Prabodhanm Weekly

Pages

Search

2013 നവംബര്‍ 15

ഹസന്‍ റൂഹാനി ഇറാനെ കരകയറ്റുമോ?

പി.കെ നിയാസ് / കവര്‍‌സ്റ്റോറി

ധ്യപൗരസ്ത്യദേശം മാത്രമല്ല, അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും താല്‍പര്യപൂര്‍വം വീക്ഷിച്ച തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുടെ പതിവ് നുണകള്‍ തകര്‍ത്താണ് അറുപത്തഞ്ചുകാരനായ ഹസന്‍ റൂഹാനി വിപ്ലവാനന്തര ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ഏഴാമത്തെ പ്രസിഡന്റായി ജൂലൈയില്‍ തെരഞ്ഞെടുക്കപ്പെട്ടത്. പരിഷ്‌കരണവാദിയായ റൂഹാനിയുടെ സ്ഥാനാര്‍ഥിത്വം മതനേതൃത്വം തള്ളുമെന്ന് അച്ചുനിരത്തിയ മാധ്യമങ്ങള്‍ മത്സരരംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പായപ്പോള്‍ കളം മാറിച്ചവിട്ടി. റൂഹാനിയെ വിജയിക്കാന്‍ അനുവദിക്കില്ലെന്നായി പിന്നീടുള്ള നിരീക്ഷണം. വോട്ടിംഗിന്റെ തലേന്നത്തെ വാഷിംഗ്ടണ്‍ പോസ്റ്റ് (2013 ജൂണ്‍ 13) മുഖപ്രസംഗം ഉദാഹരണം. എന്നാല്‍, തൊട്ടടുത്ത എതിരാളി തെഹ്‌റാന്‍ മേയര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫിനെ ബഹുദൂരം പിന്നിലാക്കി ആദ്യ റൗണ്ടില്‍ തന്നെ 50.88 ശതമാനം വോട്ടുകള്‍ നേടി ഗംഭീര വിജയമാണ് റൂഹാനി കൊയ്തത്. ബാഖിറിന് കിട്ടിയത് വെറും 16.46 ശതമാനം വോട്ടുകള്‍.
കഴിഞ്ഞ തവണ വരെ ഇറാനിലെ പൊതുതെരഞ്ഞെടുപ്പിനെ പരിഹസിച്ചിരുന്നവര്‍ക്ക് തങ്ങളുടെ നോമിനി വിജയിച്ചപ്പോള്‍ എല്ലാം ശുഭം. 2009-ല്‍ 62.63 ശതമാനം വോട്ടുകളുമായി അഹ്മദീ നിജാദ് രണ്ടാം വട്ടം തെരഞ്ഞെടുക്കപ്പെടുകയും എതിര്‍ സ്ഥാനാര്‍ഥി മീര്‍ ഹുസൈന്‍ മൂസവിക്ക് 33.75 ശതമാനം വോട്ടുകള്‍ മാത്രം ലഭിക്കുകയും ചെയ്തപ്പോള്‍ പോളിംഗില്‍ കൃത്രിമത്വം ആരോപിച്ച് സകല മീഡിയയും അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളും രംഗത്തുവന്നത് മറക്കാറായിട്ടില്ല. മൂസവി അനുകൂലികള്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍ ഒരു ഡസനിലേറെ പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്.
