Prabodhanm Weekly

Pages

Search

2014 ജനുവരി 10

'ഭീകരതക്ക് തെളിവ് നിരോധിക്കാത്ത പുസ്തകങ്ങളും ലഘുലേഖകളും പോസ്റ്ററുകളും'

ഡോ. മനീഷ സേഥി/യാസര്‍ ഖുത്വ്ബ്

ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ (ജെ.ടി.എസ്.എ) മനീഷയുടെ ഒരു പ്രവത്തന മണ്ഡലം  ആണല്ലോ. ബട്‌ലാ ഹൗസ് തീവ്രവാദി  വേട്ടയുടെ കാലത്താണ് ജെ.ടി.എസ്.എയെ  കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. ആ ഇഷ്യൂ വുമായി മാത്രം ബന്ധപ്പെട്ടാണോ അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്? ഇതിന്റെ പ്രവര്‍ത്തനങ്ങള്‍, ഉദ്ദേശ്യലക്ഷ്യം എന്നിവ  ചെറുതായി ഒന്നു വിവരിക്കാമോ?
2008-ല്‍  ബട്‌ലാ  ഹൗസ് തീവ്രവാദി  വേട്ടയുടെ പേരില്‍ അരങ്ങേറിയ നരനായാട്ടിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ (ജെ.ടി.എസ്.എ) രൂപീകരിച്ചത്. യൂനിവേഴ്‌സിറ്റി അധ്യാപകരാണ്  ഇതിനു നേതൃത്വം നല്‍കിയത്. രൂപീകരണ കാലത്ത് ബട്‌ലാ ഹൗസ്  സംഭവത്തിന്റെ  സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവരിക, നീതിപൂര്‍ണമായ വിചാരണ ഉറപ്പുവരുത്തുക എന്നിവ ആയിരുന്നു ലക്ഷ്യങ്ങള്‍. എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ ബട്‌ലാ ഹൗസ് സംഭവത്തില്‍ മാത്രം ഒതുങ്ങന്നതല്ലെന്നതും  ഇത്തരം വ്യാജ കേസുകള്‍  രാജ്യത്ത് ആവര്‍ത്തിക്കുന്നുണ്ടെന്നതും  അസോസിയേഷന്‍ കൂടുതല്‍ ശക്തമാക്കണം എന്ന തിരിച്ചറിവിലേക്ക് നയിച്ചു. ഇന്ന് ജെ.ടി.എസ്.എ എല്ലാതരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സജീവ കൂട്ടായ്മയാണ്. നിയമത്തിന്റെ ദുരുപയോഗം, അനധികൃത കസ്റ്റഡി, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം, ഭീകരവിരുദ്ധ  ഏജന്‍സി ഒരു പ്രത്യേക സമുദായത്തെ മാത്രം വേട്ടയാടല്‍ തുടങ്ങിയ മേഖലകളില്‍ വസ്തുതാന്വേഷണവും ക്രോഡീകരണവും, റിപ്പോര്‍ട്ടുകളുടെ പ്രസിദ്ധീകരണം, ഇരകള്‍ക്കുള്ള നിയമ സഹായം, സമാന മനസ്‌കരും മറ്റു സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുമായുള്ള സഹകരണം എന്നിങ്ങനെ വിപുലമാണ് പ്രവര്‍ത്തനങ്ങള്‍. എല്ലാ മനുഷ്യരുടെയും നീതിയും പൗരാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ജെ.ടി.എസ്.എയുടെ ഉദ്ദേശ്യലക്ഷ്യം. ഇതാരെങ്കിലും ഫണ്ട് ചെയ്യുന്ന സംഘടനയല്ല. സഹകാരികളുടെയും സമാന മനസ്‌കരുടെയും സഹായത്താലാണ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്.
