ഈയര്‍ഥത്തില്‍ പരിഗണിക്കപ്പെടേണ്ട വ്യക്തിത്വമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 53-56
എ.വൈ.ആര്‍/ ഖുര്‍ആന്‍ ബോധനം