Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 14

വാര്‍ധക്യത്തിന്റെ വേദനകള്‍

വി.പി ഷൗക്കത്തലി / കുടുംബം

''ജീവിതത്തില്‍ എനിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധം മക്കളെ ഗള്‍ഫിലയച്ചതാണ്.'' പ്രവാസ ജീവിതത്തിനിടയിലെ ഒരു ഒഴിവു കാലത്ത് അയല്‍ നാട്ടിലെ ബന്ധുക്കളെയും പരിചയക്കാരെയും സന്ദര്‍ശിക്കുന്ന വേളയിലാണ് അയാള്‍ അങ്ങനെ പറഞ്ഞത്. പ്രായമായവര്‍ക്ക് ക്ഷമയോടെ അവരുടെ വര്‍ത്തമാനങ്ങള്‍ കേട്ടുകൊടുക്കുന്നതിനേക്കാള്‍ സന്തോഷമുള്ള മറ്റൊരു കാര്യവുമില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ ഞങ്ങള്‍ അദ്ദേഹത്തോട് തിരക്കി; ''എന്തേ ഇങ്ങനെയൊക്കെ പറയാന്‍?'' അയാള്‍ തന്റെ വിശാലമായ വീട്ടിലേക്കും, പിന്നെ വീടിനു മുന്നില്‍ പരന്ന് കിടക്കുന്ന പറമ്പിലേക്കും വിരല്‍ ചൂണ്ടിയ ശേഷം പറഞ്ഞു: ''കണ്ടില്ലേ, ഇതൊക്കെ ഇന്ന് പള്ളിക്കാടുപോലെയാണ്. ഞങ്ങള്‍ക്ക് മക്കളും മരുമക്കളും പേരക്കുട്ടികളും ധാരാളമുണ്ട്. എന്നാല്‍ എല്ലാവരും വിദേശത്താണ്. ഇവിടെ കളിയും ചിരിയും ബഹളവും നിലച്ചിട്ട് കൊല്ലങ്ങള്‍ ഏറെയായി. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാസം മാത്രമാണ് ഇവിടെ ആളനക്കമുണ്ടാവുക, അവര്‍ വെക്കേഷനു വരുമ്പോള്‍. അല്ലാത്ത സമയമത്രയും ഈ വീട്ടില്‍ ഞാനും ഭാര്യയും ഒറ്റക്ക്! മക്കളെയും പേരമക്കളെയും കണ്ട് ഞങ്ങള്‍ക്ക് കൊതി തീര്‍ന്നിട്ടില്ല. ഇനി അതൊക്കെ നടക്കുമോ എന്നും അറിയില്ല...'' അയാള്‍ വിതുമ്പുകയായിരുന്നു.
അടുത്ത വീട്ടിലെത്തുമ്പോള്‍ സ്ഥിതി അതിനേക്കാള്‍ ദയനീയമായിരുന്നു. പാതി പണിതീര്‍ന്ന, ജനലുകള്‍ക്ക് തുണിവിരി മാത്രം തൂക്കിയിട്ട ഒരു വീടിന്റെ രണ്ട് മുറികളിലായി അവര്‍ ഒറ്റക്ക് കിടക്കുന്നു. ആ വീട്ടിലെ വൃദ്ധരായ മാതാവും പിതാവും. സ്ത്രീധനത്തുക മുഴുവന്‍ കൊടുക്കാത്തതിന്റെ പേരില്‍ 2 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനുശേഷം വീട്ടില്‍ കൊണ്ടാക്കപ്പെട്ട ഇളയ മകള്‍ അവര്‍ക്ക് അടുക്കളയില്‍ കഞ്ഞി തയാറാക്കുന്നു. പാതി ബോധത്തില്‍ കിടക്കുന്ന പിതാവിനെ കുറേ നേരം നോക്കി നിന്ന്, ഉമ്മ കിടക്കുന്ന റൂമിന്റെ ചാരത്തെത്തിയതും