Prabodhanm Weekly

Pages

Search

2011 ജൂലൈ 23

ആലിയ എന്ന ആദര്‍ശ വിദ്യാലയം

ടി.കെ അബ്‌ദുല്ല / സദ്‌റുദ്ദീന്‍ വാഴക്കാട്‌

1942-നും '45-നും മധ്യേയുള്ള കാലഘട്ടം. എനിക്ക് ഏതാണ്ട് പതിമൂന്ന്-പതിനാല് വയസ് പ്രായം. എന്റെ സ്വദേശമായ ആയഞ്ചേരിയില്‍ ഒരുനാള്‍ അപരിചിതരായ രണ്ടുപേര്‍ വന്നു. അവര്‍ ആദ്യം എത്തിയത് ആയഞ്ചേരിയുടെ കിഴക്ക് ഭാഗത്തുള്ള മുക്കടത്തുംവയല്‍ ജുമുഅത്ത് പള്ളിയിലാണ്. ഒരു ദിവസമോ കൂടുതലോ അവര്‍ അവിടുത്തെ പള്ളിയില്‍ കഴിഞ്ഞു. കാര്യമായി ആരും അവരെ ശ്രദ്ധിച്ചില്ല. പള്ളിക്കാരണവര്‍ അഥവാ മുതവല്ലി കാര്യാട്ട് അബ്ദുല്ലക്കുട്ടി സാഹിബ് താമസിക്കുന്നത് കുറേ അകലെയാണ്. ആളുകളില്‍നിന്ന് പറയത്തക്ക പരിഗണനയോ അന്വേഷണമോ ഇല്ലാതിരുന്നപ്പോള്‍ അടുത്തുള്ള ചായക്കടയില്‍നിന്ന് വല്ലതും വാങ്ങിക്കഴിച്ച് വിശപ്പടക്കി അവര്‍ പള്ളിയില്‍ നമസ്കരിച്ചും ആരാധിച്ചും കഴിഞ്ഞുപോന്നു.
ഇനിയുമിത് തുടരുന്നതിന് അര്‍ഥമില്ലെന്ന് തോന്നിയപ്പോള്‍ സ്ഥലം മാറാം എന്ന് തീരുമാനിച്ചു. തുടര്‍ന്ന് ആയഞ്ചേരിയുടെ പടിഞ്ഞാറു ഭാഗത്ത്, 'നഗര'ത്തിന് വടക്കുമാറിയുള്ള കുനിയിലെ പള്ളിയിലേക്ക് അവര്‍ താമസം മാറ്റി. കമ്പനിപ്പീടികയും അതിനോട് ചേര്‍ന്ന് ഒരു ചായപ്പീടികയും - ഇത്രയുമാണ് എന്റെ മഹാരാജ്യത്തിലെ 'നഗരം.' അക്കാലത്തും ഇപ്പോഴും ആയഞ്ചേരിയെന്ന പ്രദേശത്തെ നഗരത്തോട് താരതമ്യം ചെയ്യുന്നത് മനസ്സിലാക്കാന്‍ പോലും എളുപ്പമുള്ള കാര്യമല്ല. ആയഞ്ചേരി, വടകരയില്‍നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ കിഴക്കും കുറ്റ്യാടിയില്‍നിന്ന് അത്രതന്നെ പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഒരു ഉള്‍നാടാണ്. ഇന്നത് ജനത്തിരക്കുള്ള ഒരു ടൌണായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.
എന്റെ പിതാവ് ആയഞ്ചേരി തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ അറിയപ്പെടുന്ന വലിയ സുന്നി പണ്ഡിതനായിരുന്നു. പള്ളി ദര്‍സായിരുന്നു മുഖ്യപ്രവര്‍ത്തന മണ്ഡലം. നാദാപുരം, കാസര്‍കോട്, വെളിയങ്കോട്, വാഴക്കാട്, പടന്ന മുതലായ പ്രദേശങ്ങളിലൊക്കെ വാപ്പ ദര്‍സുകള്‍ നടത്തിയിട്ടുണ്ട്.

