Prabodhanm Weekly

Pages

Search

2014 ജനുവരി 10

മുഹമ്മദ് നബി(സ) ഖുര്‍ആനില്‍-2

ഇ.എന്‍ ഇബ്‌റാഹീം മൗലവി / ലേഖനം

അധ്യാപകന്‍ എന്നതാണ് മുഹമ്മദി(സ)ന്റെ ഒരു പ്രധാന സ്ഥാനം. മൂന്ന് കാര്യങ്ങളാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ഒന്ന്, ഗ്രന്ഥം-ഖുര്‍ആന്‍. കിതാബ് എന്നാണ് ഖുര്‍ആന്റെ പ്രയോഗം. കിതാബ് ഗ്രന്ഥമാണ്. ഗ്രന്ഥം ഖുര്‍ആനും. ഹിക്മത്താണ് രണ്ടാമത്തേത്. ഖുര്‍ആന്റെ അഥവാ ഗ്രന്ഥത്തിന്റെ പ്രായോഗിക രൂപമാണത്. ദൈവദത്തമായതും ഗ്രന്ഥബാഹ്യവുമായ സംഗതിയാണ് ഹിക്മത്ത്. ജ്ഞാനം എന്ന് അതിന് അര്‍ഥം പറയാം. 20 സ്ഥലത്ത് ഹിക്മത്ത് എന്ന പദം ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. അതില്‍ ഒമ്പതിടത്ത് അതിനെ ഗ്രന്ഥവുമായി ബന്ധപ്പെടുത്തി (2:129,151,231, 3:48,81,164, 4:54,113, 5:110). അതില്‍ തന്നെ ആറിടത്ത് ഖുര്‍ആനാകുന്ന ഗ്രന്ഥവുമായി ബന്ധപ്പെടുത്തിയാണ് (2:129, 151, 231, 3:164, 4:113, 62:2) അത് പ്രയോഗിച്ചിരിക്കുന്നത്. 33:34-ല്‍ അല്ലാഹുവിന്റെ വചനങ്ങളു(ആയത്ത്)മായി ബന്ധപ്പെടുത്തിയും ഹിക്മത്ത് എന്ന പദം പ്രയോഗിച്ചിരിക്കുന്നു. ഫലത്തില്‍ അതും ഗ്രന്ഥവുമായി ബന്ധപ്പെടുത്തിതന്നെയാണ് പരാമര്‍ശിച്ചിരിക്കുന്നത്. അങ്ങനെയാവുമ്പോള്‍ ഏഴിടത്ത് ഗ്രന്ഥവുമായി അഥവാ ഖുര്‍ആനുമായി ബന്ധപ്പെടുത്തിയാണ് ഹിക്മത്ത് എന്ന പദം പ്രയോഗിച്ചിരിക്കുന്നതെന്ന് വരും. ഇവിടെയൊക്കെ ഒരു കാര്യം വ്യക്തം. ഹിക്മത്ത് പഠിപ്പിക്കുകയെന്നതും ഗ്രന്ഥം പഠിപ്പിക്കുകയെന്ന പോലെ തന്നെ മുഹമ്മദി(സ)ന്റെ ബാധ്യതയാണ്.
മൂന്നാമതൊരു കാര്യം കൂടി അദ്ദേഹം പഠിപ്പിക്കുന്നതായി ഖുര്‍ആന്‍ പറയുന്നുണ്ട്. സമൂഹം അതുവരെ പഠിച്ചിട്ടില്ലാത്ത, അവര്‍ക്കറിയാത്ത (2:151) കാര്യങ്ങളാണത്. അത് എന്തായിരിക്കാം? അറേബ്യന്‍ ജനത മാത്രമല്ല, ലോക ജനത മൊത്തം തന്നെ അന്ന് നിലകൊണ്ടിരുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത രീതിയിലും ആചാര സമീപനങ്ങളിലും ആമഗ്‌നരായാണ്. മനുഷ്യരെ തട്ടുകളായി തിരിക്കുന്ന വ്യവസ്ഥിതികളാണ് എവിടെയും. പെണ്ണ് എവിടെയും ഉപഭോഗവസ്തുവാണ്. അവള്‍ക്ക് ആത്മാവുണ്ടോ എന്ന് പോലും ചര്‍ച്ച ചെയ്തിരുന്ന കാലം. ഹിംസ്ര ജന്തുക്കള്‍ക്ക് മുന്നില്‍ വലിച്ചെറിയപ്പെടുന്ന ജീവനുള്ള മനുഷ്യന്‍. ആ ജന്തുക്കള്‍ അവനെ കടിച്ചു കീറുന്നത് കണ്ട് ആസ്വദിച്ച് ആര്‍ത്തട്ടഹസിച്ച് ചിരിക്കുന്ന 'ഉയര്‍ന്ന' വര്‍ഗം. ഉച്ചനീചത്വങ്ങള്‍ അരങ്ങുതകര്‍ത്താടാത്ത ഒരിടവും ഭൂമിയിലൊരിടത്തുമില്ലാത്ത ഒരു വല്ലാത്ത അവസ്ഥ. കുടുംബം, രാഷ്ട്ര സംവിധാനം അങ്ങനെ നിഖില ജീവിത മേഖലകളിലും