അസഹ്യമായ മൂത്രഗന്ധം. ഞങ്ങള്‍ ആ റൂമില്‍ കടന്നു സലാം പറഞ്ഞ ഉടനെ ആ ഉമ്മ കൂജയില്‍ സൂക്ഷിച്ച വെള്ളമെടുത്ത് കൊടുക്കാന്‍ കൂടെയുള്ള ഭാര്യയോട് ആംഗ്യം കാട്ടി. അവള്‍ ഗ്ലാസെടുക്കുന്ന ശബ്ദം കേട്ടിട്ടാവണം, അടുക്കളയില്‍ നിന്ന് കരിപുരണ്ട വസ്ത്രവുമായി മകള്‍ ഓടിയെത്തി. ''ഉമ്മാക്ക് വെള്ളം കൊടുക്കരുത്... മൂത്രമൊഴിക്കും.. ഇപ്പോള്‍  ഒരു വിരി മാറ്റിയതേയുള്ളൂ..!'' ഞങ്ങള്‍ ഒന്നും പറയാന്‍ കഴിയാതെ അന്തംവിട്ടുനിന്നു. ''വിരി മാറ്റാന്‍ ഞാന്‍ സഹായിക്കാം'' എന്ന ഭാര്യയുടെ അപേക്ഷക്കുള്ള മറുപടി, ''ഇത് ഇന്ന് മാത്രം മാറ്റിയാല്‍ പോര. വെള്ളം കൊടുത്ത് ശീലമാക്കിയാല്‍ ഞാന്‍ കുടുങ്ങും'' എന്നായിരുന്നു! പ്രാര്‍ഥിച്ച്, സലാം പറഞ്ഞ് ആ വീടിറങ്ങാനേ ഞങ്ങള്‍ക്കായുള്ളൂ.
പണം, വാര്‍ധക്യത്തിന് അവകാശപ്പെട്ട സ്‌നേഹ സാന്നിധ്യത്തെ തടയുന്നതിന്റെ മറ്റൊരു വശമാണ് 'ലൈവ് ശവസംസ്‌കാരം' എന്ന ആശയം. വിദേശത്ത് എവിടെയോ ജോലി ചെയ്യുന്ന സമ്പന്നരായ മക്കളുടെ വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കള്‍ ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ അനുഭവിക്കുന്ന പ്രാണവേദനകളും, മരണവും ശവസംസ്‌കാരവും കൃത്യതയോടെ കാമറക്കണ്ണില്‍ ഒപ്പിയെടുത്ത് അങ്ങകലെയുള്ള അവരുടെ വീടുകള്‍ക്കുള്ളിലെ വലിയ സ്‌ക്രീനില്‍ എത്തിക്കുന്ന സാങ്കേതിക 'സഹായ'മാണിത്. മണിക്കൂറുകള്‍ നീണ്ട യാത്രയും കുടുംബസമേതമുള്ള യാത്രാ ചെലവും സമയത്തിന് ഏറെ സാമ്പത്തിക മൂല്യമുള്ള നാടുകളിലെ സമയനഷ്ടവും ഒഴിവാക്കാമല്ലോ. ഇത് ചിലപ്പോള്‍ ആരുടെയോ ഭാവനാ വിലാസമാകാം. അല്ലെങ്കില്‍ അപൂര്‍വമായി എവിടെയോ സംഭവിച്ചിട്ടുണ്ടാകാം. പക്ഷേ, വാര്‍ധക്യം ഭാരമാകുന്ന ഈ ആസുര കാലത്ത് ഇതുപോലുള്ള സംഭവങ്ങള്‍ക്ക് നാം ധാരാളമായി സാക്ഷികളാകേണ്ടി വരും. പ്രായമേറിയ തേനീച്ചകളെ മറ്റുള്ള തേനീച്ചകള്‍ കുത്തിപ്പുറത്താക്കുമത്രെ. വാര്‍ധക്യം പ്രാപിച്ചവര്‍ അധികപ്പറ്റാണെന്നും, ചെലവു കോളത്തിലെ മാത്രം ഇനങ്ങളും അതിനാല്‍ തന്നെ ഭാരമാണെന്നും നാമിന്ന് കണക്കുകൂട്ടുന്നത് പോലെത്തന്നെ. പക്ഷേ ഒന്ന് മാത്രം നാം ഓര്‍ക്കാതെ പോകുന്നു-നമുക്കും വയസ്സാകുമെന്ന സത്യം!