മുക്രിക്കായുടെ അമ്പരപ്പ്
നമ്മുടെ നവാഗതര്‍ക്ക് കുനിയിലെ പള്ളിയിലും നേരത്തെ പറഞ്ഞ അതേ അനുഭവം തന്നെയാണുണ്ടായത്. മുക്രിവന്ന് ബാങ്ക് കൊടുക്കും, നമസ്കരിക്കും, തിരിച്ചു പോകും. ഒന്നു രണ്ടു ദിവസങ്ങള്‍ അങ്ങനെ കഴിഞ്ഞു. ഇതിങ്ങനെ തുടര്‍ന്നാല്‍ പറ്റില്ലല്ലോ എന്ന് രണ്ടു പേരിലെ നേതാവിന് അഭിപ്രായമുണ്ടായി. ശിഷ്യനെന്നോ, മുരീദെന്നോ കരുതാവുന്ന രണ്ടാമനോട് 'ഇനിയും ഇങ്ങനെയായാല്‍ പറ്റില്ല, നമുക്കൊരു കാര്യം ചെയ്യാം' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം മുക്രിക്കയെ വിളിച്ചു: "മുക്രിക്കാ, നമുക്ക് ഒരു കുടുക്ക (മണ്‍പാത്രം) വേണം, അടുപ്പുണ്ടാക്കാന്‍ മൂന്ന് കല്ലും. കല്ല് ഈ പള്ളിപ്പറമ്പില്‍ തന്നെയുണ്ടാകും.'' തീര്‍ത്തും അപ്രതീക്ഷിതമായ ഈ വര്‍ത്തമാനം കേട്ട് മുക്രിക്ക അമ്പരന്നു. എന്താണ് കാര്യമെന്നന്വേഷിച്ചപ്പോള്‍, 'മറ്റൊന്നിനുമല്ല, അല്‍പം ഭക്ഷണമുണ്ടാക്കാനാണെ'ന്ന മറുപടിയും കിട്ടി! 'നിങ്ങളും കൂടി അതില്‍ കൂടണം' എന്നും പറഞ്ഞ് അദ്ദേഹം കുറച്ച് കാശെടുത്ത് മുക്രിക്കക്ക് കൊടുത്തു. കുറച്ച് അരിയും സാധനങ്ങളും ഉണക്കമീനും വാങ്ങാന്‍ പറഞ്ഞു. അമ്പരന്നുപോയ മുക്രിക്ക 'ഞാന്‍ വേഗം വരാം' എന്നു പറഞ്ഞ് പെട്ടെന്ന് സ്ഥലം വിട്ടു. മുക്രിക്ക നേരെ പോയത്, പള്ളിക്കാരണവരും മുതവല്ലിയുമായ നുപ്പറ്റ കുഞ്ഞിസൂപ്പി ഹാജിയുടെ അടുത്തേക്കാണ്. അദ്ദേഹത്തിന്റെ വീട് പള്ളിയുടെ അടുത്തായിരുന്നു. വിവരമറിഞ്ഞ കുഞ്ഞിസൂപ്പി ഹാജി ഉടന്‍ തന്നെ പള്ളിയിലേക്ക് വന്നു. പള്ളിയിലെത്തിയ രണ്ടുപേര്‍ ദീനിന്റെ ആള്‍ക്കാരാണെന്ന് മുക്രിക്കയുടെ വിവരണത്തില്‍നിന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ക്ഷമാപണ സ്വരത്തില്‍ അദ്ദേഹം ആഗതരോട് പറഞ്ഞു: "നിങ്ങള്‍ വന്നത് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ശ്രദ്ധിക്കാന്‍ കഴിയാതിരുന്നത്. വന്നതെന്തിനാണെന്ന് പറഞ്ഞാല്‍ ആവശ്യമായ സൌകര്യങ്ങള്‍ ചെയ്തുതരാം. മാത്രമല്ല, ഭക്ഷണത്തിന്റെ കാര്യം ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. വീട്ടില്‍വന്ന് ഭക്ഷണം കഴിക്കാം, അല്ലെങ്കില്‍ ഇങ്ങോട്ട് കൊണ്ടുവരാം, നിങ്ങളുടെ താല്‍പര്യം പോലെ. എന്താണ് വേണ്ടതെന്ന് പറയണം.''
ആഗതരിലെ നേതാവാണ് മറുപടി പറഞ്ഞത്: "ഞങ്ങള്‍ക്ക് പ്രത്യേകിച്ച് ഉദ്ദേശ്യമൊന്നുമില്ല. പറ്റുമെങ്കില്‍ ഏതാനും ദിവസം ഈ പള്ളിയില്‍ ദീനിനെക്കുറിച്ച് വഅ്ള് പറയണം എന്ന് ആഗ്രഹമുണ്ട്. അതിന് സൌകര്യം ചെയ്തുതരണം എന്നു മാത്രമേ ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളൂ.'' മുതവല്ലി അതംഗീകരിച്ചു, സൌകര്യം ചെയ്യാമെന്ന് ഏറ്റു.

