Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 14

മക്കാ വിജയം

ഡോ. മുഹമ്മദ് ഹമീദുല്ല / പഠനം

പ്രവാചകന്‍ തിരുമേനി മദീനയിലേക്കുള്ള വഴികളെല്ലാം അടച്ചിട്ടു. അവിടെ ആയുധധാരികളെ കാവല്‍ നിര്‍ത്തി. മദീനയിലേക്ക് ഒരാളും കടക്കാതിരിക്കാനും അവിടെ നിന്ന് ഒരാളും പുറത്ത് പോകാതിരിക്കാനും വേണ്ടിയാണിത്. മദീനക്കകത്ത് നടന്നുകൊണ്ടിരിക്കുന്ന സന്നാഹങ്ങളെക്കുറിച്ച് പുറംലോകത്തേക്ക് വാര്‍ത്ത ചോര്‍ന്നേക്കുമോ എന്ന അപകടം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഈ നടപടി. ഉടന്‍ തന്നെ ഒരു പടപ്പുറപ്പാട് ഉണ്ടാവുമെന്ന് പ്രവാചകന്‍ അനുയായികളോട് പറഞ്ഞു. എന്നാല്‍ അതിന്റെ യാതൊരു വിശദാംശങ്ങളും നല്‍കിയതുമില്ല. ഒരുങ്ങിയിരിക്കാന്‍ ഉണര്‍ത്തുക മാത്രം ചെയ്തു. കാര്യങ്ങള്‍ എത്രത്തോളം രഹസ്യമായിരുന്നു എന്നു വെച്ചാല്‍, സന്തത സഹചാരി അബൂബക്‌റിന് പോലും എങ്ങോട്ടാണ് യാത്ര എന്ന് അറിയുമായിരുന്നില്ല. അബൂബക്ര്‍, സ്വന്തം മകളും പ്രവാചക പത്‌നിയുമായ ആഇശയോട് വിവരങ്ങള്‍ തിരക്കി. അവര്‍ക്കും അങ്ങനെയൊരു യാത്രയെക്കുറിച്ച് യാതൊന്നും അറിഞ്ഞുകൂടായിരുന്നു. പിതാവും മകളും തമ്മില്‍ സംസാരിച്ച് നില്‍ക്കെയാണ് പ്രവാചകന്‍ അങ്ങോട്ട് കയറിവരുന്നത്. അപ്പോള്‍ മാത്രം പ്രവാചകന്‍ അബൂബക്‌റിന് ആ വിവരം കൈമാറി- നമ്മള്‍ പോകുന്നത് മക്കയിലേക്കാണ്. ഒരാളോടും ഇക്കാര്യം പറഞ്ഞുപോകരുതെന്നും ഓര്‍മപ്പെടുത്തി. പിന്നെ പ്രവാചകന്‍ നടത്തിയ നീക്കങ്ങളുടെ പൊരുളും തന്ത്രപ്രാധാന്യവും സൈനികവിദഗ്ധര്‍ക്ക് മാത്രമേ കൃത്യമായി മനസ്സിലാക്കാനാവൂ.
മുസ്‌ലിംകള്‍ക്ക് ചുറ്റിലും ഒരുപാട് സഖ്യഗോത്രങ്ങളുണ്ട്. യുദ്ധ സന്ദര്‍ഭങ്ങളില്‍ ആ ഗോത്രങ്ങളില്‍ നിന്ന് ഒരുപറ്റം സന്നദ്ധ ഭടന്മാര്‍ മദീനയിലെത്തും. അങ്ങനെ മദീനയിലുള്ളവരും ഇവരും ചേര്‍ന്നാണ് യുദ്ധത്തിന് പുറപ്പെടുക. പക്ഷേ, ഇത്തവണ ആ പതിവ് തെറ്റിച്ചു. സഖ്യഗോത്രങ്ങളുടെ നേതാക്കളെ പ്രവാചകന്‍ ആളെയയച്ച് രഹസ്യമായി വിളിച്ചു വരുത്തുകയായിരുന്നു. ഒന്നിച്ച് അവരോട് സംസാരിക്കുന്നതിന് പകരം, ഓരോരുത്തരുമായും വെവ്വേറെ കൂടിക്കാഴ്ചകള്‍ നടത്തി. ഉടന്‍ തന്നെ ഒരു പടപ്പുറപ്പാട് ഉണ്ടാവുമെന്ന് അവരെ അറിയിച്ചു. പക്ഷേ, എവിടേക്കാണെന്ന് പറഞ്ഞില്ല. ഏതു നിമിഷവും അതുണ്ടാകും. ഗോത്രക്കാര്‍ മുമ്പത്തെപ്പോലെ മദീനയിലേക്ക് വരേണ്ടതില്ല. അവരവരുടെ അധിവാസ കേന്ദ്രങ്ങളില്‍ ഒരുങ്ങിനിന്നാല്‍ മതി. മുസ്‌ലിം സൈന്യം ആ പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഈ ഗോത്രങ്ങള്‍ക്ക് സൈന്യത്തോടൊപ്പം ചേരാം.
