അറബ് ലോകത്തിന് മാതൃക ഈ തുനീഷ്യന്‍ ഭരണഘടന

അറബ് ലോകത്തിന് മാതൃക ഈ തുനീഷ്യന്‍ ഭരണഘടന
ആദില്‍ ലുതൈ്വഫി
ദേശീയ കക്ഷികളുടെ രണ്ട് വര്‍ഷത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തുനീഷ്യ ഒരു ഭരണഘടനക്ക് അംഗീകാരം നല്‍കിയിരിക്കുന്നു. അറബ് ലോകം വളരെ പ്രതീക്ഷാപൂര്‍വമാണ് ഈ ഭരണഘടനക്കായി കാത്തിരുന്നത്. തുനീഷ്യന്‍ വിപ്ലവത്തിന്റെ മാത്രം ഉല്‍പന്നമായി ഇതിനെ കാണുന്നത് ശരിയായിരിക്കില്ല. തുനീഷ്യന്‍ ചരിത്രത്തിലെ മറ്റു നിയമനിര്‍മാണ സംരംഭങ്ങളും ഇതിന് ഉപോദ്ബലകമായി വര്‍ത്തിച്ചിട്ടുണ്ട്. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ രാജ്യത്ത് നിലനിന്നിരുന്ന ഉസ്മാനികളുടെ തന്‍സീമാത്ത് ഭരണ രീതിയില്‍ കാര്യമായ മാറ്റമുണ്ടാക്കി 1857-ല്‍ നടന്ന 'അഹ്ദുല്‍ അമാന്‍' പ്രഖ്യാപനം. തുനീഷ്യന്‍ ഭരണാധികാരി അക്കാലത്ത് 'അല്‍ബായ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ അധികാരങ്ങള്‍ നിയമാനുസൃതമാവണമെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ പ്രഖ്യാപനം. പ്രത്യക്ഷത്തില്‍ ഈ പരിഷ്‌കരണം യൂറോപ്യന്‍ വ്യാപാരികള്‍ക്ക് അനുകൂലമായിരുന്നു. യൂറോപ്യന്‍ ഭരണകൂടങ്ങളുടെ സമ്മര്‍ദത്താലാണ് അത് കൊണ്ടുവന്നതും. എങ്കിലും ഈ പരിഷ്‌കരണത്തിന് ദിശാബോധം നല്‍കിയവരില്‍ ശൈഖ് മഹ്മൂദ് ഖബാദൂ, മന്ത്രി ഖൈറുദ്ദീന്‍ പാഷ, ചരിത്രകാരന്‍ അഹ്മദ് ബ്‌നു അബീ ദയ്യാഫ് തുടങ്ങിയരും ഉണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. നീതിയുടെയും അവകാശപരിരക്ഷകളുടെയും കാര്യത്തില്‍ മുസ്‌ലിമും മറ്റു മതസ്ഥനും തമ്മില്‍ വ്യത്യാസമില്ലെന്നും 'മാനവികത'(ഇന്‍സാനിയ്യ)യാണ് പരിഗണനീയമെന്നും അതില്‍ എഴുതിച്ചേര്‍ത്തിരുന്നു.
