Prabodhanm Weekly

Pages

Search

2014 ജനുവരി 10

സി.പി.എമ്മും ജമാഅത്തും കൊമ്പ് കോര്‍ക്കുമ്പോള്‍

സി.പി.എമ്മും ജമാഅത്തും
കൊമ്പ് കോര്‍ക്കുമ്പോള്‍

''.... ഫാഷിസത്തിന്റെ ഈ അടവു നയങ്ങളെ തിരിച്ചറിഞ്ഞ് മുഴുവന്‍ ഇടതു മതേതര കക്ഷികളെയും ഒന്നിച്ചു നിര്‍ത്തി ഫാഷിസത്തെ പ്രതിരോധിക്കുക എന്നതാണ് കാലഘട്ടത്തിലെ ഇസ്‌ലാമിസ്റ്റുകളുടെ ദൗത്യം. അതിനു പകരം ഉത്തരാധുനിക അക്കാദമിസ്റ്റുകളുടെ അപഗ്രഥന ശൈലി കടമെടുത്ത് മുഴുവന്‍ മതേതര കക്ഷികളുടെയും പ്രവര്‍ത്തകരെയും അംഗങ്ങളെയും ജാതി തിരിച്ച് എണ്ണിത്തിട്ടപ്പെടുത്തി ഭൂരിപക്ഷ സമുദായത്തിന്റെ അംഗ സംഖ്യ വിലയിരുത്തി വരേണ്യതയും ബ്രാഹ്മണ മേല്‍ക്കോയ്മയും ആരോപിക്കുന്നത് ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഭൂഷണമല്ല. ഈ ശൈലി യഥാര്‍ഥത്തില്‍ ഫാഷിസത്തിന്റെ രീതിശാസ്ത്രമാണ്. എങ്ങനെയാണോ ഫാഷിസം ഹിന്ദുത്വത്തിന്റെ മൂല്യങ്ങളെ നിരാകരിച്ച് ചിഹ്നങ്ങളെ മുന്നോട്ടുവെക്കുന്നത് അതുപോലെ സഹവര്‍ത്തിത്വത്തിന്റെ ഖുര്‍ആനിക പാഠങ്ങള്‍ നിരാകരിച്ച് മുസ്‌ലിം ചിഹ്നങ്ങള്‍ ഉയര്‍ത്തി നടത്തുന്ന പ്രതിക്രിയാ വാദമാണിത്. ഇതിനെ പ്രതിരോധിക്കാന്‍ ഇസ്‌ലാമിസ്റ്റുകള്‍ ഖുര്‍ആനിക പാഠങ്ങളിലേക്ക് മടങ്ങുകയും മുസ്‌ലിം നേതാക്കള്‍ വഴി തെറ്റുകളെ തിരുത്താന്‍ ആര്‍ജവം കാണിക്കുകയുമാണ് വേണ്ടത്. കലഹത്തിന്റെ രീതിശാസ്ത്രത്തിന് ചരിത്രത്തില്‍ ശോഭനമായ ഏടുകളില്ല എന്ന് തിരിച്ചറിയുന്നത് നല്ലതാണ്'' (ഇസ്‌ലാം, ഇടതുപക്ഷം; സഹവര്‍ത്തിത്വമാണ് അഭികാമ്യം എന്ന ലേഖനത്തില്‍ നിന്ന്. ഇസ്‌ലാം ഓണ്‍ലൈവ്). പ്രതികരണം?
 ടി. അതീഖുറഹ്മാന്‍ ഫറോക്ക്

