Prabodhanm Weekly

Pages

Search

2011 ജൂലൈ 23

നമ്മുടെ ഹ്രസ്വദൃഷ്‌ടി

മൗലാനാ മൗദൂദി

`കാണാന്‍ ഭംഗിയുള്ള രണ്ട്‌ വയസ്സുകാരനായ കുഞ്ഞ്‌. അവന്‌ ഇടക്കിടെ കടുത്ത പനിയും വയറുവേദനയും വരും. എത്ര കഠിന ഹൃദയനായ ആള്‍ക്കും ആ രംഗം കണ്ടുനില്‍ക്കാനാവില്ല. വേദന കൊണ്ട്‌ പുളയുന്ന കുഞ്ഞ്‌ എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണേ എന്ന ഭാവത്തില്‍ മാതാപിതാക്കളെയും പിന്നെ ഡോക്‌ടറെയും മാറി മാറി ദീനമായി നോക്കിക്കൊണ്ടിരിക്കും. ഒരു രാത്രി ഉണ്ടായ വേദനക്കിടയില്‍ അവന്‍ എന്നന്നേക്കുമായി ലോകത്തോട്‌ വിട പറഞ്ഞു. ഇതെല്ലാം കാണുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യമുയരുന്നു. അല്ലാഹു കാരുണ്യവാനും കരുണാനിധിയും അലിവിന്റെ ഉറവിടവുമല്ലേ, എന്നിട്ട്‌ എന്തുകൊണ്ട്‌ നിഷ്‌കളങ്കരായ ഈ കൊച്ചു കുഞ്ഞുങ്ങളെ ഈ വിധത്തില്‍ കഷ്‌ടപ്പെടുത്തുന്നു? `ഞാന്‍ ഒരു അടിമയോടും അശേഷം അതിക്രമം ചെയ്യില്ല' എന്ന്‌ അല്ലാഹു തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ.''
എനിക്ക്‌ ലഭിച്ച ഒരു കത്തില്‍ നിന്നുള്ള വരികളാണ്‌ മേല്‍ കൊടുത്തത്‌. മരണത്തിന്റെയും രോഗത്തിന്റെയും ദുരന്തങ്ങളുടെയും പല പല സന്ദര്‍ഭങ്ങളില്‍ ഇതേ ചോദ്യം പലരുടെയും മനസ്സില്‍ ഉയര്‍ന്നുവന്നിട്ടുണ്ടാവും. കോളറ ബാധിച്ച്‌ ആയിരങ്ങള്‍ മരണമടയുന്നു. ഭൂകമ്പങ്ങളില്‍ പതിനായിരക്കണക്കിന്‌ വീടുകള്‍ തകര്‍ന്നടിയുന്നു. വെള്ളപ്പൊക്കത്തില്‍ എന്തെന്ത്‌ പ്രയാസങ്ങളാണ്‌ ജനം അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌. പകര്‍ച്ചവ്യാധികള്‍ വിതക്കുന്ന ദുരിതങ്ങള്‍ പറയാനുമില്ല. ഇങ്ങനെ ദുരന്തങ്ങളുടെയും വേദനകളുടെയും ദൃശ്യങ്ങള്‍ ഇതേ ചോദ്യം മനുഷ്യമനസ്സില്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. സ്വയം കാരുണ്യവാനെന്നും കരുണാനിധിയെന്നും, തന്റെ കരുണാകടാക്ഷങ്ങളും ഔദാര്യവും നിരന്തരം നല്‍കി സൃഷ്‌ടികളെ സംരക്ഷിച്ച്‌ പോരുന്നവനെന്നും, അവരോട്‌ അശേഷം അതിക്രമം ചെയ്യാത്തവനെന്നും സ്വയം വിശേഷിപ്പിക്കുന്ന അല്ലാഹു തന്റെ സ്വന്തം സൃഷ്‌ടികളെ ഇത്തരം ആപത്തുകളില്‍ അകപ്പെടുത്തി പരീക്ഷിക്കുന്നത്‌ എന്തിന്‌? കരുണ, അലിവ്‌ തുടങ്ങിയ ഗുണങ്ങള്‍ ദൈവത്തിന്‌ അന്യമാണെന്നും ഈ കഷ്‌ടപ്പാടുകളും ദുരിതങ്ങളും ഒന്നും കാണാത്ത കേവലം അന്ധമായ ശക്തിവിശേഷമാ(Blind Force)ണ്‌ ദൈവമെന്നും-മആദല്ലാഹ്‌- വരെ ചിലര്‍ അതിരുകടന്ന്‌ പറഞ്ഞിട്ടുണ്ട്‌.
