Prabodhanm Weekly

Pages

Search

2014 ജനുവരി 10

ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന മുസ്‌ലിം ചരിത്ര കോണ്‍ഫറന്‍സ്

ഡോ. ടി. ജമാല്‍ മുഹമ്മദ് / അവലോകനം

ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്, ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് എന്നിവയുമായി ബന്ധപ്പെട്ട ചരിത്രകാരന്മാരുടെ വാര്‍ഷിക സമ്മേളനങ്ങളില്‍ പല തവണ പങ്കെടുക്കാനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ വൈസ് പ്രസിഡന്റായും നിര്‍വാഹക സമിതിയംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയാടിസ്ഥാനത്തില്‍ സംഘടിക്കപ്പെടുന്ന പ്രസ്തുത സമ്മേളനങ്ങളില്‍ രാജ്യത്തിന്റെ പ്രമുഖ സര്‍വകലാശാലകളില്‍ നിന്നും ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നുമുള്ള പണ്ഡിതന്മാരായ ചരിത്രകാരന്മാരും ഗവേഷകരും പങ്കെടുക്കുന്നതുകൊണ്ടുതന്നെ അവയില്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളും ശ്രദ്ധേയമായിത്തീരുന്നു. ഈ അനുഭവ സമ്പത്ത് വെച്ചുകൊണ്ടുതന്നെ പറയട്ടെ, ഇക്കഴിഞ്ഞ ഡിസംബര്‍ 22,23,24 തീയതികളില്‍ കോഴിക്കോട് ജെ.ഡി.റ്റി ഇസ്‌ലാം കാമ്പസില്‍ വെച്ച് നടന്ന മുസ്‌ലിം പൈതൃക ചരിത്ര കോണ്‍ഗ്രസ് പ്രബന്ധങ്ങളുടെ പ്രാധാന്യം കൊണ്ടും സംഘാടനപാടവം കൊണ്ടും മുന്‍പറഞ്ഞ പ്രഫഷണല്‍ സംഘടനകളെ അതിശയിപ്പിക്കുന്നതായിരുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ടതാണെങ്കിലും ഇന്ത്യയുടെ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ മുസ്‌ലിംകളുടെ സംഭാവന തികച്ചും ഔന്നത്യം അര്‍ഹിക്കുന്നതാണെന്നുള്ള വസ്തുത നിഷേധിക്കാന്‍ കഴിയുകയില്ല. ഇന്ത്യയുടെ സാംസ്‌കാരിക പുരോഗതിയില്‍ മറ്റേതൊരു ജനവിഭാഗത്തിനോടൊപ്പവും മുസ്‌ലിംകള്‍ക്കും തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയും. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അവര്‍ അര്‍ഹിക്കുന്ന സ്ഥാനം സാമൂഹിക ജീവിതത്തില്‍ അവര്‍ക്ക് ലഭിക്കുന്നില്ല. കേരളത്തെ സംബന്ധിച്ചേടത്തോളം അവരുടെ ചരിത്രം ത്യാഗനിര്‍ഭരമായ ചെറുത്തുനില്‍പിന്റേതാണ്. അതിന്റെ പ്രകടമായ രൂപമായിരുന്നു മലബാര്‍ സമരം.ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാറിലെ മുസ്‌ലിംകള്‍ നടത്തിയ സമരത്തിന് ദേശീയമായി അര്‍ഹിക്കുന്ന പ്രാധാന്യം ഇന്നും ലഭിച്ചിട്ടില്ല. കേരളത്തിന്റെ ചരിത്രത്തില്‍ മുസ്‌ലിംകള്‍ കെട്ടിപ്പടുത്ത ഈടുവെപ്പുകള്‍ എന്തൊക്കെയാണെന്ന് അന്വേഷിക്കുകയും അവ പൊതുജനമധ്യത്തില്‍ തുറന്ന് കാണിക്കുകയും ചെയ്യുക എന്നതായിരുന്നു മുസ്‌ലിം ചരിത്ര കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്.