നാലു വര്‍ഷം കഴിഞ്ഞ് 1861-ല്‍ തുനീഷ്യയില്‍ അറബ് ലോകത്തിലെ തന്നെ ആദ്യ ഭരണഘടന നിലവില്‍ വന്നു. തുനീഷ്യയിലെ ഫ്രഞ്ച് കൊളോണിയല്‍ ഭരണത്തിനെതിരെ ഉയര്‍ന്നുവന്ന ആദ്യ പ്രസ്ഥാനത്തിനും ഭരണഘടനയുടെ 'ചുവ' ഉണ്ടായിരുന്നു- അല്‍ഹിസ്ബുല്‍ ഹുര്‍റ് അദ്ദസ്തൂരി. സ്വാതന്ത്ര്യത്തിന് ശേഷം ഹബീബ് ബൂറഖീബ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ 1956-'59 കാലയളവില്‍ എഴുതിയുണ്ടാക്കിയ ഭരണഘടനയും മുന്‍കാല അവകാശ പ്രഖ്യാപനങ്ങളെ സ്വാംശീകരിക്കുന്നത് തന്നെയായിരുന്നു. പക്ഷേ, ബൂറഖീബ, തുടര്‍ന്നു വന്ന സൈനുല്‍ ആബിദീന്‍ ബിന്‍ അലി തുടങ്ങിയ ഏകാധിപതികള്‍ നീങ്ങിയത് അതിന്റെ അന്തസ്സത്തക്ക് നേര്‍ വിപരീതമായിട്ടായിരുന്നു എന്നു മാത്രം
തുനീഷ്യന്‍ വിപ്ലവത്തിന് ശേഷം 2011 ഒക്‌ടോബര്‍ 23-നാണ് പുതിയ ഭരണഘടനാ സമിതിയെ നിയോഗിച്ചത്. ഒരു വര്‍ഷത്തെ കാലാവധിയും നിശ്ചയിച്ചു. പക്ഷേ, അത് അനിശ്ചിതമായി നീണ്ടുപോയി. ജനത്തിന് മടുക്കാന്‍ തുടങ്ങിയിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദ നേതൃത്വം കൊടുക്കുന്ന ഭരണകൂടത്തിന് ഭരണചട്ടക്കൂട് ഉണ്ടാക്കുന്നതിലല്ല, ഭരിക്കുന്നതിലാണ് താല്‍പര്യമെന്ന് അബ്ദുല്‍ ഫതാഹ് മോറോയെപ്പോലുള്ള മുതിര്‍ന്ന ഇസ്‌ലാമിസ്റ്റ് നേതാക്കള്‍ വിമര്‍ശിച്ചു. ടെക്‌നോക്രാറ്റുകളുടെ മന്ത്രിസഭ ഉണ്ടാക്കാന്‍ അനുമതികിട്ടാത്തതിനാല്‍ പ്രധാനമന്ത്രിയായിരുന്ന ഹമ്മാദി അല്‍ ജബാലി രാജിവെച്ചൊഴിഞ്ഞു. പ്രസിഡന്റ് മുന്‍സ്വിഫ് മര്‍സൂഖി അടക്കമുള്ളവര്‍ രാഷ്ട്രതാല്‍പര്യം നോക്കിയല്ല, പാര്‍ട്ടി ബന്ധം നോക്കിയാണ് ഉന്നത സ്ഥാനങ്ങളിലേക്ക് വരെ നിയമനങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. അതിനു പുറമെ മുഹമ്മദുല്‍ ബാറാഹിമിയെപ്പോലുള്ള പ്രതിപക്ഷ നേതാക്കള്‍ ഭീകരരുടെ തോക്കിന്നിരയായിക്കൊണ്ടുമിരുന്നു.
ഈ പ്രതിസന്ധികളെ ദേശീയ സമവായത്തിലൂടെ മറികടക്കുകയായിരുന്നു തനീഷ്യന്‍ ജനത. ഭരണഘടനാ നിര്‍മാണവേളയില്‍ പ്രധാനമായും ചര്‍ച്ചാ വിഷയമായത് രണ്ട് മേഖലകളാണ്. ഒന്ന്, പള്ളികളുടെ റോള്‍, സ്ത്രീ പുരുഷ സമത്വം, പൊതുജീവിതത്തിലെ ഇസ്‌ലാം, വ്യക്തി സ്വാതന്ത്ര്യവുമായും നീതിന്യായത്തിന്റെ നിഷ്പക്ഷതയുമായും ബന്ധപ്പെട്ട കാര്യങ്ങള്‍. രണ്ട്, പാര്‍ട്ടികള്‍ മാറിമാറി അധികാരത്തില്‍ വന്നാലും ഭരണഘടന പരിക്കേല്‍ക്കാതെ നിലനിര്‍ത്താന്‍ വേണ്ട വ്യവസ്ഥകള്‍ എഴുതിച്ചേര്‍ക്കല്‍. അതായത്, ഭരണഘടന ഏതെങ്കിലും പാര്‍ട്ടിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിലേക്ക് ചായാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍.