നാം ഈ പ്രപഞ്ചത്തെയും ആകാശഭൂമികളെയുമെല്ലാം ഒന്ന്‌ പഠനവിധേയമാക്കുക. പ്രപഞ്ചത്തില്‍ കാണുന്ന വസ്‌തുക്കളൊന്നും തന്നെ വേറിട്ട്‌ നില്‍ക്കുന്ന ഒറ്റയൊറ്റ അംശങ്ങളല്ലെന്ന്‌ നിങ്ങള്‍ക്ക്‌ ബോധ്യപ്പെടും. മറിച്ച്‌ ഇവയെല്ലാം ഒരൊറ്റ സാകല്യമാണ്‌. ഓരോ അംശവും ഓരോ ഭാഗവും പരസ്‌പരം ചേര്‍ന്ന്‌ ബന്ധിതമായി കിടക്കുന്നു. ഭൂമിയിലെ ഒരു തരിയും ശനിഗ്രഹത്തിലെ ഒരു തരിയും തമ്മിലുള്ള ബന്ധം, എന്റെ തലയിലെ ഒരു മുടിയും എന്റെ പുറം കൈയിലെ ഒരു രോമവും തമ്മിലുള്ള ബന്ധം പോലെയാണ്‌. സകല വസ്‌തുക്കളെയും ഒരു ശരീരമായി കാണാന്‍ പറ്റും. നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങള്‍ തമ്മിലുള്ള ബന്ധം അവ തമ്മിലും ഉണ്ട്‌. വസ്‌തുക്കള്‍ തമ്മില്‍ ബന്ധമുണ്ടെങ്കില്‍ അവ പങ്കാളിയായ സംഭവങ്ങളിലും ഈ പരസ്‌പര ബന്ധം കാണുമല്ലോ.
അതായത്‌ ഈ ലോകത്ത്‌ നടക്കുന്ന ചെറുതും വലുതുമായ ഒരു സംഭവവും സ്വതന്ത്രമായ, ഒറ്റപ്പെട്ട സംഭവമേയല്ല. മറിച്ച്‌ പ്രപഞ്ചവസ്‌തുക്കളില്‍ നടക്കുന്ന സംഭവ പരമ്പരകളുടെ ഒരു കണ്ണി മാത്രം. ആ സംഭവം നടക്കുന്നതാകട്ടെ മൊത്തം പ്രപഞ്ച ഘടനയുടെ താല്‍പര്യമനുസരിച്ചും. പടച്ചതമ്പുരാന്‍ ഈ പ്രപഞ്ച സംവിധാനം നടത്തിക്കൊണ്ട്‌ പോകുന്നത്‌ ഈ മൊത്തം താല്‍പര്യം കണക്കിലെടുത്തുകൊണ്ടാണ്‌. സാധാരണഗതിയില്‍ ഒരു വ്യക്തി സംഭവങ്ങളെ നോക്കിക്കാണുന്നത്‌ ഈ രീതിയിലല്ല. സംഭവങ്ങളുടെ മഹാ പരമ്പരയിലെ ഒന്നോ രണ്ടോ കണ്ണി മാത്രമേ അയാളുടെ മനസ്സിലുണ്ടാവൂ. അതാകട്ടെ വളരെ വളരെ നിസ്സാരവും. ഭൂമിയിലെ ഒരു തരി മണ്ണും സൂര്യനും തമ്മില്‍ എത്ര അന്തരമുണ്ടോ അത്ര വലിയ അന്തരമാണ്‌ ഈ രണ്ട്‌ വീക്ഷണഗതികളും തമ്മിലുള്ളത്‌. ഒരാളുടെ മുമ്പില്‍ പ്രപഞ്ചത്തിലെ മഹാ സംഭവ പരമ്പരകളുടെ പൂര്‍ണ ചിത്രമില്ലാതിരിക്കുക, വളരെ നിസ്സാര സംഭവങ്ങളുടെ ഉപരിപ്ലവമായ വശങ്ങള്‍ക്കപ്പുറം അയാളുടെ ചിന്ത പോവാതിരിക്കുക, ആ സംഭവങ്ങളുടെ തന്നെ ആന്തരാര്‍ഥങ്ങളെക്കുറിച്ച്‌ അയാള്‍ക്ക്‌ യാതൊരു പിടിപാടും ഇല്ലാതിരിക്കുക, അങ്ങനെയുള്ള ഒരാള്‍ തീര്‍ത്തും ഭാഗികമായ ഒരു വിധി പ്രസ്‌താവം നടത്തും എന്നതിനാല്‍ എന്തെങ്കിലും അഭിപ്രായം പറയാന്‍ അര്‍ഹതയുള്ളവനായി നാമയാളെ കാണുമോ? ഇനി അയാള്‍ അഭിപ്രായം പറയട്ടെ എന്ന്‌ വെച്ചാല്‍ തന്നെ ആ അഭിപ്രായം എങ്ങനെ ശരിയാവാനാണ്‌?
