Prabodhanm Weekly

Pages

Search

2011 ജൂലൈ 23

ബഅ്‌സ്‌ പാര്‍ട്ടിയുടെ സ്വന്തം സിറിയ; അസദ്‌ കുടുംബത്തിന്റെയും

വി.എ കബീര്‍

രാജാവ്‌ നഗ്നനാണെന്ന്‌ പറഞ്ഞ കഥയിലെ നിഷ്‌കളങ്ക ബാല്യമാണ്‌ സിറിയയില്‍ നാല്‌ പതിറ്റാണ്ടായി തുടരുന്ന ഏകാധിപത്യത്തിന്റെ തുണിയുരിഞ്ഞത്‌. തുനീഷ്യയിലെയും ഈജിപ്‌തിലെയും വിപ്ലവത്തില്‍ പ്രചോദിതരായ ദര്‍അ നഗരത്തിലെ സ്‌കൂള്‍ കുട്ടികള്‍ സിറിയയുടെ പുതിയ ചരിത്രത്തിന്‌ ചുവരുകളില്‍ അക്ഷര നാന്ദികുറിച്ചു. ബശ്ശാറിന്റെ സുരക്ഷാ സേന അവരെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. അവരെ മോചിപ്പിക്കാനാവശ്യപ്പെട്ടു ചെന്ന, നഗരത്തിലെ മാന്യ പൗരന്മാരെ അപമാനിച്ചു വിട്ടു. അതോടെ ജനം ഇളകി. അത്‌ വന്‍ പ്രക്ഷോഭമായി ഈജിപ്‌തിനും തുനീഷ്യക്കും തുടര്‍ച്ച സൃഷ്‌ടിച്ച്‌ ഇതര നഗരങ്ങളിലേക്ക്‌ വ്യാപിച്ചു. നാല്‌ മാസം പിന്നിട്ടിട്ടും പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്‌. സിറിയയിലെ ബഅ്‌സ്‌ ഫാഷിസ്റ്റ്‌ ഭരണത്തിന്റെ നാല്‍പതു വര്‍ഷത്തിനു ശേഷമുള്ള പരസ്യ വിചാരണ ജനം ആരംഭിച്ചിരിക്കുന്നു.

നാലു സ്‌തംഭങ്ങള്‍
നാല്‌ സ്‌തംഭങ്ങളിലാണ്‌ സിറിയയിലെ ഭരണകൂടം നിലനില്‍ക്കുന്നത്‌. ഒന്ന്‌, അസദ്‌ കുടുംബത്തിന്റെ കരങ്ങളില്‍ നിക്ഷിപ്‌തമായ അധികാരം. രണ്ട്‌, അലവി ഐക്യം. മൂന്ന്‌, സൈന്യത്തിലും ഇന്റലിജന്‍സ്‌ വിഭാഗത്തിലുമുള്ള അലവി നിയന്ത്രണം. നാല്‌, രാഷ്‌ട്രീയ വ്യവസ്ഥക്ക്‌ മേലുള്ള ബഅ്‌സ്‌ പാര്‍ട്ടിയുടെ കുത്തക.
വിചിത്രമായി തോന്നാം. സിറിയയില്‍ സുന്നികളാണ്‌ ഭൂരിപക്ഷം; പക്ഷേ, ഭരിക്കുന്നത്‌ ഏറ്റവും ചെറിയ ന്യൂനപക്ഷമായ അലവി ശീഈകളും. സദ്ദാമിന്റെ കാലത്തെ ഇറാഖിന്റെ നേര്‍ വിപരീത ചിത്രം. അവിടെ ഭൂരിപക്ഷം ശീഈകളാണ്‌. പക്ഷേ, സദ്ദാം ഭരണം ന്യൂനപക്ഷമായ സുന്നീകരങ്ങളിലായിരുന്നു. സദ്ദാമിന്റെ പാര്‍ട്ടിയും ബഅ്‌സ്‌ തന്നെയെന്നത്‌ മറ്റൊരു വിരോധാഭാസമായി തോന്നാം. അറബ്‌ ഐക്യമാണ്‌ ബഅ്‌സ്‌ പാര്‍ട്ടിയുടെ താത്ത്വികാടിത്തറയെങ്കിലും ഇറാഖിലെ ബഅ്‌സ്‌ പില്‍ക്കാലത്ത്‌ സിറിയയന്‍ ബഅ്‌സില്‍ നിന്ന്‌ ചേരിതിരിയുകയായിരുന്നു. സദ്ദാമിന്റെ കുവൈത്ത്‌ അധിനിവേശകാലത്തും അമേരിക്കയുടെ ഇറാഖ്‌ അധിനിവേശകാലത്തും സിറിയ ഇറാഖിന്റെ എതിര്‍വശത്തായിരുന്നു. അത്‌ മറ്റൊരു വിഷയം.