അരാജകത്വം മാത്രം നിലനിന്ന ഘട്ടം കൂടിയായിരുന്നു മുഹമ്മദി(സ)ന്റെ രംഗപ്രവേശ കാലം. അവിടെയെല്ലായിടത്തും അതുവരെ ലോകത്തിന് പരിചയമില്ലാത്ത, ലോകം ശീലിച്ചിട്ടില്ലാത്ത ഒരു പുതിയ രീതി അദ്ദേഹം അവരെ പഠിപ്പിക്കുകയായിരുന്നു. അന്നത്തെ ലോകം മാത്രമല്ല, ആധുനിക ലോകം പോലും ആര്‍ജിച്ചെടുത്തിട്ടുള്ള ഉയര്‍ന്ന മൂല്യങ്ങള്‍ക്കും പരിഷ്‌കൃത രീതികള്‍ക്കും കടപ്പെട്ടിരിക്കുന്നത് ഖുര്‍ആനോടും മുഹമ്മദി(സ)നോടുമാണ്. 2:151-ലെ 'നിങ്ങള്‍ക്കറിയാത്ത ചിലതും അദ്ദേഹം നിങ്ങളെ  പഠിപ്പിക്കുന്നു' എന്ന ഖുര്‍ആനിക പ്രസ്താവനയെ ശഹീദ് സയ്യിദ് ഖുത്വ്ബ് ഇങ്ങനെ വിശദീകരിക്കുന്നു:
''മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട സംഭവലോകത്ത് അതൊരു യാഥാര്‍ഥ്യമായി പുലരുകയായിരുന്നു. അറേബ്യന്‍ സാഹചര്യത്തില്‍ ഇസ്‌ലാം അത് ആര്‍ജിച്ചെടുത്തു. അവിടവിടെയായി ചിതറിക്കിടക്കുന്ന അപൂര്‍വം ചിലതേ അവര്‍ക്കറിയുമായിരുന്നുള്ളൂ. മരുഭൂ പ്രദേശത്തെ ഗോത്ര ജീവിതത്തിന്, അല്ലെങ്കില്‍ മരുഭൂമിക്കുള്ളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആ കൊച്ചു നഗരങ്ങള്‍ക്കിണങ്ങുന്ന കാര്യങ്ങള്‍. അങ്ങനെ ഇസ്‌ലാം അവരാല്‍ ഒരു സമൂഹത്തെ ഉരുവം കൊള്ളിച്ചെടുത്തു. വിവേകപൂര്‍വം, ബലവത്തായ അറിവും ഉള്‍ക്കാഴ്ചയും സൂക്ഷ്മജ്ഞാനവും കൈമുതലായി മനുഷ്യകുലത്തെ നയിക്കാന്‍ പോന്ന ഒരു സമൂഹത്തെ. ഖുര്‍ആനില്‍ നിന്ന് തിരുദൂതര്‍ സ്വാംശീകരിച്ചെടുത്ത അവബോധങ്ങള്‍ക്കൊപ്പം ഈ പഠനത്തിന്റെയും ദിശാബോധത്തിന്റെയും അടിസ്ഥാനം ഖുര്‍ആനായിരുന്നു. അല്ലാഹുവിന്റെ ദൂതരുടെ പള്ളി, ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചിരുന്നിടം, ഖുര്‍ആനില്‍നിന്ന് സ്വാംശീകരിച്ചെടുത്ത ദിശാബോധന പാഠങ്ങള്‍ പ്രയോഗവത്കരിച്ചിരുന്ന ഇടം - അതൊരു മഹത്തായ കലാശാലയായിരുന്നു. മാനുഷ്യകത്തെ വിവേകപൂര്‍വം ഭദ്രമായി നയിച്ച ആ തലമുറ അവിടെ നിന്നാണ് വിദ്യ നേടി പുറത്തിറങ്ങിയത്. മനുഷ്യകുലത്തിന്റെ സുദീര്‍ഘ ചരിത്രത്തിലൊരിക്കലും- അതിനു മുമ്പും പിമ്പും- സമാനത കണ്ടെത്താനാവാത്ത നായകത്വം.
ആ തലമുറക്ക് ബീജാവാപം നല്‍കിയ ഈ മാര്‍ഗം കാലഗതിയിലുടനീളം തത്തുല്യ തലമുറകള്‍ക്കും നേതൃത്വങ്ങള്‍ക്കും അസ്തിത്വം നല്‍കാന്‍ ഇന്നും പര്യാപ്തമാണ്. മുസ്‌ലിം സമൂഹം ഈ ഒരു സ്രോതസ്സിലേക്ക് തിരിച്ചുപോവണമെന്ന് മാത്രം. അവര്‍ ഈ ഖുര്‍ആനില്‍ വിശ്വാസം കൊള്ളണം. അവര്‍ അതാവണം ജീവിത പാതയായി തെരഞ്ഞെടുക്കുന്നത്. കാതുകളെ ത്രസിപ്പിക്കാന്‍ പാകത്തില്‍ വാക്കുകൊണ്ട് സംഗീതാത്മകമായി ഉരുവിടുന്ന വചനങ്ങളായല്ല'' (ഫീളിലാലില്‍ ഖുര്‍ആന്‍ 2:139).