ഇറാന്‍ ആണവായുധം നിര്‍മിക്കില്ലെന്നും ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്നും പ്രഖ്യാപിച്ചതോടെ റൂഹാനിയെ പടിഞ്ഞാറന്‍ രാജ്യങ്ങളും മാധ്യമങ്ങളും ശ്രദ്ധിച്ചു തുടങ്ങി. പുരോഹിത വിഭാഗത്തില്‍നിന്നുള്ള ആളാണെങ്കിലും പണ്ഡിതനും മിതവാദിയുമാണ് റൂഹാനിയെന്ന് അവര്‍ വിധിയെഴുതി. സ്‌കോട്ട്‌ലന്റ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ഉള്‍പ്പെടെ മൂന്ന് നിയമ ബിരുദങ്ങള്‍, ശാസ്ത്ര ഗവേഷണം, വിദേശനയം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മൂന്ന് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍ തുടങ്ങി അക്കാദമിക് മേഖലയില്‍ മികവ് തെളിയിച്ച റൂഹാനി, മുഹമ്മദ് ഖാതമി പ്രസിഡന്റായിരിക്കുമ്പോള്‍ 2003 മുതല്‍ 2005 വരെ ആണവ ചര്‍ച്ചകളില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യുകയുണ്ടായി.
യു.എന്‍ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ വലിയ പബ്ലിക് റിലേഷന്‍സ് പരിപാടികളുമായാണ് റൂഹാനി സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ എത്തിയത്. കഴിഞ്ഞ എട്ടു വര്‍ഷമായി ഇറാന്‍ പ്രസിഡന്റ് (അഹ്മദീ നിജാദ്) അഭിമുഖീകരിക്കാറുള്ള പ്രതിഷേധങ്ങള്‍ ഇത്തവണ ന്യൂയോര്‍ക്കില്‍ കണ്ടില്ല. പ്രസിഡന്റിന്റെ പ്രസംഗം ബഹിഷ്‌കരിക്കുന്ന പതിവു പരിപാടിക്കും യു.എന്‍ ആസ്ഥാനം സാക്ഷ്യം വഹിച്ചില്ല. മുപ്പത്തിനാലു വര്‍ഷത്തിനുശേഷം ആദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇറാന്‍ പ്രസിഡന്റുമായി ടെലിഫോണില്‍ സംസാരിച്ചത് അത്ഭുതത്തോടെ ലോകം ശ്രവിച്ചു. സെപ്റ്റംബര്‍ 27-ന് ന്യൂയോര്‍ക്കില്‍ വെച്ച് 15 മിനിറ്റാണ് റൂഹാനിയും ഒബാമയും സംസാരിച്ചത്. ഒബാമ കൂടി പങ്കെടുത്ത ഒരു ഉച്ചവിരുന്നില്‍ റൂഹാനി പങ്കെടുത്തിരുന്നെങ്കില്‍ ഇരുവരും തമ്മില്‍ ഹസ്തദാനത്തിനും അരങ്ങൊരുങ്ങുമായിരുന്നു. മൂന്നു പതിറ്റാണ്ടോളം 'വലിയ ശൈത്താനാ'യിരുന്ന അമേരിക്ക ഇറാന്‍ പ്രസിഡന്റിന് മഹത്തായ രാഷ്ട്രമായി മാറിയതും ഹോളോകാസ്റ്റ് മിഥ്യയാണെന്ന പതിവ് ഇറാന്‍ ഭാഷ്യത്തിനു പകരം ഹിറ്റ്‌ലര്‍ ജൂതന്മാരെ കൂട്ടക്കൊല ചെയ്തത് നടുക്കുന്ന സംഭവമാണെന്ന് പ്രഖ്യാപിക്കപ്പെട്ടതും മാധ്യമങ്ങള്‍ക്ക് ചൂടേറിയ വാര്‍ത്തകളായി. വിജയശ്രീലാളിതനായാണ് ഹസന്‍ റൂഹാനിയെന്ന പുതിയ പ്രസിഡന്റ് തെഹ്‌റാനില്‍ വിമാനമിറങ്ങിയത്; ഗംഭീര വരവേല്‍പിനൊപ്പം ചെരിപ്പേറുള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും.
