നബിദിനാഘോഷം ഒരു വിയോജനക്കുറിപ്പ്
പ്രശ്‌നവും വീക്ഷണവും എന്ന പംക്തിയില്‍ ( ലക്കം 2836) നബിദിനം ആഘോഷിക്കാമോ എന്ന തലക്കെട്ടില്‍ വന്ന ചോദ്യവും അതിന് നല്‍കപ്പെട്ട മറുപടിയുമാണ് ഈ കുറിപ്പിനാധാരം. അബദ്ധങ്ങളും വൈരുധ്യങ്ങളും സംശയാസ്പദമായ ചരിത്ര സംഭവങ്ങളും മറുപടിയില്‍ ഉള്ളത് കൊണ്ടും, അപകടകരമായ പലതും അതില്‍ ഉള്‍ക്കൊണ്ടത് കൊണ്ടും കൂടിയാണ് ഈ കുറിപ്പ്.
മറുപടിയുടെ തുടക്കത്തില്‍ രണ്ട് വിഭാഗങ്ങളെ പരിചയപ്പെടുത്തുന്നു. പ്രവാചകന്‍ തിരുമേനി(സ)യുമായി ബന്ധപ്പെട്ട എന്തു സംഗതിയും സ്മരിക്കുന്നതോ കൊണ്ടാടുന്നതോ ബിദ്അത്താണെന്നും അതിനാല്‍ വിലക്കപ്പെട്ടതാണെന്നുമാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.'ഈ സാമാന്യവത്കരണം സൂക്ഷ്മമല്ല. മാത്രമല്ല, സ്മരിക്കുന്നതും കൊണ്ടാടുന്നതും എന്നീ രണ്ട് പദങ്ങള്‍ കൂട്ടിക്കുഴച്ചതും ശരിയായില്ല. സ്മരിക്കുന്നത് ബിദ്അത്താണെന്നാരും പറഞ്ഞതായി അറിവില്ല. എന്നല്ല, പ്രവാചകനെ സ്മരിക്കലും തിരുമേനിയുടെ മേല്‍ സ്വലാത്തും സലാമും വര്‍ധിപ്പിക്കലും അവിടുത്തെ നാമം സ്മരിക്കെപ്പടുമ്പോഴെല്ലാം സ്വലാത്ത് ചൊല്ലലും മുസ്‌ലിം സമൂഹം കക്ഷിഭേദമില്ലാതെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളുമാണ്; ഈ സ്മരണയാകട്ടെ ഏതെങ്കിലും ഒരു ദിവസത്തിലോ മാസത്തിലോ പരിമിതപ്പെടുത്തേണ്ടതുമല്ല. എന്നാല്‍ 'കൊണ്ടാടുക' അങ്ങനെയല്ല. ഈ പദപ്രയോഗത്തില്‍ അപകടകരമായ പലതും ഒളിഞ്ഞിരിക്കുന്നുണ്ട്. അദ്ദേഹം തന്നെ എഴുതിയപോലെ, ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍ പ്രവാചകന്റെ ജീവിതവും അതിലെ ദൈനംദിന സംഭവങ്ങളും പ്രവാചക അനുചരന്മാര്‍ ചെയ്തതു പോലെ നമുക്കും വീണ്ടും ഓര്‍ക്കാവുന്നതും അനുസ്മരിക്കാവുന്നതുമാണ്. ഈ പറഞ്ഞതിനോട് ആരും വിയോജിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍, 'പ്രവാചക അനുചരര്‍ ചെയ്തതുപോലെ'' എന്നദ്ദേഹം പറഞ്ഞത് നാം അടിവരയിടണം. ഇങ്ങനെ പറഞ്ഞതല്ലാതെ നബിദിനാഘോഷത്തിന് അത്തരം ഒരു മാതൃക അദ്ദേഹം നല്‍കുന്നില്ല. അതിനുള്ള ശ്രമമെന്ന നിലക്ക് ഹിജ്‌റയുമായി ബന്ധപ്പെട്ട് ഉദ്ധരിച്ച കാര്യങ്ങളാവട്ടെ അടിസ്ഥാന രഹിതവും. അദ്ദേഹം എഴുതുന്നു: ''പ്രവാചകന്‍ തിരുമേനി (സ) മദീനയിലേക്ക് വന്ന ദിനം മദീനയിലെ മുസ്‌ലിംകള്‍ ആഘോഷമായി കൊണ്ടാടിയ സംഭവങ്ങള്‍ നബി ചരിതങ്ങളില്‍ നാം ധാരാളമായി വായിക്കുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് അവര്‍ പാട്ടു പാടിയിരുന്നതായും ചരിത്ര രേഖകളില്‍ കാണാം.''