സംസ്‌കരണം
ശുദ്ധീകരിക്കുകയും അലങ്കരിക്കുകയും ചെയ്യുമ്പോഴാണ് സംസ്‌കരണം സാധിക്കുന്നത്. മനുഷ്യന്റെ വാക്-കര്‍മങ്ങള്‍ക്കൊപ്പം മനസ്സംസ്‌കരണവും സാധിക്കേണ്ടതുണ്ട്. ധര്‍മാധര്‍മ സംഘട്ടന കളരിയാണ് മനസ്സ്. ഒരുപാട് നന്മകളുടെ വിളനിലം; തിന്മകളുടെയും. യുക്തിയും ഭക്തിയും ഒപ്പം പാവനതയും ഒന്നിച്ച് ചേരുമ്പോഴാണ് സംസ്‌കരണം സാധിക്കുന്നത്. ഈ സംസ്‌കരണം പരിശുദ്ധനായ ഒരു ഗുരുവിലൂടെ മാത്രമേ സാധ്യമാവൂ. തമോഗുണം എന്ന ഒന്നുണ്ട്. നികൃഷ്ടകര്‍മങ്ങള്‍ക്ക് കാരണമാകുന്നതും മനസ്സില്‍ ലീനമായതുമായ മനോഭാവമാണത്. തമോഗുണമുക്തന് മാത്രമേ മനുഷ്യനെ സംസ്‌കരിക്കാനാവൂ. അത്തരമൊരു തമോഗുണമുക്തി ദൈവത്തിന്റെ വരദാനമാണ്. പ്രവാചകന്മാര്‍ക്ക് മാത്രം ലഭ്യമാവുന്നത്. അതിനാല്‍ ആ ശുദ്ധീകരണ പ്രക്രിയ പ്രവാചകനിലൂടെ വേണം നടക്കുന്നത്. ആ സ്ഥാനമാണ് മുഹമ്മദി(സ)ന് ലഭ്യമായത്. അതിനാല്‍ ആ സംസ്‌കരണ പ്രക്രിയ മറ്റുള്ളവരില്‍ നടത്തുന്നതും അദ്ദേഹമാവണം എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതു സംബന്ധിച്ച് ഖുര്‍ആനില്‍ നാലിടത്ത് (2:129,151, 3:164, 62:2) പരാമര്‍ശമുണ്ട്. അദ്ദേഹം സമൂഹത്തിന്റെയും വ്യക്തിയുടെയും നിസ്സാര വ്യതിയാനം പോലും തിരുത്തിക്കുന്നതായി കാണാം.