ഇങ്ങനെ വളരെക്കൂടുതലാളുകള്‍ യാത്രക്ക് വേണ്ട തിരക്കിട്ട മുന്നൊരുക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പക്ഷേ, യാത്ര എങ്ങോട്ടാണെന്ന് ഒരാള്‍ക്കും അറിഞ്ഞുകൂടാ! പ്രമുഖ പ്രവാചക ശിഷ്യന്‍ ഹുദൈഫത്തുബ്‌നുല്‍ യമാന്‍ പറഞ്ഞതായി സ്വഹീഹുല്‍ ബുഖാരിയില്‍ ഇങ്ങനെ വന്നിട്ടുണ്ട്: മദീനയില്‍ നിന്ന് മക്കയിലേക്കാണ് യാത്രയെങ്കില്‍ നേരെ തെക്കോട്ട് പോകണം. പക്ഷേ, പ്രവാചകന്‍ പോകുന്നത് വടക്കോട്ടാണ്. ബൈസാന്തിയക്കാരുമായി ഒരു യുദ്ധം ആസന്നമായിരിക്കുന്നു എന്ന പ്രതീതിയാണ് അതുണ്ടാക്കിയത്. പിന്നെ അദ്ദേഹം വടക്ക്-കിഴക്കോട്ട് നീങ്ങുന്നു; പിന്നെ തെക്ക് കിഴക്കോട്ടും. ചുറ്റി വളഞ്ഞുള്ള ഒരു യാത്ര. പ്രവാചകന്റെ പ്ലാന്‍ എന്താണെന്ന് ഒരാള്‍ക്കും ഒരു പിടിയും കിട്ടുന്നില്ല. ഹുദൈഫ എന്ന ഈ പ്രവാചക ശിഷ്യന്‍ പറയുന്നത്, യാത്രയുടെ ഒടുവിലത്തെ താവളമായ മക്കക്ക് ചുറ്റുമുള്ള കുന്നുകളില്‍ എത്തുന്നത് വരെയും എങ്ങോട്ടാണ് പോകുന്നതെന്ന് തനിക്ക് മനസ്സിലായില്ലെന്നാണ്. പതിനായിരത്തോളം വരുന്ന സൈനികര്‍; നമ്മുടെ കാലത്തെ അളവ് കോല്‍ വെച്ച് പറഞ്ഞാലും ഒരു വലിയ സൈന്യം തന്നെയാണത്. ജനം കാണാതെയും വിവരമറിയാതെയും ഈ സൈന്യത്തെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോവുക സാധ്യമേയല്ല. പക്ഷേ, ഇത്ര വലിയൊരു സൈന്യം ആകാശത്ത് നിന്ന് പൊട്ടി വീണത് പോലെയാണ് മക്കക്കാര്‍ക്ക് അനുഭവപ്പെട്ടത്. ഇത്രയധികം ദൂരം താണ്ടിയെത്തിയ ഈ സൈന്യത്തിന്റെ വരവിനെക്കുറിച്ച് അവരിലൊരാള്‍ക്കും ഒരു സൂചന പോലും ലഭിക്കുകയുണ്ടായില്ല.
