മനുഷ്യനിര്‍മിതമായ അനാചാരമാണ് നബിദിനം
മനുഷ്യനിര്‍മിതമായ അനാചാരമാണ് നബിദിനം
വ്യക്തിപൂജയിലധിഷ്ഠിതമാണ് ജന്മദിനാചരണം. ഇസ്‌ലാം വ്യക്തിപൂജയിലല്ല ദൈവപൂജയിലാണ് അധിഷ്ഠിതമായിട്ടുള്ളത്. അതിനാല്‍ ഇസ്‌ലാമിന്റെ ഒരു പ്രവാചകനും ജന്മദിനമോ മരണദിനമോ ഇല്ല! ആര്‍ക്കും അതറിയില്ല. ഒരു ദൈവിക ഗ്രന്ഥത്തിലും ഏതെങ്കിലും പ്രവാചകന്‍ ജനിച്ച ദിവസമോ മരിച്ച ദിവസമോ രേഖപ്പെടുത്തിയിട്ടുമില്ല. ഇസ്‌ലാമിന്റെ പ്രവാചകന്മാര്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്കും ജന്മദിനാചരണം ഇല്ല. മുസ്‌ലിം സമൂഹത്തില്‍ അടുത്തകാലം വരെ, ജനിച്ച ദിവസം എഴുതിവെക്കുന്ന പതിവ് പോലും ഉണ്ടായിരുന്നില്ല. സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ ഏകദേശം വയസ്സ് നോക്കി ഒരു തീയതി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു പതിവ്. ഇപ്പോള്‍ ജനനവും മരണവും രജിസ്റ്റര്‍ ചെയ്യല്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയപ്പോഴാണ് കൃത്യ തീയതികള്‍ ഉണ്ടായത്. അറബികള്‍ക്കും (ജാഹിലിയ്യ കാലത്തും ഇസ്‌ലാമികകാലഘട്ടത്തിലും) ജന്മദിനം രേഖപ്പെടുത്തിവെക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് മുഹമ്മദ് നബി(സ)യുടെ ജനന ദിവസം എന്നാണെന്ന് തര്‍ക്കമറ്റ രീതിയില്‍ അറിയാതെ പോയത്. ഇന്ന് അറബി കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വലില്‍ ആണ് ജന്മദിനാഘോഷക്കാര്‍ അതാചരിക്കുന്നത്. റബീഉല്‍ അവ്വലിലാണെന്ന് പറയുന്നവര്‍ തന്നെ തീയതി ഒമ്പതോ പന്ത്രണ്ടോ എന്നതില്‍ തര്‍ക്കത്തിലാണ്. നബി(സ) ജനിച്ചത് റമദാനിലാണെന്ന അഭിപ്രായമുള്ള പണ്ഡിതന്മാര്‍ ധാരാളമുണ്ട്. വേറെയും അഭിപ്രായങ്ങളുണ്ട്. എന്തൊക്കെയായാലും ഈ ജന്മദിനാഘോഷങ്ങള്‍ ശുദ്ധ അസംബന്ധം മാത്രമാണ്. ഇസ്‌ലാമിന്റെ വ്യതിരിക്തതയാണിതുമൂലം നഷ്ടപ്പെടുന്നത്. സ്വപ്രയത്‌നത്താല്‍ വളര്‍ന്നുവന്ന മനുഷ്യരിലെ ഉന്നത വ്യക്തികളെ അതിര് വിട്ടാദരിക്കുന്നവര്‍ സൃഷ്ടിച്ചിട്ടുള്ളതാണ് ജന്മദിന-മരണ ദിനാഘോഷങ്ങള്‍. പ്രവാചകന്മാര്‍ അങ്ങനെ വളര്‍ന്നുവന്നവരല്ല. ദൈവനിയോഗത്താല്‍ ഉയര്‍ന്ന സ്ഥാനം ലഭിച്ചവരാണ്. അവര്‍ക്കുള്ള ഒരു പ്രത്യേകതയാണ് ജന്മദിനാഘോഷക്കാര്‍ ഇല്ലായ്മ ചെയ്യുന്നത്.