രാഷ്ട്രീയ പക്ഷപാതിത്വങ്ങള്‍ ഇല്ലാതെ ഞങ്ങള്‍ പ്രതികരിക്കാറുണ്ട്. അതുപോലെതന്നെ എല്ലാവരുടെയും നന്മകളെ അംഗീകരിക്കുകയും ചെയ്യുന്നു. മുസഫര്‍ നഗര്‍ കലാപത്തില്‍ പാകിസ്താന്‍ കൈകള്‍ ഉണ്ട് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ജെ.ടി.എസ്.എ ശക്തമായി  പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സ് ഉന്നയിക്കാറുള്ള സ്റ്റീരിയോ ടൈപ്പ് അഭിപ്രായ പ്രകടനമായിരുന്നു അത്. യഥാര്‍ഥത്തില്‍ മുസഫര്‍ നഗര്‍ സന്ദര്‍ശിച്ചവര്‍ക്കറിയാം അവര്‍ എത്ര ദുരിതത്തിലും വറുതിയിലുമാണ് അവിടെ കഴിച്ചു കൂട്ടുന്നതെന്ന്. ആദ്യം തന്നെ അവിടത്തുകാര്‍ സാമ്പത്തികമായി നഷ്ടത്തിലാണ്. പിന്നെ അവരെ സംശയത്തിന്റെ നിഴലിലുമാക്കുന്നു.  രാഹുലിന്റെ പ്രസ്താവന ഇരു തല മൂര്‍ച്ചയുള്ളതും ഭീകരവാദികള്‍ മുഴുവന്‍ മുസ്‌ലിംകളാണ് എന്ന പൊതു നിര്‍മിതിയില്‍ നിന്ന് ഉടലെടുക്കുന്നതുമാണ്.
ഇശ്‌റത്ത് ജഹാന്‍ കേസ്, മണിപ്പൂരിലെ വ്യാജ  ഏറ്റുമുട്ടലുകള്‍ക്കെതിരെ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ കമ്മീഷന്‍ തുടങ്ങിയ വിഷയങ്ങളിലും ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍  ഇടപെട്ടിട്ടുണ്ട്. വേട്ടയാടപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും സമയാസമയങ്ങളില്‍ ഇടപെടാറുണ്ട്.  മുമ്പ് ടാഡ, പോട്ട പേരുകളില്‍ ഉണ്ടായിരുന്ന കരിനിയമങ്ങളുടെ ആവര്‍ത്തനമാണ് ഇപ്പോഴത്തെ യു.എ.പി.എ (Unlawful Activities Prevention Act) നിയമം. ഇരകള്‍ പഴയത് പോലെ ന്യൂനപക്ഷങ്ങള്‍ തന്നെ. മലേഗാവ്, മക്കാ മസ്ജിദ് തുടങ്ങിയ സംഭവങ്ങളിലെ പ്രതികളെ പിടിച്ചിട്ടും, ന്യൂനപക്ഷം, പ്രത്യേകിച്ച് മുസ്‌ലിംകള്‍ തന്നെ പ്രതികള്‍ എന്ന മുന്‍ധാരണ വെച്ചുള്ള അന്വേഷണത്തിന് ഇപ്പോഴും അറുതി ആയിട്ടില്ല.
 
യു.എ.പി.എ നിയമം, അതിന്റെ പേരില്‍ നടന്ന അന്യായ അറസ്റ്റുകള്‍  എന്നിവ  ചുരുക്കി വിവരിക്കാമോ?
