Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 14

അസീമാനന്ദ കുറ്റസമ്മതം നടത്തിയിട്ടെന്ത്?

ഇഹ്‌സാന്‍ / മാറ്റൊലി

ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ആരാന്റെ വിഴുപ്പ് ചുമക്കുന്ന ഒരു സമൂഹത്തിന്റെയും അകാരണമായി ജയിലിലടക്കപ്പെട്ട ഇരകളുടെയും ഉന്മാദം മൂര്‍ഛിക്കാനായി മാത്രം ഒടുവില്‍ പുതിയൊരു പേരു കൂടി പുറത്തുവന്നിരിക്കുന്നു. മറ്റാരുടെയുമല്ല ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവതിന്റേത്. വാസ്തവത്തില്‍ ഈ സംഘടനയെ കുറിച്ചറിയുന്ന ഏതൊരാള്‍ക്കും ഇതുവരെയുള്ള വിവരങ്ങളില്‍ നിന്നും എന്നേ പറയാനാവുമായിരുന്ന പേരാണത്. ആര്‍.എസ്.എസ്സില്‍ നിന്ന് പറഞ്ഞുകേട്ട പേരുകളില്‍ കേന്ദ്രകാര്യകാരിണി സഭ അംഗം ഇന്ദ്രേഷ് കുമാര്‍ ആയിരുന്നു ഇതുവരെ ഏറ്റവും വലുത്. 2010-2011 കാലത്ത് അസീമാനന്ദ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു ശേഷം പിന്നീട് ഈ കേസിനെ കുറിച്ച് ഒന്നുമേ കേള്‍ക്കാനുണ്ടായിരുന്നില്ല താനും. അസീമാനന്ദയെ പോലീസ് പീഡിപ്പിച്ചതു കൊണ്ടാണ് അയാള്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയതെന്നാണ് നിയമപീഠത്തിന്റെ മുമ്പില്‍ പിന്നീട് ബാക്കിയായ വാദം. അതേസമയം ഹരിയാനയിലും ദല്‍ഹിയിലുമായി രണ്ട് വ്യത്യസ്ത മാസങ്ങളില്‍, ഓരോ തവണയും പോലീസിന്റെ ഇടപെടലില്ലാതെ 48 മണിക്കൂര്‍ വീതം ശാന്തനായി ഇരുന്ന് ആലോചിച്ചായിരുന്നു അസീമാനന്ദ സ്വന്തം കൈപ്പടയില്‍ കുറ്റസമ്മത മൊഴി എഴുതി കൊടുത്തത്. ഈ മൊഴികള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയതിനു ശേഷം അഭിഭാഷകന്മാര്‍ക്കു വേണ്ടിയുള്ള ആര്‍.എസ്.എസ് സംഘടനയായ അഖില്‍ ഭാരതീയ അതിവക്ത പരിഷത്ത് രംഗത്തെത്തി ഇയാളുടെ വക്കാലത്ത് ഏറ്റെടുക്കുകയായിരുന്നു. അതുവരെയും കേസില്‍ അഭിഭാഷകരെ ആവശ്യമില്ല എന്ന നിലപാടായിരുന്നു അസീമാനന്ദക്ക്. പരിഷത്ത് രംഗത്തെത്തിയതിനു ശേഷമാണ് പോലീസിന്റെ പീഡനക്കഥ പുറത്തുവന്നത്. അഭിഭാഷകരുടെ മുമ്പാകെ നടത്തിയ മൊഴിമാറ്റമായിരുന്നോ അതോ മജിസ്‌ട്രേറ്റിനു മുമ്പാകെ പറഞ്ഞ കാര്യങ്ങളായിരുന്നോ സത്യമെന്ന് രണ്ടു വര്‍ഷത്തിനു ശേഷം അസീമാനന്ദ കാരവന്‍ മാസികയിലൂടെ വീണ്ടും വെളിപ്പെടുത്തി, കുങ്കുമ ഭീകരതയുടെ തനിനിറം പുറത്തുവിട്ട കുറെക്കൂടി വലിയ ഗൂഢാലോചനക്കാരന്റെ പേരുമായി.
