Prabodhanm Weekly

Pages

Search

2011 ജൂലൈ 23

ആദാമിന്റെ മകന്‍

മുഹമ്മദ്‌ ശമീം

`ആദാമിന്റെ മകന്‍ അബു'വെന്ന്‌ കേട്ടപ്പോള്‍ മൂന്നാം ക്ലാസില്‍ പഠിച്ച കഥയാണ്‌ പെട്ടെന്നോര്‍മ്മ വന്നത്‌. മനുഷ്യനു വേണ്ടി, സമൂഹത്തിനു വേണ്ടി മതത്തെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രമാണ്‌ ആദാമിന്റെ മകന്‍ അബു. അവന്‍ കാണുന്ന, സമാനതയുള്ള രണ്ട്‌ സ്വപ്‌നങ്ങളാണ്‌ കഥയുടെ ക്ലൈമാക്‌സ്‌. നിരന്തരവും ആചാരബദ്ധവുമായ അനുഷ്‌ഠാനങ്ങളിലൂടെ ദൈവത്തെ സ്‌നേഹിക്കുന്നതായി (സ്‌നേഹിക്കുന്ന എന്ന്‌ തന്നെയാണ്‌ പറയുന്നത്‌) തോന്നിക്കുന്ന ആളുകളുടെ ലിസ്റ്റെഴുതുകയാണ്‌ ഒന്നാമത്തെ സ്വപ്‌നത്തില്‍ മാലാഖ. അതില്‍ പേരുണ്ടാവണമെന്ന്‌ അബു ആഗ്രഹിച്ചിരിക്കാം. എന്നാല്‍ അവന്റെ പേരതിലുണ്ടായിരുന്നില്ല. രണ്ടാം ദിവസം മാലാഖ എഴുതിയത്‌ ദൈവം സ്‌നേഹിക്കുന്നവരുടെ പേരുകള്‍. അതില്‍ ഒന്നാമത്തെ പേര്‌ `ആദാമിന്റെ മകന്‍ അബു' എന്നായിരുന്നു.
മതത്തിന്റെ ആരോപിത സ്ഥാപിത ധാരണകളും വിശ്വാസം പ്രചോദിപ്പിക്കുന്ന മൂല്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പ്രമേയമാകുന്ന സന്ദര്‍ഭങ്ങള്‍ കഥകളിലും സിനിമകളിലുമൊക്കെ കണ്ടെത്താന്‍ കഴിയും. കാരൂരിന്റെ ഉതുപ്പാന്‍ (ഉതുപ്പാന്റെ കിണര്‍) മനുഷ്യ സ്‌നേഹവും സാമൂഹിക ബോധവുമുള്ള ഒരു ക്രിസ്‌തുമത വിശ്വാസിയാണ്‌. നിലനില്‍ക്കുന്ന അനീതിയാണ്‌ അയാളെ അസ്വസ്ഥനാക്കുന്നത്‌. അര്‍ഥരഹിതമായ സഹതാപത്തെപ്പോലും വെറുത്ത ഉതുപ്പാന്‍ സമൂഹത്തിനു വേണ്ടി തന്നാലാവുന്നതു ചെയ്‌തപ്പോള്‍ പള്ളിയോ സര്‍ക്കാറോ അയാളുടെ കൂടെയുണ്ടായില്ല. അയാളാകട്ടെ, തന്റെ കിണറ്റു മതിലിന്മേല്‍ `വരുവിന്‍, ആശ്വസിപ്പിന്‍' എന്നെഴുതിവെച്ചു. യേശുക്രിസ്‌തു അങ്ങനെ അയാളിലൂടെ ജീവിച്ചു. ബഷീറിന്റെ തേന്മാവിലെ വൃദ്ധന്റെ പേര്‌ യൂസുഫ്‌ സിദ്ദീഖ്‌ എന്നാണല്ലോ. തന്നിലെ നന്മയും മൂല്യങ്ങളും നാട്ടിന്റെ വികസനത്തിനും ജനതയുടെ ക്ഷേമത്തിനും എങ്ങനെ മൂലധനമാക്കാം എന്ന്‌ പഠിപ്പിക്കുന്ന ഒരു ചരിത്ര പുരുഷനുണ്ട്‌ ഖുര്‍ആനില്‍ - യൂസുഫ്‌ എന്ന പ്രവാചകന്‍. അദ്ദേഹത്തെ സിദ്ദീഖ്‌ എന്ന്‌ ഖുര്‍ആനില്‍ത്തന്നെ വിശേഷിപ്പിക്കുന്നുമുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ സൃഷ്‌ടിക്കപ്പെട്ട ഒരവബോധമാവാം മാവു നടുന്ന വൃദ്ധന്റെ പേര്‌ നിര്‍ണയിച്ചതില്‍ ബഷീറിനെ സ്വാധീനിച്ചത്‌.
