Prabodhanm Weekly

Pages

Search

2011 ജൂലൈ 23

സര്‍ക്കാര്‍ ജോലിയും സമുദായവും

`സര്‍ക്കാര്‍ ജോലി: സമുദായത്തിന്‌ അജണ്ട വേണം' (ലക്കം 5) എന്ന കെ. നജാത്തുല്ലയുടെ പ്രതികരണം സമുദായത്തിനകത്ത്‌ സംവാദമാകേണ്ട വിഷയമാണ്‌. ഇക്കാര്യത്തില്‍ സമുദായത്തിലെ സംഘടനകള്‍ക്കും കൃത്യമായ അജണ്ടയുണ്ടായേ തീരൂ.
സമുദായ സംഘടനകളുടെ സമ്മേളനങ്ങളിലും സെമിനാറുകളിലും, സര്‍ക്കാര്‍ ജോലിയിലുള്ള പ്രാതിനിധ്യക്കുറവും പിന്നാക്ക വിഭാഗ കമീഷനുകളുടെ റിപ്പോര്‍ട്ടുകളും ചര്‍വിത ചര്‍വണ ചര്‍ച്ചകളാവാറുണ്ട്‌. എന്നാല്‍, മുസ്‌ലിം സമുദായവും സംഘടനകളും ഈ മേഖലയില്‍ നടത്തിയ കാല്‍വെപ്പുകള്‍ അത്രയൊന്നും ആശാവഹമല്ല.
സമുദായത്തിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിച്ചുകൊണ്ടേയിരിക്കുകയാണ്‌. പലരും പുതുതലമുറ കോഴ്‌സുകള്‍ക്ക്‌ ലക്ഷങ്ങള്‍ കാപിറ്റേഷന്‍ ഫീസായും യൂനിവേഴ്‌സിറ്റി ഫീസായും അടച്ചുതന്നെ ഉയര്‍ന്ന ബിരുദങ്ങള്‍ നേടിക്കൊണ്ടിരിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ ജോലികള്‍ക്ക്‌ ഇപ്പോഴും പരമ്പരാഗത ബിരുദങ്ങളും യോഗ്യതകളുമാണ്‌ അനുശാസിക്കുന്നത്‌. കൂടാതെ, കടുത്ത മത്സപ്പരീക്ഷകളിലൂടെയാണ്‌ ഓരോ ഉദ്യോഗത്തിനും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്‌. ഇതിന്‌ വിദ്യാര്‍ഥികളെ പ്രാപ്‌തമാക്കണമെന്ന രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ സമുദായത്തിന്റെ എല്ലാ സംഘടനകളിലും വളരെ കുറവാണ്‌. ഇത്തരുണത്തില്‍ ഓര്‍മവരുന്നത്‌ ചെമ്മാട്‌ ദാറുല്‍ ഹുദാ അക്കാദമിയുടെ ഭാരവാഹിയും കോട്ടക്കല്‍ ഫാറൂഖ്‌ എജുക്കേഷനല്‍ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പലും `സിജി'യുടെ സംസ്ഥാന വൈസ്‌ പ്രസിഡന്റുമായിരുന്ന മര്‍ഹൂം ഇ. മുഹമ്മദ്‌ സാഹിബിനെയാണ്‌. മുസ്‌ലിം സമുദായത്തിനകത്ത്‌ ആശയപരമായും മറ്റും നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഈ കാര്യത്തില്‍ മാറ്റിവെക്കണമെന്നും യോജിച്ച മുന്നേറ്റം നടത്തണമെന്നും അദ്ദേഹം ചിന്തിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്‌തു. നമ്മുടെ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സമ്മേളനങ്ങള്‍ക്കും