കുടുംബം മഹാ ദൃഷ്‌ടാന്തം
പ്രപഞ്ചനാഥന്‍ മനുഷ്യര്‍ക്കായി സംവിധാനിച്ചൊരുക്കിയ മഹാ അനുഗ്രഹമാണ് കുടുംബം. അതിന്റെ ഘടനയും ശില്‍പഭംഗിയും അന്യൂനവും അതിമനോഹരവുമാണ്. ചിന്തിക്കുന്നവര്‍ക്ക് ഒരു മഹനീയ കാവ്യമാണത്. പഠിക്കാന്‍ പാഠങ്ങളേറെയുള്ള ഒരു ദൃഷ്‌ടാന്തം. ഭൂമിയെപ്പോലെ, ആകാശങ്ങളെപ്പോലെ, സൂര്യ-ചന്ദ്ര-നക്ഷത്രാദികളെപ്പോലെ വിസ്‌മയിപ്പിക്കുന്ന ഒരു ദൃഷ്‌ടാന്തം.
പ്രപഞ്ചത്തില്‍ എല്ലാം കുടുംബങ്ങള്‍ തന്നെയാണ്. സൂര്യ കുടുംബം, ചന്ദ്രകുടുംബം, നക്ഷത്ര കുടുംബം... അപ്രകാരം ജീവജാലങ്ങളും പറവകളും മത്സ്യങ്ങളും ഓരോ കൃത്യമായ കുടുംബങ്ങളില്‍ പെട്ടവരാണ്. ചെടികളും പൂക്കളും മരങ്ങളും അങ്ങനെത്തന്നെ. നമുക്കറിയുന്നതും അറിയാത്തതുമായ സൂക്ഷ്‌മ ജീവികളും പദാര്‍ഥങ്ങളും വ്യത്യസ്‌ത കുടുംബങ്ങളായി നിലനില്‍ക്കുന്നു. ഓരോന്നും അവരവരുടെ കുടുംബ-ഗോത്ര ഗുണങ്ങളും സവിശേഷതകളും പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ശക്തമായ ഒരു കുടുംബ ഘടന അതിലൊക്കെ നിലനില്‍ക്കുന്നു. ഈ സൃഷ്‌ടിഘടനക്ക് പിന്നില്‍ ഒരു മഹാ എഞ്ചിനീയറിംഗ് പ്രവര്‍ത്തിച്ചതായി കാണാം. ഇതൊക്കെ സൃഷ്‌ടിനാഥന്റെ നിര്‍ണയവും യുക്തിയുമാണെന്ന് തിരിച്ചറിയുന്നത് വിശ്വാസത്തിന്റെ തേട്ടമാണ്.
ആദമും ഹവ്വയുമെന്ന രണ്ട് ഉറവകള്‍. അതില്‍ നിന്ന് നിര്‍ഗളിച്ചൊഴുകിയ അനേകം ചെറുതോടുകള്‍, കൊച്ചരുവികള്‍... പിന്നെ പുഴകളായി, കടലുകളായി, മഹാ സാഗരങ്ങളായി മനുഷ്യന്‍ ഈ ഭൂമിയില്‍ അലയടിക്കുന്നു. അതിന്റെ സഞ്ചാരപാതകളും സംഗമസ്ഥലികളും മഹാത്ഭുതം. ഉള്‍പ്പിരിവുകളും അന്തര്‍ധാരകളും മഹാശ്ചര്യം. ലോകത്ത് കോടാനുകോടി മനുഷ്യപുത്രന്മാരും പുത്രികളും. ഒരേ നാഥനില്‍ നിന്ന്, ഒരേ മാതാപിതാക്കളില്‍നിന്ന്! `ആലമുല്‍ അര്‍വാഹി'ല്‍ നിന്നുത്ഭവിച്ച്, സൈകതത്തടങ്ങളിലൂടെ ഒഴുകിപ്പരന്ന് ഒടുവില്‍ മഹ്‌ശറില്‍ സംഗമിക്കുന്ന മഹാ കുടുംബ സാഗരം.