ഒറ്റയാള്‍ പട്ടാളം
ആഗതരിലെ നേതാവ് വി.കെ ഇസ്സുദ്ദീന്‍ മൌലവിയായിരുന്നു. തലയില്‍ തുര്‍ക്കിതൊപ്പി. അതിന് മുകളിലോ ചുമലിലോ ഇരുവശങ്ങളിലേക്ക് നീട്ടിയിട്ട ഒരു ഷാള്‍. ഫുള്‍കൈ ഷര്‍ട്ടും മുണ്ടും - ഇതാണ് വേഷം. പുഞ്ചിരിയില്‍ ചാലിച്ചെടുത്ത ഗൌരവമുള്ള മുഖഭാവം. നല്ല താടി. ഇതാണ് ഒറ്റ നോട്ടത്തില്‍ ഇസ്സുദ്ദീന്‍ മൌലവി. രണ്ടാമന്‍, എല്ലാ ഹാവഭാവങ്ങളിലും അസാധാരണത്വം തോന്നിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമ. നല്ല നീളവും ആരോഗ്യവുമുള്ള ശരീരം. മൊട്ടത്തല, വെളുത്ത് സമൃദ്ധമായ താടി. മുട്ടോളം കയറി നില്‍ക്കുന്ന മുണ്ട്, നഗ്നപാദന്‍. പേര് അത്തോളി മൊയ്തു സാഹിബ്. വേഷഭൂഷകളില്‍ മാത്രമല്ല, പെരുമാറ്റത്തിലും ഒരുതരം നിഗൂഢത നിറഞ്ഞു നില്‍ക്കുന്നു. അതേകുറിച്ച് പിന്നീട് പറയാം.
വഅ്ള് പരമ്പര ആരംഭിക്കുകയായി. ഇസ്സുദ്ദീന്‍ മൌലവി തന്നെ മുഖ്യപ്രഭാഷകന്‍. അക്കാലത്ത് അന്നാട്ടുകാര്‍ അത്തരമൊരു  വഅ്ള് ജീവിതത്തിലാദ്യമായി കേള്‍ക്കുകയാണ്. ദീനുല്‍ ഇസ്ലാമിന്റെ അറിവ് നിറഞ്ഞുനിന്ന ആകര്‍ഷകമായ വാഗ്വിലാസത്തിന്റെ ഒരു പ്രവാഹം തന്നെയായിരുന്നു ആ പ്രഭാഷണ പരമ്പര. എല്ലാം മനസ്സിലാകാത്തവര്‍ക്ക് പോലും ആ ഭാഷണത്തിന്റെ മാധുര്യം ആസ്വദിക്കാന്‍ സാധിക്കുമായിരുന്നു. നാലോ അഞ്ചോ ദിവസം വഅ്ള് തുടര്‍ന്നു. എല്ലാ ദിവസവും ഇസ്സുദ്ദീന്‍ മൌലവിയുടെ പ്രഭാഷണത്തിന് ശേഷം മറ്റൊരു ശൈലിയില്‍ കുറഞ്ഞ വാക്കുകള്‍ അത്തോളി മൊയ്തു സാഹിബ് പറയുമായിരുന്നു. വഅ്ള് പരമ്പരയുടെ അവസാന ദിവസം, പ്രഭാഷണത്തിന് ശേഷം ഇസ്സുദ്ദീന്‍ മൌലവി വിരലുകള്‍കൊണ്ട് ആംഗ്യം കാണിച്ച് എന്നെ പോകാതെ നിര്‍ത്തി. അധികപേരും പോയിക്കഴിഞ്ഞിരുന്നു. പള്ളിയുടെ ഉള്ളിലൊതുങ്ങുന്നവരേ വഅ്ള് കേള്‍ക്കാന്‍ ഉണ്ടാകുമായിരുന്നുള്ളൂ. നാട്ടിലെ അവസ്ഥയനുസരിച്ച് അത്രയാളുകളേ വരേണ്ടതുണ്ടായിരുന്നുള്ളൂ. ആളുകള്‍ പോയിക്കഴിഞ്ഞപ്പോള്‍ ഇസ്സുദ്ദീന്‍ മൌലവി എന്നോട് ചോദിച്ചു: "അബ്ദുര്‍റഹ്മാന്‍ മുസ്ലിയാരുടെ മകനല്ലേ, എവിടെയാ പഠിക്കുന്നത്?'' ചേരാപുരത്ത് പള്ളി ദര്‍സില്‍ ചെറിയമ്മദ് മുസ്ലിയാരുടെ കീഴില്‍ കിതാബോതുകയാണെന്നും നാട്ടിനടുത്ത പ്രദേശമായതുകൊണ്ട് രാത്രി വീട്ടില്‍ തിരിച്ചെത്തുമെന്നും ഞാന്‍ പറഞ്ഞു. "ശരി, എന്നാല്‍ അധികം താമസിയാതെ കാസര്‍കോട് ആലിയ അറബിക് കോളേജിലേക്ക് പുറപ്പെടണം, കാസര്‍കോടിനടുത്ത പ്രദേശത്താണ് ആലിയ.'' ഇതൊരു ഉപദേശമായിരുന്നില്ല; സ്നേഹവാത്സല്യത്തോടെയുള്ള ആജ്ഞയായിരുന്നു. നിരസിക്കാന്‍ കഴിയാത്ത എന്തോ ഒരു വശ്യത ആ വാക്കുകളില്‍ ഉണ്ടായിരുന്നു.
അങ്ങനെയാണ് ഞാന്‍ ആലിയ അറബിക് കോളേജില്‍ വിദ്യാര്‍ഥിയായി പോകുന്നത്. അതിന് കാരണമായത് ഇസ്സുദ്ദീന്‍ മൌലവിയുടെ വഅ്ള് പരമ്പരയും തുടര്‍ന്നുള്ള 'കല്‍പന'യുമായിരുന്നു. മൌലവിയുടെ അവസാന ദിവസത്തെ പ്രസംഗത്തില്‍ മൌലാനാ അബുല്‍ അഅ്ലാ മൌദൂദിയുടെ പേര് എടുത്തു പറഞ്ഞത് ഓര്‍ക്കുന്നു. ഇസ്ലാം മതം, രക്ഷാസരണി എന്നീ പുസ്തകങ്ങളുടെ പേരും പരാമര്‍ശിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയെപ്പറ്റി അന്ന് അവിടെ ആര്‍ക്കും അറിയുമായിരുന്നില്ല. ഇസ്സുദ്ദീന്‍ മൌലവി സൂചിപ്പിച്ചതിന്റെ അര്‍ഥം പിന്നീടാണ് മനസ്സിലായത്.
ഇസ്സുദ്ദീന്‍ മൌലവി ആരാണെന്ന് ഇപ്പോള്‍ ഏതാണ്ടെല്ലാവര്‍ക്കും പലവഴി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് ദീര്‍ഘിച്ചൊരു വിശദീകരണം ആവശ്യമില്ല. എങ്കിലും ഒന്നുരണ്ട് കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതുണ്ട്. കേരളത്തിലെ മുസ്ലിം സമുദായം അജ്ഞതയിലും അന്ധവിശ്വാസങ്ങളുടെ കൂരിരുട്ടിലും കഴിഞ്ഞുകൂടിയിരുന്ന ഒരു കാലഘട്ടത്തില്‍ കാട് വെട്ടിത്തെളിച്ച് ദീനുല്‍ ഇസ്ലാമിന്റെ വെളിച്ചം പകരാന്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ചുറ്റിസഞ്ചരിച്ച ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനത്തിന്റെ ഒറ്റയാള്‍ പട്ടാളമായിരുന്നു വി.കെ മുഹമ്മദ് ഇസ്സുദ്ദീന്‍ മൌലവി എന്ന മഹാനുഭാവന്‍. ആ ഒറ്റ വിശേഷണം കൊണ്ടുതന്നെ അദ്ദേഹത്തെ മനസ്സിലാക്കാന്‍ സാധിക്കും. തന്റെ സാഹസികമായ യാത്രക്കിടയില്‍ പല സ്ഥലങ്ങളിലും പ്രയാസങ്ങള്‍ സഹിച്ച് മദ്റസകളും പള്ളികളുമൊക്കെ ഉണ്ടാക്കും. അവിടെനിന്ന് പോയി ഏതാനും ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞ് തിരിച്ചു വരും. അപ്പോള്‍ പക്ഷേ, അദ്ദേഹത്തിന് അവിടേക്ക് പ്രവേശനം പോലും കിട്ടിയെന്ന് വരില്ല. മൌലവി സാഹിബ് മുന്‍കൈയെടുത്ത് പള്ളിയോ മദ്റസയോ ഉണ്ടാക്കും. മറുഭാഗത്തെ ഏതെങ്കിലും ഒരു നേതാവോ, പണ്ഡിതനോ അതറിയും. ഇസ്സുദ്ദീന്‍ മൌലവി 'മൌദൂദി'യാണെന്ന് പറഞ്ഞ് നാട്ടുകാരെ കൈയിലെടുക്കും. അങ്ങനെ മൌലവി പുറത്താകും. ഇങ്ങനെയൊക്കെയാണ് സംഭവിക്കുക. അതിലൊന്നും മനോവിഷമമില്ലാതെ മൌലവി സാഹിബ് മറ്റൊരു സ്ഥലത്തേക്ക് നീങ്ങും. ഇത് അദ്ദേഹത്തിന്റെ ഒരു സ്ഥിരം അവസ്ഥയായിരുന്നു. ഇത്തരം അനുഭവങ്ങള്‍ പിന്നീടദ്ദേഹം നര്‍മം കലര്‍ത്തി സഹപ്രവര്‍ത്തകരോട് പങ്കുവെക്കുമായിരുന്നു. അന്നൊക്കെ മൌലവി സാഹിബ് ഇത്തരം വിഷയങ്ങളില്‍ ഒരു തരം 'അശ്രദ്ധ'യിലായിരുന്നു. എന്നാല്‍ അതൊക്കെ വേണ്ടവിധം മനസ്സിലാക്കുകയും ചെയ്തിരുന്നു.