ഇസ്‌ലാമില്‍ രണ്ടാഘോഷങ്ങളേയുള്ളൂ. ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അദ്ഹയും. അവ എന്ന്, എങ്ങനെ, എപ്പോള്‍ ആചരിക്കണമെന്ന് വ്യക്തമായ ശാസനകളുണ്ട്. അവയോടനുബന്ധിച്ചുള്ള പ്രാര്‍ഥനകള്‍, ദിക്‌റുകള്‍, ആചാരങ്ങള്‍ എന്നിവക്കൊക്കെ നിശ്ചിത രൂപങ്ങളുണ്ട്. അവയൊന്നും തെറ്റിക്കാന്‍ പാടില്ല. മുന്‍ഗണനാ ക്രമങ്ങള്‍ പോലും മാറ്റാന്‍ പാടില്ല. എന്നാല്‍ കമ്പും തുമ്പുമില്ലാത്ത ആഘോഷമാണ് മീലാദുന്നബി. അതിന് കാലവും സമയവുമില്ല. ആചാരങ്ങള്‍ക്ക് നിഷ്ഠയില്ല. അതില്‍ എന്തും ചേരും. എന്തും ചേര്‍ക്കാം. വിട്ടുകളയാം. കഴിഞ്ഞ വര്‍ഷം നടത്തിയ രൂപത്തില്‍ ഈ വര്‍ഷം നടത്തണമെന്നില്ല. ദിക്‌റും ദുആയുമല്ല പാട്ടും ദഫ്മുട്ടും കോല്‍ക്കളിയും എഴുന്നള്ളത്തുമൊക്കെയായിട്ടത് 'പൊടിപൊടിക്കുന്ന'ത് അത് മനുഷ്യനിര്‍മിതമായ ഒരനാചാരമായത് കൊണ്ടാണ്.
ഹിജ്‌റ മുന്നൂറിന് ശേഷം ഈജിപ്തിലെ ഒരു സ്വേഛാധിപതിയായ രാജാവ് തന്റെ ദുഷ്‌ചെയ്തികളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനായി സൃഷ്ടിച്ചുണ്ടാക്കിയതാണ് ഈ ദുരാചാരം. നബി(സ) ജനിച്ച മക്കയിലും ദിവംഗതനായ മദീനയിലും ഈ ആഘോഷം ഇല്ല.
മതത്തിലെ ഏതൊരു ബിദ്അത്തി(ദുരാചാരം)നും ദുര്‍ബലമായ വാറോലകളുടെ പിന്തുണയെങ്കിലും കാണാന്‍ സാധിക്കും. എന്നാല്‍ നബി ജന്മദിനാഘോഷത്തിന് തെളിവായി ഒരു വാറോല പോലുമില്ല. കാരണം, അത് ഉത്തമ നൂറ്റാണ്ടുകള്‍(മൂന്ന് നൂറ്റാണ്ടുകള്‍)ക്ക് ശേഷം വന്നുചേര്‍ന്ന ഒന്നാണ്. ഇതൊരു 'സുന്നി-മുജാഹിദ്' തര്‍ക്ക വിഷയമാക്കി ചുരുക്കുന്നത് ഒരടവ് മാത്രമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാനാശയങ്ങള്‍ക്ക് തന്നെ കത്തിവെക്കുന്ന ഈ ദുരാചാരം ശാഖാപരമായ ഒരു തര്‍ക്കവിഷയമല്ല.
അബ്ദുര്‍റഹ്മാന്‍ ഇരിവേറ്റി
മുസ്‌ലിം അജണ്ടകളുടെ പുനര്‍ നിര്‍ണയം
'മുസ്‌ലിം അജണ്ടകളുടെ പുനര്‍നിര്‍ണയം' ചര്‍ച്ച ശ്രദ്ധേയമായി. സമുദായത്തിന്റെ മനസ്സ് എക്കാലത്തും നിര്‍മലമാണ്. സംഘടനാ വിഭാഗീയതകള്‍ക്ക് അപ്പുറമാണത്. നേതാക്കളും പണ്ഡിതന്മാരും ഒന്നിച്ചിരുന്ന് വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെ ഒരുമയോടെ ചര്‍ച്ച ചെയ്താല്‍ ലളിതമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ ഇപ്പോള്‍ ഉള്ളൂ. എന്നും ഐക്യത്തിന് അനുകൂലമായ ശുദ്ധ പ്രകൃതിയാണ് സമുദായത്തിന്റേത്. ഉദാഹരണത്തിന് ശരീഅത്ത് വിവാദവും ഏകസിവില്‍കോഡ് പ്രശ്‌നവും മറ്റും ഉണ്ടായപ്പോള്‍ സംഘടനകള്‍ ഐക്യപ്പെട്ടത് നമ്മള്‍ കണ്ടതാണ്. അതുകൊണ്ട് അജണ്ടകള്‍ നിര്‍ണയിക്കേണ്ടത് സംഘടനകള്‍ക്കല്ല, സമുദായത്തിനാണ്.
