Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 14

എ.എ.പി: പ്രതീക്ഷയും ഉത്കണ്ഠയും

ന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴും ഒരു നവജാത ശിശുവാണ് ആം ആദ്മി പാര്‍ട്ടി. പ്രായോഗിക രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച് പരിചയവും പക്വതയും നേടിയ നേതാക്കളല്ല അതിന്റെ സ്ഥാപകര്‍. അരവിന്ദ് കെജ്‌രിവാളിനെയും ശാന്തിഭൂഷനെയും മാറ്റി നിര്‍ത്തിയാല്‍ ദേശീയതലത്തില്‍ പ്രശസ്തിയും പ്രതിഛായയുമുള്ള വ്യക്തിത്വങ്ങളെ നേതൃനിരയില്‍ കാണാനാവുന്നില്ല. അണ്ണാ ഹസാരെ നയിച്ച അഴിമതിവിരുദ്ധ പ്രക്ഷോഭമാണ് ഈ പാര്‍ട്ടിയുടെ ആവിര്‍ഭാവ പശ്ചാത്തലം. ഒരു ജനകീയ പ്രതിഷേധ കാമ്പയിന്‍ എന്നതില്‍ കവിഞ്ഞ മാനം ആ പ്രസ്ഥാനത്തിനില്ല. യു.പി.എ ഗവണ്‍മെന്റിനെക്കൊണ്ട് ജന്‍ലോക് പാല്‍ ബില്‍ പാസ്സാക്കിക്കുകയായിരുന്നു അവരുടെ അജണ്ട. രാഷ്ട്രീയത്തിലിറങ്ങി അധികാരം കൈയാളുക ആ പ്രസ്ഥാനത്തിന്റെ പൊതുവികാരമായിരുന്നില്ല. അണ്ണാ ഹസാരെ ഉള്‍പ്പെടെ സംഘത്തിലെ വലിയൊരു വിഭാഗം പാര്‍ട്ടി രൂപീകരണത്തിനെതിരായിരുന്നു. എങ്കിലും കെജ്‌രിവാള്‍ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി ദല്‍ഹിയില്‍ അധികാരം പിടിച്ചപ്പോള്‍ ഹസാരെ അവര്‍ക്ക് വിജയം നേര്‍ന്നു. എ.എ.പിയുടെ ദല്‍ഹി വിജയം അവര്‍ പ്രതീക്ഷിച്ചതിലധികമായിരുന്നു. ഒരു ജനകീയ മുന്നേറ്റമായിരുന്നു അത്. അഴിമതി മുക്തമായ ഭരണക്രമത്തിനു വേണ്ടിയുള്ള സാമാന്യ ജനങ്ങളുടെ ദാഹമാണ് അതില്‍ പ്രതിഫലിക്കുന്നത്. അതിനു വേണ്ടി ഇതുവരെ പരിചയിച്ച പാര്‍ട്ടികളെ പരിത്യജിച്ച് പുതിയൊരു പരീക്ഷണം നടത്താന്‍ ജനങ്ങള്‍ തയാറാവുകയാണ്. വ്യക്തിപൂജയില്‍ നിന്നും കുടുംബവാഴ്ചയില്‍ നിന്നും കക്ഷിനേതൃത്വങ്ങളുടെ സര്‍വാധിപത്യത്തില്‍ നിന്നും മുക്തമായ ജനാധികാര രാഷ്ട്രീയത്തെ കുറിച്ച് ആളുകള്‍ സക്രിയമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആന്തരിക ശക്തിയെക്കുറിച്ചും മെച്ചപ്പെട്ട ഭാവിയെക്കുറിച്ചും ശുഭപ്രതീക്ഷ നല്‍കുന്നതാണീ പ്രതിഭാസം.

ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹി വിജയം രാജ്യത്തുടനീളം വമ്പിച്ച ഔത്സുക്യവും കുതൂഹലവും സൃഷ്ടിച്ചിരിക്കുകയാണ്. ദേശീയ-പ്രാദേശിക ഭേദമന്യെ എല്ലാ കക്ഷികളെയും അത് അങ്കലാപ്പിലാക്കിയിരിക്കുന്നു. മാധ്യമങ്ങളും രാഷ്ട്രീയ വിദഗ്ധരും പുതിയ കക്ഷിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന തിരക്കിലാണ്. എ.എ.പിയെ വിവിധ വീക്ഷണകോണുകളിലൂടെ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെല്ലാവരും. എ.എ.പിയാകട്ടെ ഇന്ത്യയുടെ ഹൃദയമായ ദല്‍ഹിയില്‍ നിന്ന് രാജ്യത്തിന്റെ നാനാ ദിക്കുകളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളിലും പ്രവര്‍ത്തനത്തിലും വിരക്തരായിരുന്നവരും വിവിധ കക്ഷികള്‍ക്കകത്തെ അസംതൃപ്തരും പുതിയ പാര്‍ട്ടിയെ പുണരാന്‍ മുന്നോട്ടുവരുന്നു. അക്കൂട്ടത്തില്‍ ഇടതുപക്ഷക്കാരും വലതുപക്ഷക്കാരുമുണ്ട്. കേരളത്തില്‍ പല ഇടതുപക്ഷ ബുദ്ധിജീവികളും സഹയാത്രികരും പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞു. എന്തിനേറെ സി.പി.എമ്മിന്റെ അനിഷേധ്യ നേതാവും മുന്‍ സംസ്ഥാന മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമായ സഖാവ് അച്യുതാനന്ദന്‍ വരെ എ.എ.പിയോട് ആഭിമുഖ്യം പുലര്‍ത്തുന്നതായാണ് കേള്‍വി. ഈ പാര്‍ട്ടിയുടെ ഉദയം ഇതര പാര്‍ട്ടികളിലുളവാക്കിയ പ്രതികരണം ഏറെ ശ്രദ്ധേയമാണ്. ഭാവി പ്രധാനമന്ത്രി പദത്തിലേക്കുള്ള നരേന്ദ്രമോഡിയുടെ തേരോട്ടം ഗണ്യമായി മന്ദീഭവിച്ചു. മാധ്യമ ശീര്‍ഷകങ്ങളില്‍ കെജ്‌രിവാള്‍ നിറഞ്ഞപ്പോള്‍ മോഡി നിഷ്പ്രഭനായി. 2002-ലെ ഗുജറാത്ത് വംശഹത്യയില്‍, ചരിത്രത്തിലാദ്യമായി അദ്ദേഹം സ്വന്തം ഫേസ് ബുക്കിലൂടെ ദുഃഖവും വേദനയും രേഖപ്പെടുത്തി. എ.എ.പിയില്‍ നിന്ന് കോണ്‍ഗ്രസിന് പലതും പഠിക്കാനുണ്ടെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി പ്രസ്താവിച്ചു. ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി കേസ് അന്വേഷിച്ച കമീഷന്‍ കുറ്റവാളികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മഹാരാഷ്ട്ര ഗവണ്‍മെന്റ് തള്ളിക്കളഞ്ഞ നടപടി തിരുത്തിക്കൊണ്ട് ആ പാഠം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

എ.എ.പിയുടെ ദല്‍ഹി ഭരണം ഒരു മാസം പിന്നിട്ടതേയുള്ളൂ. നേട്ടകോട്ടങ്ങള്‍ വിലയിരുത്താന്‍ സമയമായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷയോട് ഒട്ടൊക്കെ നീതിപുലര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ചിലതെല്ലാം പാലിച്ചിരിക്കുന്നു. കറന്റ് ചാര്‍ജ് കുറച്ചു. ജലവിതരണം കാര്യക്ഷമമാക്കി. ചില്ലറ വ്യാപാര മേഖലയിലേക്കുള്ള വിദേശ കുത്തകകളുടെ കടന്നുകയറ്റത്തിന് ദല്‍ഹിയിലെങ്കിലും തടയിടാന്‍ കഴിഞ്ഞു.  ഇതൊക്കെ പുതിയ പാര്‍ട്ടിയില്‍ പ്രതീക്ഷയുളവാക്കുന്ന സംഗതികളാണ്. ഒപ്പം ഉത്കണ്ഠാജനകമായ ചില വസ്തുതകളുമുണ്ട്. ആം ആദ്മി പാര്‍ട്ടി നിലനില്‍ക്കാന്‍ പോകുന്നില്ല; രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ഒരു കൊള്ളിയാനായി മിന്നിമറയുകയേ ഉള്ളൂ എന്ന് ചിലര്‍ പ്രവചിക്കുന്നു. ക്ഷണഭംഗുരമായ വികാരാവേശമാണത്; ദേശീയ പാര്‍ട്ടിയായി സംഘടിപ്പിക്കാനും നിലനിര്‍ത്താനും പറ്റിയ നേതൃത്വം അതിനില്ല; ദേശീയ പാര്‍ട്ടിയായിത്തീരാന്‍ പര്യാപ്തമായ പ്രത്യയശാസ്ത്ര അടിത്തറയിലല്ല അത് കെട്ടിപ്പടുക്കപ്പെടുന്നത്; ഈ പാര്‍ട്ടി നിലനിന്നാല്‍ തന്നെ മറ്റു പാര്‍ട്ടികളെ ഗ്രസിച്ച എല്ലാ ജീര്‍ണതകളും താമസിയാതെ അതിനെയും ഗ്രസിക്കും; അരാജകത്വത്തിലേക്കോ ഫാഷിസത്തിലേക്കോ നയിക്കപ്പെടാനുള്ള സാധ്യതയും വിദൂരമല്ല... ഇങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. പ്രത്യയശാസ്ത്രത്തിന്റെയും നയനിലപാടുകളുടെയും  അഭാവം കാര്യമാക്കേണ്ടതില്ലെന്നും എല്ലാം ക്രമേണ ഉണ്ടായിക്കൊള്ളുമെന്നുമാണ് പാര്‍ട്ടിയുടെ മറുപടി. മറ്റു പാര്‍ട്ടികള്‍ക്ക് ഇതെല്ലാമുണ്ടല്ലോ, എന്നിട്ട് രാജ്യത്തിന് എന്തു നേട്ടമുണ്ടായി എന്നും അവര്‍ ചോദിക്കുന്നു. എന്നാല്‍, അത്ര ലളിതമായി കാണേണ്ട കാര്യമല്ല ഇത്.