സ്തുതകള്‍ യഥാതഥമായി മനസ്സിലാക്കാന്‍ ശ്രമിക്കാതെയാണീ വിമര്‍ശം. ജമാഅത്തെ ഇസ്‌ലാമി അകാരണമായി സി.പി.എമ്മിനോട് കലഹിക്കാന്‍ മിനക്കെട്ടിട്ടില്ലെന്ന് മാത്രമല്ല സാമ്രാജ്യത്വ-ഫാഷിസ്റ്റ് ഭീഷണികള്‍ക്കെതിരെ ഇടതുപക്ഷവുമായി പരമാവധി സഹകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതും. അമേരിക്കയുടെ അഫ്ഗാനിസ്താന്‍-ഇറാഖ് അധിനിവേശത്തിനും യു.പി.എ സര്‍ക്കാറിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ ജമാഅത്തെ ഇസ്‌ലാമി മാത്രമാണ് മുസ്‌ലിം പക്ഷത്ത് നിന്ന് ശക്തമായി പ്രചാരണം നടത്തിയതെന്ന് ഓര്‍മക്ഷയം സംഭവിച്ചിട്ടില്ലാത്തവരൊക്കെ സമ്മതിക്കും. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിയെ പിന്തുണച്ചതിന്റെ പേരില്‍ മുസ്‌ലിം സമുദായത്തില്‍ നിന്ന് കടുത്ത വിമര്‍ശവും എതിര്‍പ്പും ജമാഅത്ത് ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. അങ്ങനെയിരിക്കെ തികച്ചും അകാരണമായും അനവസരത്തിലും ജമാഅത്തെ ഇസ്‌ലാമിയെ ആക്രമിക്കാന്‍ സി.പി.എം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഉദ്യുക്തമായി. ഇപ്പോള്‍ വീണ്ടും പതിനാറാം ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഒരുവിധ പ്രകോപനവുമില്ലാതെ സി.പി.എം സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി വക്താക്കളും ജമാഅത്തെ ഇസ്‌ലാമിയുടെ നേരെ കടന്നാക്രമണം നടത്തിയിരിക്കുന്നു. അതുകൊണ്ട് മതിയാക്കാതെ പാലക്കാട്ട് നടന്ന പാര്‍ട്ടി പ്ലീനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ പോലും മലബാര്‍ സംസ്ഥാനത്തിന് വേണ്ടി ജമാഅത്ത് ശബ്ദമുയര്‍ത്തുന്നു എന്ന തീര്‍ത്തും തെറ്റായ ആരോപണം ഉന്നയിച്ചിരിക്കുന്നു. ഇന്ത്യ നേരിടുന്ന ഏറ്റവും ശക്തമായ ഭീഷണി നരേന്ദ്രമോഡിയെ മുന്‍നിര്‍ത്തി സംഘ്പരിവാര്‍ ഫാഷിസം ലോക്‌സഭ പിടിച്ചെടുക്കാന്‍ നടത്തുന്ന തീവ്രയത്‌നമാണെന്ന് എല്ലാ മതേതര പാര്‍ട്ടികളും ന്യൂനപക്ഷങ്ങളും ഒരുപോലെ സമ്മതിക്കുന്നു. ഈ അവസരത്തിലാണ് ഫാഷിസത്തിന്റെ തലതൊട്ടപ്പനായ ആര്‍.എസ്.എസ്സും നൂറു ശതമാനവും സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ധാര്‍മിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയും തുല്യ ഭീഷണിയാണെന്ന പ്രചാരണം സി.പി.എം അഴിച്ചുവിടുന്നത്. ജമാഅത്തിന്റെ ഇസ്‌ലാമിക പശ്ചാത്തലം പാര്‍ട്ടിക്ക് തീര്‍ത്തും അസ്വീകാര്യമാണെന്ന് തന്നെ സമ്മതിക്കുക. എന്നാലും രാജ്യത്ത് ഒരു പഞ്ചായത്ത് പോലും ഭരിക്കാത്ത ജമാഅത്തെ ഇസ്‌ലാമിയെ ഇന്ത്യയുടെ ഭരണം തന്നെ പിടിച്ചടക്കാന്‍ വെമ്പുന്ന ആര്‍.എസ്.എസ്സിനോട് സമാനവത്കരിക്കുന്നത്, കാട്ടിലൂടെ നടക്കുമ്പോള്‍ കാട്ടാനയെ കരുതണമെന്ന് പറയുമ്പോള്‍ ഒപ്പം കുഴിയാനയെയും എന്ന് കൂട്ടിച്ചേര്‍ക്കുന്നതിനേക്കാള്‍ മൗഢ്യമല്ലേ? ഈ സാഹചര്യത്തിലാണ് ജമാഅത്ത് വക്താക്കള്‍ക്ക് ചില കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയേണ്ടിവന്നത്. അത് കൊമ്പ് കോര്‍ക്കലായി ചിത്രീകരിക്കുന്നതില്‍ യാഥാര്‍ഥ്യബോധമില്ല.
അതേസമയം സി.പി.എം ഒരു ഹിന്ദുത്വ പാര്‍ട്ടിയാണെന്ന അഭിപ്രായം ജമാഅത്തെ ഇസ്‌ലാമിക്കില്ല. പാര്‍ട്ടിയിലെ മഹാഭൂരിപക്ഷവും ഹിന്ദുക്കളാണെന്ന വസ്തുത സി. ദാവൂദ് അദ്ദേഹത്തിന്റെ ലേഖനത്തില്‍ പറഞ്ഞതിന്റെ സാഹചര്യം ലേഖകന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹേതര ബന്ധങ്ങള്‍ക്ക് സാധ്യത

വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് കുറ്റമോ പാപമോ അല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. വിവാഹേതര സഹവാസത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്കും അവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ നിയമനിര്‍മാണം പാര്‍ലമെന്റ് നടത്തണമെന്നും ജസ്റ്റിസ് കെ.ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. വിവാഹേതര സഹവാസത്തെ വിവാഹത്തിന്റെ സ്വഭാവമുള്ള ബന്ധമെന്ന നിലയില്‍ വ്യാഖ്യാനിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച നിയമനിര്‍മാണത്തിന് നേരത്തെ മുതിരാതിരുന്നത് നിര്‍ഭാഗ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നതിന് വിവാഹം കഴിക്കണോ വേണ്ടയോ എന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. വിവിധ രാജ്യങ്ങള്‍ ഇതിന് നിയമ പരിരക്ഷ നല്‍കിത്തുടങ്ങിയ കാര്യം സുപ്രീം കോടതി ഓര്‍മിപ്പിച്ചു. അതേസമയം വിവാഹപൂര്‍വ ലൈംഗിക ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു (മാധ്യമം 29-11-2013). പ്രതികരണം?
 പി.വി.സി മുഹമ്മദ് പൊന്നാനി

ധാര്‍മികതയും സദാചാരവും കുടുംബജീവിതവും സംബന്ധിച്ച സാമ്പ്രദായിക സങ്കല്‍പങ്ങളെയും മതാധ്യാപനങ്ങളെയും നിരാകരിക്കുന്നതാണ് ആധുനിക ഭൗതിക ദര്‍ശനങ്ങളില്‍ അധിഷ്ഠിതമായ ഭരണകൂടവും ജുഡീഷ്യറിയും മൊത്തം സാമൂഹിക വ്യവസ്ഥകളും. തല്‍ഫലമായി വിവാഹേതര സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്കും സ്വവര്‍ഗ രതിക്കും ലൈംഗികാരാജകത്വത്തിന് തന്നെയും സ്വീകാര്യതയും പ്രചാരവും സാധുതയും ലഭിച്ചുകൊണ്ടിരിക്കുന്നു. അതാണ് പരിഷ്‌കാരമെന്നും പുരോഗമനമെന്നും ഇത്തരം അസാന്മാര്‍ഗിക ചെയ്തികളോടുള്ള എതിര്‍പ്പ് യാഥാസ്ഥിതിക പിന്തിരിപ്പന്‍ മനോഭാവത്തിന്റെ ഫലമാണെന്നും മതമൗലികവാദമാണെന്നും മറ്റുമുള്ള ശകാരവും നിരന്തരം മീഡിയയിലും കലാ സാഹിത്യ സൃഷ്ടികളിലും മുഴങ്ങുന്നു. അതേ സമയം വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനം, ബാലപീഡനം, കുടുംബഛിദ്രത തുടങ്ങിയ കുറ്റകൃത്യങ്ങളെ നടേ പറഞ്ഞ അധാര്‍മികതയുടെ സ്വാഭാവിക ഫലമായി അംഗീകരിക്കാന്‍ ഈ പുരോഗമനവാദികള്‍ക്കാവുന്നുമില്ല. ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കുമെന്ന് സമ്മതിക്കാനും അവര്‍ തയാറല്ല. പകരം നിയമവും ശിക്ഷയും കര്‍ക്കശമാക്കിക്കൊണ്ട് സാര്‍വത്രികമായ പീഡനങ്ങളെ നേരിടാനാണ് ശ്രമം. നിയമപാലകരും വിധികര്‍ത്താക്കളും തന്നെ ലൈംഗികാപവാദങ്ങളില്‍ പെട്ടുഴലുന്ന ഒരു സമൂഹത്തില്‍ കര്‍ക്കശ ശിക്ഷാവിധികള്‍ കൊണ്ടെന്ത് പ്രയോജനം എന്നിവര്‍ ആലോചിക്കുന്നില്ല.
എല്ലാറ്റിന്റെയും അടിസ്ഥാന കാരണം സുഖജീവിതത്തെക്കുറിച്ച മിഥ്യാധാരണകളാണ്. ഒരുവിധ നിയന്ത്രണവും ഇല്ലാതെ താന്തോന്നികളായി ജീവിക്കുകയാണ് സ്വാതന്ത്രമെന്നും അതിലാണ് സുഖമെന്നും ധരിച്ചുവശായ അത്യന്ത്യാധുനിക സമൂഹങ്ങള്‍ എങ്ങനെയും പണമുണ്ടാക്കാനും അങ്ങനെ നേടിയെടുത്ത പണം എങ്ങനെയും വിനിയോഗിക്കാനുമുള്ള പെടാപാടിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അതിനേറ്റവും പറ്റിയ മുതലാളിത്ത, ഉദാരീകരണ, കമ്പോള കേന്ദ്രീകൃത സാമ്പത്തിക ദര്‍ശനങ്ങളും അവര്‍ കരുപ്പിടിപ്പിച്ചിരിക്കുന്നു. ഇതിനെ എതിര്‍ക്കുന്നതായി അവകാശപ്പെടുന്ന സോഷ്യലിസത്തിന്റെ വക്താക്കളും അടിസ്ഥാന ജീവിത ദര്‍ശനത്തില്‍ വ്യത്യസ്തരല്ല. സമ്പാദിക്കാനുള്ള നെട്ടോട്ടത്തില്‍ ജനസംഖ്യയെ അവര്‍ മുഖ്യ തടസ്സമായി കാണുന്നു. ജനപ്പെരുപ്പം തടയാനുള്ള തന്ത്രങ്ങളില്‍ വ്യവസ്ഥാപിത കുടുംബജീവിതത്തിന്റെ നിഷേധവും സ്വവര്‍ഗരതിയുടെ നിയമസാധുതയും പെണ്‍ഭ്രൂണഹത്യയും ഉള്‍പ്പെടുന്നു. പക്ഷേ, സര്‍വജ്ഞനും സര്‍വശക്തനും നീതിമാനുമായ ജഗന്നിയന്താവ് എല്ലാം വീക്ഷിക്കുന്നുണ്ടെന്നും അധര്‍മകാരികളുടെ കുതന്ത്രങ്ങളെ അവരറിയാതെ പരാജയപ്പെടുത്താന്‍ അവന് കഴിവുണ്ടെന്നും ആ ദിശയില്‍ അവന്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പ്രകൃതി കോപങ്ങളുടെയും മനുഷ്യ നിര്‍മിത ദുരന്തങ്ങളുടെയും രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ഓര്‍ത്തിരിക്കുന്നത് നന്ന്. സംഭവിക്കുമ്പോള്‍ അക്രമികളില്‍ മാത്രം പരിമിതമാവാത്ത ശിക്ഷയെക്കുറിച്ച് യഥാര്‍ഥ വിശ്വാസികളും കരുതിയിരിക്കണം. അധര്‍മത്തിനെതിരെ കുറ്റകരമായ നിസ്സംഗത അധര്‍മമായിത്തന്നെയാണ് അല്ലാഹു കണക്കാക്കുക.

സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നത്
തീവ്രവാദ ലക്ഷ്യത്തോടെ

''ആര്‍.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ എന്നീ സംഘടനകള്‍ ഉയര്‍ത്തുന്ന വര്‍ഗീയതയും തീവ്രവാദവും നാടിന് ആപത്താണ്. മലബാറിന്റെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി മാധ്യമം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ച ജമാഅത്ത് നേതാവ് മലബാറിനെ സംസ്ഥാനമാക്കി മാറ്റണമെന്നാണ് അഭിപ്രായപ്പെട്ടത്. മലബാറിന്റെ പിന്നാക്കാവസ്ഥക്ക് പരിഹാരമായിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റുമില്ല. എന്നാല്‍, മതാധിഷ്ഠിത രാഷ്ട്രത്തിനു വേണ്ടി നിലകൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടാണിത്.''
'മത നിരപേക്ഷതയുടെ സമകാലിക പ്രസക്തിയും ഇന്ത്യന്‍ ജനാധിപത്യവും' എന്ന വിഷയത്തില്‍ കോട്ടയത്തു നടന്ന സെമിനാറില്‍ പിണറായി വിജയന്‍ നടത്തിയ ഈ അഭിപ്രായ പ്രകടനം (മാധ്യമം 4-12-2013) ജമാഅത്തെ ഇസ്‌ലാമി സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് തീവ്രവാദ ലക്ഷ്യത്തോടെയും മതരാഷ്ട്ര സ്ഥാപനം ഉദ്ദേശിച്ചുമാണെന്നാണല്ലോ ധ്വനിപ്പിക്കുന്നത്. മുജീബ് എന്തു പറയുന്നു?
 എം.എന്‍ മുഹമ്മദ് കാസിം കാഞ്ഞിരപ്പള്ളി

സ്‌ലാമിനെയോ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയോ നേരാംവണ്ണം പഠിക്കാനും വിലയിരുത്താനും ശ്രമിക്കാതെ സാമ്പ്രദായിക മത സങ്കല്‍പത്തിലൂടെ നോക്കിക്കാണുന്ന ദൗര്‍ബല്യം സി.പി.എമ്മിന് മാത്രമല്ല, പൊതുവെ മതേതര പാര്‍ട്ടികള്‍ക്കെല്ലാമുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുസ്‌ലിം പ്രതിയോഗികള്‍ അതിന് വളം വെച്ചുകൊടുക്കുകയും ചെയ്യുന്നു. മഹാനായ പ്രവാചകനെ പ്രാഥമികമായെങ്കിലും പഠിക്കാന്‍ ശ്രമിച്ചാല്‍ ഈ അബദ്ധ ധാരണ തിരുത്തേണ്ടിവരും. പ്രവാചകന്‍ എല്ലാ അര്‍ഥത്തിലും സാമൂഹിക നീതിക്കും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടി നിലകൊണ്ട വിമോചകനായിരുന്നു. ഏതാനും വിശ്വാസാചാരങ്ങളും അനുഷ്ഠാനങ്ങളും പഠിപ്പിക്കാന്‍ വന്ന പുരോഹിതനായിരുന്നില്ല. കുലമഹിമയുടെയും ഗോത്ര വര്‍ഗ ദേശീയതയുടെയും പേരില്‍ തമ്മില്‍ തല്ലി നശിച്ചുകൊണ്ടിരുന്ന, പ്രാന്തവത്കൃത ജനവിഭാഗങ്ങള്‍ കടുത്ത ചൂഷണത്തിന് വിധേയമാക്കപ്പെട്ടിരുന്ന സമൂഹത്തെ കേവലം 23 വര്‍ഷത്തിനകം മോചിപ്പിച്ച് സമത്വ സുന്ദരമായ ഒരു വ്യവസ്ഥിതി സ്ഥാപിക്കുന്നതില്‍ അന്യാദൃശ വിജയം വരിച്ച മഹാത്മാവാണ് പ്രവാചകന്‍. ആ മഹാത്മാവിന്റെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന പ്രസ്ഥാനത്തിന് ഒരിക്കലും സാമൂഹിക ജീവിതത്തില്‍ നിന്നും ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും നീതിനിഷേധത്തിന്റെ ഭീകരതകളില്‍ നിന്നും ഒളിച്ചോടി പ്രാര്‍ഥനകളും കീര്‍ത്തനകളും മാത്രമായി കഴിയാന്‍ സാധിക്കില്ല. അനീതിക്കും ചൂഷണത്തിനും അവകാശ നിഷേധത്തിനുമെതിരെ പോരാടാനും പരിസ്ഥിതി സംരക്ഷണത്തിനും സന്തുലിത വികസനത്തിനും വേണ്ടി ശബ്ദമുയര്‍ത്താനും ജമാഅത്തെ ഇസ്‌ലാമിയെ പ്രേരിപ്പിക്കുന്നത് ഈ പ്രതിബദ്ധതയും ചുമതലാ ബോധവുമാണ്. അതിനായി സംഘടന സ്വീകരിച്ച മാര്‍ഗമാവട്ടെ തീര്‍ത്തും സമാധാനത്തിന്റേതാണ് താനും. എന്നിരിക്കെ, ജമാഅത്തെ ഇസ്‌ലാമി എന്ത് ഇഷ്യൂ എടുത്താലും അതിന്മേല്‍ തീവ്രവാദ ചാപ്പ കുത്തുന്നത് തെറ്റിദ്ധാരണ മൂലം മാത്രമല്ല ആട്ടിനെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാന്‍ കൂടിയാണ്.
മലബാര്‍ അനുഭവിക്കുന്ന അവഗണന സി.പി.എമ്മും സമ്മതിക്കുന്നു. അവര്‍ ഒറ്റക്കും കൂട്ടായും നാളിതുവരെ ഭരിച്ചിട്ടും മലബാറിന്റെ പിന്നാക്കാവസ്ഥ അവസാനിപ്പിക്കാനാവാത്തതിന്റെ ജാള്യത കൂടിയാണ് ജമാഅത്തിനെതിരായ ദുഷ്പ്രചാരണത്തിന്റെ പിന്നില്‍.

