Prabodhanm Weekly

Pages

Search

2014 ജനുവരി 10

ചരിത്ര 'പൈതൃകം' വിളിച്ചോതിയ എക്‌സിബിഷന്‍

ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ ഭാഗമായി കേരള ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ ജെ.ഡി.റ്റി കാമ്പസില്‍ തയാറാക്കിയ 'പൈതൃകം' എക്‌സിബിഷന്‍ ചരിത്രപരമായ കാഴ്ചകളാല്‍ സമ്പന്നമായിരുന്നു. ബ്രിട്ടീഷുകാരുടെ സൈന്യത്തിന്റെ ബൂട്ടുകള്‍ പതിഞ്ഞ ആലി മുസ്‌ലിയാരുടെ ഗ്രന്ഥശേഖരങ്ങള്‍, അദ്ദേഹത്തിന്റെ രക്തസാക്ഷ്യത്തില്‍ രചിച്ച വിലാപ കാവ്യങ്ങള്‍, പ്രമുഖ അറബി കവി അബ്ദുര്‍റഹ്മാന്റെ കവിതകളുടെ ഒറിജിനല്‍ പകര്‍പ്പുകള്‍, 1779-ല്‍ അറക്കല്‍ സുല്‍ത്താനയുടെ കിരീടാരോഹണത്തിന് കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തി നല്‍കിയ വിശിഷ്ട വസ്തുക്കള്‍, അറക്കല്‍ രാജവംശം ഉപയോഗിച്ച വെള്ളി നാണയങ്ങള്‍, ടിപ്പുസുല്‍ത്താന്‍ കേരളത്തിലെ വിവിധ ക്ഷേത്രങ്ങള്‍ക്ക് ഇനാമായി ഭൂമി പതിച്ചു നല്‍കിയ രേഖകള്‍, 1841 മുതലുള്ള മലബാര്‍ സമരരേഖകള്‍, മമ്പുറം ഫസല്‍ തങ്ങളുടെയും കൊണ്ടോട്ടി തങ്ങളുടെയും അപൂര്‍വ ശേഖരങ്ങള്‍, മലബാര്‍ മുസ്‌ലിംകളുടെ പേരില്‍ പുറത്തിറക്കിയ സ്റ്റാമ്പുകള്‍, കേരളത്തിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളുടെയും പള്ളികളുടെയും പെയിന്റിംഗുകളും ഫോട്ടോകളും, സാമൂഹിക രാഷ്ട്രീയ പ്രാധാന്യമേറിയ പഴയ ഡയറി കുറിപ്പുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍, കത്തുകള്‍, പ്രസിദ്ധീകരണങ്ങള്‍, മാഗസിനുകള്‍, ഗ്രന്ഥങ്ങള്‍, ആനുകാലികങ്ങള്‍, അന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരുടെ രേഖകള്‍, പഴയ കാലത്തെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പാത്രങ്ങള്‍ തുടങ്ങി അപൂര്‍വ ശേഖരങ്ങളും അമൂല്യ രേഖകളും ഗ്രന്ഥങ്ങളും 'പൈതൃകം' സജ്ജീകരിച്ചിരുന്നു. അബ്ദുമാസ്റ്ററും ശാഹിദ് മാസ്റ്ററും തയാറാക്കിയ കേരളീയ മുസ്‌ലിം നേതാക്കളുടെ കാലിഗ്രാഫിക് ചിത്രങ്ങള്‍, ഗ്ലോബല്‍ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഒരുക്കിയ അന്ധന്മാരായ മുസ്‌ലിം പണ്ഡിതന്മാരുടെ സംഭാവനകളെ കുറിച്ചുള്ള വിവരങ്ങള്‍, അത്യപൂര്‍വ ഖുര്‍ആന്‍ പരിഭാഷകള്‍, മതകലാലയങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ എന്നിവയടക്കം മുപ്പതോളം സ്റ്റാളുകളാണ് പൈതൃകം എക്‌സിബിഷനിലുണ്ടായിരുന്നത്. ജെ.ഡി.റ്റി ഇസ്‌ലാം ഓര്‍ഫനേജിന്റെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന പ്രദര്‍ശനം, വിവിധ പുസ്തക പ്രസാധകരുടെയും വൈജ്ഞാനിക സംരംഭകരുടെയും സ്റ്റാളുകള്‍ എല്ലാം കേരള മുസ്‌ലിം ചരിത്രത്തിന്റെ പൈതൃകവും വൈജ്ഞാനിക ഈടുവെപ്പുകളും വിളിച്ചോതുന്നതായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/1-3
എ.വൈ.ആര്‍