1967-ല്‍ പാസ്സാക്കുകയും 1972, 2004, 2012 എന്നീ വര്‍ഷങ്ങളില്‍ ഭേദഗതികള്‍ വരുത്തുകയും ചെയ്ത യു.എ.പി.എ എന്ന ഭീകരവാദ വിരുദ്ധ നിയമം കേന്ദ്ര സര്‍ക്കാരിന്, രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും  വെല്ലുവിളി ഉയര്‍ത്തുന്ന ആളുകളെയും സംഘങ്ങളെയും കസ്റ്റഡിയില്‍ വെക്കാനുള്ള അനുവാദം നല്‍കുന്നു. അതായത് നിയമവിരുദ്ധം എന്ന സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാം എന്നര്‍ഥം. ഇതുമായി ബന്ധപ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും (penatly for unlawful association), ഇതില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും (punishment for unlawful activities) നീട്ടി കൊണ്ട് പോകാന്‍ അനുവാദം ഉണ്ട്. ഈ നിയമത്തിന്റെയും വലിയ ഇരകളായത് മുസ്‌ലിംകള്‍ തന്നെ. ഗുജറാത്ത് ഗവണ്‍മെന്റ് ചാര്‍ജ് ചെയ്ത  പോട്ട കേസിലെ 280 പ്രതികളില്‍ 279-ഉം മുസ്‌ലിംകള്‍ ആയിരുന്നു. യു.എ.പി.എ പ്രകാരം അറസ്റ്റു  ചെയ്യാനുള്ള വഴി, ഒരാള്‍ക്ക് സിമി ബന്ധം അല്ലെങ്കില്‍ മാവോയിസ്റ്റ് ബന്ധം ഉണ്ട് എന്ന് പറഞ്ഞാല്‍ മതി. അവരുടെ പോസ്റ്റര്‍,    ലഘുലേഖ, സാഹിത്യങ്ങള്‍ എന്നിവ കൈവശം വെച്ചാല്‍ പോലും അറസ്റ്റു ചെയ്യും എന്നതാണ് നില. പുസ്തകങ്ങള്‍ നിരോധിക്കപ്പെട്ടവ അല്ലെന്നതും, പല ലഘുലേഖകളും നിരോധനത്തിന് മുമ്പ് ഉണ്ടായിരുന്നവയാണ് എന്ന വസ്തുതയും കോടതിപോലും ചെവി കൊള്ളുന്നില്ല എന്നതാണ് യു.എ.പി.എ  കേസുകളിലെ അനുഭവം.
 
2008 വരെ മധ്യപ്രദേശില്‍ കേസുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 2008 നവംബറില്‍ ഖാണ്ട ജില്ലയിലെ പുലിയയില്‍ ഒരു എ.ടി.എസ് പോലീസ് കോണ്‍സ്റ്റബ്ള്‍ കൊല്ലപ്പെട്ടതോടു കൂടിയാണ് അറസ്റ്റ് ചെയ്യാനും  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും ആരംഭിച്ചത്. ഇപ്പോള്‍ എണ്‍പതില്‍ പരം കേസുകള്‍ ഉണ്ട്. അതില്‍ ഒന്നുപോലും അക്രമങ്ങളോ സ്‌ഫോടനങ്ങളോ നടത്തിയതില്‍  പെട്ടതല്ല. മിക്കതിലും മുദ്രാവാക്യം വിളി, പോസ്റ്റര്‍ ഒട്ടിക്കുക, സിമിയുടെ പുസ്തകങ്ങള്‍ കൈവശം വെക്കല്‍ എന്നിവയാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്ന കുറ്റങ്ങള്‍?
മധ്യപ്രദേശില്‍ പ്രമാദമായ പീതംപൂര്‍ കേസില്‍ പതിമൂന്നു സിമിക്കാരെ അറസ്റ്റ് ചെയ്തു. തുടര്‍ന്നു  ഇന്‍ഡോര്‍ സീനിയര്‍ എസ്.പി, ചുറ്റുപാടുമുള്ള പോലീസ് സ്‌റ്റേഷനുകളിലേക്ക്  കത്തെഴുതി. നിങ്ങളും ഇതുപോലെ കേസ് കണ്ടെത്തണമെന്ന്! ഈ എസ്.പിയുടെ കത്തിനെത്തുടര്‍ന്ന് ഇരുപതോളം കേസുകള്‍ ഫയല്‍ ചെയ്തു! ആരും അക്രമം നടത്തിയിട്ടില്ല. പോസ്റ്റര്‍ ഒട്ടിക്കല്‍, സിമി ബന്ധം  എന്നിവ തന്നെ ഭീകര കേസുകള്‍ക്ക് ആധാരം.  മാത്രമല്ല ചാര്‍ജ്ഷീറ്റുകള്‍ എല്ലാവരുടേതും ഒരേ പകര്‍പ്പുകള്‍ ആയിരുന്നു. പേരും അഡ്രസ്സും മാത്രം വ്യത്യാസം.  കുറ്റങ്ങളും തെളിവുകളുമെല്ലാം ഒന്നു തന്നെ.  എഫ്.ഐ.ആര്‍ പൂര്‍ണ വിവരങ്ങള്‍ 'ഏൗശഹ േയ്യ അീൈരശമശേീി: ഡഅജഅ രമലെ െളൃീാ ങമറവ്യമ ജൃമറലവെ'  എന്ന പുസ്തകത്തില്‍ (പ്രസിദ്ധീകരണം: ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍) ലഭ്യമാണ്.
