Prabodhanm Weekly

Pages

Search

2014 ജനുവരി 10

വികസനവും പരിസ്ഥിതിയും ഖുര്‍ആനെയും നബിചര്യയെയും മുന്‍നിര്‍ത്തി ചില നിരീക്ഷണങ്ങള്‍

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി / കവര്‍‌സ്റ്റോറി

കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഒന്ന് ഇപ്പോള്‍ പരിസ്ഥിതി സംരക്ഷണമാണ്. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളും അവയെ പ്രതികൂലിച്ചും അനുകൂലിച്ചും നടന്നുവരുന്ന സംവാദങ്ങളും സമരങ്ങളും ഒക്കെ മേല്‍പറഞ്ഞതിനെ അടയാളപ്പെടുത്തുന്നു. ഇസ്‌ലാമിനെപ്പറ്റിയൊരു നല്ല വാക്ക് പറഞ്ഞാല്‍ അത് മുസ്‌ലിം പ്രീണനമാണെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കലാണെന്നും വിലയിരുത്താന്‍ ആളേറെയുള്ള നാടാണിത്. ഇതുപോലെ ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ എന്തെങ്കിലും ഉരിയാടിയാല്‍ അത് പാറമട, മണല്‍, റിസോര്‍ട്ട് മാഫിയകളെ സഹായിക്കലാണെന്ന് വിലയിരുത്തപ്പെട്ടേക്കാവുന്ന സാഹചര്യവും കേരളത്തിലിപ്പോള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വിശുദ്ധ ഖുര്‍ആനെയും നബിചര്യയെയും ആധാരമാക്കി പരിസ്ഥിതി സംരക്ഷണത്തെ കേന്ദ്രീകരിച്ച് എന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്തുക എന്നത് മിക്കവാറും വടികൊടുത്ത് അടിവാങ്ങുന്നതിന് തുല്യമാണ്. എന്നിരുന്നാലും പറയാനുള്ളത് പറയാതെ ഒഴിഞ്ഞുമാറുന്നത് ശരിയല്ല എന്നതിനാല്‍ സവിനയം ചില നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തുകയാണ്.
പരിസ്ഥിതി പ്രശ്‌നങ്ങള്‍ തെല്ലുമേ അലട്ടാതിരുന്ന ഒരു കാലഘട്ടത്തിലാണ് മുഹമ്മദ് നബി ജീവിച്ചിരുന്നത്. അതിനാല്‍ വിധവാ വിവാഹം, അടിമ മോചനം, പലിശ, പെണ്‍കുട്ടികളെ കുരുന്നിലേ തന്നെ കൊന്നു കുഴിച്ചുമൂടല്‍, മദ്യപാനം, ചൂതാട്ടം തുടങ്ങിയ പ്രശ്‌നങ്ങളെ നേരിട്ട് അഭിസംബോധന ചെയ്ത ശൈലിയില്‍ മല ഇടിച്ച് നിരത്തല്‍, മണലൂറ്റല്‍, വനം വെട്ടി നശിപ്പിക്കല്‍ തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങളെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടുള്ള നിലപാടുകള്‍ ഞാന്‍ വായിച്ചേടത്തോളം വിശുദ്ധ ഖുര്‍ആനിലോ ഹദീസുകളിലോ രേഖപ്പെടുത്തി കണ്ടിട്ടില്ല. മണലാരണ്യത്തില്‍ പെട്രോള്‍ ഉണ്ടെന്നു കണ്ടെത്തുകയോ അത് കത്തിച്ച് പുകയും മറ്റും പുറത്തുവിട്ട് വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന വിധത്തിലുള്ള സാങ്കേതിക വികാസമോ പ്രവാചകന്‍ ജീവിച്ച കാലത്ത് ഇല്ലാതിരുന്നതിനാല്‍, വായുമലിനീകരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും പ്രവാചകന് അഭിസംബോധന ചെയ്യേണ്ടിവന്നിട്ടില്ല. അതിനാല്‍ ഇസ്‌ലാമും പാരിസ്ഥിതികതയും എന്ന വിഷയത്തിലൊരു ചര്‍ച്ച ഇസ്‌ലാമും പലിശരഹിത ബാങ്കിംഗ് സമ്പ്രദായവും എന്നൊരു വിഷയം ചര്‍ച്ച ചെയ്യുന്ന തരത്തില്‍ എളുപ്പം നിര്‍വഹിക്കാനാവില്ല. എന്നിരുന്നാലും ഇസ്‌ലാമിന്റെ ധാര്‍മിക പ്രമാണങ്ങളുടെ പൊതു നിലപാടിലൂന്നി പാരിസ്ഥിതിക സംരക്ഷണത്തില്‍ എന്തു നിലപാടെടുക്കണമെന്ന് ചരിത്രപരവും കാലദേശോചിതവുമായി കണ്ടെത്താന്‍ ഏറെക്കക്കുറെ സാധിക്കും. ആ വഴിക്ക് ചില നിലപാടുകള്‍ അവതരിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
മനഃസ്ഥിതി, വ്യവസ്ഥിതി, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് മനുഷ്യജീവിതഗതി നിര്‍ണയിക്കപ്പെടുന്നത്. ഇപ്പറഞ്ഞ മൂന്ന് സ്ഥിതികളോടുമുള്ള ബന്ധം നേരായ രീതിയില്‍ ആയിരിക്കാന്‍ മനുഷ്യന്‍ പരിപാലിക്കേണ്ട ഉത്തമ ഗുണമേതെന്ന കാര്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ദര്‍ശനം 'സൂക്ഷ്മത പാലിക്കുക' എന്നതാണ്. മനഃസ്ഥിതി, വ്യവസ്ഥിതി, പരിസ്ഥിതി എന്നിവയുടെ ആയുസ്സിനും ആരോഗ്യത്തിനും ശ്രേയസ്സിനും ഭഗവദ്ഗീതയുടെ ഭാഷയില്‍ പറഞ്ഞാല്‍ യോഗക്ഷേമ(വെല്‍ഫെയര്‍)ത്തിന് വേണ്ടുന്ന സൂക്ഷ്മതയോടെയാവണം മനുഷ്യന്‍ എന്തും ചെയ്യാന്‍ എന്ന് ചുരുക്കം. അത്തരമൊരു സൂക്ഷ്മത പാലിച്ചുകൊണ്ടാണോ മാനവരാശി പൊതുവെ 'വികസനം' നടപ്പാക്കുന്നത്? ഇതാണ് ചര്‍ച്ചാ വിധേയമാക്കേണ്ട പ്രധാന പ്രശ്‌നം.
മനുഷ്യന്‍ അവന്റെ മനഃസ്ഥിതിയെ സൂക്ഷ്മതയോടെ പാലിക്കുന്നതില്‍ വേണ്ടത്ര ജാഗ്രതയുള്ളവനല്ല. സ്വന്തം ശരീരത്തിന്റെ അഴുക്കു കളയാന്‍ അഥവാ കുളിക്കാന്‍ കാണിക്കുന്ന ശ്രദ്ധയും ഉത്സാഹവും, അതിനെടുക്കുന്ന സമയവും  മനുഷ്യര്‍ അവരുടെ മനസ്സിന്റെ മാലിന്യം നീക്കാന്‍ ചെലവഴിക്കുന്നില്ല. മനോ മാലിന്യത്തെയാണ് മതസംഹിതകള്‍ പാപം എന്നു പറയുന്നത്. പാപം നീക്കം ചെയ്യുന്നതിനുള്ള അധ്വാനമാണ് പ്രാര്‍ഥന, ധ്യാനം, സ്വാധ്യായം അഥവാ വിശുദ്ധ വേദഗ്രന്ഥങ്ങളുടെ പഠനം എന്നിവ- ഇതൊക്കെ ചെയ്യാന്‍ മാത്രമാണ് ആധുനിക മനുഷ്യന് സമയമില്ലാത്തത്! മണിക്കൂറുകളോളമിരുന്നു ചാറ്റ് ചെയ്യാനും സീരിയലുകളും റിയാലിറ്റി ഷോകളും ക്രിക്കറ്റും കാണാനും മണിക്കൂറുകള്‍ ക്യൂ നിന്ന്  മദ്യം വാങ്ങിക്കാനുമൊക്കെ മനുഷ്യനു സമയമുണ്ട്. സമയമില്ലാത്തത് മനോ മാലിന്യങ്ങളുടെ സംസ്‌കരണത്തിന് മാത്രം! ഇങ്ങനെ മനോമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ വിമുഖരായ മനുഷ്യരുടെ ജീവിത വ്യവസ്ഥിതി കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സംസ്‌കരണത്തിന് വേണ്ടത്ര സൂക്ഷ്മത കാണിക്കുകയില്ലെന്നതുകൊണ്ടാണ് ലാലൂരും പെട്ടിപ്പാലവും വിളപ്പില്‍ ശാലയും ഒക്കെ കേരളത്തില്‍ സാധാരണമായിരിക്കുന്നത്.