നമ്മുടെ ഭാവനക്ക്‌ പോലും ഉള്‍ക്കൊള്ളാനാവാത്ത വിധം പ്രവിശാലമാണ്‌ ദിവ്യശക്തിയും പ്രപഞ്ച സംവിധാനവും തമ്മിലുള്ള ബന്ധം. ചെറിയ രീതിയില്‍ കാര്യങ്ങള്‍ വ്യക്തമാവാന്‍ ഒരു ഭരണാധികാരിയുടെ/ രാജാവിന്റെ കാര്യമെടുത്താല്‍ മതി. അദ്ദേഹം രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്നവനാണ്‌ എന്നതൊഴിച്ചാല്‍, നാമും അദ്ദേഹവുമൊക്കെ കേവലം മനുഷ്യരാണ്‌. പ്രകൃത്യായുള്ള ഗുണവിശേഷങ്ങളില്‍ നമ്മളും അദ്ദേഹവും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ല. അദ്ദേഹം ചെയ്യുന്നത്‌ നമുക്കും ചെയ്യാവുന്നതേയുള്ളൂ. ആ ഭരണാധികാരിയും നാമും തമ്മിലുള്ള വ്യത്യാസം ഇതാണ്‌: രാജ്യത്തിന്റെ മുഴുവന്‍ ഭരണസംവിധാനങ്ങളിലും അദ്ദേഹത്തിന്റെ കണ്ണെത്തും; നമ്മളാവട്ടെ രാജ്യഭരണവുമായി ഏറെക്കുറെ ബന്ധം വേര്‍പ്പെട്ട നിലയില്‍ എവിടെയോ ഒരു കോണില്‍ കഴിഞ്ഞുകൂടുകയും. ആയതിനാല്‍ അദ്ദേഹത്തിന്റെ നടപടിക്രമങ്ങള്‍ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ നമുക്ക്‌ കഴിയാതെ വരുന്നു. അപ്രധാനവും ശാഖാപരവുമായ സംഭവങ്ങളുണ്ടാകുമ്പോള്‍ പൊതുതാല്‍പര്യങ്ങളെ അവയെത്രത്തോളം ബാധിക്കും, സ്വാധീനിക്കും എന്നു പോലും നമുക്ക്‌ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. വ്യത്യസ്‌ത സ്ഥാനങ്ങളില്‍ ഇരിക്കുന്നു എന്നതുകൊണ്ട്‌ മാത്രമാണ്‌ നാമും ഭരണാധികാരിയും തമ്മില്‍ ഇത്ര വലിയ അന്തരമുണ്ടായിത്തീര്‍ന്നത്‌. കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ മനുഷ്യനും മനുഷ്യനും തമ്മില്‍ ഇത്രത്തോളം അന്തരമുണ്ടാകാമെങ്കില്‍ പ്രപഞ്ചനാഥനായ അല്ലാഹുവും മനുഷ്യനും തമ്മില്‍ ഇക്കാര്യത്തില്‍ എത്ര വലിയ അന്തരമുണ്ടാകുമെന്ന്‌ ആലോചിച്ചു നോക്കുക.