2006-ല്‍ ഷഫീഖിനെയും റാഫിയ എന്ന സ്ത്രീയെയും   പോലീസ് അറസ്റ്റ് ചെയ്യാന്‍ കാരണം തഹരീകേ മില്ലത്ത് മാഗസിന്‍ കൈവശം വെച്ചതായിരുന്നു. യഥാര്‍ഥത്തില്‍ ആ മാഗസിന്‍ നിരോധിക്കപ്പെട്ടതല്ലായിരുന്നു. അതേ മാഗസിന്‍ തന്നെ മഹാരാഷ്ട്ര എ.ടി.എസിന്റെ മറ്റൊരു കേസിലും  തെളിവായത് മറ്റൊരു തമാശ. സിമിക്ക് 2006-ല്‍ ബില്‍ഡിംഗ് ഫണ്ടിലേക്ക് അഞ്ഞൂറു രൂപ കൊടുത്തതാണ് ആസിയ ഖാനത്തിനു വിനയായത്. യഥാര്‍ഥത്തില്‍ അങ്ങനെ ഒരു സ്ഥലത്ത് ബില്‍ഡിംഗും ഉണ്ടായിരുന്നില്ല, പിരിവും നടന്നിട്ടില്ല എന്നതാണ് വസ്തുത. എന്നാല്‍ പോലീസിന്റെ കൈയില്‍ റസീപ്റ്റ് ഉണ്ട്താനും! കേസിന്റെ സാക്ഷി ആണെങ്കില്‍ ബജ്‌റംഗ്ദള്‍  പ്രവര്‍ത്തകനും. മറ്റൊരു സാക്ഷി ആ പ്രദേശത്തെ മറ്റൊരു ക്രിമിനല്‍. മൂന്നാം സാക്ഷി കൂറുമാറുകയും ചെയ്തു.  'റസീപ്റ്റ് കൊടുത്ത' ഷഫീഖ് ഇതേ നിയമത്തില്‍ പ്രതി തന്നെ (എന്നാല്‍, പ്രസ്തുത മാഗസിന്‍ സിമിയുടേത്  ആണെന്ന് തെളിയിക്കാനും റസീപ്റ്റിലെ കൈയക്ഷരം ഷഫീഖിന്റേതുതന്നെ എന്ന് തെളിയിക്കാനും പോലീസിനു കഴിഞ്ഞിട്ടില്ല. മാത്രമല്ല, സിമിയുടെ പ്രായ പരിധി മുപ്പത് വയസ്സാണെങ്കില്‍ കസ്റ്റഡിയില്‍ എടുത്ത പലരുടെയും പ്രായം മുപ്പതില്‍ കൂടുതലായിരുന്നു).  
ഇനി നാര്‍കോ അനാലിസിസിന്റെ കാര്യവും വളരെ വിചിത്രമാണ്.  ഡോ. മാലിനി അന്നത്തെ പ്രധാന നാര്‍കോ ഡോക്ടര്‍. നാര്‍കോ തന്നെ പ്രാകൃതമായ ഒരു പീഡനമാണ്. ഇവര്‍ ചോദിക്കുന്ന  ചോദ്യങ്ങള്‍ പിന്നീട് മോഡിഫൈ  ചെയ്യുകയാണ് എന്ന ആരോപണമുണ്ടായിരുന്നു. ഉദാഹരണത്തിന്, 'നിങ്ങളുടെ റൂമില്‍ എത്ര പേര്‍ ഉണ്ടായിരുന്നു' എന്ന ചോദ്യം, കോടതിയിലെ ഡെസ്‌കില്‍ എത്തുമ്പോള്‍ 'ബോംബ് വെച്ചപ്പോള്‍ കൂടെ എത്ര പേര്‍ ഉണ്ടായിരുന്നു' എന്നായി മാറുന്നു. പീഡിപ്പിച്ചാണ് പലപ്പോഴും അവരെക്കൊണ്ട് ഉത്തരങ്ങള്‍ പറയിപ്പിക്കുക.