ഇവിടെയാണ് ബാഹ്യവും ആഭ്യന്തരവുമായ ശൗചത്തിന് അഥവാ ശുചിത്വത്തിന് ഊന്നല്‍ നല്‍കുന്ന ഇസ്‌ലാമിന്റേതുള്‍പ്പെടെയുള്ള മതസംഹിതകളിലെ ദര്‍ശനത്തിന് സമകാലിക പ്രസക്തി വളരെയേറെ ഉണ്ടാകുന്നത്. മനഃസ്ഥിതിയെയും വ്യവസ്ഥിതിയെയും മാലിന്യരഹിതമാക്കി കൊണ്ടുനടക്കുന്നതില്‍ വേണ്ടത്ര സൂക്ഷ്മതയും വിജയവും കൈവരിച്ചിട്ടില്ലാത്ത മനുഷ്യര്‍, പരിസ്ഥിതിയോടുള്ള സമീപനത്തില്‍ മാത്രം സൂക്ഷ്മത പുലര്‍ത്തുമെന്ന് കരുതുന്നത് മൂഢതയാകും. മനഃസ്ഥിതിയെയും വ്യവസ്ഥിതിയെയും സൂക്ഷ്മതയോടെ കൊണ്ടുനടക്കാന്‍ മനുഷ്യര്‍ കഴിവുള്ളവരായിത്തീര്‍ന്നാല്‍ മാത്രമേ അവര്‍ക്ക് പരിസ്ഥിതിയെയും ആത്മഹത്യാപരമല്ലാത്ത രീതിയില്‍ സമീപിക്കാന്‍ കഴിയൂ. അതിനാല്‍ 'സൂക്ഷ്മത പാലിക്കുക' എന്നത് വിശുദ്ധ ഖുര്‍ആനെയും തിരുനബി ചര്യയുടെയും അതുമുന്നോട്ടുവെക്കുന്ന ജീവിത രീതിയുടെയും നീതിയുടെയും താക്കോല്‍സ്ഥാനം അലങ്കരിക്കുന്ന തിരുവെഴുത്താണെന്ന ഉത്തമ ബോധ്യത്തിലൂന്നി മനുഷ്യ പുരോഗതിയെയും വികസനത്തെയും അഥവാ ലോക നാഗരികതയെ മുഴുവന്‍ തന്നെ, ഒരു പുനര്‍വിചാരണക്ക് വിധേയമാക്കേണ്ടതുണ്ട്.