അവസാനത്തെ ഒരു രംഗമൊഴിച്ചാല്‍, മതം പ്രതിനിധാനം ചെയ്യുന്ന വിമോചനാത്മക രാഷ്‌ട്രീയത്തെ പ്രതിനിധാനം ചെയ്യാന്‍ സലീം അഹ്‌മദിന്റെ ആദാമിന്റെ മകന്‍ അബു എന്ന സിനിമ ശ്രമിക്കുന്നേയില്ല. ഈശ്വരനെക്കുറിച്ച ബോധം ഒരു യഥാര്‍ഥ മനുഷ്യനെ സൃഷ്‌ടിക്കുന്നതെങ്ങനെയെന്നതാണ്‌ തുടക്കത്തില്‍ സൂചിപ്പിച്ച അബുവിന്റെ കഥ നമ്മെ പഠിപ്പിക്കുന്നതെങ്കില്‍, മതത്തെയും ആചാരങ്ങളെയും അഭിനിവേശമായി കൊണ്ടുനടക്കുന്ന, വിശ്വാസം തന്നെ ജീവിതത്തില്‍ ഒരു ബാധ്യതയായിത്തീരുന്ന അവസ്ഥയെയാണ്‌ സിനിമയിലെ അബു പ്രതിനിധാനം ചെയ്യുന്നത്‌.

കഥാപാത്രങ്ങളും ദൃശ്യങ്ങളും
അതിമനോഹരമായ ദൃശ്യങ്ങളും ബിംബങ്ങളും കൊണ്ട്‌ സമൃദ്ധമാണീ ചിത്രം. വേണ്ട സമയത്ത്‌ വേണ്ട അളവില്‍ ഹൃദയ ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ സഹായകമായ പശ്ചാത്തല സംഗീതവും. ആദ്യ ഷോട്ട്‌ - ഒരു കുടയും പിടിച്ച്‌ ഇരിക്കുന്ന അബുവിന്റെ ദൃശ്യം- തന്നെ അനുവാചകനില്‍ ചിത്രത്തോടാഭിമുഖ്യം വളര്‍ത്തും. ഒരു സുബ്‌ഹ്‌ ബാങ്കില്‍ തുടങ്ങി മറ്റൊരു സുബ്‌ഹ്‌ ബാങ്കില്‍ അവസാനിക്കുന്ന, ചിത്രത്തിന്റെ ഘടനയും നന്ന്‌. കലാസംവിധാനവും മികച്ചതായനുഭവപ്പെട്ടു.
