Prabodhanm Weekly

Pages

Search

2014 ജനുവരി 10

അറബിക്കല്യാണം നടക്കുന്നേ, ഓടിവരണേ എന്ന് നിലവിളിക്കുന്ന മാധ്യമങ്ങളുടെ ദുഷ്ടലാക്കുകള്‍

പി.പി ഇഖ്ബാല്‍ ദോഹ

'കോഴിക്കോട്ട് വീണ്ടും അറബിക്കല്യാണം' എന്ന തലക്കെട്ടില്‍ ഏഷ്യാനെറ്റ് ചാനല്‍ പുറത്തുകൊണ്ടുവന്ന വാര്‍ത്തയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി ചാനല്‍ അധികൃതര്‍ ഒതുക്കിത്തീര്‍ത്തുവത്രെ. സംഭവം അനാവശ്യമായി വിവാദമാക്കിയ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിവാഹിതയായ പെണ്‍കുട്ടിയും ബന്ധുക്കളും മീഡിയാ വണ്‍ ചാനലിലൂടെ പ്രഖ്യാപിച്ചതാണ് പണം നല്‍കി തടിയൂരാന്‍ ഏഷ്യാനെറ്റിനെ പ്രേരിപ്പിച്ചത്.
കേരളത്തിലെ പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന അപകടകരമായ ഒരു മാനസികാവസ്ഥയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ഒരു പ്രത്യേക മതവിഭാഗത്തില്‍ ഉണ്ടാവുന്ന ഏത് സംഭവത്തെയും വിവാദമാക്കി മാറ്റി പ്രസ്തുത സമുദായത്തെ തേജോവധം ചെയ്ത് ഒറ്റപ്പെടുത്തുകയെന്ന കുടില തന്ത്രമാണ് ചില മാധ്യമങ്ങള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. കാലങ്ങളായി കണ്ടുവുരന്ന ഈ പ്രവണതക്ക് പിന്നിലുള്ളത് വര്‍ഗീയ മനസ്സുള്ള ഏതാനും പത്രങ്ങളും ചാനലുകളുമാണ്. മുമ്പ് 'ലൗ ജിഹാദ്' എന്ന പേരില്‍ മുസ്‌ലിം സമുദായത്തിനെതിരെ പ്രചണ്ഡമായ പ്രചാരണമാണ് ഇതുപോലുള്ള മാധ്യമങ്ങള്‍ അഴിച്ചുവിട്ടത്. പിന്നീട് ലൗ ജിഹാദ് അടിസ്ഥാനരഹിതമായിരുന്നുവെന്നും സംഘ്പരിവാറിന്റെ നുണ പ്രചാരണം മാത്രമായിരുന്നു അതെന്നും കേരളത്തിന് ബോധ്യപ്പെടുകയുണ്ടായി.
തീര്‍ത്തും നിയമാനുസൃതവും വധൂവരന്മാര്‍ പരസ്പര സമ്മതത്തോടെ വിവാഹിതരായതുമായ സംഭവത്തെയാണ് ചാനല്‍ വിവാദമാക്കിയത്. അവര്‍ക്ക് നിയമമനുശാസിക്കുന്ന പ്രായപരിധിയേക്കാള്‍ കൂടുതലുള്ളതിനാല്‍ ശൈശവ വിവാഹമെന്ന് ആരോപിക്കാനും കഴിയില്ല. ഇതൊക്കെ സത്യമായിരിക്കെ അറബിക്കല്യാണം നടക്കുന്നേ, ഓടിവരണേ എന്ന മട്ടില്‍ ദൃശ്യമാധ്യമങ്ങള്‍ വിളിച്ചുകൂവിയത് തീര്‍ത്തും ദുഷ്ടലാക്കോടെയാണ്.
കേരളത്തില്‍ നിരവധി യുവതി യുവാക്കള്‍ അന്യ ദേശങ്ങളില്‍ നിന്ന് കല്യാണം കഴിച്ച് ഇണകളെ സ്വന്തം നാട്ടിലേക്ക് കൊണ്ടുവരാറുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പാശ്ചാത്യ രാഷ്ട്രങ്ങളില്‍ നിന്നുമൊക്കെ വധൂവരന്മാരായി കടല്‍ കടന്നെത്തിയവരെക്കുറിച്ച് നാം പത്രങ്ങളിലൂടെ വായിക്കാറുമുണ്ട്. എന്നാല്‍, അപ്പോഴൊന്നും ഉണ്ടാവാത്ത ബേജാറ് മുസ്‌ലിം പെണ്‍കുട്ടികള്‍ അറബി യുവാക്കളെ വിവാഹം ചെയ്യുമ്പോള്‍ മാത്രം ഉണ്ടാവുന്നത് എന്തുകൊണ്ടാണ്? മറ്റുള്ളവരൊക്കെ ചെയ്യുന്ന കാര്യം മുസ്‌ലിംകള്‍ ചെയ്യുമ്പോള്‍ മാത്രം നിയമവിരുദ്ധവും രാജ്യദ്രോഹവുമായിത്തീരുന്നതെങ്ങനെയാണ്? അറബികള്‍ ഇവിടെ വന്ന് വിവാഹം കഴിച്ച് ഭാര്യമാരെ ഉപേക്ഷിച്ചു പോവുകയാണെന്നും അത് വലിയ സാമൂഹിക പ്രശ്‌നമാണെന്നുമൊക്കെയാണ് വിമര്‍ശകന്മാര്‍ തട്ടിവിടുന്നത്. അത്തരത്തിലുള്ള സംഭവങ്ങള്‍ അപൂര്‍വമായി ഉണ്ടാവുന്നു എന്നതിന്റെ പേരില്‍ വിദേശികളുമായുള്ള വൈവാഹിക ബന്ധത്തെ ഒരു സമുദായത്തിന് നിഷേധിക്കുകയും, അങ്ങനെ സംഭവിച്ചാല്‍ അത് മുഖേന ആകാശം ഇടിഞ്ഞുപൊളിഞ്ഞു വീഴുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നതിന്റെ ന്യായീകരണമെന്ത്?