മുന്‍ചൊന്ന നാല്‌ സ്‌തംഭങ്ങളില്‍ ഒന്ന്‌ വീണാല്‍ മതി അസദ്‌ ഭരണകൂടം നിലംപൊത്താന്‍. അത്തരമൊരു നിലനില്‍പിന്റെ പ്രതിസന്ധിയിലാണ്‌ സിറിയന്‍ ഭരണകൂടം ഇപ്പോള്‍. സിറിയന്‍ രാഷ്‌ട്രീയ ഘടനയുടെ അകപ്പൊരുള്‍ കണ്ടെത്തണമെങ്കില്‍ ആധുനിക സിറിയയില്‍ വളരെ ചെറിയ ന്യൂനപക്ഷമായ അലവികള്‍ക്ക്‌ എങ്ങനെ മേല്‍ക്കൈ ലഭിച്ചുവെന്ന്‌ അറിയണം.
വടക്ക്‌-കിഴക്ക്‌ ഭാഗത്തെ കുര്‍ദ്‌ ന്യൂനപക്ഷമടക്കം സിറിയന്‍ ജനതയില്‍ 22 ദശലക്ഷം സുന്നികളാണ്‌. ജനസംഖ്യക്കുള്ളിലെ സ്‌ഫോടകാത്മകമായ രാഷ്‌ട്രീയം അറിയാവുന്നത്‌ കൊണ്ട്‌ ഭരണകൂടം മതാടിസ്ഥാനത്തിലുള്ള സെന്‍സസ്‌ എടുക്കാറില്ല. അതിനാല്‍ ഓരോ വിഭാഗത്തിന്റെയും കൃത്യമായ ജനസംഖ്യ മനസ്സിലാക്കുക പ്രയാസകരമത്രെ. എങ്കിലും അലവികള്‍ ഒന്നര ദശലക്ഷമേ വരികയുള്ളൂ എന്നാണ്‌ മിക്ക കണക്കുകളും പറയുന്നത്‌; മൊത്തം ജനസംഖ്യയില്‍ ഏതാണ്ട്‌ 7 ശതമാനം. ഇതോടൊപ്പം ഇസ്‌മാഈലികളടക്കം ഇതര ശീഈ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയാല്‍ 13 ശതമാനം വരും. ഓര്‍ത്തോഡക്‌സ്‌, മറോണി (Maronites) എന്നീ വ്യത്യസ്‌ത വിഭാഗങ്ങളുള്‍പ്പെടുന്ന ക്രിസ്‌ത്യന്‍ ജനസംഖ്യ 10 ശതമാനമത്രെ; കൂടുതലും മലവാസികളായ ദുറൂസുകള്‍ 3 ശതമാനവും.