കൊച്ചിയിലെ  എന്‍.ഐ.എ  രജിസ്റ്റര്‍ ചെയ്ത കശ്മീര്‍ ഏറ്റുമുട്ടല്‍ കേസിലും വ്യക്തമായ  തെളിവുകള്‍ ഒന്നും  തന്നെയില്ല. ഇവരില്‍ പലര്‍ക്കും രണ്ടും മൂന്നും ജീവപര്യന്തങ്ങളാണ് വിധിച്ചത്.  'സല്യൂട്ട് ദി നാഷന്‍'  എന്ന് പറഞ്ഞാണ് ആ വിധിപ്രസ്താവം അവസാനിക്കുന്നത്. പൗരന്മാര്‍ക്ക് നീതി കൊടുക്കാതെ എങ്ങനെ  രാജ്യത്തെ സല്യൂട്ട് ചെയ്യാനാണ് എന്ന് ഇവര്‍ ആലോചിക്കുന്നില്ല..     
പ്രവീണ്‍സ്വാമി എത്ര മാത്രം വര്‍ഗീയ വിഷം വമിക്കുന്ന ആളാണ് എന്ന് നമുക്ക് അറിയാം. ഇല്ലാത്ത കഥകള്‍ എഴുതിപ്പിടിപ്പിക്കാന്‍ കേമനുമാണ്. ഈ സ്വാമിയാണ് പാശ്ചാത്യ ലോകത്ത്  ആധികാരിക റഫറന്‍സ്. പിന്നീട് അത് ലോകത്തിന്റെ തന്നെ റഫറന്‍സ് ആയി സ്വീകരിക്കുന്നു. മക്കാ മസ്ജിദ്, മാലേഗാവ് തുടങ്ങിയ സ്‌ഫോടന സംഭവങ്ങളിലെ മുസ്‌ലിം പങ്കായിരുന്നു സ്വാമി പണ്ട് എഴുതിയ 'ആധികാരിക' കഥകള്‍. യഥാര്‍ഥ കഥകള്‍ എന്ത് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. പക്ഷെ പ്രവീണ്‍ സ്വാമിയുടെ വാക്കുകള്‍ ഇന്നും ലോകത്തിനും രാജ്യത്തിനും ആപ്തവാക്യം മാത്രമല്ല, തെളിവ് തന്നെ ആണ്.
ബട്‌ലാ ഹൗസ് വിഷയത്തില്‍ ഇപ്പോഴും പ്രതിക്കൂട്ടില്‍ തന്നെയാണ് നിയമ വ്യവസ്ഥ. കാരണം, വെടി വെച്ച ആള്‍ക്ക് ആ കെട്ടിടത്തില്‍ നിന്ന് ഇറങ്ങി പോകാന്‍ മറ്റു വഴികള്‍ ഒന്നും തന്നെ ഇല്ല. പോലീസ് വളഞ്ഞിരിക്കെ പ്രതി എങ്ങനെ രക്ഷപ്പെട്ടു എന്നതിന് ഇപ്പോഴും ഉത്തരമില്ല. പ്രാദേശിക സാക്ഷികളെ പോലീസ് ഉള്‍പ്പെടുത്താത്തതിലും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
വീണ്ടും മറ്റു കേസുകളില്‍ കുടുക്കിക്കളയും എന്ന  ഭീഷണി വെച്ചാണ് പിടിയിലായ മുസ്‌ലിംകളെ കുറ്റം സമ്മതിപ്പിക്കുന്നതും പീഡിപ്പിക്കുന്നതും. ഇത് ഇന്ത്യയിലെ എല്ലാ ആന്റി ടെറര്‍ ഏജന്‍സികളും പയറ്റുന്ന അടവാണ്.
 
തെക്കേ ഇന്ത്യയില്‍  കര്‍ണാടകയില്‍ ആണല്ലോ ഒരു പക്ഷേ കൂടുതല്‍ യു.എ.പി.എ തടവുകാരുള്ളത്. സാമുദായിക വേട്ടയും അരങ്ങേറുന്നത് ഈ സംസ്ഥാനത്തുതന്നെ. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ സംഭവിക്കാന്‍ എന്തായിരിക്കാം കാരണം?
