Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 14

ഇന്ദിരാ ആവാസ് യോജന ഭവനപദ്ധതി ന്യൂനപക്ഷ വിഹിതം അട്ടിമറിക്കപ്പെടുന്നു

കെ. സാദിഖ് ഉളിയില്‍ / കുറിപ്പുകള്‍

ന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഭവന രഹിതരെ സഹായിക്കാന്‍ കേന്ദ്രം ആവിഷ്‌ക്കരിച്ചതാണ് ഇന്ദിരാ ആവാസ് യോജന ഭവന പദ്ധതി. സമൂഹത്തില്‍ ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനം കൂടിയാണിത്. കേന്ദ്ര മാനദണ്ഡപ്രകാരം ഇതിന്റെ 60 ശതമാനം തുക പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ചെലവഴിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന്റെ ജനസംഖ്യാനുപാതത്തിലല്ല ഈ തുക നീക്കിവെക്കുന്നത്. പൊതുവില്‍ ഗ്രാമപ്രദേശത്തെ പാവപ്പെട്ടവരായ പാര്‍ശ്വവത്കരിക്കപ്പെട്ടവരില്‍ കൂടുതലും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലായതിനാലാണ് ഇത്തരത്തിലുള്ള ഒരു വലിയ വിഹിതം പട്ടികജാതി/പട്ടിക വര്‍ഗക്കാരായവര്‍ക്ക് മാറ്റി വെച്ചിരിക്കുന്നത്. ഗ്രാമീണ ഭവന പദ്ധതികളാവട്ടെ തുടക്കത്തില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമായിരുന്നു. 1994-'95 മുതലാണ് പൊതു വിഭാഗത്തിന് 40 ശതമാനം തുക ചെലവഴിക്കാനുള്ള അനുമതി നല്‍കിയത്.
2008-2009 മുതലാണ് ന്യൂനപക്ഷ വിഭാഗത്തിനായി 15 ശതമാനം തുക നീക്കിവെക്കാന്‍ തുടങ്ങിയത്. രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തിക അവസ്ഥകള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് സച്ചാര്‍ കമീഷന്‍ നിര്‍ദേശത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടാണ് മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളില്‍ പെടുന്ന ദരിദ്ര വിഭാഗങ്ങള്‍ക്കായുള്ള ഭവന പദ്ധതിയായ ഇന്ദിരാ ആവാസ് യോജനയില്‍ (ഐ.എ.വൈ) 47 ശതമാനം ക്വാട്ട കേരളത്തില്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 2013 മെയ് ഏഴാം തീയതി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഇന്ത്യയിലെ 28 സംസ്ഥാനങ്ങള്‍ക്കും 5 കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇന്ദിരാ ആവാസ് യോജന പദ്ധതിയനുസരിച്ചുള്ള വീടുകളുടെ അലോക്കേഷന്‍ നിശ്ചയിച്ച് അറിയിപ്പ് നല്‍കിയത്. വീടുകളുടെ കുറവ് മാനദണ്ഡമാക്കി 75 ശതമാനം വെയ്‌റ്റേജും ദാരിദ്ര്യത്തിന് 25 ശതമാനം വെയിറ്റേജും കണക്കാക്കിയാണ് സംസ്ഥാന വിഹിതം തീരുമാനിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ ജനസംഖ്യ പരിഗണിച്ചാണ് ഓരോ സംസ്ഥാനത്തെയും വിവിധ വിഭാഗങ്ങളുടെ വിഹിതം നിശ്ചയിച്ചിട്ടുള്ളത്.
ഈ വിഭജനം ശരിയല്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കാണിച്ച് കേരള സര്‍ക്കാര്‍ 18-07-2013ലെ ഉത്തരവ് മരവിപ്പിച്ച് നിര്‍ത്തുകയും കേന്ദ്രത്തിന് കത്ത് എഴുതുകയുമാണുണ്ടായത്. കേന്ദ്രത്തില്‍ നിന്ന് ഇതുവരെ ഒരു മറുപടിയും വന്നിട്ടില്ല. എന്നാല്‍ 19-08-2013 ലെ ഉത്തരവ് പ്രകാരം കേരള സര്‍ക്കാര്‍ കേന്ദ്ര നിര്‍ദേശത്തിന് വിരുദ്ധമായി അലോക്കേഷനില്‍ മാറ്റം വരുത്തിയിരിക്കയാണ്.
കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ 47 ശതമാനമായതിനാലാണ് 47 ശതമാനം വീടുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഓരോ സംസ്ഥാനത്തെയും വിഹിതം നിശ്ചയിച്ചതും ഇതേ മാനദണ്ഡപ്രകാരമാണ്. ന്യൂനപക്ഷങ്ങള്‍ കുറഞ്ഞ നാഗാലാന്റില്‍ വെറും 26 വീടുകളേയുള്ളൂ. മേഘാലാന്റ് 213, മിസോറാം 161 എന്നിങ്ങനെയാണ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയത്.
കേരളത്തില്‍ 45738  വീടുകളാണ് ഈ പദ്ധതിയില്‍ വരുന്നത്. പട്ടിക ജാതി വിഭാഗത്തിന് 14161-ഉം പട്ടിക വര്‍ഗത്തിന് 7231-ഉം ന്യൂനപക്ഷങ്ങള്‍ക്ക് 21588-ഉം ആണ് കേന്ദ്രം അനുവദിച്ചത്. എന്നാല്‍, കേരളം ഈ വിഭജനം പാടേ മാറ്റി ന്യൂനപക്ഷത്തിന്റെ വിഹിതം 6860 ആക്കി കുറച്ചിരിക്കയാണ്. ഇതുമൂലം ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട 14728 വീടുകളാണ് കേരള സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരിക്കുന്നത്.
പട്ടിക ജാതി, പട്ടിക വര്‍ഗ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നിശ്ചയിച്ച 60.15 ശതമാനപ്രകാരം പ്രത്യേക ലിസ്റ്റുകള്‍ തയാറാക്കേണ്ടതുണ്ട്. ഇങ്ങനെ തയാറാക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടെ ജനറല്‍ ലിസ്റ്റില്‍ തന്നെ സാധാരണഗതിയില്‍ 75-90 ശതമാനം വരെ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുമെന്നിരിക്കെയാണ് ആയത് കേവലം 15 ശതമാനത്തിലേക്ക് ചുരുങ്ങുന്ന അവസ്ഥ സര്‍ക്കാറിന്റെ നടപടി മൂലം വന്നു ചേര്‍ന്നിരിക്കുന്നത്.
പുതിയ അലോട്ട്‌മെന്റ് അനുസരിച്ച് ന്യൂനപക്ഷങ്ങള്‍ 50 ശതമാനത്തിലധികമുള്ള ജില്ലകളില്‍ 15 ശതമാനം വീടുകള്‍ മാത്രമേ അവര്‍ക്ക് ലഭിക്കുകയുള്ളൂ. ന്യൂനപക്ഷങ്ങള്‍ 15ശതമാനത്തിലും കുറവുള്ള ജില്ലകളിലും 15 ശതമാനം ലഭിക്കും. സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് കേരളത്തില്‍ ലഭിച്ചിരുന്ന 47 ശതമാനം വീടുകള്‍ ന്യൂനപക്ഷ ജനസംഖ്യാടിസ്ഥാനത്തില്‍ ജില്ലകള്‍ക്ക് വിഭജിച്ച് നല്‍കലായിരുന്നു. ഇന്ത്യയിലെ മൊത്തം ന്യൂനപക്ഷ വീടുകളുടെ ശതമാനം 15 ആണ്. അതിനര്‍ഥം ഇന്ത്യാ രാജ്യത്തെ മൊത്തം ന്യൂനപക്ഷ ജനസംഖ്യ 15 ശതമാനമാണ് എന്നതാണ.് ദേശീയ തലത്തില്‍ കേന്ദ്ര മാനദണ്ഡപ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് അനര്‍ഹമായി ഒട്ടും നല്‍കിയിട്ടില്ലെന്നത് വളരെ വ്യക്തമാണ്.
ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുന്ന പാരമ്പര്യമുള്ള ഗുജറാത്തിലെ നരേന്ദ്ര മോഡി സര്‍ക്കാര്‍ പോലും ഈ വിഷയത്തില്‍ കേന്ദ്ര നിര്‍ദേശം മറികടന്ന്, ന്യൂനപക്ഷ വിഹിതം വെട്ടിക്കുറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈയുണ്ട് എന്ന് ആരോപിക്കപ്പെടുന്ന കേരള സര്‍ക്കാറാണ് ഈ ക്രൂരത ചെയ്യുന്നത് എന്നതില്‍ ദുരൂഹതയുണ്ട്. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ എന്നാല്‍ മുസ്‌ലിംകള്‍ മാത്രമാണെന്ന അബദ്ധ ധാരണ വെച്ചു പുലര്‍ത്തുന്ന വലിയൊരു വിഭാഗം ഇപ്പോഴുമുണ്ടെന്നത് വിരോധാഭാസമാണ്. ഈ പദ്ധതിയുടെ ആനുകൂല്യം മുസ്‌ലിംകള്‍ക്ക് പുറമേ, ഇതര ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍, സിഖ്, പാര്‍സി, ബുദ്ധ വിഭാഗങ്ങള്‍ക്കും ലഭിക്കും എന്നതാണ് വസ്തുത.
കേന്ദ്ര സര്‍ക്കാര്‍ 2013 സെപ്റ്റംബര്‍ 10-ന് ഐ.എ.വൈ വീടുകളുടെ അഡീഷനല്‍ ക്വാട്ടയായി പുതുതായി കേരളത്തിന് 9575 വീടുകള്‍ കൂടി അനുവദിക്കുകയും ആയതില്‍ നിന്ന് 4519 വീടുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്നതിന് നിര്‍ദേശിക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടെ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വീടുകളുടെ എണ്ണം 26,107 ആയി മാറിയിരിക്കുകയാണ്. പ്രസ്തുത കത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിഹിതം ആവശ്യമെങ്കില്‍ പരസ്പരം മാറ്റാം എന്ന് പറയുന്നതോടൊപ്പം ന്യൂനപക്ഷങ്ങളുടെ വിഹിതം ഒരു കാരണവശാലും കുറക്കാന്‍ പാടില്ല എന്ന് വ്യക്തമായി നിര്‍ദേശിച്ചിട്ടുമുണ്ട്. ഭവന പദ്ധതി അട്ടിമറിക്കെതിരെ നിരവധി സംഘടനകളും മുസ്‌ലിം-ക്രിസ്ത്യന്‍ മതസംഘടനകളുടെ കൂട്ടായ്മയായ ന്യൂനപക്ഷ ഏകോപന സമിതിയും പ്രക്ഷോഭ സമരപരിപാടികള്‍ നടത്തിയിട്ടും മുഖ്യമന്ത്രിയടക്കമുള്ളവരെ ബോധ്യപ്പെടുത്തിയിട്ടും സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുന്നില്ല. കേന്ദ്ര സഹായത്തോടുകൂടി ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ അവര്‍ നിര്‍ദേശിക്കുന്ന രീതിയിലേ അത് നടപ്പിലാക്കാന്‍ പറ്റൂ. അല്ലാത്ത പക്ഷം, ആ പദ്ധതിയുടെ തുക കേന്ദ്രം നല്‍കില്ല, കേന്ദ്ര തീരുമാനത്തില്‍ മാറ്റം വരുത്തുക വഴി സംഭവിക്കുന്നത് ആ പദ്ധതി പൂര്‍ണമായി ഇല്ലാതാവുകയാണ്. അതായത് ഈ വരുന്ന മാര്‍ച്ച് മാസത്തോടെ കേരളത്തിലെ പാവങ്ങള്‍ക്ക് ലഭിക്കേണ്ട 55313 വീടുകള്‍ നഷ്ടപ്പെടുകയാണ്.
നിലവിലുള്ള സംവിധാനങ്ങളിലൂടെ അര്‍ഹമായ വിഹിതം പ്രത്യേക വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന പക്ഷപാത സമീപനത്തിനെതിരെ ശക്തമായിത്തന്നെ പ്രതികരിക്കേണ്ടിയിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/27-35
എ.വൈ.ആര്‍