Prabodhanm Weekly

Pages

Search

2011 ജൂലൈ 23

ഓര്‍മകളുടെ പാദനിസ്വനം

പ്രവാസ ജീവിതത്തിലെ ചെറിയ ഒരു വീടുമാറ്റത്തിനിടെ, പുസ്‌തകങ്ങള്‍ അലമാരിയില്‍ ഒതുക്കവെ, പ്രബോധനത്തിന്റെ അറുപതാം വാര്‍ഷികപതിപ്പ്‌ എന്റെ മുമ്പില്‍ ഉതിര്‍ന്നുവീണു. അതിന്റെ താളുകള്‍ ധൃതിയില്‍ ഒരിക്കല്‍ കൂടി മറിച്ചുനോക്കവെ, വിസ്‌മൃതിയില്‍ വിശ്രമിച്ചിരുന്ന അനുഭവങ്ങളുടെ അറകള്‍ ഒന്നൊന്നായി വീണ്ടും തുറന്നു.
ആറു പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പത്തെ പിറവിക്ക്‌ ശേഷം പ്രബോധനം കടന്നുപോയ യാത്രയുടെ കഥ പറയുന്ന ലേഖനങ്ങള്‍ ഒരു നവോത്ഥാനത്തിന്റെ വേപഥുകള്‍ ഒപ്പിയെടുത്തിരുന്നു. ആ യാത്രയില്‍ ഈ ലേഖകന്‍ ഭാഗഭാഗക്കായിരുന്നു എന്നത്‌ ഇന്ന്‌ വിശ്വസിക്കാന്‍ പ്രയാസമുള്ള ഒരു വെളിപാട്‌ പോലെ തപ്‌തമാണ്‌.
ഉപജീവനം തേടി പ്രബോധനത്തോട്‌ യാത്ര ചോദിച്ച്‌ പ്രവാസം വരിച്ച്‌ മുപ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞു തുളുമ്പി വരുന്ന ഒരു ബോധ്യമുണ്ട്‌. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക്‌ തങ്ങളുടെ ചിന്തകളെയും മനോഭാവത്തെയും അറിവിനെയും ദിശാബോധത്തെയും ചിട്ടപ്പെടുത്തുന്ന സിരാ കേന്ദ്രമായിരുന്നു പ്രബോധനമെങ്കില്‍ അതിലെ പ്രവര്‍ത്തകര്‍ക്ക്‌ പ്രബോധനം ഒരു വീടായിരുന്നു. ഒരു വീടിന്റെ എല്ലാ വൈകാരിക ഭാവങ്ങളും പ്രബോധനത്തില്‍ എപ്പോഴും നിലനിന്നിരുന്നു. ഒരു പത്രാധിപരും സഹപത്രാധിപന്മാരും മാത്രം ഉള്‍പ്പെട്ടതായിരുന്നില്ല പ്രബോധനം എന്ന വീട്‌. അച്ചുനിരത്തുന്ന ഹസന്‍ കോയയും അച്ചുക്കൂടം ചലിപ്പിക്കുന്ന കോയക്കയും ഈ കുടുംബത്തിലെ അംഗങ്ങളായിരുന്നു. പത്രമാപ്പീസിന്റെ എതിര്‍വശത്തുള്ള രാമന്റെ ചായക്കട പോലും ഒരുപക്ഷേ ഈ വീടിന്റെ ചായ്‌ച്ചു കെട്ടായിരുന്നു.
നാലോ അഞ്ചോ അംഗങ്ങള്‍ മാത്രമായിരുന്നു പത്രാധിപസമിതിയിലെങ്കിലും ഓരോ ആഴ്‌ചയിലും അവര്‍ എഴുതി, ചെത്തി മിനുക്കി, ചിട്ടപ്പെടുത്തി അച്ചടിച്ച്‌ പുറത്തിറക്കുന്ന വാരികക്ക്‌ വേണ്ടി പുറത്ത്‌ പതിനായിരക്കണക്കില്‍ വായനക്കാര്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുമായിരുന്നു. പത്രാധിപസമിതിയംഗങ്ങളായ ഞങ്ങള്‍ക്കുതന്നെ അച്ചുകൂടത്തില്‍ നിന്ന്‌ പിറന്നു വീഴുന്ന വാരിക ഒരു ശിശുപ്പിറവിയുടെ സംതൃപ്‌തിയും ആവേശവും ഉളവാക്കുമായിരുന്നു.
