Prabodhanm Weekly

Pages

Search

2011 ജൂലൈ 23

ചരിത്രത്തെ ഓര്‍ത്തെടുക്കുന്നതില്‍ ഭയപ്പാടെന്തിന്‌ ?

ജമീല്‍ അഹ്‌മദ്‌

ചരിത്രം വിജയങ്ങളുടേതും വിജയികളുടേതും മാത്രമാണെന്നത്‌ പഴഞ്ചന്‍ ചിന്താഗതിയാണ്‌. പരാജയങ്ങളുടെ ചരിത്രമാണ്‌ യഥാര്‍ഥത്തില്‍ സമകാലിക മനുഷ്യന്നും അവരുടെ പിന്‍തലമുറക്കും പാഠപുസ്‌തകത്തിന്റെ ഗുണംചെയ്യുക. വിജയങ്ങള്‍പോലും ആപേക്ഷികമാണ്‌. ആരുടെ വിജയം എന്നു ചോദിക്കാം. ഇന്നത്തെ മലപ്പുറം ജില്ലയിലെ മാപ്പിളമാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു നൂറ്റാണ്ടുകാലം ചെയ്‌തുപോന്ന പ്രതിരോധസമരങ്ങളുടെ തികച്ചും തോറ്റുപോയ അവസാനമായിരുന്നു 1921-ലെ മാപ്പിളസമരം. പൂര്‍ണമായ തോല്‍വിക്ക്‌ ചരിത്രത്തില്‍ കാണിക്കാവുന്ന മികച്ച ഉദാഹരണമാണത്‌. ഈ ആഗസ്റ്റ്‌ മാസത്തില്‍ ആ പരാജയത്തിന്‌ തൊണ്ണൂറുവയസ്സാകുന്നു. ഇങ്ങനെ ആ പരാജയത്തെ ആവര്‍ത്തിച്ച്‌ അനുസ്‌മരിക്കുന്നതിന്റെ സാമുദായിക - രാഷ്‌ട്രീയമാനം ഒരു ചരിത്രകാരന്‌ മനസ്സിലാകുന്നില്ല എന്നതിനു തെളിവാണ്‌ എം. ഗംഗാധരന്‍ എഴുതിയ ലേഖനം (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ 2011 ജൂലൈ 22). ആ ലേഖനത്തെ മുന്‍നിര്‍ത്തി മലപ്പുറത്തെ മാപ്പിളസമുദായത്തിന്റെ ഖിലാഫത്ത്‌ `അനുസ്‌മരണാഘോഷങ്ങളെ' ശ്രദ്ധാപൂര്‍വം സമീപിക്കേണ്ടതുണ്ട്‌.
മലബാറിലെ പ്രത്യേകിച്ച്‌ മലപ്പുറത്തെ മുസ്‌ലിംകള്‍ ഈ വര്‍ഷം `മാപ്പിളലഹള'യെ അളവില്‍ കവിഞ്ഞ്‌ അനുസ്‌മരിക്കുന്നുണ്ടെന്നും പലപ്പോഴും ആ അനുസ്‌മരണങ്ങള്‍ ആഘോഷത്തിന്റെ തലത്തിലെത്തുന്നുണ്ടെന്നുമാണ്‌ ലേഖകന്‍ ഭയപ്പെടുന്നത്‌. തികച്ചും പരാജയപ്പെട്ട, കേരളസമൂഹത്തിന്‌ ഒരു ഗുണവും ഗുണപാഠവും നല്‍കാത്ത ആ `കലാപ'ത്തെ ഇങ്ങനെ അനുസ്‌മരിക്കുന്നതിലും ആഘോഷിക്കുന്നതിലും കാര്യമില്ല എന്നാണ്‌ അദ്ദേഹത്തിന്റെ ഉപസംഹാരം.
അത്രയും വ്യാപകമായ അനുസ്‌മരണങ്ങളും ആഘോഷങ്ങളും അക്കാര്യത്തിലുണ്ടായോ എന്ന്‌ സംശയമാണ്‌. മാപ്പിളചരിത്രരചനയില്‍ അനല്‍പമായ സാന്നിധ്യമുണ്ടായിരുന്ന ചില എഴുത്തുകാരെ ആദരിക്കുകയും മാപ്പിളസമരത്തെ അനുസ്‌മരിക്കുകയും ചെയ്യുന്ന ഒരു ചടങ്ങ്‌ മലപ്പുറത്ത്‌ നടന്നിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനോട്‌ ചാര്‍ച്ചയുള്ള ഖിലാഫത്ത്‌ അനുസ്‌മരണ സമിതിയാണത്‌ നടത്തിയത്‌. ഇതേ എം. ഗംഗാധരന്‍ അതില്‍ പങ്കെടുക്കുകയും ആദരവുകള്‍ ഏറ്റുവാങ്ങുകയുമുണ്ടായി. എസ്‌.