ഈയിടെ വായിച്ച ''വാര്‍ധക്യം'' എന്ന ഒരു അറബിക്കവിതയുടെ ആശയമിങ്ങനെ: (വൃദ്ധനായ പിതാവ് മക്കള്‍ക്ക് അന്തിമോപദേശം നല്‍കുകയാണ്) ''എന്റെ നീണ്ട ജീവിതം ഞാന്‍ സമര്‍പ്പിച്ച മക്കളേ, ഇതൊന്ന് കേള്‍ക്കൂ... പ്രായം ഇനിയുമേറുമ്പോള്‍ എന്റെ കൈകള്‍ വിറക്കുന്നതും എന്റെ ഭക്ഷണത്തുണ്ടുകള്‍ വിറയാര്‍ന്ന കൈകളില്‍നിന്ന് വായയില്‍ എത്താതെ നെഞ്ചിലേക്ക് വീഴുന്നതും നിങ്ങള്‍ കാണും. കുഞ്ഞുന്നാളില്‍ ഒരുപാട് വസ്ത്രമുടുപ്പിച്ച എനിക്ക് എന്റെ വസ്ത്രം ധരിക്കാന്‍ പരസഹായം വേണ്ടിവരും... ഞാന്‍ എന്റെ വാക്കുകള്‍ വിക്കിവിക്കി പറയുമ്പോള്‍ നിങ്ങള്‍ ചിരിക്കരുതേ.. ദേഷ്യപ്പെടരുതേ.. എത്രയെത്ര കഥകളാണ് വിറക്കാതെ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തന്നത്!
എന്റെ ശീരം ദുര്‍ഗന്ധം വിസര്‍ജിക്കുമ്പോള്‍ നിങ്ങളെന്നെ വെറുക്കരുതേ.. ഓര്‍ക്കുക.. ചെറുപ്പത്തില്‍ ഞാന്‍ നിങ്ങള്‍ക്കെത്രയാണ് സുഗന്ധം പുരട്ടി തന്നത്...
നിങ്ങളുടെ കാലത്തിന്റെ ഭാഷ തിരിയാതെ വരുന്ന കാലം നിങ്ങള്‍ എന്റെ സംസാരം കേട്ട് ചിരിക്കരുതേ.. ഹൊ! നിങ്ങളുടെ ചെറുപ്പത്തിലെ എത്രയെത്ര വീഴ്ചകളാണ് എന്നില്‍ ചിരിയുണര്‍ത്തിയത്..!
മക്കളേ! എന്റെ പ്രാഥമിക കാര്യനിര്‍വഹണത്തിന് എന്നെ സാഹയിച്ചാലും.. ഞാന്‍ നിങ്ങളെ എത്രയാണ് സഹായിച്ചത്! മക്കളേ! എന്റെ കൈപിടിക്കൂ... (ചെറുപ്പത്തില്‍ ഞാന്‍ നിങ്ങളുടെ കൈപിടിച്ചപോലെ), നാളെ നിങ്ങളും ഇങ്ങനെ ഒരു കൈ തേടും..!
ഞാന്‍ മരണം കാത്തിരിക്കുകയാണ് (എനിക്കിനി മറ്റെന്ത് കാത്തിരിക്കാന്‍)?
എന്റെ മരണനേരം നിങ്ങളെന്റെ ചാരത്ത് നില്‍ക്കണം, നഗ്‌നതകള്‍ മറച്ച് തരണം... നിങ്ങളുടെ ജനനനേരം ഞാന്‍ നിങ്ങളോട് കാരുണ്യം കാട്ടിയപോലെ...!
മക്കളേ, നിങ്ങളുടെ കളിയും ചിരിയും കുസൃതിയും ഞാന്‍ വല്ലാതെ ആസ്വദിച്ചിരുന്നു... മക്കളേ... ജീവിതത്തിന്റെ അന്ത്യം വരെ അതെനിക്ക് വിലക്കരുതേ...!!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/27-35
എ.വൈ.ആര്‍