നിരോധിക്കപ്പെട്ടിരുന്ന പ്രബോധനം 1977-ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അതിനെ നയിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട അഞ്ചംഗ സമിതിയിലെ അംഗമായിരുന്നു ഞാന്‍. വി.എ കബീര്‍, ടി.കെ ഉബൈദ്‌, വി.കെ ജലീല്‍, വി.എസ്‌ സലീം എന്നിവരായിരുന്നു മറ്റു സഹപ്രവര്‍ത്തകര്‍. ടി.കെ അബ്‌ദുല്ല സാഹിബ്‌ പത്രാധിപരായിരുന്നുവെങ്കിലും വാരികയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നില്ല. ഓരോ ആഴ്‌ചയിലെയും വാരിക വായിച്ച്‌ അത്‌ നിയതമായ കര്‍ത്തവ്യം നിറവേറ്റുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്നുണ്ടോ എന്ന്‌ ഉറപ്പുവരുത്തുകയായിരുന്നു അദ്ദേഹത്തിന്റെ കര്‍ത്തവ്യം. അപ്പപ്പോള്‍ നല്‍കുന്ന സ്‌നേഹപൂര്‍ണവും സരസവുമായ നിര്‍ദേശങ്ങളിലൂടെ ഈ ബാധ്യത അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. അഗാധ പാണ്ഡിത്യമുള്ള അദ്ദേഹം തന്നേക്കാള്‍ എത്രയോ കുറവ്‌ അറിവുള്ളവരുടെ അഭിപ്രായങ്ങളെ വളരെ വിലമതിക്കുന്നത്‌ ഒരു നല്ല അനുഭവമായിരുന്നു.
പ്രബോധനം മാനേജരായിരുന്ന എം.എ അഹ്‌മദ്‌ കുട്ടി സാഹിബിന്റെ സുന്ദരമായ മുഖത്തെ വിട്ടുമാറാത്ത പുഞ്ചിരി ഞങ്ങള്‍ക്ക്‌ എപ്പോഴും ആത്മവിശ്വാസം പകരുമായിരുന്നു.
എക്‌സിക്യൂട്ടീവ്‌ എഡിറ്ററുടെ റോളിലായിരുന്ന കബീര്‍ സാഹിബ്‌ സ്‌നേഹത്തിന്റെ ജീവിക്കുന്ന മാതൃകയായിരുന്നു. പഠിക്കുന്ന കാലം മുതല്‍ തന്നെ കബീര്‍ എന്റെ പ്രചോദനവും മാര്‍ഗദര്‍ശികളില്‍ ഒരാളുമായിരുന്നു. മലയാളത്തിലെ ഇസ്‌ലാമിക ഗദ്യ ശൈലിയെ സര്‍ഗസാഹിത്യശൈലിയിലേക്ക്‌ കൈപിടിച്ച്‌ നയിച്ച കേരളത്തിലെ ആദ്യത്തെ എഴുത്തുകാരനാണ്‌ കബീര്‍. എന്റെ മേശക്കഭിമുഖമായിട്ട കസേരയിലിരുന്ന്‌ രണ്ട്‌ വര്‍ഷം എനിക്കദ്ദേഹം പകര്‍ന്നുതന്ന സ്‌നേഹവും മാര്‍ഗദര്‍ശനവുമായിരുന്നു പ്രഫഷണല്‍ പത്രപ്രവര്‍ത്തനത്തിലെ എന്റെ ആദ്യത്തെ കൈമുതല്‍. പില്‍ക്കാലത്ത്‌ ഇംഗ്ലണ്ടുകാരനായ പീറ്റര്‍ ഹിലിയര്‍ എഡിറ്റു ചെയ്‌തിരുന്ന ദിനപത്രത്തില്‍ ഞാന്‍ എഴുതിയിരുന്ന ഇസ്‌ലാമിക ലേഖനങ്ങള്‍ക്കു പോലും ഹ്രസ്വമായ ഈ കാലയളവിലെ പ്രബോധനാനുഭവത്തേട്‌ ഞാന്‍ കടപ്പെട്ടിരിക്കുന്നു.