അസീമാനന്ദക്കപ്പുറം മറ്റാരിലേക്കും അന്വേഷണം നടക്കാത്തവിധം ഫയലുകള്‍ അടച്ചുവെക്കാനൊരുങ്ങുന്ന എന്‍.ഐ.എക്ക് ഏതാനും ആഴ്ചകള്‍ നീണ്ടേക്കാവുന്ന ചെറിയൊരു തലവേദന എന്നതിലപ്പുറം ഈ വെളിപ്പെടുത്തലിന് ഒരു പ്രസക്തിയും ഇന്ത്യയില്‍ ഇല്ല. സാധാരണഗതിയില്‍ ഇത്തരം കേസുകളില്‍ പോലീസ് വേദവാക്യമായി അവതരിപ്പിക്കാറുള്ള 'മുഖ്യസൂത്രധാരന്റെ വെളിപ്പെടുത്തല്‍' ഈ കേസില്‍ കോടതിയിലെത്തിയില്ല. ഇന്ദ്രേഷ് കുമാറിനെ സി.ബി.ഐ ഒരുതവണ ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും കേസില്‍ മുന്നോട്ടുപോകാനുള്ള തെളിവുകള്‍ കിട്ടിക്കഴിഞ്ഞതായി അവകാശപ്പെടുകയും ചെയ്തിരുന്നു. വീണ്ടുമൊരിക്കല്‍ കൂടി ചോദ്യം ചെയ്യേണ്ട ഘട്ടമെത്തിയപ്പോഴേക്കും അന്വേഷണ ചുമതല വഴിമാറുകയാണുണ്ടായത്. ഇതോടെ ഇന്ദ്രേഷ് രക്ഷപ്പെട്ടു. കേണല്‍ പുരോഹിത്, സ്വാധ്വി പ്രഗ്യാ സിംഗ് താക്കൂര്‍ എന്നിവരുടെ കാര്യത്തിലും എങ്ങനെയെങ്കിലും കേസൊഴിവാക്കാനുള്ള ശ്രമങ്ങളാണ് മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നത്. മൂന്നു കൊടുംകുറ്റവാളികള്‍ ഇപ്പോഴും ഇവരുടെ ആശ്രമങ്ങളില്‍ എവിടെയൊക്കെയോ ഒളിവിലാണ്. അവരെ കണ്ടെത്താനേ കഴിഞ്ഞിട്ടില്ല! ഇക്കാര്യത്തില്‍ ബി.ജെ.പിയെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സ്വന്തം കൈകളാല്‍ ഇവരെ കുറ്റക്കാരായോ കുറ്റവിമുക്തരായോ പ്രഖ്യാപിക്കാതെ, എന്നാല്‍, എല്ലാം 'കുങ്കുമ ഭീകരത'യുടെ വഴിയെ സൗകര്യപ്പെടും വിധം ഒതുക്കിവെച്ചു കൊടുക്കുകയാണ് കോണ്‍ഗ്രസും ചെയ്യുന്നത്. പുരോഹിത് കുറ്റം ചെയ്തതായി കരുതാനാവില്ലെന്ന് സൈന്യം റിപ്പോര്‍ട്ടെഴുതിയതായാണ് ഒടുവിലത്തെ വിവരം. ഇയാള്‍ ജയിലിലാണെങ്കിലും ശമ്പളവും ആനുകൂല്യങ്ങളും മുറതെറ്റാതെ പ്രതിരോധ മന്ത്രാലയം പാസാക്കി കൊടുക്കുന്നുമുണ്ട്. കേണലും പ്രഗ്യയും പാണ്ടെയും പുറത്തിറങ്ങിയാല്‍ പിന്നെ അസീമാനന്ദയില്‍ നിന്നും മുകളിലേക്കു കടക്കുന്ന കണ്ണികളും താനെ അറ്റുപോകുന്ന വിധത്തിലാണ് ഈ കേസിന്റെ കിടപ്പ്.  