മുഹമ്മദ് വെട്ടത്ത്, പെരുമ്പാവൂര്‍
സമയത്തിന്റെ വില
എ.കെ അബ്ദുസ്സലാം എഴുതിയ 'ഒഴിവും ആരോഗ്യവും' (പ്രകാശവചനം) ചിന്താര്‍ഹമായ വായനാനുഭവമായിരുന്നു. നഷ്ടപ്പെട്ടുപോയ സമയത്തെ നിരാശയോടെ വിലയിരുത്തുന്ന ഒരാള്‍, കടന്നുവരുന്ന ഓരോ സമയത്തെയും പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും. അതേസമയം, കഴിഞ്ഞുപോയ സമയവും വര്‍ത്തമാന സമയവും തമ്മില്‍ അന്തരമില്ലാതെ കഴിച്ചുകൂട്ടുന്ന ഒരാള്‍ സമയത്തിന്റെ മൂല്യത്തെപ്പറ്റി ബോധവാനാവുകയില്ല. ഒഴിവു സമയം മുഴുവന്‍ ഭൗതികതയുടെ ലോകത്ത് വിഹരിക്കുന്നവര്‍ പുനര്‍വിചിന്തനത്തിന് തയാറാവാത്തേടത്തോളം കാലം സമയത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് സംതൃപ്തരായി തുടരാം. വ്യര്‍ഥമായ വിനോദങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞ് ഇരു ലോകങ്ങളിലേക്കും പ്രയോജനപ്രദമായ കാര്യങ്ങളിലേക്ക് സമയത്തെയും ആരോഗ്യത്തെയും പറിച്ചുനടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നോര്‍മിപ്പിക്കുന്നതാണ് പ്രസ്തുത കുറിപ്പ്.
ശാഹിന തറയില്‍ മലപ്പുറം
അടയാളപ്പെടുത്തേണ്ട പുസ്തകം
രണ്ട് ലക്കങ്ങളിലായി പ്രബോധനത്തില്‍ വന്ന പ്രവാചക ജീവ ചരിത്രസംബന്ധിയായ രചനകളില്‍ പെടുത്തേണ്ടിയിരുന്ന, എന്നാല്‍ വിട്ടുപോയ ഒരു പുസ്തകമുണ്ട്. നബിതിരുമേനിയുടെ മകള്‍, സഹചരന്മാര്‍, ബന്ധുക്കള്‍, ശത്രുവായിരുന്ന അബൂസുഫ്‌യാന്‍ വരെയുള്ളവരുടെ ഓര്‍മക്കുറിപ്പുകളുടെ രൂപത്തില്‍ ചെറുകഥകള്‍ പോലെ എഴുതപ്പെട്ട കൃതിയാണ് ജമാല്‍ കൊച്ചങ്ങാടിയുടെ 'സ്ഫടികം പോലെ' (പ്രസാധനം ലിപി പബ്ലിഷേഴ്‌സ്, കോഴിക്കോട്). പുതുമയും മൗലികതയും ശൈലീപരമായ ചാരുതയും ഒരുമിക്കുന്ന അപൂര്‍വമായ ഈ സര്‍ഗാത്മക രചന മറ്റു പരാമൃഷ്ട കൃതികളില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നു. പ്രിസത്തിലൂടെ കടന്നുപോകുന്ന ധവള രശ്മി മനോജ്ഞമായ വര്‍ണരാജിയായി വിരിയുന്നതുപോലെ പ്രവാചകന്റെ വ്യക്തിത്വത്തിന്റെ നിറഭേദങ്ങളെ അനന്യ സുഭഗതയോടെ ഈ കൃതി അടയാളപ്പെടുത്തുന്നു. വിശുദ്ധ ജീവിതത്തിന് സര്‍ഗാത്മക രചനാരൂപം നല്‍കുമ്പോള്‍ ചെന്നുപെടാവുന്ന ചതിക്കുഴികളെയും വിവാദച്ചുഴികളെയും ഗ്രന്ഥകാരന്‍ സസൂക്ഷ്മം സമര്‍ഥമായി മറികടക്കുന്നുണ്ടെന്നതും ഈ കൃതിയുടെ സവിശേഷതയാണ്.