അവിശ്വസനീയമാം വിധം നന്മയുള്ളവരാണ്‌ ഇതിലെ കഥാപാത്രങ്ങള്‍. പ്രതിനായകന്മാരെയും വില്ലന്മാരെയും സൃഷ്‌ടിക്കാതെ സലീം അഹ്‌മദ്‌ അനുവാചകനിലേക്ക്‌ നല്ലൊരു സന്ദേശം പകരുന്നു. കാഴ്‌ചക്കാരനില്‍ അസ്വാസ്ഥ്യമുണ്ടാക്കുന്ന ഒരേയൊരു കഥാപാത്രം (സത്താര്‍ അബുവിന്റെ മകന്‍) ഒരോര്‍മയില്‍ ചെറുപ്രായം കാണിക്കുന്ന രണ്ടു ഷോട്ടുകളിലല്ലാതെ ഒരിക്കലും നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നുമില്ല. ഒരൊറ്റ വര്‍ത്തമാനത്തില്‍ മകനോട്‌ തനിക്കുള്ള നിന്ദ പ്രകടിപ്പിക്കാന്‍ അബുവിന്‌ കഴിയുന്നുണ്ട്‌. `ട്രാവല്‍ ഏജന്‍സിയിലെ അശ്‌റഫിന്‌ മകന്‍ സത്താറിന്റെ ഛായയുണ്ടല്ലോ' എന്ന്‌ ആയിശ (സറീന വഹ്‌ഹാബ്‌) പറഞ്ഞപ്പോള്‍ അതിന്‌ അബു നല്‍കിയ മറുപടിയാണത്‌ (ഓരോ തോന്നല്‌. ഒരു ഛായയുമില്ല. അശ്‌റഫ്‌ നല്ലവനാ). യാത്രാച്ചെലവ്‌ സ്വരൂപിക്കുന്നതിനായി താന്‍ മുറിച്ചു വിറ്റ വരിക്കപ്ലാവ്‌ ഉള്ളു മുഴുവന്‍ പൊള്ളയാണെന്നറിഞ്ഞിട്ടും പറഞ്ഞ പണം നല്‍കാന്‍ തയാറായ ജോണ്‍സണോട്‌ (മണി) നന്ദിപൂര്‍വം പറയുന്ന വര്‍ത്തമാനത്തിലും സത്താറിനോടുള്ള അവജ്ഞയുണ്ട്‌ (ചില മക്കളുണ്ട്‌, ഒരു പാട്‌ വളര്‍ന്നു കഴിയുമ്പോഴായിരിക്കും നമ്മളറിയുക ഉള്ളു പൊള്ളയായിരുന്നെന്ന്‌).
ഈ മകനൊഴിച്ചാല്‍ എല്ലാ കഥാപാത്രങ്ങളും നന്മയുടെ പ്രതിരൂപങ്ങളാണെന്നതാണ്‌ സലീമിന്റെ സിനിമയുടെ ഏറ്റവും വലിയ നന്മ. ഒരു ഘട്ടത്തില്‍ അബുവിന്റെ മനസ്സില്‍ അല്‍പം മുറിവുണ്ടാക്കുന്ന സുലൈമാന്‌ തന്റെ അനുഭവങ്ങള്‍ തന്നെക്കുറിച്ചു തന്നെയുള്ള തിരിച്ചറിവു നല്‍കുന്നുണ്ട്‌. നല്ലൊരു വര്‍ത്തമാനമാണത്‌. `പടച്ചോന്റെ ഭൂമിക്ക്‌ ആധാരമുണ്ടാക്കി, അതില്‍ കള്ളത്തരമുണ്ടാക്കി വേലി കെട്ടി, എന്നിട്ടത്‌ തിരിച്ചും മറിച്ചും വിറ്റ്‌ പണമുണ്ടാക്കിയവന്‍' എന്ന വാചകം ഭൂമിയെക്കുറിച്ച രാഷ്‌ട്രീയപാഠമാണ്‌. ഇതോടെ സുലൈമാനോടു പൊറുക്കാന്‍ നാം തയാറാവുന്നു. പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്‌ പണം വാങ്ങിച്ച പോലീസുകാരന്‍ പോലും വളരെ റൊമാന്റിക്കാണ്‌. കൊല്ലം തോറും ഹജ്ജ്‌ ചെയ്യുന്ന (കുറ്റകരമായൊരാത്മീയധൂര്‍ത്ത്‌) ഹാജിയാരു പോലും നമ്മില്‍ വെറുപ്പുണ്ടാക്കുന്നില്ല.