ദക്ഷിണേന്ത്യയില്‍ ഒരു പക്ഷെ വര്‍ഗീയതക്ക് വളമുള്ള മണ്ണ് ഇതായിരിക്കാം. ഇവിടെയും പതിവുപോലെ പോലീസിന്റെ പരിധി വിട്ട നീക്കങ്ങളും അതിനെ ചോദ്യം ചെയ്യാന്‍ മടിക്കുകയോ അതിനു കൂട്ടു നില്‍ക്കുകയോ ചെയ്യുന്ന ഭരണകൂടവും ഹിന്ദു നാഷനലിസവും ബി.ജെ.പി.യും എല്ലാം ഇതിനു കരുത്ത് പകരുന്നുമുണ്ടാവാം. രാഷ്ട്രീയ തടവുകാരനായ അബ്ദുന്നാസിര്‍ മഅ്ദനി തന്നെ അതിന്റെ ജീവിക്കുന്ന സാക്ഷ്യമാണ്. വിചാരണ തടവുകാരനായി അനന്തമായി നീട്ടി കൊണ്ട് പോകുന്ന തടവ്. ന്യായാധിപന്മാര്‍ പോലും തടവുകാരുടെ ന്യായമായ വാദങ്ങള്‍ക്ക് ചെവി കൊടുക്കാത്ത അവസ്ഥ. പോലീസ് സമര്‍പ്പിക്കുന്ന എന്തും തെളിവുകളായി എടുക്കുന്ന ദുരവസ്ഥ. അതില്‍ പലതും കെട്ടിച്ചമച്ചതാണെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി പോലും ആവശ്യമില്ല.
ഇതുമായി ബന്ധപ്പെട്ട് സോളിഡാരിറ്റി നിര്‍മിച്ച 'ഫാബ്രിക്കേറ്റഡ്' ഡോക്യുമെന്ററി ഫിലിം വളരെ നല്ല ഒരു ചുവട് വെപ്പാണ്. ഇത് കാണുന്ന ഏതൊരാള്‍ക്കും ഈ കേസിലെ തെളിവുകള്‍ എത്ര ദുര്‍ബലമാണെന്ന് മനസ്സിലാകും. ഇത്തരം ഡോക്യുമെന്റുകള്‍ (ഡാറ്റ ക്രോഡീകരണം) കൂടുതല്‍ ഉണ്ടാകേണ്ടതുണ്ട്. റഫറന്‍സിനും പൊതുജനങ്ങള്‍ക്ക് നിയമ വിദ്യാഭ്യാസത്തിനുമെല്ലാം ഇത് ഉപകരിക്കും.
 
സ്‌ഫോടനങ്ങളും മറ്റും സംഭവിക്കുമ്പോള്‍ ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തി വാര്‍ത്തകള്‍ നല്‍കുകയും, പിന്നീട് അവര്‍ നിരപരാധികളായിരുന്നു എന്ന് തെളിഞ്ഞു വിട്ടയക്കപ്പെടുമ്പോള്‍ അത് വാര്‍ത്തയാക്കാതിരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെ കുറിച്ച് എന്ത് പറയുന്നു?. ദൃശ്യ മാധ്യമ രംഗത്ത് രൂപപ്പെടുത്താവുന്ന സ്ട്രാറ്റജി എന്താണ്?