ഈ കേസില്‍ അസീമാനന്ദ വീണ്ടും നല്‍കിയ അഭിമുഖത്തിന്  നിയമപരമായ ഒരു പ്രാധാന്യവും ഇല്ല. ഈ അഭിമുഖം റെക്കോര്‍ഡ് ചെയ്യപ്പെട്ട സ്ഥിതിക്ക് പറഞ്ഞ കാര്യങ്ങള്‍ വേണമെങ്കില്‍ വീണ്ടും സി.ബി.ഐക്കോ എന്‍.ഐ.എക്കോ അന്വേഷിക്കാം എന്നു മാത്രം. അതില്‍ തന്നെയും നാലാമത്തെ അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ മാത്രമാണ് മോഹന്‍ ഭഗവതിന്റെയും മറ്റും കാര്യത്തില്‍ തെളിവായി മാറുന്നത്. മൂന്നാമത്തെ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എഴുതാന്‍ ലേഖിക ലീനാ ഗീതാ രഘുനാഥിന് അനുമതി ഉണ്ടായിരുന്നില്ല. ഈ അഭിമുഖങ്ങള്‍ ശ്രദ്ധിച്ചു വായിച്ചാല്‍ മനസ്സിലാവുന്ന ചില കാര്യങ്ങളുണ്ട്. അസീമാനന്ദക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നതും അയാള്‍ ഇന്നും കടുത്ത മതഭ്രാന്തനാണ് എന്നതുമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍ പോലെ ദുരൂഹമായ ശേഷിച്ച ഭീകരാക്രമണങ്ങളെ കുറിച്ച് ഇയാള്‍ ഒന്നും വിട്ടുപറയുന്നില്ല. പശ്ചാത്താപമല്ല, താന്‍ കുടുങ്ങിയ കേസുകളില്‍ ബാക്കിയുള്ളവരും അഴിയെണ്ണട്ടെ എന്ന മാനസികനില മാത്രമായിരുന്നു ഇത്.
ഒരു യാഥാര്‍ഥ്യം കൂടി ഇവിടെ ചര്‍ച്ച ചെയ്യാതിരിക്കാനാവില്ല. പൊതുവെ മതേതര ചാനലുകളെന്ന് വിലയിരുത്തപ്പെടാറുള്ള എന്‍.ഡി.ടി.വി, സി.എന്‍.എന്‍-ഐ.ബി.എന്‍ പോലും ഈ വാര്‍ത്ത പുറത്തുവിട്ടില്ല എന്നതാണ് ലജ്ജാകരമായ ആ സത്യം. അര മണിക്കൂറിന് 12 ലക്ഷം രൂപ പ്രതിലം വാങ്ങി നരേന്ദ്ര മോദിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച ചാനല്‍ മുതലാളിമാരുടെ പട്ടിക കാരവന്‍ പ്രസിദ്ധീകരിച്ചതിന്റെ അരിശമാണ് ഒരുപക്ഷേ ചില പകല്‍മാന്യന്മാരായ എഡിറ്റര്‍മാര്‍ തീര്‍ത്തത്. അതല്ല വിഷയമെന്നു വാദത്തിന് സമ്മതിക്കുക. അപ്പോഴും ആര്‍.എസ്.എസ്സിനെതിരെ വാര്‍ത്ത നല്‍കുമ്പോള്‍ ജേര്‍ണലിസത്തിന്റെ മുഴുവന്‍ സിദ്ധാന്തങ്ങളും അക്ഷരംപ്രതി ഓര്‍ത്തുവെക്കാറുളള ഇവര്‍ തന്നെയാണ് മാലേഗാവിലെയും ഹൈദരാബാദിലെയും സ്‌ഫോടനങ്ങള്‍ ഇന്ത്യന്‍ മുജാഹിദീനും ലശ്കറെ ത്വയ്യിബയും മറ്റുമാണ് നടത്തിയതെന്ന് വിളിച്ചു കൂവിയവര്‍. അത് ജനാധിപത്യത്തിന്റെ ഒരു 'അനിവാര്യത'യായി വകവെച്ചു തന്നേക്കാം. അതേ തത്ത്വങ്ങള്‍ മറ്റുള്ളവര്‍ക്ക് ബാധകമല്ലെന്ന് വരുമ്പോഴാണ് പത്രപ്രവര്‍ത്തനം കൈയൂക്കു കാട്ടലും കൂലിത്തല്ലുമായി മാറുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/27-35
എ.വൈ.ആര്‍