പ്രതിരോധത്തിന്റെ രാഷ്ട്രീയം
ഒരു നാടിന് സുരക്ഷയൊരുക്കാന്‍ സൈനിക സംവിധാനങ്ങള്‍ മാത്രം മതിയാകില്ല, സിവില്‍ സ്വഭാവമുള്ള ഭരണപരമായ സംവിധാനങ്ങളും അതിന് ആവശ്യമാണ്. രണ്ടാമത് പറഞ്ഞ കാര്യത്തെ പറ്റിയാകട്ടെ ആദ്യം; മദീനയില്‍ താന്‍ സ്ഥാപിച്ച കൊച്ചുരാഷ്ട്രത്തെ സംരക്ഷിക്കാന്‍ പ്രവാചകന്‍ സ്വീകരിച്ച ചില സുപ്രധാന സിവില്‍ മുന്നൊരുക്കങ്ങളെപ്പറ്റി. സാധാരണ സാഹചര്യങ്ങളില്‍ ഒരു പുതിയ രാഷ്ട്രം ഉണ്ടാക്കേണ്ട ആവശ്യമൊന്നും ഉണ്ടാവുകയില്ല പലപ്പോഴും. പക്ഷേ ഇവിടെ തീര്‍ത്തും അസാധാരണ സാഹചര്യമാണ്. മക്കയിലെ സത്യനിഷേധികള്‍ പ്രവാചകനെയും അനുയായികളെയും ഇടതടവില്ലാതെ പീഡിപ്പിച്ചു; അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ജന്മനാട്ടില്‍ നിന്ന് അവരെ ആട്ടിപ്പുറത്താക്കുകയും ചെയ്തു. പുറത്താക്കപ്പെട്ട ശേഷവും ആ മര്‍ദിത ജനസമൂഹത്തെ വെറുതെ വിടാന്‍ മക്കക്കാര്‍ ഒരുക്കമല്ലായിരുന്നു. പ്രവാചകനെ കൊന്നുകളയുകയോ അല്ലെങ്കില്‍ പുറത്താക്കുകയോ ചെയ്യണമെന്ന് അവര്‍ മദീനക്കാരെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അല്ലാത്തപക്ഷം അതിഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. സൈനികാധിനിവേശം എന്ന ഭീഷണി ഉത്തരവാദിത്തമുള്ള ഒരു നേതാവിനും നിസ്സാരമായി തള്ളാനാവില്ല; പ്രത്യേകിച്ച് പ്രവാചകന്. കാരണം തനിക്ക് ശേഷം വരാന്‍പോകുന്ന സകല ഇസ്‌ലാമിക ഭരണകര്‍ത്താക്കള്‍ക്കും അനുകരണീയമായ ഒരു മാതൃക കാഴ്ച വെക്കേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയാണല്ലോ.
മദീന പലായനത്തിന്‌ശേഷം പ്രവാചകന്‍ ഒന്നാമതായി ശ്രദ്ധിച്ചത് അഭയാര്‍ഥികളുടെ പുനരധിവാസത്തിനായിരുന്നു. അഭയാര്‍ഥികളും തദ്ദേശവാസികളും തമ്മില്‍ സാഹോദര്യബന്ധം സ്ഥാപിച്ചുകൊണ്ട് ഈ പ്രതിസന്ധി അദ്ദേഹം മറികടന്നു. മറ്റൊരു പ്രശ്‌നം മദീനയില്‍ ഒരു ഭരണമേ ഉണ്ടായിരുന്നില്ല എന്നതാണ്. അന്ധമായ ഗോത്രപ്പകയും പ്രതികാര ചിന്തയും കാരണം എത്രയോ കാലമായി ആ നാട്ടില്‍ ആഭ്യന്തര യുദ്ധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഒരു ഗോത്രം മറ്റൊരു ഗോത്രത്തെ ആക്രമിച്ചാല്‍ പ്രശ്‌നത്തില്‍ പങ്കാളികളല്ലാത്ത ഗോത്രങ്ങളൊക്കെ മാറിനില്‍ക്കുകയാണ് പതിവ്. ഏത് ഗോത്രമാണോ കടന്നാക്രമിക്കപ്പെടുന്നത്, എല്ലാ ദുരിതങ്ങളും അവര്‍ ഒറ്റക്ക് അനുഭവിച്ചുകൊള്ളണം.