മലയാളി മുസ്‌ലിം സ്ത്രീ ഉണര്‍വുകള്‍

സദ്‌റുദ്ദീന്‍ വാഴക്കാട് എഴുതിയ 'മലയാളി മുസ്‌ലിം സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രം' എന്ന ലേഖന പരമ്പര വളരെ പഠനാര്‍ഹമാണ്. ഒരു കാലഘട്ടത്തില്‍ മുസ്‌ലിം സമുദായത്തില്‍ വിദ്യാഭ്യാസത്തോട് മുഖം തിരിച്ചുനിന്ന ഒരു ജനവിഭാഗത്തെ തനതായ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച പല വ്യക്തികള്‍ക്കും സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗത്തില്‍ നിന്ന് കണ്ടമാനം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. അവയെ ധീരമായി നേരിട്ടുകൊണ്ടായിരുന്നു  അന്നത്തെ സമുദായ പരിഷ്‌കര്‍ത്താക്കളായ വ്യക്തിത്വങ്ങള്‍ ഒരു വിട്ടുവീഴ്ചയും കൂടാതെ മുന്നോട്ട് പോയത്.  വിദ്യ തേടല്‍ മുസ്‌ലിം സ്ത്രീ-പുരുഷന്മാരുടെ ബാധ്യതയാണ് എന്ന പ്രവാചക വചനത്തെ നിരാകരിക്കുന്ന സ്ഥിതിവിശേഷമായിരുന്നു കേരളത്തിലെ മുസ്‌ലിംകളില്‍ കണ്ടുവന്നിരുന്നത്. ഖുര്‍ആന്‍ പരിഭാഷ പോലും പാടില്ലെന്ന് പറഞ്ഞുകൊണ്ട് ഒരു കൂട്ടം പണ്ഡിതന്മാര്‍ സമുദായത്തിന്റെ പുരോഗതിക്ക് തടയിട്ടുകൊണ്ടിരുന്നു. സ്ത്രീ പുരുഷ വിദ്യാഭ്യാസത്തെ നഖശിഖാന്തം എതിര്‍ത്തിരുന്ന യാഥാസ്ഥിതിക വിഭാഗത്തിന്റെ പേരില്‍ കേരളത്തില്‍ മാത്രം വനിതാ കോളേജുകള്‍പ്പെടെ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്!

