Prabodhanm Weekly

Pages

Search

2014 ജനുവരി 10

മുഹമ്മദ് നബിയും പടിഞ്ഞാറിന്റെ സമീപനവും

കാരെന്‍ ആംസ്‌ട്രോങ്ങ് / ലേഖനം

കാരണമായ ഇസ്‌ലാംഭീതിയുടെ അഥവാ ഇസ്‌ലാമോഫോബിയയുടെ നീണ്ട ചരിത്രം പാശ്ചാത്യസംസ്‌കാരത്തിലുണ്ട്. പിന്നോട്ടുപോയാല്‍ അത് കുരിശുയുദ്ധത്തില്‍ ചെന്നെത്തി നില്‍ക്കുന്നു. ഇസ്‌ലാം വാളിന്റെ ഹിംസാത്മക മതമാണെന്നും ഇസ്‌ലാമിനോട് വിമുഖതയുണ്ടായിരുന്ന ലോകത്ത് ആയുധബലത്താല്‍ സ്വന്തം മതം അടിച്ചേല്‍പ്പിച്ച കപടവേഷക്കാരനാണ് മുഹമ്മദ് എന്നുമുള്ള ശാഠ്യവാദം 12-ാം നൂറ്റാണ്ടിലെ യൂറോപ്പിലെ ക്രിസ്ത്യന്‍ സന്യാസിമാര്‍ക്കുണ്ടായിരുന്നു. മുഹമ്മദ് നബിയെ അവര്‍ സ്ത്രീലമ്പടനെന്നും ലൈംഗികവൈകൃതക്കാരനെന്നും വിളിച്ചു. പ്രവാചകന്റെ ജീവിതത്തെക്കുറിച്ചുള്ള വികലമായ ഈ വീക്ഷണഗതി പാശ്ചാത്യലോകത്തിനു പകര്‍ന്നുകിട്ടിയ ആശയങ്ങളിലൊന്നായി മാറി. മുഹമ്മദ്'നബിയെ  കൂടുതല്‍ വസ്തുനിഷ്ഠമായ കാഴ്ചപ്പാടിലൂടെ കാണാന്‍ പാശ്ചാത്യജനതക്ക് എന്നും ക്ലേശമനുഭവപ്പെട്ടിട്ടുണ്ട്. 2001 സെപ്റ്റംബര്‍ 11-ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ നാശമുണ്ടായ ശേഷം അമേരിക്കയിലെ വലതുപക്ഷ ക്രിസ്ത്യന്‍ ഗ്രൂപ്പിലെ അംഗങ്ങളും പാശ്ചാത്യമാധ്യമങ്ങളിലെ ചില വൃത്തങ്ങളും  ഒഴിവാക്കാനാവാത്തവിധം യുദ്ധത്തോട് ആസക്തിയുള്ളയാളാണ് മുഹമ്മദെന്ന് പ്രഖ്യാപിച്ച് ശത്രുതയുടേതായ ഈ പാരമ്പര്യം തുടര്‍ന്നു. മുഹമ്മദ് ഭീകരനാണെന്നും ബാലപീഡകനാണെന്നും വരെ പോയി ചിലരുടെ വാദം.