അത്തോളി മൊയ്തു സാഹിബ്
ഇസ്സുദ്ദീന്‍ മൌലവിയുടെ സഹയാത്രികന്‍, സേവകന്‍, ബോഡിഗാര്‍ഡ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ആളായിരുന്നു അത്തോളി മൊയ്തു സാഹിബ്. അദ്ദേഹത്തെക്കുറിച്ചും ചിലത് പറയേണ്ടതുണ്ട്. ആര്‍ക്കും പിടികിട്ടാത്ത വ്യക്തിത്വത്തിന്റെ  ഉടമ. കാണുമ്പോള്‍ തോന്നുന്നപോലെ തന്നെ കണ്ടിടത്ത് കാണാതിരിക്കുക, പെട്ടെന്ന് പ്രത്യക്ഷപ്പെടുക, പെട്ടെന്ന് അപ്രത്യക്ഷനാവുക ഇതൊക്കെ അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. ഒരിക്കല്‍ ഞാന്‍ വീടിന്റെ വരാന്തയിലിരിക്കെ മൊയ്തുസാഹിബ് കയറിവന്നു. "അസ്സലാമു അലൈക്കും, എനിക്ക് രണ്ടു രൂപ വേണം, വില്യാപള്ളിയിലെത്തണം'' - അദ്ദേഹം പറഞ്ഞു. ഞാന്‍ അകത്തുകയറി രണ്ടു രൂപയെടുത്ത് കൊണ്ടുവന്നു. അത് കൊടുക്കുമ്പോഴേക്കും ആള്‍ സ്ഥലം വിട്ടുകഴിഞ്ഞിരുന്നു. കൂടുതലൊന്നും അന്വേഷിക്കാന്‍ കാത്തുനിന്നില്ല. വേറൊരിക്കല്‍ ആയഞ്ചേരി അങ്ങാടിയില്‍ മൊയ്തുസാഹിബ് 'പ്രത്യക്ഷപ്പെട്ടു.' ഒരു മൂലയില്‍ പ്രഭാഷണം ആരംഭിച്ചുകഴിഞ്ഞു. കുറച്ചുപേര്‍ ശ്രോതാക്കളായി ഒത്തുകൂടി. പ്രഭാഷണം ശ്രദ്ധിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് അതവസാനിപ്പിച്ച് അടുത്ത പീടികവരാന്തയില്‍ വെച്ചിരുന്ന ഭാണ്ഡവുമെടുത്ത് ഒറ്റ നടത്തം. ഇതാണ് മൊയ്തുസാഹിബിന്റെ സ്ഥിരം രീതി. ഇതൊക്കെകണ്ട് അദ്ദേഹം ഒരു സി.ഐ.ഡിയാണോ, മറ്റു വല്ലതുമാണോ എന്നൊക്കെയുള്ള സംശയങ്ങള്‍ ചിലര്‍ക്കുണ്ടായിരുന്നു. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കുപോലും സംശയങ്ങള്‍ പൂര്‍ണമായും നീങ്ങിയിരുന്നില്ല. എന്നാല്‍, നിത്യപരിചയത്തിലൂടെ മൊയ്തുസാഹിബിനെ അടുത്തറിയാന്‍ കഴിഞ്ഞിരുന്നു. അദ്ദേഹം ശുദ്ധപ്രകൃതനായ സജീവ ദീനീ പ്രവര്‍ത്തകനായിരുന്നു. മതപണ്ഡിതനായിരുന്നില്ലെങ്കിലും ദീനിനെക്കുറിച്ച് നല്ല വിവരം ഉണ്ടായിരുന്നു. ഇംഗ്ളീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുമായിരുന്നു. അക്കാലത്ത് കത്തിപ്പടര്‍ന്നുകൊണ്ടിരുന്ന കമ്യൂണിസ്റ് മുന്നേറ്റത്തിനെതിരെ മുസ്ലിംകളെ താക്കീത് ചെയ്തുകൊണ്ടുള്ള പ്രസംഗങ്ങളായിരുന്നു മൊയ്തുസാഹിബ് നടത്തിയിരുന്നത്. മധ്യേഷ്യയിലെ ബുഖാറാ സമര്‍ഖന്തിലെയും മറ്റും അനുഭവങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ആളുകളെ ആകര്‍ഷിച്ചിരുന്നു. ഡോണ്‍ ഓവര്‍ സമര്‍ഖന്ത് (സുബ്ഹ് സമര്‍ഖന്ത്)  എന്ന പേരിലുള്ള പുസ്തകത്തെപ്പറ്റിയും മറ്റും അദ്ദേഹം പ്രസംഗത്തില്‍ പറയുമായിരുന്നു.