സിറിയയിലെ അലവി മേല്‍ക്കോയ്‌മക്ക്‌ അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്‌. മുഖ്യ ശീഈ വിഭാഗമായ ഇഥ്‌നാ അശരി ഇമാമി(ഇറാനില്‍ ഇവരാണ്‌ ഭൂരിപക്ഷം)യില്‍ നിന്ന്‌ ഉള്‍പിരിഞ്ഞുണ്ടായവരാണ്‌ അലവികള്‍. ഒമ്പതാം നൂറ്റാണ്ടിലെ ഇബ്‌നു നുസൈര്‍ ആണ്‌ ഈ ശീഈ ശാഖയുടെ സ്ഥാപകന്‍ (1920-ന്‌ മുമ്പ്‌ അലവികള്‍ പൊതുവെ നുസൈരികള്‍ എന്നറിയപ്പെടാന്‍ ഇതാണ്‌ കാരണം). ബാങ്ക്‌ വിളിക്കുക, പള്ളിയില്‍ പ്രാര്‍ഥിക്കുക, ഹജ്ജ്‌ തീര്‍ഥാടനം ചെയ്യുക, മദ്യം വര്‍ജിക്കുക തുടങ്ങിയ പൊതു ഇസ്‌ലാമിക അനുഷ്‌ഠാനങ്ങള്‍ നിരാകരിക്കുന്നതിനാല്‍ നിഗൂഢമായ ഒരു വ്യതിചലിത വിഭാഗമായാണ്‌, സുന്നികള്‍ മാത്രമല്ല ഇതര ശീഈ വിഭാഗങ്ങളും ഇവരെ കാണുന്നത്‌. അതേസമയം പല ക്രിസ്‌ത്യന്‍ പുണ്യദിനങ്ങളും ഇവര്‍ ആചരിക്കാറുണ്ട്‌. ക്രിസ്‌ത്യന്‍ പുണ്യവാളന്മാരോട്‌ ആദരവുമാണ്‌. പൂര്‍വകാലത്ത്‌ ഗോത്ര വൈരങ്ങളുടെ ഫലമായി വിഭജിതരായി സിറിയയിലെ ഗ്രാമപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും ചിതറിക്കിടക്കുകയായിരുന്നു അലവികള്‍. ലതാകിയയാണ്‌ അവരുടെ ഒരു ആവാസ കേന്ദ്രം. മുന്‍കാലത്ത്‌ സുന്നികള്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ വ്യാപാരങ്ങളിലും രാഷ്‌ട്രീയ പദവികളിലും മേല്‍ക്കൈ നേടിയിരുന്നപ്പോള്‍ പിന്നാക്ക ഗ്രാമപ്രദേശങ്ങളായിരുന്നു അലവികളുടെ അധിവാസ കേന്ദ്രം. അക്കാലത്ത്‌ ഒരു പീഡിത വിഭാഗമായിരുന്നു ഇവര്‍. പീഡനങ്ങളെ മറികടക്കാന്‍ സ്വന്തം വിശ്വാസം മറച്ചുവെച്ചുകൊണ്ട്‌ സുന്നികളായി അഭിനയിക്കുക എന്ന ശീഈ സങ്കല്‍പമായ `തഖിയ' ആചരിക്കുകയായിരുന്നു അവര്‍.

ഫ്രഞ്ച്‌ കൊളോണിയലിസത്തിന്റെ ഉപകരണം
അലവികളുടെ പതിതാവസ്ഥ മനസ്സിലാക്കിയ ഫ്രഞ്ച്‌ കോളനിഭരണാധികാരികള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ നല്ലൊരു ഉപകരണമായി അവരെ കണ്ടെത്തി. തുര്‍ക്കിയിലെ ഉസ്‌മാനി (ഓട്ടോമന്‍) പിന്തുണയുള്ള സുന്നി ഭൂരിപക്ഷത്തിനെതിരെ അലവികളുടെ പിന്തുണ നേടാന്‍ വര്‍ഷങ്ങളായി പണിയെടുത്തുകൊണ്ടിരുന്ന ഫ്രഞ്ചുകാരുടെ ആസൂത്രണത്തോടെയാണ്‌ നുസൈരികള്‍ അലവികളായി മാറുന്നത്‌. പ്രവാചകന്റെ പുത്രീഭര്‍ത്താവും മാതുല പുത്രനുമായ അലിയുടെ പേരുമായി ചേര്‍ത്താണ്‌ ഈ പേരു മാറ്റം. സുന്നീ ഭൂരിപക്ഷത്തിനെതിരെ അലവി-ദുറൂസ്‌-ക്രിസ്‌ത്യന്‍ മുന്നണി എന്നതായിരുന്നു ഫ്രഞ്ച്‌ കൊളോണിയല്‍ തന്ത്രം. സാമ്രാജ്യത്വം ഒരു നാടു കീഴടക്കിയാല്‍ സ്വാതന്ത്ര്യാനന്തരവും അവിടെ ഭരിക്കാനുള്ള സംവിധാനമൊരുക്കിയേ നാടുവിടൂ എന്ന്‌ പറയാറുണ്ട്‌. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ അലവി-ഫ്രഞ്ച്‌ കൂട്ടുകെട്ട്‌.