ഇവിടെയാണ് പ്രവാചകന്റെ അസാധാരണമായ രാഷ്ട്ര തന്ത്രജ്ഞത നാം കാണുന്നത്. ഗോത്രങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഒരു ചെറിയ രാഷ്ട്ര ഘടനയിലേക്ക് അവരെ നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഗോത്രപരവും മതകീയവുമായ ഭിന്നതകള്‍ നിലനില്‍ക്കെ തന്നെ അവരെ അദ്ദേഹം ഒരു കേന്ദ്രഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്നു. മദീനയുടെ വലിയൊരു ഭൂപ്രദേശം ഈ രാഷ്ട്രത്തിന്റെ ഭാഗമായിരുന്നു. അതില്‍ ജൂതന്മാരും മുസ്‌ലിംകളും ഇതിലൊന്നും പെടാത്ത ഗോത്ര വര്‍ഗങ്ങളും ഉണ്ടായിരുന്നു. ഇവരൊക്കെയും ഐകകണ്‌ഠ്യേന പ്രവാചകനെ തങ്ങളുടെ നേതാവായി അംഗീകരിച്ചു. ഓരോ ഗോത്രത്തിനും ആഭ്യന്തരമായി സ്വയം ഭരണാവകാശമുണ്ടായിരുന്നു. അതേസമയം ചില അധികാരങ്ങള്‍ ഗോത്രങ്ങള്‍ കേന്ദ്രത്തിനായി നീക്കിവെക്കുകയും ചെയ്തിരുന്നു. ഈ കേന്ദ്രാധികാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു പ്രതിരോധം. മദീനയുടെ ലിഖിത ഭരണഘടനയില്‍ ഇത് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ശത്രുക്കള്‍ ആക്രമിക്കാന്‍ വന്നാല്‍ ആ ഭീഷണി നേരിടാന്‍ വേണ്ട സജ്ജീകരണങ്ങളൊരുക്കേണ്ടത് പ്രവാചകന്റെ ബാധ്യതയാണ്. ശത്രുവുമായി യുദ്ധം ചെയ്യേണ്ടത് മദീനക്ക് അകത്ത് വെച്ചാണോ പുറത്ത് വെച്ചാണോ എന്ന് തീരുമാനിക്കുന്നതും പ്രവാചകനാണ്. ഒരാള്‍ക്ക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കുന്നതും നല്‍കാതിരിക്കുന്നതും അദ്ദേഹം തന്നെയായിരിക്കും. കപടന്മാരും രാജ്യദ്രോഹികളും ശത്രുചാരന്മാരും നടത്തിയേക്കാവുന്ന അട്ടിമറികള്‍ തടയാന്‍ ഈയൊരു അധികാരം അനിവാര്യമായിരുന്നു. പ്രതിരോധത്തിന്റെ പ്രാഥമിക മുന്നൊരുക്കങ്ങളാണിവ.
ഗോത്ര സഖ്യങ്ങള്‍
ഒരു നഗര രാഷ്ട്രത്തിന് രൂപം നല്‍കിയ ശേഷം പ്രവാചകന്‍ പിന്നെ ചെയ്തത് അതിന്റെ പരിധിയില്‍ വരാത്ത അയല്‍ ഗോത്രങ്ങളുമായി സഖ്യമുണ്ടാക്കുകയാണ്. ആദ്യം പ്രവാചകന്‍ മദീനയില്‍നിന്ന് മൂന്നോ നാലോ ദിവസം വഴി ദൂരമുള്ള വടക്കന്‍ ഭാഗങ്ങളിലേക്ക് പോയി അവിടെയുള്ള അമുസ്‌ലിം ഗോത്രങ്ങളുമായി ഉടമ്പടി ഉണ്ടാക്കി. മതകാര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ഇത് തീര്‍ത്തും ഒരു സൈനിക ധാരണയാണെന്നും ഉടമ്പടിയില്‍ വ്യക്തമായി എഴുതിച്ചേര്‍ത്തിരുന്നു. മൂന്നാമതൊരു കക്ഷി ആക്രമിക്കാന്‍ വന്നാല്‍ ഇരുകക്ഷികളും പരസ്പരം സഹായിക്കണം എന്നതായിരുന്നു ഓരോ ഉടമ്പടിയുടെയും അന്തസ്സത്ത.