വാര്‍ഷികങ്ങള്‍ക്കും ചെലവാക്കുന്ന തുകയുടെ ചെറിയ ഒരംശമുണ്ടെങ്കില്‍ സര്‍ക്കാര്‍-പൊതുമേഖലാ തൊഴില്‍ മേഖലയിലേക്ക്‌ മുസ്‌ലിം യുവതയെ തിരിച്ചുവിടാനാവശ്യമായ ഫണ്ട്‌ വേണ്ടുവോളമാവുമെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു. ഇങ്ങനെയുള്ള സംവിധാനത്തിന്‌ സമുദായത്തില്‍ മൊത്തം ഒരു സ്ഥാപനമോ സംവിധാനമോ മതിയെന്നും ഇതിനു വേണ്ടി സമസ്‌ത നേതാക്കളുമായും വിശിഷ്യാ മര്‍ഹൂം പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുമായും അദ്ദേഹം നിരവധി തവണ ആശയവിനിമയം നടത്തുകയും ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം സമസ്‌ത ഇ.കെ വിഭാഗം അവരുടെ മസ്‌കത്ത്‌ സുന്നി സെന്ററിന്‌ കീഴില്‍ സിവില്‍-സര്‍വീസ്‌ പരീക്ഷക്ക്‌ സമര്‍ഥരായ വിദ്യാര്‍ഥികളെ കണ്ടെത്താന്‍ പരീക്ഷ നടത്തുകയും പ്രസ്‌തുത പരീക്ഷ പാസ്സായി സ്‌കോളര്‍ഷിപ്പ്‌ നേടി പരിശീലനം പൂര്‍ത്തിയാക്കി മൂന്ന്‌ പേര്‍ ഐ.എ.എസ്‌ പരീക്ഷയില്‍ ഉന്നത റാങ്കോടെ പാസ്സാവുകയും ചെയ്‌തു.
പറഞ്ഞുവരുന്നത്‌ 50 ഉദ്യോഗാര്‍ഥികള്‍ക്ക്‌ മികച്ച പരിശീലനം നല്‍കി സര്‍ക്കാര്‍/ പൊതുമേഖലാ ജോലിക്ക്‌ പ്രാപ്‌തമാക്കാന്‍ പരമാവധി രണ്ട്‌-രണ്ടര ലക്ഷം രൂപയേ ചെലവ്‌ വരൂ. അതായത്‌ ഒരാള്‍ക്ക്‌ ഉദ്യോഗം ലഭിക്കാന്‍ 4000-5000 രൂപ മാത്രം. കോടികള്‍ ചെലവഴിച്ച്‌ നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളേക്കാള്‍ ഒരുപക്ഷേ ദീര്‍ഘകാലത്തേക്ക്‌ ഗുണം ചെയ്യുന്നതാകും ഈ തരത്തിലുള്ള നീക്കങ്ങള്‍.
കേരള സംസ്ഥാന രൂപവത്‌കരണത്തിന്‌ ശേഷം വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ കൂട്ടത്തോടെ റിട്ടയര്‍ ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. ഇപ്പോള്‍ മാസ്‌ റിട്ടയര്‍മെന്റാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. അതുപോലെ പുതിയ സര്‍വകലാശാലകളും സര്‍വകലാശാലാ സെന്ററുകളുമൊക്കെ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഈ റിക്രൂട്ട്‌മെന്റുകള്‍ മിക്കവാറും 2013-'14ഓടെ അവസാനിക്കുകയും ഈ മേഖലയില്‍ ഒരു സ്റ്റാഗ്‌നേഷന്‍ വരുകയും ചെയ്യും. ഇപ്പോള്‍ സമുദായം ഉണര്‍ന്നില്ലെങ്കില്‍, ഇപ്പോള്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ റിട്ടയര്‍ ചെയ്യുന്ന 25-30 വര്‍ഷം കഴിഞ്ഞേ ഇത്തരത്തില്‍ ഒരു റിക്രൂട്ട്‌മെന്റിന്‌്‌ സാധ്യതയുള്ളൂ.