സൈനിക പര്യടനങ്ങള്‍ ഉണ്ടാവുമ്പോള്‍ സാധാരണ ഭക്ഷണം പാചകം ചെയ്യുന്നത് പൊതു പാചകശാലയില്‍ വെച്ചായിരിക്കും. ഇവിടെ ആ പതിവും തെറ്റിച്ചു. ഓരോ സൈനികനും സ്വന്തമായി അടുപ്പ് കൂട്ടി പാചകം ചെയ്യണമെന്ന് പ്രവാചകന്‍ പ്രത്യേകം നിര്‍ദേശിച്ചു. രാത്രിയില്‍ ദൂരെ നിന്ന് നോക്കിയാല്‍ തന്നെ പതിനായിരം അടുപ്പുകള്‍ കത്തുന്നത് കാണാം. മുസ്‌ലിംകള്‍ മക്കക്ക് പുറത്ത് തമ്പടിച്ച ശേഷം, രംഗം വീക്ഷിക്കാനായി മക്കക്കാരുടെ നേതാവ് അബൂസുഫ്‌യാന്‍ ഒരു കുന്നിന്‍ മുകളില്‍ കയറിനിന്നു. ഒരു പ്രദേശം ഒന്നാകെ അടുപ്പുകള്‍ നിരന്ന് കത്തുന്നത് കണ്ടപ്പോള്‍ മുസ്‌ലിം സൈന്യത്തിന്റെ എണ്ണം അമ്പതിനായിരമെങ്കിലും കാണും എന്നാണ് അദ്ദേഹത്തിന് തോന്നിയത്. ശത്രുവിന്റെ നീക്കം കുറെക്കൂടി സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം കുന്നിറങ്ങുമ്പോള്‍, അപ്പോഴേക്കും അവിടെ എത്തിക്കഴിഞ്ഞിരുന്ന മുസ്‌ലിം പട്രോള്‍ സംഘത്തിന്റെ പിടിയിലകപ്പെട്ടു. മക്കാ നഗരത്തിന്റെ സര്‍വ സൈന്യാധിപനാണ് അബൂസുഫ്‌യാന്‍. അദ്ദേഹം പിടിയിലായ വിവരമൊന്നും മക്കക്കാര്‍ അറിഞ്ഞില്ല. അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി മാന്യമായി പരിചരിക്കാന്‍ പ്രവാചകന്‍ നിര്‍ദേശം നല്‍കി.
അടുത്ത പ്രഭാതത്തില്‍ ഈ സുശിക്ഷിതമായ സൈന്യത്തിന്റെ അകമ്പടിയോടെ പ്രവാചകന്‍ മക്കയില്‍ പ്രവേശിച്ചു. ഇങ്ങനെയൊരു നീക്കവും മക്കക്കാര്‍ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. അവര്‍ നോക്കുമ്പോള്‍ തങ്ങളുടെ സര്‍വസൈന്യാധിപനെ നഗരത്തിലെവിടെയും കാണാനില്ല. നേതാവില്ലാതെ എങ്ങനെ ശത്രുവിനെ നേരിടും? അബൂസുഫ്‌യാനെ ഒരു പ്രത്യേക സ്ഥലത്ത് കൊണ്ടുവന്ന് നിര്‍ത്താന്‍ പ്രവാചകന്‍ ഒരു സൈനികനോട് ആവശ്യപ്പെട്ടു. അവിടെ നിന്നാല്‍ മുസ്‌ലിം സൈന്യം മാര്‍ച്ച് ചെയ്ത് പോകുന്നത് അബൂസുഫ്‌യാന് അടുത്ത് നിന്ന് കാണാനാവും. സൈന്യത്തിന്റെ ശക്തി ബോധ്യപ്പെടുകയും ചെയ്യും.  ഓരോ ബറ്റാലിയനും കടന്നുപോകുമ്പോള്‍ അത് ഏത് ഗോത്രമാണെന്നും അതിന്റെ നേതാവാരാണെന്നും അബൂസുഫ്‌യാന് പറഞ്ഞുകൊടുക്കും. ഒടുവില്‍ പ്രവാചകന്‍ നേതൃത്വം നല്‍കുന്ന ബറ്റാലിയന്റെ ഊഴമായി. പ്രവാചകന്റെ പിതൃസഹോദരന്‍ അബ്ബാസ് പ്രവാചകനെ പരിചയപ്പെടുത്താനൊരുങ്ങിയപ്പോള്‍ അബൂസുഫ്‌യാന്‍ പറഞ്ഞു: ''താങ്കളുടെ സഹോദരപുത്രന്‍ ശരിക്കും ഒരു രാജാവ് തന്നെ. റോമിലെ സീസര്‍ പോലും അദ്ദേഹത്തെ ഭയപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.'' പ്രവാചകന്‍ അടുത്തെത്തിയപ്പോള്‍ അബൂസുഫ്‌യാനെ ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കാനും സ്വതന്ത്രനാക്കാനും ഉത്തരവിട്ടു. മുസ്‌ലിം സൈന്യത്തോട് ഏറ്റുമുട്ടുന്നത് നിഷ്ഫലമാണെന്ന് അബൂസുഫ്‌യാന് ബോധ്യപ്പെട്ട് കഴിഞ്ഞിരുന്നു. സമാധാനത്തിന്റെ അടയാളം എന്ന നിലക്ക് ആയുധങ്ങള്‍ താഴെ വെക്കാന്‍ അദ്ദേഹം തന്റെ ആളുകളോട് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു. ജനങ്ങളോട് വീട്ടില്‍ തന്നെ ഇരിക്കണമെന്നും പുറത്തേക്കിറങ്ങരുതെന്നും ആവശ്യപ്പെട്ടു. 'ആരെങ്കിലും കഅ്ബയുടെ മുറ്റത്ത് ചെന്നു നിന്നാല്‍ അവന്‍ സുരക്ഷിതനാണ്. സ്വന്തം വീട്ടില്‍ തന്നെ കഴിയുന്നവനും അബൂസുഫ്‌യാന്റെ വീട്ടില്‍ അഭയം തേടിയവനും സുരക്ഷിതനാണ്.' പ്രവാചകന്‍ നല്‍കിയ ചില ശുഭസൂചനകള്‍ കണ്ടാണ് അബൂസുഫ്‌യാന്‍ ഇതൊക്കെ പറഞ്ഞതെങ്കിലും ജനം കരുതിയത് അദ്ദേഹം മുസ്‌ലിമായിട്ടുണ്ടെന്നാണ്. അബൂസുഫ്‌യാന്‍ പിന്നെ നേരെ പോയത് തന്റെ വീട്ടിലേക്കാണ്. രാത്രി മുഴുവന്‍ അയാളെയും കാത്തിരിക്കുകയായിരുന്നു ഭാര്യ. പതിനായിരം വരുന്ന സൈന്യവുമായാണ് മുഹമ്മദ് വന്നിരിക്കുന്നതെന്നും ചെറുക്കുന്നത് മണ്ടത്തരമാണെന്നും അയാള്‍ ഭാര്യയോട് പറഞ്ഞു. ഭാര്യ അബൂസുഫ്‌യാന്റെ താടിയില്‍ പിടിച്ച് മുഖത്തൊരു അടിവെച്ചു കൊടുത്തു; ഭീരുവെന്ന് വിളിച്ച് അധിക്ഷേപിച്ചു.
വിജയശ്രീലാളിതനായി മക്കയില്‍ പ്രവേശിച്ച പ്രവാചകന്‍ മക്കക്കാരോട് കഅ്ബയുടെ തിരുമുറ്റത്ത് ഒത്തുകൂടാന്‍ ഉത്തരവിട്ടു. തങ്ങള്‍ക്കെതിരെ അദ്ദേഹം എന്ത് നടപടിയാണ് സ്വീകരിക്കുക? വരാനിരിക്കുന്ന ദുരന്തമോര്‍ത്ത് ജനം ഭയചകിതരായി. അപ്പോള്‍ ദുഹ്ര്‍ നമസ്‌കാരത്തിനുള്ള സമയമായിട്ടുണ്ട്. ബാങ്ക് കൊടുക്കാന്‍ പ്രവാചകന്‍ തന്റെ അനുയായികളിലൊരാളായ ബിലാലിനോട് ആവശ്യപ്പെട്ടു. ബിലാല്‍ കഅ്ബയുടെ മേല്‍ക്കൂരയില്‍ കയറി പ്രഖ്യാപിച്ചു; 'ഞാന്‍ സാക്ഷ്യം വഹിക്കുന്നു, അല്ലാഹുവല്ലാതെ വേറെ ദൈവമില്ല; മുഹമ്മദ് അവന്റെ ദൂതനാകുന്നു.' അവിടെ കൂടിയവരില്‍ വിശ്വാസികളല്ലാത്ത ഒരുപാട് പേരുണ്ട്. അവരിലൊരാളാണ് അത്താബ് ബ്‌നു ഉസൈദ്. ഇസ്‌ലാമിന്റെ കഠിന ശത്രുക്കളിലൊരാള്‍. അയാള്‍ തന്റെ അടുത്ത് നില്‍ക്കുന്ന ഒരാളുടെ കാതില്‍ മന്ത്രിച്ചു: ''ദൈവത്തിന് സ്തുതി. എന്റെ പിതാവ് ജീവിച്ചിരിപ്പില്ലാത്തത് നന്നായി. അല്ലെങ്കില്‍ ഒരു കറുത്ത കഴുത കഅ്ബക്ക് മുകളില്‍ കയറി മുക്രയിടുന്നത് അദ്ദേഹം സഹിക്കുമായിരുന്നില്ല.''