ലേഖകന്‍ പ്രമാണമായി ഉദ്ധരിച്ച ഈ സംഭവം പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഒരെണ്ണം പോലും സ്വഹീഹായിട്ടുള്ളതല്ല. എല്ലാം പറ്റെ ദുര്‍ബലമായവയാണ്. ഹദീസ് നിരൂപണ ശാസ്ത്രമനുസരിച്ച് 'മുഅ്‌ളല്‍' അഥവാ നിവേദക ശ്രേണിയില്‍ നിന്ന് തുടര്‍ച്ചയായി രണ്ടോ അതിലധികമോ പേര്‍ മുറിഞ്ഞുപോയ അതീവ ദുര്‍ബലമായ ഗണത്തില്‍പെട്ടതാണ്. തിരുമേനിയുടെ പേരില്‍ ചമച്ചുണ്ടാക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തിയ കൂട്ടത്തിലാണ് പ്രമാണികരായ ഇമാമുമാര്‍ ഈ കഥയെ ഉള്‍പ്പെടുത്തിയിട്ടുള്ളത് (സാദുല്‍ മആദ്, തദ്കിറതുല്‍ മൗദൂആത്ത്, അസ്സീറന്നബവിയ്യ സ്വഹീഹ എന്നിവ നോക്കുക).
പ്രവാചകന്റെ(സ) ഹിജ്‌റയെ പരാമര്‍ശിക്കുന്ന സ്വഹീഹായ റിപ്പോര്‍ട്ടുകളില്‍ അവിടുന്ന് കയറിയ ഒട്ടകത്തിന്റെ സഞ്ചാരവും മുട്ടുകുത്തലും മദീനാ നിവാസികളുടെ പ്രവാചകനെ കാണാന്‍ വേണ്ടിയുള്ള ആകാംക്ഷയും അടക്കമുള്ള സൂക്ഷ്മമായ വിവരങ്ങള്‍ പോലും ഉണ്ടെന്നിരിക്കെ നബി(സ)യെ പാട്ടു പാടി സ്വീകരിച്ചെന്ന വിവരം ഈ രിവായത്തുകളില്‍ ഇല്ല എന്നത് പ്രത്യേകം പരിഗണിക്കേണ്ടതാണ്. വിശേഷിച്ചും വലിയൊരളവോളം മദീനക്കാര്‍ ഈ ചരിത്ര സംഭവത്തിന് സാക്ഷികളായിരിക്കെ മുഅ്‌ളല്‍ ആയ രിവായത്തുകളാണോ ഇവ്വിഷയകമായി ഉണ്ടാവുക?