സിനിമയില്‍ മുസ്‌ലിം എന്ന സ്വത്വം പ്രതിലോമപരമായി പ്രശ്‌നവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലിക സാംസ്‌കാരിക പശ്ചാത്തലത്തില്‍ മുസ്‌ലിം പരിസരത്തെ ഗുണാത്മകമായി സമീപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നതാണ്‌ ആദാമിന്റെ മകന്‍ അബു എന്ന സിനിമയുടെ കാലിക പ്രസക്തി. ഇതിന്‌ പൊതുവേ ആരും മുതിരാറില്ല. അടുത്ത കാലത്തുണ്ടായ ഒരപവാദം എം.പി സുകുമാരന്‍ നായരുടെ `രാമാനം' എന്ന നല്ല സിനിമയാണ്‌. ആ ചിത്രത്തിന്‌ പക്ഷേ അതര്‍ഹിക്കുന്ന അംഗീകാരമോ അനുവാചക ശ്രദ്ധയോ ലഭിച്ചില്ല. കമ്പോളസിനിമകള്‍ മുസ്‌ലിം പരിസരത്തെ പോസിറ്റീവ്‌ ആയി സമീപിക്കുന്നത്‌ വിപണിസാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ഭയപ്പെടുന്നു. കെ.യു ഇഖ്‌ബാലിന്റെ സുബൈദയെ ഗദ്ദാമ എന്ന ചിത്രത്തില്‍ അശ്വതി എന്ന നായര്‍ പെണ്‍കുട്ടിയായി കമല്‍ പരിവര്‍ത്തിപ്പിച്ചതും ഈ ഭീതി മൂലം തന്നെയാവാം. ഇതാകട്ടെ, ഇസ്‌ലാമിനേയും അറബ്‌ സമൂഹത്തെയും എല്ലാ നന്മകളുടെയും, കേവല മനുഷ്വത്വത്തിന്റെ പോലും പ്രതിദ്വന്ദ്വമായി അടയാളപ്പെടുത്തുന്ന ഹീനതയിലേക്ക്‌ ഗദ്ദാമയെ തരംതാഴ്‌ത്തുകയും ചെയ്‌തു.
മക്കളാല്‍ അവഗണിക്കപ്പെടുന്ന വാര്‍ധക്യത്തിന്റെ വ്യഥകള്‍ ഈ സിനിമയില്‍ വായിച്ചെടുക്കാന്‍ നമുക്ക്‌ സാധിക്കുന്നുണ്ട്‌. ഒരു പക്ഷേ ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം തന്നെ ഇതായിരിക്കാം.

അരാഷ്‌ട്രീയം, അതിഭാവുകം
അതേയവസരത്തില്‍ തന്നെ ഒരു പാട്‌ ന്യൂനതകളും ചിത്രത്തില്‍ ദൃശ്യമാകുന്നുണ്ട്‌. സുലൈമാന്റെ പശ്ചാത്താപ സന്ദര്‍ഭവും താന്‍ മരം മുറിച്ചു വിറ്റത്‌ പടച്ചവന്‌ പൊരുത്തമാകാത്തതു കൊണ്ടാവാം തനിക്ക്‌ ഹജ്ജു ചെയ്യാന്‍ കഴിയാതെ വന്നതെന്ന ചിന്തയില്‍ വീട്ടു മുറ്റത്തൊരു പ്ലാവിന്‍ തൈ നടുന്ന, അവസാനത്തിലെ ഒരു ദൃശ്യവും മാറ്റിനിര്‍ത്തിയാല്‍ മതം പ്രതിനിധാനം ചെയ്യുന്ന