നമസ്‌കാരം കഴിഞ്ഞ് പ്രവാചകന്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. അവിടുന്ന് ചോദിച്ചു: ''നിങ്ങള്‍ എന്താണ് എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത്?'' കഴിഞ്ഞ ഇരുപത് വര്‍ഷമായി മുസ്‌ലിംകള്‍ക്കെതിരെ തങ്ങള്‍ നടത്തിയ കടുത്ത മര്‍ദന പീഡനങ്ങളും അവഹേളനങ്ങളും അവരുടെ ഓര്‍മയില്‍ തെളിഞ്ഞു. അപമാന ഭാരത്താല്‍ അവരുടെ തലകള്‍ കുനിഞ്ഞു. അവര്‍ക്ക് ഇത്രമാത്രമേ പറഞ്ഞൊപ്പിക്കാനായുള്ളൂ: ''താങ്കളൊരു മാന്യനാണ്, ഒരു മാന്യവ്യക്തിയുടെ മകനുമാണ്.'' ഒരു മാന്യന് ചേരുന്ന നടപടിയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്ന് സൂചന. തുടര്‍ന്ന് പ്രവാചകന്‍ നടത്തിയ പ്രതികരണത്തിന് ചരിത്രത്തിലെവിടെയും നിങ്ങള്‍ സമാനമായ മാതൃക കാണുകയില്ല. അത്രക്കും ഉദാത്തവും അദ്വിതീയവുമായിരുന്നു ആ വാക്കുകള്‍: ''പോകൂ, നിങ്ങള്‍ സ്വതന്ത്രരാണ്. നിങ്ങള്‍ക്കെതിരെ യാതൊരു പ്രതികാര നടപടിയുമില്ല.'' പ്രവാചകന് വേണമെങ്കില്‍ തന്റെ ശത്രുക്കളെ മുഴുവന്‍ കൂട്ടക്കശാപ്പ് ചെയ്യാന്‍ ഉത്തരവിടാമായിരുന്നു. ആ ഉത്തരവ് പെട്ടെന്ന് നടപ്പാക്കാന്‍ എന്തിനും സന്നദ്ധരായി നില്‍ക്കുന്ന ഒരു സൈന്യവും തന്നോടൊപ്പമുണ്ട്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ നടപടി തീര്‍ത്തും ന്യായം എന്നേ ചരിത്രം വിലയിരുത്തുമായിരുന്നുള്ളൂ. അല്ലെങ്കില്‍ മക്കാവാസികളെ മുഴുവന്‍ അടിമകളാക്കാമായിരുന്നു. അതും ന്യായമായ നടപടിയായി വിലയിരുത്തപ്പെടും. ഇനി സാധാരണ യുദ്ധവിജയികള്‍ ചെയ്യുന്നത് പോലെ നഗരം കൊള്ളയടിച്ചിരുന്നുവെങ്കിലും പ്രവാചകന്‍ ആക്ഷേപിക്കപ്പെടുമായിരുന്നില്ല. ഇതൊന്നും അദ്ദേഹം ചെയ്തില്ലെന്ന് മാത്രമല്ല, പഴയ കാലത്തെ ഒരു കലിപ്പും ബാക്കി വെക്കാതെ എല്ലാവര്‍ക്കും കലവറയില്ലാതെ മാപ്പ് നല്‍കുകയും ചെയ്തു. എല്ലാം പൊറുക്കുകയും മറക്കുകയും ചെയ്തിരിക്കുന്നു എന്ന് അദ്ദേഹം അവരോട് പറഞ്ഞു.