ഹദീസിന്റെ വിഷയത്തിലേതുപോലുള്ള സൂക്ഷ്മതയും സാധുതയും ചരിത്രത്തിന്റെ വിഷയത്തില്‍ കണിശമല്ലെന്ന് വാദിച്ചേക്കാം. പല ചരി്രതഗ്രന്ഥങ്ങളിലും ഇടം പിടിച്ചിട്ടുള്ള നിരവധി സംഭവങ്ങള്‍ക്ക് ഹദീസ് നിദാനശാസ്ത്രത്തിന്റെ അളവുകോലനുസരിച്ച് സ്വീകാര്യത ഉണ്ടാവില്ലെന്നും പറയാം. കേവല ചരിത്ര വായന എന്ന നിലയില്‍ ഈ വാദം അംഗീകരിക്കപ്പെട്ടേക്കാം. എന്നാല്‍, അഖീദയുമായോ കര്‍മശാസ്ത്ര വിധികളുമായോ ബന്ധപ്പെട്ട ഒരു തര്‍ക്കവിഷയം വരുമ്പോള്‍, അല്ലെങ്കില്‍ ഇസ്‌ലാമിക ദൃഷ്ട്യാ ഒരാചാരം പാടുണ്ടോ പാടില്ലേ എന്ന ചോദ്യം വരുമ്പോള്‍ പ്രമാണമാവേണ്ടത് ഇത്തരം കഥകളല്ല; മറിച്ച് ഖുര്‍ആന്‍ വചനങ്ങളോ സ്വഹീഹായ ഹദീസുകളോ തന്നെ ആവണം. ഇക്കാര്യത്തില്‍ ഇസ്‌ലാമിക ലോകത്ത് ആര്‍ക്കെങ്കിലും എതിരഭിപ്രായമുള്ളതായി അറിവില്ല.
പ്രസ്തുത സംഭവം ശരിയാണെന്ന് വെച്ചാല്‍പോലും ഉയര്‍ന്നുവരുന്ന ചോദ്യം, എന്തുകൊണ്ട് റസൂലി(സ)ന്റെ അനുചരന്മാര്‍ ആരും തന്നെ നബിദിനത്തെ അനുസ്മരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ മുഹൂര്‍ത്തമായി കണ്ടില്ല എന്നതാണ്. ഏറെ നാളായി ആകാംഷയോടെ കാത്തിരുന്ന ഒരു അതിഥിയെ ഒരുനോക്കു കാണാനും സ്വീകരിക്കാനും ഏതൊരാളും കാണിക്കുന്ന മനുഷ്യസഹജമായ ഒരു വികാര പ്രകടനമെന്നതിലുപരി മദീനക്കാര്‍ നബിയെ സ്വീകരിച്ചത് നബിദിനം കൊണ്ടാടാനുള്ള ന്യായമായി അവതരിപ്പിക്കുന്നത് എന്തുമാത്രം ദുര്‍ബലമാണ്?!
ഇങ്ങനെ സ്വീകരിച്ചാനയിച്ച പ്രവാചകന്റെ അനുചരരാരും തന്നെ പിന്നീടത് ആവര്‍ത്തിച്ചതായും കാണാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ ചെയ്തു എന്ന് ദ്യോതിപ്പിക്കുന്ന തരത്തില്‍ ഉമറി(റ)ന്റെ ഹിജ്‌റ കലണ്ടര്‍ പരാമര്‍ശിക്കുന്നു ലേഖകന്‍. പക്ഷേ, എന്താണ് യാഥാര്‍ഥ്യം? ഇമാം ബുഖാരി തന്റെ ഗ്രന്ഥത്തില്‍ ഒരധ്യായത്തിന്റെ തലക്കെട്ടായി ചേര്‍ത്തിരിക്കുന്നത് തന്നെ തീയതി, തീയതി കുറിക്കല്‍ എപ്പോഴാണ് തുടങ്ങിയത് എന്നതിനെപ്പറ്റിയുള്ള അധ്യായം എന്നാണ്. അതിലിങ്ങനെ കാണാം: ''സഹ്‌ലുബ്‌നു സഅദില്‍ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: 'അവര്‍ തിരുമേനിയുടെ നിയോഗത്തെയോ, വിയോഗത്തെയോ പരിഗണിക്കുകയുണ്ടായില്ല. അദ്ദേഹത്തിന്റെ മദീനയിലേക്കുള്ള ആഗമനം മുതലാണ് അവര്‍ കണക്കാക്കിയത്'' (ബുഖാരി: 3934).