മൃദുലമായി സംസാരിക്കുന്ന ടി.കെ ഉബൈദ്‌ സാഹിബ്‌ ചിന്തയുടെ അതിഭദ്രമായ കോട്ടയായിരുന്നു. അദ്ദേഹം പേന ചലിപ്പിച്ചാല്‍ അതില്‍നിന്ന്‌ ഉതിര്‍ന്നു വീഴുന്നത്‌ ഉറപ്പായും ശില്‌പഭദ്രമായ ഭാഷയില്‍ എഴുതപ്പെട്ട സമഗ്രതയുള്ള ആശയങ്ങളാണ്‌. മലയാളത്തിലെ ഇസ്‌ലാമിക പത്രപ്രവര്‍ത്തനം നാല്‍പതിലേറെ വര്‍ഷങ്ങളായി ഉബൈദ്‌ സാഹിബ്‌ നല്‍കിവരുന്ന ക്രിയാത്മക സംഭാവനകളോട്‌ കടപ്പെട്ടിരിക്കുന്നു.
ആഴ്‌ചയുടെ ആദ്യ ദിവസങ്ങള്‍ അനായാസമായി നീങ്ങും. വാരികയിറക്കേണ്ട ദിവസം അടുക്കുംതോറും ഞങ്ങളുടെ മാനസിക പിരിമുറുക്കം വര്‍ധിച്ചുവരും. പുറത്തുള്ള അനുവാചക ലോകം അറിയാത്ത ഒരു സൃഷ്‌ടിനൊമ്പരം. മുഖലേഖനം, കാലിക വിഷയങ്ങള്‍, ആഗോള പ്രാധാന്യമുള്ള പ്രാസ്ഥാനിക ചലനങ്ങളുടെ വിവരങ്ങള്‍, സ്ഥിരം ഫീച്ചറുകള്‍, വിവര്‍ത്തനങ്ങള്‍, കഥകള്‍, കവിതകള്‍ എന്നിങ്ങനെ ഓരോന്നും രചിച്ചെടുക്കാനുള്ള ഈ തത്രപ്പാടില്‍ മുഖത്തെ ചിരി മായുമ്പോള്‍ ഇടക്കിടെ വി.കെ ജലീല്‍ നര്‍മ സംഭാഷണത്തിലൂടെ ഈ പിരിമുറുക്കം അയക്കുമായിരുന്നു.
സാധാരണ ജീവിതത്തില്‍ ഫലിതപ്രിയനായിരുന്നുവെങ്കിലും ജലീലിന്റെ പേന ഗൗരവതരമായ വിഷയങ്ങളാണ്‌ സ്‌പര്‍ശിക്കുമായിരുന്നത്‌. മറ്റാരുടെ രചനകള്‍ക്കുമില്ലാത്ത ഒരു വശ്യശക്തി ജലീലിന്റെ രചനകള്‍ക്ക്‌ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്കായി വായനക്കാര്‍ ദിവസങ്ങള്‍ എണ്ണുമായിരുന്നു.
ഞാന്‍ പ്രബോധനത്തിലെത്തി ഏതാനും മാസങ്ങള്‍ക്കകം എന്റെ സഹപാഠിയും സഹപ്രവര്‍ത്തകനുമായിരുന്ന വി.എസ്‌ സലീം സഹപ്രതാധിപരായെത്തി. പില്‍ക്കാലത്ത്‌ മലയാളത്തിലെ ആദ്യത്തെ മുസ്‌ലിം ബാലമാസികയായ മലര്‍വാടിയുടെ ആദ്യത്തെ പത്രാധിപരായി പ്രവര്‍ത്തിക്കുകയും ശേഷം `ഖുര്‍ആന്റെ തണലില്‍' എന്ന വിശ്വവിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിന്റെ പന്ത്രണ്ട്‌ വാല്യങ്ങള്‍ മലയാളത്തിലേക്ക്‌ മൊഴിമാറ്റം നടത്തുകയും ചെയ്‌ത സലീമിന്റെ ആദ്യത്തെ ശില്‍പശാലയും പ്രബോധനം തന്നെയായിരുന്നു. സുതാര്യവും ലളിതവും മധുരതരവുമായിരുന്നു സലീമിന്റെ രചനകള്‍.
ആഴ്‌ചയിലൊരിക്കല്‍ അതിശക്തമായ ലേഖനങ്ങള്‍ കേരളത്തിന്‌ സമ്മാനിക്കുന്ന പ്രബോധനത്തിന്റെ അണിയറ ലളിതമായിരുന്നു. പരസ്‌പരം സ്‌നേഹിച്ചും ആദരിച്ചും ആ വീടിനെ ഞങ്ങള്‍ ആഹ്ലാദകരമായ ഒരനുഭവമാക്കി. ചിന്തകളോടും രചനകളോടുമൊപ്പം നര്‍മവും ലളിതമാര്‍ന്ന ജീവിതവും ആ കുടുംബാന്തരീക്ഷത്തെ ആസ്വാദ്യകരമാക്കി.