ഈ പ്രപഞ്ചമഖിലം ഭരണം നടത്തുകയാണ്‌ അല്ലാഹു. നാമാകട്ടെ വളരെ നിസ്സാരമായ ഒരു മൂലയില്‍ ഒതുങ്ങിക്കൂടുകയും. അല്ലാഹുവിന്റെ അറിവും നോട്ടവും സകല പ്രപഞ്ച പ്രതിഭാസങ്ങളെയും ചൂഴ്‌ന്ന്‌ നില്‍ക്കുന്നു. നമ്മുടെ അറിവും കാഴ്‌ചയുമാകട്ടെ നമ്മുടെ ശരീരത്തിന്‌ പുറത്തുള്ള ആന്തരിക സത്യങ്ങളിലേക്ക്‌ വരെ എത്തുന്നില്ല. ദൈവവും മനുഷ്യനും തമ്മില്‍ ഭീമമായ അന്തരം നിലനില്‍ക്കെ, ദൈവത്തിന്റെ നടപടിക്രമങ്ങളെയും അതിന്റെ പിന്നിലുള്ള യുക്തിയെയും മനുഷ്യന്‍ വിമര്‍ശിക്കുന്നത്‌ എത്ര വലിയ വിവരക്കേടായിരിക്കുമെന്ന്‌ ആലോചിച്ച്‌ നോക്കുക. ഭരണത്തെക്കുറിച്ച്‌ ഒന്നുമറിയാതെ ഏതോ പുല്‍കുടിലില്‍ കഴിയുന്ന ഗ്രാമീണന്‍ ഭരണകാര്യങ്ങളെ വിമര്‍ശിക്കുന്നത്‌ പോലെയുള്ള മഠയത്തരമായിരിക്കുമത്‌.
ഒരു ഉദാഹരണം കൂടി പറയാം. താങ്കളൊരു തോട്ടക്കാരനാണെന്ന്‌ വിചാരിക്കുക. വളരെ പ്രയാസപ്പെട്ടാണ്‌ താങ്കള്‍ തോട്ടം സജ്ജീകരിക്കുന്നതും മോടിപിടിപ്പിക്കുന്നതുമൊക്കെ. അതിന്റെ ഓരോ കാര്യത്തിലും താങ്കളുടെ പൂര്‍ണ ശ്രദ്ധയുണ്ട്‌. അതിലെ മരങ്ങളോടും ചെടികളോടും കായ്‌കനികളോടും താങ്കള്‍ക്ക്‌ എന്തെന്നില്ലാത്ത സ്‌നേഹമുണ്ട്‌. അതിന്റെ സംരക്ഷണത്തില്‍ ഒരു നിമിഷവും താങ്കള്‍ അമാന്തം വരുത്തുന്നില്ല. താങ്കള്‍ അതിലെ കളകള്‍ പറിച്ച്‌ മാറ്റുന്നു, അധികമുള്ള ചെടികള്‍ പിഴുത്‌ കളയുന്നു, ചില മരങ്ങളുടെ കൊമ്പുകള്‍ മുറിച്ച്‌ മാറ്റുന്നു. ഉദ്ദേശിച്ച വിധം തോട്ടം ആയിത്തീരാന്‍ ഈ പിഴുതു കളയലും മുറിച്ചു മാറ്റലും അനിവാര്യമാണ്‌. ഈ മുറിക്കലും പിഴുതു കളയലും നിങ്ങള്‍ക്ക്‌ ഇഷ്‌ടമുണ്ടായിട്ടല്ല, തോട്ടത്തിന്റെ നിലനില്‍പ്‌ ആലോചിച്ച്‌ ചെയ്‌തുപോകുന്നതാണ്‌.