വടക്കന്‍ ഗോത്രങ്ങളുമായി ഉടമ്പടിയുണ്ടാക്കിയ ശേഷം പ്രവാചകന്‍ തെക്ക് ഭാഗത്തേക്ക് നീങ്ങി. അവിടെയുള്ള അമുസ്‌ലിം ഗോത്രങ്ങളുമായും ഇതേപോലുള്ള ഉടമ്പടികളുണ്ടാക്കി. പിന്നെ കിഴക്ക് ഭാഗത്ത് താമസിക്കുന്ന ഗോത്രങ്ങളെ തേടി പുറപ്പെട്ടു. പ്രവാചകനുമായി ഒപ്പ് വെച്ച ഇത്തരം അഞ്ചോ ഏഴോ കരാറുകളുടെ കരടുകളെങ്കിലും ഇപ്പോഴും ലഭ്യമാണ്. ചുറ്റുമുള്ള ഗോത്രങ്ങളുമായി ഈ സൗഹൃദ കൂട്ടായ്മ ഉണ്ടാക്കിയത് മദീന എന്ന നഗരരാഷ്ട്രത്തെ ശത്രുക്കളില്‍നിന്ന് രക്ഷിക്കാന്‍ വേണ്ടിയായിരുന്നു. ശത്രു ഏത് ഭാഗത്ത് നിന്ന് വന്നാലും ആദ്യം ഈ സഖ്യഗോത്രങ്ങളെ എതിരിടേണ്ടിവരും; അങ്ങനെയൊരു നീക്കമുണ്ടായാല്‍ ആ വിവരം ഉടനടി ഈ ഗോത്രങ്ങള്‍ പ്രവാചകനെ അറിയിക്കുകയും ചെയ്യും. ചുറ്റുമുള്ള ഗോത്രങ്ങള്‍ മദീനക്ക് ഒരു സുരക്ഷാവലയം തീര്‍ത്തു എന്നര്‍ഥം.
ശത്രുവിനെതിരെ സൈനിക വിജയം നേടണമെങ്കില്‍ ഇതുപോലുള്ള തന്ത്രപരമായ രാഷ്ട്രീയ നീക്കങ്ങള്‍ മുന്നേ നടക്കണമെന്ന് പ്രവാചകന് നല്ല ബോധ്യമുണ്ടായിരുന്നു. എണ്ണമറ്റ ശത്രുക്കളെ ഒരേ സമയം ഒരു കൊച്ചുരാഷ്ട്രത്തിന് എങ്ങനെ നേരിടാമെന്നും പ്രവാചകന്‍ കാണിച്ചുകൊടുത്തു. മക്കയില്‍ വെച്ച് മുസ്‌ലിംകളെ വേട്ടയാടുകയും അവരെ പുറത്താക്കുകയും അവരുടെ സ്വത്ത് കണ്ട്‌കെട്ടുകയും ചെയ്ത മക്കക്കാരുടെ പ്രതികാര നടപടികളെ ചെറുക്കുന്നതിന്റെ പ്രഥമ പടിയായിരുന്നു നേരത്തെപ്പറഞ്ഞ ഗോത്ര സഖ്യങ്ങള്‍. അതേസമയം മദീനയിലെ മുസ്‌ലിം അഭയാര്‍ഥി സമൂഹത്തിന് തങ്ങളുടെ എല്ലാം കവര്‍ന്നെടുത്തതിന് മക്കക്കാരോട് പ്രതികാരം ചോദിക്കാനുള്ള ന്യായമായ അവകാശവും നിലനില്‍ക്കുന്നുണ്ടായിരുന്നു. അതിനുവേണ്ട സൈനിക കരുത്ത് അവര്‍ ആര്‍ജിച്ചിട്ടുണ്ടായിരുന്നില്ല എന്നുമാത്രം. മക്കക്കാരെ സാമ്പത്തിക സമ്മര്‍ദത്തിലാക്കാനാവുമോ എന്നാണ് മദീനയിലെ മുസ്‌ലിംകള്‍ ആ ഘട്ടത്തില്‍ ആലോചിച്ചുകൊണ്ടിരുന്നത്.
