ടാര്‍ജറ്റ് ചിദംബരം?
ഗുജറാത്തിലെ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യയില്‍ വന്‍തോതിലുള്ള ഭീകരാക്രമണങ്ങള്‍ തിരിച്ചുവരാനിടയുണ്ടെന്ന ചര്‍ച്ചകള്‍ മാധ്യമലോകത്ത് വീണ്ടും സജീവമാകുന്നതിനിടയിലാണ് മുംബൈയിലെ മൂന്ന് കേന്ദ്രങ്ങളില്‍ പോയ ബുധനാഴ്‌ചയിലെ തീക്കളി അരങ്ങേറിയത്. അഹമ്മദാബാദ് സ്‌ഫോടനത്തിന്റെ പിടികിട്ടാപ്പുള്ളികളെന്ന പേരില്‍ രണ്ടു പേരെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തതും ഔറംഗാബാദിലും നാഗ്‌പൂരിലും ഇന്ത്യന്‍ മുജാഹിദീന്‍ ഒളിത്താവളങ്ങള്‍ തകര്‍ത്തുവെന്ന അവകാശവാദത്തോടെ ചില തൊപ്പിത്തലയന്മാരെ ക്യാമറകള്‍ക്കു മുമ്പില്‍ ഹാജരാക്കിയതും ഇതേ ആഴ്‌ചകളിലായിരുന്നു. മുംബൈ സംഭവത്തെ തുടര്‍ന്ന് നരേന്ദ്ര മോഡി നടത്തിയ പ്രസ്‌താവനയില്‍ ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ തിരിച്ചുവരാന്‍ പോവുകയാണെന്ന `ഇന്റലിജന്‍സ്' മുന്നറിയിപ്പുമുണ്ട്! 2010-ല്‍ നടന്ന ജര്‍മന്‍ ബേക്കറി, വാരണാസി, ദല്‍ഹി ജുമാ മസ്‌ജിദ് സംഭവങ്ങള്‍ അന്വേഷിക്കപ്പെടാതെ പോയത് ഇന്ത്യന്‍ മുജാഹിദീന് തിരിച്ചു വരാനും പുനഃസംഘടിക്കാനും വഴിയൊരുക്കിയെന്ന് മാധ്യമങ്ങളും ്രപചരിപ്പിക്കുന്നു. അസിമാനന്ദയെ പോലീസ് അറസ്റ്റ് ചെയ്‌തതിനു ശേഷമുള്ള കാലത്ത് നേരത്തെ ഇന്ത്യന്‍ മുജാഹിദീന്റെ തലയില്‍ കെട്ടിവെച്ച കേസുകള്‍ വിഴുങ്ങുകയും സംഘടനയുടെ നേതാവ് റിയാസ് ഭട്‌കല്‍ പാകിസ്‌താനില്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്ത കൊടുത്ത് ആ ഫയലുകള്‍ അടച്ചു പൂട്ടാന്‍ പോലീസിനെ സഹായിക്കുകയും ചെയ്‌തവരാണ് ഈ മാധ്യമങ്ങള്‍. ഗള്‍ഫില്‍ നിന്നുള്ള മടക്കയാത്രക്കിടെ റിയാസിന്റെ സഹോദരന്‍ പോലീസ് പിടിയിലാവുക കൂടി ചെയ്‌തതോടെ ഈ ഗ്രൂപ്പ് ഇല്ലാതായി എന്നും കഴിഞ്ഞ വര്‍ഷം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അവരാണ് കേവലം മാസങ്ങളുടെ ഇടവേളയില്‍ ഭട്‌കല്‍ സഹോദരന്മാരെ ഖബ്‌റില്‍ നിന്നും ജയിലില്‍ നിന്നുമൊക്കെയായി പാകിസ്‌താനിലേക്ക് `തിരിച്ചയച്ച്' പുതിയ ആക്രമണങ്ങളുടെ സംഘാടനത്തെ കുറിച്ച ഭാവനാ വിലാസങ്ങളുമായി രംഗത്തിറങ്ങുന്നത്.
മേല്‍പറഞ്ഞ സംഭവങ്ങളില്‍ `ഇന്ത്യന്‍ മുജാഹിദീന്‍' എന്ന കൂട്ടിലെ കോഴിയെ കുറിച്ചും അതുപോലെ സ്വകാര്യ മേഖലയിലെ ചില `സ്വാ്രശയ'�സംഘികളെ കുറിച്ചുമൊക്കെ തിരിച്ചും മറിച്ചുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് മാധ്യമങ്ങള്‍ സൗകര്യപൂര്‍വം മറച്ചു പിടിച്ച മറുവശം. അതിരിക്കട്ടെ, ഇന്ത്യന്‍ മുജാഹിദീന്‍ തിരിച്ചുവരുന്നുവെന്ന ഈ ആരോപണം റിപ്പോര്‍ട്ടു ചെയ്‌ത മാധ്യമങ്ങളില്‍ കൗതുകകരമായ ഒരു സാമ്യത നിലനില്‍ക്കുന്നില്ലേ? എന്തു കൊണ്ട് ഈ വിവരം മാധ്യമങ്ങള്‍ക്കു നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്മാര്‍ പേരു വെളിപ്പെടുത്താന്‍ മടിക്കുന്നു? ഇന്ത്യന്‍ മുജാഹിദീന്‍ ഉണ്ടെന്നും ഇല്ലെന്നും പറയുന്നവര്‍ തമ്മില്‍ ഒരു പ്രകടമായ ചേരിതിരിവില്ലേ? ചിദംബരത്തിന്റെ വാര്‍ത്താ സമ്മേളനം സൂക്ഷ്‌മമായി നിരീക്ഷിച്ചാല്‍ മാധ്യമങ്ങള്‍ പൊതുവെ സ്വീകരിച്ച ഒരു നിലപാടുണ്ടെന്നും അതേസമയം ആ നിലപാടില്‍ നിന്ന് അകലം പാലിക്കാനാണ് ആഭ്യന്തര മന്ത്രാലയം ശ്രമിച്ചതെന്നുമാണ് മനസ്സിലാക്കാനാവുക.
കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരമാണ് ഒരുപക്ഷേ ഇപ്പോഴത്തെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഉന്നം വെക്കപ്പെടുന്നത്. മുംബൈയില്‍ 2009-ല്‍ അരങ്ങേറിയ ആക്രമണത്തിനു ശേഷം സ്ഥാനമേറ്റെടുത്ത ചിദംബരം വ്യക്തമായ പദ്ധതിയുടെ സഹായത്തോടെ രാജ്യത്തിനകത്തെ ഭീകരശൃംഖലകളെ തകര്‍ക്കുന്നത് കാണാനുണ്ടായിരുന്നു. എന്‍.ഐ.എയുടെ രൂപവത്‌കരണവും ഭീകരാക്രമണ കേസുകളില്‍ ഇതാദ്യമായി ശാസ്‌ത്രീയമായ അന്വേഷണവും ചിദംബരത്തിന്റെ കാലത്താണുണ്ടായത്. എങ്കിലും മുന്‍ഗാമിയായ ശിവരാജ് പാട്ടീലിന്റെ കാര്യത്തില്‍ സംഭവിച്ച ദുരന്തത്തിന്റെ തനിയാവര്‍ത്തനമാണ് ചിദംബരത്തെ കാത്തുനിന്നത്. മന്ത്രാലയത്തിനു പുറത്തെ `സൂപ്പര്‍ ആഭ്യന്തര മന്ത്രിമാര്‍' ചിദംബരത്തിനു നേരെ കരുനീക്കങ്ങള്‍ ആരംഭിച്ചത് അദ്ദേഹത്തിന്റെ ഫയലുകള്‍ ആര്‍.എസ്.എസിനു നേര്‍ക്ക് വീണ്ടും തിരിയാനാരംഭിച്ചതോടെയാണ്. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ഇന്ദ്രേഷ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായി കൃത്യമായ തെളിവുകള്‍ സ്വരൂപിക്കാന്‍ ചിദംബരം നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇന്ദ്രേഷിനെ എന്‍.ഐ.എ ചോദ്യം ചെയ്‌തേക്കുമെന്നും പറയപ്പെടുന്നുണ്ടായിരുന്നു. തനിക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ മുന്‍കൂട്ടിക്കണ്ട് `ചിദംബരം രാജ്യസ്‌നേഹികളെ താറടിക്കാന്‍ ശ്രമിക്കുകയാണെന്ന്' ഹരിയാനയിലെ സിര്‍സയില്‍ നടത്തിയ ഒരു പൊതുയോഗത്തില്‍ ഇന്ദ്രേഷ് കുമാര്‍ തിരിച്ചടിക്കുകയുമുണ്ടായി.
ബി.ജെ.പി നേതൃത്വം ഉന്നയിക്കാനാരംഭിച്ച താരതമ്യേന ദുര്‍ബലമായ ചില അഴിമതി ആരോപണങ്ങള്‍ക്ക് അമിതപ്രാധാന്യം കൊടുത്താണ് ചിദംബരത്തിന്റെ സ്ഥാനചലനം ചില മാധ്യമങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇനിയും മൂര്‍ത്തരൂപം കൈവന്നിട്ടില്ലാത്ത ഈ അഴിമതി ആരോപണങ്ങള്‍ക്ക് മുന്‍ഗണനാക്രമം നല്‍കിയതിലൂടെ അദ്ദേഹത്തിന്റെ മന്ത്രാലയത്തെ ആയിരുന്നു അവര്‍ ലക്ഷ്യം വെച്ചുകൊണ്ടിരുന്നത്. ചിദംബരവും ഭാര്യ നളിനിയും അഴിമതിയുടെ ഏത് കൂടാരത്തിലും വക്കാലത്തെടുക്കാറുണ്ടായിരുന്നു എന്നത് ദുഃഖകരമായ വസ്‌തുതയുമായിരുന്നു. ഈ കച്ചിത്തുരുമ്പില്‍ പിടിച്ചു കിടന്ന് സംഘ്‌പരിവാര്‍ പ്രാണായാമം നടത്തുന്നതിനിടെയാണ് മുംബൈയില്‍ വീണ്ടും ഭീകരാക്രമണമുണ്ടായത്. കിട്ടിയ ഒന്നാമത്തെ അവസരത്തില്‍ തന്നെ ഇവര്‍ ചിദംബരത്തെ ആക്രമിച്ചത് ശ്രദ്ധിക്കുക. പ്രത്യേകിച്ചും ബി.ജെ.പി മാധ്യമ വിഭാഗം തലവനായ ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ഏഷ്യാനെറ്റ് ചാനല്‍. ഇന്റലിജന്‍സ് പരാജയം, ഇന്ത്യന്‍ മുജാഹിദീന്റെ പുനരവതരണം, യഥാര്‍ഥ ഭീകരരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അലസത കാണിച്ചു മുതലായ വിഷയങ്ങള്‍ ഒന്നാം മണിക്കൂറില്‍ തന്നെ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. ഓരോ രണ്ടു മണിക്കൂറിലും മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയും കേസന്വേഷണത്തെ മുന്നില്‍ നിന്ന് നയിച്ചും ചിദംബരം എങ്ങനെയോ രക്ഷപ്പെടുകയാണുണ്ടായത്.
Comments