ഡിസംബര്‍ 22-ന് ശൈഖ് മുഹമ്മദ് കാരകുന്നിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്തത് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയായിരുന്നു. സമ്മേളനത്തില്‍ പ്രശസ്ത ചരിത്രകാരനായ ഡോ. എം.ജി.എസ് നാരായണന്‍ ചെയ്ത പ്രസംഗം ശ്രദ്ധേയമായിരുന്നു. ചേരമാന്‍ പെരുമാളിന്റെ മതപരിവര്‍ത്തനം ഒരു ചരിത്ര സത്യമായിരുന്നുവെന്ന് സംശയലേശമന്യേ അംഗീകരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗമാരംഭിച്ചത്. ഒരു വിഭാഗം ചരിത്രകാരന്മാര്‍ ഈ സത്യത്തെ നിരാകരിക്കുന്നതില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, എം.ജി.എസിനെ പോലുള്ള ഒരു ചരിത്രകാരന്‍ തന്റെ സുശക്തമായ നിഗമനം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹം അതിന്റെ പിന്നാലെയുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടാകും എന്നുള്ളതില്‍ സംശയമില്ല. എന്നാല്‍, ചേരമാന്‍ പെരുമാളിന്റെ മതപരിവര്‍ത്തനം പ്രവാചകന്റെ കാലത്തുതന്നെയാണോ എന്ന കാര്യത്തില്‍ എം.ജി.എസിന് സംശയമുണ്ട്. അത് പന്ത്രണ്ടാം നൂറ്റാണ്ടിലാകാനാണ് സാധ്യതയെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. കാലഘട്ടത്തെ കുറിച്ചുള്ള ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ മിക്ക ചരിത്ര സംഭവങ്ങളുടെ കാര്യത്തിലും സാധാരണയായി ഉന്നയിക്കാറുണ്ട്. സിന്ധുനദീതട സംസ്‌കാരത്തിന്റെ കാര്യത്തിലും ഇത്തരം അഭിപ്രായ ഭിന്നതകള്‍ ദീര്‍ഘകാലം നിലവിലുണ്ടായിരുന്നുവെന്നുള്ള വസ്തുതയും അത് പിന്നീട് സംശയലേശമന്യേ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നുള്ളതും ഇവിടെ സ്മണീയമാണ്.
പൊതു മണ്ഡലത്തിലെ മുസ്‌ലിം സ്ത്രീകള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള സെഷന്‍ ശ്രദ്ധേയമായി. തലയില്‍ തട്ടമിട്ടുകൊണ്ട് എത്തിയ പ്രബന്ധാവതാരികമാര്‍ ആവേശത്തോടെയാണ് അവരുടെ ആശയങ്ങളവതരിപ്പിച്ചത്. നിരവധി വനിതാ പ്രസിദ്ധീകരണങ്ങള്‍ക്ക് കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ നേതൃത്വം കൊടുത്തതായി ഫൗസിയാ ശംസ് അക്കമിട്ട് നിരത്തുകയുണ്ടായി. കേരളത്തിലെ മുസ്‌ലിം എഴുത്തുകാരികളെക്കുറിച്ച് പി.കെ മുംതാസ് അവതരിപ്പിച്ച പ്രബന്ധം വേറിട്ട അനുഭവം തന്നെയായിരുന്നു. സംറ അബ്ദുര്‍റസാഖ് അവതരിപ്പിച്ച പ്രബന്ധം കലയിലെയും സാഹിത്യത്തിലെയും മുസ്‌ലിം സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചായിരുന്നു. മറ്റു പ്രബന്ധകാരികളും തങ്ങളുടെ നിഗമനങ്ങള്‍ ഉശിരോടെ അവതരിപ്പിച്ചു. ഡോ. ശംസാദ് ഹുസൈന്‍ മാപ്പിളപ്പാട്ടുകളിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ചാണ് മറ്റൊരു സെഷനില്‍ പ്രബന്ധം അവതരിപ്പിച്ചത്. മലബാറിലെ സ്ത്രീകളുടെ കലാ പാരമ്പര്യത്തെക്കുറിച്ച് അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത മേഖലകളിലേക്കാണ് അവര്‍ വെളിച്ചം വീശിയത്.