മക്കയിലെ ഖുറൈശികളുടെ ഏക വരുമാന മാര്‍ഗം കച്ചവടമായിരുന്നു. തെക്ക് യമനിലേക്ക് പോകുന്ന അവരുടെ കച്ചവട സംഘങ്ങളെ ഒരു നിലക്കും മുസ്‌ലിംകള്‍ക്ക് തടയാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ വടക്കന്‍ പ്രദേശങ്ങളിലേക്കുള്ള ഖുറൈശി കച്ചവട സംഘങ്ങള്‍ക്ക് മദീനയിലൂടെ കടന്നുപോവുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. തന്റെ അധീനതയിലുള്ള പ്രദേശങ്ങളിലൂടെ മാത്രമല്ല, താനുമായി സഖ്യത്തിലുള്ള ഗോത്രങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലൂടെയും ഖുറൈശി കച്ചവട സംഘങ്ങളെ പോകാന്‍ അനുവദിക്കുകയില്ലെന്ന് പ്രവാചകന്‍ പ്രഖ്യാപിച്ചു.
ഏത് വഴിയിലൂടെയും തങ്ങള്‍ക്ക് കടന്നുപോകാന്‍ അവകാശമുണ്ട് എന്ന് കരുതിയിരുന്ന ഖുറൈശികള്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു പ്രവാചകന്റെ ഈ പ്രഖ്യാപനം. അതേസമയം യാത്ര ചെയ്യാന്‍ റോഡുകളൊന്നും ഇല്ലാത്ത ഒരു പ്രദേശത്ത് ഇത്തരമൊരു തീരുമാനം നടപ്പാക്കുക മുസ്‌ലിംകളുടെ ചെറുസംഘത്തിന് ദുഷ്‌കരവുമായിരുന്നു. ബദല്‍/കുറുക്ക് വഴികള്‍ ധാരാളമുണ്ടായിരുന്നതിനാല്‍ ഖുറൈശി സംഘത്തെ തടയുക ഒട്ടും എളുപ്പമല്ല.
സ്വാഭാവികമായും ഖുറൈശി കച്ചവട സംഘങ്ങളെ തടയാനുള്ള ആദ്യ ശ്രമങ്ങളെല്ലാം തുടര്‍ച്ചയായി പരാജയപ്പെട്ടു. ബദ്ര്‍ യുദ്ധത്തിന് മുമ്പ് ചുരുങ്ങിയത് ഏഴ് തവണയെങ്കിലും മുസ്‌ലിംകള്‍ ഖുറൈശി കച്ചവട സംഘങ്ങളെ തടയാന്‍ ശ്രമിച്ചിരുന്നെങ്കിലും, അവര്‍ വിദഗ്ധമായി രക്ഷപ്പെട്ടു. പക്ഷേ മുസ്‌ലിംകള്‍ ശ്രമം ഉപേക്ഷിച്ചില്ല. ഖുറൈശി കച്ചവട സംഘങ്ങളെ കുറിച്ച് രഹസ്യവിവരം ശേഖരിക്കാനുള്ള സംവിധാനം നബിയും സഖാക്കളും ശക്തിപ്പെടുത്തി. അതിന്റെ ഭാഗമായി കൂടുതല്‍ ഗോത്രങ്ങളുമായി സൗഹൃദ ഉടമ്പടികള്‍ ഉണ്ടാക്കി. എങ്ങനെയും കച്ചവട സംഘങ്ങളെ തടയുക എന്നതായിരുന്നു ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞ ഖുറൈശികള്‍ മുസ്‌ലിം അധീന പ്രദേശങ്ങളിലൂടെ തന്നെ കച്ചവട സംഘങ്ങളെ കൊണ്ടുപോകാന്‍ തീരുമാനിച്ചുറച്ചു.
