Prabodhanm Weekly

Pages

Search

2014 മാര്‍ച്ച് 28

അമേരിക്കയുടെ മറുമുഖം തോമസ് ജഫേഴ്‌സന്റെ ഖുര്‍ആന്‍

ടി.കെ ഇബ്‌റാഹീം ടൊറണ്ടോ/ ലേഖനം

         ഇക്കഴിഞ്ഞ ക്രിസ്മസ് കാലത്ത് ടൊറണ്ടോവില്‍ നടന്ന റിവൈവല്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച പ്രഭാഷക ഡെനിസ് സ്‌പെല്‍ബര്‍ഗ് ആയിരുന്നു. അവര്‍ അടുത്തായി രചിച്ച Thomas Jefferson's Quran Islam and the Founders എന്ന ഗ്രന്ഥം അന്ന് അവരെനിക്ക് സമ്മാനിച്ചു. യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ചരിത്രം-മധ്യപൗരസ്ത്യ പഠനങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അസോസിയേറ്റ് പ്രഫസറാണ് സ്‌പെല്‍ബര്‍ഗ്. ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ പ്രിന്‍സ് അല്‍വലീദ് ബിന്‍ ത്വലാല്‍ ഇസ്‌ലാമിക് സ്റ്റഡീസ് പ്രോഗ്രാം ഡയരക്ടര്‍ അലി അസാനി സ്‌പെല്‍ബര്‍ഗിന്റെ പുസ്തകത്തെക്കുറിച്ചെഴുതിയത് ഇങ്ങനെ: ''സ്‌പെല്‍ബര്‍ഗ് ഈ അഭൂതപൂര്‍വ ഗ്രന്ഥത്തില്‍, പ്രോട്ടസ്റ്റന്റ് വിഭാഗങ്ങളുടെ മാത്രമല്ല, ഭാവി മുസ്‌ലിം പൗരന്മാരെയും ആശ്ലേഷിക്കുന്ന ഒരു സുപ്രധാന അമേരിക്കന്‍ മൂല്യമാണ് മതസൗഹാര്‍ദമെന്ന്, അഥവാ അമേരിക്കയുടെ സ്ഥാപക പിതാക്കള്‍ (Founding Fathers) ഉദ്ദേശിച്ച മതസൗഹാര്‍ദമെന്ന് പഠനം നടത്തി തെളിയിക്കുകയാണ്.''
         ഗ്രന്ഥത്തിന്റെ തലക്കെട്ട് തന്നെ ഈ ലേഖകന് അതീവ ജിജ്ഞാസവും താല്‍പര്യവും ജനിപ്പിച്ചു. ആ പുസ്തകത്തെ ആധാരമാക്കി അമേരിക്കയുടെ മറുമുഖം അനാവരണം ചെയ്യുകയാണ് ഈ ലേഖനത്തിലൂടെ.
         അതിന് മുമ്പ്, 1935-ല്‍ അമേരിക്കന്‍ സുപ്രീംകോടതി മുഹമ്മദ് നബി(സ)യെ വാനോളം പുകഴ്ത്തിക്കൊണ്ട് നടത്തിയ ഒരു പ്രഖ്യാപനം ഇവിടെ ഓര്‍മിക്കട്ടെ.
         ''പ്രവാചകന്‍ മുഹമ്മദിന്റെ സമാധാന-നീതി പ്രസ്ഥാനം'' എന്ന തലക്കെട്ടിലുള്ള പ്രഖ്യാപനം ഇങ്ങനെ:
         ''പ്രവാചകന്‍ മുഹമ്മദ് നീതിബന്ധുരവും സമാധാനപൂര്‍വകവുമായ ഒരു സമൂഹത്തെയാണ് ദര്‍ശനം ചെയ്തത്. ഒരു ബഹുജനസമാധാന പ്രസ്ഥാനത്തിലൂടെ അദ്ദേഹം തന്റെ ജീവിത കാലത്ത് തന്നെ ആ ലക്ഷ്യം നേടി. അദ്ദേഹം യുദ്ധം വെറുത്തു; തനിക്കും തന്റെ അനുയായികള്‍ക്കും ഏറ്റവും പ്രതികൂലമായിരുന്നിട്ടുപോലും തന്റെ എതിരാളികളുമായി സമാധാന സന്ധികള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. ഒരു യുദ്ധവും കൂടാതെ മദീനയില്‍ അദ്ദേഹം തന്റെ ആദ്യത്തെ സമാധാന ആസ്ഥാനം സ്ഥാപിച്ചു. ആ സമാധാനാസ്ഥാനം സംരക്ഷിക്കാന്‍ വേണ്ടി അദ്ദേഹം സമരം ചെയ്തു എന്നത് ശരിയാണ്. പക്ഷേ ശ്രദ്ധേയമായ കാര്യം, അദ്ദേഹത്തിന്റെ 63 വര്‍ഷത്തെ ജീവിതത്തില്‍ അദ്ദേഹം പ്രതിരോധ സമരത്തിലേര്‍പ്പെട്ടത് ആറു ദിവസത്തേക്കാളും കുറവാണ്. എല്ലാ ജനങ്ങള്‍ക്കും വിശിഷ്യ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനങ്ങള്‍ക്ക് നീതിയും സ്വാതന്ത്ര്യവും ഉറപ്പുവരുത്താനും സമാധാനം നിലനിര്‍ത്താനും അദ്ദേഹം കഠിനയത്‌നം നടത്തി.''
         തുടര്‍ന്ന് നിയമം, സദാചാരം, ധനവിതരണം അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടങ്ങി വ്യത്യസ്ത മണ്ഡലങ്ങളില്‍ പ്രവാചകന്‍ നല്‍കിയ സംഭാവനകള്‍ പ്രഖ്യാപനം എടുത്തുപറയുന്നു.
         സ്‌പെല്‍ബര്‍ഗിന്റെ ഗ്രന്ഥത്തിലേക്ക് മടങ്ങാം. അമേരിക്കയും മുസ്‌ലിം ലോകവും ഇടഞ്ഞുനില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍, വിശിഷ്യ സെപ്റ്റംബര്‍ പതിനൊന്നിനുശേഷം, അമേരിക്കയുടെ രാഷ്ട്രപിതാക്കള്‍ വിഭാവന ചെയ്ത മതസൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും മൂല്യങ്ങള്‍ അറിയുന്നത് കേവലം ബുദ്ധിവ്യായാമമല്ല, സഹവര്‍ത്തിത്വത്തിന്റെ കവാടങ്ങള്‍ തുറക്കാന്‍ സഹായകം കൂടിയാണ്. ''ഭൂരിപക്ഷം അമേരിക്കക്കാരും വിവരക്കേടിലോ തെറ്റായ വിവരങ്ങളിലോ, അല്ലെങ്കില്‍ ഇസ്‌ലാമിനെക്കുറിച്ച് ഭയാശങ്കകളിലോ കുടുങ്ങി നിന്ന ഒരു ഘട്ടത്തില്‍, മുസ്‌ലിംകളെ തന്റെ പുതിയ രാഷ്ട്രത്തിലെ ഭാവിപൗരന്മാരായി ജഫേഴ്‌സന്‍ ദര്‍ശിക്കുകയുണ്ടായി.'' സ്‌പെല്‍ബര്‍ഗ് എഴുതി.