ഐ.ഒ കൊണ്ടോട്ടിയില്‍ വെച്ചു നടത്തിയ സെമിനാറാണ്‌ മറ്റൊന്ന്‌. മാപ്പിള സമരത്തിലെ മത-മതേതര ഘടകങ്ങള്‍ പരിശോധിക്കുന്ന, തികച്ചും അക്കാദമികമായ ചര്‍ച്ചയായിരുന്നു അത്‌. അത്രയുമല്ലാതെ, ലീഗുകാര്‍ തെരഞ്ഞെടുപ്പ്‌ വിജയാഘോഷം നടത്തിയതിനുശേഷം മറ്റൊരാഘോഷം മലപ്പുറത്തെങ്ങുമുണ്ടായിട്ടില്ല എന്നതാണ്‌ സത്യം. അതിനാല്‍ ലേഖകന്റെ വിമര്‍ശനം വെറുമൊരു ഭയപ്പാടില്‍നിന്നുടലെടുത്തതാണ്‌. അത്രത്തോളം ഭയപ്പെടാന്‍ മാത്രം ഈ അനുസ്‌മരണത്തിലെന്തുണ്ട്‌ എന്നാലോചിക്കുമ്പോഴാണ്‌, എം. ഗംഗാധരനെപ്പോലുള്ള ചരിത്രമെഴുത്തുകാര്‍ക്കുപോലും പ്രിയങ്കരമല്ലാത്ത ചില നാരുകള്‍ ഖിലാഫത്ത്‌ സമരചരിത്രത്തിലുണ്ടെന്ന്‌ ഈ തൊണ്ണൂറാം വയസ്സില്‍ ഖിലാഫത്താനന്തര മാപ്പിള സമുദായത്തിന്‌ ബോധ്യമാകേണ്ടത്‌.
വര്‍ത്തമാനകാലത്ത്‌ ഭൂതകാലത്തിന്റെ അനുസ്‌മരണമാണ്‌ ചരിത്രം എന്ന ഒരു ലഘുനിര്‍വചനംപോലും സാധ്യമാണ്‌. ഒരു സമുദായം സ്വന്തം ചരിത്രത്തെ വര്‍ത്തമാനകാലത്തും അനുസ്‌മരിക്കുന്നുണ്ടെന്നതുതന്നെയാണ്‌ ആ വിഭാഗം ജീവിക്കുന്നുവെന്നതിനു തെളിവ്‌. എല്ലാ ആഘോഷങ്ങളും ചരിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്നു. അങ്ങനെ അനുസ്‌മരണങ്ങള്‍ ആഘോഷവും ആഘോഷങ്ങള്‍ അനുസ്‌മരണവുമാകുന്നു. ഇസ്‌ലാമിലെ ആഘോഷങ്ങളൊക്കെയും ഒരു ചരിത്രസന്ദര്‍ഭത്തെ സഫലമായി അനുസ്‌മരിപ്പിക്കുന്നതാണ്‌. അതിനാല്‍ മാപ്പിളമുസ്‌ലിംകള്‍ ഖിലാഫത്ത്‌ സമരത്തെ അനുസ്‌മരിക്കുന്നതിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ അതിനോട്‌ ആഘോഷപൂര്‍ണമായ സമീപനം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത്‌ സ്വാഭാവികവും സന്തോഷദായകവുമാണ്‌ എന്ന്‌ ധീരമായി പറയേണ്ടതുണ്ട്‌. സമരചരിത്രം അനുസ്‌മരിക്കുന്നത്‌ മറ്റൊരു സമരവും അനിവാര്യമായ ഒരു രാഷ്‌ട്രീയമുന്നേറ്റവുമാണെന്ന്‌ ആദ്യത്തെ ചടങ്ങില്‍ പങ്കെടുത്ത കെ.ഇ.എന്‍ സൂചിപ്പിച്ചിരുന്നു.
ബ്രിട്ടീഷുകാരും മലബാറിലെ ഫ്യൂഡല്‍ പ്രഭുക്കളും കാലങ്ങളായി പുഴുക്കളെപ്പോലെ ചവിട്ടിയരച്ച ഒരു സമുദായത്തിന്റെ പ്രതികരണം കോണ്‍ഗ്രസ്സുകാരുടെ അഹിംസാമന്ത്രങ്ങളിലടിയുറച്ച ഏകധാരയിലാകണമായിരുന്നുവെന്ന്‌ ഇന്ന്‌ ശഠിക്കുന്നത്‌ ശരിയല്ല. അഹിംസയോടനുകൂലിക്കുന്ന മുസ്‌ലിംകള്‍ ഉണ്ടായിരുന്നുവെന്നത്‌ സത്യം