പുതിയ ഭരണഘടനയുടെ ഒന്നാം അധ്യായത്തില്‍ തുനീഷ്യ സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും മതം ഇസ്‌ലാമാണെന്നും ഭാഷ അറബിയാണെന്നും റിപ്പബ്ലിക്കന്‍ ഭരണവ്യവസ്ഥയാണെന്നും പറയുന്നുണ്ട്. ഇതൊക്കെയും 1959-ലെ ഭരണഘടനയില്‍ ഉള്ളതാണ്. രാഷ്ട്രത്തിന്റെ മതം ഇസ്‌ലാമാണ് എന്നല്ല, രാഷ്ട്രത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ ഐഡന്റിറ്റി ഇസ്‌ലാമാണ് എന്നാണ് ഉദ്ദേശ്യം. ഇതിന് വിശദീകരണമായി ഭരണഘടനയുടെ രണ്ടാം അധ്യായത്തില്‍ പൗരത്വത്തില്‍ അധിഷ്ഠിതമായ സിവില്‍ രാഷ്ട്രമായിരിക്കും എന്നും പറയുന്നുണ്ട്. വ്യക്തിനിയമങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ കൊടുക്കുന്നതും കാണാം.
ചില പോരായ്മകള്‍ ഈ ഭരണഘടനക്ക് ഉണ്ടാവുക സ്വാഭാവികമാണ്. ഭിന്ന വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന പലതരം കക്ഷികളുടെ സമവായത്തിലൂടെ രൂപപ്പെടുമ്പോള്‍ ഭരണഘടനക്ക് യുക്തിബദ്ധമായ ഒരു ആശയതലം കണ്ടെത്താന്‍ പ്രയാസപ്പെടും. ഭിന്ന വിരുദ്ധ രീതികളില്‍ വ്യാഖ്യാനിക്കാന്‍ പഴുതുള്ള ചില പരാമര്‍ശങ്ങളും ഉണ്ട്. അതോടൊപ്പം ഇത് ജനകീയാംഗീകാരമുള്ള ഒരു ഭരണഘടനയുമാണ്. അത് ജനാധിപത്യ സംവിധാനത്തെ സുസ്ഥിരപ്പെടുത്തുമെന്നും സംശുദ്ധമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കുമെന്നും അറബ് രാജ്യങ്ങള്‍ക്ക് മാതൃകയാവുമെന്നും തന്നെയാണ് നാം പ്രതീക്ഷിക്കുന്നത്.
തുനീഷ്യന്‍ പരീക്ഷണം എന്തുകൊണ്ട് വിജയിച്ചു?
റാശിദുല്‍ ഗനൂശി
ഭരണഘടനാ സമിതി അധ്യക്ഷന്, അതിലെ അംഗങ്ങള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍. ഗൂഢാലോചനകളെയും പ്രതിവിപ്ലവങ്ങളെയും സമര്‍ഥമായി മറികടന്ന് അവര്‍ രാഷ്ട്രത്തിന് ഒരു മഹത്തായ ഭരണഘടന സമ്മാനിച്ചിരിക്കുന്നു. അങ്ങനെയവര്‍ തുനീഷ്യയെന്ന തീവണ്ടിയെ ജനാധിപത്യത്തിന്റെ റെയില്‍പാളങ്ങളിലേക്ക് കയറ്റിനിര്‍ത്തിയിരിക്കുന്നു. സ്വേഛാധിപത്യത്തിന് നേരെ കല്ലെറിഞ്ഞ് രക്തസാക്ഷികളായവര്‍ക്കും പരിക്കേറ്റവര്‍ക്കും തടവിലടക്കപ്പെട്ടവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍. ഇതിന് ചുക്കാന്‍ പിടിച്ച തുനീഷ്യന്‍ പ്രസിഡന്റ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളെയും പ്രതിവിപ്ലവങ്ങളെ ചെറുത്ത തുനീഷ്യന്‍ ജനതയെയും ഞാന്‍ അഭിനന്ദിക്കുന്നു.
പ്രധാനമന്ത്രിയായിരുന്ന, രാജിവെച്ചൊഴിഞ്ഞ അലി അല്‍ അറയ്യദ് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. ദേശസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അന്നഹ്ദ പാര്‍ട്ടി പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയാണ്. തുനീഷ്യന്‍ തെരുവുകളിലും അവര്‍ക്കാണ് ശക്തി. എന്നിട്ടും ദേശീയ സമവായത്തിന് വേണ്ടി സകല പാര്‍ട്ടി താല്‍പര്യങ്ങളും ബലി കഴിക്കാന്‍ അദ്ദേഹം സന്നദ്ധനായി.
