ഇസ്‌ലാമിക രാഷ്ട്രീയവും ആഗോള രാഷ്ട്രീയവും

ഈജിപ്തിലും തുനീഷ്യയിലും സര്‍വാധിപതികളെ കടപുഴക്കി വീഴ്ത്തിയ ഉടനെ നാം കണ്ടത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആയി രംഗത്ത് വരുന്നതാണ്. അന്ന് ഉയര്‍ന്നുവന്ന നിര്‍ദേശം അവരെല്ലാം 'തുര്‍ക്കി മാതൃക' പിന്തുടരണം എന്നതായിരുന്നു. എന്താണീ തുര്‍ക്കി മാതൃക?
ഇസ്‌ലാമിക ലക്ഷ്യം മുന്‍നിര്‍ത്തി സമഗ്രാധിപത്യത്തില്‍ ഊന്നിയ ജനാധിപത്യവിരുദ്ധ ഭരണകൂടത്തെയും അതിന്റെ ബഹുവിധ കൈവഴികളെയും ജനാധിപത്യ ഭരണകൂടമായി പരിവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ നയ സമീപനങ്ങളും സൃഷ്ടിപരമായ വഴികളും സ്വീകരിക്കുക എന്നതാണ് തുര്‍ക്കി മാതൃകയുടെ ഒരു വിശദീകരണം. ജനാധിപത്യത്തിലേക്കുള്ള പടിപടിയായുള്ള മാറ്റം എന്നതു സുദീര്‍ഘമായ ഒരു പ്രക്രിയയാണ്. മിലിട്ടറിയോ ഫാഷിസ്റ്റുകളോ കമ്യൂണിസ്റ്റുകളോ വെളുത്ത വംശീയവാദികളുടെ അപാര്‍ത്തീഡ് ഭരണകൂടമോ പോലുള്ള സമഗ്രാധിപത്യ സംവിധാനത്തെ പടിപടിയായി മാറ്റി ജനാധിപത്യപരമായ ഭരണ നിര്‍വഹണമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഇതു സാക്ഷാത്കരിക്കുന്നതിന് പല തരത്തിലുള്ള സന്ധി സംഭാഷണങ്ങളും കൂടിയാലോചനകളും ആവശ്യമായി വരും. അതിന്റെ ഭാഗമായി സമഗ്രാധിപത്യവിരുദ്ധ ശക്തികള്‍ പരിവര്‍ത്തന നടപടി എന്ന നിലയില്‍, ഇപ്പോഴും സമൂഹത്തില്‍ തുടരുന്ന സമഗ്രാധിപത്യത്തിന്റെ ഘടകങ്ങളെ കുറിച്ച് സമൂഹവുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കണം. അതായത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന ആളുകള്‍ ഇപ്പോഴും സജീവമാണെന്നും നമുക്കിനിയും ധാരാളം ചുവപ്പു നാടകള്‍ മറികടക്കാനുണ്ടെന്നും അവര്‍ നിരന്തരം സമൂഹത്തെ ബോധ്യപ്പെടുത്തണം. തെക്കന്‍ യൂറോപ്പില്‍ 1970- കളിലും തെക്കന്‍ അമേരിക്കയില്‍ 1980-കളിലും കിഴക്കന്‍ യൂറോപ്പില്‍ 1990-കളിലും ഈ പ്രക്രിയ നടന്നിരുന്നു. ജനാധിപത്യ മാറ്റം എന്നത് വലിയ പ്രയാസങ്ങള്‍ നിറഞ്ഞ പ്രക്രിയയാണ്. അതിനു നല്ല രാഷ്ട്രീയ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
എന്നാല്‍, യൂറോപ്പിലും തെക്കന്‍ അമേരിക്കയിലും ഏറ്റവും അടുത്ത് ദക്ഷിണാഫ്രിക്കയിലും നടന്ന ജനാധിപത്യ പ്രക്രിയയിലേക്കുള്ള മാറ്റത്തില്‍ നിന്ന് വ്യത്യസ്തമായ ചില പ്രശ്‌നമേഖലകള്‍ ഇസ്‌ലാമിസ്റ്റുകള്‍ (വിശിഷ്യ തുര്‍ക്കിയിലെ എ.കെ പാര്‍ട്ടി) അഭിമുഖീകരിച്ചിട്ടുണ്ട്. മൂന്നു തലത്തില്‍ അത് വിശദീകരിക്കേണ്ടതുണ്ട്. ഒന്നാമതായി, തുര്‍ക്കിയിലെ സമഗ്രാധിപത്യ ഭരണകൂടത്തിന്റെ സ്വഭാവം സമാനമായ മറ്റു സാഹചര്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അത്ര വ്യക്തമല്ല. അതായത് നേരിട്ടുള്ള മിലിട്ടറി ഭരണമില്ലാതെ നില നിന്ന കമാലിസ്റ്റ് ഭരണകൂടത്തെ ലോകത്ത് എല്ലാവരും ഒരുപോലെ സ്വേഛാധിപത്യ ഭരണമായി കരുതിയിരുന്നില്ല. രണ്ടാമതായി, കമാലിസം മുസ്‌ലിംകളുടെ മുസ്‌ലിമീയത(Muslimness)യുടെ രാഷ്ട്രീയത്തെയാണ് നിയന്ത്രിച്ചത്. അതായത് മുസ്‌ലിംകളുടെ മേലുള്ള പോലീസിംഗ് ആണ് അവര്‍ നടത്തിയത്. ഈ പോലീസിംഗ് മുസ്‌ലിംകളുടെ ആധുനികവത്കരണത്തിനു വേണ്ടിയുള്ള, അങ്ങനെ അവര്‍ ആധുനികര്‍ ആയിത്തീരാന്‍ ന്യായമായും സ്വീകരിക്കേണ്ട, നിയന്ത്രണം ആയാണ് കമാലിസ്റ്റുകള്‍ കരുതിയത്. തങ്ങള്‍ അധികാരത്തില്‍ വന്നതിനു ശേഷം എ.കെ.പി പടിപടിയായി മുസ്‌ലിംകളുടെ മുസ്‌ലിമീയതയെ നിയന്ത്രിക്കുന്ന ഘടകങ്ങളില്‍ നിന്ന് അവരെ വിമോചിപ്പിച്ചു. ഇത് തുര്‍ക്കിയില്‍ അപ്പോഴും നിലനിന്ന കമാലിസ്റ്റുകളെ തീര്‍ച്ചയായും അലോസരപ്പെടുത്തിയെന്നു കാണാം. മൂന്നാമതായി, എ.കെ.പി നേതൃത്വം നല്‍കുന്ന ഈ മാറ്റം ഓറിയന്റലിസം മേല്‍ക്കോയ്മ നേടിയ ആഗോള സാഹചര്യത്തിലാണ് നടക്കുന്നത്. ഈ മേല്‍ക്കോയ്മ വീക്ഷണപ്രകാരം ഇസ്‌ലാമും ജനാധിപത്യവും പരസ്പര വിരുദ്ധമാണ്.