ഇത്തരത്തിലുള്ള മതഭ്രാന്ത് ഇനിയും തുടരാന്‍ അനുവദിക്കാനാവില്ല. കാരണം, പാശ്ചാത്യലോകം ഇസ്‌ലാമികലോകത്തിനു നേരെ പുതിയ കുരിശുയുദ്ധത്തിലാണെന്ന് 'തെളിയിക്കാന്‍' തീവ്രവാദികള്‍ക്ക് ഇത്തരം സമീപനം അനുഗ്രഹമാവുകയും അവര്‍ക്കത് ഉപയോഗപ്പെടുത്താനാവുകയും ചെയ്യും. മുഹമ്മദ് അക്രമത്തിന്റെ വക്താവായിരുന്നില്ല. അദ്ദേഹത്തിന്റെ പരിഗണനയര്‍ഹിക്കുന്ന നേട്ടങ്ങളെ ഗുണനിരൂപണം ചെയ്യുന്നതിന് അദ്ദേഹത്തിന്റെ ജീവിതത്തെ സന്തുലിതമായ രീതിയില്‍ സമീപിക്കേണ്ടതുണ്ട്. പാശ്ചാത്യസംസ്‌കാരത്തിന്റെ ഗുണവിശേഷങ്ങളായി സങ്കല്‍പിക്കപ്പെടുന്ന സഹിഷ്ണുത, വിശാലമനസ്‌കത, സഹാനുഭൂതി എന്നിവയെ പരിപോഷിപ്പിക്കുന്നതിനും ഇത് ആവശ്യമാണ്. 15 വര്‍ഷം മുമ്പ് തന്നെ എനിക്ക് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. സാത്താനിക് വേഴ്‌സസില്‍ പ്രവാചകനെ നിന്ദിക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്നുവെന്നതിന്റെ പേരില്‍ സല്‍മാന്‍ റുഷ്ദിക്കും പുസ്തകപ്രസാധകര്‍ക്കും വധശിക്ഷ വിധിച്ചുകൊണ്ട് ആയത്തുല്ല ഖുമൈനി ഫത്‌വ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണിത്. ആ ഫത്‌വയെ ഞാന്‍ വെറുക്കുകയും തനിക്ക് ഇഷ്ടമുള്ളത് പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യം റുഷ്ദിക്കുണ്ടെന്ന് വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ റുഷ്ദിയുടെ ചില ലിബറല്‍ അനുകൂലികള്‍ ഫത്‌വയെ വിമര്‍ശിക്കുന്നതില്‍  തുടങ്ങി പൂര്‍ണമായി  ഇസ്‌ലാമിനെ തന്നെ അധിക്ഷേപിക്കുന്ന തരത്തിലെത്തിയത് എന്നെ അസ്വസ്ഥയാക്കി. ഈ വിലയിരുത്തലിനാകട്ടെ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലായിരുന്നു.
മധ്യകാലത്തെ മുന്‍വിധിയെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് ലിബറല്‍ തത്ത്വത്തെ പ്രതിനിധീകരിക്കുന്നത്  ശരിയല്ല. 1930-കളിലെ ദുരന്തത്തില്‍ നിന്ന് നാം ഒന്നും പഠിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കാരണം ഇത്തരമൊരു മതഭ്രാന്ത് മൂലമാണ് ആറ് മില്യന്‍ യഹൂദരെ കൊല്ലാന്‍ ഹിറ്റ്‌ലര്‍ക്ക് സാധ്യമായത്. എന്നാല്‍ പാശ്ചാത്യര്‍ക്ക് മുഹമ്മദ് നബിയെക്കുറിച്ചുള്ള തങ്ങളുടെ ധാരണ പുനഃപരിശോധിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും ഞാന്‍ മനസ്സിലാക്കി. അതുകൊണ്ട് ഉറച്ചുപോയ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ജനകീയസ്വഭാവമുള്ള ജീവചരിത്രമെഴുതാന്‍ ഞാന്‍ തീരുമാനിച്ചു. ഇതിന്റെ ഫലമായി മുഹമ്മദ്: എ ബയോഗ്രഫി ഓഫ് ദ പ്രോഫറ്റ് എന്ന ഗ്രന്ഥം 1991-ല്‍ പുറത്തിറങ്ങി. എന്നാല്‍ സെപ്റ്റംബര്‍ 11-നെ തുടര്‍ന്ന് മുഹമ്മദ് നബിയുടെ ജീവിതത്തിലെ മറ്റു വശങ്ങളെ കേന്ദ്രീകരിക്കേണ്ട സാഹചര്യമുണ്ടായി. അതുകൊണ്ട് ഈ ഗ്രന്ഥം- മുഹമ്മദ് പ്രോഫറ്റ് ഫോര്‍ ഔവര്‍ ടൈം- പൂര്‍ണമായും പുതിയതും ആസകലം വ്യത്യസ്തവുമാണ്. സെപ്റ്റംബര്‍ 11-ന് ശേഷമുള്ള ലോകത്തെ ഭീതിദമായ യാഥാര്‍ഥ്യങ്ങളോട് ഈ ഗ്രന്ഥം കൂടുതല്‍ സ്പഷ്ടമായി സംബോധന ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ.