പി.പി ഹമീദ് തിരുവനന്തപുരം
കവിതകളുടെ ഭാവുകത്വം
ലക്കം 2836-ല്‍ പ്രസിദ്ധീകരിച്ച 'എ.ബി.സി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി'(അമീന്‍ അഹ്‌സന്‍ കൂട്ടിലങ്ങാടി), 'എല്ലാം പെട്ടെന്ന്' (രാഹുല്‍ കണ്ണന്‍മൂല), 'കണ്ണാടി'(അഫ്‌സല്‍ കാരക്കാട്) എന്നീ കവിതകള്‍ വളരെ നിലവാരം പുലര്‍ത്തി. ഈ ഹ്രസ്വമായ കവിതകളിലെ വരികള്‍ ചിന്തോദ്ദീപകമാണ്. ഓരോ വരിയുടെയും പൊരുള്‍ മനുഷ്യ മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങുന്നു. കവികള്‍ക്ക് അനുമോദനങ്ങള്‍.
ആചാരി തിരുവത്ര ചാവക്കാട്
പകകൊണ്ട് അന്ധരായവര്‍
'ഈജിപ്തില്‍ അള്‍ജീരിയ ആവര്‍ത്തിക്കുമോ?' എന്ന താജ് ആലുവയുടെ ലേഖനം (ലക്കം 2834) കണ്ണ് തുറപ്പിക്കുകയും ഈറനണിയിക്കുകയും ചെയ്തു. കപട മത-മതേതര-പൗരോഹിത്യ-പണച്ചാക്കുകള്‍ ഇസ്‌ലാമിനോടും ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടും ഇസ്‌ലാമിസ്റ്റുകളോടും തീര്‍ത്താല്‍ തീരാത്ത പകയാണ് വെച്ചുപുലര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇത് സാധൂകരിക്കാന്‍ ഇവര്‍ ഏതറ്റം വരെയും പോകുമെന്നാണ് ഈജിപ്തും ബംഗ്ലാദേശും തുനീഷ്യയും തുര്‍ക്കിയുമെല്ലാം വിളിച്ചുപറയുന്നത്.
നസീര്‍ പള്ളിക്കല്‍ രിയാദ്
കനപ്പെട്ട മുഖപ്രസംഗങ്ങള്‍
പ്രബോധനത്തിന്റെ മുഖപ്രസംഗങ്ങള്‍ കനപ്പെട്ടതാകുന്നു. വാക്കുകളുടെ അഴകും വസ്തുതകളിലെ കൃത്യതയും കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന ആധികാരികതയുണ്ട് മുഖ പ്രസംഗങ്ങള്‍ക്ക്. വൈകാരികതയില്‍ സമനില തെറ്റിയും എന്നാല്‍ വികാരങ്ങള്‍ ചോര്‍ന്നുപോയും സന്തുലിതത്വം നഷ്ടപ്പെട്ട വായനക്ക് പ്രബോധനം നേര്‍വഴി കാണിക്കുന്നു. ന്യൂനപക്ഷ അവകാശദിനം, കോര്‍പ്പറേറ്റ് രാഷ്ട്രീയം എന്നിവ മികച്ചതായി. ഭാവുകങ്ങള്‍.
സജീര്‍ കാഞ്ഞിരമുകളേല്‍
പല്ലാരിമംഗലം
Comments