പ്രകാശ ഗോപുരങ്ങള്‍
ചില വ്യക്തിത്വങ്ങള്‍ നമ്മുടെ ജീവിതത്തെ അഗാധമായി സ്വാധീനിക്കും. നമ്മുടെ ജീവിത വീക്ഷണ നിര്‍മിതിയിലും സ്വഭാവ സംരചനയിലും വ്യക്തിത്വങ്ങള്‍ വലിയ പങ്കുവഹിക്കും. ജീവിതയാത്രയിലെ ഓരോ നിമിഷത്തിലും അവരുമായുള്ള ബന്ധം അദൃശ്യ സാന്നിധ്യമായി, വെളിച്ചമായി നമ്മെ നയിച്ചുകൊണ്ടിരിക്കും.
ഈയിടെ അന്തരിച്ച പി.കെ അബ്ദുല്ല മൗലവിയും രോഗ ശയ്യയില്‍ കിടക്കുന്ന കെ.എം അബ്ദുര്‍റഹീം സാഹിബും ഈ വിധത്തില്‍ എന്റെ ജീവിതത്തെ രൂപപ്പെടുത്തുകയും ദിശ നിര്‍ണയിക്കുകയും ചെയ്ത രണ്ട് വ്യക്തിത്വങ്ങളാണ്. 1962-1969 വരെയുള്ള കാലയളവില്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ വിദ്യാര്‍ഥിയായിരുന്നപ്പോഴുള്ള ബന്ധമാണ് പി.കെ അബ്ദുല്ല മൗലവിയെക്കുറിച്ചോര്‍ക്കാനുള്ളതെങ്കില്‍ 1958 മുതല്‍ നാളിതുവരെയുള്ള ജീവിതയാത്രയിലെ ഓരോ നിമിഷത്തിലെയും നിറ സാന്നിധ്യമാണ് കെ.എം അബ്ദുര്‍റഹീം സാഹിബ്. ശാന്തപുരത്ത് റഹീം സാഹിബിന്റെ ശിഷ്യനാവാന്‍ ഭാഗ്യമുണ്ടായ ആദ്യ വര്‍ഷങ്ങളും ഓര്‍ക്കുന്നു. കൊച്ചു കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയും എളിമയും ലാളിത്യവുമാണ് പി.കെയുടെയും റഹീം സാഹിബിന്റെയും സ്വഭാവ മുദ്ര. ശാന്തപുരത്ത് ചേര്‍ന്ന വര്‍ഷം. നാലാം ക്ലാസ്സിലെ ഉര്‍ദു പാഠപുസ്തകമായ ഹമാരി കിതാബില്‍ അദബി നിഗാര്‍ശാത്ത് എന്ന വാക്കിന്റെ അര്‍ഥം 'സാഹിത്യോല്ലേഖനങ്ങള്‍' എന്നാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഉണ്ടായ പുകില് ഓര്‍ത്തുപോകുന്നു. പന്ത്രണ്ടുകാരന്റെ കൊച്ചുവായില്‍ നിന്ന് ഇത്രയും വലിയ കനമുള്ള വാക്ക് പുറത്തുവന്നപ്പോള്‍ വിസ്മയം പൂണ്ട പി.കെ, പ്രിന്‍സിപ്പല്‍ എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ മുറിയിലേക്ക് കൈപിടിച്ചു കൊണ്ടുപോയി പ്രശംസ കൊണ്ടു മൂടി. വേങ്ങേരി മദ്‌റസയില്‍ അന്ന് ഞങ്ങളെ ഉര്‍ദു പഠിപ്പിച്ച എന്‍.എം ശരീഫ് മൗലവിക്കും എം.എ റശീദ് സാഹിബിനുമാണ് അതിന്റെ ബഹുമതിയെന്ന് എ.കെ പറഞ്ഞത് ഓര്‍ക്കുന്നു. വിദ്യാര്‍ഥികളായ ഞങ്ങളുടെ ഓരോ നേട്ടത്തിലും വിജയത്തിലും ഹൃദയം നിറഞ്ഞാഹ്ലാദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഗുരുവര്യരെക്കുറിച്ചുള്ള ഓര്‍മകള്‍ ഞങ്ങളെ ധന്യരാക്കുന്നു. പി.കെയുടെ മരണവാര്‍ത്ത ഹൃദയത്തില്‍ മുറിവുകളേല്‍പിച്ചു. രോഗശയ്യയില്‍ കിടക്കുന്ന അബ്ദുര്‍റഹീം സാഹിബിനെക്കുറിച്ചുള്ള ഗതകാല സ്മരണകള്‍ ഈ സന്ദര്‍ഭത്തില്‍ മനസ്സിലേക്കോടിവരുന്നു. പി.കെ അബ്ദുല്ല മൗലവിയെക്കുറിച്ചും കെ.എം അബ്ദുര്‍റഹീം സാഹിബിനെക്കുറിച്ചും 2003-ല്‍ പ്രസിദ്ധീകരിച്ച അല്‍ ജാമിഅ സുവനീറില്‍ എഴുതിയ ഭാഗങ്ങള്‍ ഇന്ന് വീണ്ടും വായിച്ചു നോക്കിയപ്പോള്‍, രണ്ട് വ്യക്തിത്വങ്ങളിലെയും സൂക്ഷ്മാംശങ്ങള്‍ വിശദമാക്കുന്ന ആ ഭാഗങ്ങള്‍ വായനക്കാരുമായി പങ്കിടുന്നത് ഉചിതമാവുമെന്ന് തോന്നി.