മാതൃകാവ്യക്തിത്വമെന്ന നിലയില്‍ മുഹമ്മദ് മുസ്‌ലിംകള്‍ക്കു മാത്രമല്ല, പാശ്ചാത്യജനതക്കും സുപ്രധാനമായ പാഠങ്ങള്‍ നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതം ഒരു ജിഹാദായിരുന്നു; ആ വാക്ക് കൊണ്ട് അര്‍ഥമാക്കുന്നത്  'വിശുദ്ധയുദ്ധ'മെന്നല്ല, 'പോരാട്ട'മെന്നാണെന്ന് നമുക്ക് കാണാനാവും. യുദ്ധം കൊണ്ട് വലഞ്ഞ അറേബ്യയില്‍ സമാധാനം കൊണ്ടുവരാന്‍ മുഹമ്മദ് അക്ഷരാര്‍ഥത്തില്‍ വിയര്‍പ്പൊഴുക്കി. ഇക്കാലത്ത് ഇത് ചെയ്യാന്‍ തയാറുള്ളവരെയാണ് നമുക്ക് ആവശ്യം. അത്യാര്‍ത്തി, അനീതി, ദുരഹങ്കാരം എന്നിവക്കെതിരായി ക്ഷീണം ഏശാതെയുള്ള സംഘടിത പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അറേബ്യ ഒരു വഴിത്തിരിവിലാണെന്നും പഴയ ചിന്താഗതികള്‍ ഇനിയും പര്യാപ്തമാവില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. തികച്ചും നൂതനമായ പ്രതിവിധി ആവിഷ്‌കരിക്കുന്നതിനുള്ള ക്രിയാത്മക പരിശ്രമത്തിന് അദ്ദേഹം സ്വയം സജ്ജനായി. സെപ്തംബര്‍ 11ന് നാം ചരിത്രത്തിന്റെ മറ്റൊരു കാലഘട്ടത്തിലേക്ക് കടന്നതോടെ വ്യത്യസ്ത വീക്ഷണഗതി വികസിപ്പിച്ചെടുക്കുന്നതിന് തുല്യമായ തീവ്രതയോടെ പ്രയത്‌നിക്കേണ്ടതുണ്ട്. അസാധാരണമായി തോന്നാം, ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെ  ശബ്ദകോലാഹലങ്ങളേക്കാള്‍ നമ്മുടെ കാലത്തെ സംഭവങ്ങളേയും അവയിലന്തര്‍ഭവിച്ച പ്രാധാന്യത്തേയുംകുറിച്ച് കൂടുതല്‍ പഠിപ്പിക്കാനുണ്ട്.
മുഹമ്മദ് മതപരമായ യാഥാസ്ഥിതികത്വം അടിച്ചേല്‍പ്പിക്കാനല്ല ശ്രമിച്ചത്. നിഗൂഢമായ ആധ്യാത്മികതയില്‍ (metaphysics) അദ്ദേഹത്തിന് അധികതാല്‍പര്യമുണ്ടായിരുന്നില്ല; മറിച്ച് ജനഹൃദയങ്ങളെയും മനസ്സുകളെയും മാറ്റിയെടുക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. തന്റെ കാലത്ത് നിലനിന്നിരുന്ന ആദര്‍ശത്തെ മുഹമ്മദ് ജാഹിലിയ്യ എന്ന് വിളിച്ചു. അറേബ്യയിലെ ഇസ്‌ലാമിനു മുമ്പുള്ള ഈ കാലഘട്ടത്തെ മുസ്‌ലിംകള്‍ അജ്ഞാനകാലം എന്നാണ് സാധാരണയായി മനസ്സിലാക്കി പോന്നിട്ടുള്ളത്. എന്നാല്‍ അടുത്തകാലത്ത് നടന്ന ഗവേഷണങ്ങള്‍ തെളിയിക്കുന്നത് മുഹമ്മദ് ജാഹിലിയ എന്ന് പ്രയോഗിച്ചത് ഒരു പ്രത്യേകചരിത്രസന്ധിയെയല്ല, ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നിലനിന്നിരുന്ന അക്രമത്തിനും ഭീകരതക്കും കാരണമാകുന്ന മാനസികനിലയെ  സൂചിപ്പിക്കാനാണെന്നാണ്. മുസ്‌ലിംലോകത്തെന്ന പോലെ പാശ്ചാത്യലോകത്തും ഈ മാനസികനില ഇന്ന് കാണാനാവും.