ഇതിന്റെ ചുവടെ ഇമാം ഇബ്‌നുഹജര്‍ സവിസ്തരം ഇങ്ങനെ വിശദീകരിച്ചിരിക്കുന്നു. ''സ്വഹാബിമാര്‍ ഹിജ്‌റ കൊണ്ട് തീയതി തുടങ്ങിയത്, 'ഒന്നാം ദിവസം മുതല്‍ക്കുതന്നെ (മിന്‍ അവ്വലി യൗമിന്‍) ദൈവഭക്തിയില്‍ പടുത്തുയര്‍ത്തപ്പെട്ട പള്ളിയാണ് നിനക്ക് നിന്ന് നമസ്‌കരിക്കാന്‍ ഏറ്റവും അര്‍ഹം''(അത്തൗബ 108) എന്ന അല്ലാഹുവിന്റെ വചനത്തില്‍ നിന്നാണ്. എല്ലാ അര്‍ഥത്തിലും ദിനങ്ങളില്‍ ഏറ്റവും ആദ്യത്തെ ദിനമല്ല ഇവിടെ ഉദ്ദേശ്യമെന്നത് വ്യക്തമാണ്. അപ്പോള്‍ പിന്നെ നിശ്ചിതമായ ഒന്നിലേക്ക് ചേര്‍ത്തു പറയല്‍ അനിവാര്യമായി. അങ്ങനെ നോക്കുമ്പോള്‍ ഇസ്‌ലാമിന് പ്രതാപമുണ്ടായ ആദ്യത്തെ ദിവസമായിരിക്കുമത്. അന്നാണ് തിരുമേനി നിര്‍ഭയനായി അല്ലാഹുവിനെ ആരാധിച്ചത്, പള്ളി നിര്‍മാണത്തിന് തുടക്കം കുറിച്ചത്. ആ നിലക്ക് പ്രസ്തുത ദിവസം മുതല്‍ തീയതി ആരംഭിക്കാമെന്ന് സ്വഹാബിമാര്‍ അഭിപ്രായ ധാരണയില്‍ എത്തുകയായിരുന്നു. അവരുടെ ചെയ്തിയിലൂടെ അല്ലാഹു പറഞ്ഞ ഒന്നാമത്തെ ദിവസം എന്നത് ഇസ്‌ലാമിക ചരിത്രത്തിന്റെ ഒന്നാമത്തെ ദിവസമാക്കാമെന്ന് നാമും മനസ്സിലാക്കി.... തീയതിക്ക് ആരംഭം കുറിക്കാന്‍ നാല് സംഗതികളാണ് പരിഗണനയിലുണ്ടായിരുന്നത്. തിരുമേനിയുടെ ജനനം, അവിടുത്തെ നിയോഗം, പലായനം, വിയോഗം. എന്നാല്‍, ഹിജ്‌റ മുതല്‍ ആക്കാം എന്നതിനാണ് പ്രാമുഖ്യം ലഭിച്ചത്. കാരണം ജനനവും പ്രവാചകത്വ നിയോഗവും ഇതിലൊരെണ്ണം പോലും ഏത് വര്‍ഷമാണെന്ന് നിര്‍ണയിക്കുന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നു. അവിടുത്തെ വിയോഗമാകട്ടെ അതിന്റെ സ്മരണ വിഷമമുണ്ടാക്കും എന്നതിനാല്‍ അവര്‍ അവഗണിക്കുകയായിരുന്നു. അങ്ങനെ ഹിജ്‌റയില്‍ പരിമിതപ്പെടുകയാണ് ഉണ്ടായത്'' (ഫത്ഹുല്‍ ബാരി 7/267).