മനുഷ്യ ശരീരത്തില്‍ ഒരു രോമത്തിനുള്ളതിനേക്കാള്‍ പ്രാധാന്യമോ പ്രാമാണ്യമോ അനന്ത വിശാലമായ വിശ്വപ്രപഞ്ചത്തിന്റെ വിസ്മയനീയമായ ഘടനയില്‍ മനുഷ്യനെന്ന ജീവിക്കുണ്ടോ എന്ന കാര്യം തര്‍ക്ക വിഷയമാണ്. എന്നാല്‍, ഭൂമിയിലെ അനേകലക്ഷം ചരാചരങ്ങളില്‍ മനുഷ്യനുള്ള സ്ഥാനവും പ്രാധാന്യവും വളരെ വലുതാണെന്ന കാര്യം നിസ്തര്‍ക്കമത്രെ. മാര്‍ക്‌സിസം പോലുള്ള മതേതര ദര്‍ശനങ്ങള്‍ മാത്രമല്ല, ഭൂമുഖത്തുണ്ടായിട്ടുള്ള സര്‍വ മത ദര്‍ശന സംഹിതകളും ഭൂമിയില്‍ മനുഷ്യനുള്ള മഹത്വം അംഗീകരിച്ചിട്ടുണ്ട്. മനുസ്മൃതിയില്‍ പറയുന്നു:
''ഭൂതാനാം പ്രാണിനാ ശ്രേഷ്ഠ
പ്രാണിനാം ബുദ്ധി ജീവിനഃ
ബുദ്ധിമത്‌സു നരഃ ശ്രേഷ്ഠാ-
നരേഷു ബ്രാഹ്മണാ സ്മൃതഃ'' (അധ്യായം 1, ശ്ലോകം 96).
സൃഷ്ടികളില്‍ ജീവനുള്ളവയും ജീവനുള്ളവയില്‍ ബുദ്ധിയുള്ളവയും ബുദ്ധിയുള്ള ജീവികളില്‍ മനുഷ്യരും, മനുഷ്യരില്‍ വേദജ്ഞാനികളായ ബ്രാഹ്മണരും ശ്രേഷ്ഠന്മാരാകുന്നു എന്നത്രെ മേലുദ്ധരിച്ച ശ്ലോകത്തിന്റെ താല്‍പര്യം. ഇവ്വിധത്തില്‍ സര്‍വ മത സംഹിതകളും മനുഷ്യമഹത്വം അംഗീകരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലും മനുഷ്യമഹത്വം ഉദ്‌ഘോഷിതമായി കാണാം. ഭൂമിയില്‍ അല്ലാഹുവിന്റെ ഖലീഫ അഥവാ പ്രതിനിധി എന്നതാകുന്നു ഖുര്‍ആന്‍ മനുഷ്യനു കല്‍പിച്ചിട്ടുള്ള പ്രാധാന്യം.
''കുഴപ്പക്കാരും രക്തം ചിന്തുന്നവരുമായ കൂട്ടരെയാണോ നീ നിന്റെ പ്രതിനിധിയായി ഭൂമിയില്‍ നിയോഗിക്കാന്‍ പോകുന്നത്?'' ഇത്തരമൊരു സന്ദേഹവും അല്ലാഹു മനുഷ്യനെ ഭൂമിയിലെ ഖലീഫയായി നിയോഗിക്കാന്‍ തീര്‍ച്ചപ്പെടുത്തി എന്നറിഞ്ഞപ്പോള്‍ മലക്കുകള്‍ അഥവാ മാലാഖമാര്‍ ഉന്നയിക്കുന്നുണ്ട്. 'നിങ്ങള്‍ക്കല്ല എനിക്കാണ് അറിവ്' എന്ന് അല്ലാഹു ആ സന്ദേഹത്തിന് സമാധാനവും നല്‍കുന്നുണ്ട്. എന്നിരുന്നാലും എന്തുകൊണ്ടാണ് മനുഷ്യര്‍ കുഴപ്പക്കാരാണെന്ന് മലക്കുകള്‍ക്ക് തോന്നിയത് എന്ന പ്രശ്‌നത്തെ അല്‍പം ഇഴവിരുത്തി പരിശോധിക്കേണ്ടതുണ്ട്. അത്തരമൊരു പരിശോധന നടത്തിയാല്‍ സൃഷ്ടികളില്‍ മികച്ച ബുദ്ധിജീവിത്വം ഉണ്ടെന്നതാണ് മനുഷ്യര്‍ കുഴപ്പക്കാരാണെന്ന് തോന്നാന്‍ ഇടവരുത്തിയതെന്ന് പറയേണ്ടിവരും. ദൈവം ഭൂമിയില്‍ മറ്റൊരു