വേറൊരു രീതിയില്‍ വിശദീകരിച്ചാല്‍, എ.കെ.പിയുടെ പ്രവര്‍ത്തന പരിപാടികള്‍ ജനാധിപത്യ പ്രക്രിയയിലൂടെയുള്ള മാറ്റം എന്ന കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തി ആയിരുന്നു. എ.കെ.പി തിരിച്ചറിഞ്ഞത്, തുര്‍ക്കിയിലെ സമഗ്രാധിപത്യ വാഴ്ചയുടെ അവസാനം ശരിക്കും ഇസ്‌ലാമിനെയും ഇസ്‌ലാമിക ലോക ഭാവനയെയും രാജ്യത്തിന്റെ ഭാവിയില്‍ വലിയൊരു സാന്നിധ്യമായി കാണുന്നതിലൂടെ മാത്രമാണെന്നാണ്. എ.കെ.പിയുടെ വിജയം മൂന്ന് തലത്തിലാണ്. ഒന്ന്, ഇലക്ഷനില്‍ അവര്‍ നേടിയെടുത്ത ബഹുജന പിന്തുണ. രണ്ട്, അവരുടെ ജനാധിപത്യ അനുകൂല പരിഷ്‌കരണ നടപടികള്‍. മൂന്ന്, ദേശീയതലത്തിലും ഇസ്‌ലാമികമായും അവര്‍ തുര്‍ക്കിയെ ആഗോളതലത്തില്‍ സ്ഥാനപ്പെടുത്തിയ വിധം.
എ.കെ.പിയുടെ ഈ വിജയം സമഗ്രാധിപത്യ ഭരണകൂടത്തിന്റെ സ്വഭാവം തിരിച്ചറിയുന്നതിലൂടെയും അവര്‍ മുസ്‌ലിമീയതയുടെ ശത്രുക്കളാണെന്ന തിരിച്ചറിവിലൂടെയും സംഭവിക്കുന്നതാണ്; എ.കെ.പിയുടെ വിജയത്തെ ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങള്‍ മറ്റു വിധത്തിലാണ് വിശദീകരിക്കുന്നതെങ്കിലും. എ.കെ.പിയുടെ പ്രോജക്ട് തുര്‍ക്കിയുടെ അതിരുകള്‍ക്കപ്പുറത്തും അലയൊലികള്‍ ഉണ്ടാക്കിയിട്ടുണ്ട്. കാരണം, ഖിലാഫത്തിന് ശേഷമുള്ള മുസ്‌ലിംലോകത്തിന്റെ ഭരണനിര്‍വഹണരീതി ഏറിയോ കുറഞ്ഞോ അളവില്‍ കമാലിസ്റ്റ് മേല്‍ക്കോയ്മ നിലനില്‍ക്കുന്ന ഒന്നായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ തുര്‍ക്കി മാതൃക എന്നത് ഇലക്ഷന്‍ വിജയം, സുസ്ഥിര സാമ്പത്തിക വികസനം, അന്താരാഷ്ട്രതലത്തില്‍ ദേശീയ സ്വയം നിര്‍ണയാവകാശം എന്നിവ മൂന്നും ഉയര്‍ത്തിപ്പിടിച്ച് സമഗ്രാധിപത്യ ഭരണകൂടത്തെ ജനാധിപത്യവത്കരണത്തിലേക്ക് എത്തിച്ച സവിശേഷ രാഷ്ട്രീയ മാതൃകയാണ്.
പക്ഷേ ഇതൊക്കെ പറയുമ്പോഴും ഇസ്‌ലാമിക കക്ഷികളായ തുര്‍ക്കിയിലെ എ.കെ പാര്‍ട്ടിയും തുനീഷ്യയിലെ അന്നഹ്ദയും ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡും സ്വന്തം നാട്ടിലും ഭരണത്തിലും സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ നവ ഉദാരീകരണ മേല്‍ക്കോയ്മ യാതൊരു വിമര്‍ശനവുമില്ലാതെ സ്വീകരിച്ചിരിക്കുന്നുവെന്ന് കാണാം. ഇങ്ങനെയുള്ള സമീപനങ്ങളുടെ ഹ്രസ്വകാല-ദീര്‍ഘ കാല പരിണതികള്‍ എന്തെല്ലാമാണ്?