അഴിമതിവിരുദ്ധതയാണ് എ.എ.പിയുടെ മുഖമുദ്ര. അതിലാകൃഷ്ടരായിട്ടാണ് ജനങ്ങള്‍ ആ പാര്‍ട്ടിയിലേക്ക് ഓടിക്കൂടുന്നത്. അഴിമതി എന്തു വില കൊടുത്തും നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതുതന്നെ. പക്ഷേ, ഭരണരംഗത്തെ അഴിമതി മാത്രമല്ല രാജ്യം നേരിടുന്ന പ്രശ്‌നം. ദാരിദ്ര്യം, വര്‍ഗീയത, ജാതിവിവേചനം, ന്യൂനപക്ഷധ്വംസനം, തീവ്രവാദം, സ്ത്രീകളുടെ അരക്ഷിതാവസ്ഥ, പരോക്ഷമായ വൈദേശികാധിനിവേശം, രാജ്യരക്ഷ ഇങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. സുവ്യക്തമായ തത്ത്വശാസ്ത്രത്തിലുറച്ച് നിന്നുകൊണ്ട് തദനുസൃതമായ നിലപാടുകളും പ്രവര്‍ത്തന പരിപാടികളും ആവിഷ്‌കരിക്കാതെ ഈ പ്രശ്‌നങ്ങളെ- അഴിമതിയെപ്പോലും- ഫലപ്രദമായി നേരിടാനാവില്ല. ഒരുവേള അഴിമതി പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യപ്പെട്ടുവെന്ന് വെക്കുക, എങ്കില്‍ അതുകൊണ്ട് മറ്റു ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ? വ്യക്തികള്‍ക്കായാലും പാര്‍ട്ടികള്‍ക്കായാലും ജീവിതത്തെ സമഗ്രമായി സ്പര്‍ശിക്കുന്ന ഒരു തത്ത്വശാസ്ത്രവും കര്‍മപരിപാടിയും ഉണ്ടായിരിക്കേണ്ടതനിവാര്യമാകുന്നു. അതൊന്നുമില്ലാതെ, അപ്പോള്‍ മുഴച്ചുനില്‍ക്കുന്ന ഒരു പ്രശ്‌നം പരിഹരിക്കുന്നതോടെ സാമൂഹിക ജീവിതം ക്ഷേമപൂര്‍ണവും സംതൃപ്തവുമാകുമെന്ന വിചാരം വ്യാമോഹമാണ്. പൊതുജീവിതത്തില്‍ അഴിമതി പെരുകുന്നതിനും വ്യക്തിയുടെയും സമൂഹത്തിന്റെയും വിശ്വാസങ്ങളും ചിന്തകളുമായി ബന്ധപ്പെട്ട ചില അടിസ്ഥാന കാരണങ്ങളുണ്ട്. ബാഹ്യ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ചില കാരണങ്ങളുമുണ്ട്. അതൊന്നും മനസ്സിലാക്കുകയോ പരിഗണിക്കുകയോ ചെയ്യാതെയുള്ള അഴിമതി നിര്‍മാര്‍ജനം രോഗത്തെ അവഗണിച്ച് രോഗലക്ഷണത്തെ ചികിത്സിക്കുന്ന ഫലമേ ചെയ്യൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/27-35
എ.വൈ.ആര്‍