സൃഷ്ടിക്കും നല്‍കാത്ത ഉയര്‍ന്ന ബുദ്ധിമണ്ഡലം മനുഷ്യന് നല്‍കിയിട്ടുണ്ട്. വിശ്വപ്രപഞ്ച ഘടനയുടെ ക്രമവും താളവും പാരസ്പര്യവും അതിനെ അവ്വിധം സംവിധാനിച്ച ഒരു ആസൂത്രണ ബുദ്ധിയെ ദൃഷ്ടാന്തീകരിക്കുന്നുണ്ടെന്ന് വളരെ യുക്തിപൂര്‍വകമായ ചിന്തയാല്‍ ബോധ്യപ്പെടും. അതിനാല്‍ പ്രപഞ്ചഘടനക്കാധാരമായ ആസൂത്രിത ബുദ്ധിയാണ് സര്‍വജ്ഞനായ ദൈവം. അതുകൊണ്ടാണ് ഉപനിഷത്തില്‍ 'പ്രജ്ഞാനം ബ്രഹ്മ' എന്നു പറഞ്ഞിരിക്കുന്നത്. സര്‍വജ്ഞനായ ദൈവത്തിന്റെ ഖലീഫയായ മനുഷ്യനും ജ്ഞാനം വേണം. അതിനാല്‍ മനുഷ്യന്റെ ബുദ്ധിജീവിത്വം എന്നത് സര്‍വജ്ഞനായ ദൈവത്തിന്റെ വരമുദ്രയോടു കൂടിയതാണ്. സര്‍വജ്ഞനായ ദൈവം വിശ്വമാസകലം സൃഷ്ടിസ്ഥിതി സംഹാര കര്‍തൃത്വപാടവം കാണിക്കുന്നതുപോലെ ദൈവത്തിന്റെ വരമുദ്രയായ ബുദ്ധിയോടു കൂടി ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാക്കപ്പെട്ട മനുഷ്യനിലും സൃഷ്ടിസ്ഥിതി സംഹാര സ്വഭാവങ്ങള്‍ ഉണ്ട്. സൃഷ്ടിസ്ഥിതി-സംഹാരങ്ങള്‍ എന്നു വേര്‍തിരിച്ചു പറയാവുന്ന കാര്യത്തെ നമുക്ക് മാറ്റം വരുത്താനുള്ള കഴിവെന്നേ വിശേഷിപ്പിക്കാനാവൂ. മാറ്റം വരുത്താനുള്ള കഴിവ് ഒഴിവാക്കിയാല്‍ ഭൂമിയില്‍ ഇതര ജീവികളില്‍ നിന്ന് മനുഷ്യന് പിന്നെ മറ്റൊരു മികവും ഉണ്ടെന്ന് കണ്ടെത്താനാവില്ല. മാറ്റം വരുത്താനുള്ള കഴിവാണ് മനുഷ്യനെ ഭൂമിയില്‍ ഏറ്റവും ശ്രേഷ്ഠ സൃഷ്ടിയാക്കുന്നത്. മഹര്‍ഷിമാരിലൂടെയും പ്രവാചകന്മാരിലൂടെയും ശാസ്ത്രജ്ഞന്മാരിലൂടെയും ഭരണാധികാരികളിലൂടെയും ഭൂമുഖത്ത് സംഭവിച്ചതും മാറ്റങ്ങള്‍ മാത്രമാണല്ലോ. ഈ മാറ്റങ്ങളെ മുഴുവനും ചേര്‍ത്ത് സൂചിപ്പിക്കാനാണ് നാം മനുഷ്യപുരോഗതി എന്ന പദം ഉപയോഗിച്ചുവരുന്നതും. മനുഷ്യന്‍ വിതച്ചു കൊയ്ത് കളപ്പുരകളില്‍ ശേഖരിച്ച് ആഹാരം പാചകം ചെയ്തു ഭക്ഷിക്കുന്നത് മുതല്‍ വിമാനയാത്രയും ബഹിരാകാശ സഞ്ചാരവും വരെയുള്ള സര്‍വ കാര്യങ്ങളും, മാറ്റം വരുത്താനുള്ള കഴിവാണ് മനുഷ്യന്റെ ബുദ്ധിജീവിത്വം  എന്നതിന് നിരത്താവുന്ന പ്രത്യക്ഷ ദൃഷ്ടാന്തങ്ങളാണ്. മനുഷ്യന്‍ ഭൂമിയില്‍ വരുത്തിയ മാറ്റങ്ങളെയാണ് കാര്‍ഷികവും വ്യാവസായികവുമായ അടിത്തറകളുള്ള മുഴുവന്‍ നാഗരികതകളും വിളംബരപ്പെടുത്തുന്നത്.