അതിനാല്‍ ഇക്കാര്യത്തില്‍ സമുദായം മുഴുവന്‍ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച്‌ മൂര്‍ത്ത രൂപത്തിലുള്ള ഒരു അജണ്ട തയാറാക്കേണ്ടിയിരിക്കുന്നു. പ്രാദേശിക ഏരിയാ ജില്ലാ തലങ്ങളില്‍ തല്‍പരരെ പങ്കെടുപ്പിച്ച്‌ പ്രോജക്‌ടുകള്‍ തയാറാക്കുകയും അത്‌ കൃത്യമായി നടപ്പിലാക്കാന്‍ സംവിധാനമേര്‍പ്പെടുത്തുകയും ചെയ്യുക. ഓരോ പ്രദേശത്തെയും അഭ്യസ്‌തവിദ്യരായ യുവതീ യുവാക്കളുടെ ഡാറ്റാബാങ്ക്‌ സ്ഥാപിച്ച്‌ ഓരോ തസ്‌തികയിലേക്കും അപേക്ഷ ക്ഷണിക്കുമ്പോള്‍ അപേക്ഷ അയക്കാന്‍ പൊതു സംവിധാനമേര്‍പ്പെടുത്തണം. രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച്‌ ബോധവത്‌കരണ ക്ലാസുകള്‍ നടത്തുക. പാരലല്‍ കോളേജുകള്‍, ഇസ്‌ലാമിക കലാലയങ്ങള്‍ എന്നിവയില്‍ മാസത്തിലൊരിക്കലെങ്കിലും ഒരു ക്ലാസ്‌ നടത്തുക. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രോജക്‌ടുകളില്‍ ഇക്കാര്യത്തിന്‌ ഊന്നല്‍ നല്‍കുക. സമുദായത്തിന്റെ ജനസേവന പ്രവര്‍ത്തനങ്ങളിലെ മുഖ്യ ഇനമായി ഈ സംരംഭത്തെ കണക്കാക്കുക തുടങ്ങിയ കാര്യങ്ങള്‍ അടിയന്തര പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. അടിസ്ഥാന വിദ്യാഭ്യാസം മാത്രം യോഗ്യതയായുള്ള ലാസ്റ്റ്‌ ഗ്രേഡ്‌, കെ.എസ്‌.ഇ.ബി മസ്‌ദൂര്‍, ഡ്രൈവര്‍ തുടങ്ങിയ തസ്‌തികകളിലേക്ക്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ അപേക്ഷിക്കുകയും അവര്‍ക്ക്‌ പരിശീലനം നല്‍കി അവര്‍ ഒന്നടങ്കം ജോലിയില്‍ പ്രവേശിക്കുകയും ചെയ്‌ത ഒറ്റപ്പെട്ട ചില പ്രദേശങ്ങളെങ്കിലും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലുണ്ടെന്ന കാര്യം വിസ്‌മരിക്കാവതല്ല. ഇങ്ങനെയുള്ള പ്രദേശങ്ങളില്‍ യുവാക്കള്‍ക്ക്‌ ജോലി ലഭിച്ചതോടെ സാമൂഹിക വിരുദ്ധ പ്രവണതകള്‍ക്ക്‌ വന്‍ കുറവ്‌ വന്ന കാര്യവും പഠനവിധേയമാക്കണം.
സി.എച്ച്‌ മുഹമ്മദ്‌ മുസ്‌ത്വഫ മലപ്പുറം
CIGI Compete Reach
മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍


നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗ്‌ ഒരനുഭവം
പെരുമ്പാവൂരുള്ള എന്റെ ഒരു ബന്ധുവിനുണ്ടായ അനുഭവമാണ്‌. അത്യാവശ്യം കൃഷിയും റബര്‍വെട്ടുമായി തരക്കേടില്ലാതെ ജീവിച്ചുകൊണ്ടിരുന്ന സഹോദരന്‍. നാട്ടില്‍ കാര്യമായ തൊഴിലൊന്നുമില്ലാതെ തെക്ക്‌ വടക്കു നടന്നിരുന്ന ചില ചെറുപ്പക്കാര്‍ ഫുള്‍ സ്ലീവിലും ടൈയൊക്കെയുമായി പരിചയമില്ലാത്തൊരാളുമായി അദ്ദേഹത്തിന്റെ വീടിനു മുമ്പില്‍ കാറില്‍ വന്നിറങ്ങി. ചെറുപ്പക്കാരെ അറിയുന്നതുകൊണ്ട്‌ വീട്ടിലേക്ക്‌ ക്ഷണിച്ചിരുത്തി. ഭാര്യയോട്‌ ചായ ഉണ്ടാക്കാന്‍ പറഞ്ഞു. ചെറുപ്പക്കാര്‍ കൂടെയുള്ള ആളെ പരിചയപ്പെടുത്തി. അയാള്‍ തങ്ങള്‍ ഏര്‍പ്പെട്ട സൂപ്പര്‍ മാര്‍ക്കറ്റ്‌ ബിസിനസിനെ കുറിച്ച്‌ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. ആലുവ കട്ടത്ത്‌ കമ്പനി വാങ്ങിയ സ്ഥലത്തെക്കുറിച്ചും ഇതില്‍ ഏര്‍പ്പെട്ടാല്‍ ഉണ്ടാകുന്ന വരുമാനത്തെക്കുറിച്ചും സംസാരിച്ചു. അയാള്‍ക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനത്തിന്റെ ഡി.ഡിയും കാണിച്ചുതന്നു. `നമ്മള്‍ കാശ്‌ മുടക്കി നമ്മുടെ കണ്‍മുന്നില്‍ നമ്മുടെ സൂപ്പര്‍ മാര്‍ക്കറ്റ്‌' -ഇതാണ്‌ ഞങ്ങളുടെ മുദ്രാവാക്യം എന്നു കൂടി അയാള്‍ പറഞ്ഞു.
പിന്നെ സഹോദരനുണ്ടായ ആകെയുള്ള സംശയം ഇതിന്റെ ഇസ്‌ലാമികതയെക്കുറിച്ചായിരുന്നു. നീട്ടിയ താടിയും തൊപ്പിയും ധരിച്ച ഒരു പണ്ഡിതന്റെ ഫോട്ടോ ആയിരുന്നു ഇതിന്റെ മറുപടി. എട്ടു വര്‍ഷം പള്ളിയില്‍ ഖത്വീബായിരുന്ന മാന്യദേഹം പള്ളി പണി വേണ്ടെന്ന്‌ വെച്ച്‌ ഇപ്പോള്‍ ബിസിനസ്സില്‍ ഇറങ്ങിയിരിക്കുകയാണ്‌. നമ്മളെക്കാളൊക്കെ ഒരുപാട്‌ വിവരമുള്ള ആളുകള്‍ ഇതിന്‌ ഇറങ്ങുമ്പോള്‍ നിസ്സാരരായ നമ്മളെന്തിന്‌ ഇസ്‌ലാമികതയെ കുറിച്ച്‌ ചിന്തിക്കണം.
പിന്നൊന്നും സഹോദരന്‍ ആലോചിച്ചില്ല. അവര്‍ പറഞ്ഞ 14000 രൂപയും എണ്ണിക്കൊടുത്തു. 5000 രൂപയുടെ റിഡക്‌ഷന്‍ കൂപ്പണും 9000 രൂപക്ക്‌ കമ്പനിയുടെ ബിസിനസ്‌ പങ്കാളി എന്ന സര്‍ട്ടിഫിക്കറ്റും നല്‍കാമെന്നേറ്റു. ഇതുകൊണ്ട്‌ ഈ മാരണം തീരുമെന്നാണ്‌ കരുതിയത്‌. എന്നാല്‍ പിറ്റേന്നും ഈ മൂവര്‍ സംഘം വന്നു. ബിസിനസില്‍ പങ്കാളിയായ സ്ഥിതിക്ക്‌ വര്‍ക്ക്‌ ചെയ്‌താലേ വരുമാനമുണ്ടാകൂ. എന്നാലേ മുടക്കുമുതല്‍ തിരികെ കിട്ടൂ. മനസ്സില്ലാ മനസ്സോടെ അവരോടൊപ്പം ഇറങ്ങി. സ്‌നേഹവും കടപ്പാടും ഉപയോഗപ്പെടുത്തി സ്വന്തക്കാരെയും ബന്ധുക്കളെയും സ്വന്തം മകളുടെ ഭര്‍ത്താവിനെ വരെ കണ്ണി ചേര്‍ത്തു. അവസാനം ഒരു സുപ്രഭാതത്തില്‍ ഈ നീര്‍ക്കുമിള പൊട്ടിത്തകര്‍ന്നു. സഹോദരന്‍ ഇപ്പോള്‍ ആകെ വിഷമത്തിലാണ്‌. വീടിന്‌ പുറത്തിറങ്ങാറില്ല. ഉള്ള റബര്‍ വെട്ടും നിന്നു. കൃഷിയുടെ കാര്യവും അവതാളത്തില്‍. സ്വന്തക്കാരോടൊക്കെ എന്തു മറുപടി പറയും? പലരും സംഗതി അറിഞ്ഞിട്ടില്ല. ആരെങ്കിലുമൊക്കെ പൈസ അന്വേഷിച്ചു വന്നാല്‍ ഇനി എന്തു ചെയ്യും?
ടി.ബി അഷ്‌റഫ്‌ തായിക്കാട്ടുകര