ആലിയയിലെ ജീവിതം
ആലിയയിലെ വിദ്യാര്‍ഥി ജീവിതം അസാധാരണവും അത്യാകര്‍ഷകവും ആയിരുന്നു. അതേസമയം ഭൌതിക സാഹചര്യങ്ങളില്‍ വളരെ പ്രയാസകരവുമായിരുന്നു. അന്നത്തെ വിദ്യാഭ്യാസ കാര്യത്തില്‍ രണ്ട് സംഗതികള്‍ പ്രത്യേകം പറയേണ്ടതുണ്ട്. ആരുടെയും നിര്‍ബന്ധമില്ലാതെ, സമയം പരമാവധി പ്രയോജനപ്പെടുത്തി, കിട്ടാവുന്നതിലധികം അറിവ് നുകരണം എന്ന ആവേശവും അനുരാഗവും വിദ്യാര്‍ഥികളില്‍ നിറഞ്ഞുനിന്നു. സ്ഥാപനത്തിന്റെ സാഹചര്യം അത് സ്വയം സൃഷ്ടിച്ചു നല്‍കിയിരുന്നു. ഒരു ദീനീ പ്രസ്ഥാനവും അതിന്റെ ദിശയിലുള്ള വിദ്യാഭ്യാസവും ഒരു സ്ഥാപനത്തിന്റെ അതിര്‍വരമ്പുകള്‍ക്കു കീഴില്‍ സമരസപ്പെട്ട് എങ്ങനെ ഭംഗിയായി മുന്നേറുന്നുവെന്ന് ആലിയയില്‍നിന്ന് പഠിക്കാന്‍ കഴിഞ്ഞിരുന്നു.
രാത്രി പത്തുമണി കഴിഞ്ഞാല്‍ വിദ്യാര്‍ഥികളുടെ റൂമുകളില്‍ വെളിച്ചം കാണാന്‍ പാടില്ലായിരുന്നു; വിളക്കണക്കണം എന്നായിരുന്നു നിയമം. എന്നാലും ചില വിദ്യാര്‍ഥികള്‍ വിളക്ക് കത്തിച്ച് കടലാസുകൊണ്ട് മറച്ച് പിടിച്ച് ദീര്‍ഘനേരം വായിക്കുമായിരുന്നു. കളിക്കുന്ന കുറച്ചു സമയമൊഴിച്ച് ബാക്കി ഒരു നിമിഷവും വെറുതെ കളയുകയെന്നത് സങ്കല്‍പിക്കാന്‍ കഴിയുമായിരുന്നില്ല. ഓരോ പുതിയ അറിവും ഒരു പുതിയ അനുഭൂതിയും ആവേശവുമായിരുന്നു. ഇതെന്തുകൊണ്ടായിരുന്നുവെന്ന് തീര്‍ത്ത് പറയാന്‍ കഴിയുമായിരുന്നില്ല.  പ്രസ്ഥാനത്തിന്റെ സജീവസാന്നിധ്യവും അധ്യാപകരുടെ സഹകരണവും സ്ഥാപനത്തിന്റെ മൊത്തം അന്തരീക്ഷവും എല്ലാ പ്രയാസങ്ങള്‍ക്കു നടുവിലും ഇതിന് സഹായകമായിരുന്നു.
'ഉര്‍ദുഭാഷ' എനിക്കിഷ്ടപ്പെട്ട വിഷയമായിരുന്നു. മലയാളിയായിരിക്കെത്തന്നെ ഉര്‍ദു നന്നായി പഠിപ്പിക്കാന്‍ അറിയാവുന്ന വാത്സല്യനിധിയായ മുഹമ്മദ് ത്വാഈ ഉസ്താദ് എന്നെ ഒരേസമയം ഉര്‍ദുവിന്റെ രണ്ട് ക്ളാസുകളില്‍ ഇരിക്കാന്‍ അനുവദിച്ചിരുന്നു. അത്തരം കാര്യങ്ങളില്‍ അക്കാദമിക സാങ്കേതികതയെക്കാള്‍ പ്രയോജനപരതക്കും പ്രായോഗികതക്കുമായിരുന്നു മുന്‍ഗണന. വിദ്യാര്‍ഥികളുടെ പഠനപരമായ സൌകര്യം മുന്‍നിര്‍ത്തി അത്തരം നീക്കുപോക്കുകള്‍ക്കൊക്കെ സ്വാതന്ത്യ്രം ഉണ്ടായിരുന്നു സ്ഥാപനത്തില്‍. ഉര്‍ദുവില്‍ 95 മാര്‍ക്ക് ലഭിച്ചപ്പോള്‍ ശേഷിക്കുന്ന അഞ്ച് മാര്‍ക്ക് തരാതിരുന്നത് സൂക്ഷ്മതകൊണ്ടായിരിക്കാം എന്ന് എനിക്ക് തോന്നി. മറ്റു വിഷയങ്ങളിലും ഏതാണ്ട് ഇതായിരുന്നു സ്ഥിതി. എന്നാല്‍ അനന്തരാവകാശ വിഷയത്തില്‍ ആയഞ്ചേരിയിലെ വി.എസ് ആറ്റക്കോയ തങ്ങള്‍ക്കായിരുന്നു കൂടുതല്‍ മാര്‍ക്ക്. നാട്ടുകാരനായ വി.എസ്.എ അദ്ദേഹവും ഞാനും ഒരേ റൂമിലായിരുന്നു. വിളക്ക് കത്തിക്കാന്‍ തീപ്പെട്ടി ആവശ്യമായിരുന്നു. വല്ലപ്പോഴും പുകവലിക്കുന്ന ദുശ്ശീലം അന്ന് മാറിക്കഴിഞ്ഞിരുന്നില്ല. തീപ്പെട്ടി നിര്‍ബന്ധമായിരുന്നു. എന്നാല്‍, മുപ്പത് കോലുള്ള തീപ്പെട്ടി, സൂക്ഷ്മദൃക്കായ ആറ്റക്കോയ തങ്ങള്‍ ഒറ്റയും നഷ്ടപ്പെടാതെ അറുപത് കോലാക്കി ചീന്തിയെടുക്കുമായിരുന്നു. ഈ എണ്‍പതുകളിലും വാച്ച് റിപ്പയറിംഗ് ഭംഗിയായി നടത്തുന്ന അദ്ദേഹത്തിന് തന്നെയാണ് അനന്തരാവകാശ മസ്അലയില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടേണ്ടത് എന്ന് എനിക്കും തോന്നിയിരുന്നു.

