Prabodhanm Weekly

Pages

Search

2011 ജൂലൈ 23

ചിറക് മുളക്കുന്ന പൂമരം

ഡോ. ഉമര്‍ തറമേല്‍

ബഷീറിന്റെ ജീവിതം ലോകരുടെ കഥയും ലോകരുടെ കഥ ബഷീറിന്റെ ജീവിതവുമാണ്. ബഷീര്‍ സാഹിത്യത്തിന് എന്നും ആവശ്യക്കാരുണ്ടാകുന്നതിന്റെ ഗുട്ടന്‍സ് അതാണെന്ന് തോന്നുന്നു. മറ്റൊന്ന്, പ്രായ ഭേദമെന്യേ, അഭിരുചി ഭേദമെന്യേ ഏവരെയും അത് ആകര്‍ഷിക്കുന്നു. അതുകൊണ്ടുതന്നെ ബഷീര്‍ എഴുതുന്നതും ബഷീറിനെ കുറിച്ചെഴുതുന്നതും ഞൊടിയിട കൊണ്ട് വിപണിയില്‍ വിറ്റുപോകുന്നു. ജീവിതം കൊണ്ട് കഥകള്‍ സൃഷ്ടിച്ച്, കഥകള്‍കൊണ്ടും മനുഷ്യപറ്റു കൊണ്ടും സ്വജീവിതം മിത്താക്കി മാറ്റിയ ലോകത്തിലെ അപൂര്‍വം എഴുത്തുകാരില്‍ ഒരാളാണ് ബഷീര്‍. എന്നാല്‍, ബഷീര്‍ പഠനങ്ങളായി കാക്കത്തൊള്ളായിരം കൃതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, കൃതികള്‍ക്കുള്ളിലെ വ്യവഹാരശ്രുതി ഭേദങ്ങളെ അടയാളപ്പെടുത്താനാകുന്ന പഠനങ്ങള്‍ തുലോം വിരളമാണ്. അനീസുദ്ദീന്‍ അഹ്മദ് എഡിറ്റ് ചെയ്ത് പ്രതീക്ഷാ ബുക്സ് പുറത്തിറക്കിയ ബഷീര്‍ എഴുത്തിന്റെ അറകള്‍ എന്ന പുസ്തകം വായനക്കെടുക്കുന്ന സന്ദര്‍ഭത്തിന് ആമുഖമായി ഇതിരിക്കട്ടെ.
അളന്നു തൂക്കി ജീവിതത്തെ എഴുത്തിലേക്ക് സന്നിവേശിപ്പിച്ച ഒരാളല്ല ബഷീര്‍. ചെരുപ്പിനനുസരിച്ച് മുറിച്ച പ്രത്യയശാസ്ത്ര വിചാരം കൊണ്ട് ജീവിതത്തെ നേരിട്ട ആളുമല്ല. മറിച്ച്, ഈ പ്രപഞ്ചവും അതിലെ ജീവജാലങ്ങളും പ്രതിഭാസങ്ങളും മനുഷ്യനെന്ന കണ്ണാടിക്ക് അഭിമുഖമായിപ്പിടിച്ച് ചെറിയ മനുഷ്യരുടെ വലിയ ലോകത്തെ അദ്ദേഹം പ്രകാശിപ്പിച്ചു. എന്നാല്‍, വെള്ളം കടക്കാത്ത ലൌകിക വ്യവഹാരങ്ങളുടെയും കോഡുകളുടെയും അകത്താണ് ബഷീറെഴുത്തിനെ പലരും ഒതുക്കാന്‍ ശ്രമിച്ചത്. സൈദ്ധാന്തിക ശാഠ്യങ്ങള്‍ കൊണ്ട് ബഷീറിന്റെ കൃതികള്‍ അളക്കുന്ന ഏതൊരാളും വിശകലനത്തില്‍ പരിമിതികളുള്ളവരാണെന്നും നാം തിരിച്ചറിയുന്നു.