വിവര ശേഖരണം
ബദ്ര്‍ യുദ്ധത്തിന്റെ തൊട്ടുമുമ്പ് ഖുറൈശി സംഘം വടക്കോട്ട് പോയിട്ടുണ്ടെന്ന് പ്രവാചകന് വിവരം ലഭിച്ചു. അതേ റൂട്ടിലൂടെ തന്നെയാവും അവരുടെ തിരിച്ചുവരവും. രക്ഷപ്പെടാന്‍ മറ്റൊരു വഴിയുമില്ല. ഉടന്‍ പ്രവാചകന്‍ കച്ചവട സംഘത്തെ കുറിച്ച് രഹസ്യമായി വിവരങ്ങള്‍ ശേഖരിക്കാന്‍ രണ്ടാളുകളെ സിറിയയിലേക്ക് പറഞ്ഞയച്ചു. വേണ്ട വിവരങ്ങള്‍ ശേഖരിച്ച് ഉടന്‍ മടങ്ങിയെത്തണമെന്ന് അവരോട് നിര്‍ദേശിക്കുകയും ചെയ്തു. കച്ചവട സംഘത്തിനും ഈ രഹസ്യാന്വേഷകര്‍ക്കും സഞ്ചാര വേഗത ഏറെക്കുറെ തുല്യമായിരിക്കും. കാരണം സഞ്ചാരത്തിന് ഒട്ടകങ്ങളെ ആശ്രയിക്കുകയല്ലാതെ ഇരു കൂട്ടര്‍ക്കും വേറെ മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ലല്ലോ.
നബി പറഞ്ഞയച്ച രണ്ട് രഹസ്യാന്വേഷകരും വിവരം ശേഖരിച്ച് കഴിയുന്നത്ര വേഗത്തില്‍ മദീനയില്‍ തിരിച്ചെത്തിയെങ്കിലും, മറ്റേതോ സ്രോതസ്സിലൂടെ വിവരം ലഭിച്ച പ്രവാചകന്‍ അപ്പോഴേക്കും മീദന വിട്ടുപോയിരുന്നു. വിവര ശേഖരണത്തിന് പ്രവാചകന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ അവലംബിച്ചിരുന്നുവെന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. വിവരം ശത്രുപാളയത്തിലേക്ക് ചോരാതിരിക്കാന്‍ അദ്ദേഹം ജാഗ്രത കാണിച്ചു. വടക്കുഭാഗത്തേക്ക് പോകുന്നതിന് പകരം അദ്ദേഹം മക്കയുടെ ഭാഗത്തേക്ക്, അതായത് തെക്ക് ഭാഗത്തേക്കാണ് പോയത്. കച്ചവട സംഘങ്ങളെ തടയാന്‍ സുരക്ഷിത സങ്കേതം ലഭിക്കും എന്നതിനാലാണ് ഈ തീരുമാനം. ബദ്‌റാണ് അതിന്നായി തെരഞ്ഞെടുത്ത സ്ഥലം. ഉയരം കൂടിയ കുന്നുകള്‍ക്കിടയിലെ ഒരു താഴ്‌വരയായിരുന്നു ബദ്ര്‍. മുസ്‌ലിംകള്‍ക്ക് കുന്നിന്‍ മുകളില്‍ ഒളിച്ചിരിക്കാം. ഇടുങ്ങിയ താഴ്‌വരയായത് കൊണ്ട് വളരെ എളുപ്പത്തില്‍ കച്ചവട സംഘത്തെ പിടികൂടുകയും ചെയ്യാം.
മുസ്‌ലിംകള്‍ പല രീതികളില്‍ ശത്രു സംഘത്തെ തെരഞ്ഞുകൊണ്ടിരുന്നു. പ്രവാചകന്‍ സ്വയം തന്നെ ഏതാനും അനുയായികളോടൊപ്പം ബദുക്കളുടെ അടുത്ത് ചെന്ന് വിവരങ്ങള്‍ ശേഖരിച്ചു. ബദ്‌റിലെത്തിയപ്പോള്‍ ശത്രുവിന്റെ കച്ചവട സംഘം ഇനിയും അവിടെ എത്തിച്ചേര്‍ന്നിട്ടില്ലെന്ന് വ്യക്തമായി. മുസ്‌ലിംകള്‍ എവിടെ തമ്പടിക്കണം എന്നായി അടുത്ത ചര്‍ച്ച. ബദ്‌റിന്റെ വടക്കുഭാഗത്ത് ഒരു ഇടുങ്ങിയ സ്ഥലം അതിനായി തെരഞ്ഞെടുത്തു.