അമേരിക്കയുടെ നേതൃത്വത്തില്‍ യു.എന്റെ കാര്‍മികത്വത്തില്‍ കടുത്ത ഉപരോധത്തില്‍ ശ്വാസം മുട്ടുകയാണ് ഇറാന്‍. ഇറാന്റെ എണ്ണ മേഖലയെ ലക്ഷ്യമിടുന്നതായിരുന്നു അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഏറ്റവുമൊടുവില്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍. എണ്ണ കയറ്റുമതിയെ ഏറെ പ്രതികൂലമായി ബാധിച്ചു ഇവ. 2011-ല്‍ ഇറാന്റെ പ്രതിദിന എണ്ണ കയറ്റുമതി 22 ലക്ഷം ബാരലുകളാണെങ്കില്‍ 2013 മേയില്‍ അത് ഏഴു ലക്ഷം ബാരലുകളായി കുറഞ്ഞു. കയറ്റുമതി കുറഞ്ഞതിനാല്‍ മാസം 400 മുതല്‍ 800 കോടി ഡോളര്‍ വരെയാണ് രാജ്യത്തിന് നഷ്ടമെന്ന് എണ്ണ മന്ത്രി പരസ്യ പ്രസ്താവന നടത്തി. ഗവണ്‍മെന്റിന്റെ ചെലവുകളില്‍ പകുതിയും നിറവേറ്റുന്നത് എണ്ണ കയറ്റുമതിയിലൂടെയാണ്. ഇതിനു പുറമെ അന്താരാഷ്ട്ര ബാങ്കിംഗ് മേഖലയില്‍നിന്നും ഒറ്റപ്പെട്ടതോടെ സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാവുകയും രിയാലിന്റെ മൂല്യം അടിക്കടി ഇടിഞ്ഞ്  ഡോളറുമായുള്ള വിനിമയത്തില്‍ മൂന്നില്‍ രണ്ടിലെത്തുകയും ചെയ്തു.
അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് കൂടുതല്‍ ഒറ്റപ്പെടുന്നത് രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് ശക്തമായ തിരിച്ചടിയാകുമെന്ന് റൂഹാനി മനസ്സിലാക്കിയിരുന്നു. ഉപരോധം മാത്രമല്ല, ആണവ പരിപാടിയെച്ചൊല്ലി അമേരിക്കയുടെയും ഇസ്രയേലിന്റെയും യുദ്ധ ഭീഷണികള്‍, സിറിയയിലെ ഭരണകൂടത്തിനുമേലുള്ള പിടി അയഞ്ഞാലുള്ള പ്രതിസന്ധികള്‍ തുടങ്ങിയവയും അവധാനതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. പ്രഥമ വിദേശ പര്യടനം യു.എന്‍ സമ്മേളനത്തിലേക്കായതും അമേരിക്കയുമായുള്ള ബന്ധങ്ങളില്‍ ചെറിയൊരു മഞ്ഞുരുക്കത്തിന് തുടക്കമിട്ടതും അതുകൊണ്ടാണ്. ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ നിശ്ശബ്ദ പിന്തുണയും ഇതിനുണ്ടായിരുന്നു. വിപ്ലവാനന്തരം ഒരു ഇറാനിയന്‍ പ്രസിഡന്റും പരമോന്നത നേതാവിനെ മറികടന്നുള്ള ഒരു നിലപാട് സ്വീകരിച്ചിട്ടില്ല. ഖുമൈനിയുടെ കാലത്തും ഖാംനഇയുടെ കാലത്തും അതിലൊരു മാറ്റവുമില്ല. അതിനാല്‍ ഖാംനഇയുടെ പിന്തുണയോടെയായിരുന്നു അമേരിക്കയുമായുള്ള പുതിയ നീക്കുപോക്ക് എന്നതില്‍ സംശയമില്ല.