ഫ്രഞ്ചുകാര്‍ക്കു കീഴില്‍ ചരിത്രത്തില്‍ ആദ്യമായി അലവികള്‍ ഇതര ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ധാരാളം സൗജന്യങ്ങള്‍ നേടി. സബ്‌സിഡികള്‍, `പ്രതിയോഗിക'ളായ സുന്നികളേക്കാള്‍ കുറഞ്ഞ നികുതിയിളവുകള്‍ അങ്ങനെ പലതും. ഫ്രഞ്ച്‌ ഭരണത്തിനെതിരെയുള്ള സുന്നി വെല്ലുവിളിയെ ചെറുക്കാന്‍ സൈന്യത്തിലും പോലീസിലും സുരക്ഷാ വിഭാഗങ്ങളിലും ധാരാളം അലവികളെ തിരുകിക്കയറ്റിയതായിരുന്നു ഇതില്‍ മര്‍മപ്രധാനമായൊരു നടപടി. നഗരജീവികളായ സുന്നീ വരേണ്യവര്‍ഗത്തിന്റെ ഇരകളായ അലവികള്‍ക്ക്‌, 1946-ല്‍ ഫ്രഞ്ച്‌ മാന്‍ഡേറ്റ്‌ അവസാനിച്ചപ്പോള്‍ സിറിയയില്‍ നിര്‍ണായക സ്ഥാനം ലഭിച്ചു എന്നതായിരുന്നു ഇതിന്റെ ഫലം.
കൊളോണിയലാനന്തര സിറിയയില്‍ സുന്നികള്‍ രാഷ്‌ട്രീയാധികാരങ്ങള്‍ തിരിച്ചുപിടിച്ച്‌ സര്‍ക്കാറിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അലവികളെ അരികിലാക്കാനും വ്യാപാര മേഖലകളില്‍ നിന്ന്‌ അകറ്റാനുമുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചു. പക്ഷേ, സായുധ സേനയിലുള്ള അലവികളുടെ കനത്ത സാന്നിധ്യം അവഗണിച്ചുകൊണ്ട്‌ സുന്നികള്‍ ഒരു വന്‍ അബദ്ധം ചെയ്‌തു. സുന്നികളെപ്പോലെ സൈനിക ഫീസൊടുക്കാന്‍ കഴിയാതിരുന്ന അലവികള്‍ സായുധ സേനയുടെ താഴെതട്ടില്‍ അടിഞ്ഞുകൂടി. സുന്നികള്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ മുഴുകിയപ്പോള്‍ അലവികള്‍ ആസൂത്രിതമായൊരു സൈനിക അട്ടിമറി നടത്തുന്നതില്‍ വിജയിച്ചു.

ബഅ്‌സ്‌ പാര്‍ട്ടി
അലവികള്‍ക്ക്‌ പിന്തുണ നല്‍കുന്ന സിറിയന്‍വ്യവസ്ഥയുടെ രണ്ടാം സ്‌തംഭമായ ബഅ്‌സ്‌ (ബാത്ത്‌) പാര്‍ട്ടി 1947-ലാണ്‌ ഉയിര്‍കൊള്ളുന്നത്‌. അലവികളെപ്പോലെ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള പ്രാന്തീയ ജനവിഭാഗങ്ങള്‍ക്ക്‌, സെക്യുലരിസവും സോഷ്യലിസവും അറബ്‌ ദേശീയത്വവും ഉയര്‍ത്തിപ്പിടിച്ച്‌ രംഗപ്രവേശം ചെയ്‌ത ബഅ്‌സ്‌ പാര്‍ട്ടി ഐക്യപ്പെടാനും സ്വയം ശാക്തീകരിക്കാനുമുള്ള ഒരു ആദര്‍ശവേദിയും രാഷ്‌ട്രീയ വാഹകവുമായി മാറി. ബഅ്‌സ്‌ സിദ്ധാന്തം സുന്നീ ചേരിയില്‍ പിളര്‍പ്പും രോഷവും സൃഷ്‌ടിച്ചു; വിശിഷ്യാ ഇസ്‌ലാമിസ്റ്റുകള്‍ ബഅ്‌സ്‌ പാര്‍ട്ടിയുടെ മതേതര-സാമൂഹിക പരിപാടികള്‍ക്കെതിരെ രംഗത്തുവന്നു. സുന്നി ജനറലെങ്കിലും 1963-ല്‍ പട്ടാള അട്ടിമറി നടത്തിയ അമീനുല്‍ ഹാഫിസ്‌ ഒട്ടനേകം സുന്നീ ഓഫീസര്‍മാരെ സ്ഥാനത്തുനിന്ന്‌ നീക്കി ഉന്നത സൈനിക പദവികളില്‍ ധാരാളം അലവികളെ പ്രതിഷ്‌ഠിച്ചു. അതോടെ സൈനിക ബലം അലവികള്‍ക്കനുകൂലമായി. 1966-ല്‍ പട്ടാള വിപ്ലവത്തിലൂടെ ആദ്യമായി രാജ്യത്തിന്റെ ആസ്ഥാനമായ ദമസ്‌കസ്‌ കൈപ്പിടിയിലൊതുക്കാന്‍ ഇത്‌ അലവികളെ സഹായിച്ചു. സുന്നീ മേല്‍ക്കോയ്‌മ ഇല്ലാതാക്കാന്‍ അലവികളെ നഗരങ്ങളിലേക്ക്‌ കുടിയേറാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ സിറിയന്‍ നഗര-ഗ്രാമ വിഭാഗീയ വിഭജനത്തിന്റെ മാറ്റിമറിക്കപ്പെട്ട സംവിധാനത്തിനും അറുപതുകളില്‍ ബഅ്‌സ്‌ പാര്‍ട്ടി കളമൊരുക്കി.