* * * *
പി.കെ അബ്ദുല്ല മൗലവി ഹൃദ്യമായ ഒരു അനുഭവമാണ്. വസ്ത്രധാരണത്തില്‍, സൗന്ദര്യബോധത്തില്‍, സംസാരത്തില്‍, പെരുമാറ്റത്തില്‍, ഭാഷാ ശൈലിയില്‍, ഭാവഹാവാദികളില്‍ വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വം. ആസൂത്രണത്തോടെ കണക്ക് കൂട്ടിയ, കണിശമായ വരവണ്ണം തെറ്റാതെ ചിട്ടപ്പെടുത്തിയ ജീവിത ചര്യ. ചുങ്കത്തെ ആഴ്ച ചന്തയില്‍ നിന്ന് വാങ്ങിയ സാധന സഞ്ചിയുമായി വീട്ടിലേക്ക് നടന്നുവരുന്ന അതേ ലാളിത്യത്തോടെ ക്ലാസ്സുകളെടുത്തും വിദ്യാര്‍ഥികളോട് ഇടപെട്ടും സ്‌നേഹം നല്‍കിയും സ്‌നേഹം വാങ്ങിയും ശാന്തപുരത്തെ മണ്ണിനോടും കല്ലിനോടും മനുഷ്യനോടും സംവദിച്ച പി.കെ. വായന അദ്ദേഹത്തിന്റെ ഹോബി. ആനുകാലികങ്ങളും പത്രങ്ങളും തനിക്കാദ്യം കിട്ടണമെന്ന കൊച്ചു നിര്‍ബന്ധം. ഞങ്ങള്‍ക്ക് ഉര്‍ദുവും ഹദീസും പഠിപ്പിച്ചത് പി.കെ. ഞങ്ങളില്‍ സാഹിത്യാഭിരുചിയും വായനാ സംസ്‌കാരവും വളര്‍ത്തിയത് പി.കെ. ഒരു സായാഹ്നത്തില്‍ ആ സ്‌നേഹനിധി, കെ.പി കേശവമേനോന്‍ രചിച്ച 'ജീവിത ചിന്തകള്‍', 'ജീവിത വിജയം' എന്നീ രണ്ട് കൃതികള്‍ വായിക്കാന്‍ തന്നു. ഇടക്കിടെ വായനയുടെ പുരോഗതി അന്വേഷിച്ചറിയും. അധ്യായങ്ങളുടെ സംഗ്രഹം പറയിപ്പിക്കും. വായനയുടെയും എഴുത്തിന്റെയും പഠനത്തിന്റെയും ലോകത്തേക്ക് ആദ്യത്തെ ചുവടുവെപ്പുകളായിരുന്നു അതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.