പി.എം അബ്ദുല്‍ ഖാദര്‍ വി.പി വയല്‍


ഒന്നും ചെയ്യാനില്ലാത്തവര്‍ക്കാണ്
ബോറടിക്കുന്നത്

സമയം കാരണമായി അസ്വസ്ഥരാകുന്ന രണ്ട് വിഭാഗം ആളുകളുണ്ട് ലോകത്ത്. ഒട്ടും സമയം തികയാത്ത, ഒന്നിനും സമയം കിട്ടാത്ത ഒരു വിഭാഗം. സമയം തീരാതെ പ്രയാസപ്പെടുന്ന മറ്റൊരു വിഭാഗം. ബോറടിക്കുന്നു, സമയം പോകുന്നില്ല എന്ന് പറയുന്ന ധാരാളം ആളുകളെ നമുക്ക് കാണാനാവും. ഇതില്‍ ഏതു വിഭാഗത്തിലാണ് വിശ്വാസികള്‍ ഉള്‍പ്പെടേണ്ടത്? ഖുര്‍ആന്‍ പറയുന്നു: ''ഒന്നില്‍ നിന്ന് വിരമിച്ചാല്‍ മറ്റൊന്നില്‍ വ്യാപൃതരാവുക'' (94:7).
വിശ്വാസിയെ സംബന്ധിച്ചേടത്തോളം വെറുതെ ഇരിക്കുക, അലസമായി ജീവിക്കുക എന്നത് സാധ്യമല്ല. റസൂല്‍ പറഞ്ഞു: ''രണ്ട് കാര്യത്തെ സംബന്ധിച്ച് അധിക ജനങ്ങളും വഞ്ചിതരാണ്. ആരോഗ്യവും ഒഴിവ് സമയവുമാണവ.''
 അബ്ദുര്‍റസ്സാഖ് എ, പുലാപ്പറ്റ


ആരൊക്കെ 'ഭീകരരെ'ന്ന്
ഭീകരര്‍ പ്രഖ്യാപിക്കും

ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിനെ അവിടെ നിലവിലുള്ള നിയമവിരുദ്ധ ഭരണകൂടം ഭീകര സംഘടനയായി പ്രഖ്യാപിച്ച വാര്‍ത്തക്ക് മലയാള പത്രങ്ങള്‍ സാമാന്യം നല്ല കവറേജ് നല്‍കി. ഇന്ത്യയില്‍ ജീവിക്കുന്ന നമുക്ക് ഒരു പക്ഷേ ഈ സംഭവത്തിലെ തമാശയുടെ ഗൗരവം വേണ്ടത്ര പിടികിട്ടിയെന്നു വരില്ല. ഈജിപ്തിലെ ഏറ്റവും സ്വാധീനമുള്ള, അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ ഏറ്റെടുക്കുന്ന, വിവിധ ട്രേഡ് യൂനിയനുകളിലും സര്‍വകലാശാലകളിലും മികച്ച പ്രാതിനിധ്യമുള്ള ഒരു പ്രസ്ഥാനത്തെ ഒരു തട്ടിക്കൂട്ട് ഭരണകൂടം കയറി 'ഭീകരന്മാര്‍' എന്ന് പ്രഖ്യാപിച്ചാല്‍?!
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഈ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ചത് വെറുതെയല്ല. ഇങ്ങനെ തങ്ങള്‍ക്ക് ഭീഷണിയായതെല്ലാം ഭീകരവത്കരിക്കുമ്പോള്‍ സാമാന്യ ജനത്തിന്റെ ബോധ്യങ്ങള്‍ക്കു മുന്നില്‍ തങ്ങള്‍ കോമാളികളാവുമെന്ന് കെറി ഭയന്നിട്ടുണ്ടാവണം. ഗ്രാസ് റൂട്ട് ലെവലില്‍ ഒരു പ്രസ്ഥാനം അതിന്റെ ജനകീയാടിത്തറ വികസിപ്പിച്ചുകഴിഞ്ഞാല്‍ അതുയര്‍ത്തുന്ന ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാതെ ഒരു ഭരണകൂടത്തിനും മുന്നോട്ടുപോവാന്‍ കഴിയില്ല. നിഷ്പക്ഷ തെരഞ്ഞെടുപ്പിലൂടെ ഭരണത്തിലേറാന്‍ മാത്രം വളര്‍ന്ന പ്രസ്ഥാനത്തെ ശരിയായി വിലയിരുത്തുന്നതില്‍ മലയാള മാധ്യമങ്ങള്‍ക്കും വമ്പിച്ച അബദ്ധം പിണഞ്ഞിരിക്കുന്നു.
 ഇന്‍സാഫ് പതിമംഗലം