അതേസമയം, താന്‍ ഉദ്ദേശിച്ചതിനുമപ്പുറത്തേക്ക് റൂഹാനി കടന്നുവെന്ന അഭിപ്രായവും ഖാംനഇ പ്രകടിപ്പിച്ചു. ന്യൂയോര്‍ക്കില്‍ നടന്നത് പൂര്‍ണമായും അംഗീകരിക്കാവുന്നതല്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള ബന്ധം നന്നാക്കുന്നതിനും യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി ഇറാന്റെ വിദേശ മന്ത്രി സംഭാഷണം നടത്തുന്നതിനുമേ പരമോന്നത നേതാവിന്റെ അനുമതി ഉണ്ടായിരുന്നുള്ളൂ. അത്ര പെട്ടെന്ന് വിശ്വാസത്തിലെടുക്കാവുന്ന ഭരണകൂടമല്ല അമേരിക്കയിലേത് എന്ന നിലപാടാണ് ഖാംനഇക്ക്. കഴിഞ്ഞ ദിവസം അദ്ദേഹം അത് ആവര്‍ത്തിച്ചു: 'ചിരിക്കുന്ന ശത്രുവെ വിശ്വസിച്ചുകൂടാ.' റൂഹാനിയുമായുള്ള സൗഹൃദ ടെലിഫോണ്‍ സംഭാഷണം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ കണ്ടപ്പോള്‍, ഇറാനെതിരായ സൈനിക നടപടി ഇപ്പോഴും അജണ്ടയിലുണ്ടെന്ന് ഒബാമ പറഞ്ഞതാണ് ഖാംനഇയെ ചൊടിപ്പിച്ചത്. അമേരിക്കയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുന്നതുവരെയെങ്കിലും പ്രസിഡന്റിന് കാത്തുനില്‍ക്കാമായിരുന്നുവെന്ന് വിപ്ലവ ഗാര്‍ഡ് കമാണ്ടര്‍ ജന. മുഹമ്മദലി ജഅ്ഫര്‍ പറഞ്ഞത് ഖാംനഇയുടെ ഭാഷ്യമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയുമായി ഇറാന്‍ നേരിട്ട് ചര്‍ച്ച നടത്തിയത് വലിയൊരു മാറ്റമാണ്. മുപ്പതു കൊല്ലത്തിലേറെയായി അമേരിക്കന്‍ വിരുദ്ധത ഇറാന്റെ ദേശീയ നയമാണ്. 'വലിയ ശൈത്താനെ'തിരായ എന്തിനും ഏതിനും അവിടെ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ അതിനൊരു മാറ്റമുണ്ടായി. അമേരിക്കന്‍ വിരുദ്ധത വിളിച്ചോതുന്ന തെഹ്‌റാന്‍ നഗരത്തിലെ കൂറ്റന്‍ ബില്‍ ബോര്‍ഡുകള്‍ അധികൃതര്‍ നീക്കം ചെയ്തത് വാര്‍ത്താ ഏജന്‍സികള്‍ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

അഹ്മദീ നിജാദും റൂഹാനിയും
അഹ്മദീ നിജാദിന്റെ രണ്ടു ഘട്ടങ്ങളിലായുള്ള ഭരണത്തിലാണ് ഇറാന്‍ അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് ഏറെ ഒറ്റപ്പെട്ടതെന്നും റൂഹാനിയുടെ കീഴില്‍ അതിനു മാറ്റമുണ്ടാകുമെന്നുമുള്ള വിലയിരുത്തലുകള്‍ പുറത്തുവരാന്‍ വൈകിയില്ല. എല്ലാ യു.എന്‍ സമ്മേളനങ്ങളിലും ഇസ്രയേലിനെ പ്രഹരിക്കലായിരുന്നു നിജാദിന്റെ പ്രധാന ജോലി. സയണിസ്റ്റ് രാഷ്ട്രത്തെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നു വരെ അദ്ദേഹം പ്രസ്താവിക്കാറുണ്ട്. എന്നാല്‍, യു.എന്‍ പ്രസംഗത്തില്‍ ഒരൊറ്റ തവണയാണ് റൂഹാനി ഇസ്രയേലിന്റെ പേര് പരാമര്‍ശിച്ചത്. ആണവ നിര്‍വ്യാപന കരാറില്‍ ആ രാജ്യം ഒപ്പിടണമെന്ന് ആവശ്യപ്പട്ടുള്ളതായിരുന്നു അത്. പക്ഷേ, നെതന്യാഹുവിനെ സംബന്ധിച്ചേടത്തോളം അഹ്മദീനിജാദ് ഒറിജിനല്‍ ചെന്നായയാണെങ്കില്‍ റൂഹാനി ആട്ടിന്‍ തോലിട്ട ചെന്നായയാണ്. സയണിസ്റ്റു ഭീകരരോട് വേദമോതുന്നതില്‍ കാര്യമില്ലെന്ന് അഹ്മദീ നിജാദ് നേരത്തെ മനസ്സിലാക്കിയിട്ടുണ്ടെന്ന് പറയുന്നതാകും ശരി.