നൈതികതയെ, അതിന്റെ രാഷ്‌ട്രീയ ഉള്ളടക്കത്തെ ശരിയായി അടയാളപ്പെടുത്തുന്നതില്‍ ചിത്രം വിജയിക്കുന്നില്ല. അത്‌ സിനിമയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍പ്പെട്ടതല്ലെന്നു വാദിക്കുകയാണെങ്കില്‍പ്പിന്നെ ഒരത്തറു കച്ചവടക്കാരന്റെ ഹജ്ജു സ്വപ്‌നത്തെക്കുറിച്ചുള്ള ആഖ്യാനത്തിന്‌ എന്തു സാമൂഹിക പ്രസക്തിയാണുള്ളത്‌. ഇതു പോലെ ഹജ്ജ്‌ മോഹിച്ചു നടന്ന ഒരു ചെരിപ്പുകുത്തിയുടെ കഥ പറഞ്ഞിട്ടുണ്ട്‌ ഇബ്‌റാഹീമുബ്‌നു അദ്‌ഹം എന്ന സൂഫി. അത്‌ പക്ഷേ മേല്‍പ്പറഞ്ഞ നൈതിക ബോധത്തെ പ്രത്യക്ഷീകരിക്കുന്നുണ്ട്‌. പുതിയ കാലത്ത്‌ മതം ചര്‍ച്ചാവിഷയമാകേണ്ടത്‌, മാനുഷിക പ്രശ്‌നങ്ങളോട്‌ അതെങ്ങനെ സംവദിക്കുന്നുവെന്നതിന്റെ ആധാരത്തിലായിരിക്കണം. അല്ലാത്ത പക്ഷം അബുവിന്റെ മോഹത്തിനെന്നല്ല, ഹജ്ജിനു തന്നെ പ്രസക്തിയില്ലാതായിത്തീരും. കേവലം ആചാരബദ്ധമായ ഒരു മത ജീവിതത്തിന്റെ ഭാഗമാണ്‌ അബുവും. സുലൈമാനുമായുള്ള തര്‍ക്കത്തിന്റെ സമയത്ത്‌ സലീം കുമാറിന്റെ മുഖത്ത്‌ പ്രകടമാകുന്നത്‌ ഇത്തരമൊരു മതവിശ്വാസിയുടെ നിസ്സംഗതയും നിസ്സഹായതയും മാത്രമാണ്‌. മറിച്ച്‌ മേല്‍സൂചിപ്പിച്ച നൈതിക ബോധത്തിന്റെ ഒരാര്‍ജവമേയല്ലത്‌.
ഈ സിനിമയുടെ പ്രധാന പ്രമേയമായ ഹജ്ജ്‌ തന്നെയും യഥാര്‍ഥത്തില്‍ ഉജ്വലമായ ഒരു സാമൂഹിക രാഷ്‌ട്രീയ ദര്‍ശനത്തെ മുന്നോട്ടു വെക്കുന്നുണ്ട്‌. മാല്‍ക്കം എക്‌സിന്റെ ആത്മകഥയിലെ ഹജ്ജനുഭവം മുതല്‍ അലി ശരീഅത്തിയുടെ ഹജ്ജ്‌ പുസ്‌തകം വരെയുള്ള വിശകലനങ്ങളില്‍ നമുക്കതനുഭവിക്കാന്‍ കഴിയും. എന്നാല്‍ ഈ ഹജ്ജ്‌ പ്രമേയമായി വരുന്ന ഒരു കഥാപരിസരത്തില്‍ സിനിമ ചെയ്‌തിട്ടും അതുള്‍ക്കൊള്ളാന്‍ സലീം അഹ്‌മദിന്‌ കഴിയുന്നില്ല. നാടോടിക്കഥയിലെ `ആദമിന്റെ മകന്‍ അബു' മുതല്‍ ഉതുപ്പാനും യൂസുഫ്‌ സിദ്ദീഖും വരെയുള്ളവര്‍ കലാപകാരികളായിരിക്കെ സലീം അഹ്‌മദിന്റെ അബു നിസ്സഹായനായിരിക്കുന്നത്‌ അതുകൊണ്ടാണ്‌.