ഇത് കേട്ടപ്പോള്‍, നാമിപ്പോള്‍ പരാമര്‍ശിച്ച അത്താബ് ബ്‌നു ഉസൈദ് എന്നയാളുണ്ടല്ലോ-ബിലാലിന്റെ ബാങ്കിനെ കഴുതക്കരച്ചിലായി ചിത്രീകരിച്ചയാള്‍, ഓടി വന്നു പ്രവാചകനോട് പറഞ്ഞു: 'ഞാന്‍ ഇന്നയിന്ന ആളാണ്. ഞാന്‍ താങ്കള്‍ കൊണ്ടുവന്ന സന്ദേശത്തില്‍ വിശ്വസിച്ചിരിക്കുന്നു.' പ്രവാചകന് വളരെയേറെ സന്തോഷമായി. ഉടനെ തന്നെ അദ്ദേഹത്തെ മക്കയുടെ ഗവര്‍ണറായി നിശ്ചയിക്കുകയും ചെയ്തു. ആലോചിച്ച് നോക്കൂ, ഒരു നിമിഷം മുമ്പ് ഇസ്‌ലാമിന്റെ ബദ്ധവൈരിയായിരുന്നയാള്‍ പ്രവാചകന്‍ ജയിച്ചടക്കിയ മക്കയുടെ ഗവര്‍ണറാവുക! ഇനി പ്രവാചകന്‍ മദീനയിലേക്ക് തന്നെ തിരിച്ച് പോവുകയാണ്. മക്കയില്‍ ഒരു സാദാ പട്ടാളക്കാരനെപ്പോലും നിര്‍ത്താതെയാണ് ഈ തിരിച്ച്‌പോക്ക്. ഈ തീരുമാനത്തില്‍ പ്രവാചകന് ഒരിക്കലും ഖേദിക്കേണ്ടി വന്നില്ല. രാത്രിക്ക് രാത്രി മക്കക്കാര്‍ ഒന്നടങ്കം ഇസ്‌ലാം സ്വീകരിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞ് മദീനയില്‍ ഒരു കള്ളപ്രവാചകന്റെ നേതൃത്വത്തില്‍ പടയൊരുക്കമുണ്ടായപ്പോള്‍, അതിനെതിരെ അടിയുറച്ച് നിന്ന് ഇസ്‌ലാമിക സമൂഹത്തിന് ശക്തി പകര്‍ന്നത് മക്കയിലെ വിശ്വാസി സമൂഹമായിരുന്നു.
അബൂസുഫ്‌യാന്റെ ഭാര്യയുടെ ഇസ്‌ലാമാശ്ലേഷത്തെപ്പറ്റി ഒരു ചെറുവിവരണം കൂടി നല്‍കാം. ഹിന്ദ് എന്നാണ് അവരുടെ പേര്. അവരുടെ മകനും സഹോദരനും അമ്മാവനും ബദ്ര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതിനുള്ള പ്രതികാരമായാണ് ഹിന്ദ് ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷിയായ, നബിയുടെ പിതൃസഹോദരന്‍ ഹംസയുടെ മൃതശരീരം കുത്തിപ്പിളര്‍ത്തി കരള്‍ പറിച്ചെടുത്ത് ചവച്ച് തുപ്പിയത്. മക്കാ വിജയം നടക്കുമ്പോള്‍ കൗതുകമുണര്‍ത്തുന്ന സംഭവങ്ങളാണ് ഹിന്ദിന്റെ വീട്ടില്‍ നടന്നു കൊണ്ടിരുന്നത്. ഒരു വടിയെടുത്ത് ഹിന്ദ് വീട്ടിലുള്ള വിഗ്രഹങ്ങളെല്ലാം തച്ചുടച്ചു. ''നിങ്ങളൊക്കെ ഇതുവരെ ഞങ്ങളെ ചതിക്കുകയായിരുന്നു'' ഹിന്ദ് ആക്രോശിച്ചു. ''നിങ്ങള്‍ക്കൊന്നും ഒരു കഴിവുമില്ലെന്ന് ഞങ്ങള്‍ക്കിപ്പോള്‍ ബോധ്യമായിരിക്കുന്നു.''
താന്‍ ചെയ്ത കിരാത പ്രവൃത്തിക്ക് പ്രവാചകന്‍ തന്നെ കഠിനമായി ശിക്ഷിക്കുമെന്ന് ഹിന്ദ് ഭയന്നിരുന്നു. പ്രവാചകന്റെ പിതൃസഹോദരന്റെ മൃതശരീരത്തെയാണ് താന്‍ അതിക്രൂരമായി അവഹേളിച്ചത്. അതിനാല്‍ പ്രവാചക സന്നിധിയില്‍ നേര്‍ക്ക് നേരെ കടന്നു ചെല്ലാന്‍ ഹിന്ദ് ധൈര്യപ്പെട്ടില്ല. അപ്പോഴാണ് ഇസ്‌ലാം സ്വീകരിക്കാനായി ഒരുപറ്റം സ്ത്രീകള്‍ പ്രവാചക സന്നിധിയിലേക്ക് പോകുന്നത് കണ്ടത്. ഹിന്ദ് രഹസ്യമായി അവരോടൊപ്പം ചേര്‍ന്നു. ആളെ തിരിച്ചറിയാതിരിക്കാനായി ഹിന്ദ് മുഖം മറച്ചിരുന്നു. ഇസ്‌ലാമനുസരിച്ച് ജീവിക്കുമെന്ന് സ്ത്രീകള്‍ കൂട്ടമായി പ്രതിജ്ഞ ചെയ്തപ്പോള്‍ ഹിന്ദും ആ പ്രതിജ്ഞ ഏറ്റുചൊല്ലി. പിന്നെ പ്രവാചകന്‍ അവരോട് വിഗ്രഹങ്ങളെ ആരാധിക്കരുതെന്നും ഏകദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നും ഉപദേശിച്ചു.