ഇത് തുനീഷ്യയുടെ ചരിത്രത്തിലെന്നല്ല, ലോക ചരിത്രത്തിലെ തന്നെ അപൂര്‍വ ഭരണഘടനകളില്‍ ഒന്നാണെന്ന് ഞാന്‍ പറയും. ഇതൊരു വിപ്ലവ ഭരണഘടന മാത്രമല്ല, സമവായത്തിന്റെയും അഭിപ്രായൈക്യത്തിന്റെയും ഭരണഘടന കൂടിയാണ്. ഇവിടെ ജയിച്ചവനെന്നും തോറ്റവനെന്നും ഇല്ല. എല്ലാവരും ജയിച്ചിരിക്കുകയാണ്. അങ്ങനെ അറബ് ജനാധിപത്യത്തിന്റെ ആദ്യ കിരീടം തുനീഷ്യ സ്വന്തമാക്കിയിരിക്കുന്നു.
എന്തുകൊണ്ട് ഈ പരീക്ഷണം വിജയകരമായി? അതിന്റെ കാരണം ഞങ്ങള്‍ ചില അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞു എന്നതാണ്:
1. അതിജയിച്ച് കീഴടക്കുന്നതിലല്ല, സമവായത്തിലാണ് പ്രശ്‌നപരിഹാരമുള്ളത്. സുസ്ഥിരമായ ഒരു ജനാധിപത്യ സംവിധാനത്തില്‍ നൂറില്‍ 51 സീറ്റുകള്‍ കിട്ടിയാല്‍ കേവല ഭൂരിപക്ഷമായി; കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ ആ പാര്‍ട്ടി/ മുന്നണിക്ക് ഭരിക്കുകയും ചെയ്യാം. എന്നാല്‍, അറബ് വസന്ത രാജ്യങ്ങളെപ്പോലെ പരിവര്‍ത്തന ഘട്ടത്തില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഇത് മതിയാവുകയില്ല. ചിലപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാലും ഫലമുണ്ടാവുകയില്ല. ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് അത് പ്രതിഫലിപ്പിക്കുന്നതെങ്കിലും, ശൈശവ ദശയില്‍ നില്‍ക്കുന്ന ആ രാഷ്ട്രത്തിന് ഭരണപക്ഷ-പ്രതിപക്ഷ സംഘര്‍ഷങ്ങളെ താങ്ങാനുള്ള കെല്‍പ് ഉണ്ടായിരിക്കുകയില്ല. ജനാധിപത്യപരമായി എങ്ങനെ ഭരിക്കാമെന്ന് ഭരണകക്ഷിക്കോ, ജനാധിപത്യപരമായ വിയോജിപ്പുകള്‍ എങ്ങനെയൊക്കെയാവാമെന്ന് പ്രതിപക്ഷത്തിനോ നല്ല ധാരണയുണ്ടായിരിക്കില്ല. അങ്ങനെയൊരു ചരിത്രാനുഭവം ആ രാഷ്ട്രത്തിന് ഇല്ലാത്തതാണ് കാരണം. ഈ സാഹചര്യത്തില്‍ രൂപപ്പെടുന്ന ഭരണ-പ്രതിപക്ഷ സംഘര്‍ഷം ഏത് സംവിധാനത്തെയും എളുപ്പത്തില്‍ തകിടം മറിക്കും. 'ഡീപ് സ്റ്റേറ്റ്' എന്ന് വിളിക്കപ്പെടുന്ന മിലിട്ടറി പോലുള്ള അധികാര സ്ഥാപനങ്ങള്‍ ഈ അരാജകത്വം മുതലെടുക്കുകയും ചെയ്യും.
