Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 14

'മുസ്‌ലിംകള്‍ക്ക് അവരുടെ മതം, ജൂതന്മാര്‍ക്ക് അവരുടെ മതം'

അബൂബക്കര്‍ സിദ്ദീഖ് പറവണ്ണ / പ്രതികരണം

ഡോ. മുഹമ്മദ് ഹമീദുല്ല എഴുതിയ ലേഖനത്തില്‍ (ഡിസംബര്‍ 6) ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണഘടന സംബന്ധമായ ഒരു പരാമര്‍ശമാണ് ഈ കുറിപ്പിനാധാരം. 'മുസ്‌ലിംകള്‍ക്ക് അവരുടെ മതം, ജൂതര്‍ക്ക് അവരുടെ മതം'. ഇത് ഖുര്‍ആനിലെ സൂറത്ത് അല്‍ മാഇദയിലെ 58-ാമത്തെ ആയത്തില്‍ വന്ന വചനമായ ''നിങ്ങളില്‍ (മനുഷ്യരില്‍) എല്ലാവര്‍ക്കും ശരീഅത്തും കര്‍മ മാര്‍ഗവും നിശ്ചയിച്ചിട്ടുണ്ട്'' എന്നതിന്റെ അടിസ്ഥാനത്തിലാണോ? അങ്ങനെയെങ്കില്‍ നബി(സ)യുടെ ആദ്യ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണഘടന രാഷ്ട്രീയ മേഖലയില്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ? നാളിതുവരെ ഓരോ രാഷ്ട്രത്തിലും ആ രാഷ്ട്രത്തിലെ ഇതര മതവിഭാഗങ്ങള്‍ക്ക് സിവില്‍-പേഴ്‌സണല്‍ നിയമങ്ങള്‍ മാത്രം അതത് മത വിഭാഗത്തിന്റെ നിയമങ്ങള്‍ക്കനുസരിച്ചാണ് ഭരണഘടന സംരക്ഷണം നല്‍കിയിരുന്നത്. എന്നാല്‍ പ്രവാചകന്റെ ആദ്യ ഇസ്‌ലാമിക രാഷ്ട്ര ഭരണഘടനയില്‍ ക്രിമിനല്‍ നിയമവും അതത് മത വിഭാഗത്തിന്റെ മത നിയമങ്ങള്‍ അനുസരിച്ചായിരുന്നു നടപ്പില്‍ വരുത്തിയിരുന്നത് എന്നല്ലേ ഇതില്‍ നിന്നും മനസ്സിലാകുന്നത്. അതിനെ ബലപ്പെടുത്തുന്ന രീതിയിലുള്ള ഹദീസും അതോടൊപ്പമുള്ള സംഭവവും രേഖപ്പെടുത്തിയത് കൂടി ലഭിക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകുന്നുവെന്ന് മാത്രം.
അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: ''ജൂതന്മാര്‍ പ്രവാചക സന്നിധിയിലെത്തി അവരിലെ ഒരു സ്ത്രീയും പുരുഷനും വ്യഭിചരിച്ചതിനെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ നബി(സ) അവരോട് ചോദിച്ചു: 'വ്യഭിചരിച്ചവരെ എറിഞ്ഞുകൊല്ലുന്ന വിഷയത്തില്‍ തൗറാത്തില്‍ എന്താണ് കാണുന്നത്?' അവര്‍ പറഞ്ഞു: 'ഞങ്ങള്‍ അവരെ വഷളാക്കുകയും അടിക്കുകയും ചെയ്യും.' അബ്ദുല്ലാഹിബ്‌നു സലാം പറഞ്ഞു: 'നിങ്ങള്‍ കളവാണ് പറയുന്നത്. നിശ്ചയം അതില്‍ എറിഞ്ഞുകൊല്ലണമെന്നാണുള്ളത്. നിങ്ങള്‍ തൗറാത്ത് കൊണ്ടുവരൂ.' അങ്ങനെ അവര്‍ അത് നിവര്‍ത്തി അവരിലൊരാള്‍ തന്റെ കൈ 'എറിഞ്ഞുകൊല്ലണം' എന്ന് പറയുന്ന വചനത്തിന്മേല്‍ വെച്ചു. എന്നിട്ട് അതിന് മുമ്പും ശേഷവുമുള്ളത് വായിച്ചു. അപ്പോള്‍ അബ്ദുല്ലാഹിബ്‌നു സലാം അയാളോട് കൈയെടുക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അയാള്‍ കൈയെടുത്തപ്പോള്‍ അതാ ആ വചനം. അവര്‍ പറഞ്ഞു: 'സത്യമാണിദ്ദേഹം പറഞ്ഞത്. എറിഞ്ഞുകൊല്ലാന്‍ കല്‍പിക്കുന്ന വചനമുണ്ടതില്‍.' അങ്ങനെ പ്രവാചകന്റെ നിര്‍ദേശമനുസരിച്ച് ആ രണ്ട് പേരെയും എറിഞ്ഞുകൊന്നു'' (ബുഖാരി).
മുകളില്‍ കൊടുത്ത ഈ ഹദീസ് ഒരുപാട് യാഥാര്‍ഥ്യങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു. ഒന്നാമത്, പ്രവാചകന്‍ സ്ഥാപിച്ച ആദ്യത്തെ ഇസ്‌ലാമിക  രാജ്യത്ത് ഇതര മത വിഭാഗങ്ങളുടെ സിവില്‍ നിയമം മാത്രമല്ല, അവരുടെ ക്രിമിനല്‍ നിയമവും നടപ്പില്‍ വരുത്തിയിരുന്നത് അവരുടെ തന്നെ മതശാസനകള്‍ക്കനുസരിച്ചായിരുന്നു എന്നതാണ്. ഇത് രാഷ്ട്രീയപരമായി ഇനിയും പഠനത്തിന് വിധേയമാക്കേണ്ടതാണ്. ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്, ജൂതന്മാര്‍ പ്രവാചകന്റെ അടുത്ത് ശിക്ഷ നടപ്പില്‍ വരുത്താന്‍ വരുന്നത് അവര്‍ക്ക് ഖുര്‍ആന്‍ അനുസരിച്ചുള്ള ശിക്ഷ ലഭിക്കാനാണ്. കാരണം, ഖുര്‍ആനില്‍ വ്യഭിചാരികള്‍ക്ക് നൂറ് അടിയാണ് പറയുന്നത്. അത് ലഭിക്കാനാണ് അവര്‍ പ്രവാചക സന്നിധിയില്‍ വരുന്നത്. എന്നാല്‍, ഭരണഘടനയിലെ ഖണ്ഡികയില്‍ പറയുന്നത് 'ജൂതന്മാര്‍ക്ക് ജൂത നിയമം അനുസരിച്ച്' എന്നതിനാല്‍ പ്രവാചകന്‍ അവരുടെ ഗ്രന്ഥമനുസരിച്ചാണ് വിധി നടപ്പില്‍ വരുത്തുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/27-35
എ.വൈ.ആര്‍