'ഇസ്ലാമെഴുത്ത്-ബഷീര്‍ കൃതികള്‍' എന്ന പേരില്‍ എസ്.ഐ.ഒ സംവേദനവേദി സംഘടിപ്പിച്ച ഒരു സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളാണ് ബഷീര്‍ എഴുത്തിന്റെ അറകള്‍ എന്ന കൃതിയില്‍ എഡിറ്റ് ചെയ്തു ചേര്‍ത്തിരിക്കുന്നതെന്ന് ആ കൃതിയുടെ ആമുഖമായി ചേര്‍ത്തിരിക്കുന്നു. ബഷീര്‍ ആരാണെന്ന മൌലികമായ ചോദ്യം ഉന്നയിക്കാനുള്ള ശ്രമം. ഓര്‍മയുടെ അറകള്‍ പോലുള്ള കൃതികള്‍ അതിന്റെ വായനയില്‍ പിന്നാക്കം പോയതിന്റെ പൊരുളും ഈ കൃതി  ഉയര്‍ത്തുന്നുണ്ട്.
12 പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. അവയില്‍ ചിലതെല്ലാം ബഷീറെഴുത്തിലെ പുതിയ സങ്കല്‍പങ്ങളെ ഗൌരവമായി നോക്കിക്കാണുന്നവയാണ്. ഒരാളുടെ എഴുത്തിനെ, എഴുത്തിന്റെ പരിവട്ടത്തില്‍ മാത്രം അപഗ്രഥന വിധേയമാക്കുന്നത് ചരിത്ര വിരുദ്ധമാണെന്ന കാഴ്ചപ്പാടില്‍ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങള്‍ ഈ കൃതിക്കകത്തുണ്ട്. എം.എ റഹ്മാന്റെ 'സൂഫിയും മനുഷ്യനും' എന്ന അധ്യായം അത്തരത്തിലുള്ള ഒന്നാണ്. ബഷീറിനെപ്പോലുള്ള അഗ്രഗാമിയായ എഴുത്തുകാരന്റെ എഴുത്തിനെ രൂപപ്പെടുത്തുന്ന വലിയൊരു ചരിത്ര പശ്ചാത്തലമാണ് ഈ ചിന്തകളുടെ ഉറവിടം. പൌരസ്ത്യ വാദ ചിന്താ പദ്ധതികള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ മുന്നോട്ടു വെച്ചുകൊണ്ട് ബഷീര്‍ എഴുത്തിലെ വിപ്ളവബോധവും രാഷ്ട്രീയ ബോധവും പുറത്തെടുക്കാനാണ് റഹ്മാന്‍ ശ്രമിക്കുന്നത്. ബഷീറിന്റെ എഴുത്തിന് പൂര്‍വ മാതൃകകള്‍ ഉണ്ടെങ്കിലും, ആ മാതൃകകളെ നിശിതമായ ഭാവുകത്വ മാറ്റത്തിന് കാരണമാകുന്ന തരത്തില്‍ എഴുത്തിന്റെ ഘടനയെതന്നെ മാറ്റിപ്പണിയുന്നു ബഷീറിന്റെ വിനിര്‍മിതി.
സ്വത്വബോധത്തിന്റെ അനര്‍ഘമായ അടയാളങ്ങളെ ബഷീര്‍ എപ്രകാരത്തില്‍ സൃഷ്ടിച്ചെടുത്തു എന്നതിന്റെ വിചാരമാണ് സി.ബി സുധാകരന്‍ തന്റെ ലേഖനത്തില്‍ പങ്കുവെക്കുന്നത്. മുസ്ലിം സ്വത്വത്തെ ചരിത്രപരമായി മനസ്സിലാക്കാനുള്ള സ്പന്ദമാപിനികളായി ബഷീറെഴുത്തിനെ അടയാളപ്പെടുത്തുന്ന സുധാകരന്‍ മനുഷ്യ കേന്ദ്രിത യൂറോപ്യന്‍ മാനവികതയോടല്ല, ആധുനികോത്തര കീഴാള പരിസ്ഥിതി