വിരോധാഭാസമാകാം, സ്വന്തം കാലഘട്ടത്തില്‍ വേരൂന്നിയതുകൊണ്ടാണ് മുഹമ്മദിന് കാലാതീതനായ വ്യക്തിയാകാന്‍ കഴിഞ്ഞത്. അദ്ദേഹം എന്തിനെതിരേ നിലകൊണ്ടു എന്നത് വിലമതിക്കാനാവാതെ അദ്ദേഹത്തിന്റെ നേട്ടങ്ങളെ മനസ്സിലാക്കാനാവില്ല. നമ്മുടെ വിഷമാവസ്ഥയില്‍ അദ്ദേഹത്തിന് എന്ത് സംഭാവന ചെയ്യാനാവുമെന്ന് തിരിച്ചറിയാന്‍ വിശുദ്ധമായ മക്കാ നഗരത്തിന് പുറത്ത് ഒറ്റപ്പെട്ട മലമുകളില്‍ ഏകദേശം 1400 വര്‍ഷം മുമ്പ് അദ്ദേഹത്തെ പ്രവാചകനാക്കിയ ആ ദുരന്തലോകത്ത് നാം പ്രവേശിക്കണം
2
മുഹമ്മദ് നബിയുടെ ജീവചരിത്രം എഴുതാനുള്ള എന്റെ ആദ്യ പരിശ്രമത്തിന്റെ അവസാനത്തില്‍ കനേഡിയന്‍ പണ്ഡിതനായ വില്‍ഫ്രഡ് കാന്റ്‌വെല്‍സ്മിത്തിന്റെ(1916-2000) ദീര്‍ഘദര്‍ശനസ്വഭാവമുള്ള വാക്കുകള്‍ ഞാന്‍ ഉദ്ധരിച്ചിരുന്നു. ആരോഗ്യപരവും പ്രവര്‍ത്തനക്ഷമവുമായ ഇസ്‌ലാം മാന്യതയുടെ മൂല്യങ്ങള്‍ പോഷിപ്പിക്കാന്‍ നൂറ്റാണ്ടുകളായി മുസ്‌ലിംകളെ സഹായിച്ചിട്ടുണ്ടെന്നും ഇസ്‌ലാമും പടിഞ്ഞാറും ഒരേ പാരമ്പര്യത്തില്‍ നിന്നും ഉത്ഭവിച്ചതിനാല്‍ ഈ മൂല്യങ്ങള്‍ പടിഞ്ഞാറും പങ്കുവെക്കുന്നുണ്ടെന്നും 20-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സൂയസ് കനാല്‍  പ്രതിസന്ധിക്ക് തൊട്ടുമുമ്പ് എഴുതവെ അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. എന്നാല്‍ ചില മുസ്‌ലിംകള്‍ക്ക് പാശ്ചാത്യ ആധുനികത്വത്തോട് ചില വൈഷമ്യങ്ങളുണ്ട്. ഗ്രന്ഥം നല്‍കപ്പെട്ടവരുടെ സംസ്‌കാരത്തിനുനേരേ തിരിഞ്ഞ അവര്‍ തങ്ങളുടെ സഹോദര വിശ്വാസങ്ങളോടുള്ള വെറുപ്പിനെ ഇസ്‌ലാമികവത്കരിക്കാന്‍ പോലും തുടങ്ങിയിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരവും സുസ്ഥാപിതനിയമങ്ങളുമൊന്നും അപ്രത്യക്ഷമാകാന്‍ പോകുന്നില്ലെന്നും അതുകൊണ്ട് കാലത്തിന്റെ വെല്ലുവിളികളെ നേരിടണമെങ്കില്‍ മുസ്‌ലിംകള്‍ അവ രണ്ടും നിര്‍ബന്ധമായും മനസ്സിലാക്കണമെന്നും കാന്റ്‌വെല്‍ സ്മിത്ത് വാദിക്കുന്നു. ഇസ്‌ലാമിക സമൂഹങ്ങള്‍ ഇത് ചെയ്യുന്നില്ലെങ്കില്‍ 20ാം നൂറ്റാണ്ടിന്റെ ഗുണപരീക്ഷണത്തില്‍ അവര്‍ പരാജയപ്പെടുമെന്നും അദ്ദേഹം തറപ്പിച്ചുപറയുന്നു. അതേസമയം പാശ്ചാത്യജനതക്കും ഒരു പ്രശ്‌നമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. 