അതായത്, ഉയര്‍ന്നുവന്ന പലതരം നിര്‍ദേശങ്ങളില്‍ 'തിരുജനനം'മുതല്‍ ആകാം' എന്നുമുണ്ടായിരുന്നു. എന്നാല്‍ ഉമറുള്‍പ്പെടെയുള്ള സ്വഹാബിമാരാരും അതിനെ അനുകൂലിക്കുകയുണ്ടായില്ല. പ്രസ്തുത ചര്‍ച്ച നടന്നത് റബീഉല്‍ അവ്വല്‍ മാസത്തില്‍ കൂടിയായിരുന്നു എന്നതാണ് ഏറെ കൗതുകം. എന്നിട്ടും ആദ്യത്തെ മാസമായി ഏതിനെ പരിഗണിക്കണം എന്ന ചര്‍ച്ച വന്നപ്പോള്‍ ഉമര്‍(റ), ഉസ്മാന്‍(റ) തുടങ്ങി മിക്കവരും അഭിപ്രായപ്പെട്ടത് അല്ലാഹു പവിത്ര മാസമായി നിശ്ചയിച്ച മുഹര്‍റത്തെ പരിഗണിക്കണം എന്നായിരുന്നു (ഫത്ഹുല്‍ ബാരി 11/264). അപ്പോഴും റബീഉല്‍ അവ്വല്‍ അവര്‍ പരിഗണിച്ചില്ല. ലേഖകന്‍ എഴുതിയ പോലെ ഉമര്‍ (റ) ഒരിക്കലും പലായനത്തിന്റെ (ഹിജ്‌റ) സ്മരണകള്‍ കൊണ്ടാടിയിട്ടില്ല. കേവലം നിഗമനങ്ങള്‍ ചരിത്രമായി അവതരിപ്പിക്കുന്നത് ഇത്തരം ചര്‍ച്ചയില്‍ ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ? മറ്റൊരു പ്രധാനപ്പെട്ട കാര്യം, ഹിജ്‌റയെ ഇങ്ങനെ കലണ്ടറിന്റെ നാന്ദിയായി തീരുമാനിച്ചപ്പോള്‍ അതില്‍ സ്വഹാബിമാര്‍ ഏകോപിച്ചു എന്നെഴുതിയതാണ്. ഇജ്മാഅ് ആണെന്നര്‍ഥം. ഇജ്മാഅ് ഇസ്‌ലാമില്‍ പ്രമാണമാണല്ലോ. ഈ രണ്ട് സംഗതികള്‍ ഉദ്ധരിച്ചുകൊണ്ട് ലേഖകന്‍ സമര്‍ഥിക്കുന്നതോ? ഈയടിസ്ഥാനത്തില്‍ പ്രവാചകന്റെ ജന്മദിനത്തെ സ്മരിക്കുന്നതില്‍ തെറ്റില്ല എന്നും! ഹിജ്‌റയുടെ സ്മരണകള്‍ ഉമര്‍ (റ) കൊണ്ടാടി എന്ന വാസ്തവ വിരുദ്ധമായ സംഗതിയുടെ അടിസ്ഥാനത്തില്‍ എന്നാണോ ഉദ്ദേശ്യം? എങ്കില്‍ അത് വല്ലാത്ത അടിസ്ഥാനം തന്നെ! സ്വഹാബിമാര്‍ ഒരു ഇസ്‌ലാമിക കലണ്ടറിന്റെ ആരംഭം കുറിക്കാന്‍ വേണ്ടി ഹിജ്‌റയെ തെരഞ്ഞെടുത്തത് ഖുര്‍ആനിന്റെ വെളിച്ചത്തില്‍ നടത്തിയ ഇജ്തിഹാദിന്റെ ഫലമായിരുന്നു. സ്വഹാബത്ത് അതില്‍ ഏകോപിക്കുകയും ചെയ്തു; അഥവാ ഇജ്മാഓടെ അംഗീകരിച്ചു. അത് വെച്ച് ഇത്തരം യാതൊരു ശറഈ അടിസ്ഥാനങ്ങളും ഇല്ലാത്ത നബിദിനാഘോഷത്തിന് ന്യായം ചമക്കുന്നത് എന്തുമാത്രം ബാലിശമാണ്!