കേരളത്തില്‍ പൊതുവില്‍, വടക്കേ മലബാറിലെ നാട്ടുമ്പുറങ്ങളില്‍ വിശേഷിച്ചും നില നിന്നിരുന്ന മതസൗഹാര്‍ദത്തിന്റെ ആധുനികഭാവങ്ങളെ വരച്ചിടാന്‍ സലീം അഹ്‌മദ്‌ ശ്രമിക്കുന്നുണ്ട്‌. എന്നാല്‍ ഈ വിഷയത്തില്‍ അബുവിനേക്കാള്‍ വലിയ മാതൃക സൃഷ്‌ടിക്കുന്നത്‌ കൈമള്‍ മാഷ്‌ (നെടുമുടി വേണു) ആണ്‌. അതേയവസരം തന്നെ, ഈ സ്‌നേഹത്തെ അതര്‍ഹിക്കുന്ന സ്വഭാവത്തില്‍ ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ അബുവിന്‌ സാധിക്കുന്നില്ല താനും. `ഞാന്‍ അബൂക്കയുടെ അനുജന്‍ തന്നെയല്ലേ, പിന്നെങ്ങനെയാ അന്യനായിത്തീരുന്നതെ'ന്ന മാഷിന്റെ ചോദ്യത്തിന്‌ അബുവിന്റെ മറുപടി ഒട്ടും തൃപ്‌തികരവുമല്ല. മറ്റൊരാളുടെ സഹായം സ്വീകരിച്ച്‌ ഹജ്ജ്‌ ചെയ്‌തുകൂടെന്ന വാശിയുടെ പ്രമാണാധാരമെന്താണ്‌? രസകരമായ മറ്റൊരു വൈരുദ്ധ്യവുമുണ്ട്‌ ഇതോടനുബന്ധമായി. അബുവെന്ന കഥാപാത്രത്താല്‍ പ്രചോദിതനായാണല്ലോ സലീംകുമാര്‍ ഒരാളെ തന്റെ ചെലവില്‍ ഹജ്ജിനു വിടാന്‍ തീരുമാനിച്ചത്‌. ഈ പ്രവൃത്തിയും സിനിമയിലെ അബുവും തമ്മില്‍ പൊരുത്തമില്ലല്ലോ.!
ഒരിക്കല്‍പ്പോലും പ്രേക്ഷകന്റെ മുന്‍വിധികളെ മറികടക്കാന്‍ സിനിമയ്‌ക്ക്‌ സാധിക്കുന്നില്ല. ഓരോ സന്ദര്‍ഭത്തിന്റെയും പരിണിതിയെപ്പറ്റി പ്രേക്ഷകനുണ്ടാവുന്ന ധാരണകള്‍ തന്നെ സത്യമായി വരുന്നു. നാം കരുതുന്ന വഴിയിലൂടെത്തന്നെ അത്തര്‍ വില്‍പനക്കാരന്‍ അബു (അങ്ങനെയാണ്‌ പരിചയപ്പെടുത്തപ്പെടുന്നതെങ്കിലും ചിത്രത്തില്‍ നാമത്‌ കാണുന്നില്ല) വളരെ കൃത്യമായി സഞ്ചരിക്കുന്നു. സുലൈമാന്റെ പശ്ചാത്താപം, കൈമള്‍ മാഷിന്റെ ഉദാരത തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇതേ അനുഭവമാണുണ്ടാവുന്നത്‌. അതിഭാവുകത്വവും ചിലേടങ്ങളില്‍ മുഴച്ചു നിന്നു. വയനാട്ടിലേക്ക്‌ കെട്ടിച്ചു വിട്ട മകളെ കാണാന്‍ പോകുന്ന, അബുവിന്റെ കുട റിപ്പയറുകാരന്‍ സുഹൃത്തിന്റെ സെന്റി ഡയലോഗു മുതല്‍ ഉസ്‌താദിന്റെ മരണശേഷം അദ്ദേഹത്തിന്റെ പാരമ്പര്യമേറ്റെടുത്ത്‌ കട്ടിലില്‍ക്കയറിയിരിക്കുന്ന (ആത്മീയ ചികിത്സാക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ ഉസ്‌താദ്‌ എന്ന കഥാപാത്രത്തിലൂടെ സലീം അഹ്‌മദ്‌ സ്വീകരിച്ചിട്ടുള്ളത്‌) ചായക്കടക്കാരന്‍ ഹൈദറിന്റെ (സുരാജ്‌ വെഞ്ഞാറമ്മൂട്‌) വിഭൂതി വരെയുള്ള സീനുകള്‍ അധികപ്പറ്റായിത്തീരുന്നതങ്ങനെയാണ്‌. ചിത്രത്തിന്റെ പേരിലുമുണ്ട്‌ ചെറിയൊരു പ്രശ്‌നം. മുസ്‌ലിം പശ്ചാത്തലത്തിലാകുമ്പോള്‍ ഉച്ചാരണം ആദം (`ദ'യ്‌ക്ക്‌ ദീര്‍ഘമില്ലാതെ) എന്നേ വരൂ. സംഗതി ഒന്നാണെങ്കിലും ആദാം എന്നത്‌ ബിബ്‌ലിക്കലായ ഒരുച്ചാരണ രീതിയാണ്‌.