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഖുറൈശി കച്ചവട സംഘം അവിടെയെത്തി. മുസ്‌ലിംകള്‍ വിടാതെ തങ്ങളെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ അവര്‍ വളരെ കരുതലോടെയാണ് നീങ്ങിയിരുന്നത്. ബദ്‌റിലെ ഇടുങ്ങിയ താഴ്‌വാരത്തില്‍ നിന്ന് കുറച്ചകലെയായി ഖുറൈശി കച്ചവട സംഘം തമ്പടിച്ചു. കച്ചവട സംഘത്തിന്റെ തലവനായ അബൂസുഫ്‌യാന്‍ രംഗനിരീക്ഷണം നടത്തുന്നതിന് ബദ്ര്‍ അങ്ങാടിയിലേക്ക് ഒറ്റക്ക് ചെന്നു. ഈ സ്ഥലം അദ്ദേഹത്തിന് നേരത്തെ പരിചയമുള്ളതാണ്. അവിടത്തെ ആളുകളെ അദ്ദേഹത്തിന് നന്നായിട്ടറിയാം. ആള്‍ക്കാര്‍ കൂടിനില്‍ക്കുന്ന ഒരു സ്ഥലത്തേക്ക് അദ്ദേഹം ചെന്നു. വെള്ളമെടുക്കാന്‍ വന്നവരായിരുന്നു അവര്‍. പല കാര്യങ്ങളും അവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അബൂസുഫ്‌യാന്‍ നേരെ അവിടത്തെ ഗോത്ര നേതാവിന്റെ അടുത്ത് ചെന്ന് വിവരങ്ങള്‍ ആരാഞ്ഞു. അസാധാരണമായ നീക്കങ്ങളൊന്നും തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ഗോത്ര മുഖ്യന്‍ പറഞ്ഞു. അതേസമയം രണ്ട് ബദുക്കള്‍ കിണറ്റില്‍നിന്ന് വെള്ളമെടുക്കുന്നതും അവര്‍ തിരിച്ച് പോകുന്നതും താന്‍ കണ്ടിരുന്നുവെന്ന് അയാള്‍ ഓര്‍ത്തെടുത്തു. അത് കേട്ടപ്പോള്‍ അബൂസുഫ്‌യാന്‍ കൂടുതല്‍ ജാഗരൂകനായി.
കിണറിന്റെ കുറച്ചകലെ ചിതറിക്കിടക്കുന്ന ഒട്ടകക്കാഷ്ഠം അബൂസുഫ്‌യാന്റെ കണ്ണില്‍പെട്ടു. അതിലൊരെണ്ണം എടുത്ത് അദ്ദേഹം പരിശോധിച്ചു. അതില്‍ പുല്ലിന് പകരം കാരക്കക്കുരുവാണ് കണ്ടത്. അദ്ദേഹത്തിന്റെ ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. 'ഒട്ടകക്കാഷ്ഠത്തില്‍ കാരക്കക്കുരു ഉണ്ടാവണമെങ്കില്‍ അത് മദീനയിലെ ഒട്ടകമായിരിക്കണം. ബദ്ര്‍ പ്രദേശത്തെ ഒട്ടകം കാരക്ക തിന്നാന്‍ സാധ്യതയില്ല.' ഈയൊരു നിഗമനത്തിലെത്തിയ അബൂസുഫ്‌യാന്‍ അതിവേഗം കച്ചവട സംഘം തമ്പടിച്ച സ്ഥലത്ത് തിരിച്ചെത്തി, കച്ചവട