* * * *
വരാന്തയിലൂടെ നടന്നുവരുന്നത് കെ.എം അബ്ദുര്‍റഹീം സാഹിബ്. ഞങ്ങള്‍ക്ക് ഇംഗ്ലീഷ്, മലയാളം, സോഷ്യല്‍ സ്റ്റഡീസ് പാഠങ്ങള്‍ അദ്ദേഹമാണെടുത്തത്. വെളുത്ത് മെലിഞ്ഞ് ഉയരമുള്ള, ഗുഭ്രവസ്ത്രധാരിയായ, കറുത്ത് നീണ്ട തിങ്ങിയ താടിയോടെ ക്ലാസ്സില്‍ വന്ന് കയറുന്ന റഹീം സാഹിബിന്റെ സ്‌നേഹാര്‍ദ്രമായ നോട്ടവും മധുര മനോഹരമായ ശബ്ദവും കണ്ണുകളില്‍ കത്തുന്ന അലിവാര്‍ന്ന ആജ്ഞാശക്തിയും കഴിഞ്ഞകാല ഓര്‍മകളില്‍ വേറിട്ടുനില്‍ക്കുന്നു. ബാലാമണിയമ്മയുടെ സമാഹാരമായ 'സോപാന'ത്തിലെ കവിതകള്‍ റഹീം സാഹിബിന്റെ കണ്ഠത്തില്‍ നിന്ന് ഒഴുകിയെത്തുന്നത് കാതോര്‍ക്കവെ, അബുല്‍ ജലാലിന്റെയും ശരീഫ് മൗലവിയുടെയും ക്ലാസ്സുകള്‍ നിശ്ശബ്ദമായി. വൈലോപ്പിള്ളിയുടെ കടല്‍കാക്കകളിലെ
'കൊള്ളാന്‍വല്ലതുമൊന്നുകൊടുക്കാ
നില്ലാതില്ലൊരു മുള്‍ച്ചെടിയും
ഉദയക്കതിരിനെ മുത്തും മാനവ
ഹൃദയപനിനീര്‍ പൂന്തോപ്പില്‍' എന്ന വരികള്‍ ശ്രുതിമധുരമായ ഈണത്തില്‍ റഹീം സാഹിബ് ചൊല്ലി പഠിപ്പിക്കുമ്പോള്‍ കേട്ടുപഠിക്കുന്നത് പഴയനാളിലെ ക്ലാസ് റൂമുകളില്‍ അധ്യാപകരും വിദ്യാര്‍ഥികളും ഒന്നടങ്കം.
''അഹ്മദേ! നീ എന്ത് പറയുന്നു? ഇംഗ്ലീഷില്‍ എങ്ങനെ പറയും?'' റഹീം സാഹിബിന്റെ ചോദ്യം. ''വാട്ടാര്‍ യു ടോള്‍ഡിംഗ്?'' അഹ്മദ്. ''അഹ്മദേ! എന്താ ഇരുട്ടില്‍ അമ്പെയ്യുകയാണോ?'' റഹീം സാഹിബ് പൂന്താനത്തെ അഹ്മദിനോട്. അഹ്മദ് മരിച്ചുപോയി. റഹീം സാഹിബിന്റെ മുഖം മുമ്പേ പരിചിതം. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് (അന്ന് അദ്ദേഹം ചേന്ദമംഗല്ലൂരില്‍ അധ്യാപകന്‍) വേങ്ങേരി മദ്‌റസാ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പ്രസംഗം എഴുതി തയാറാക്കി കാണാതെ പഠിപ്പിച്ച് പരിശീലിപ്പിക്കാന്‍ അവിടെ വന്നത്. 'കരഞ്ഞ് കൊണ്ടു ജനിക്കുന്ന, കണ്ണീരൊഴുക്കി മരിക്കുന്ന' എന്ന വാചകത്തില്‍ തുടങ്ങിയ ആ പ്രസംഗം ജീവിതത്തിലെ ആദ്യത്തെ പ്രസംഗാനുഭവമായിരുന്നു. പ്രസംഗം പഠിപ്പിക്കാന്‍ വന്ന ആദ്യ ദിവസം ഉമ്മയുടെ വീട്ടില്‍ മഴവെള്ളത്തില്‍ കളിക്കാനും പൂന്നെല്ലിന്റെ അവില്‍ തിന്നാനും വിരുന്ന് പോയതായിരുന്നു. രണ്ടാം തവണയും അദ്ദേഹം വന്നു പഠിപ്പിച്ചു. റഹീം സാഹിബുമായി അന്നാരംഭിച്ച ബന്ധം കുവൈത്തില്‍ വളര്‍ന്നു. ഇന്നും ശക്തമായി തുടരുന്നു. ശാന്തപുരത്തെ വിദ്യാര്‍ഥികളായിരുന്ന ഒ. അബ്ദുല്ലയെയും ഒ. അബ്ദുര്‍റഹ്മാനെയും ടി.കെ ഇബ്‌റാഹീം (ടൊറണ്ടോ)സാഹിബിനെയും വി.പി അഹ്മദ് കുട്ടിയെയും (കനഡ) കണ്ടെടുത്ത് വളര്‍ത്തി വലുതാക്കിയത് റഹീം സാഹിബ്.
Comments