വളരെക്കൂടുതല്‍ സമയം കോഴിക്കോട്ടെ അക്‌ബര്‍ ട്രാവല്‍സിനു വേണ്ടി നീക്കിവെച്ചിരിക്കുന്നതാണ്‌ ഏറ്റവും അരോചകമായിത്തീര്‍ന്നത്‌. പലപ്പോഴും അത്‌ ഇതിനെ ഒരു പരസ്യചിത്രത്തിന്റെ നിലവാരത്തിലേക്ക്‌ താഴ്‌ത്തിക്കളഞ്ഞു. അതേ നിലവാരത്തില്‍ത്തന്നെയായിരുന്നു മുകേഷിന്റെ പ്രകടനവും. ഏറ്റവുമവസാനം അബു ട്രാവല്‍സില്‍ ചെല്ലുന്ന സീനിനെത്തുടര്‍ന്ന്‌ അതിന്റെ ബോര്‍ഡ്‌ ഫ്രെയിമില്‍ എക്‌സ്‌ട്രീം ക്ലോസ്‌ ഷോട്ടായി നിറഞ്ഞു നില്‍ക്കുന്നുണ്ട്‌ (ഇത്തവണത്തെ ഹജ്ജ്‌ പാക്കേജിന്‌ അക്‌ബര്‍ ട്രാവല്‍സില്‍ വന്നേക്കാവുന്ന അപേക്ഷകളുടെ കണക്കെടുത്തു കൊണ്ട്‌ ചിത്രത്തിന്റെ ജയപരാജയങ്ങള്‍ നിര്‍ണയിക്കാവുന്നതാണ്‌).
നല്ലവര്‍ മാത്രം പാത്രങ്ങളായി വരുന്ന കഥയുടെ മൂല്യത്തെപ്പറ്റി പറഞ്ഞു. യഥാര്‍ഥത്തില്‍ വ്യക്തികളല്ല, വ്യവസ്ഥിതിയും മൂല്യങ്ങളുമാണു പ്രധാനം. നന്മതിന്മകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന, ചരിത്ര യാഥാര്‍ഥ്യത്തെ അറിയുമ്പോഴും മനുഷ്യരെ മൊത്തത്തില്‍ നല്ലവരായും അവരുടെ അടിസ്ഥാന പ്രകൃതം നന്മയെന്നും അറിയല്‍ വളരെ പ്രധാനമാണ്‌. വെറുപ്പിനു സ്ഥാനമില്ലാത്ത ഒരു ലോകത്തിലേക്കാവും അതു നമ്മെ നയിക്കുക. എന്നാല്‍ അതോടൊപ്പം അമാനവിക മൂല്യങ്ങള്‍ നിര്‍മിക്കുന്ന അധീശവ്യവസ്ഥക്കെതിരെ സിനിമ ഒന്നും ചെയ്യുന്നില്ല. അതു കൊണ്ടാണ്‌ ഇത്‌ ഒരരാഷ്‌ട്രീയ സിനിമയായിത്തീരുന്നത്‌.
അങ്ങനെയായിരിക്കെത്തന്നെ, മനുഷ്യനന്മയെ മാത്രം കാണാന്‍ ശ്രമിക്കുന്ന, അവഗണിക്കപ്പെടുന്ന വാര്‍ധക്യത്തെ പ്രശ്‌നവല്‍ക്കരിക്കുന്ന ഈ സിനിമയെ ഒരു നല്ല സിനിമയായിത്തന്നെ കാലം രേഖപ്പെടുത്തുമെന്ന്‌ കരുതാനാണ്‌ ഈ ലേഖകന്‍ ഇഷ്‌ടപ്പെടുന്നത്‌.
[email protected]

Comments