2. അരാജകത്വം, അതിക്രമങ്ങള്‍, ഡീപ് സ്റ്റേറ്റിന്റെ കുത്തിത്തിരിപ്പുകള്‍ എന്നിവയെ അതിജീവിക്കാനുള്ള ഏകവഴി ഏതെങ്കിലും വിധത്തില്‍ സമവായത്തിലേക്ക് എത്തിച്ചേരുക എന്നതാണ്. പല തരക്കാരായ കക്ഷികളുമായി ചര്‍ച്ചകള്‍ തുടര്‍ന്നു കൊണ്ടേ പോകാന്‍ അപാരമായ ക്ഷമാശീലവും വേണം. എപ്പോഴും ചര്‍ച്ചകളുടെ ചരട് അറ്റുപോകാതെ നോക്കണം. രാഷ്ട്രീയം കൈയാളുന്ന ഒരു വിഭാഗത്തെയും ഒഴിച്ചുനിര്‍ത്താന്‍ പാടില്ല. 2010-ല്‍ തന്നെ ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അഗാധമായ കൊക്കയുടെ വക്കത്തിരുന്ന് കളിക്കുന്നത് പോലെ ഏതു നിമിഷവും തെന്നിവീഴാവുന്ന നിലയിലായിരിക്കും ചിലപ്പോള്‍ ഈ ചര്‍ച്ചകള്‍. എന്നാലുമത് ഒഴിവാക്കാന്‍ പാടില്ല. ജനാധിപത്യ പ്രക്രിയയുടെ ശൈശവദശ കഴിഞ്ഞ് അത് യുവത്വമാര്‍ജിച്ച് സ്ഥിരത നേടുന്നത് വരെ ചര്‍ച്ചകള്‍ തുടരണം. അതൊരു പ്രവര്‍ത്തന രീതിയായി മാറണം.
3. ഓരോ കക്ഷിയും വിട്ടുവീഴ്ചകള്‍ക്ക് തയാറാവണം. ഏറ്റവും വലിയ കക്ഷി ഏതാണോ അവരാണ് ഏറ്റവും കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടത്. കുടുംബത്തിന്റെ കെട്ടുറപ്പും ഭദ്രതയും ഉറപ്പ് വരുത്തി അത് ശിഥിലമാകാതിരിക്കാന്‍ മുന്‍കൈയെടുക്കേണ്ടത് അതിലെ കാരണവരാണല്ലോ. കാരണവര്‍ അതിന് വേണ്ടി എന്തു വിട്ടുവീഴ്ചക്കും തയാറാവും. ആ കാരണവരുടെ റോളിലാണ് പ്രബല കക്ഷികള്‍ നില്‍ക്കേണ്ടത്. ഈ ഒത്തുകൂടിയിരിക്കുന്ന കക്ഷികള്‍ ചരിത്രപരമായ കാരണങ്ങളാല്‍ പലപ്പോഴും കടുത്ത ശത്രുതയിലായിരിക്കും. അവര്‍ പരസ്പരം വിശ്വാസത്തിലെടുക്കുകയില്ല. എതിരാളിയെ മറികടന്ന് എങ്ങനെ സ്വന്തം കാര്യം നേടാം എന്നേ ഓരോ കക്ഷിയും ചിന്തിക്കൂ. ഈയൊരു പകയും അവിശ്വാസവും ഒരു പരിധിവരെയെങ്കിലും മാറ്റിയെടുക്കണമെങ്കില്‍ പ്രബല കക്ഷികള്‍ വിട്ടുവീഴ്ചകള്‍ ചെയ്‌തേ മതിയാവൂ.
തുനീഷ്യയിലെ ഏറ്റവും വലിയ കക്ഷിയായ അന്നഹ്ദ ചെയ്തത് അതാണ്. ന്യായമായും അവര്‍ക്ക് അര്‍ഹതപ്പെട്ട ഭരണം തന്നെ അവര്‍ വേണ്ടെന്ന് വെച്ചു. ദേശതാല്‍പര്യത്തിന് വേണ്ടി പാര്‍ട്ടി താല്‍പര്യങ്ങളെ ബലി കഴിച്ചു. ചില കക്ഷികളെ കൂട്ടുപിടിച്ച് അവര്‍ക്ക് വേണമെങ്കില്‍ ഒരു ഭരണഘടന പാസാക്കി എടുക്കാമായിരുന്നു. പക്ഷേ, അത് മുഴുവന്‍ തുനീഷ്യക്കാരുടെയും ഭരണഘടനയാവില്ല; ഒരു വിഭാഗം തുനീഷ്യക്കാരുടെ ഭരണഘടന മാത്രമേ ആകൂ. അതിനാല്‍ പ്രകടമായ പല ന്യൂനതകളും അന്നഹ്ദ പ്രശ്‌നമാക്കാന്‍ തുനിഞ്ഞില്ല. വിശദാംശങ്ങളും ശാഖാപരമായ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നത് അടിത്തറ ഭദ്രമായിട്ട് മതി എന്ന് തീരുമാനിച്ചു.