വാര്‍ത്തകള്‍ എല്ലാം ആഘോഷങ്ങളാണിന്ന്,  പ്രത്യേകിച്ചും സ്‌ഫോടനവും രാജ്യരക്ഷയുമായി ബന്ധപ്പെട്ട അറസ്റ്റുമെല്ലാം ബഹളമയമാണ്. പലപ്പോഴും 'ന്യൂസ് അവറി'ല്‍ വാര്‍ത്തകള്‍ ഇല്ലാത്ത അവസ്ഥ! വാദങ്ങളും പ്രതിവാദങ്ങളും മാത്രം. മീഡിയയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പലപ്പോഴും വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കാറില്ല. പോലീസ് ഭാഷ്യം അപ്പടി പകര്‍ത്തുന്നു. ഒരു സാമാന്യ ചോദ്യം പോലും ചോദിക്കാന്‍ പലരും സന്നദ്ധമാവാറില്ല. അതിനാലാണ് നിരോധിക്കാത്ത പുസ്തകങ്ങളും പോസ്റ്ററുകളുമെല്ലാം തീവ്രവാദി വേട്ടയിലെ അനിഷേധ്യ തെളിവുകളാകുന്നത്. നിരോധിക്കാത്ത  പുസ്തകം കൈയില്‍ വെക്കുന്നതും,  നിയമ പ്രകാരം അച്ചടിച്ച ലഘുലേഖകള്‍ സൂക്ഷിക്കുന്നതുമെല്ലാം എങ്ങനെയാണ് കുറ്റമാവുക? പോലീസ് പിടിക്കുന്ന തീവ്രവാദികളില്‍ നിന്ന് കണ്ടെത്തുന്ന പലതും ഇത്തരത്തിലുള്ളതാണ്. ഇവയൊന്നും ചോദിക്കാന്‍ മിക്ക മാധ്യമപ്രവര്‍ത്തകരും മുതിരാറില്ല.
മീഡിയ രംഗത്ത് തനതായ വ്യക്തി മുദ്രകള്‍ പതിപ്പിക്കാന്‍ കഴിയുന്നവരും സ്വതന്ത്രമായി സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരും രാജ്യത്തിന് ആവശ്യമാണ്. മാധ്യമങ്ങളുടെ സ്വാധീനം സമൂഹത്തില്‍ വമ്പിച്ചതാണ്. നന്മേഛുക്കളായ മാധ്യമ പ്രവര്‍ത്തകര്‍ മുതല്‍ കോര്‍പ്പറേറ്റുകളുടെ പണം പറ്റുന്നവര്‍ വരെ ഇവിടെയുണ്ട്.
കേരളത്തില്‍ മാധ്യമം,  മീഡിയ വണ്‍ ചാനല്‍ തുടങ്ങിയവ ഉള്ളതിനാല്‍ വാര്‍ത്തകളെ മുഴുവനായി തമസ്‌ക്കരിക്കാന്‍ കഴിയാതെ വരും.  ഇവിടെ ബംഗളുരുവില്‍ ഇരുന്നു,  മാധ്യമവും ഇന്നലത്തെ കണ്ണൂര്‍  സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ പരിപാടിയുടെ വാര്‍ത്തയുമെല്ലാം കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഗള്‍ഫ് നാടുകളിലും മാധ്യമം പ്രസിദ്ധീകരിക്കുകയും  അവിടെ പരിപാടികള്‍ നടത്തുകയും ചെയ്യുന്നു എന്നറിഞ്ഞതിലും സന്തോഷമുണ്ട്. ഇന്ത്യയില്‍ തെഹല്‍ക്ക ഒരു പ്രതീക്ഷ ആയിരുന്നു. മീഡിയയില്‍ തെഹല്‍ക്ക തനതായ പാത ഉണ്ടാക്കിയിരുന്നു. തരുണ്‍ തേജ്പാലിന്റെ അറസ്റ്റ് രാജ്യത്ത് നിരാശയുണ്ടാക്കുന്നു. അദ്ദേഹം െതറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം എന്നത് മറ്റൊരു കാര്യം.

മനീഷയുടെ പ്രധാന പഠന വിഷയമാണല്ലോ സ്ത്രീ ശാക്തീകരണം, മത താരതമ്യം എന്നിവ. പ്രത്യേകിച്ച് മുസ്‌ലിം, ജൈന, ഹിന്ദു മതങ്ങളിലെ സ്ത്രീകളെ  കുറിച്ചുള്ള പഠനം. ഇതില്‍ ഏത് വിഭാഗത്തില്‍ പെട്ട സ്ത്രീകളാണ് താരതമ്യേന മികച്ചുനില്‍ക്കുന്നത്, അല്ലെങ്കില്‍ ആര്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടത്?