ജഫേഴ്‌സന്റെ ഖുര്‍ആന്‍
         സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതുന്നതിന് പതിനൊന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജഫേഴ്‌സന്‍ ഒരു ഖുര്‍ആന്‍ പരിഭാഷ വിലയ്ക്ക് വാങ്ങി. അത് ഇന്നും കോണ്‍ഗ്രസ്സ് ലൈബ്രറിയിലുണ്ട്; അദ്ദേഹത്തിന്റെയും ആദ്യകാല അമേരിക്കയുടെയും ഇസ്‌ലാമിനോടും അതിന്റെ അനുയായികളോടുമുള്ള ബന്ധത്തിന്റെ പ്രതിബിംബമെന്നോണം.
         1765-ലാണ് ജഫേഴ്‌സണ്‍ ഖുര്‍ആന്‍ പരിഭാഷ വാങ്ങിയത്. ജോര്‍ജ് സെയിലിന്റെ പരിഭാഷയായിരുന്നു അത്. 1734 ലാണ് ജോര്‍ജ് സെയില്‍ തന്റെ പരിഭാഷ ആദ്യമായി ലണ്ടനില്‍ പ്രസിദ്ധീകരിച്ചത്. രണ്ടു നൂറ്റാണ്ടോളം കാലം ആ പരിഭാഷയായിരുന്നു യൂറോപ്പില്‍ പ്രചാരത്തിലുണ്ടായിരുന്നത്.
         ജഫേഴ്‌സന്‍ പരിഭാഷ നിഷ്‌കര്‍ഷമായി പഠിക്കുകയും നോട്ടുകളെഴുതുകയും ചെയ്തിട്ടുണ്ട്. ആ പരിഭാഷ തൊട്ടാണ് അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. എന്നിരുന്നാലും വളരെ അപ്രസക്തമായ വിമര്‍ശനങ്ങളും ഖുര്‍ആനിനെക്കുറിച്ചദ്ദേഹം നടത്തിയിട്ടുണ്ട് (അതിന്റെ വിശദാംശങ്ങള്‍ക്കിവിടെ ഇടമില്ല).
         അമേരിക്ക ഒരു ചര്‍ച്ച് അല്ലെന്നും ക്രിസ്ത്യാനിറ്റി അമേരിക്കയുടെ ഏകമതമല്ലെന്നും വ്യത്യസ്ത മതാനുയായികള്‍ക്കിടയില്‍-ജൂതനോ, ക്രിസ്ത്യനോ, മുസ്‌ലിമോ ഹിന്ദുവോ, നിരീശ്വരനോ ആരായാലും-യാതൊരു വിവേചനവും പാടില്ലെന്നും ജഫേഴ്‌സന്‍ വ്യത്യസ്ത സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
         1794 ജൂണ്‍ 10-ന് പ്രസിഡന്റ് ജോണ്‍ ആദംസ് ലിബിയയുമായി ഉണ്ടാക്കിയ സന്ധികരാര്‍ ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ആ സന്ധിയിലെ പതിനൊന്നാം ഖണ്ഡിക ശ്രദ്ധേയമാണ്.
         ''അമേരിക്കന്‍ ഗവണ്‍മെന്റ് ഒരര്‍ഥത്തിലും ക്രൈസ്തവ മതത്തില്‍ അധിഷ്ഠിതമല്ല. മുസ്‌ലിംകളുടെ നിയമങ്ങളുമായും മതവുമായും ഒരു ശത്രുതയും അതിനില്ല. മുഹമ്മദീയ രാഷ്ട്രവുമായി അമേരിക്ക ഒരിക്കലും യുദ്ധത്തിലോ ശത്രുതയിലോ വര്‍ത്തിച്ചിട്ടില്ല. ഇയ്യടിസ്ഥാനത്തില്‍ രണ്ടു പാര്‍ട്ടികളും പ്രഖ്യാപിക്കുന്നു; മതപരമായ അഭിപ്രായങ്ങളുടെ പേരില്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദത്തിന് ഭംഗം വരാന്‍ പാടില്ല.''