ഉടന്‍ വന്നു ഹിന്ദിന്റെ പ്രതികരണം: ''ഞങ്ങളിത് വരെ കബളിപ്പിക്കപ്പെടുകയായിരുന്നു. വിഗ്രഹങ്ങള്‍ക്ക് യാതൊരു കഴിവുമില്ലെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് ബോധ്യമായി.'' സ്ത്രീകള്‍ അധാര്‍മിക വൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് പ്രവാചകന്‍ തുടര്‍ന്ന് ഉപദേശിച്ചപ്പോള്‍, തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ അങ്ങനെ ചെയ്യുമോ എന്നായി ഹിന്ദിന്റെ തിരിച്ചുള്ള ചോദ്യം. കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ച് മൂടരുത് എന്നായിരുന്നു പ്രവാചകന്റെ അടുത്ത ഉപദേശം. അപ്പോള്‍ ഹിന്ദ് പൊട്ടിത്തെറിക്കുക തന്നെ ചെയ്തു: ''പ്രവാചകരേ, ഞങ്ങള്‍ കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്തി വലുതാക്കുന്നു. താങ്കള്‍ അവരെ കൊലപ്പെടുത്തുകയാണല്ലോ.'' ഉച്ചത്തില്‍ സംസാരിക്കുന്ന സ്ത്രീ ആരാണെന്ന് പ്രവാചകന്‍ അന്വേഷിച്ചു. ഹിന്ദാണെന്ന് അറിഞ്ഞപ്പോള്‍ അവിടുന്ന് ചെറുതായൊന്ന് മന്ദഹസിച്ചു. ഇതാണ് ഹിന്ദിന്റെ മാനസാന്തര കഥ.
പ്രവാചകന്റെ മക്കയിലേക്കുള്ള വിജയ യാത്രയില്‍ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒട്ടുവളരെ കാര്യങ്ങളുണ്ട്. ആളുകളുടെ മനോവികാരങ്ങള്‍ കൂടി കണക്കിലെടുത്താണ് ഓരോ നടപടിയും. എല്ലാം അതാതിന്റെ സമയത്ത് തന്നെ. അനവസരത്തിലുള്ള കാര്‍ക്കശ്യം എവിടെയും കാണാനാവില്ല. എന്നാല്‍ അമിതമായ കാരുണ്യ പ്രകടനങ്ങള്‍ നടത്തി കയറഴിച്ച് വിടുന്നുമില്ല. ഈയൊരു നിലപാടാണ് വിജയത്തെ സ്ഥായിയായി നിലനിര്‍ത്തുക. ശത്രുവിന് ഒരു സൂചന പോലും കൊടുക്കാതെ എത്ര സമര്‍ഥമായാണ് അദ്ദേഹം തന്റെ സൈന്യത്തെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചതെന്ന് നോക്കുക. ഒരിറ്റ് രക്തം പോലും ചിന്താതെയാണ് ആ വിജയം സാധ്യമായത് എന്നത് എന്തുമാത്രം വിസ്മയകരമല്ല!