ബഅ്‌സിന്റെ സൈദ്ധാന്തികരിലൊരാളാണ്‌ സ്വലാഹ്‌ ബൈത്വാര്‍. പാര്‍ട്ടിയുടെ മുഖപത്രമായ അല്‍ബഅസില്‍ `രാജ്യത്തിന്റെ സ്വാശ്രയത്തെ സ്വാതന്ത്ര്യം കൊണ്ട്‌ ശക്തിപ്പെടുത്തുക' എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം മുമ്പൊരു ലേഖനമെഴുതിയിരുന്നു. സ്വാതന്ത്ര്യത്തെ പവിത്രീകരിക്കുന്നേടത്തോളം ആദരിക്കുന്നതിന്റെ അടിത്തറയിലാണ്‌ ബഅ്‌സ്‌ പ്രസ്ഥാനം നിലയുറപ്പിക്കുന്നതെന്ന്‌ അതില്‍ അദ്ദേഹം എഴുതുകയുണ്ടായി. ``കാരണം അറബ്‌ ദേശത്തിന്റെ നിര്‍മിതിയുടെയും സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെയും ഗ്യാരണ്ടിയാണ്‌ പാര്‍ട്ടിയുടെ വീക്ഷണത്തില്‍ സ്വാതന്ത്ര്യം.'' പക്ഷേ, നേര്‍വിപരീതമാണ്‌ പാര്‍ട്ടിയുടെ ചരിത്രം. സിറിയയില്‍ നടന്ന മിക്കവാറും പട്ടാള അട്ടിമറികളുടെയൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചതിന്റെ ചരിത്രമാണ്‌ തുടക്കത്തിലേ ഫാഷിസ്റ്റ്‌ പ്രവണത പുലര്‍ത്തിയിരുന്ന ഈ പാര്‍ട്ടിക്കുള്ളത്‌. 1946-ല്‍ ഫ്രഞ്ച്‌ വാഴ്‌ചയില്‍നിന്ന്‌ രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം പാര്‍ലമെന്ററി തെരഞ്ഞെടുപ്പിലൂടെ തകര്‍പ്പന്‍ ഭൂരിപക്ഷം നേടിയ ഒരു ദേശീയ ഗവണ്‍മെന്റാണ്‌ സിറിയയില്‍ അധികാരത്തിലെത്തിയിരുന്നത്‌. അന്ന്‌ ഗവണ്‍മെന്റിനു മുമ്പിലുണ്ടായിരുന്നത്‌ രണ്ട്‌ പ്രശ്‌നങ്ങളായിരുന്നു- ഫലസ്‌ത്വീന്‍ പ്രശ്‌നവും `ടോപ്‌ ലെയ്‌ന്‍' പ്രശ്‌നവും. സിറിയന്‍ സേനക്ക്‌ അക്കാലത്ത്‌ ബാല്യഘട്ടത്തിലെ എല്ലാ ദൗര്‍ബല്യങ്ങളുമുണ്ടായിട്ടും ഫലസ്‌ത്വീന്‍ മുന്നണിയില്‍ ഉജ്വലമായ പോരാട്ടം കാഴ്‌ചവെക്കാന്‍ സാധിച്ചിരുന്നു. 1949-ല്‍ ഖാലിദുല്‍ അള്‌മിന്റെ ഭരണകൂടം ടോപ്‌ ലെയ്‌ന്‍ കരാറില്‍ (Topline accord) ഒപ്പ്‌ വെക്കാന്‍ തുനിഞ്ഞു. സിറിയന്‍ ഭൂപ്രദേശങ്ങളിലൂടെ സുഊദിയില്‍ നിന്ന്‌ മധ്യധരണ്യാഴിയിലേക്ക്‌ എണ്ണ പൈപ്പുകള്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട അരാംകോവിന്റെ കരാറാണത്‌. വിദേശശക്തികളുമായി രാജ്യത്തെ കൂട്ടിക്കെട്ടുന്നതിനാല്‍ സിറിയന്‍ പാര്‍ലമെന്റ്‌ കരാറില്‍ ഒപ്പിടുന്നതിനെ എതിര്‍ത്തു. ഈ കരാറിലൂടെ ഒരു വെടിക്ക്‌ രണ്ട്‌ പക്ഷികളെ വീഴ്‌ത്താനായിരുന്നു അമേരിക്കയുടെ ലക്ഷ്യമെന്ന്‌ സി.