ഇസ്‌ലാമിസ്റ്റുകളുടെ പ്രവര്‍ത്തന പരിപാടികളിലെ നിരവധി ബലഹീനതകളില്‍ ഒന്ന് അവര്‍ സാമ്പത്തിക മേഖലയുടെ പുനഃക്രമീകരണവും സാമൂഹികനീതിയും തമ്മിലുള്ള ബന്ധത്തിന് വലിയ ശ്രദ്ധ കൊടുക്കുന്നില്ല എന്നതാണ്. കഴിഞ്ഞ എഴുപതു വര്‍ഷമായി ഇസ്‌ലാമിസ്റ്റുകള്‍ ഇസ്‌ലാമിക സമ്പദ്ഘടനയെക്കുറിച്ച് ചര്‍ച്ച നടത്തുന്നു. പക്ഷേ, നവ ഉദാരീകരണത്തെ ചെറുക്കുന്ന വിമോചന സ്വഭാവമുള്ള സാമ്പത്തിക അജണ്ട മുമ്പില്‍ വെക്കുന്നതില്‍ ഈ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. അത് നവ ഉദാരീകരണ കാലത്ത് പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സഹായകമല്ല എന്ന് വേണം അനുമാനിക്കാന്‍. ഇസ്‌ലാമിക് ബാങ്കിംഗ് അടക്കമുള്ള പലിശ രഹിത സംരംഭങ്ങള്‍ അന്തിമ വിശകലനത്തില്‍ ഇന്നത്തെ നവ ഉദാരീകരണ സാമ്പത്തിക ചട്ടക്കൂടിനെ മറികടക്കുന്നില്ല എന്നു കാണാം. എന്നാല്‍, ഇതിന്റെ കാരണം തിമുര്‍ കുറാനെ പോലുള്ളവര്‍ പറയുന്നത് പോലെ സാമ്പത്തിക ഘടനയുടെ ആഗോള സ്വഭാവം കൊണ്ടല്ല. കുറാനെ വാദിക്കുന്നത്, ലോകത്ത് എല്ലായിടത്തും ഒരു കമ്പനി നടത്തിക്കൊണ്ട് പോവുന്നതിന് ഒരേതരത്തിലുള്ള തത്ത്വങ്ങളും അത് വിജയിക്കാന്‍ ഒരേയൊരു വഴിയും മാത്രമേയുള്ളൂ എന്നാണ്. ഇങ്ങനെയുള്ള മേഖലകളില്‍ ഇസ്‌ലാമിന് സവിശേഷമായി ഒന്നും ചെയ്യാനില്ല എന്നാണ് അദ്ദേഹം പറഞ്ഞുവരുന്നത്. ആഗോള സാമ്പത്തിക ഘടനയില്‍ ഇസ്‌ലാമിന് പ്രത്യേകമായി ഒന്നും ചെയ്യാനില്ല എന്ന് വാദിക്കുന്നവര്‍ സാമ്പത്തിക നിര്‍ണയവാദികളാണ്. ഇങ്ങനെയുള്ള നിര്‍ണയവാദികള്‍, മൂല്യങ്ങളും താല്‍പര്യങ്ങളും എങ്ങനെയാണ് സവിശേഷമായ സംസ്‌കാരത്തില്‍ പ്രത്യേക അര്‍ഥം കൈവരിക്കുന്നതെന്ന പ്രശ്‌നത്തെ ഒട്ടും പരിഗണിക്കുന്നില്ല. അവര്‍ മുന്നോട്ട് വെക്കുന്ന ആഗോള സാമ്പത്തികവ്യവസ്ഥ സാമ്പത്തിക ഘടനയുടെ സാംസ്‌കാരിക സവിശേഷതകളെ അവഗണിക്കുന്നുവെന്ന് കാണാം. ഉദാഹരണമായി, ഒരു ജപ്പാനീസ് കമ്പനിയില്‍ ആളുകള്‍ പ്രവര്‍ത്തിക്കുന്നത് ഒരു കനേഡിയന്‍ കമ്പനിയില്‍ ആളുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഈ വ്യത്യാസം ജനങ്ങളുടെ സുരക്ഷയിലും സ്വസ്ഥജീവിതത്തിലും വലിയ വ്യത്യാസം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇസ്‌ലാമിക് എക്കണോമിക്‌സ് തീര്‍ച്ചയായും വളരെ വ്യത്യസ്തമാണെങ്കിലും അത് നവ ലിബറല്‍ സാമ്പത്തിക രാഷ്ട്രീയത്തെ എതിര്‍ക്കുന്ന മുസ്‌ലിംകള്‍ പുലര്‍ത്തുന്ന സാമൂഹിക വീക്ഷണവുമായി ഒത്തുപോവേണ്ടതുണ്ട്.
വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലുമുള്ള പ്രശ്‌നങ്ങളെ കുറിച്ച് പൊതുവെ എ.കെ.പിയെ പോലുള്ളവര്‍ ബോധവാന്മാരാണ്. ഇതുകൊണ്ടാണ് ഓറിയന്റലിസവും ഇസ്‌ലാമോഫോബിയയും വളരെ കണിശമായി തന്നെ തുര്‍ക്കിയില്‍ വിമര്‍ശിക്കപ്പെടുന്നത്. പക്ഷേ സൈദ്ധാന്തികമായ അപകോളനീകരണം കൊണ്ട്, അല്ലെങ്കില്‍ രാഷ്ട്രീയ വാചകമടി കൊണ്ട് മാത്രം തുര്‍ക്കി അടക്കമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. തുര്‍ക്കിയുടെ സാഹചര്യത്തില്‍ അപകോളനീകരണത്തെ കുറിച്ച് സംസാരിക്കുന്നതിന് നിരവധി പ്രശ്‌നങ്ങളുണ്ട്. തുര്‍ക്കി ഒരിക്കലും നേരിട്ടുള്ള കോളനീകരണത്തിനു വിധേയമായിട്ടില്ല. യൂറോപ്യന്‍ കൊളോണിയലിസത്തിനു വിധേയമാകാത്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കി. തുര്‍ക്കിയുടെ കാര്യത്തില്‍ (യാസിന്‍ അക്തായ് ഒക്കെ പറയുന്നത് പോലെ) നടന്നത് സ്വയം കോളനീകരണമാണ് (auto colonialism). തുര്‍ക്കിയെ മാറ്റിത്തീര്‍ക്കുന്നതിനുള്ള കമാലിസ്റ്റ് പദ്ധതി എന്നത് പാശ്ചാത്യവത്കരണം/ആധുനികവത്കരണം എന്ന ഇരട്ട അജണ്ടയില്‍ കേന്ദ്രീകരിച്ചുള്ളതായിരുന്നു. പാശ്ചാത്യവത്കരണത്തില്‍ നിന്ന് മാറി ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്‌ലാമിക ആധുനികതയെ പരിചയപ്പെടുത്താന്‍ വളരെ കുറഞ്ഞ ശ്രമങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുര്‍ക്കിയിലെ സ്വയം കോളനീകരണത്തിന്റെ പരിണിത ഫലം, കൊളോണിയലിസത്തിന്റെ ആളുകളെ തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു എന്നതാണ്. കാരണം, അവര്‍ തങ്ങള്‍ കോളനി ആക്കി വെച്ച അതേ സമൂഹത്തിന്റെ ഭാഗമായിരുന്നു. മറ്റുള്ള കോളനി സമൂഹങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ആയിരുന്നു കോളനിവത്കരണം നടത്തിയത്. എന്നാല്‍, തുര്‍ക്കിയില്‍ കൊളോണിയല്‍ ആധുനികത കൊണ്ടുവരുന്നത് അവരില്‍ പെട്ടവര്‍ തന്നെയാണ്. അതുകൊണ്ടുതന്നെ മറ്റു സമൂഹങ്ങളില്‍ സാധ്യമായത് പോലെ കോളനിവത്കരണത്തിനെതിരെ ദേശീയ ഏകീകരണം തുര്‍ക്കി യില്‍ സാധ്യമായില്ല. ദേശീയ പരമാധികാരവും കൊളോണിയല്‍ അധികാരവും തമ്മിലുള്ള വിടവു മറ്റു സമൂഹങ്ങളില്‍ വളരെ വ്യക്തമായിരുന്നതിനാല്‍ അവിടെ ജനാധിപത്യ പ്രക്ഷോഭം എളുപ്പം സാധ്യമായി. തുര്‍ക്കിയില്‍ ഇത് സംഭവിച്ചില്ല. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ തുര്‍ക്കി ദേശീയ പരമാധികാരം നിലനിര്‍ത്തിയത് ജനാധിപത്യം ഇല്ലാതെ ആയിരുന്നു. ദേശീയമായി തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിക്ക് മേലെ എല്ലാം നിയന്ത്രിക്കുന്ന ഒരു വിദേശ സ്ഥാനപതി ഇരുന്നിട്ട് ജനങ്ങള്‍ക്ക് എന്താണ് ഉപകാരം? സാംസ്‌കാരിക, വിദ്യാഭ്യാസ സാമ്പത്തിക അപകോളനീകരണത്തെ മറികടക്കാവുന്ന ഒരു പരിപാടിയില്ലെങ്കില്‍ അന്നഹ്ദയും ബ്രദര്‍ഹുഡും എ.കെ.പിയും വളരെയധികം ബുദ്ധിമുട്ടും. അങ്ങനെ വരുമ്പോള്‍ അവര്‍ നേരിടുന്ന വെല്ലുവിളികള്‍ അവര്‍ തെരഞ്ഞെടുക്കുന്ന ഒരു പ്രതലത്തില്‍ നിന്നാവില്ല. മറ്റുള്ളവരുടെ മാനദണ്ഡം വെച്ച് അവര്‍ എപ്പോഴും വിമര്‍ശിക്കപ്പെടും .
ഇന്നത്തെ ജനാധിപത്യ പരിവര്‍ത്തനത്തിന്റെ ആഗോള രീതികള്‍ ഇവിടെ നാം നോക്കേണ്ടതുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ തെക്കന്‍ അമേരിക്കയിലും തെക്കന്‍ യൂറോപ്പിലും കിഴക്കന്‍ യൂറോപ്പിലും പരീക്ഷിച്ച രീതിയാണത്. തുര്‍ക്കിയിലെ ജനാധിപത്യ പരിവര്‍ത്തന പ്രക്രിയ യൂറോപ്യന്‍ യൂനിയനിലേക്കുള്ള അവരുടെ പ്രവേശനവുമായി ബന്ധിപ്പിച്ചത് വളരെയധികം സഹായകമായി. ഇത് ഈജിപ്തിലോ തുനീഷ്യയിലോ ഇല്ലാത്ത അനുകൂല ഘടകമായിരുന്നു. എന്നാല്‍, ഇത് ഇസ്‌ലാമിസ്റ്റുകള്‍ മാത്രം അനുഭവിച്ച കാര്യമല്ല. തെക്കന്‍ അമേരിക്കയിലെ വലിയൊരു പ്രശ്‌നം, ഔപചാരിക ജനാധിപത്യവും അക്ഷരാര്‍ഥത്തില്‍ നിലനില്‍ക്കുന്ന അടിമത്തവും തമ്മിലുള്ള വിടവ് തന്നെയായിരുന്നു. ഞാന്‍ പറഞ്ഞു വരുന്നത് അന്നഹ്ദ ആയാലും എ.കെ.പി ആയാലും ബ്രദര്‍ഹുഡ് ആയാലും ചിന്തയുടെ അപകോളനീകരണത്തെ കുറിച്ച് സമഗ്രമായ ഒരു പ്രോജക്ട് മുന്നില്‍ വെക്കുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ വളരെ വേഗം നവ ഉദാരീകരണ അജണ്ടയില്‍ ചെന്ന് ചാടുന്നുണ്ട്. പലപ്പോഴും ഇവര്‍ക്ക് നവ ഉദാരീകരണത്തെ ഒരു സ്ഥാപനമായി വെല്ലുവിളിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ ഐ.എം.എഫ് മേധാവികളെ കാണുമ്പോള്‍ അവര്‍ പറയുന്നിടത്ത് ഒപ്പ് വെക്കുന്നു. കാരണം, അവര്‍ക്ക് ഐ.എം.എഫില്‍ നിന്ന് വ്യത്യസ്തമായി ഒന്നും സംഭാവന ചെയ്യാനില്ല . ഞാനീ പറയുന്നത് അല്‍പം കടുത്ത കാര്യങ്ങള്‍ തന്നെയാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലെ നിരവധി ആളുകള്‍ ബുദ്ധിപരമായി മികച്ചവരും നല്ല ഉദ്ദേശ്യ ശുദ്ധിയുള്ളവരും ആണ്. പക്ഷേ, അവര്‍ക്കില്ലാതെ പോയത് ഇന്നത്തെ യാഥാസ്ഥിതികതയെ തിരിച്ചറിഞ്ഞ് വിമര്‍ശിക്കാനുള്ള ശേഷിയും ഭാവിയെ കുറിച്ച കാവ്യാത്മക ഭാവനയുമാണ്.