യുദ്ധത്തിന്റെ മറ്റു ചില വശങ്ങള്‍ കൂടി ഹ്രസ്വമായി പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. സ്ത്രീകളുടെ പങ്കാളിത്തമാണ് ഒന്നാമത്തേത്. പരിക്കേറ്റവരെ ശുശ്രൂഷിക്കുക, പാചകം ചെയ്യുക, മരിച്ചവരെ മറമാടുക ഇതൊക്കെ തുടക്കം മുതലേ പ്രവാചകന്‍ സ്ത്രീകളെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളായിരുന്നു. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത പെണ്‍കുട്ടികള്‍ വരെ യുദ്ധസംരംഭങ്ങളില്‍ പങ്കാളികളായിരുന്നു. മുസ്‌ലിംകള്‍ക്ക് സ്ഥിരമായി സൈന്യമുണ്ടായിരുന്നില്ല. യുദ്ധ സന്ദര്‍ഭം വരുമ്പോള്‍ പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം അതില്‍ പങ്കെടുക്കല്‍ ബാധ്യതയായി മാറും. സന്ദര്‍ഭത്തിന്റെ ഗൗരവമനുസരിച്ച് വേണ്ടത്ര ആളുകളെ സര്‍വസൈന്യാധിപന് റിക്രൂട്ട് ചെയ്യാം. യുദ്ധമില്ലാത്ത കാലങ്ങളില്‍ ആളുകള്‍ക്ക് സൈനിക പരിശീലനം നല്‍കിയിരുന്നു. ഓട്ട മത്സരങ്ങള്‍ സംഘടിപ്പിക്കും. അമ്പെയ്ത്ത്, ഗുസ്തി പോലുള്ള മത്സരങ്ങളും ഉണ്ടാവും. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഏത് സന്ദര്‍ഭത്തിലും കായികമായും മാനസികമായും ജനം പടനീക്കത്തിന് തയാറായിരിക്കും എന്നര്‍ഥം. സൈനികരുടെ വിശ്വാസം എത്രത്തോളം ദൃഢതരമാണോ അതിനനുസരിച്ചിരിക്കും സൈന്യത്തിന്റെ വിജയക്കുതിപ്പുകള്‍. എണ്ണക്കുറവ് മുസ്‌ലിം സൈന്യത്തിന് പ്രശ്‌നമാകാതിരുന്നത് അതുകൊണ്ടാണ്.
ഒരു സര്‍വസൈന്യാധിപന്‍ എപ്പോഴും ഒട്ടേറെ നേതൃഗുണങ്ങള്‍ മേളിച്ച ഒരാളായിരിക്കണം. വിശദാംശങ്ങളില്‍ ഒരു കാര്യവും നിസ്സാരമായി കാണരുത്. പ്രവാചകന്റെ ചില നീക്കങ്ങള്‍ പരിശോധിക്കുക. രാവിലെയാണ് പടനീക്കം ഉണ്ടാകുന്നതെങ്കില്‍ സൂര്യരശ്മികള്‍ ഭടന്മാരുടെ മുഖത്ത് തട്ടാത്ത രീതിയിലായിരിക്കും പ്രവാചകന്‍ സൈനിക നീക്കത്തിന്റെ ദിശ നിശ്ചയിക്കുക. മുസ്‌ലിം സൈനികരുടെ പിരടിയിലാണ് സൂര്യരശ്മികള്‍ പതിക്കുന്നതെങ്കില്‍ അതിനര്‍ഥം എതിരെ വരുന്ന ശത്രുസൈനികരുടെ കണ്ണില്‍ സൂര്യരശ്മികള്‍ പതിക്കുമെന്നും അതവര്‍ക്ക് അസ്വാരസ്യമുണ്ടാക്കുമെന്നുമാണല്ലോ. പ്രവാചകന്‍ നന്നായി കാലാവസ്ഥാ നിരീക്ഷണവും നടത്തിയിരുന്നു. സൈനിക നീക്കത്തിന് കാറ്റ് അനുകൂലമാണോ എന്ന് പരിശോധിക്കും. കാറ്റിനെതിരെ നീങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചു.
ഹദീസിലും നബിചരിത്രകൃതികളിലും ഇതുപോലുള്ള ഒരുപാട് സംഭവങ്ങളുണ്ട്. ഈയര്‍ഥത്തില്‍ 'ഞാന്‍ കാരുണ്യത്തിന്റെയും പോരാട്ടത്തിന്റെയും പ്രവാചകനാണ്' എന്ന നബിവചനം തീര്‍ത്തും സംഗതമാണെന്ന് കാണാം. രക്തം ചിന്തുമെന്നോ ശത്രുവിനെ തകര്‍ത്ത് തരിപ്പണമാക്കുമെന്നോ ഒന്നുമല്ല ഈ നബിവചനത്തിന്റെ പൊരുള്‍. പടയോട്ടത്തിനിടയില്‍ സമുന്നതമായ ദൈവിക ലക്ഷ്യങ്ങളിലേക്ക് ജനസഞ്ചയങ്ങളെ നയിക്കുന്ന പ്രവാചകനെയാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.
(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/27-35
എ.വൈ.ആര്‍