ചരിത്രത്തിലെ ഏറ്റവും മഹത്തായ നീതി പ്രഖ്യാപനം
         ലോകത്തെ ഏറ്റവും പ്രശസ്തമായ നിയമപഠന കേന്ദ്രമാണ് അമേരിക്കയിലെ ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍. അതിന്റെ ഫാക്കല്‍റ്റി ലൈബ്രറിയുടെ പ്രവേശന കവാടത്തില്‍ പതിച്ചിരിക്കുന്നത് ഒരു ഖുര്‍ആന്‍ സൂക്തമാണ്. ചരിത്രത്തിലെ ഏറ്റവും മഹത്തായ നീതി പ്രഖ്യാപനങ്ങളിലൊന്ന് എന്നാണതിന് നല്‍കിയ വിശേഷണം. സൂക്തം ഇതാണ്: ''വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തി അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്ന് നോക്കേണ്ടതില്ല. ഇരുകൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍ നിന്ന് തെന്നിമാറുകയോ ചെയ്യുകയാണെങ്കില്‍ അറിയുക; തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു'' (അന്നിസാഅ് 135).
         1817-ല്‍ സ്ഥാപിതമായ ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍ അമേരിക്കയിലെ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഏറ്റവും പഴയ നിയമ പഠന കേന്ദ്രമാണ്. നിയമ പഠനത്തില്‍ ഏറ്റവും വലിയ അക്കാദമിക ലൈബ്രറിയും ഈ സ്ഥാപനത്തിന് സ്വന്തം. ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥിയാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ.