ഇവിടെ വാര്‍ഷികാഘോഷങ്ങളും നബിദിനാഘോഷവും തമ്മില്‍ 'ഖിയാസാക്കുക' എന്ന വിരോധാഭാസവും കാണാം. ഇതു രണ്ടും ഒരുപോലെയെങ്കില്‍ ബിദ്അത്ത് എന്ന് പറയുന്നത് എന്തിനെപ്പറ്റിയാണ്? ഒരു കാര്യം ബിദ്അത്ത് ആകുന്നതും അല്ലാതായിത്തീരുന്നതും എപ്പോഴാണ്? മയ്യിത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതും മയ്യിത്തിന് ഗുണം ലഭിക്കാനായി ദാനധര്‍മങ്ങള്‍ ചെയ്യുന്നതും സുന്നത്താണെന്നും പറഞ്ഞ് ചാവടിയന്തിരം ഒരാള്‍ സുന്നത്താക്കിയാല്‍? നബിയെ സ്മരിക്കലല്ല, പ്രത്യുത നബിദിനം കൊണ്ടാടലാണ് ഇവിടെ തര്‍ക്കമുള്ള കാര്യം.
ഇവിടെ നബിയെ സ്മരിക്കുന്നതോ, നബിയുടെ സ്തുതി കീര്‍ത്തനങ്ങള്‍ ആലപിക്കുന്നതോ, നബിയെ സംബന്ധിച്ച് പ്രഭാഷണം സംഘടിപ്പിക്കുന്നതോ ആരും എതിര്‍ക്കുന്നില്ല. അത് ഏതു മാസത്തിലാവാം, മുഹര്‍റത്തിലായാലും റമദാനിലായാലും എല്ലാം ഒരുപോലെത്തന്നെ. ഇനി റബീഉല്‍ അവ്വലില്‍ ആയാലും തരക്കേടൊന്നുമില്ല. റബീഉല്‍ അവ്വല്‍ നബി(സ) ജനിച്ച മാസമാണ്, 12 ാം തീയതി തിങ്കളാഴ്ച്ച നബി(സ) ജനിച്ച ദിവസമാണ്, അക്കാരണത്താല്‍ ആ മാസത്തിനും ദിവസത്തിനും പവിത്രതയും ശ്രേഷ്ഠതയും ഉണ്ട്, അതില്‍ തിരുനബിസ്മരണയും മറ്റു ചടങ്ങുകളും പുണ്യമുള്ള കാര്യമാണ് എന്നെല്ലാമുള്ള വിശ്വാസമനുസരിച്ച് കര്‍മങ്ങള്‍ ചെയ്യുന്നതിന്റെ വിധി എന്താണ്? ഇതാണ് പ്രശ്‌നം.
കേവലം ഒരു സ്ഥാപനത്തിന്റെ വാര്‍ഷികമോ ജൂബിലിയോ സംഘടിപ്പിക്കുന്നതുപോലെയാണോ ഇത്? ഇങ്ങനെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ ഏതെങ്കിലും ഒരു തീയതി നിശ്ചയിക്കുമ്പോള്‍ അതിന്റെ മാനദണ്ഡം, പ്രസ്തുത പരിപാടിയുടെ സംഘാടനത്തിനും നടത്തിപ്പിനും വിജയത്തിനും ഏറ്റവും പറ്റിയ ഒരു സമയത്താവുക എന്നതാണ്. അതുപോലെ അതുമായി ബന്ധപ്പെട്ടവരുടെയും അതിന്റെ ഗുണഭോക്താക്കളുടെയും സൗകര്യം, മറ്റു പ്രായോഗിക തടസ്സങ്ങളോ പ്രതിബന്ധങ്ങളോ ഇല്ലാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ്.
