Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 14

മീഡിയയും ഫാഷിസവും

എം.എന്‍ കാരശ്ശേരി / പ്രഭാഷണം

മ്മുടെ രാഷ്ട്രീയരംഗത്തെ വലിയ ഭീഷണി മോഡിയുടെ രൂപത്തില്‍ വരുന്ന ഫാഷിസമാണ് എന്നതില്‍ ഒരു സംശയവുമില്ല. ഞാന്‍ ഒരു ചെറിയ കാര്യം സൂചിപ്പിക്കട്ടെ; പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന പ്രയോഗം രാഷ്ട്രീയമായും ഭാഷാപരമായും പൂര്‍ണ തെറ്റാണ്. കാരണം ഇന്ത്യയില്‍ ഈ സ്ഥാനത്തേക്ക് ഒരാള്‍ക്ക് മത്സരിക്കാന്‍ സാധ്യമല്ല. ഇന്ത്യയുടെ രീതി എന്നു പറയുന്നത് 540 എം.പിമാരുള്ള ലോക്‌സഭയില്‍ ലോക്‌സഭ അംഗീകരിക്കുന്ന ഒരാളാണ് ലോക്‌സഭാ നായകന്‍ അഥവാ പ്രധാനമന്ത്രി. എന്നാല്‍, അമേരിക്കയില്‍ ഒരാള്‍ക്ക് പ്രസിഡന്റ് സ്ഥാനത്തേക്കും പ്രധാനമന്ത്രി സ്ഥാനത്തേക്കും മത്സരിക്കാനനുവാദമുണ്ട്. അതിനാല്‍ ഇന്ത്യയെ സംബന്ധിച്ചേടത്തോളം പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന വാക്ക് തന്നെ ഒരു കള്ള പ്രയോഗമാണ്. ഈ സ്ഥാനപ്പേരില്‍ ഒരാളെ ഊതി വീര്‍പ്പിക്കുകയാണ് ഇന്ത്യക്കാരായ നാം. മോഡിയെ ഒരു 'സൂപ്പര്‍മാന്‍' ആക്കുക എന്നത് ഫാഷിസത്തിന്റെ നടപ്പുരീതിയാണ്. ഈ രീതി തിരിച്ചറിയുകയാണ് നാം വേണ്ടത്.
പതിനാറാമത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കാണ് നാം പ്രവേശിക്കുന്നത്. ഇതിലാണിപ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന പ്രയോഗം കൂടുതലായി കേള്‍ക്കുന്നത്. ബി.ജെ.പിയുടെ ഈ രീതി കോണ്‍ഗ്രസിനെ ഭീതിപ്പെടുത്തിയിരിക്കുന്നു. കാരണം, കോണ്‍ഗ്രസ്സില്‍ അതിന് യോഗ്യനായ ഒരു സ്ഥാനാര്‍ഥി ഇല്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് രാഹുലിന് നായകന്‍ എന്ന പേര്‍ നല്‍കുന്നത്. കോണ്‍ഗ്രസ്സുകാര്‍ യഥാര്‍ഥത്തില്‍ പറയേണ്ടത് പ്രധാനമന്ത്രി എന്ന സ്ഥാനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇല്ല എന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്ന പ്രയോഗമാണ് എന്നുമാണ്.
മോഡിയെപ്പറ്റി ഉള്ളതും ഇല്ലാത്തതും - സത്യവും അസത്യവും അര്‍ധ സത്യവും ആയ കാര്യങ്ങള്‍-വിളമ്പുന്നതും പ്രചരിപ്പിക്കുന്നതും മീഡിയയാണ്. ഹിറ്റ്‌ലറും മുസ്സോളിനിയും സ്റ്റാലിനും സൂപ്പര്‍മാനാണ് എന്ന് ഊതി വീര്‍പ്പിച്ചത് മീഡിയയായിരുന്നു. രാഹുല്‍ ഗാന്ധിയെയും ഊതിവീര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്സും മീഡിയയും. യഥാര്‍ഥത്തില്‍ ഊതിവീര്‍പ്പിക്കല്‍ ജനാധിപത്യ വിരുദ്ധമാണ്. ഒരിക്കലും ഒരു പാര്‍ട്ടിയോ സംഘടനയോ സര്‍ക്കാറോ നിലനില്‍ക്കേണ്ടത് വ്യക്തിയുടെ പേരിലാവരുത്. ആദര്‍ശത്തിന്റെയും നയത്തിന്റെയും നിലപാടുകളുടെയും പേരിലായിരിക്കണം.