ഇനി പിഴുതു മാറ്റപ്പെടുന്ന മരങ്ങളുടെയും ചെടികളുടെയും ഭാഗത്ത്‌ നിന്ന്‌ നോക്കിയാലോ, ഇത്‌ കൊടും അക്രമമല്ലാതെ മറ്റൊന്നുമല്ല. മരങ്ങള്‍ക്ക്‌ സംസാരിക്കാന്‍ കഴിയുമെങ്കില്‍ അവ പറയുമായിരുന്നു: ഈ തോട്ടക്കാരന്‍ എന്തൊരു അക്രമിയാണ്‌! ഞങ്ങളുടെ കൊമ്പുകളൊക്കെ ഇയാള്‍ വെട്ടിമാറ്റുന്നു. ഒരു വസന്തം പോലും കണ്ടിട്ടില്ലാത്ത ഞങ്ങളുടെ കൊച്ചു കുഞ്ഞുങ്ങളെ പിഴുതെടുത്ത്‌ ദൂരെ എറിയുന്നു. മുറിക്കുമ്പോഴും പിഴുതെറിയമ്പോഴും കുഞ്ഞെന്നോ യുവാവെന്നോ വൃദ്ധനെന്നോ യാതൊരു നോട്ടവുമില്ല. ചിലപ്പോഴയാള്‍ ഒരു മെഷീനുമായി വന്ന്‌ ഞങ്ങളുടെ ആയിരക്കണക്കിന്‌ സഹോദരന്മാരെ ഒറ്റയടിക്ക്‌ കശാപ്പ്‌ ചെയ്യുന്നു. ഇയാള്‍ക്കെന്താ ഒട്ടും കണ്ണില്‍ ചോരയില്ലാത്തത്‌? സ്‌നേഹ കാരുണ്യ വികാരങ്ങള്‍ ഇയാളെ തൊട്ടുതെറിച്ചിട്ടുപോലുമില്ല. ഈ പിഴുതെറിയലിലും മുറിച്ചു മാറ്റലിലും ഞങ്ങളൊരു നന്മയും കാണുന്നില്ല. യാതൊരു ജ്ഞാനത്തിന്റെയും യുക്തിബോധത്തിന്റെയും പിന്‍ബലമില്ലാത്ത കാരുണ്യരഹിതവും അന്ധവുമായ പ്രവൃത്തി മാത്രമാണിത്‌. നോക്കൂ, അയാള്‍ ചിലപ്പോള്‍ ഞങ്ങള്‍ക്ക്‌ വെള്ളം തരുന്നു, ചിലപ്പോള്‍ ഞങ്ങളെ കത്രിക്കുന്നു, ചിലപ്പോള്‍ വളം നല്‍കുന്നു, ചിലപ്പോള്‍ വേരോടെ പിഴുതെടുക്കുന്നു, ചിലപ്പോള്‍ മറ്റു ചെടികളില്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കുന്നു, രോഗം വന്നാല്‍ ചിലപ്പോള്‍ ഞങ്ങളെ നന്നായി ശുശ്രൂഷിക്കും, രോഗമായാല്‍ ചിലപ്പോള്‍ കൂട്ടക്കശാപ്പ്‌ ചെയ്യാനുള്ള മെഷീനുമായിട്ടായിരിക്കും മൂപ്പരുടെ വരവ്‌!
മരങ്ങളുടെ ഈ വിമര്‍ശനങ്ങള്‍ക്ക്‌ ഇങ്ങനെയാവില്ലേ തോട്ടക്കാരന്‍ മറുപടി പറയുക: അവയുടെ കാഴ്‌ച വളരെ ഹ്രസ്വവും സങ്കുചിതവുമാണ്‌. സ്വന്തത്തെക്കുറിച്ചേ അവ ചിന്തിക്കുന്നുള്ളൂ; പിന്നെ തൊട്ടു പരിസരത്തെ ചില കാര്യങ്ങളെക്കുറിച്ചും. എന്നാല്‍ എന്റെ കാഴ്‌ചയും നോട്ടവും വിശാലമാണ്‌; തോട്ടത്തിന്റെ മൊത്തം സംരക്ഷണവും നിലനില്‍പുമാണ്‌ ഞാന്‍ നോക്കുന്നത്‌. തന്റെ കായ്‌കനികള്‍, തന്റെ കുരുന്നു ചെടികള്‍, തന്റെ ശാഖകള്‍, ഇതേ ഓരോ മരത്തിനും നോട്ടമുള്ളൂ. ഞാന്‍ ചിന്തിക്കുന്നത്‌ മൊത്തം തോട്ടത്തിന്റെ അഭ്യുന്നതിക്കായി എന്തു ചെയ്യാനാവുമെന്നാണ്‌. വിവരദോഷികളായ മരങ്ങള്‍ തങ്ങള്‍ക്കും തങ്ങളുടെ സുഹൃത്തുക്കള്‍ക്കും അടുപ്പക്കാര്‍ക്കും വേണ്ടിയാണ്‌ തോട്ടം തന്നെ നിര്‍മിക്കപ്പെട്ടിട്ടുള്ളതെന്ന്‌ വിചാരിക്കുന്നു. ഞാനാവട്ടെ, ചില ചെടികള്‍ നിലനിര്‍ത്തുന്നതും ചിലത്‌ പിഴുതു മാറ്റുന്നതും തോട്ടം പുഷ്‌ടിപ്പെടാനാണ്‌. ഓരോ മരത്തിന്റെയും ചെടിയുടെയും വ്യക്തിപരമായ താല്‍പര്യങ്ങളേക്കാള്‍ പൊതു താല്‍പര്യമാണ്‌ ഞാന്‍ കണക്കിലെടുക്കുന്നത്‌. ഞാനവയെ ശത്രുത മൂലം കൂട്ടക്കശാപ്പ്‌ ചെയ്യുകയാണെന്ന്‌ ഇടുങ്ങിയ മനസ്സുകൊണ്ട്‌ ചിന്തിക്കുമ്പോള്‍ അവക്ക്‌ തോന്നുന്നതാണ്‌. സ്വന്തം കാര്യലാഭങ്ങള്‍ മാത്രമേ അവ നോക്കുന്നുള്ളൂ.