ആണവായുധം, സിറിയ എന്നീ വിഷയങ്ങളിലാണ് അന്താരാഷ്ട്ര സമൂഹം ഇറാനെ സംശയത്തോടെ വീക്ഷിക്കുന്നത്. ആണവായുധ വിഷയത്തില്‍ അന്താരാഷ്ട്ര ശക്തികളുമായുള്ള ചര്‍ച്ചകളില്‍ മഞ്ഞുരുക്കമുണ്ടാകാനുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുന്നു. ഇസ്രയേലും അമേരിക്കയും പെരുപ്പിച്ചു കാണിച്ച ഒരു ഭീഷണി മാത്രമാണ് ഇറാന്റെ 'അണു ബോംബ്.' ഒരു സാങ്കേതിക വിദ്യയും കടമെടുക്കാതെയും മൂലകങ്ങളൊന്നും ഇറക്കുമതി ചെയ്യാതെയും അടുത്ത മൂന്നോ അഞ്ചോ വര്‍ഷം കൊണ്ട് സ്വന്തം നിലയില്‍ ഇറാന്‍ ആണവായുധം നിര്‍മിക്കുമെന്ന് ഇപ്പോഴത്തെ ഇസ്രയേല്‍ പ്രധാനമന്തി നെതന്യാഹു 1995-ല്‍ തന്റെ ആദ്യമൂഴത്തില്‍ നെസറ്റില്‍ നടത്തിയ പ്രസ്താവന ന്യൂസ്‌വീക്ക് വാരിക (4.10.2013) ഉദ്ധരിക്കുന്നു. പതിനെട്ടു വര്‍ഷം പിന്നിട്ടല്ലോ, എവിടെ ഇറാന്റെ ബോംബ്? മാത്രമല്ല, ബോംബ് നിര്‍മിക്കാമെന്ന ആലോചന 2003-ഓടെ ഇറാന്‍ പൂര്‍ണമായും ഉപേക്ഷിച്ചെന്ന് അമേരിക്കയിലെ 16 രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ദേശീയ രഹസ്യാന്വേഷണ നിരീക്ഷണ റിപ്പോര്‍ട്ടിലും (2007) വ്യക്തമാക്കിയിട്ടുണ്ട്.