സാക്ഷ്യം
സമൂഹത്തിന് സാക്ഷിയാവുക എന്നതായിരുന്നു മുഹമ്മദി(സ)ന്റെ മറ്റൊരു ഉത്തരവാദിത്വം. ഏറ്റെടുത്ത ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. തദടിസ്ഥാനത്തില്‍ ഒരു സമൂഹത്തെ വാര്‍ത്തെടുത്തു. ഒരു രാഷ്ട്രം സ്ഥാപിച്ചു. നീതിനിഷ്ഠമായ വ്യവസ്ഥ നടപ്പില്‍ വരുത്തി. ഏതു വിശ്വാസം വെച്ചുപുലര്‍ത്തുന്നവര്‍ക്കും ഒന്നിച്ചു കഴിയാവുന്ന ഒരു സാമൂഹിക ക്രമം പ്രാവര്‍ത്തികമാക്കി. സ്ത്രീകളെ മാനുഷിക വിതാനത്തിലേക്കുയര്‍ത്തിക്കൊണ്ടുവന്നു. അവര്‍ക്കും സമൂഹത്തില്‍ തുല്യ പരിഗണന ഉറപ്പുവരുത്തി. കുട്ടികളെ സ്‌നേഹിക്കാന്‍ മറന്ന ഒരു സമൂഹത്തെ സ്‌നേഹത്തിന്റെ ആഴം പഠിപ്പിച്ചു. പിഞ്ചോമനകളെ ചുംബിക്കാന്‍ മടിച്ച ഒരു സമൂഹത്തെ അവരെ ചുംബിക്കാന്‍ പഠിപ്പിച്ചു. രണ്ടുതരം പൗരന്മാര്‍, അവര്‍ക്ക് രണ്ടുതരം നിയമം എന്ന നിലമാറ്റി. സമൂഹത്തില്‍ എല്ലാവര്‍ക്കും അവകാശവും ബാധ്യതയുമുണ്ടെന്നും ആ അവകാശബാധ്യതകള്‍ നിറവേറ്റാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അവരെ പഠിപ്പിച്ചു. സാമ്പത്തിക രംഗം ക്രമപ്പെടുത്തി. അത് ചൂഷണമുക്തമാക്കി പുനഃസൃഷ്ടിച്ചു.... അങ്ങനെ എല്ലാറ്റിനും സാക്ഷിയായാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.

പ്രബോധകന്‍
ഉണര്‍ത്തുക, ഉപദേശിക്കുക എന്നൊക്കെയാണ് പ്രബോധനം എന്ന പദത്തിനര്‍ഥം. എന്നാല്‍, പ്രബോധനം എന്ന പദം മതമേഖലയില്‍ ധര്‍മപ്രചാരണം, ധര്‍മത്തിലേക്ക് ക്ഷണിക്കുക എന്നീ അര്‍ഥകല്‍പനയിലാണ്, വിശേഷിച്ചും മുസ്‌ലിം മതമേഖലയില്‍. പ്രവാചകനെ സംബന്ധിച്ചുള്ള ഖുര്‍ആന്റെ പ്രയോഗം ദാഈ എന്നാണ്. ദഅ്‌വത്ത് എന്ന ധാതുവിന്റെ കര്‍തൃനാമ രൂപമാണ് ദാഈ എന്നത്. ദഅ്‌വത്ത് എന്നതിന് വിളിക്കുക, ക്ഷണിക്കുക എന്നൊക്കെയാണ് അര്‍ഥം. അതായത് പ്രവാചകന്‍ ധാര്‍മിക ഉദ്‌ബോധനം നടത്തുന്നയാള്‍ മാത്രമല്ല, അതിലേക്ക് ക്ഷണിക്കുന്നവന്‍ കൂടിയാണ്. കേവല ധാര്‍മികതയിലേക്കല്ല അദ്ദേഹം ക്ഷണിക്കുന്നത്; അല്ലാഹുവിലേക്കാണ്. അല്ലാഹുവിനുള്ള പൂര്‍ണ സമര്‍പ്പണത്തിലേക്ക്. ജീവിതം സര്‍വം അല്ലാഹുവിന് സമര്‍പ്പിക്കലാണ് ഇബാദത്ത്. അതാണ് ഇസ്‌ലാം. അദ്ദേഹം അത്തരമൊരു സമര്‍പ്പണത്തിന് വേണ്ടി ക്ഷണിക്കുക മാത്രമായിരുന്നില്ല, അതിന്റെ കിടയറ്റ മാതൃക കൂടിയായിരുന്നു. ആ മാതൃക വേണം ലോകം ഉള്‍ക്കൊള്ളാന്‍ എന്നത് കൂടി അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ ഭാഗമാണ്.