4. രാഷ്ട്രീയ ധ്രുവീകരണം ചെറുക്കാനും വിവിധ രാഷ്ട്രീയ ധാരകളെ അടുപ്പിക്കാനും ഏറ്റവും വലിയ പങ്ക് നിര്‍വഹിക്കാനുള്ളത് പൊതു സമൂഹത്തിനാണ്. തുനീഷ്യന്‍ സമൂഹം വിപ്ലവത്തിലും വിപ്ലവാനന്തരവും അത് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. നേരെ മറിച്ചാണ് ഈജിപ്തിലെ സ്ഥിതി. ഭരണകക്ഷിയായ ഇസ്‌ലാമിസ്റ്റുകള്‍ക്കും പ്രതിപക്ഷത്തിനുമിടയില്‍ കടുത്ത ധ്രുവീകരണമുണ്ടാക്കുന്നതില്‍ അവിടത്തെ സൈന്യം വിജയിച്ചു. സകല അധികാര സ്ഥാപനങ്ങളെയും കൂട്ടുപിടിച്ച് സൈന്യം ആ രാഷ്ട്രത്തെ അജ്ഞാതമായ ഒരു കരാള ഭാവിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. തുനീഷ്യയിലെ സൈന്യം രാഷ്ട്രത്തിന്റെ അതിര്‍ത്തികളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതില്‍ ഒതുങ്ങി നിന്നു. രാഷ്ട്രീയ തര്‍ക്ക വിതര്‍ക്കങ്ങളെ അത് തുനീഷ്യന്‍ ജനതക്ക് വിട്ടുകൊടുത്തു. 22 പാര്‍ട്ടികളുമായി ഞങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ ഒട്ടും എളുപ്പമായിരുന്നില്ലെന്ന് കൂട്ടത്തില്‍ സൂചിപ്പിക്കട്ടെ. കൊക്കയിലേക്ക് വീണുപോകും എന്ന് തന്നെ ഉറപ്പിച്ചിരുന്നു പലപ്പോഴും. ഒടുവില്‍ ഒരു കാരണവശാലും ചര്‍ച്ചകള്‍ ഉപേക്ഷിക്കില്ല എന്ന ദൃഢതീരുമാനം വിജയം കാണുകയായിരുന്നു.
5. വിജയികള്‍ എല്ലാവരുമാണ്. സംശയങ്ങളും അവിശ്വാസവും തളം കെട്ടി നില്‍ക്കുന്ന, ഒരു കക്ഷി മറ്റേ കക്ഷിയെ പിശാച്‌വത്കരിക്കാനും ഇകഴ്ത്താനും ശ്രമിക്കുന്ന അന്തരീക്ഷത്തില്‍ നടക്കുന്ന ചര്‍ച്ചകളത്രയും നിഷ്ഫലമാണ്. അതൊരു പൊതുധാരണയിലോ സമവായത്തിലോ എത്തുകയില്ല. എല്ലാവര്‍ക്കും നേട്ടമുണ്ടാകുന്ന തുറന്ന ചര്‍ച്ചകളാണ് നടക്കേണ്ടത്. ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരിക പ്രബല കക്ഷി ആയിരിക്കുകയും ചെയ്യും. ഈ ചര്‍ച്ചകളിലെ ഒന്നാമത്തെ വിജയി തുനീഷ്യ എന്ന രാഷ്ട്രമാണ്. ജനാധിപത്യത്തിന്റെ റെയില്‍ പാളങ്ങളില്‍ എത്തിച്ചേരാന്‍ അതിന് കഴിഞ്ഞുവല്ലോ.
Comments