പ്രാകൃതം നിരോധിക്കുകയല്ലാതെ പിന്നെ

മനുഷ്യജീവിതത്തിലെ പ്രാകൃത ആഭാസമാണ് സ്വവര്‍ഗരതി. അനാദികാലം മുതല്‍ പ്രകൃതിയോട് ഇടപഴകി ജീവിച്ചുകൊണ്ടിരിക്കുന്ന മാനവ സമൂഹത്തിന് നിരക്കാത്ത ഇത്തരം അധാര്‍മികതകളെ കര്‍ശനമായി തന്നെ നിരോധിക്കണം. മനുഷ്യവര്‍ഗത്തിന്റെ പരിണാമ കാലഘട്ടം മുതല്‍ സ്ത്രീയും പുരുഷനും മനസ്സും ശരീരവും പരസ്പരം പങ്കുവെക്കുക എന്നതായിരുന്നു ദൈവ നിശ്ചയം. യുഗാന്തരങ്ങളായി ആ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
എല്ലാതരം രതിവൈകൃതങ്ങള്‍ക്കെതിരെയും സമൂഹ മനസ്സാക്ഷി ഉണരേണ്ടതുണ്ട്. സാംസ്‌കാരിക നായകന്മാരും ജനപ്രതിനിധികളും ഇതിനെതിരെ ശബ്ദമുയര്‍ത്തണം.
 ആചാരി തിരുവത്ര, ചാവക്കാട്

കുട്ടികളുടെയും രക്ഷിതാക്കളുടെയും ഇടപാടുകളിലെ പൊരുളും ചുരുളും വ്യക്തമാക്കി തരുന്നതാണ് 'മക്കളോട് ചേര്‍ന്നിരിക്കൂ' എന്ന ലേഖനം (ലക്കം 2831). കുട്ടികളുടെ ഇംഗിതങ്ങള്‍ക്കനുസൃതമായ ജീവിതത്തിലൂടെ വേണം അവരെ പാകപ്പെടുത്താനും പക്വതയിലെത്തിക്കാനും എന്ന ആശയത്തെ മനസ്സില്‍ രൂഢമൂലമാക്കാന്‍ ലേഖകന് സാധിച്ചു.
 ടി. അര്‍ഷാദ് കാരക്കാട്

പ്രബോധനം വാരിക സ്ഥിരമായി വായിക്കാറുണ്ട്. മതം, ദര്‍ശനം, സാഹിത്യം, രാഷ്ട്രീയം എന്നിവയാല്‍ സമ്പന്നവും വിജ്ഞാനപ്രദവുമാണ് പ്രബോധനം.
കേശവന്‍ നമ്പൂതിരി

മീത്തലെ ഇല്ലം, കാരന്താട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/1-3
എ.വൈ.ആര്‍