പാറകളെയും പാറയിടുക്കുകളെയുമൊക്കെ, സിംഹവും പുലിയും കുറുക്കനും മുതലയും മറ്റു ജീവികളും ചവിട്ടി നടക്കാനും കിടന്നുറങ്ങാനും ഒക്കെ ഉപയോഗിച്ചേക്കും. പക്ഷേ, പാറകളെ പൊട്ടിച്ച് നിശ്ചിത വീതിയും കനവും നീളവുമുള്ള കഷ്ണങ്ങളാക്കി പിരമിഡുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും പണിയാനും നയന മനോഹരവും അതിശയനീയവുമായ ശില്‍പങ്ങള്‍ കൊത്തിയെടുക്കാനും ഭൂമിയില്‍ ബുദ്ധിജീവിയായ മനുഷ്യനേ സാധിക്കൂ. ഒഴുകുന്ന നദിയില്‍ നിന്ന് വെള്ളം കുടിക്കാന്‍ ഏതു മൃഗത്തിനും കഴിയും. പക്ഷേ, കിണര്‍ കുഴിച്ച് ശുദ്ധജലം കണ്ടെത്തി ഉപയോഗിക്കാന്‍ ബുദ്ധിജീവിയായ മനുഷ്യനേ സാധിക്കൂ. ഇങ്ങനെ പ്രകൃതിയില്‍ എവിടെയും മറഞ്ഞുകിടക്കുന്ന സാധ്യതകള്‍ കണ്ടെത്താനും കണ്ടെത്തിയ പുതു സാധ്യതകളിലൂടെ സ്വജീവിതത്തിലും അതുവഴി ലോകജീവിതത്തിലും മാറ്റങ്ങള്‍ വരുത്താനും വേണ്ടുന്ന ബുദ്ധിവൈഭവമുള്ള ജീവിയാണ് മനുഷ്യന്‍. പാറപൊട്ടിക്കുന്ന, കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പു വാറ്റിയെടുക്കുന്ന, ഭൂമി കുഴിച്ച് വെള്ളവും ഇരുമ്പും ചെമ്പും സ്വര്‍ണവും പെട്രോളും മറ്റു കണ്ടെത്തി ഉപയോഗിക്കുന്ന സവിശേഷ ബുദ്ധിവൈഭവത്തോടു കൂടിയ മാനവനാണ് ഭൂമിയില്‍ നാഗരികതയുടെ കര്‍ത്താവ്. ഈ നാഗരികത പാരിസ്ഥിതികാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെങ്കില്‍ അതൊഴിവാക്കാന്‍ മനുഷ്യന്റെ ബുദ്ധി പാടെ മരവിപ്പിച്ചാല്‍ മാത്രമേ കഴിയൂ എന്നു പറയേണ്ടിവരും. മനുഷ്യന്‍ ബുദ്ധി മരവിപ്പിച്ച് യാതൊരു പാരിസ്ഥിതികാഘാതങ്ങളും ഏല്‍പിക്കാതെ മറ്റു മൃഗങ്ങളെപ്പോലെ കഴിഞ്ഞുകൂടണമെന്ന് വിശുദ്ധ ഖുര്‍ആനോ നബിചര്യയോ മുന്‍നിര്‍ത്തി പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എന്നാല്‍, മനുഷ്യന്‍ അവന്/അവള്‍ക്ക് ലഭിച്ച ബുദ്ധി എന്ന സവിശേഷ വരദാനത്താല്‍ കെട്ടിപ്പടുത്ത നാഗരികത പാരിസ്ഥിതികാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നതും വാസ്തവമാണ്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? അക്കാര്യമാണ് ചിന്തിക്കേണ്ടത്.