സംഘത്തെയും കൂട്ടി കടല്‍ക്കരയിലൂടെ സഞ്ചരിച്ച് സുരക്ഷിത സ്ഥാനത്തെത്തി. യാത്ര മറ്റൊരു വഴിക്ക് തിരിച്ചുവിടുന്നതിനു മുമ്പ്, തന്റെ സംഘം മുസ്‌ലിംകളുടെ ആക്രമണ ഭീഷണിയിലാണെന്നും ഉടന്‍ സഹായം വേണമെന്നും അബൂസുഫ്‌യാന്‍ മക്കയിലേക്ക് സന്ദേശമയച്ചിരുന്നു. കച്ചവട സംഘം രക്ഷപ്പെട്ടപ്പോള്‍, ഇനി സഹായം ആവശ്യമില്ലെന്ന് അറിയിച്ചുകൊണ്ട് മറ്റൊരു ദൂതനെയും മക്കയിലേക്ക് പറഞ്ഞുവിട്ടു. പക്ഷേ അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ മക്കന്‍ സൈന്യം അപ്പോഴേക്കും പുറപ്പെട്ട് കഴിഞ്ഞിരുന്നു. അബൂസുഫ്‌യാന്റെ രണ്ടാം സന്ദേശം പിന്നീട് ലഭിച്ചെങ്കിലും, പടയോട്ടം നിര്‍ത്തിവെക്കേണ്ടതില്ലെന്നും ശത്രുവിനെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്‌തേ മടങ്ങാവൂ എന്നും മക്കക്കാര്‍ തീരുമാനിക്കുകയായിരുന്നു.
അബൂസുഫ്‌യാനെ കാത്ത് ബദ്‌റില്‍ തങ്ങിയ പ്രവാചകന്‍ അയാള്‍ രക്ഷപ്പെട്ടുവെന്ന് പിന്നീട് മനസ്സിലാക്കി. സൈന്യം എവിടെ തമ്പടിക്കണമെന്ന വിഷയം അനുയായികളുമായി കൂടിയാലോചിച്ചു. ബദ്ര്‍ അങ്ങാടിയുടെ മധ്യഭാഗത്ത് - അവിടെയാണ് പ്രദേശത്തെ ഏക കിണര്‍-തമ്പടിക്കണമെന്ന് തീരുമാനമായി. മറ്റൊരിടത്ത് നിന്നും വെള്ളം കിട്ടാന്‍ വഴിയുണ്ടായിരുന്നില്ല. കിണര്‍ കൈവശം വെക്കുന്നത് മക്കന്‍ സൈന്യത്തിനെതിരെ മുസ്‌ലിംകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഒരു ഘടകമാണ്. അങ്ങനെ പ്രവാചകന്‍ നേരത്തെ തമ്പടിച്ചിരുന്ന ബദ്‌റിന്റെ വടക്കന്‍ ചുരത്തില്‍നിന്ന് ബദ്‌റിന്റെ മധ്യഭാഗത്തേക്ക് മുസ്‌ലിം സൈനികരെ കൊണ്ടുവന്നു (അവരാകെ 312 പേര്‍ മാത്രം). ചില അനുചരന്മാര്‍ നിര്‍ദേശിച്ചതനുസരിച്ച് കിണറിന്റെ ചാരെ ഒരു വലിയ കുഴി കുത്തി. അത്യാവശ്യ ഘട്ടങ്ങളില്‍ വെള്ളം നിറച്ചുവെക്കാനാണിത്. ശത്രുക്കള്‍ക്ക് വരാന്‍ കഴിയാത്തവിധം കിണറിന് കാവലേര്‍പ്പെടുത്തുകയും ചെയ്തു.