മോഡിയുടെ പി.ആര്‍ വര്‍ക്ക് ചെയ്യുന്നത്, ഞാന്‍ മനസ്സിലാക്കിയേടത്തോളം അമേരിക്കയിലെ ഇവന്റ് മാനേജ്‌മെന്റാണ്. 2001-ലെ ഗുജറാത്ത് മുസ്‌ലിംവംശഹത്യക്ക് നേതൃത്വം കൊടുത്ത മോഡിയുടെ ദുഃഖവും വിലാപവും അണപൊട്ടിയൊഴുകിയത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴാണ്. മീഡിയയുടെ ശ്രദ്ധ ഈ വശങ്ങളിലേക്ക് പോയില്ലായെന്നത് ബോധപൂര്‍വമാണ്. മീഡിയയുടെ ഇത്തരം കാപട്യത്തിന് മറ്റു രണ്ട് ഉദാഹരണങ്ങള്‍ കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഒന്ന്, ചേകന്നൂര്‍ മൗലവിയുടെ തിരോധാനം. യഥാര്‍ഥത്തില്‍ അദ്ദേഹത്തെ ശത്രുക്കള്‍ ശ്വാസം മുട്ടിച്ച് കൊന്നതാണ്. ഇത് കണ്ടെത്താന്‍ സി.ബിഐക്ക് ഏഴു വര്‍ഷം വേണ്ടിവന്നു. എന്നാല്‍, അതിന് ശേഷമെങ്കിലും തിരോധാനം എന്ന വാക്ക് പ്രയോഗിക്കാതിരുന്നുകൂടേ? ഇത് പദങ്ങള്‍ കൊണ്ടുള്ള കളിയാണ്. തിരോധാനം എന്ന പദത്തിന്റെ അര്‍ഥം ഒരാള്‍ ഒറ്റക്ക് പോവുക എന്നതാണ്. ചേകന്നൂര്‍ മൗലവി ഒറ്റക്ക് പോയതല്ല. അദ്ദേഹത്തെ ഒരു സംഘം വീട്ടില്‍ വന്ന് വിളിച്ചിറക്കി ശ്വാസം മുട്ടിച്ച് കൊന്നതാണ്. ഇതിനെ ചേകന്നൂര്‍ കൊലപാതകം എന്നാണ് പറയേണ്ടത്.