ദാരിദ്യ്രത്തിന്റെ ആഴം
നമുക്ക് ഇന്ന് സങ്കല്‍പിക്കാവുന്ന എല്ലാ അതിരുകള്‍ക്കും അപ്പുറത്തായിരുന്നു ആ കാലഘട്ടത്തിലെ ക്ഷാമവും ദാരിദ്യ്രവും. അതിനെക്കുറിച്ച് വിസ്തരിച്ച് മറ്റൊരിക്കല്‍ പറയാം. ഒരു നേരവും വിശപ്പ് അടങ്ങുന്ന ഭക്ഷണം കിട്ടുമായിരുന്നില്ല. പുറത്തുനിന്ന് വാങ്ങാന്‍ പ്രത്യേകിച്ച് ഹോട്ടലുകളൊന്നും ഉണ്ടായിരുന്നുമില്ല. ഉണ്ടെങ്കില്‍തന്നെ വിദ്യാര്‍ഥികള്‍ക്ക് അതിന് കഴിവും ഇല്ലായിരുന്നു. വല്ലപ്പോഴും വീട്ടില്‍നിന്ന് കവറിലോ മറ്റോ അയച്ചുകിട്ടുന്ന അഞ്ചുരൂപയായിരുന്നു ആകെയുള്ള വരുമാനം. അതുപോലും പലവിദ്യാര്‍ഥികള്‍ക്കും ലഭിക്കുമായിരുന്നില്ല. ഉച്ചക്ക് നമസ്കാരത്തിനും ഭക്ഷണത്തിനുമായി ബെല്ലടിച്ചാല്‍ കുട്ടികള്‍ നേരെ ഓടുക മെസ്സിലേക്കാണ്. 'തെളി' എന്ന് പറയുന്ന കഞ്ഞിവെള്ളം കുടിക്കാനാണ് ഈ ഓട്ടം. അതുകൂടി ഉണ്ടെങ്കിലേ നമസ്കാരശേഷം ലഭിക്കുന്ന ഭക്ഷണം വിശപ്പടക്കാന്‍ അല്‍പമെങ്കിലും മതിയായെന്ന് തോന്നുകയുള്ളൂ. അതുകൊണ്ട് കഞ്ഞിവെള്ളത്തിനും വലിയ ഡിമാന്റ് ആയിരുന്നു, അതേസമയം അകലെയല്ലാത്ത കാസര്‍കോട് കടലോരത്ത് മത്സ്യം സമൃദ്ധമായി കിട്ടുന്ന അവസ്ഥയുണ്ടായിരുന്നു. പുകയില, കമുങ്ങ്, നെല്ല് മുതലായ കൃഷികള്‍ക്കെല്ലാം മത്തിവളം സുലഭമായി ഉപയോഗിച്ചിരുന്നു. സീസണില്‍ ഹോള്‍സെയിലായി മത്തിവാങ്ങി വയലേലകളില്‍ വലിയ കുഴികള്‍ കുത്തി അതില്‍ നിറക്കും. സമയാനുസൃതമായി എടുത്ത് വളം ചെയ്യുകയാണ് പതിവ്. കുഴികള്‍ തുറക്കുന്ന കാലം നാടുനിറയെ ഈച്ചയായിരിക്കും. ഭക്ഷണവും ഈച്ചകള്‍ പൊതിയും. കൈകള്‍കൊണ്ട് ഈച്ചകളെ ആട്ടിയകറ്റി ഒരുപിടി വാരിയെങ്കിലേ ഈച്ചയില്‍നിന്ന് രക്ഷപ്പെട്ട് ഭക്ഷണം കഴിക്കാന്‍ പറ്റൂ. അത്രക്കും ഈച്ച നിറയുന്നകാലം. ആലിയയുടെ ചുറ്റിലും അന്യരുടെ തെങ്ങിന്‍തൈകള്‍ നിറഞ്ഞുനിന്നിരുന്നു. തെങ്ങിന്റെ മണ്ട തുറന്ന് മുക്കുവത്തി പെണ്ണുങ്ങള്‍ വലിയ കുട്ടകളില്‍നിറയെ മത്തി കൊണ്ടുപോയി വളമിടും. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ വളരെ നേരം അത് ആര്‍ത്തിയോടെ നോക്കിനില്‍ക്കും. പിടച്ചുകൊണ്ടിരിക്കുന്ന മത്തി ഞങ്ങളുടെ കണ്ണ് നിറക്കും; വയറല്ല. അപ്പോഴും സ്ഥാപനത്തില്‍ ചോറിന് കറി പരിപ്പ് തന്നെ. പരിപ്പ് വാങ്ങുന്ന കാശിന് മത്തി വാങ്ങിക്കൂടേ എന്ന ചോദ്യം ശരിയായിരിക്കാം. പക്ഷേ, സാധ്യമല്ല. കാരണം 'ഇസ്സുദ്ദീന്‍ മുസ്ല്യാര്‍ച്ച' പോകുമ്പോള്‍ ഏല്‍പിക്കുന്ന കടക്കാരനോട് കടം കൊള്ളുന്നതാണ് പരിപ്പ്. മൌലവി വരുന്നതുവരെ അവിടെനിന്ന് പരിപ്പ് കടം കിട്ടും. എന്നാല്‍ മുക്കുവത്തികള്‍ക്ക് അങ്ങനെ കടം കൊടുക്കുന്ന സമ്പ്രദായമില്ല. കാശ് കൊടുത്താലേ മീന്‍ കിട്ടുമായിരുന്നുള്ളൂ. അങ്ങനെ കൊടുക്കാന്‍ സ്ഥാപനത്തിന് കാശില്ലാതിരുന്നതുകൊണ്ട് പരിപ്പു തന്നെ എപ്പോഴും കറിയായി ഞങ്ങളുടെ മുന്നില്‍വരും. എന്നാല്‍, ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരുനേരത്തെ ഭക്ഷണത്തിന് മാംസം കിട്ടുമായിരുന്നു; മൂരിമാംസം. ഇത് അസാധാരണമായി തോന്നാം. അതുപക്ഷേ, മറ്റൊരു ത്യാഗത്തിന്റെ, സേവനത്തിന്റെ പ്രതിഫലമായിരിക്കും. ഏകദേശം അമ്പത് അടി താഴ്ചയുള്ള കിണറില്‍നിന്ന് തടിച്ച കയറില്‍ വലിയ ബക്കറ്റ് കെട്ടി വുദു ചെയ്യാനുള്ള ഹൌളിലേക്ക് കുട്ടികള്‍ കൂട്ടായി വെള്ളം കോരി ഒഴിക്കണം. അതൊരു പ്രയാസമുള്ള