ഈ മുന്‍കരുതലുകളത്രയും സൈനികമായി നോക്കിയാല്‍ വളരെ ദൂരക്കാഴ്ചയുള്ളതും ഫലപ്രദവുമാണ്. ഒടുവില്‍ അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ മക്കന്‍ സൈന്യവും സ്ഥലത്ത് എത്തിച്ചേര്‍ന്നു. അപ്പോഴാണ് കിണറില്‍നിന്ന് വെള്ളമെടുക്കാന്‍ വന്ന രണ്ടു പേരെ മുസ്‌ലിം സൈനികര്‍ പിടികൂടിയത്. രണ്ടു പേരെയും പ്രവാചകന്റെ മുമ്പാകെ കൊണ്ടുവന്നു. അപ്പോള്‍ പ്രവാചകന്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുകയായിരുന്നു. മുസ്‌ലിം സൈനികര്‍ തന്നെ അവരെ ചോദ്യം ചെയ്യാന്‍ തുടങ്ങി. മക്കന്‍ സൈന്യത്തില്‍ പെട്ടവരാണ് ഞങ്ങള്‍, അവര്‍ പറഞ്ഞു. 'നിങ്ങള്‍ നുണ പറയുന്നു, നിങ്ങള്‍ അബൂസുഫ്‌യാന്റെ കച്ചവട സംഘത്തില്‍ പെട്ടവരല്ലേ' എന്ന് പറഞ്ഞ് ചില മുസ്‌ലിം സൈനികര്‍ രണ്ടു പേരെയും അടിച്ചപ്പോള്‍, 'ഞങ്ങള്‍ കച്ചവട സംഘത്തില്‍ പെട്ടവരാണ്' എന്നവര്‍ സമ്മതിച്ചു. പിന്നെയും ചോദ്യം ചെയ്തപ്പോള്‍ അവര്‍ മാറ്റിപ്പറഞ്ഞു, തങ്ങള്‍ മക്കന്‍ സൈന്യത്തില്‍ പെട്ടവരാണെന്ന്.
പ്രവാചകന്‍ പ്രാര്‍ഥനയില്‍ നിന്ന് വിരമിച്ചപ്പോള്‍ തന്റെ സൈനികരോടായി പറഞ്ഞു: ''അവര്‍ സത്യം പറഞ്ഞപ്പോള്‍ നിങ്ങളവരെ തല്ലി, നുണ പറഞ്ഞപ്പോള്‍ വെറുതെ വിടുകയും ചെയ്തു.'' പിന്നെ പ്രവാചകന്‍ തന്നെ അവരെ ചോദ്യം ചെയ്തു: ''നിങ്ങള്‍ ആരാണ്?'' തടവുകാര്‍: ''ഞങ്ങള്‍ മക്കന്‍ സൈന്യത്തിലുള്ളവരാണ്.'' പ്രവാചകന്‍ വീണ്ടും: ''നിങ്ങള്‍ എത്ര പേരുണ്ട്?'' ''ഞങ്ങള്‍ക്കറിയില്ല.'' അവര്‍ പറഞ്ഞു, അപ്പറഞ്ഞത് ശരിയുമായിരുന്നു. പ്രവാചകന്‍ വീണ്ടും: ''സൈനികരെ ഊട്ടാന്‍ നിങ്ങള്‍ ഓരോ ദിവസവും എത്ര ഒട്ടകങ്ങളെ അറുക്കുന്നുണ്ട്?.'' ''ഒരു ദിവസം ഒമ്പത്, പിറ്റേ ദിവസം പത്ത്.'' എങ്കില്‍ ശത്രുസൈന്യത്തിന്റെ എണ്ണം തൊള്ളായിരത്തിനും ആയിരത്തിനുമിടക്കാണ്, പ്രവാചകന്‍ കണക്ക് കൂട്ടി. കാരണം നൂറ് ആളുകള്‍ക്ക് ഭക്ഷിക്കാന്‍ ഒരു ഒട്ടകം മതി. ആ കണക്ക് ശരിയുമായിരുന്നു. 950 ആയിരുന്നു ശത്രു സൈനികരുടെ എണ്ണം. പിന്നെ സൈന്യത്തിന്റെ ഓരോ വിംഗിന്റെയും-ഇടത്, വലത്, മധ്യം തുടങ്ങി-കമാന്റര്‍മാര്‍ ആരൊക്കെ എന്ന് തിരക്കി. ആ കമാന്റര്‍മാരെയൊക്കെയും പ്രവാചകന് നല്ല പരിചയമുണ്ട്. അവര്‍ സ്വന്തം നാട്ടുകാര്‍ തന്നെയാണല്ലോ.
(തുടരും)
Comments