വാദത്തോടാണ് അവക്ക് അടുപ്പമെന്ന് വാദിക്കുന്നു. മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ആഷാ മേനോന്റെ 'ഖിയാമത്തിന്റെ ഹദീസുകള്‍' എന്ന ലേഖനം എടുത്തു ചേര്‍ത്തിട്ടുള്ളത് ഈ കൃതിക്ക് പ്രകാശം വര്‍ധിപ്പിക്കുന്നു. ആസ്തിക്യത്താല്‍ അനുഗൃഹീതമായ പാരിസ്ഥിതിക വിവേകം എന്ന് മേനോന്‍ ബഷീര്‍ രചനകളെ സംക്ഷേപിക്കുന്നു. മരുഭൂമിയിലെ നിശ്ശബ്ദതയെ ഹദീസുകളായി വായിക്കാന്‍ നബിയെ പ്രേരിപ്പിച്ച അദൃശ്യ ചോദനകളുടെ ഒരു തെല്ല് ബഷീറെഴുത്തില്‍ ഉണ്ട് എന്നാണ് അദ്ദേഹം വാദിക്കുന്നത്. ബഷീറിന്റെ പരിസ്ഥിതിബോധം അതിനു തുല്യമാണ്.
ഓര്‍മകളെ കാല്‍പനികമാക്കി ഉറക്കിക്കിടത്തി ഗൃഹാതുരതയുടെ ജാലകങ്ങള്‍ തുറക്കാതെ ചരിത്രത്തിന്റെ സത്യസന്ധമായ സംഘര്‍ഷങ്ങളോട് ബഷീര്‍ സൃഷ്ടിച്ചെടുത്ത അനുഭവങ്ങളും മനുഷ്യ ബന്ധങ്ങളും എങ്ങനെ നേര്‍ക്കുനേര്‍ നില്‍ക്കുന്നു എന്ന ആലോചനയാണ് വി.എ കബീറിന്റെ പ്രബന്ധത്തില്‍ ഉള്ളത്. ലൈംഗികതയേക്കാള്‍ വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം എന്ന ബഷീറിന്റെ വിചാരം എഴുത്തിനെ പൊള്ളുന്ന കലയാക്കുന്നതില്‍ വഹിച്ച പങ്കിനെ ഇവിടെ അടിവരയിടുന്നു. ഉന്നത സംസ്കാരത്തിന്റെ കുലീന ചിഹ്നങ്ങളായി എഴുത്തിനെ മെരുക്കിയെടുക്കുന്ന ബഷീറിന്റെ വിദ്യ അതുവരെയുള്ള മലയാള സാഹിത്യത്തെ ഗുണപരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കുകയുണ്ടായി. മരുഭൂമിയെ മലര്‍വാടിയാക്കുന്ന എഴുത്തുകാരനിലെ ഹരിതബോധത്തിന്റെ അടിയൊഴുക്കുകളെക്കുറിച്ചാണ് ഇബ്റാഹീം ബേവിഞ്ച ആലോചിക്കുന്നത്. ഹരിതബോധത്തിന്റെ മെറ്റഫര്‍ തന്നെയായി ബഷീര്‍ എഴുത്ത് നിരീക്ഷിക്കപ്പെടുന്നു.
ഫ്യൂഡലിസവും ജാതിവ്യവസ്ഥയും ഒത്തുചേര്‍ന്നുണ്ടായ സാമൂഹിക സ്വത്വ നിര്‍മിതിയില്‍ കോളനീകരണം വരുത്തിയ 'വിനകളും' അതിന്‍ഫലമായി ഉണ്ടായ ജാതി വിരുദ്ധ സമരങ്ങളും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും ബഷീര്‍ എഴുത്തിനെ സൃഷ്ടിച്ച സാഹചര്യത്തെക്കുറിച്ചുള്ള അഗാധമായ ആലോചനയാണ് പി.എ നാസിമുദ്ദീന്റെ 'മത സ്വത്വവും ആത്മീയതയും' എന്ന ലേഖനം. മലയാള സാഹിത്യത്തിന്റെ ബൌദ്ധിക സ്വത്താവകാശം കൈവശപ്പെടുത്തിയ സവര്‍ണ-മധ്യവര്‍ഗ കൂട്ടായ്മക്കെതിരെയുള്ള എഴുത്ത് സൃഷ്ടിച്ചെടുക്കുന്നതില്‍ ബഷീറിനുള്ള ചരിത്രപരമായ സ്ഥാനത്തെ അടയാളപ്പെടുത്താനുള്ള ശ്രമം ഈ അധ്യായത്തിലുണ്ട്.