അന്ധവിശ്വാസങ്ങളെ ചെറുക്കാന്‍ കഴിയാത്ത ഫേസ്‌ബുക്ക്‌ തലമുറ

`ഫേസ്‌ബുക്ക്‌ തലമുറ- രണ്ട്‌ ചിത്രങ്ങള്‍' എന്ന സി. ദാവൂദിന്റെ ലേഖനം പുതുതലമുറയിലെ മുസ്‌ലിം ചെറുപ്പക്കാരുടെ ഉയര്‍ന്ന സംവേദനക്ഷമതയും സാമൂഹിക പ്രതിബദ്ധതയും വരച്ചുകാണിക്കുന്നതായി. എന്നാല്‍ ഉല്‍പതിഷ്‌ണു വിഭാഗങ്ങളിലെ മൗലവിമാരുടെയും പ്രഭാഷകരുടെയും ആശങ്കകളും ഉത്‌കണ്‌ഠകളും നിലനില്‍ക്കെ ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളുടെയുമൊക്കെ അനന്ത സാധ്യതയെക്കുറിച്ച ഉദ്‌ബോധനങ്ങള്‍ക്കൊപ്പം തന്നെയാണ്‌ മുസ്‌ലിം യുവത വളര്‍ന്നത്‌. പാരമ്പര്യ വിഭാഗങ്ങളിലെ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളില്‍ സാധാരണയായി ഇത്തരം വിഷയങ്ങള്‍ കടന്നുവരാറില്ല.
നമ്മുടെ നാട്ടില്‍ വ്യാപകമാവുന്ന സൈബര്‍ കുറ്റകൃത്യങ്ങളും അതിലെ സമുദായത്തിന്റെ പ്രാതിനിധ്യവും ഇത്തരമൊരിടപെടല്‍ അനിവാര്യമാക്കുന്നുമുണ്ട്‌. പഴയ കാലത്തെ അപേക്ഷിച്ച്‌ പുതുതലമുറയിലെ മുസ്‌ലിം യുവത ധാര്‍മിക സദാചാര മേഖലകളുള്‍പ്പെടെ എല്ലാ രംഗങ്ങളിലും മികച്ചു നില്‍ക്കുന്നു എന്ന നിരീക്ഷണം വസ്‌തുതാപരം തന്നെയാണ്‌. ഇതിന്‌ മുഖ്യ കാരണം മുസ്‌ലിംകളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്‌. എല്ലാ മുസ്‌ലിം സംഘടനകളും സാമൂഹിക പ്രതിബദ്ധതയുള്ള സേവന പ്രവര്‍ത്തനങ്ങളുടെ സംഘാടനത്തില്‍ ഒന്നിനൊന്ന്‌ മികച്ചു നില്‍ക്കുന്നു. വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യം ആശാവഹമാണ്‌. നിലവാരമുള്ള പത്ര പ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ പ്രാതിനിധ്യം മറ്റു സമുദായങ്ങളെ കവച്ചുവെക്കും. സ്ഥാപന നടത്തിപ്പിന്റെയും സംഘാടനത്തിന്റെയും കാര്യത്തില്‍ ഇതര സമുദായ വിഭാഗങ്ങളിലെ സ്ഥാപനങ്ങളോട്‌ കിടപിടിക്കുന്നതും മികച്ചു നില്‍ക്കുന്നതും മുസ്‌ലിം സമുദായത്തിലെ യാഥാസ്ഥിതികരെന്ന്‌ മുദ്രകുത്തപ്പെട്ട വിഭാഗമാണ്‌.
പ്രവര്‍ത്തനത്തിലും ചിന്തയിലും എഴുത്തിലുമൊക്കെ ഇത്രമേല്‍ അഭിവൃദ്ധി പ്രാപിച്ചിട്ടും ഒരുകാലത്ത്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന `തിരുകേശ, മഖ്‌ബറ പൂജ' പോലുള്ള കടുത്ത വിശ്വാസ ജീര്‍ണതകളെ കേരളത്തിലേക്ക്‌ ഇറക്കുമതി ചെയ്യുന്നതിനെതിരെ നടേ സൂചിപ്പിച്ച മുസ്‌ലിം യുവത എന്തുകൊണ്ട്‌ ഫലപ്രദമായ പ്രതിരോധനിര കെട്ടിപ്പടുക്കുന്നില്ല?
സി.എച്ച്‌ മുഹമ്മദ്‌ അലി
കൂട്ടിലങ്ങാടി



