മുംബൈ വീണ്ടും
എല്ലാ അന്വേഷണ-സുരക്ഷാ സംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് മുംബൈയില്‍ വീണ്ടും സ്ഫോടന പരമ്പര അരങ്ങേറിയിരിക്കുന്നു. നഗരത്തിലെ സാവേരി, ദാദര്‍, ഓപ്പറ ഹൌസ് എന്നീ പ്രദേശങ്ങളിലാണ് പുതിയ സ്ഫോടനങ്ങള്‍. 21 പേര്‍ കൊല്ലപ്പെടുകയും 113 പേര്‍ ആശുപത്രിയിലാവുകയും ചെയ്തുവെന്നാണ് ഇതെഴുമ്പോഴുള്ള റിപ്പോര്‍ട്ട്. ആശുപത്രിയിലുള്ള ചിലരുടെ നില ഗുരുതരമാണെന്നും അറിയുന്നു. ദുരന്തത്തിനിരയായവരുടെ ദുഃഖവും വേദനയും അവരുടെ മാത്രമല്ല. രാജ്യം മുഴുവന്‍ അതില്‍ ദുഃഖിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ കൊല്ലപ്പെട്ടവരെയോ പരിക്കേറ്റവരെയോ പ്രത്യേകം ലക്ഷ്യം വെച്ചായിരുന്നില്ല ആക്രമണങ്ങള്‍. മൊത്തം ഭാരതമാണ് ആക്രമണകാരികളുടെ ലക്ഷ്യം. മരിച്ചവരും പരിക്കേറ്റവരും അതിനിരയാക്കപ്പെട്ടത് ഇന്ത്യന്‍ ജനതയുടെ പ്രതിനിധികളായിട്ടാണ്.
മുംബൈയില്‍ നടന്നത് ഭീകരാക്രമണം തന്നെ എന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയാണ് മുഖ്യമായി സംശയിക്കപ്പെടുന്നത്. കഴിഞ്ഞ ജൂണ്‍ ആറിന് രണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ തോക്കുകളുമായി പിടിയിലായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മഹാ നഗരത്തില്‍ മുജാഹിദീന്‍ പ്രവര്‍ത്തകരുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അധികൃത കേന്ദ്രങ്ങള്‍ക്ക് സൂചന നല്‍കിയിരുന്നതായും പറയപ്പെടുന്നു. ബോംബ് സ്ഫോടനങ്ങള്‍ക്കുത്തരവാദികള്‍ മുജാഹിദീന്‍ തന്നെയാണെങ്കില്‍, ഇതൊക്കെയായിട്ടും അത് തടയാന്‍ കഴിയാതിരുന്നത് അന്വേഷണ-സുരക്ഷാ ഏജന്‍സികളുടെ ഗുരുതരമായ പരാജയം തന്നെയാണ്. മുംബൈ അധോലോക മാഫിയ-പോലീസ് കൂട്ടുകെട്ടിലേക്ക് വിരല്‍ ചൂണ്ടുന്നവരുമുണ്ട്. പത്രപ്രവര്‍ത്തകനായ ജെഡേയുടെ കൊലപാതകത്തെത്തുടര്‍ന്നുളവായ കോളിളക്കം ജനശ്രദ്ധ തിരിക്കുന്ന മറ്റെന്തെങ്കിലും സംഭവം സൃഷ്ടിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന സാഹചര്യമുളവാക്കിയതായി പറയപ്പെടുന്നു. മറ്റൊരു നിരീക്ഷണം ഇതാണ്: അടുത്തിടെ ആരംഭിച്ച ഇന്ത്യാ-പാക് സംഭാഷണം ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുന്നതിന് പ്രായോഗികമായ കാല്‍വെപ്പുകള്‍ നടത്തിയിട്ടുണ്ട്. ഇത് ഇഷ്ടപ്പെടാത്തവരും, ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന സംഭാഷണം സ്തംഭിപ്പിക്കാനും സംഘര്‍ഷം നിലനിര്‍ത്താനും ആഗ്രഹിക്കുന്നവരുമായ ചിലര്‍ ഇന്ത്യക്കകത്തും പുറത്തുമുണ്ട്. അവരാവാം സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. മുമ്പ് ഇന്ത്യാ പാക് ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ പ്രകടമായപ്പോഴെല്ലാം ഇത്തരം സംഭവങ്ങളിലൂടെ അത് തുരങ്കം വെക്കപ്പെട്ടതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും ഏറ്റം വലിയ വ്യവസായ കേന്ദ്രവുമാണ് മുംബൈ. രാജ്യത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും ആളുകള്‍ വന്നു പാര്‍ക്കുകയും നിരന്തരം സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കോസ്മോപോളിറ്റന്‍ സിറ്റി. ഇവിടെ ആക്രമണം നടത്തുന്നതാരായാലും അവരുടെ ലക്ഷ്യം മുഴുവന്‍ രാജ്യത്തിന്റെയും നിലവിലുള്ള അവസ്ഥയുടെ നാശമാണ്. മുംബൈ നേരിടുന്ന അരക്ഷിതത്വവും ഭീകരാന്തരീക്ഷവും ആ നഗരത്തിന്റേതു മാത്രമല്ല; മുഴുവന്‍ ഇന്ത്യയുടേതുമാണ്. നിര്‍ഭയരായി സ്വൈര ജീവിതം നയിക്കാനും തൊഴില്‍- വ്യാപാര-വ്യവസായങ്ങളില്‍ ഏര്‍പ്പെടാനും കൊള്ളാത്ത രാജ്യമാണ് ഇന്ത്യ എന്നതിന്റെ ഉദാഹരണമായിത്തീരുകയാണ് വിദേശികളുടെ കണ്ണില്‍ മുംബൈ.