തന്നെ. മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാനെപ്പോലുള്ള നേതാക്കള്‍ അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, ഏറനാട്ടിലെ ഖിലാഫത്ത്‌ പ്രഖ്യാപനത്തിനുമുമ്പേ നടന്നിരുന്ന മാപ്പിളമുന്നേറ്റങ്ങള്‍ മിക്കതും രക്തരൂഷിതം തന്നെയായിരുന്നു. അതിനുപിന്നിലെ മതാവേശത്തെയും സാമുദായിക മനോഭാവത്തെയും പലനിലക്കും വിശകലനം ചെയ്‌തതാണ്‌, പലരും. ആ സവിശേഷ ചരിത്രസന്ദര്‍ഭത്തില്‍ ജീവിച്ചിരുന്നിട്ടില്ലാത്ത നമ്മള്‍ അത്‌ ശരിയോ തെറ്റോ എന്ന്‌ മാര്‍ക്കിട്ട്‌ തള്ളുന്നതും ഉചിതമല്ല. അവ മുന്‍നിര്‍ത്തി മാപ്പിള സമുദായം ഖിലാഫത്ത്‌ സമരങ്ങളെ മറന്നുകളയണമെന്ന്‌ പറയുന്നതില്‍ അര്‍ഥവുമില്ല.
മാപ്പിളമാരുടെ കലാപം വലിയൊരര്‍ഥത്തില്‍ `ഹിന്ദു'ക്കള്‍ക്കെതിരെയായിരുന്നുവെന്നാണ്‌ ഗംഗാധരന്‍ ആരോപിക്കുന്നത്‌. ഇന്നത്തെ നിര്‍വചനങ്ങളനുസരിച്ച്‌ അതു ശരിയായിരിക്കാം. അന്നത്തെ തങ്ങളുടെ ശത്രു ആരാണെന്ന്‌ മാപ്പിളസമരക്കാര്‍ക്ക്‌ കൃത്യമായ ധാരണയുണ്ടായിരുന്നു. എന്നാല്‍ നമുക്കിപ്പോഴും ധാരണയില്ലാത്ത ഒന്നുണ്ട്‌, ആരാണ്‌ ഹിന്ദു? ഖിലാഫത്ത്‌ സമരക്കാലത്തും അതിനു മുമ്പും ചെറുമനും പുലയനും അടങ്ങിയ `നീചജാതി'ക്കാരെ മാപ്പിളമാര്‍ എന്തുകൊണ്ട്‌ ശത്രുവായി പ്രഖ്യാപിച്ചില്ല. ഒന്നുകില്‍ അവര്‍ അന്ന്‌ ഹിന്ദുവായിരുന്നില്ല എന്നു വരും. അല്ലെങ്കില്‍ മാപ്പിളമാരുടെ അന്നത്തെ സമരം ഹിന്ദുക്കള്‍ക്ക്‌ എതിരായിരുന്നില്ല എന്നു വരും. രണ്ടാമതു പറഞ്ഞതാണ്‌ ശരിയാകാന്‍ സാധ്യത. മാപ്പിളമാര്‍ തങ്ങളുടെ ഭൗതിക ജീവിതത്തിന്റെ അതിജീവനത്തിനുള്ള ജീവന്‍മരണപ്പോരാട്ടമായിരുന്നു നടത്തിയത്‌. ആ സമരം അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാര്‍ക്കും അവരുടെ സില്‍ബന്തികളായ ഫ്യൂഡല്‍ പ്രഭുക്കള്‍ക്കുമെതിരെയായിരുന്നു. കൃത്യമായ നേതൃത്വമില്ലാത്ത, ലക്ഷ്യമില്ലാത്ത, സന്നാഹങ്ങളില്ലാത്ത ആ മുന്നേറ്റം പരാജയപ്പെട്ടതില്‍ അതിശയങ്ങളില്ല. മലപ്പുറത്തെ തോറ്റൊടുങ്ങിയ മാപ്പിള സമുദായത്തിന്റെ പിന്നീടുള്ള ചരിത്രത്തോട്‌ ആ സമരചരിത്രം ചേര്‍ത്തുവായിക്കുമ്പോഴാണ്‌ അനുസ്‌മരണങ്ങള്‍ സാര്‍ഥകമാകുന്നത്‌. സമുദായത്തിന്റെ ഏതൊരു പോക്കും അത്തരം ചില കണക്കെടുക്കെടുപ്പുകളിലൂടെ മാത്രമേ സാധ്യമാവുകയുമുള്ളൂ.
(9895 437056) [email protected]

Comments