സംവാദത്തിന്റെ പ്രവാചക മാതൃക
ലക്കം 5-ലെ `കലയുടെയും സാഹിത്യത്തിന്റെയും ജമാഅത്ത്‌ കാഴ്‌ചകള്‍' എന്ന സംവാദത്തില്‍ ആരും തുറന്നെഴുതാന്‍ മടിക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ഇബ്‌റാഹീം ബേവിഞ്ച ചൂണ്ടിക്കാട്ടുന്നു. ഇത്‌ ഐ.പി.എച്ചിനെ പ്രകീര്‍ത്തിച്ചതിന്റെ ഗുഡ്‌ സര്‍ട്ടിഫിക്കറ്റായല്ല ഞാന്‍ കാണുന്നത്‌. വാഗ്വാദങ്ങളും ക്രൂര വിമര്‍ശനങ്ങളും ഹാസ്യ പരാമര്‍ശങ്ങളും നടത്തി സ്വന്തം ഇഛ(ആശയം) പ്രകടിപ്പിക്കുന്നവര്‍ക്ക്‌ അദ്ദേഹത്തിന്റെ എഴുത്ത്‌ തീര്‍ച്ചയായും ഒരു ഗുണപാഠമാണ്‌.
ഐ.പി.എച്ചിലെ മത പാഠപുസ്‌തകങ്ങള്‍ വാങ്ങി പഠിക്കാനുള്ള വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഉപദേശം അദ്ദേഹം ജമാഅത്തുകാരനായതുകൊണ്ടല്ല, മറിച്ച്‌ മതപാഠപുസ്‌തകങ്ങളില്‍ ഏറ്റവും കാലികമായത്‌ മജ്‌ലിസുത്തഅ്‌ലീമിയുടേതായതുകൊണ്ടാണ്‌. ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും എസ്‌.ഐ.ഒയും അനുബന്ധ കലാവേദികളും ഇസ്‌ലാമിനെ അന്യര്‍ക്ക്‌ പരിചയപ്പെടുത്തുന്നത്‌ തൊണ്ട പൊട്ടുന്ന പ്രസംഗത്തിലൂടെയല്ലെന്നും, നബിയുടെ ജീവിതശൈലിയിലൂടെയാണെന്നും അദ്ദേഹം സമര്‍ഥിക്കുമ്പോള്‍ കാലാകാലം ഖുനൂത്തും കൈകെട്ടും തറാവീഹും ഈദ്‌ഗാഹും മാസപ്പിറവിയും ഇപ്പോള്‍ മുടിയും ചര്‍ച്ച ചെയ്‌ത്‌ ആയുസ്സ്‌ കളയുന്നവര്‍ക്ക്‌ ഈ സംവാദം ഒരു ഗുണപാഠമാവുമെന്ന്‌ ആശ്വസിക്കാം.
കെ.ടി.എ സലാം പൊതുവാച്ചേരി, കണ്ണൂര്‍
 

 

Comments