ഇടക്ക് മഹാനദികളായി ചില പ്രവാചക കുടുംബങ്ങള്‍ കണ്ണിച്ചേര്‍ന്നിട്ടുണ്ട്. നൂഹ് നബി(അ)യുടെയും ഇബ്‌റാഹീം നബി(അ)യുടെയും കുടുംബനദികള്‍ പോലെ. ചരിത്രത്തിന്റെ ഒഴുക്കിനെത്തന്നെ നിയന്ത്രിച്ച മഹാ പ്രവാഹങ്ങള്‍. അത്തരം മാതൃകാ കുടുംബങ്ങള്‍ അല്ലാഹുവിന്റെ തന്നെ തെരഞ്ഞെടുപ്പായിരുന്നു. ആ മഹാനദികളില്‍ പൂര്‍വികര്‍ ആവേശപൂര്‍വം കുളിച്ചുകയറി. അവയുടെ ശാദ്വല തീരങ്ങള്‍ തീര്‍ത്ത മഹാ സംസ്‌കൃതികള്‍ മനുഷ്യര്‍ക്കാകമാനം അഭിമാനമായി. ഇന്നും അതിന്റെ പരിമളക്കാറ്റ് നാമറിയാതെ നമ്മെ തലോടുന്നു. ശരിയാണ്, ഇതില്‍ ചില വര്‍ഗങ്ങള്‍, കുടുംബപ്പോരിമയില്‍ അഹങ്കരിച്ചിട്ടുണ്ട്. എന്നാല്‍ അത്തരക്കാരെ അല്ലാഹുതന്നെ വേരോടെ പിഴുതെറിഞ്ഞിട്ടുമുണ്ട്.
ചരിത്രത്തിന്റെ നാല്‍ക്കവലകളില്‍ കുടുംബങ്ങള്‍ പിന്നെ വര്‍ഗങ്ങളായി, വര്‍ണങ്ങളായി വേര്‍തിരിഞ്ഞിട്ടുണ്ട്. ഗോത്രങ്ങളും വംശങ്ങളും അതില്‍ പൊട്ടി വളര്‍ന്നു. ദേശങ്ങളും അതിരുകളും തിരിച്ചവ വേറിട്ടുനിന്നിട്ടുണ്ട്. `ഖൗമു'കളും സമുദായങ്ങളുമായി അവരില്‍ ചിലര്‍ സ്വന്തം അടയാളങ്ങളും കുടുംബമുദ്രകളും ചരിത്രത്തില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്. ചിലപ്പോഴൊക്കെ ചിലരെങ്കിലും ഹാബീലും ഖാബീലുമായി സംഘം തിരിഞ്ഞ് പൊരുതിയിട്ടുമുണ്ട്. ഇന്നും അതു തുടരുന്നു. പക്ഷേ, ഖുര്‍ആനികമായി ഒന്ന് സത്യമാണ്- മനുഷ്യര്‍ ഒരു കുടുംബത്തില്‍ നിന്നാണ്!
കുടുംബത്തിന്റെ ഉത്ഭവം സ്വര്‍ഗത്തില്‍ നിന്നാണ്. അല്ലാഹുവിന്റെ സിംഹാസനവുമായി അത് ബന്ധിച്ചിരിക്കുന്നു. സൃഷ്‌ടിനാള്‍ തൊട്ടേ കുടുംബമുണ്ട്. കുടുംബം അതിന്റെ അവകാശങ്ങള്‍ അല്ലാഹുവിനോട് ചോദിച്ചു വാങ്ങിയിട്ടുമുണ്ട്. ഇതാ ചില നബിവചനങ്ങള്‍:
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ``അല്ലാഹു സൃഷ്‌ടികളെ സൃഷ്‌ടിച്ചു. അങ്ങനെ അതില്‍നിന്ന് വിരമിച്ചപ്പോള്‍ കുടുംബബന്ധം എഴുന്നേറ്റ് നിന്ന് അല്ലാഹുവിനോട് പറഞ്ഞു: ബന്ധവിഛേദത്തില്‍ നിന്ന് നിന്നില്‍ ശരണം തേടാനുള്ള അവസരമാണിത്. അല്ലാഹു പറഞ്ഞു. അതെ, നിന്നെ ചേര്‍ക്കുന്നവനുമായി ഞാന്‍ ബന്ധം സ്ഥാപിക്കുന്നതും വിഛേദിക്കുന്നവനുമായുള്ള ബന്ധം മുറിക്കുന്നതും നിനക്ക് ഇഷ്‌ടമല്ലേ? കുടുംബബന്ധം (അല്ലാഹുവിനോട്) പറഞ്ഞു: അതെ. (അപ്പോള്‍) അല്ലാഹു: എന്നാല്‍ അത് ഞാന്‍ നിനക്ക് ഉറപ്പുതരാം.'' പിന്നീട് പ്രവാചകന്‍ (സ) പറഞ്ഞു: നിങ്ങള്‍ക്ക് വേണമെങ്കില്‍ ഈ വാക്യം പാരായണം ചെയ്‌തുകൊള്ളുക: നിങ്ങള്‍ക്ക് അധികാരം ലഭിച്ചാല്‍ ഇതേ മനസ്ഥിതിയോടെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും കുടുംബബന്ധം മുറിച്ചുകളയുകയും ചെയ്യുകയോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്. അങ്ങനെ അവരെ ബധിരരും അന്ധരുമാക്കുകയും ചെയ്‌തിരിക്കുന്നു'' (മുഹമ്മദ് 22,23).