രണ്ടാമത്തെ ഉദാഹരണം ലൗജിഹാദ് എന്ന പദാവലിയാണ്. ഇല്ലാത്ത ഒരു കാര്യം ഏറെ തന്മയത്വത്തോടു കൂടി അവതരിപ്പിക്കാനുളള്ള മീഡിയയുടെ വൈഭവം ഇതില്‍ കാണാം. കേരളത്തിലെ ഇലക്‌ട്രോണിക് മീഡിയ, സോഷ്യല്‍ മീഡിയ, പത്രമാധ്യമങ്ങള്‍- ഹൈക്കോടതിയിലെ ജസ്റ്റിസ് ശങ്കരന്‍ പോലും ഈ കെട്ടുകഥയില്‍ പങ്കാളികളാണ്. കേരള ഹൈക്കോടതിയുടെ ആദരണീയതക്ക് കളങ്കം ചാര്‍ത്തുന്ന നടപടിയാണ് അദ്ദേഹം കൈക്കൊണ്ടത്. ഈ കെട്ടുകഥ കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയ ശൈഥില്യവും ഭിന്നിപ്പും ചെറുതല്ലായിരുന്നു. എത്ര എളുപ്പത്തിലാണ് ഒരു പദാവലി മെനഞ്ഞുണ്ടാക്കിയത്. ആ പദാവലി ജനങ്ങളെ അളക്കാനുള്ള ഉരകല്ല് പോലുമാവുകയുണ്ടായി. അതായത്, ലൗജിഹാദുണ്ടെന്ന് പറഞ്ഞാല്‍ ഹിന്ദുവര്‍ഗീയവാദി, ഇല്ലെന്ന് പറഞ്ഞാല്‍ മുസ്‌ലിം വര്‍ഗീയവാദി. ഉണ്ടോ ഇല്ലേ എന്ന് അറിഞ്ഞുകൂടാ എന്ന് പറഞ്ഞാല്‍ അവസരവാദിയും ആയി. എന്നാല്‍, ഇത്തരമൊരു സംഭവം ഇല്ലായെന്ന് കണ്ടെത്തിയപ്പോള്‍ അത് ജനങ്ങളിലേക്കെത്തിക്കുന്നതില്‍ മീഡിയ കേവലമൊരു പ്രസ്താവന മാത്രമാണ് നടത്തിയത്. മീഡിയയുടെ കാപട്യമാണിത് തെളിയിക്കുന്നത്.
യുദ്ധങ്ങളെല്ലാം നടക്കുന്നത് ഭാഷയിലാണ്. ഏറ്റവും മൂര്‍ച്ചയേറിയ ആയുധം വാളല്ല, വാക്കാണ്. അതുകൊണ്ടുതന്നെ നരേന്ദ്രമോഡി എന്ന വ്യക്തിയില്‍ മാത്രമാണ് ഫാഷിസം എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. അത് എന്റെ വാക്കിലും സംസാരത്തിലും ഉണ്ടാവാന്‍ സാധ്യതയുണ്ട്. തൊണ്ണൂറ് ശതമാനം വോട്ട് വാങ്ങി ജയിച്ച വ്യക്തിയാണ് ഹിറ്റ്‌ലര്‍. അയാള്‍ കാണിച്ച എല്ലാ അന്യായത്തിനും അവിടത്തെ ജനങ്ങളുടെ പൂര്‍ണ സമ്മതമുണ്ടായിരുന്നു. 64 ലക്ഷം യഹൂദികളെയാണയാള്‍ ചുട്ടുകൊന്നത്. അത്രമാത്രം ദുരനുഭവങ്ങളുള്ള ജൂതര്‍ 1946-ല്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം ഉണ്ടാക്കിയത് ഒരു തെറ്റും ചെയ്യാത്ത ഫലസ്ത്വീനികളുടെ നെഞ്ചത്താണ്. ആരോടാണീ ജൂതര്‍ പ്രതികാരം ചെയ്യുന്നത്? ഇത്ര കയ്ക്കുന്ന ഒരു തമാശ വേറെയുണ്ടോ?
മതരാഷ്ട്രവാദം ആര് പറഞ്ഞാലും അത് ഫാഷിസമാണ്. ഒരു വിഭാഗത്തിന്റെ മതാശയങ്ങള്‍ രാഷ്ട്രീയ നയമാകുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഒരു രാഷ്ട്രത്തിന് സ്റ്റേറ്റ് റിലീജ്യന്‍ ഉണ്ട് എന്ന് പറയുന്നതിന്റെ അര്‍ഥം, ആ രാഷ്ട്രത്തിലെ ഇതര മതക്കാര്‍ രണ്ടാം കിട പൗരന്മാരാണെന്നാണ്.