ഇസ്‌ലാമിസ്റ്റുകളുടെ പരാജയത്തിന്റെ കാരണം അമൂര്‍ത്തമായ തത്ത്വങ്ങളും പ്രായോഗിക സാഹചര്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് സംഭവിക്കുന്ന പൊതു പ്രശ്‌നമാണ്. അവര്‍ കാര്യങ്ങളെ പലപ്പോഴും വളരെ ലളിതമായ സദാചാര വായനക്ക് വിധേയമാക്കും. നമുക്ക് കുറെ നല്ല മുസ്‌ലിംകള്‍ ഉണ്ടായാല്‍ നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും എന്നവര്‍ വിചാരിക്കും. പക്ഷേ, ധാരാളം നല്ല മുസ്‌ലിംകള്‍ ഉണ്ടായിട്ടും അവര്‍ ഭരണത്തില്‍ ഇരുന്നിട്ടും എന്തു കൊണ്ട് തൊഴിലില്ലായ്മ രൂക്ഷമാവുന്നു എന്നതിനു ഉത്തരം നല്‍കാന്‍ കേവല സദാചാര വായനകള്‍ക്ക് സാധ്യമാകുന്നില്ല. അല്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ് ബൂം കൊണ്ട് എങ്ങനെയാണ് സാമ്പത്തിക ഘടന മാറുന്നതെന്ന് വിശദീകരിക്കാനാവില്ല. പലപ്പോഴും ഈ നല്ല മുസ്‌ലിം എന്ന നിര്‍മിതി ദൈവശാസ്ത്രം എന്നതിലുപരി പ്രത്യയശാസ്ത്രം തന്നെയാണ്. ഇന്നത്തെ കാലത്ത് ചില മുസ്‌ലിംകള്‍ വിചാരിക്കുക അവര്‍ ഇഷ്ടപ്പെടുന്നവര്‍ നല്ല മുസ്‌ലിംകളും മറ്റുള്ളവര്‍ മോശം മുസ്‌ലിംകളും ആണെന്നാണ്. പരസ്പരം അടിസ്ഥാനപരമായി വിയോജിക്കുന്ന മുസ്‌ലിംകള്‍ ഉള്ളതോടൊപ്പം തന്നെ പരസ്പരം നല്ല മുസ്‌ലിംകളായി കാണുന്ന ഒരു ഭാവന വികസിച്ചുവരേണ്ടതുണ്ട്.
ഇതോടൊപ്പം തന്നെ പറയാനുള്ളത് തുര്‍ക്കിയുടെ സാഹചര്യത്തില്‍ ഇനിയും വലിയ മാറ്റങ്ങള്‍ക്ക് ദീര്‍ഘദൂരം സഞ്ചരിക്കണം. തുര്‍ക്കിയില്‍ യൂറോ കേന്ദ്രിത കാഴ്ചപ്പാട് ആഴത്തില്‍ വേരോടിയിരിക്കുന്നു. അതുകൊണ്ട് തന്നെ അപകോളനീകരണം വളരെ കുറച്ച് ആളുകളെ മാത്രമേ ആകര്‍ഷിക്കുന്നുള്ളൂ. ഗെസി പാര്‍ക്കിലെ പ്രതിഷേധക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഉപയോഗിച്ചത് ഓറിയന്റലിസ്റ്റ് തന്ത്രങ്ങള്‍ തന്നെയാണ്. എ.കെ.പി പോലുള്ള തെരഞ്ഞെടുക്കപ്പെട്ട ഒരു ജനകീയ ഗവണ്‍മെന്റിനെ, ജനാധിപത്യ രാഷ്ട്രങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് പൗരസ്ത്യ രാജ്യങ്ങളില്‍ നിലനിന്ന പഴയ രാജഭരണകൂടത്തിനു സമാനമായി ചിത്രീകരിക്കുന്നത് നവ ഓറിയന്റലിസത്തിന്റെ ഉദാഹരണമായി പറയാം.
ഇസ്‌ലാമിസ്റ്റ് കക്ഷികളെ അധികാരത്തില്‍ നിന്ന് തടയുന്ന മിലിട്ടറി മതേതര ബ്യൂറോക്രാറ്റിക് അച്ചുതണ്ടിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാമോ?
