Prabodhanm Weekly

Pages

Search

2014 ജനുവരി 10

പുതുവര്‍ഷത്തില്‍ ഇഖ്‌വാനെ കാത്തിരിക്കുന്നത്

അബൂസ്വാലിഹ

പ്രശസ്ത ഈജിപ്ഷ്യന്‍ കോളമിസ്റ്റ് ഫഹ്മീ ഹുവൈദി നിരീക്ഷിച്ചത്അക്ഷരം പ്രതി ശരിയാണ്: 'സകല കുതന്ത്രങ്ങളും പയറ്റി ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന പ്രസ്ഥാനത്തെ മുഴുവന്‍ അധികാരസ്ഥാനങ്ങളില്‍ നിന്നും പുറത്താക്കാനായിരുന്നു ഈജിപ്തിലെ ജനകീയ സര്‍ക്കാറിനെ അട്ടിമറിച്ച പട്ടാള സ്വേഛാധിപതികള്‍ 2013-ല്‍ ഉടനീളം ശ്രമിച്ചത്. അതിലവര്‍ വിജയിക്കുകയും ചെയ്തു. ഇഖ്‌വാനെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ നിന്ന് തന്നെ പുറത്താക്കാനായിരിക്കും പുതുവര്‍ഷത്തില്‍ അവര്‍ ശ്രമിക്കുക.' ഇഖ്‌വാനെ ഭീകര സംഘടനയായി മുദ്ര കുത്തിക്കൊണ്ടുള്ള മിലിട്ടറി ജണ്ടയുടെ പ്രഖ്യാപനം അതിന്റെ ഭാഗമായി വേണം കാണാന്‍. സേവന/ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇഖ്‌വാന്‍ തൃണമൂല തലത്തില്‍ സ്വീകാര്യത നേടിയത്. ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതോടെ ഇഖ്‌വാന്റെ മുഴുവന്‍ ആസ്തികളും കണ്ടുകെട്ടാം. സംഘടനയുമായി സഹകരിക്കുന്നവരെ പിടികൂടാം. ഇപ്പോള്‍ തന്നെ അനാഥകളെയും അഗതികളെയും സംരക്ഷിക്കുന്ന 1055 ചാരിറ്റി സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ സൈനിക ഭരണകൂടം മരവിപ്പിച്ചു കഴിഞ്ഞു.
ഈ പ്രഖ്യാപനത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ലോക മുസ്‌ലിം പണ്ഡിത സഭ, ഇത് ലോകതലത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്നതില്‍ സൈനിക ഭരണകൂടം അമ്പേ പരാജയപ്പെട്ടതായി ചൂണ്ടിക്കാണിച്ചിരുന്നു. അമേരിക്ക പോലും അനിഷ്ടമാണ് പ്രകടിപ്പിച്ചത്. എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച് കൊണ്ട് പോകണമെന്നാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ വക ഉപദേശം. 16 പേര്‍ മരിക്കാനിടയായ ദഖ് ഹലിയ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇഖ്‌വാന്റെ തലയില്‍ കെട്ടിവെച്ചാണ് 'ഭീകര' പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അന്‍സാര്‍ ബൈത്തില്‍ മഖ്ദിസ് എന്ന തീവ്രവാദി വിഭാഗം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതൊന്നും സൈനിക ഭരണകൂടം കണക്കിലെടുത്തില്ല. എന്നാല്‍,തദ്ദേശീയര്‍ നല്‍കുന്ന വിവരണം മറ്റൊന്നാണ്. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നവര്‍ തന്നെയാണ് അത് നടത്തിയത്! കടുത്ത പീഡനകാലത്തിലൂടെ കടന്നുപോകുമ്പോഴും സഹനവും മനോനിയന്ത്രണവും കൈവിടാതെ, സമാധാനപരവും ജനാധിപത്യപരവുമായ രീതിയില്‍ മാത്രം ഇഖ്‌വാന്‍ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുന്നതാണ് മിലിട്ടറി ജണ്ടയെ പ്രകോപിപ്പിക്കുന്നത്.
പുതുവര്‍ഷം ഈജിപ്തിലെ ഇഖ്‌വാനെ കാത്തിരിക്കുന്നത് ഒട്ടനവധി നിയമക്കുരുക്കുകളാണ്. ഭരണഘടനാ കോടതിയുടെ അധ്യക്ഷന്‍ തന്നെ പാവ ഭരണാധികാരി(പ്രസിഡന്റ്) ആയി പ്രതിഷ്ഠിക്കപ്പെട്ട ഒരു രാജ്യത്ത് നിയമത്തെ എങ്ങനെയും ദുര്‍വ്യാഖ്യാനിക്കുക സ്വാഭാവികം. ഒരു ഇടക്കാല ഭരണകൂടം നിയമാനുസൃത അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളോ കോടതിയുടെ അംഗീകാരമോ ഇല്ലാതെ ഒരു സംഘടനയെ ഭീകരസംഘമെന്ന് പ്രഖ്യാപിക്കുന്നതിന് നിയമ സാധുതയില്ല. ത്വന്‍ത്വയിലെ അപ്പീല്‍ കോടതി ജഡ്ജ് വലീദ് ശാഫി ഇക്കാര്യം വെട്ടിത്തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇതിന് ന്യായമായി ഭരണകൂടം എടുത്ത് കാട്ടുന്ന പീനല്‍ ലോ 86-ാം അനുഛേദം നടപ്പാക്കപ്പെടേണ്ടത് കോടതി വഴിയാണെന്നും ഭരണകൂട ഉത്തരവിലൂടെ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പക്ഷേ, സൈനിക സ്വേഛാധിപതികള്‍ക്ക് ഇതൊന്നും തടസ്സമാകാന്‍ ഇടയില്ല. 1800 ഇഖ്‌വാന്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഇപ്പോള്‍ തന്നെ കോടതിയില്‍ കുറ്റപത്രം നല്‍കിക്കഴിഞ്ഞു. രാജ്യദ്രോഹം പോലുള്ള കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട് പിടിയിലായവര്‍ പതിനാലായിരം വരുമെന്നാണ് ഏകദേശ കണക്ക്. ഇഖ്‌വാന്റെ ദേശീയ-പ്രവിശ്യാ-പ്രാദേശിക നേതാക്കളില്‍ ഒട്ടു മിക്ക പേരും ഇക്കൂട്ടത്തിലുണ്ട്. പീഡനത്തിന്റെ രണ്ടാം പര്‍വം തുടങ്ങിക്കഴിഞ്ഞു.



Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/1-3
എ.വൈ.ആര്‍