ഈ ഉദാഹരണത്തെക്കുറിച്ച്‌ കൂടുതലാലോചിച്ചാല്‍ നമ്മുടെ ഒരുപാട്‌ സംശയങ്ങള്‍ക്ക്‌ അറുതിയാവും.
പ്രപഞ്ചമെന്ന ഈ മഹാ ഫാക്‌ടറി നിര്‍മിച്ചതും അത്‌ ചലിപ്പിച്ചുകൊണ്ടിരിക്കുന്നതും എല്ലാം കൊണ്ടും പൂര്‍ണത നേടിയ, യുക്തിജ്ഞനും സര്‍വജ്ഞനുമായ ഒരു ശക്തിവിശേഷമായിരിക്കുമെന്ന്‌ ഉറപ്പാണല്ലോ. നമ്മില്‍ സ്‌നേഹകാരുണ്യവികാരങ്ങള്‍ സൃഷ്‌ടിച്ചത്‌ അവനാണെങ്കില്‍, ആ വികാരങ്ങളെക്കുറിച്ച്‌, പ്രത്യേകിച്ച്‌ മാതാപിതാക്കള്‍ക്ക്‌ മക്കളോടുള്ള സ്‌നേഹത്തെക്കുറിച്ച്‌ അവന്‌ അറിയാതെ തരമില്ല. കുഞ്ഞുങ്ങളുടെ വേര്‍പാട്‌ മാതാപിതാക്കളുടെ മനസ്സിലുണ്ടാക്കുന്ന മുറിവുകളെക്കുറിച്ചും പടച്ചതമ്പുരാന്‌ നന്നായറിയാം. എന്നിട്ടും ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെങ്കില്‍, സ്രഷ്‌ടാവിന്റെ മികച്ച ആസൂത്രണത്തിന്റെ ഭാഗമായി അതിനെ മനസ്സിലാക്കുന്നതാവും ശരി. യുക്തിജ്ഞനും സര്‍വജ്ഞനുമായ ദൈവത്തിന്റെ ആസൂത്രണമാവുമല്ലോ എപ്പോഴും മികച്ചത്‌. പക്ഷേ, അങ്ങനെയൊക്കെ സംഭവിക്കുന്നതിന്റെ യുക്തി നമുക്ക്‌ മനസ്സിലാവണമെന്നില്ല. ഒരിക്കലും മനസ്സിലായില്ലെന്നും വരാം. കാരണം, നമ്മുടെ നോട്ടം, മുഴുവന്‍ പ്രപഞ്ച സംവിധാനത്തെയും ഉള്‍ക്കൊണ്ട്‌ കൊണ്ടുള്ളതല്ല. അതിന്റെ പൊതുതാല്‍പര്യമെന്തെന്നും ഓരോ സന്ദര്‍ഭത്തിലും അതിനുവേണ്ട ആസൂത്രണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക്‌ അറിഞ്ഞുകൂടാ. എങ്കിലും മൊത്തത്തില്‍ ഈ സംഭവ പരമ്പരകളിലൊക്കെ അല്ലാഹുവിന്റെ യുക്തി അടങ്ങിയിട്ടുണ്ടെന്നും ആ വിധിയില്‍ തൃപ്‌തിപ്പെടുകയാണ്‌ അഭികാമ്യമെന്നും മനസ്സിലാക്കുകയാണ്‌ കരണീയമായിട്ടുള്ളത്‌. ആപത്ത്‌ സംഭവിക്കുമ്പോള്‍ ഈ ചിന്ത നമ്മുടെ മനസ്സിന്‌ ആശ്വാസമേകും.