പാകിസ്താനില്‍ ആരാണ് ഫാഷിസ്റ്റുകള്‍? ശീഈകളെ അടിച്ചമര്‍ത്തുന്ന സുന്നികള്‍. അവിടെ അദ്വാനിയില്ല, മോഡിയില്ല, അയോധ്യ മൂവ്‌മെന്റ് ഇല്ല. സുന്നികളാണ് ഭൂരിപക്ഷം. ഭൂരിപക്ഷം, വാക്കിലോ പ്രവൃത്തിയിലോ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയും ഹിംസയുമാണ് ഫാഷിസം. മാധ്യമങ്ങള്‍ ഇത് പലപ്പോഴും തിരിച്ചറിയുന്നു. ചിലപ്പോഴൊക്കെ തിരിച്ചറിയാതെ പോവുകയും ചെയ്യുന്നു.
ഞാന്‍ ജോലി ചെയ്തിരുന്ന മാതൃഭൂമി പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഉദ്ധരിക്കാന്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ പേരെടുത്ത് പറഞ്ഞത് ആശയക്കുഴപ്പം ഒഴിവാക്കാന്‍ വേണ്ടിയാണ്. എല്ലാ പത്രങ്ങള്‍ക്കും ഇത്തരം അബദ്ധങ്ങള്‍ പറ്റാറുണ്ട് എന്നത് വേറൊരു സത്യം.
ഒരു സ്‌കൂളില്‍ ഒരു കുട്ടിയുടെ മാല നഷ്ടപ്പെട്ടു. മോഷ്ടിച്ചു എന്ന സംശയത്തിന്റെ പേരില്‍ അധ്യാപകര്‍ ഒരു കുട്ടിയെ ശക്തമായ വിചാരണ നടത്തി. പിറ്റേ ദിവസം കാണാതായ മാല വഴിയില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിക്കുകയും അവരത് സ്‌കൂള്‍ അധികാരികളെ ഏല്‍പിക്കുകയും ചെയ്തു. വിചാരണക്ക് വിധേയമായ കുട്ടിയുടെ രക്ഷിതാക്കള്‍ പ്രതിഷേധിക്കുകയും പ്രശ്‌നമാക്കാന്‍ തീരുമാനിക്കുകയും ചെയ്ത വിവരം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞപ്പോള്‍ സ്റ്റാഫ് കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് കുട്ടിയുടെ വീട്ടില്‍ ചെന്ന് മാപ്പ് പറയാമെന്ന് തീരുമാനിച്ചു. ആ തീരുമാനം മാതൃഭൂമിയില്‍ വാര്‍ത്തയായി വന്ന രൂപം ഒന്ന് ശ്രദ്ധിക്കുക: ''സ്റ്റാഫ് കൗണ്‍സില്‍ തീരുമാന പ്രകാരം രണ്ട് അധ്യാപികമാരും ഒരു അറബി അധ്യാപകനും കുട്ടിയുടെ വീട്ടില്‍ ചെന്ന് മാപ്പ് പറഞ്ഞു.'' അറബി അധ്യാപകന്റെ അധ്യാപന വിഷയം മാത്രം എങ്ങനെ പ്രത്യേകം പരാമര്‍ശവിധേയമായി? മറ്റു രണ്ട് അധ്യാപകര്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ പരാമര്‍ശിച്ചതുമില്ല. എത്ര സൂക്ഷ്മമായാണിത് പ്രയോഗിച്ചത്! മനഃപൂര്‍വല്ലെങ്കില്‍ സാരമില്ല. ഇത് സ്വാഭാവികമായി വരുന്നു എന്നാണ് ഞാന്‍ പറയുന്നത്. ചേകന്നൂര്‍ സംഭവം കൊലപാതകമായിട്ട് പോലും 'തിരോധാനം' എന്ന പദം കടന്നുവരുന്നത് മീഡിയ കച്ചവടവത്കരിക്കപ്പെട്ടതിന്റെ തെളിവാണ്. അമൃതാനന്ദമയിയുടെ വിഷയവും ഇങ്ങനെത്തന്നെയാണ്. കൂടി വന്നാല്‍ മീഡിയ മാതാ അമൃതാനന്ദ മയി എന്ന് എഴുതി നിര്‍ത്തണം. മാതാ അമൃതാനന്ദമയി ദേവി എന്ന് ഒരു കാരണവശാലും എഴുതരുത്. എന്തുകൊണ്ടെന്നാല്‍ അമൃതാനന്ദമയി സാധാരണ സ്ത്രീയല്ല, ദേവിയാണ് എന്ന തെറ്റായ സന്ദേശം നിങ്ങള്‍ വായനക്കാര്‍ക്ക് നല്‍കുന്നു.