ബഹുഭാര്യാത്വത്തിനായി
വിദ്യാര്‍ഥിനികളുടെ കാമ്പയിന്‍

''അറബ് രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന വിവാഹമൂല്യം (മഹ്ര്‍) കാരണം വിവാഹപ്രായവും യുവത്വവും കഴിഞ്ഞ് 'വൃദ്ധകന്യകകളായി' മാറുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതായി ചൂണ്ടിക്കാണിച്ച് അബഹക്ക് സമീപമുള്ള ദഹ്‌റാന്‍ ജുനൂബിലെ കോളേജ് വിദ്യാര്‍ഥിനികള്‍ ട്വിറ്ററില്‍ കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നു. സാമ്പത്തികമായും ശാരീരികമായും കഴിവുള്ള പുരുഷന്മാര്‍ ഇസ്‌ലാമിക ശരീഅത്തിന് വിധേയമായി ബഹുഭാര്യാത്വത്തിന് തയാറാകണമെന്നാണ് വിദ്യാര്‍ഥിനികളുടെ ആവശ്യം. ബഹുഭാര്യാത്വത്തിനായി വിദ്യാര്‍ഥിനികള്‍ തന്നെ രംഗത്തെത്തിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്തിനകത്തും പുറത്തും നിരവധിപേര്‍ രംഗത്തെത്തിയതായി സൗദി ഗസറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
''സൗദി സാമ്പത്തികാസൂത്രണ വകുപ്പിന്റെ 2011-ല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ കണക്കനുസരിച്ച് സൗദിയില്‍ മാത്രം 30 വയസ്സിന് മുകളില്‍ പ്രായമുള്ള അവിവാഹിതകളുടെ എണ്ണം 15,29,418 ആണ്. ഇതില്‍ 3,96,248 സ്ത്രീകള്‍ മക്കയിലാണുള്ളത്.''
സ്ത്രീകള്‍ മുന്നോട്ടുവെക്കുന്ന ഉയര്‍ന്ന വിവാഹമൂല്യം നല്‍കാനാവാതെ ദരിദ്രരും സാധാരണക്കാരുമായ അറബ് യുവാക്കള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇണകളെ സ്വീകരിക്കുന്നത് തടയിടാനും കൂടിയാണ് വിദ്യാര്‍ഥിനികളുടെ കാമ്പയിന്‍. പക്ഷേ, ഉയര്‍ന്ന മഹ്‌റിനെ സ്ത്രീകളും അവരുടെ രക്ഷിതാക്കളും നിയന്ത്രിക്കാതെയും ലഘൂകരിക്കാതെയും വിദ്യാര്‍ഥിനികള്‍ നടത്തുന്ന കാമ്പയിന്‍ വിഫലമാവില്ലേ? ഇന്ത്യയില്‍ സ്ത്രീധനമാണ് സ്ത്രീകളെയും അവരുടെ രക്ഷിതാക്കളെയും വേട്ടയാടുന്നതെങ്കില്‍ അറബ് മുസ്‌ലിം രാജ്യങ്ങളില്‍ പുരുഷധനം (മഹര്‍) ആണ് പുരുഷനെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നതെന്നത് യാഥാര്‍ഥ്യമല്ലേ?
 നസീര്‍ പള്ളിക്കല്‍ രിയാദ്