എന്നാല്‍, റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനമാഘോഷിക്കലും, ആ മാസം പ്രത്യേകമായി ദിക്‌റ്-പ്രാര്‍ഥനകള്‍ നടത്തലും പ്രവാചകന്റെ സ്തുതി കീര്‍ത്തനങ്ങള്‍ ആലപിക്കലുമൊക്കെ നേരത്തെ പറഞ്ഞ അര്‍ഥത്തിലാണോ? അതോ ആ മാസത്തിനും ദിവസത്തിനും പവിത്രതയും ശ്രേഷ്ഠതയും കല്‍പ്പിച്ചുകൊണ്ടാണോ? ആണെങ്കില്‍ അതാണ് ബിദ്അത്താവുക.
ശഅ്ബാന്‍ 15-ാം രാവില്‍ പ്രത്യേക നമസ്‌കാരവും പകല്‍ സമയത്ത് പ്രത്യേക നോമ്പും ബിദ്അത്താണെന്ന് സമര്‍ഥിക്കവെ ശാഫിഈ മദ്ഹബിലെ ആധികാരിക ഇമാമായ ഇബ്‌നു ഹജറുല്‍ ഹൈത്തമി ഇങ്ങനെ രേഖപ്പെടുത്തുന്നു: ''ആരെങ്കിലും ഒരു സംഗതി ഒരു പ്രത്യേക കാലവുമായോ സ്ഥലവുമായോ ബന്ധപ്പെടുത്തിയാല്‍ അത് ബിദ്അത്തിന്റെ ഗണത്തില്‍പ്പെട്ടു'' (അല്‍ ഫതാവല്‍ കുബ്‌റാ, നോമ്പിന്റെ അധ്യായം).
ഇമാം ഇബ്‌നു തൈമിയ്യയുടെ ഒരു ഉദ്ധരണി ഇത്തരുണത്തില്‍ വളരെ പ്രസക്തമാണ്. അദ്ദേഹം പറയുന്നു: ''ക്രിസ്ത്യാനികള്‍ ഈസാ നബിയുടെ ജന്മദിനമാഘോഷിക്കുന്നതിനോട് ചുവടൊപ്പിച്ചുകൊണ്ടോ, മുഹമ്മദ് നബിയോടുള്ള ബഹുമാനാദരവുകളും സ്‌നേഹവും പ്രകടിപ്പിക്കുക എന്ന നിലക്കോ (അങ്ങനെയുള്ള സ്‌നേഹത്തിനും അധ്വാനത്തിനും ഒരുവേള അല്ലാഹു അവര്‍ക്ക് പ്രതിഫലം നല്‍കിയേക്കാം അല്ലാതെ ബിദ്അത്ത് ചെയ്യുന്നതിനല്ല നബിയുടെ ജന്മദിനം ആഘോഷിക്കല്‍.–ആ ജന്മദിനം എന്നാണെന്നതിലുള്ള തര്‍ക്കം നിലനില്‍ക്കുന്നു എന്ന വസ്തുത ഇരിക്കട്ടെ,–മുന്‍ഗാമികളാരും തന്നെ അത് ചെയ്യുകയുണ്ടായിട്ടില്ല. ചെയ്യാനുള്ള എല്ലാ ന്യായവും ഉണ്ടായിരിക്കുകയും, അതിന് പ്രത്യേകിച്ച് തടസ്സങ്ങളൊന്നും ഇല്ലാതിരിക്കുകയും ചെയ്തിട്ടും അവരാരും അത് ചെയ്യുകയുണ്ടായില്ല. അവരാകട്ടെ നമ്മെക്കാളേറെ തിരുദൂതരോട് വളരെയധികം സ്‌നേഹവും ബഹുമാനാദരവും ഉള്ളവര്‍ കൂടിയായിരുന്നു. നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ നമ്മെക്കാള്‍ കൂടുതല്‍ ഉത്സുകരുമായിരുന്നു. യഥാര്‍ഥത്തില്‍ തിരുമേനിയോടുള്ള സ്‌നേഹാദരവുകളുടെ സമ്പൂര്‍ണത തിരുമേനിയെ അനുധാവനം ചെയ്യുന്നതിലും, അദ്ദേഹത്തെ അനുസരിക്കുന്നതിലും, അവിടുത്തെ ശാസനകള്‍ പിന്‍പറ്റുന്നതിലും, അതിന്റെയടിസ്ഥാനത്തില്‍ മനസ്സുകൊണ്ടും കൈകൊണ്ടും നാവുകൊണ്ടും ജിഹാദ് ചെയ്യുന്നതിലുമാണ്. അന്‍സ്വാരികളും മുഹാജിറുകളുമായ ആദ്യ തലമുറയുടെ ചര്യ അതായിരുന്നു. നല്ല നിലയില്‍ അവരെ പിന്‍പറ്റിയ പിന്‍ഗാമികളുടെ മാതൃകയും അതുതന്നെ'' (ഇഖ്തിളാഉസ്വിറാതില്‍ മുസ്തഖീം 294/295).