ഇന്ന് മീഡിയ ഫാഷിസത്തിന് വഴിയൊരുക്കി കൊടുക്കുന്നതിന്റെ ഭാഗമായി എല്ലാ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പൊലിപ്പിച്ചുകാണിക്കുന്നു. നിങ്ങളുടെ കൈയടി പ്രതീക്ഷിക്കാതെതന്നെ പറയട്ടെ, മുഹമ്മദ് നബിയുടെ തലമുടി 1400 വര്‍ഷങ്ങള്‍ക്ക് ശേഷം മുസ്‌ലിം സമൂഹത്തിലെ ഒരു വിഭാഗം വിപണനതന്ത്രമായുപയോഗിക്കുന്നു. ഇക്കഴിഞ്ഞ റബീഉല്‍ അവ്വലിന് കാരന്തൂരില്‍ വലിയ തിരക്കായിരുന്നു. മുടിയിട്ട വെള്ളക്കുപ്പിക്ക് വേണ്ടി ജനങ്ങള്‍ ക്യൂ നില്‍ക്കുകയായിരുന്നു. പോട്ടയിലെ രോഗശമന ധ്യാന മഠം, കുട്ടിച്ചാത്തന്‍ സേവാ കേന്ദ്രം, ശബരിമലയിലെ മകര ജ്യോതി തെളിയല്‍, കാരന്തൂരിലെ മൂടിയിട്ട വെള്ളം കുടിപ്പിക്കല്‍ തുടങ്ങിയവ തികച്ചും അന്ധവിശ്വാസങ്ങളാണ്. ഇത്തരം അന്ധവിശ്വാസങ്ങളിലേക്ക് കേരളം തിരിഞ്ഞു നടക്കുമ്പോള്‍ എന്ത് നിലപാടാണ് മീഡിയ സ്വീകരിക്കുന്നത്? പ്രത്യേക അഭിനന്ദനം അറിയിക്കാന്‍ ഈ സന്ദര്‍ഭം ഞാന്‍ ഉപയോഗപ്പെടുത്തട്ടെ; വ്യാജ സിദ്ധന്മാരെക്കുറിച്ച് മാധ്യമം ദിനപത്രം തയാറാക്കിയ പരമ്പര മാധ്യമധര്‍മവും പ്രശംസാര്‍ഹവുമാണ്. എന്നാല്‍, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പരസ്യങ്ങള്‍ നല്‍കി സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുകയും അതിന്റെ വരുമാനമുപയോഗിച്ച് തിടംവെക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഫാഷിസത്തിന്റെ കടന്നുവരവിനെ പരോക്ഷമായി കൊണ്ടാടുകയാണ് ചെയ്യുന്നത്. കാരണം, ഫാഷിസത്തിനാവശ്യമില്ലാത്ത ഒരേയൊരു കാര്യം യുക്തിയാണ്. യുക്തിക്കെതിരാണ് ഫാഷിസം.
(2014 ജനുവരി 18-ന് ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് മീഡിയാ സെമിനാറില്‍ നടത്തിയ പ്രഭാഷണം)
തയാറാക്കിയത്:
അബ്ദുസ്സലാം പുലാപ്പറ്റ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/27-35
എ.വൈ.ആര്‍