ബോംബ് സ്ഫോടനങ്ങളുണ്ടായാല്‍ അന്വേഷണം മുഴുവന്‍, മുസ്ലിം പേരുകളുള്ള സംഘടനകളില്‍ കേന്ദ്രീകരിക്കപ്പെടുകയാണ് പതിവ്. തുടര്‍ന്ന് മുസ്ലിം സമുദായം മുഴുവന്‍ സംശയത്തിന്റെ നിഴലിലാകുന്നു. യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാനും വര്‍ധിത വീര്യത്തോടെ പുതിയ ആക്രമണങ്ങളാസൂത്രണം ചെയ്യാനും അത് വഴിയൊരുക്കുന്നു. അതിലുപരി നിരപരാധികള്‍ അന്യായമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. മക്കാ മസ്ജിദ്-അജ്മീര്‍-സംഝോത എക്സ്പ്രസ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ മുസ്ലിം തീവ്രാവദികളാണെന്ന കാര്യത്തില്‍ ആദ്യഘട്ടത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. ആ സംഭവങ്ങളിലൊക്കെ യഥാര്‍ഥ പ്രതികള്‍ ഹിന്ദുത്വ തീവ്രവാദികളും സന്യാസി-സന്യാസിനിമാരുമാണെന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വെളിപ്പെട്ടു. അപ്പോഴേക്കും നൂറുകണക്കിന് നിരപരാധികളായ മുസ്ലിം യുവാക്കളുടെ ജീവിതം പോലീസ് പീഡനത്തിലും തടവറയിലുമായി തകര്‍ന്നുപോയിരുന്നു. തീവ്രവാദി ആക്രമണങ്ങളുടെ അന്വേഷണം മുന്‍ ധാരണയോടെ ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍ കേന്ദ്രീകരിച്ചു നടത്തുന്നത് അക്ഷന്തവ്യമായ അബദ്ധമാകുമെന്നാണ് അത് നല്‍കുന്ന പാഠം.
ഭീകരാക്രമണങ്ങള്‍ക്കുത്തരവാദികളായവരെ മുഖം നോക്കാതെ പിടികൂടുകയും നിര്‍ദാക്ഷണ്യം ശിക്ഷിക്കുകയും തന്നെ വേണം. പക്ഷേ, ഏതെങ്കിലും കുറേ പേരില്‍ കുറ്റം ചാര്‍ത്തി പീഡിപ്പിച്ചതുകൊണ്ട് തീവ്രവാദമോ ഭീകരതയോ ഇല്ലാതാവില്ല. പിടികൂടുന്നതും ശിക്ഷിക്കുന്നതും യഥാര്‍ഥ പ്രതികളെ തന്നെയാവണം. സര്‍ക്കാറും ജനങ്ങളും ഒറ്റക്കെട്ടായി ശ്രമിച്ചാലേ അത് സാധ്യമാകൂ. 26/11 ആക്രമണത്തിനു ശേഷം രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയെതന്നെ മാറ്റി പ്രതിഷ്ഠിക്കുകയുണ്ടായി. പുതിയ അന്വേഷണ ഏജന്‍സികളും സുരക്ഷാ സംവിധാനങ്ങളും സംഘടിപ്പിക്കപ്പെട്ടു. എന്നിട്ടും മുംബൈയിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും സ്ഫോടനങ്ങള്‍ തുടരുകയാണ്. ഈ മഹാ വിപത്ത് പ്രതിരോധിക്കാന്‍ നിയമവ്യവസ്ഥക്കും പോലീസിനും പുറമെ പൌരസഞ്ചയവും കൂടി ജാഗരൂകരായിരിക്കേണ്ടതുണ്ട്. ജനങ്ങളെ ജാഗരൂകരാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുകയും വേണം.
Comments