ഐ.എ ഏജന്റായിരുന്ന മെയിന്‍സ്‌ കൂപ്പ്‌ ലാന്റ്‌ തന്റെ `ഗെയിംസ്‌ ഓഫ്‌ ദ നാഷന്‍സ്‌' എന്ന കൃതിയില്‍ പറയുന്നുണ്ട്‌- ഒരു പട്ടാള അട്ടിമറിയിലൂടെ സിറിയന്‍ സേനയെ എന്നന്നേക്കുമായി ദുര്‍ബലമാക്കുകയും പാര്‍ലമെന്റിന്റെ സമ്മതമില്ലാതെ ടോപ്‌ ലെയ്‌ന്‍ കരാര്‍ നടപ്പിലാക്കുകയും ചെയ്യുക. ഹുസ്‌നീ അസ്സഈമിന്റെ നേതൃത്വത്തില്‍ പട്ടാള വിപ്ലവം നടക്കുന്നത്‌ അങ്ങനെയാണ്‌. മധ്യപൗരസ്‌ത്യ ദേശത്ത്‌ അമേരിക്കന്‍ നയതന്ത്രത്തിന്റെ ആദ്യത്തെ ഇറക്കുമതി ശ്രമമായാണ്‌ ഇത്‌ അറിയപ്പെടുന്നത്‌.
വിപ്ലവത്തിന്റെ പിന്നാമ്പുറം ചികയുമ്പോള്‍ `വിശുദ്ധ സ്വാതന്ത്ര്യ'ത്തിന്റെ കാവലാളുകളായ ബാത്തിസ്റ്റുകളിലാണ്‌ നാം ചെന്നെത്തുക. വിപ്ലവം നടക്കുന്നതിന്‌ മുമ്പ്‌ ബഅ്‌സ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനം എല്ലാ നഗരങ്ങളിലും സജീവമായി കാണപ്പെട്ടു. ഓരോ ദിവസവും പ്രഭാഷണവും തുടര്‍ന്നു. പ്രകടനവും നടക്കുന്നുണ്ടായിരുന്നു. വിപ്ലവത്തിന്‌ അന്തരീക്ഷം പാകപ്പെടുത്തുന്ന പ്രതീതി ജനിപ്പിക്കുന്നതായിരുന്നു ഈ ചലനങ്ങള്‍. 1949 തുടക്കത്തില്‍ തന്നെ പാര്‍ട്ടി പട്ടാള വിപ്ലവത്തിന്‌ ഒരുക്കം കൂട്ടി തുടങ്ങിയിരുന്നുവെന്ന്‌ ബഅ്‌സിന്റെ ഉന്നത നേതാക്കളിലൊരാളായ ജലാല്‍ സയ്യിദ്‌ അല്‍ബഅ്‌സ്‌ എന്ന കൃതിയില്‍ സമ്മതിച്ചിട്ടുള്ളതാണ്‌. ആ വര്‍ഷം മാര്‍ച്ച്‌ 29-ന്‌ ശുക്‌രീ അല്‍ ഫോത്‌ലിയുടെ സര്‍ക്കാറിനെ മറിച്ചിട്ട്‌ സൈന്യം തല്‍സ്ഥാനത്ത്‌ ഹുസ്‌നീ അസ്സഈമിനെ പ്രതിഷ്‌ഠിച്ചു. വിപ്ലവത്തെ അഭിവാദ്യം ചെയ്‌ത പാര്‍ട്ടി അതിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഒരു കൂറ്റന്‍ റാലി നടത്തി. പാര്‍ട്ടി സ്ഥാപകനായ മിഷേല്‍ അഫ്‌ലഖ്‌ റാലിയെ അഭിമുഖീകരിച്ച്‌ ചെയ്‌ത പ്രസംഗത്തില്‍ വിപ്ലവത്തില്‍ തങ്ങള്‍ പ്രതീക്ഷകളര്‍പ്പിക്കുന്നുവെന്നും ജനങ്ങളുടെ അഭിലാഷ സാക്ഷാല്‍ക്കാരമാണ്‌ സൈന്യം നിര്‍വഹിച്ചതെന്നും പ്രസ്‌താവിച്ചു.