ജോലിയായിരുന്നു. തളര്‍ന്നുപോകും. ആ ജോലിചെയ്യുന്ന ദിവസത്തേക്കുള്ള 'സമ്മാന'മാണ് ഒരു കഷ്ണവും അല്‍പം ചാറും അടങ്ങിയ മാംസക്കറി. ഈ മാംസക്കറിയോ നല്ലത്, അതല്ല പണി ഒഴിവാകലോ എന്ന് ഒരിക്കലും കുട്ടികള്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ല. ഇറച്ചിയോടുള്ള ആഗ്രഹം കാരണം വെള്ളം വലിക്കാന്‍ അവര്‍ ഉത്സുകരാകും. അതിന്റെ ഭാരം ഓര്‍ക്കുമ്പോള്‍ പതിവായുള്ള പരിപ്പ് മതിയെന്ന് തോന്നുകയും ചെയ്യും.
മെസ്സില്‍ ആകെയുണ്ടായിരുന്നത് ഒരു വെപ്പുകാരനായിരുന്നു. അയാളെ മാറ്റണം എന്ന് കുട്ടികള്‍ക്ക് അഭിപ്രായമുണ്ടായി. അഴിമതിയും പക്ഷപാതവുമായിരുന്നു കാരണം. പക്ഷേ, നാമമാത്ര ശമ്പളത്തിന് മറ്റൊരാളെ കിട്ടുമായിരുന്നില്ല. അതുകൊണ്ട് എല്ലാ ആവശ്യങ്ങളും നിരസിക്കപ്പെടാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ചിലപ്പോള്‍ ഇത് അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ചെറിയൊരു മാനസിക അകല്‍ച്ചക്ക് കാരണമാകാറുണ്ടെങ്കിലും അതൊന്നും നിലനില്‍ക്കാറില്ല. ദീനീ അന്തരീക്ഷത്തില്‍, ആദര്‍ശവികാരത്തില്‍ അതെല്ലാം അലിഞ്ഞ് പോകുമായിരുന്നു. ചില ദിവസങ്ങളില്‍ ഈ അവസ്ഥ ഉണ്ടാകുമ്പോള്‍ അധ്യാപകര്‍ ക്ളാസെടുക്കുന്നത് ഒരു പ്രത്യേക രീതിയിലായിരിക്കും. തമാശകള്‍ പറയില്ല. ക്ളാസ്വിഷയമല്ലാതെ മറ്റൊരു വര്‍ത്തമാനവും പറയില്ല. ഇങ്ങനെ ചെറിയൊരു പ്രതിഷേധത്തോടുകൂടിയാണ് ക്ളാസെടുക്കുക. അത് മനസിലാകുമ്പോള്‍ വിദ്യാര്‍ഥികള്‍ ക്രമത്തില്‍ അവരുടെ നിലപാട് മാറ്റും. വിദ്യാര്‍ഥികളും അധ്യാപകരും ഒരുപോലെ നിസഹായരായിരുന്നു.
ഇസ്സുദ്ദീന്‍ മൌലവി സ്ഥാപന നടത്തിപ്പിന് വല്ലതും കിട്ടാന്‍ വേണ്ടിയുള്ള സാഹസിക യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ കൈയില്‍ വല്ലതും ഉണ്ടെങ്കില്‍ അത് മാത്രമാണ് ഒരേയൊരു ആശ്വാസം. യാത്ര കൂടുതല്‍ നീളുമ്പോള്‍ അദ്ദേഹത്തിന് ഒന്നും തടഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കാം. ചിലപ്പോള്‍ ഒന്നും കിട്ടാതെ തിരിച്ചു വരും. അപ്പോള്‍ ദീനീ ഉപദേശമല്ലാതെ മറ്റൊന്നും കൈയില്‍ ഉണ്ടാവുകയില്ല. ഒരിക്കല്‍ വെറും കൈയോടെ വരാന്‍ മടിച്ച് ഇസ്സുദ്ദീന്‍ മൌലവി വഴിയില്‍ ഇരിക്കൂറിലെ മാമുഹാജിയുടെ വീട്ടിലെത്തി. മാമുഹാജിക്കും അന്ന് സാമ്പത്തികമായി അത്ര നല്ലകാലമായിരുന്നില്ല. കൈയില്‍ കാശൊന്നും ഇല്ലായിരുന്നു. എങ്കിലും ഇസ്സുദ്ദീന്‍ മൌലവിയെ വെറും കൈയോടെ അയക്കാന്‍ മാമുഹാജിക്ക് മനസ്സ് വന്നില്ല. മാമുഹാജിയും കൂടിയായിരുന്നല്ലോ ആലിയ നടത്തിയിരുന്നത്. വീട്ടില്‍ പാരമ്പര്യമായി ഉണ്ടായിരുന്ന വലിയ ഓട്ടു പാത്രങ്ങള്‍ വിറ്റ്കിട്ടിയ കാശുകൊടുത്താണ് അദ്ദേഹം ഇസ്സുദ്ദീന്‍ മൌലവിയെ ആലിയയിലേക്ക് അയച്ചത്. ഇത്രയും പ്രയാസപ്പെട്ടുകൊണ്ടാണ് അന്ന് സ്ഥാപനം നടത്തിയിരുന്നത്. അന്നത്തെ കുട്ടികളുടെ വലിയ സ്വപ്നങ്ങളില്‍ ഒന്ന്, നാലോ അഞ്ചോ മാസത്തിന് ശേഷമുള്ള വെക്കേഷനില്‍ വീട്ടില്‍പോകാം, വീട്ടിലെത്തിയാല്‍ ഉമ്മ വിളമ്പിത്തരുന്ന ചോറ് മീന്‍കറിയും കൂട്ടി വയറ് നിറച്ച് തിന്നാം എന്നതായിരുന്നു. ഇത് അന്നത്തെ സാഹചര്യത്തില്‍ വലിയൊരു സാഫല്യം തന്നെ ആയിരുന്നു. ആ സ്വപ്നത്തിനും വലിയൊരു ഹൃദ്യത ഉണ്ടായിരുന്നു. അത് അവിടുത്തെ ജീവിതത്തിന് വലിയ ആശ്വാസം പകരുമായിരുന്നു.