മുസ്‌ലിമിന് അമേരിക്കന്‍ പ്രസിഡന്റാകാമോ?
         സ്‌പെല്‍ബര്‍ഗിന്റെ ഗ്രന്ഥത്തില്‍ ഒരു നീണ്ട അധ്യായം ഈ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ബറാക് ഒബാമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ അമേരിക്കയിലെ നവയാഥാസ്ഥിതികരും ഇവാഞ്ചലിസ്റ്റുകളും അദ്ദേഹത്തിനെതിരെ നടത്തിയ പ്രചണ്ഡമായ പ്രചാരവേലയുടെ കുന്തമുന, അദ്ദേഹം മുസ്‌ലിമാണെന്നതായിരുന്നു-ഒബാമ അര്‍ഥശങ്കക്കിടമില്ലാത്തവിധം അത് നിഷേധിച്ചിട്ടുപോലും. അതേതായാലും അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരുടെ വീക്ഷണവും ദര്‍ശനവും ഈ വിഷയത്തില്‍ എന്തായിരുന്നുവെന്നാണ് സ്‌പെല്‍ബര്‍ഗ് വിശദമായി ചര്‍ച്ച ചെയ്യുന്നത്.
         ഒരു മുസ്‌ലിമിന്ന് അമേരിക്കന്‍ പ്രസിഡന്റാകാമോ? ഈ ചോദ്യത്തിന് ഭരണഘടനയുടെ ഖണ്ഡിക 6, അനുഛേദം 3 വ്യക്തമായി മറുപടി നല്‍കുന്നുവെന്നാണ് സ്‌പെല്‍ബര്‍ഗിന്റെ വാദം. അതിങ്ങനെ:
         ''....യുനൈറ്റഡ് സ്റ്റേറ്റിലെ ഏത് ഓഫീസും പബ്ലിക് ട്രസ്റ്റും ഏറ്റെടുക്കാനുള്ള അര്‍ഹതക്ക് യാതൊരു മതപ്രമാണവും ഒരിക്കലും ആവശ്യമായി വരില്ല.'' മറ്റൊരര്‍ഥത്തില്‍ പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്-ക്രിസ്ത്യനും മുസ്‌ലിമിനും ജൂതനും എല്ലാവര്‍ക്കും ഒരുപോലെ.
         അതൊക്കെ ചരിത്രം. ഇന്നത്തെ അമേരിക്കയോ? വിശിഷ്യ സെപ്റ്റംബര്‍ പതിനൊന്നിന് ശേഷമുള്ള അമേരിക്ക? സാമ്രാജ്യത്വ മോഹിയും രക്തദാഹിയും അക്രമകാരിയും യുദ്ധപ്രിയനുമായ അമേരിക്ക-ആ ചിത്രമാണ് ലോകമനസ്സാക്ഷിയില്‍ ഇന്ന് കുടിയിരിക്കുന്നത്. അതിന് പിറകില്‍ സമാധാന കാംക്ഷിയും മതസഹിഷ്ണുവും ഇസ്‌ലാം സ്‌നേഹിയുമായ ഒരമേരിക്ക ചരിത്ര ഏടുകളിലുണ്ട്. ജിജ്ഞാസയും ഉദ്വേഗവുമുണര്‍ത്തുന്ന അമേരിക്കയുടെ മറുമുഖം കാണുന്നത് രസാവഹമായിരിക്കും; വിജ്ഞാനപ്രദവും. ലോകരാഷ്ട്രീയത്തില്‍ വന്ന വൈരുധ്യാധിഷ്ഠിത മാറ്റങ്ങളും മറിമായങ്ങളും തന്മൂലം മുസ്‌ലിം ജനതകള്‍ അനുഭവിക്കേണ്ടിവന്നു. ഭവിഷ്യത്തുകളും ദുരന്തങ്ങളും മനസ്സിലാക്കാനുപകരിക്കും അത്തരമൊരു ചരിത്ര പര്യവേക്ഷണം എന്ന് തീര്‍ച്ചയാണ്. വിശദമായ ഒരു വിശകലനം കൂടുതല്‍ ആവേശകരവും താല്‍പര്യജനകവുമായിരിക്കും. അത് മറ്റൊരിക്കല്‍ ഇന്‍ശാ അല്ലാഹ്. അമേരിക്കയെ സ്ഥാപക പിതാക്കള്‍ ദര്‍ശനം ചെയ്ത അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുപോകലായിരുന്നു ബറാക് ഒബാമയുടെ സ്വപ്നം. ''പ്രതീക്ഷയുടെ ധാര്‍ഷ്ട്യം'' (Audacity of Hope) എന്ന കൃതിയില്‍ പ്രത്യക്ഷപ്പെടുന്ന ഒബാമ ആ സ്വപ്നത്തിന്റെ പ്രതീകമാണ്. അദ്ദേഹം ചെയ്ത കയ്‌റോ പ്രസംഗം അത് സാക്ഷീകരിക്കുന്നു. പക്ഷേ ഒബാമ ദയനീയമായി പരാജയപ്പെട്ടു. പ്രതീക്ഷകള്‍ പൂവണിഞ്ഞില്ല. മറിച്ചാണ് സംഭവിച്ചത്. ബുഷ് ഭരണകൂടം സൃഷ്ടിച്ചുവെച്ച ദൂഷിത വലയത്തിലും സയണിസ്റ്റ് സ്വാധീനത്തിലും നട്ടംതിരിഞ്ഞ ഒബാമ സ്വന്തം വ്യക്തിത്വം തന്നെ നഷ്ടപ്പെടുത്തി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 53-56
എ.വൈ.ആര്‍/ ഖുര്‍ആന്‍ ബോധനം