'തങ്ങളേക്കാള്‍ മോശക്കാരോടൊപ്പമല്ല, തുല്യരോടൊപ്പമാണ് അവര്‍ ഭൂഗോളം പങ്കിടുന്നതെന്ന തിരിച്ചറിവില്ലായ്മ'യാണ് ആ പ്രശ്‌നം. ''പാശ്ചാത്യസംസ്‌കാരം ബുദ്ധിപരമായും സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും, ക്രിസ്ത്യന്‍ ചര്‍ച്ച് ദൈവശാസ്ത്രപരമായും ഇതരവിഭാഗങ്ങളോട് അടിസ്ഥാനപരമായി ആദരവോടെ പെരുമാറാന്‍  പഠിക്കണം. അല്ലെങ്കില്‍ 20-ാം നൂറ്റാണ്ടിന്റെ യഥാര്‍ഥ സ്ഥിതിഗതികളുമായി പൊരുത്തപ്പെടുന്നതില്‍ ഇവ രണ്ടും തങ്ങളുടെ ഊഴമെത്തുമ്പോള്‍ പരാജയപ്പെടും. ഇവിടെ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍, തീര്‍ച്ചയായും ഇസ്‌ലാമുമായുള്ള പാരസ്പര്യത്തില്‍ നാം സ്പര്‍ശിച്ചുപോകുന്ന മറ്റേതു പ്രശ്‌നവും പോലെ വലുതാണ്'' (Wilfred Cantwell Smith, Islam in Modern History, Princeton& London, 1957, p: 305).
21-ാം നൂറ്റാണ്ടിന്റെ ചൂരുങ്ങിയ കാലത്തെ ചരിത്രം തെളിയിക്കുന്നത് ഇരുഭാഗവും ഈ പാഠം സ്വായത്തമാക്കിയില്ലെന്നാണ്. മഹാവിപത്ത് നമുക്ക് ഒഴിവാക്കണമെങ്കില്‍ മുസ്‌ലിംലോകവും പാശ്ചാത്യലോകവും ഇതരര്‍ക്ക് ഇടംകൊടുക്കാന്‍ പഠിച്ചതുകൊണ്ടുമാത്രം കാര്യമില്ല, അവരെ വിലമതിക്കാന്‍ കൂടി നിര്‍ബന്ധമായും പഠിക്കണം. സങ്കീര്‍ണ വ്യക്തിത്വത്തിന്റെ ഉടമയും ഉപരിപ്ലവവും പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതുമായ തരംതിരിക്കലിനെ ചെറുക്കുകയും ചെയ്ത മുഹമ്മദിന്റെ പ്രതിച്ഛായയില്‍ നിന്ന് ആരംഭിക്കുകയാണ് ഇതിന് നല്ല വഴി.
നമുക്ക് സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതോ അസാധ്യമായതോ ആയ കാര്യങ്ങള്‍ മുഹമ്മദ് ചിലപ്പോള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, അസാമാന്യ ഉള്‍ക്കാഴ്ചയുള്ള പ്രതിഭാശാലിയായ അദ്ദേഹം ഒരു മതത്തിനും സാംസ്‌കാരികപാരമ്പര്യത്തിനും അടിസ്ഥാനമിട്ടു. അത് സ്ഥാപിതമായിരിക്കുന്നത് വാള്‍കൊണ്ടല്ല, മറിച്ച് അതിന്റെ പേര്-ഇസ്‌ലാം- സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും അടയാളമാണ്.
(Karen Armstrong, A Prophet of Our Time, Harper Press, London, 2006,  p:17-20/ 213-214)
വിവ: റഫീഖ് സക്കരിയ്യ പള്ളത്ത്‌


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/1-3
എ.വൈ.ആര്‍