മനുഷ്യന്‍ കല്‍ക്കരിയും പെട്രോളും മറ്റിതര പദാര്‍ഥങ്ങളും ഭൂമിയില്‍ നിന്ന് കണ്ടെത്തി എന്നതു ശരിയാണ്. പക്ഷേ, അങ്ങനെ കണ്ടെത്തിയ ഖനിജങ്ങള്‍ ഉപയോഗിച്ച് മനുഷ്യന്‍ അമിതോപയോഗങ്ങള്‍ നടത്തുന്നതില്‍ ഒരു സൂക്ഷ്മതക്കുറവുണ്ട്. കല്‍ക്കരിയെ കണ്ടെത്താനല്ലാതെ കല്‍ക്കരിയെ സൃഷ്ടിക്കാന്‍ മനുഷ്യന് കഴിയില്ല എന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്നിടത്താണ് ആ സൂക്ഷ്മതക്കുറവ്. നൂറ്റാണ്ടുകളുടെ പ്രവര്‍ത്തനത്തിലൂടെയാണ് പ്രകൃതി ഭൂമിയില്‍ കല്‍ക്കരി നിക്ഷേപം ഉണ്ടാക്കുന്നത്. അങ്ങനെ കല്‍ക്കരി നിക്ഷേപം ഉണ്ടാകാന്‍ വേണ്ടുന്ന സമയത്തെപ്പറ്റി വീണ്ടുവിചാരം കൂടാതെ മനുഷ്യന്‍ കല്‍ക്കരിയെ ആശ്രയിച്ചുകൊണ്ടുള്ള ഗതാഗതത്തിനും വ്യവസായത്തിനും ലക്കും ലഗാനുമില്ലാതെ പ്രാധാന്യം കൊടുക്കുന്നിടത്താണ് സൂക്ഷ്മത കുറവ്. ഇത് പെട്രോളിന്റെ കാര്യത്തിലും മത്സ്യബന്ധനത്തിന്റെ കാര്യത്തിലുമെല്ലാമുണ്ട്. മണല്‍ ഉപഭോഗത്തിന്റെ കാര്യത്തിലും പാറ ഉപഭോഗത്തിന്റെ കാര്യത്തിലും ഉണ്ട്. അതിനാല്‍ പ്രകൃതിയിലെ അസംസ്‌കൃത നിക്ഷേപങ്ങള്‍ ഉണ്ടാകാന്‍ വേണ്ടുന്ന സമയദൈര്‍ഘ്യത്തെ പരിഗണിച്ചുകൊണ്ട് അവയെ ഉപഭോഗിക്കുന്നതില്‍ മനുഷ്യന്‍ ഇനിയെങ്കിലും സൂക്ഷ്മത പാലിക്കണം. അങ്ങനെ ഉപഭോഗ സൂക്ഷ്മതയിലൂന്നിയ ഒരു നവ വികസന വിചാരധാര തന്നെ ഖുര്‍ആനെയും നബിചര്യയെയും മുന്‍നിര്‍ത്തി രൂപപ്പെടുത്താന്‍ മനുഷ്യന്‍ അവന്റെ ബുദ്ധിവൈഭവത്തെ ഉപയോഗിക്കണം. അതിനുള്ള മാര്‍ഗദര്‍ശനം കൂടി ഖുര്‍ആനും നബിചര്യയും പ്രദാനം ചെയ്യുന്നുണ്ട്.



Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/1-3
എ.വൈ.ആര്‍