പ്രോജ്ജ്വല ദീപം
പ്രോജ്ജ്വലദീപത്തിന് സിറാജ് എന്നാണ് ഖുര്‍ആന്റെ പ്രയോഗം. പ്രകാശം പ്രസരിപ്പിക്കുന്ന ദീപം എന്ന അര്‍ഥത്തില്‍ മുനീര്‍ എന്നും. സിറാജ് എന്ന് സൂര്യനെക്കുറിച്ചും മുനീര്‍ എന്ന് ചന്ദ്രനെക്കുറിച്ചുമാണ് ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത്.
എന്നാല്‍, ഈ രണ്ട് പ്രയോഗവും ഒന്നിച്ച് ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത് മുഹമ്മദി(സ)നെക്കുറിച്ചാണ്. അദ്ദേഹം ഒരര്‍ഥത്തില്‍ സിറാജാണ്. മറ്റൊരര്‍ഥത്തില്‍ മുനീറും. ഖുര്‍ആനാകുന്ന ഗ്രന്ഥമില്ലെങ്കില്‍ പോലും പ്രവാചകന്‍ എന്ന നിലക്ക് അദ്ദേഹം ഉജ്ജ്വല പ്രഭ ചൊരിയുന്ന ഭദ്രദീപമാണ്. കാരണം, അദ്ദേഹം സംസാരിക്കുന്നത് ദിവ്യബോധനത്തെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാല്‍, അദ്ദേഹം മറ്റൊരു പ്രകാശ ഗോപുരത്തില്‍ നിന്ന് കൂടി പ്രകാശം സ്വീകരിച്ചുകൊണ്ട് അതും വിതരണം ചെയ്യുന്നുണ്ട്. ഖുര്‍ആനാണ് ആ പ്രകാശഗോപുരം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഖുര്‍ആന്‍ മാത്രമല്ല, ഖുര്‍ആന്ന് മുഹമ്മദ്(സ) നല്‍കുന്ന പ്രായോഗിക വിശദീകരണം കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ആര്‍ക്കും മുഹമ്മദി(സ)നെ അല്ലാഹുവിന്റെ ദൂതനും പ്രവാചകനുമായി അംഗീകരിക്കാനാവുകയുള്ളൂ. മുഹമ്മദിന്റെ ജീവിതകാലത്ത് മാത്രമല്ല, അദ്ദേഹത്തിന്റെ മരണശേഷവും അത് അനിവാര്യം. 'അദ്ദേഹം മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്‍വാങ്ങിക്കളയുമെന്നോ' (3:144) എന്ന ഖുര്‍ആന്റെ ചോദ്യം വ്യക്തമാക്കുന്നത് അതാണ്.
ഈ ബഹുമുഖ വിശേഷണങ്ങളുള്‍ക്കൊള്ളുന്ന ഒരു പൂര്‍ണ മനുഷ്യന്‍ മുഹമ്മദി(സ)നെപ്പോലെ മുഹമ്മദ്(സ) മാത്രമേയുള്ളൂ. അതുകൊണ്ടാണ് 'നിങ്ങള്‍ക്ക് അതായത് അല്ലാഹുവിനെയും ഒപ്പം പരലോകത്തെയും പ്രതീക്ഷിക്കുകയും അല്ലാഹുവിനെ കൂടുതലായി സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ ദൂതരിലാണ് ഉത്തമ മാതൃകയുള്ളത്' (33:21) എന്ന് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്. (അവസാനിച്ചു)  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/1-3
എ.വൈ.ആര്‍