ആഇശ(റ) നിവേദനം ചെയ്യുന്നു: ``പ്രവാചകന്‍(സ) പറഞ്ഞു. കുടുംബബന്ധം ദൈവിക സിംഹാസനവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. അത് പറയും: എന്നെ ചേര്‍ത്തവനുമായി അല്ലാഹു ബന്ധം സ്ഥാപിക്കും. എന്നെ മുറിച്ചുകളഞ്ഞവനുമായി അല്ലാഹു ബ ന്ധം വിഛേദിക്കുകയും ചെയ്യും.''
സൃഷ്‌ടി നാഥന്റെ അരികില്‍ കുടുംബത്തിനുള്ള മഹനീയ സ്ഥാനം ഈ വചനങ്ങള്‍ അടയാളപ്പെടുത്തുന്നു. എന്നല്ല, അതിനെ ഒരാള്‍ക്കും അറുത്തുമാറ്റാനോ തകര്‍ത്തെറിയാനോ അവകാശമില്ലെന്നും അടിവരയിടുന്നു.
കുടുംബമധു നുകരാത്തവരാരുമില്ല; അതിന്റെ തണല്‍ തേടാത്തവരും. കുടുബമൂട്ടുന്ന താരുണ്യവും കാരുണ്യവും മനുഷ്യന് ശാന്തിമന്ത്രങ്ങളാണ്. കുടുംബമൂട്ടുന്ന അനുരാഗവും സ്‌നേഹവും കൃപയും മനുഷ്യന്‍ ആവോളം ആസ്വദിക്കുന്നു. വിശ്വാസിക്കും അവിശ്വാസിക്കും ഭദ്രമായ കുടുംബജീവിതം നയിക്കാനാണിഷ്‌ടം. മതമൂല്യങ്ങളെ ചോദ്യം ചെയ്യുന്ന നിര്‍മതവാദിയും കുടുംബം വെറും സാമൂഹിക സാഹചര്യങ്ങളുടെ സൃഷ്‌ടിയാണെന്ന് വാദിക്കുന്ന പദാര്‍ഥവാദിയും ദൈവത്തിന്റെ അനുഗ്രഹമായ കുടുംബത്തിന്റെ സല്‍ഫലങ്ങളെ ആവാസ വ്യവസ്ഥയില്‍ കുടിയിരുത്തുന്നുണ്ട്.
കുടുംബവ്യവസ്ഥ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് തകൃതിയായി നടക്കുന്നു. കുടുംബഘടന തന്നെ ചോദ്യം ചെയ്യപ്പെടുന്നു. എന്നാല്‍ കുടുംബം അല്ലാഹുവിന്റേതാണ്. അത് ഒരു മഹാ ദൃഷ്‌ടാന്തമായി അന്ത്യനാള്‍ വരെ നിലനില്‍ക്കുകതന്നെ ചെയ്യും. അതിനെ വെട്ടി നശിപ്പിക്കുന്നവര്‍ അല്ലാഹുവിനെയാണ് വെല്ലുവിളിക്കുന്നത്.
അല്ലാഹുവിന്റെ അനുഗ്രഹവും ദൃഷ്‌ടാന്തവും പരലോകത്തിന്റെ ഗതി നിര്‍ണയിക്കുന്ന അടിസ്ഥാന കാര്യവുമായ കുടുംബ കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നത് നിര്‍ണായകമാകുന്നു. ഒരു വിശ്വാസി ഈ മഹത്തായ ദൃഷ്‌ടാന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും അതിനെ ഭൂമിയിലെ പുണ്യം നേടാനുള്ള ഉപാധിയായി അംഗീകരിക്കുകയും ചെയ്യും. ഒപ്പം ശാശ്വത സ്വര്‍ഗത്തിന്റെ താക്കോലായി നെഞ്ചോട് ചേര്‍ത്ത് വെക്കുകയും!
Comments