മതങ്ങളെയും സ്ത്രീകളെയും കുറിച്ച് ഞാന്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജൈനമതത്തിലെ സ്ത്രീകള്‍, ഹിന്ദു ദേശീയതയിലെ സ്ത്രീകള്‍ എന്നിവയും  എന്റെ വിഷയം തന്നെ. എന്നാല്‍, സ്ത്രീയെ ഒരു മനുഷ്യന്‍ എന്ന നിലയിലാണ് ഞാന്‍ സമീപിക്കുന്നത്.  മതം എന്ന സ്വത്വത്തേക്കാള്‍ പ്രഥമ പരിഗണന മനുഷ്യര്‍ എന്നതിനു  തന്നെ. മുസ്‌ലിം സ്ത്രീ, ജൈന സ്ത്രീ എന്നീ നിലകളില്‍ ഞാന്‍ താരതമ്യം നടത്തിയിട്ടില്ല. അതിനാല്‍ തന്നെ ഇതില്‍ ഏതെങ്കിലും ഒരു കൂട്ടരുടെ സാമൂഹിക സാമ്പത്തിക നിലയെ കുറിച്ച് പറയാന്‍ എനിക്ക് കഴിയില്ല.  എല്ലാവര്‍ക്കും അവരുടേതായ പ്ലസ്-മൈനസ് പോയിന്റുകള്‍ ഉണ്ടാകും. എല്ലാവരെയും പൊതു ധാരയില്‍ എത്തിക്കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. ഇത്തരം താരതമ്യ പഠനത്തിനു പ്രസക്തിയുണ്ട് എന്ന് തോന്നിയിട്ടില്ല. ഞാന്‍ ജൈനമതത്തിലെയും ഹിന്ദു മതത്തിലെയും അത്യാചാരങ്ങളെ കുറിച്ച് പഠിച്ചിട്ടുണ്ടെങ്കിലും ഒരു താരതമ്യത്തിനു മുതിര്‍ന്നിട്ടില്ല.       
                         
ഇപ്പോള്‍ കേരളത്തില്‍ നിന്ന് സോളിഡാരിറ്റിയുടെ പരിപാടി കഴിഞ്ഞാണല്ലോ വരുന്നത്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു എന്താണ് അഭിപ്രായം?
കേരള സന്ദര്‍ശനവും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ മീറ്റുകളും വളരെ സന്തോഷദായകമായിരുന്നു.  സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ ഇടപെടലുകളെ കുറിച്ച് മുമ്പ് തന്നെ ഞാന്‍ ബോധവതിയാണ്. ദല്‍ഹിയില്‍ വെച്ചു തന്നെ എനിക്ക് സോളിഡാരിറ്റിയെ അറിയാം. കേരളത്തില്‍ കോട്ടയം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. പൊതുപ്രഭാഷണങ്ങളും ഇരകളുമായി ബന്ധപ്പെട്ട വ്യക്തി സന്ദര്‍ശനങ്ങളുമായിരുന്നു പരിപാടികള്‍.  സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ പൊതുസമ്മേളനങ്ങള്‍ വളരെ ഊര്‍ജസ്വലങ്ങളായാണ് അനുഭവപ്പെട്ടത്. വലിയ ഒരു യുവ വിഭാഗത്തെ ആക്ടിവിസത്തിനു ലഭിക്കുക എന്നത് നിസ്സാര കാര്യമല്ല. പൊതുവെ യുവസമൂഹം ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് മുഖം തിരിച്ച് നില്‍ക്കാറാണ് പതിവ്. ഇവിടെ മറിച്ചാണ് അനുഭവപ്പെട്ടത്. കൂട്ടത്തോടെ ആളുകള്‍ പരിപാടികളില്‍ പങ്കെടുക്കുന്നത് പ്രതീക്ഷ നല്‍കുന്നു. പൊതു കൂട്ടായ്മകളിലൂടെ നീതി നിഷേധിക്കപ്പെട്ടവര്‍ക്കും അന്യായമായി പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി  കാര്യമാത്ര പ്രസക്തമായി  പലതും ചെയ്യാനുള്ള കരുത്ത് സോളിഡാരിറ്റി പ്രകടിപ്പിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/1-3
എ.വൈ.ആര്‍