ബഷീര്‍ കൃതികളിലെ 'ഉമ്മത്ത്' എന്ന വിഷയത്തെക്കുറിച്ച് ആലോചിക്കുന്ന രഹ്നയുടെ ലേഖനം ചരിത്രപരവും സൌന്ദര്യാത്മകവുമായ വിശകലനത്തിലൂടെ വിപുലീകരിക്കാന്‍ ആയിട്ടില്ല. ബഷീര്‍ എഴുത്തിനെ പുരസ്കരിച്ച് ഇസ്ലാം എഴുത്തിന്റെ സാധ്യതകളെ തുറന്നു കാണിക്കാനുള്ള ജമീല്‍ അഹ്മദിന്റെ ശ്രമം ഏറെ മൂല്യമര്‍ഹിക്കുന്നെങ്കിലും, നടേ പറഞ്ഞ പരിമിതികളാല്‍ വേണ്ടത്ര കാര്യഗൌരവത്തിലേക്ക് കടക്കുന്നില്ല എന്നതത്രെ ശരി. ബഷീറിനെ സൂഫിയാക്കി ചിത്രീകരിക്കുന്നവര്‍ അദ്ദേഹത്തിന്റെ എഴുത്തിലെ 'സലഫിസ'ത്തെയും അത് നടത്തുന്ന നവോത്ഥാന ആശയ പോരാട്ടത്തെയും മുഖവിലക്കെടുത്തില്ല എന്ന ആശയം ഈ ലേഖനം മുന്നോട്ടുവെക്കുന്നു. മതമുക്ത സമൂഹമെന്നും മതസമൂഹമെന്നും ഉള്ള കാഴ്ചപ്പാടുകളെ ബഷീര്‍ എഴുത്തുമായി തട്ടിച്ചുനോക്കാനുള്ള ശ്രമം ആലോചനാമൃതമാണെങ്കിലും ഏതെങ്കിലും ഒരു സൈദ്ധാന്തിക ശാഠ്യത്തില്‍ നിന്നുകൊണ്ട് വിപുലീകരിക്കാവുന്ന ഒരു ആശയമല്ല അത്. ഒരുപക്ഷേ ഈ സമാഹാരത്തിലെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു അധ്യായം ഇതായിരിക്കാം.
ടി.കെ.എം ഇഖ്ബാല്‍, ഡോ. എം.ആര്‍ മഹേഷ്, ശിഹാബ് പൂക്കോട്ടൂര്‍, റഹ്മാന്‍ മുന്നൂര് എന്നിവരുടെ ലേഖനങ്ങളും ഈ സമാഹാരത്തിലുണ്ട്. ബഷീര്‍ കൃതികളെക്കുറിച്ച് ഇതുവരെ ചര്‍ച്ചക്ക് എടുത്തിട്ടില്ലാത്ത ചരിത്ര വിചാരങ്ങള്‍ ആലോചനാവിധേയമാക്കുന്നതിന്റെ മുന്നോടിയായി ഈ കൃതിയെ കാണാവുന്നതാണ്. കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള നിലവിലുള്ള കാഴ്ചപ്പാടുകളെ പ്രശ്നവത്കരിക്കാനുള്ള ശ്രമം ചെറുതായിട്ടെങ്കിലും ഈ കൃതി ഏറ്റെടുക്കുന്നുണ്ട്.

ബഷീര്‍ എഴുത്തിന്റെ അറകള്‍
എഡി. അനീസുദ്ദീന്‍ അഹ്മദ്
പ്രതീക്ഷാ ബുക്സ്
കോഴിക്കോട്

Comments