വിദേശ കരങ്ങളെ സംശയിക്കത്തക്ക രീതിയിലാണ്‌ പിന്നീട്‌ കാര്യങ്ങള്‍ മുന്നോട്ടുപോയത്‌. പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു. ഭരണഘടന സസ്‌പെന്റ്‌ ചെയ്യപ്പെട്ടു. ഇസ്രയേലുമായി വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചു. 1948-ല്‍ ഇസ്രയേല്‍ അധിനിവിഷ്‌ഠ പ്രദേശങ്ങളില്‍ മോചിപ്പിച്ച ഫലസ്‌ത്വീന്റെ ഉത്തര മേഖലയില്‍ നിന്ന്‌ സിറിയന്‍ സേന പിന്‍വലിക്കപ്പെട്ടു. ടോപ്‌ ലെയ്‌ന്‍ കരാര്‍ അംഗീകരിച്ചു. അതോടെ ബഅ്‌സ്‌ പാര്‍ട്ടിക്ക്‌ നില്‍ക്കക്കള്ളിയില്ലാതായി. പാര്‍ട്ടിയും ഭരണകൂടവും തമ്മില്‍ തെറ്റി. പാര്‍ട്ടി നേതാക്കളെ ഹുസ്‌നീ അസ്സഈം ജയിലറകളിലേക്ക്‌ തള്ളി. അഫ്‌ലഖ്‌ തടവറയില്‍ പീഡിപ്പിക്കപ്പെടുക മാത്രമല്ല അപമാനിക്കപ്പെടുക യും ചെയ്‌തു. ഏകാന്ത തടവില്‍ അഫ്‌ലഖിന്റെ തലമുണ്ഡനം ചെയ്‌തു. സിഗരറ്റ്‌ വിലക്കപ്പെട്ടു. ഉറങ്ങാനനുവദിക്കാതെ നിന്തരം പട്ടാളക്കാര്‍ സെല്ലില്‍ കയറിയിറങ്ങി ശല്യപ്പെടുത്തി. ഭീഷണികള്‍ക്കൊപ്പം കിംവദന്തികളും പ്രചരിപ്പിക്കപ്പെട്ടു. പത്തു ദിവസം കഴിഞ്ഞപ്പോഴേക്ക്‌ അഫ്‌ലഖ്‌ തടവറയില്‍ നിന്ന്‌ ഹുസ്‌നീ അസ്സഈമിന്ന്‌ കുറ്റസമ്മതം നടത്തി ഇങ്ങനെ എഴുതി: ``രാജ്യത്തെ സംബന്ധിച്ചേടത്തോളം താങ്കളുടെ ഭരണകാലം ഏറ്റവും അഭിമാനാര്‍ഹവും പുരോഗമനാത്മകവും പ്രതീക്ഷാ നിര്‍ഭരവുമാണെന്നതില്‍ പൂര്‍ണ സംതൃപ്‌തനാണ്‌ ഞാന്‍. നിങ്ങള്‍ക്കിഷ്‌ടമെങ്കില്‍ രാഷ്‌ട്ര പുനര്‍നിര്‍മാണത്തില്‍ ഭടന്മാരാകാന്‍ ഞങ്ങള്‍ സന്നദ്ധരാണ്‌. മൗനവും നിഷ്‌പക്ഷതയും പാലിക്കണമെന്നാണെങ്കില്‍ അതിനും സന്നദ്ധരാണ്‌.