പ്രപഞ്ചനന്മയാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നതെന്ന കാര്യവും ചിന്താര്‍ഹമാണ്‌. അവന്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ തിന്മയും അതിക്രമവുമാണെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുന്നുവെങ്കില്‍, അത്‌ തീര്‍ത്തും ആപേക്ഷികമായ അഭിപ്രായ പ്രകടനമാണെന്ന്‌ മനസ്സിലാക്കണം. അതായത്‌ അതത്‌ വ്യക്തികളെ മാത്രം കണക്കിലെടുത്ത്‌ ആ സംഭവത്തെ തിന്മ എന്ന്‌ വിധിക്കുകയാണ്‌. പക്ഷേ, മൊത്തത്തില്‍ കാണുമ്പോള്‍ അതില്‍ തിന്മയായി ഒന്നുമുണ്ടാവില്ല, നന്മയല്ലാതെ. കുറച്ചുകൂടി ആഴത്തില്‍ ചിന്തിച്ചാല്‍, ഇതിനേക്കാള്‍ മികച്ച ഒരു പ്രപഞ്ചസംവിധാനം സാധ്യമല്ലെന്നും നമുക്ക്‌ ബോധ്യപ്പെടും. മരണമാണല്ലോ നാം ഏറ്റവും വലിയ ആപത്തായി കാണുന്നത്‌. അതിനെക്കുറിച്ച്‌ തന്നെ ആലോചിക്കാം. ഒരാളുടെ മരണം കൊണ്ട്‌ എത്രയാളുകളുടെ ജീവിതത്തിന്റെ വാതിലുകളാണ്‌ തുറക്കപ്പെടാറുള്ളത്‌ എന്ന്‌ ആലോചിക്കു നോക്കുക. അയാള്‍ ജീവിതം തുടരുകയാണെങ്കില്‍ ആ വഴികളൊക്കെ അടഞ്ഞുതന്നെ കിടക്കുമായിരുന്നു. അപ്പോള്‍ മരിക്കാതെ ജീവിച്ചുകൊണ്ടിരിക്കുക എന്നത്‌ ആ വ്യക്തി നന്മയായി കാണുമെങ്കിലും, മൊത്തത്തില്‍ നോക്കുമ്പോള്‍ അയാള്‍ മരിക്കാതിരിക്കുന്നത്‌ ദോഷകരമായി ഭവിക്കുകയാണ്‌. വ്യക്തിനിഷ്‌ഠമായ വിലയിരുത്തലില്‍ തിന്മയായ കാര്യം സാമൂഹിക കാഴ്‌ചപ്പാടില്‍ അങ്ങനെയല്ലാതെയായി മാറുന്നു.
അപ്പോള്‍ വ്യക്തികള്‍ക്കുണ്ടാവുന്ന ദുരന്തങ്ങള്‍ ഒരു നിലക്ക്‌ തിന്മയായി കാണാമെങ്കിലും, മറ്റൊരു നിലക്ക്‌ നന്മയായി ഭവിക്കുകയാണ്‌. മഹാ നഷ്‌ടം എന്ന്‌ നാം കരുതിയിരുന്ന സംഭവങ്ങള്‍ യഥാര്‍ഥത്തില്‍ നന്മയായിരുന്നു എന്ന്‌ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ തോന്നാറില്ലേ? ഇനി നമ്മള്‍ തിന്മയായി കണ്ട ഒരു സംഭവത്തിന്റെ നന്മ എത്ര ആലോചിച്ചിട്ടും നമുക്ക്‌ പിടികിട്ടിയിട്ടില്ലെങ്കില്‍ പോലും, അല്ലാഹു ചെയ്യുന്നതെല്ലാം നന്മയാണെന്നും നമ്മുടെ നന്മയും അതില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നും വിശ്വസിക്കുകയാണ്‌ വേണ്ടത്‌; ആ പ്രവൃത്തിയുടെ ഹേതുവെന്തെന്ന്‌ നമുക്ക്‌ പിടികിട്ടിയാലും ഇല്ലെങ്കിലും ശരി.
(തര്‍ജുമാനുല്‍ ഖുര്‍ആന്‍ ജൂണ്‍ 1935)

Comments