ഇസ്‌ലാമികമായ വ്യവഹാരം ഇപ്പോള്‍ എല്ലാവരും എളുപ്പം സ്വീകരിക്കുന്നു. പല സലഫി പ്രസ്ഥാനങ്ങളും ഇസ്‌ലാമിക വ്യവഹാരങ്ങള്‍ സ്വീകരിക്കുമ്പോള്‍ തന്നെ ഡീപ് സ്റ്റേറ്റ്, മിലിട്ടറി ഭരണം പോലുള്ള സ്വോഛാധിപത്യ ഭരണകൂടങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. ശരിക്കും പ്രശ്‌നം കിടക്കുന്നത് രാഷ്ട്രീയമായ ഇസ്‌ലാമിന്റെ സമഗ്ര ആവിഷ്‌കാരത്തിന്റെയും ലോകം മാറ്റുന്ന തരത്തിലുള്ള ഇസ്‌ലാമിക ലോക വീക്ഷണത്തിന്റെയും മേഖലയിലാണ്. പക്ഷേ ഇന്ന് പലപ്പോഴും ഇസ്‌ലാമിക കക്ഷികള്‍ അങ്ങനെയൊരു ആഗോള ഇസ്‌ലാമിക രാഷ്ട്രീയ സമീപനം ശക്തമായി പറയുന്നില്ല. അതിനു പല വിശദീകരണങ്ങളുണ്ട്. ഇറാന്‍ വിപ്ലവം നല്‍കിയ ആഗോള ഇസ്‌ലാമിക വിപ്ലവം എന്ന കാഴ്ചപ്പാടില്‍ നിന്ന് അവര്‍ അകന്നുനില്‍ക്കുന്നു. അതിനു തുടര്‍ച്ചയായി ഭരണാധികാരം കൈവരാനുള്ള ഏക മാര്‍ഗം തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമാണെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി. പക്ഷേ തെരഞ്ഞെടുപ്പിനെയും അതിനാധാരമായ ജനാധിപത്യത്തെയും കുറിച്ച് അവരുടെ അതേരീതിയില്‍ തന്നെ അവരുടെ എതിരാളികള്‍ ചിന്തിക്കില്ല എന്ന വലിയ പാഠം അവര്‍ വിട്ടുപോയി. ഇത് ഈജിപ്തില്‍ നാം നേരിട്ട് കണ്ടു. അവിടെ വലിയൊരു വിഭാഗം ലിബറലുകളും സീസിയുടെ മിലിട്ടറിയെ പിന്തുണക്കുന്നവരായി മാറി. അവരുടെ അജണ്ട എങ്ങനെയെങ്കിലും മുര്‍സിയെ താഴെ ഇറക്കുക എന്നതായിരുന്നു. മുസ്‌ലിം ലോകത്തെ പാശ്ചാത്യഭ്രമം ബാധിച്ചവര്‍ ജനാധിപത്യത്തെ രാഷ്ട്രീയ മൂല്യമായി ഉയര്‍ത്തിപ്പിടിക്കുക അത് ഇസ്‌ലാമിക കക്ഷികള്‍ക്ക് മറികടക്കാന്‍ കഴിയാത്ത കാലത്തോളമായിരുന്നു. അവരുടെ ജനാധിപത്യ പ്രേമം അവരുടെ ശരിക്കുമുള്ള പ്രേമമായ പാശ്ചാത്യ അനുകരണഭ്രമത്തിന്റെ മറ മാത്രമാണ്. ഇവിടെ തുര്‍ക്കിയില്‍ അവര്‍ പറയുന്നത് കേള്‍ക്കൂ. ഇസ്തംബൂളില്‍ ഭരണകൂടം മദ്യ ഉപഭോഗം നിയന്ത്രിക്കുന്നുവെന്നാണ് അവര്‍ പരാതി പറയുന്നത്. ലോകത്തെ മിക്ക ഭരണകൂടങ്ങളും മദ്യവില്‍പന നിയന്ത്രിക്കുന്നുണ്ട്. അത് തുര്‍ക്കിയുടെ മാത്രമോ എ.കെ.പിയുടെ മാത്രമോ നയമല്ല. ഒരാള്‍ക്ക് എത്ര അളവില്‍ ബിയര്‍ കഴിക്കണം എന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശ പ്രശ്‌നമാണോ? ഞാന്‍ പറഞ്ഞുവരുന്നത് അന്നഹ്ദ ആയാലും ബ്രദര്‍ഹുഡ് ആയാലും അവര്‍ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ വളരെ നിഷ്‌കളങ്കമായാണ് സമീപിക്കുന്നത്. അവര്‍ അല്‍ജീരിയയില്‍ നിന്ന് പാഠം പഠിക്കണം. പാശ്ചാത്യര്‍ ജനാധിപത്യത്തെയല്ല, അവരുടെ താല്‍പര്യത്തിനൊത്ത് നീങ്ങുന്ന ജനാധിപത്യത്തെയാണ് എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. ഇപ്പോള്‍ ഈജിപ്തില്‍ സംഭവിച്ച പോലെയുള്ള മിലിട്ടറി അട്ടിമറി നടക്കാതിരിക്കാന്‍ നാം പ്രായോഗികമായി തന്നെ ചെയ്യേണ്ടത്, തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ ഭരണഘടനാ ബാഹ്യമായി പുറത്താക്കാന്‍ കൂട്ടുനില്‍ക്കാത്ത മിലിട്ടറിയെയും ബ്യൂറോക്രസിയെയും വളര്‍ത്തി കൊണ്ടുവരിക എന്നാണ്.
ഇസ്‌ലാമിക സാഹചര്യത്തിലുള്ള ജനാധിപത്യ പരിവര്‍ത്തനം പ്രധാനമാണ്. പക്ഷേ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ, ജനാധിപത്യവത്കരണവും പാശ്ചാത്യവത്കരണവും തമ്മിലുള്ള ബന്ധത്തെ അത്ര സൂക്ഷ്മതേയാടെ കാണുന്നില്ല. എന്തുകൊണ്ട് ഗാസിപാര്‍ക്കിലെ പ്രതിഷേധം എന്ന് ചോദിച്ചാല്‍ തുര്‍ക്കിയില്‍ പാശ്ചാത്യവത്കരണം ഇല്ലാതെ, അതിനെ നിരസിക്കുന്ന തരത്തില്‍, ഒരു ഇസ്‌ലാമിക പശ്ചാത്തലമുള്ള ജനാധിപത്യ രാഷ്ട്രീയം ശക്തിയാര്‍ജിക്കുമെന്ന് അവര്‍ ഭയപ്പെടുന്നതു കൊണ്ടാണ്.
തുര്‍ക്കിയിലെയും ഈജിപ്തിലെയും പ്രതിഷേധങ്ങള്‍ സെക്യുലര്‍ സംഘങ്ങളാണ് നടത്തിയത്. അവര്‍ മാധ്യമങ്ങളിലും അക്കാദമിക ലോകത്തും വലിയ സാന്നിധ്യമാണ്. ഇവര്‍ ഇസ്‌ലാമിക രാഷ്ട്രീയത്തോടു എതിര്‍പ്പുള്ളവരാണ്. ഈ നിലപാടിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ്?