``മിസ്റ്റര്‍ പ്രസിഡന്റ്‌,
എല്ലാ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങാന്‍ ഞാന്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞു. സാമ്രാജ്യത്വത്തിനും മുന്‍ഭരണകൂടത്തിനുമെതിരിലുള്ള സുദീര്‍ഘമായ എന്റെ പോരാട്ട ചരിത്രത്തില്‍ എനിക്ക്‌ പിണഞ്ഞ അബദ്ധങ്ങളും വീഴ്‌ചകളും ഈ തടവ്‌ ജീവിതത്തില്‍നിന്ന്‌ എനിക്ക്‌ ബോധ്യപ്പെട്ടുകഴിഞ്ഞു. എന്റെ ദൗത്യം അവസാനിച്ചു കഴിഞ്ഞതായി ഞാന്‍ മനസ്സിലാക്കുന്നു; പുതിയ കാലഘട്ടത്തിന്‌ യോജിച്ചതല്ല എന്റെ ശൈലിയെന്നും. എന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനം കൊണ്ട്‌ രാജ്യത്ത്‌ ഇനി മുതല്‍ യാതൊരു പ്രയോജനവുമില്ല.
``മിസ്റ്റര്‍ പ്രസിഡന്റ്‌,
നാടിന്റെ മക്കളുടെ പിതാവിന്റെ സ്ഥാനത്താണ്‌ താങ്കള്‍. തെറ്റ്‌ തിരുത്താന്‍ ഞങ്ങള്‍ക്ക്‌ അവസരം തരിക. ഞങ്ങള്‍ കൂറു തെളിയിക്കാം.''
സമ്മര്‍ദത്തിന്‌ വിധേയമായി എഴുതിയതാണ്‌ ഈ കത്തെന്നത്‌ ശരിയാണ്‌. എങ്കിലും പത്ത്‌ ദിവസത്തെ തടവുകാലത്തിനിടക്ക്‌ തകരാന്‍ മാത്രമുള്ള മനക്കരുത്തേ ബഅ്‌സ്‌ നേതാക്കള്‍ക്കുണ്ടായിരുന്നുള്ളൂ എന്നതിന്റെ തെളിവുമാണത്‌.
ആറ്‌ മാസമേ ഹുസ്‌നീ അസ്സഈമിന്റെ ഭരണത്തിന്‌ ആയുസ്സുണ്ടായിരുന്നുള്ളൂ. ആ കാലയളവില്‍ ഹുസ്‌നി അസ്സഈമും അദ്ദേഹത്തിന്റെ പ്രധാനമന്ത്രി മുഹ്‌സിന്‍ ബറാസിയും, ജനറല്‍ സാമി ഹന്നാവിയുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവത്താല്‍ 1949 ആഗസ്റ്റ്‌ 14-ന്‌ താഴെയിറക്കപ്പെടുകയും വിചാരണക്ക്‌ വിധേയമാവുകയും ചെയ്‌തു. ബഅ്‌സ്‌ പാര്‍ട്ടി വീണ്ടും സജീവമായി. ബഅ്‌സ്‌ നേതാവ്‌ അക്‌റം ഹൂറാനി യുവ പട്ടാള ഓഫീസര്‍മാരുമായി ബന്ധം ശക്തിപ്പെടുത്തി. ഹന്നാവി സ്വന്തമായൊരു നിലപാടുമില്ലാത്ത ദുര്‍ബലനായിരുന്നുവെന്നാണ്‌ ലബനീസ്‌ പത്രപ്രവര്‍ത്തകനായ എഡ്വേര്‍ഡ്‌ സ്വുഅ്‌ബു അന്ന്‌ അഭിപ്രായപ്പെട്ടിരുന്നത്‌. ഹാശിം അത്താസിയെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള ഹന്നാവിയുടെ മന്ത്രിസഭയില്‍ ബഅ്‌സ്‌ നേതാക്കളായ മിഷേല്‍ അഫ്‌ലഖ്‌ വിദ്യാഭ്യാസ മന്ത്രിയായും അക്‌റം ഹൂറാനി കൃഷികാര്യമന്ത്രിയായും ചേര്‍ന്നു.
[email protected]
(തുടരും)

Comments