കുടുംബജീവിതത്തെയും അതിന്നാധാരമായ വിവാഹത്തെയും കുറിച്ച ഇസ്‌ലാമികാധ്യാപനങ്ങളെപ്പറ്റി സമൂഹത്തെ വേണ്ടവിധം ബോധവത്കരിക്കാനോ തദടിസ്ഥാനത്തിലുള്ള നിയമപരിഷ്‌കാരത്തിനോ സര്‍ക്കാറുകളും സന്നദ്ധ സംഘടനകളും പണ്ഡിതസഭകളും താല്‍പര്യമെടുക്കാത്തതാണ് അറബ്-മുസ്‌ലിം നാടുകളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒരു ഇരുമ്പിന്റെ മോതിരമോ ഏതാനും ഖുര്‍ആന്‍ സൂക്തങ്ങളുടെ അധ്യാപനമോ മഹ്‌റായി നല്‍കിയിട്ടെങ്കിലും യുവതി യുവാക്കളുടെ വിവാഹം നടക്കണമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. തിരുമേനിയുടെ വിവാഹം ഒരു ഭാരമാവാതിരിക്കാന്‍ കാരണവും പരമാവധി ലാളിത്യത്തില്‍ ഊന്നിയതാണ്. പിന്നെ പിന്നെ ലാളിത്യത്തിന്റെയും ബന്ധങ്ങളിലെ സ്‌നേഹത്തിന്റെയും ഊഷ്മളതയുടെയും സ്ഥാനം പണക്കൊതിയും സൗന്ദര്യാരാധനയും പൊങ്ങച്ചവും വേറെ പലതും കൈയേറി. അധികാരം ഫ്യൂഡലിസവും ഗോത്ര വര്‍ഗ ദേശീയതയും കുടുംബ വാഴ്ചയുമൊക്കെ തട്ടിയെടുത്തതോടെ സാമൂഹിക സംസ്‌കരണം എന്ന ആശയം തന്നെ അന്യം നിന്നു. സംസ്‌കരണത്തിനും ബോധവത്കരണത്തിനും പ്രയോജനപ്പെടേണ്ട മിമ്പറുകള്‍ വെറും വഴിപാട് ചടങ്ങുകളുടെ വേദികളായി മാറി. പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നാക്രമണം കൂടിയായപ്പോള്‍ അനിസ്‌ലാമികാചാരങ്ങള്‍ക്ക് പ്രചുര പ്രചാരവും സിദ്ധിച്ചു. എന്നിട്ടും ഒരളവോളം ശരീഅത്തിന്റെ സ്വാധീനം നിലനില്‍ക്കുന്നുവെങ്കില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രഭാവമാണതിന് കാരണം.
സ്ത്രീകളുടെയും അവരുടെ രക്ഷിതാക്കളുടെയും മഹ്ര്‍ ഭ്രമം മാത്രമല്ല, അറബി സമൂഹങ്ങളില്‍ സ്വദേശിവനിതകളുടെ വിവാഹം വൈകാനോ തീരെ നടക്കാതിരിക്കാനോ കാരണം. സ്ത്രീകളുടെ അനാരോഗ്യകരമായ തന്‍പോരിമയും അതിന് കാരണമാണ്. നടക്കുന്ന വിവാദങ്ങളില്‍ തന്നെ മോചനങ്ങളുടെ ശതമാനം 45-50 വരുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ബഹുഭാര്യാത്വം ലഘുവായ അളവില്‍ പ്രശ്‌നപരിഹാരമാവാം. എന്നാല്‍ മഹ്ര്‍ നിയന്ത്രണവും കൗണ്‍സലിംഗും ശക്തമായ ബോധവത്കരണവും സമാധാനപൂര്‍ണമായ കുടുംബജീവിതത്തെക്കുറിച്ച പാഠങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കലുമെല്ലാം ഒപ്പത്തിനൊപ്പം നടക്കേണ്ടതുണ്ട്. സര്‍വോപരി പ്രശ്‌നപരിഹാരത്തെക്കുറിച്ച തുറന്ന ചര്‍ച്ചകളും സംവാദങ്ങളും അനുവദിക്കപ്പെടണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/1-3
എ.വൈ.ആര്‍