ഒരു ഫലിതമോര്‍ക്കുന്നു. തപാലില്‍ മദ്രാസിലെ സോവിയറ്റ്‌ യൂനിയന്റെ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍നിന്ന്‌ സ്ഥിരമായി വാര്‍ത്താ ബുള്ളറ്റിനുകള്‍ പ്രബോധനത്തിലും എത്തുമായിരുന്നു. ഇന്ത്യയിലെ എല്ലാ പത്രങ്ങള്‍ക്കും ലഭിക്കുന്നതുപോലെ മിക്കവാറും എല്ലാ തപാലിലും കെട്ടുക്കണക്കിലുള്ള ഈ ബുള്ളറ്റിനുകള്‍ പ്രബോധനത്തിലും എത്തുമായിരുന്നു. സൈക്ലോസ്റ്റെയില്‍ ചെയ്‌ത കടലാസിന്റെ ഒരു ഭാഗത്ത്‌ മാത്രം അച്ചടിച്ച്‌ വരുന്ന ഈ സോവിയറ്റ്‌ അപദാനങ്ങള്‍ പ്രബോധനത്തില്‍ ഞങ്ങള്‍ക്ക്‌ മറ്റൊരുവിധത്തില്‍ ഉപകാരപ്പെട്ടു. പ്രബോധനത്തിനായി തയാറാക്കുന്ന ലേഖനങ്ങളുടെ കരട്‌ കോപ്പി എഴുതാന്‍ അച്ചടിക്കാത്ത പുറം ഞങ്ങള്‍ ഉപയോഗിച്ചു. കുറേ കാലത്തിനു ശേഷം സോവിയറ്റ്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന്‌ ഒരു ചോദ്യാവലി അയച്ചുകിട്ടി. അതില്‍ ഒരു ചോദ്യം `ഞങ്ങളുടെ പ്രസിദ്ധീകരണം നിങ്ങളുടെ പത്രത്തിന്‌ ഉപകാരപ്പെടുന്നുണ്ടോ?' എന്നായിരുന്നു. അത്‌ ഉറക്കെ വായിച്ചുകൊണ്ട്‌, ഉബൈദ്‌ സാഹിബ്‌ ആണെന്ന്‌ തോന്നുന്നു ആത്മഗതമെന്നോണം പറഞ്ഞു: ``വളരെ ഉപകാരപ്പെടുന്നുണ്ട്‌. താളിന്റെ മറുപുറത്തുകൂടി ഒന്നും അച്ചടിച്ചില്ലായിരുന്നെങ്കില്‍ ഇതിനേക്കാള്‍ ഉപകാരപ്പെടുമായിരുന്നു.''
ലൈബ്രറിയുടെ വരാന്തയില്‍ രണ്ട്‌ മഹാ പണ്ഡിതന്മാരെ ഇടക്കൊക്കെ ഞങ്ങള്‍ക്ക്‌ കാണാമായിരുന്നു. ടി. മുഹമ്മദ്‌ സാഹിബും ടി. ഇസ്‌ഹാഖലി മൗലവിയും. ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍, ഹദീസ്‌ ഭാഷ്യം പോലുള്ള ഉത്തമ ഗ്രന്ഥങ്ങള്‍ സമ്മാനിച്ച ഈ പണ്ഡിതര്‍ തങ്ങളുടെ മറ്റു ഗ്രന്ഥങ്ങള്‍ക്ക്‌ വേണ്ടി ഗവേഷണത്തിലായിരുന്നു. ഇടക്കിടെ കെ.സി അബ്‌ദുല്ല മൗലവി സന്ദര്‍ശിച്ച്‌ തിരിച്ചുപോകുമായിരുന്നു. പള്ളിയില്‍നിന്ന്‌ നമസ്‌കരിച്ച്‌ മടങ്ങുമ്പോള്‍ പ്രബോധനത്തിന്റെ ഗേറ്റിന്റെ മുമ്പിലെത്തിയതറിയാതെ തന്റെ ചിന്തകളില്‍ മുഴുകിക്കൊണ്ട്‌ ഒരു സ്വപ്‌നാടകനെ പോലെ ടി. മുഹമ്മദ്‌ സാഹിബ്‌ വീണ്ടും മുമ്പോട്ട്‌ നടന്നുനീങ്ങുന്നത്‌ നോക്കി ഇടക്കൊക്കെ ഞങ്ങള്‍ ഊറി ചിരിക്കും.