സ്വത്വം അവഗണിച്ച് മുസ്‌ലിം രാഷ്ട്രീയത്തിന് നിലനില്‍പ്പില്ലെന്ന് സ്ഥാപിച്ചുകൊണ്ടാണ് മറ്റൊരു സെഷനില്‍ പ്രബന്ധകാരന്മാര്‍ അഭിപ്രായ സമന്വയത്തിലെത്തിയത്. കേരളത്തിന്റെ സമ്പദ്ഘടനയെ ശക്തമാക്കിയത് കേരളത്തിലെ മുസ്‌ലിംകള്‍ കൊണ്ടുവന്ന ദിര്‍ഹമുകളും ദീനാറുകളുമാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. എന്നാല്‍, അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ ഭരണാധികാരികള്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല. എം.സി വടകരയുടെയും കാസിം ഇരിക്കൂറിന്റെയും സി. ദാവൂദിന്റെയും ഒ.കെ ഫാരിസിന്റെയും പ്രബന്ധങ്ങളാണ് ഈ വിഷയകമായി അവതരിപ്പിക്കപ്പെട്ടത്. അബുസ്സ്വബാഹ് മൗലവി, ഇസ്സുദ്ദീന്‍ മൗലവി, ടി. മുഹമ്മദ് എന്നിവരുടെ സംഭാവനകള്‍ വിലയിരുത്തപ്പെട്ടു. മുസ്‌ലിം ചരിത്രത്തെ വിലയിരുത്താനും വിശകലനം ചെയ്യാനും പുതിയ ഒരു രീതി വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകത പ്രബന്ധകാരന്മാര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ മുസ്‌ലിംകളുടെ ഭാവിയെക്കുറിച്ച് 23-ാം തീയതി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള എം.എ യൂസുഫലിയുടെ പ്രസംഗം ശ്രദ്ധേയമായിരുന്നു. കാലഘട്ടത്തിനനുസൃതമായി ലോകത്തെമ്പാടുമുള്ള പരിവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ടും ആദര്‍ശങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടും മുന്നോട്ടു പോകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ മുസ്‌ലിംകള്‍ അവസരങ്ങള്‍ വേണ്ടതുപോലെ ഉപയോഗിക്കുന്നില്ലെന്നും വിദ്യാ സമ്പന്നരായ സ്ത്രീകള്‍ ഔദ്യോഗിക രംഗത്ത് കടന്നുവരുന്നതില്‍ മടി കാണിക്കുന്നുവെന്നും ഡോ. ആസാദ് മൂപ്പന്‍ വെളിപ്പെടുത്തി.
സംഘടനാ വൈഭവത്തിന്റെ അതുല്യമായ ആര്‍ജവം മൂന്നു ദിവസം നീണ്ടുനിന്ന സമ്മേളനങ്ങളിലുടനീളം പ്രകടമായിരുന്നു. ഗൗരവമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദികള്‍ക്ക് മുമ്പില്‍ എപ്പോഴും നിറഞ്ഞ സദസ്സുകളുണ്ടായിരുന്നു. മറ്റു ചരിത്ര കോണ്‍ഗ്രസ്സുകളില്‍ പല സെഷനുകളിലും പ്രബന്ധാവതാരകര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരിക ശുഷ്‌കമായ സദസ്സുകളെയാണ്. അങ്ങനെയൊരു അനുഭവം ഇവിടെ ആര്‍ക്കും അഭിമുഖീകരിക്കേണ്ടിവന്നില്ല. കോണ്‍ഫറന്‍സിന്റെ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് എല്ലാ വേദികളിലും പാഞ്ഞെത്തി സംഘാടനം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തിക്കൊണ്ടിരുന്നു. ശിഹാബ് പൂക്കോട്ടൂര്‍, കെ.ടി ഹുസൈന്‍ എന്നീ യുവാക്കളുടെ നിര അദ്ദേഹത്തിന്റെ പിന്നില്‍ വിശ്രമമെന്തന്നറിയാതെ പ്രവര്‍ത്തിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/1-3
എ.വൈ.ആര്‍