പ്രസ്ഥാനവും സ്ഥാപനവും
ഇങ്ങനെയൊക്കെയായിരുന്നെങ്കിലും ആര്‍ക്കും ആരോടും പരാതി ഉണ്ടായിരുന്നില്ല. വല്ലപ്പോഴും ഉണ്ടായിരുന്ന ചില പ്രയാസങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പൊതുവെ എല്ലാവരും സന്തോഷത്തിലായിരുന്നു. അധ്യാപകര്‍ 'പഠിപ്പിക്കുക' ആയിരുന്നില്ല. കുട്ടികളെ അവരോടൊപ്പം ചേര്‍ത്ത് വളര്‍ത്തുകയായിരുന്നു. പഠനവിഷയങ്ങളില്‍ മാത്രമല്ല, പാഠ്യേതര-പ്രാസ്ഥാനിക വിഷയങ്ങളിലും ഒന്നിച്ചു ചേര്‍ന്നുകൊണ്ടുള്ള ഒരു യാത്രയായിരുന്നു, ഒരു ജീവിതമായിരുന്നു അത്. ആ കാലത്താണ് കെ.സി അബ്ദുല്ല മൌലവി 'തിറാഹ' എന്ന പുസ്തകം തര്‍ജമ ചെയ്തത്. 'മുക്കവല, മൂവഴി' എന്നീ അര്‍ഥമുള്ള പുസ്തകം 'തിറാഹ' എന്ന ഉര്‍ദു വാക്കില്‍ തന്നെയാണ് മലയാളത്തിലും അച്ചടിച്ച് വന്നത്. അത് തര്‍ജമ ചെയ്തപ്പോള്‍ എന്നെക്കൊണ്ട് എഴുതിച്ചതായി ഓര്‍ക്കുന്നു. പ്രസ്ഥാന കാര്യങ്ങളിലും പരസ്പരം സഹകരിച്ച് പോകുന്നതിന്റെ ഒരു ചെറിയ ഉദാഹരണം. ഒരിക്കല്‍ കാസര്‍കോട്നിന്ന് ആലിയയിലേക്ക് നടന്ന് വരുമ്പോള്‍ കെ.സി പറഞ്ഞു: "മൌദൂദി സാഹിബിന്റെ ഖുത്ബാത്ത് മലയാളത്തില്‍ വരണം. ഒരു കോപ്പി കൊടുത്താല്‍ ഒരു ദീനീ പ്രവര്‍ത്തകനെ നമുക്ക് ലഭിക്കും. അതാണ് ഖുത്ബാത്ത്!''
കൂട്ടത്തില്‍ ഒരു നേരമ്പോക്ക്; ഞാന്‍ തിരൂരങ്ങാടിയില്‍ പഠിക്കുന്ന കാലം. ഒരു മതപണ്ഡിതന്റെ മകന്‍, പില്‍ക്കാലത്ത് പത്രപ്രവര്‍ത്തകനായി വളര്‍ന്ന സുഹൃത്ത്, ഞാന്‍ അദ്ദേഹത്തിന് ഖുത്ബാത്ത് വായിക്കാന്‍ കൊടുത്തു. മതകാര്യങ്ങളിലൊന്നും താല്‍പര്യമുള്ള ചെറുപ്പക്കാരനായിരുന്നില്ല. എങ്കിലും ശുദ്ധപ്രകൃതനും നല്ല ബുദ്ധിമാനുമായിരുന്നു. പുസ്തകം നന്നായി വായിച്ച് തിരിച്ചുതന്നപ്പോള്‍ ഞാന്‍ അഭിപ്രായം ചോദിച്ചു. സുഹൃത്ത് പറഞ്ഞു: "വായിച്ച് തീര്‍ന്നപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി, ഞാന്‍ മുസ്ലിമല്ല എന്ന്'' - ശരിയായ മുസ്ലിമല്ല എന്നാണ് സുഹൃത്ത് ഉദ്ദേശിച്ചത്. ഒരാളെ ശരിയായ മുസ്ലിമാക്കാന്‍ ആ പുസ്തകത്തിനുള്ള കഴിവ് വലുതാണെന്നതിന് ഈ അനുഭവം സൂചകമാണ്.
ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ആദ്യകാലത്ത് ആലിയയില്‍ അധ്യാപകനായിരുന്നു. ഒരിക്കല്‍ വെക്കേഷനില്‍ നാട്ടില്‍പോയ അദ്ദേഹം അവധി കഴിഞ്ഞ് സ്ഥാപനം തുറന്നിട്ടും തിരിച്ചുവന്നില്ല. ഇസ്സുദ്ദീന്‍ മൌലവി പല പ്രാവശ്യം ക്ഷണിച്ചെങ്കിലും ഇ.കെ മുസ്ലിയാര്‍ക്ക് വരാന്‍ കഴിഞ്ഞില്ല. "കുട്ടികളെ കെട്ടിക്കല്‍ മുതലായ വേറെയും കാര്യങ്ങള്‍ ഉണ്ടല്ലോ മൌലവീ, ഇങ്ങനെ പോയാല്‍....'' എന്ന് ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ഇസ്സുദ്ദീന്‍ മൌലവിയോട് സൂചിപ്പിച്ചതായാണ് കേട്ടറിവ്. ആദര്‍ശപരമായ അഭിപ്രായവ്യത്യാസത്തിന്റെ പേരിലായിരുന്നില്ല ആലിയയിലേക്ക് ഇ.കെ തിരിച്ച് പോകാതിരുന്നത് എന്ന് സാരം.
ആലിയയിലെ എന്റെ പഠനകാലത്തെ അധ്യാപകര്‍, ടി. മുഹമ്മദ് സാഹിബ്, കെ.സി അബ്ദുല്ല മൌലവി, കെ. മൊയ്തുമൌലവി, മുഹമ്മദ് ത്വാഈ ഉമരി, വി. അബ്ദുല്ല മൌലവി തുടങ്ങിയവരായിരുന്നു. എല്ലാവരും ജമാഅത്ത് അംഗങ്ങള്‍. പ്രസ്ഥാനവും സ്ഥാപനവും അക്ഷരങ്ങള്‍ മാറ്റിയിട്ടാല്‍ ഒരേ വാക്കാണ്. രണ്ടിലെയും മൂന്നക്ഷരങ്ങള്‍ ഒന്നു തന്നെ. അത് പ്രയോഗത്തില്‍ തെളിയിക്കപ്പെട്ട സ്ഥാപനമായിരുന്നു ആലിയ.
 
(തുടരും)
[email protected]

 

Comments