ഇറാനിയന്‍ ചിന്തകനായ ജലാല്‍ അഹ്മദ് 1960-കളില്‍ പാശ്ചാത്യവിഷബാധ (Westoxification) എന്ന സംവര്‍ഗം വികസിപ്പിക്കുന്നുണ്ട്. ഇറാനിലെ വലിയ വിഭാഗം നഗരവാസികളായ ലിബറലുകള്‍ അക്കാലത്ത് അകപ്പെട്ട യൂറോ കേന്ദ്രിത സമീപനങ്ങളെ സൂചിപ്പിക്കാനാണ് പ്രസ്തുത സംവര്‍ഗം ജലാല്‍ അഹ്മദ് വികസിപ്പിക്കുന്നത്. യൂറോപ്പ് ലോകത്തിനു മുന്നോട്ട് പോകാനുള്ള വെളിച്ചം കണ്ടെത്തിയിരിക്കുന്നു, യൂറോപ്യര്‍ അല്ലാത്തവര്‍ ഇനി ചെയ്യേണ്ടത് യൂറോപ്പിനെ പിന്തുടരുക മാത്രമാണ് എന്നവര്‍ തീര്‍ച്ചയിലെത്തി. ഇത് കൂടുതല്‍ വ്യക്തമാകാന്‍ സെമില്‍ ഐദിന്റെ The Politics of Anti- Westernism in Asia: Vision of World Order in Pan- Islamic and Pan- Asian Thoughtഎന്ന പുസ്തകത്തില്‍ (Columbia Universtiy Press 2007) ജപ്പാനിലെയും തുര്‍ക്കിയിലെയും ബുദ്ധിജീവികളെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ നോക്കിയാല്‍ മതി. ജപ്പാനീസ്-തുര്‍ക്കി ബുദ്ധിജീവികള്‍ തുടക്കത്തില്‍ യൂറോപ്യന്‍ മാനവികവാദവും ആഗോള വിമോചന അജണ്ടയും മുഖവിലക്കെടുത്തു. പക്ഷേ ഇങ്ങനെയുള്ള യൂറോപ്യേതര ബുദ്ധിജീവികളെ ഇതേ യൂറോപ്യന്‍ വിമോചന സംഭാഷണത്തില്‍ തുല്യ പങ്കാളികളാകാന്‍ യൂറോപ്യര്‍ ഒരിക്കലും അനുവദിച്ചില്ല എന്നത് മറ്റൊരു കാര്യം. ഐദിന്റെ പുസ്തകം പറയുന്നത് ഈയൊരു ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ പല ഏഷ്യന്‍ ബുദ്ധിജീവികളും യൂറോപ്യന്‍ വിമോചന അജണ്ടയിലെ യൂറോ കേന്ദ്രവാദം തിരിച്ചറിയുകയും പാശ്ചാത്യ മേല്‍ക്കോയ്മയുടെ വിമര്‍ശകര്‍ ആയി മാറുകയും ചെയ്തു എന്നാണ്. പക്ഷേ ഇവരില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു വിഭാഗം ഏഷ്യന്‍ ബുദ്ധി ജീവികള്‍, യൂറോപ്യര്‍ തങ്ങളെ ഒപ്പം കൂട്ടാത്തത് തങ്ങള്‍ ഇനിയും യൂറോപ്യന്‍ ചിന്തകളെ ശരിക്കും ഉള്‍ക്കൊള്ളാത്തത് കൊണ്ടാണെന്ന് തെറ്റിദ്ധരിക്കുകയും തങ്ങളുടെ ചിന്തയില്‍ കൂടുതല്‍ യൂറോപ്യനാവുകയും ചെയ്തു. ഈ രണ്ടാമത് പറഞ്ഞ അവസ്ഥയാണ് ശരിക്കും 'പാശ്ചാത്യ വിഷബാധ.'
നേരത്തെ സൂചിപ്പിച്ചത് പോലെ തെക്കന്‍ അമേരിക്കയിലും തെക്കന്‍ യൂറോപ്പിലും കിഴക്കന്‍ യൂറോപ്പിലും ദക്ഷിണാഫ്രിക്കയിലും ആഗോള ശക്തികള്‍ നല്‍കിയ കലവറയില്ലാത്ത പിന്തുണ ആയിരുന്നു ആ നാടുകളില്‍ ജനാധിപത്യ പരിവര്‍ത്തനത്തെ ശക്തിപ്പെടുത്തിയത്. ഈജിപ്തിനും തുര്‍ക്കിക്കും തുനീഷ്യക്കും പക്ഷേ ഈ ആഗോള സഹായം കിട്ടുന്നില്ല. ഇതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ആഗോള തലത്തില്‍ തന്നെ ഇപ്പോള്‍ ശക്തമായ ഓറിയന്റലിസം മുന്നോട്ടു വെക്കുന്നത് പാശ്ചാത്യവത്കരണവും ജനാധിപത്യ വത്കരണവും മാത്രമേ ഒന്നിച്ചുപോകൂ എന്ന വീക്ഷണമാണ്. ഇത് ഇസ്‌ലാമിക ജനാധിപത്യ മാതൃകകളെ തള്ളിക്കളയാന്‍ പ്രേരണയാകുന്നു. രണ്ടാമതായി, ഈജിപ്തിലും തുര്‍ക്കിയിലും ശക്തമായ പാശ്ചാത്യവിഷബാധയേറ്റവരുടെ ബ്ലോക്ക് ആഗോളതലത്തില്‍ ഇസ്‌ലാമിക ജനാധിപത്യവാദികള്‍ക്ക് കിട്ടുന്ന സഹായത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു. പാശ്ചാത്യവിഷബാധ പിടിപെട്ടവര്‍ ഇസ്‌ലാമിനെ യൂറോപ്യേതര ലോകവീക്ഷണം എന്ന നിലയില്‍ ഭയക്കുകയും ഇസ്‌ലാം ഭാവി ആകുന്ന സാഹചര്യത്തെ എങ്ങനെ ഇല്ലായ്മ ചെയ്യാം എന്ന് കാര്യമായി ആലോചിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അവര്‍ ജനകീയ വിമോചനത്തിനുപകരം പാശ്ചാത്യവത്കരണത്തിനു സഹായകമാവുന്ന രീതിയില്‍ മാത്രമേ ജനാധിപത്യത്തെ അനുവദിക്കുകയുള്ളൂ.