അവസാന നിമിഷം വരെയും മുഖലേഖനത്തിന്റെ വിഷയവും ഘടനയും മനസ്സില്‍ രൂപപ്പെടാതെ വരുമ്പോള്‍ കബീര്‍ സാഹിബിന്റെ മുഖത്തെ പേശികള്‍ വലിയും. അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഇത്തരം സന്ദര്‍ഭങ്ങളിലൊന്നില്‍ പ്രബോധനമാപ്പീസിന്റെ ഇരുമ്പ്‌ ഗേറ്റ്‌ അനങ്ങി. അതാ നില്‍ക്കുന്നു. ഒരു സന്ദര്‍ശകന്‍. പ്രബോധനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖനായ ഒ. അബ്‌ദുര്‍റഹ്‌മാന്‍.
മുഖലേഖനമെഴുതി തരുമോ എന്ന അപേക്ഷ അദ്ദേഹം സ്വീകരിക്കുന്നു. പകര്‍ന്നു കിട്ടിയ സൃഷ്‌ടി നൊമ്പരമായി എ.ആര്‍ ഓഫീസ്‌ വരാന്തയില്‍ വടക്കുനിന്ന്‌ തെക്കോട്ട്‌ ഒരു നടത്തം. പിന്നെ തെക്ക്‌ നിന്ന്‌ വടക്കോട്ട്‌ മടക്കം. കൈകള്‍ പിന്നില്‍ കെട്ടി വീണ്ടും തെക്കോട്ട്‌. രണ്ടാമത്തെ മടക്കം ധൃതഗതിയില്‍ കസേരയിലേക്ക്‌. പേനയും കടലാസും തമ്മിലുള്ള ഒരു ചെറിയ യുദ്ധം. ഏതാനും മിനിറ്റുകള്‍ക്ക്‌ ശേഷം എ.ആര്‍ ഒരു കൂമ്പാരം കടലാസുകള്‍ `ദാ പിടിച്ചോ' എന്ന ഭാവേന ഉയര്‍ത്തി കാണിക്കുന്നു. കോയക്ക അച്ചുക്കൂടം അനക്കാന്‍ തുടങ്ങുമ്പോഴേക്കും എ.ആര്‍ ചേന്ദമംഗല്ലൂരിലേക്കുള്ള ബസിന്റെ സീറ്റിലെത്തിയിരിക്കും.
മൂന്ന്‌ ദശാബ്‌ദങ്ങള്‍ കൊഴിഞ്ഞുവീണു. സോവിയറ്റ്‌ യൂനിയന്‍ തകര്‍ന്നു തരിപ്പണമായി. നവലോക ക്രമത്തില്‍ പുതിയ വെല്ലുവിളികള്‍ ഏറെ നേരിടേണ്ടിവന്നുവെങ്കിലും സമാധാനത്തിന്റെ മതം എന്ന നിലയില്‍ ഇസ്‌ലാമിന്റെ പ്രചാരം അപ്രതിരോധ്യമായി തുടര്‍ന്നു.
ടി. മുഹമ്മദ്‌ സാഹിബും ഇസ്‌ഹാഖലി മൗലവിയും കെ.സി അബ്‌ദുല്ല മൗലവിയും ഈ ഭൂമുഖത്ത്‌ നിന്ന്‌ യാത്ര പറഞ്ഞ്‌ പിരിഞ്ഞു. ചാരുതയാര്‍ന്ന പദവിന്യാസത്തിലൂടെ മണിക്കൂറുകളോളം പ്രഭാഷണത്തിന്റെ കൊടുങ്കാറ്റ്‌ തീര്‍ക്കുമായിരുന്ന ടി.കെ, ശ്വാസതടസ്സത്താല്‍ ഹ്രസ്വമായ സംഭാഷണങ്ങള്‍ക്ക്‌ പോലും പ്രയാസപ്പെടുന്നത്‌ ഒരു തീര്‍ഥാടനത്തിനിടെ വേദനയോടെ ഞാന്‍ കണ്ടു.
ഇതിനെല്ലാം സാക്ഷിയായി പ്രബോധനം ഇന്നും ഒഴുകുന്നു.
[email protected]

Comments