ചുരുക്കത്തില്‍, ഏറെക്കാലമായി നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന നബിദിനാഘോഷ പരിപാടികള്‍, റബീഉല്‍ അവ്വലില്‍ പ്രത്യേകം നടത്തപ്പെടുന്ന പ്രാര്‍ഥനകള്‍, കീര്‍ത്തനങ്ങള്‍, ഭക്ഷണ വിതരണം, പള്ളിയില്‍ ഒരുമിച്ചു കൂടിയുള്ള ദിക്‌റുകള്‍, സ്വലാത്തുകള്‍ തുടങ്ങി ലൈലത്തുല്‍ ഖദ്ര്‍ പോലെ റബീഉല്‍ അവ്വല്‍ 12-ാം രാവ് 'ജീവിപ്പിക്കുന്ന'തുള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം തന്നെ പുണ്യം ലഭിക്കുന്ന ഇബാദത്തുകള്‍ എന്ന നിലക്കാണ് നല്ലൊരു വിഭാഗം ആളുകളും ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെ ചെയ്യുന്നതാണ് യഥാര്‍ഥത്തില്‍ പ്രവാചകനോടുള്ള സ്‌നേഹബഹുമാനാദരവുകള്‍ പ്രകടിപ്പിക്കാനുള്ള യഥാര്‍ഥ മാര്‍ഗമെന്നും അവര്‍ ധരിക്കുന്നു. അതിലൊന്നും പങ്കെടുക്കാത്തവര്‍ പ്രവാചകനോട് സ്‌നേഹമില്ലാത്തവരാണെന്നും പരക്കെ പ്രചരിപ്പിക്കപ്പെടുകയും സാധാരണക്കാരെ അത് വിശ്വസിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ പ്രവാചക സ്‌നേഹത്തിന്റെ തനതായ രൂപം തമസ്‌കരിക്കപ്പെടുകയും പല സുന്നത്തുകളും വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ വാശിയും ആവേശവും മൂത്ത് റമദാനില്‍ പോലും ഇല്ലാത്ത ഒരുക്കങ്ങള്‍ നടത്തുന്നു. ക്രിസ്ത്യാനികള്‍ ക്രിസ്തുമസ് വേളകളില്‍ ചെയ്യുന്നതു പോലെ പള്ളികളും പള്ളിക്കൂടങ്ങളും ദീപാലംകൃതമാക്കുന്നു. ഇതിനൊക്കെയും പുരോഹിതന്മാര്‍ ദീനീവര്‍ണം നല്‍കുകയും മേലൊപ്പ് ചാര്‍ത്തുകയും ചെയ്യുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ലേഖകന്റേതുപോലുള്ള മറുപടി എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക എന്ന് ചിന്തിക്കുന്നത് നന്ന്.
Comments