ഇസ്‌ലാമിക രാഷ്ട്രീയ പാര്‍ട്ടികള്‍ വംശീയ മത ന്യൂനപക്ഷങ്ങളോട് സ്വീകരിക്കുന്ന സമീപനത്തെ എങ്ങനെ കാണുന്നു? ഈജിപ്തിലും തുര്‍ക്കിയിലും മത ന്യൂനപക്ഷങ്ങളും വംശീയ ന്യൂനപക്ഷങ്ങളും പലപ്പോഴും ഈയടുത്ത കാലത്ത് ഇസ്‌ലാമിക ജനാധിപത്യ കക്ഷികള്‍ക്ക് പകരം സമഗ്രാധിപത്യ/ജനാധിപത്യവിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ചതായി കാണാം. ഈയൊരു സാഹചര്യത്തില്‍ വിശാലമായ തലത്തില്‍ സഹവര്‍ത്തിത്വം എങ്ങനെ രൂപപ്പെടുത്താം എന്നാണ് നിങ്ങള്‍ കരുതുന്നത്?
ഇസ്‌ലാമിസ്റ്റ് കക്ഷികള്‍ തീവ്രദേശീയവാദത്തില്‍ നിന്നകന്നു നില്‍ക്കുമെന്നാണ് ന്യായമായും പ്രതീക്ഷിക്കേണ്ടത്. അവര്‍ മുസ്‌ലിം ഉമ്മത്തിന്റെ സവിശേഷതയായ കോസ്‌മോപൊളിറ്റനിസം സ്വീകരിക്കുന്നവരാണ്. അതിലൂടെ ഇസ്‌ലാമിക സമൂഹങ്ങള്‍ മതന്യൂനപക്ഷങ്ങളുടെ കാര്യത്തിലും വംശീയ ന്യൂനപക്ഷങ്ങളുടെ കാര്യത്തിലും പിന്തുടര്‍ന്ന മാതൃക പിന്തുടരാന്‍ ഇസ്‌ലാമിസ്റ്റുകള്‍ ബാധ്യതയുള്ളവരാണ്. ഞാന്‍ അറിഞ്ഞേടത്തോളം എ.കെ.പി തുര്‍ക്കിയിലെ കുര്‍ദ് പ്രശ്‌നം പരിഹരിക്കാന്‍ നല്ല ചുവടുകള്‍ വെച്ചിട്ടുണ്ട്. പക്ഷേ അത് നാട്യപ്രധാനം എന്നതിനേക്കാള്‍ കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലണം എന്നാണ് എനിക്കു പറയാനുള്ളത്. പല ഇസ്‌ലാമിസ്റ്റുകളും ദേശീയവാദികള്‍ക്ക് മുമ്പില്‍ ഞങ്ങളും അങ്ങനെയാണ് എന്ന് തെളിയിക്കാന്‍ ഇപ്പോള്‍ പാടുപെടുന്നുണ്ട്. ഇസ്‌ലാമിക ആധുനികത വളരെ വ്യത്യസ്തമായ വീക്ഷണം ദേശീയോദ്ഗ്രഥനത്തെ കുറിച്ച് പുലര്‍ത്തുന്നത് നാം പഠിക്കണം. ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികള്‍ സെക്യുലര്‍ ദേശീയവാദികളെ പോലെ ന്യൂനപക്ഷങ്ങളെ തുടച്ചുമാറ്റുന്ന രാഷ്ട്രീയത്തെ പിന്തുണക്കരുത്.
ഇസ്‌ലാമിസ്റ്റുകള്‍ പലപ്പോഴും അവഗണിക്കുന്ന, ജനങ്ങള്‍ മാറ്റം വരാന്‍ ആഗ്രഹിക്കുന്ന പല മേഖലകളുമുണ്ട്. സുതാര്യതയും കാര്യക്ഷമതയുമുള്ള സാമ്പത്തിക രംഗം അതില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തെ ചെറുക്കുന്ന ഒരു കീഴാള ഇസ്‌ലാം ആഗോള രാഷ്ട്രാന്തരീയ രംഗത്ത് ഉയര്‍ന്നുവരണം എന്ന് ജനം ആഗ്രഹിക്കുന്നു. ദേശീയ ഐക്യം എന്നൊക്കെ പറഞ്ഞു ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്ന രാഷ്ട്രീയത്തില്‍നിന്ന് മാറി, ശരിക്കും വ്യത്യാസത്തെ ഉള്‍ക്കൊള്ളുന്ന തുല്യ അവസരവും തുല്യ നീതിയും പുലരുന്ന മുസ്‌ലിം ദേശ രാഷ്ട്രങ്ങള്‍ ഉണ്ടാവണം എന്ന് ജനം ആഗ്രഹിക്കുന്നു. ഈ വിമര്‍ശനമൊക്കെ ഞാന്‍ ഉന്നയിക്കുമ്പോഴും ഇസ്‌ലാമിസ്റ്റുകള്‍ ലോകത്തെ പ്രധാന രാഷ്ട്രീയ ശക്തി തന്നെയാണ്. അവര്‍ മുസ്‌ലിം സമൂഹത്തിന് എത്തിപിടിക്കാന്‍ കഴിയുന്ന ഒരു ഭാവി വാഗ്ദാനം ചെയ്യുന്നു. എ.കെ.പിയുടെ നേട്ടങ്ങള്‍ അതിന്റെ തെളിവാണ്. പാശ്ചാത്യ നവലിബറല്‍ മേല്‍ക്കോയ്മയെ ചെറുക്കുന്ന ബദലുകള്‍ വികസിപ്പിക്കുന്നതില്‍ കൂടുതല്‍ മികവോടെയും ധീരതയോടെയും മുന്നേറുക എന്നതാണ് നമുക്ക് മുന്നിലെ വഴി.
വിവ: കെ. അശ്‌റഫ്
Comments