ആഗോള മുസ്‌ലിം സമൂഹത്തെ വെല്ലുവിളിക്കുന്ന നിലപാടാണ് സിറിയന്‍ വിഷയത്തില്‍ ഇറാന്റേത്. അങ്ങേയറ്റത്തെ ശീഈ പക്ഷപാതിത്വം തലക്കുപിടിച്ച തെഹ്‌റാന്‍, ബശ്ശാറുല്‍ അസദ് അലവി വിഭാഗത്തില്‍പെട്ട ശീഈ ആയതുകൊണ്ടുമാത്രം ആ ഭീകരന്റെ കൂട്ടക്കൊലകള്‍ക്ക് ന്യായം ചമയ്ക്കുന്നു. ബഹറൈനിലും സുഊദിയുടെ കിഴക്കന്‍ മേഖലകളിലും ശീഈകള്‍ക്കെതിരെ ഭരണകൂട ഭീകരത ആരോപിക്കുന്നവര്‍ക്ക് സിറിയയില്‍ മരിച്ചുവീണ ഒരു ലക്ഷത്തിലേറെ വരുന്ന മുസ്‌ലിം സഹോദരങ്ങളെക്കുറിച്ച് ഉത്കണ്ഠ പോലുമില്ലെന്നതാണ് ഏറ്റവും വലിയ ദുരന്തം. അഹ്മദീ നിജാദ് പോയി റൂഹാനി വന്നതുകൊണ്ട് തീരുന്നതല്ല ഈ പ്രശ്‌നം. മര്‍ദക ഭരണകൂടത്തെ പരിലാളിക്കുന്ന ഇറാന്റെ ഈ നിലപാട് മാറ്റാത്തേടത്തോളം മുസ്‌ലിം ലോകത്തിന്റെ വിശ്വാസമാര്‍ജിക്കാന്‍ ഇറാന് കഴിയില്ല.
ഏറെക്കാലമായി മേഖലയില്‍ മേധാവിത്വത്തിനുള്ള മത്സരത്തിലാണ് ഇറാനും സുഊദി അറേബ്യയും. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അവ ഊഷ്മളമാണെന്ന് പറയുക വയ്യ. വിപ്ലവാനന്തരം ഇറാഖിലെ സദ്ദാം ഹുസൈന്‍ അടിച്ചേല്‍പിച്ച യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ട ഇറാനെ ന്യായത്തിന്റെ പക്ഷത്തുനിന്ന് പിന്തുണക്കാന്‍ ഗള്‍ഫ് രാജ്യങ്ങളോ മേഖലയിലെ മറ്റു അറബ് രാജ്യങ്ങളോ തയാറായിരുന്നില്ല. ശീഈ രാജ്യമെന്ന് മുദ്രകുത്തി ശൈശവ ദശയിലുള്ള ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ തകര്‍ക്കാനാണ് അവരൊക്കെ കൂട്ടുനിന്നത്. എട്ടു വര്‍ഷം നീണ്ട യുദ്ധത്തില്‍ സിറിയ മാത്രമാണ് ഇറാനെ പിന്തുണച്ചത്. കുവൈത്ത് അധിനിവേശത്തോടെ സദ്ദാമിനെ ശത്രുവായി കണ്ടെങ്കിലും 2004-ല്‍ അദ്ദേഹത്തെ ഉന്മൂലനം ചെയ്ത അമേരിക്കന്‍ നടപടിയോട് സുഊദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വിയോജിപ്പാണ് ഉണ്ടായിരുന്നത്. ശീഈകള്‍ ഭൂരിപക്ഷമാണെങ്കിലും സുന്നിയായ സദ്ദാം പരമാധികാരിയായി വാണിരുന്ന ഇറാഖ്, ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്ക് ആശ്വാസമായിരുന്നു. ഇറാന്റെ മേധാശക്തിക്ക് വെല്ലുവിളിയായാണ് അവര്‍ സദ്ദാമിനെ കണ്ടിരുന്നത്.
എന്നാല്‍, സദ്ദാമിനുശേഷമുള്ള ഇറാഖ് പൊടുന്നനെ ഇറാന്റെ സാറ്റലൈറ്റ് രാഷ്ട്രമായി മാറുകയും നൂറി അല്‍ മാലിക്കിയെന്ന ശീഈ പ്രധാനമന്ത്രിയുടെ കീഴില്‍ മുമ്പെന്നത്തേക്കാളേറെ ശക്തിയായി തെഹ്‌റാനുമായുള്ള ബന്ധം തുടരുകയും ചെയ്യുന്നു. അമേരിക്ക ഇറാനുമായി അടുക്കുന്നതിലുള്ള അമര്‍ഷം സുഊദി അറേബ്യ പരസ്യമായി വാഷിംഗ്ടണിനെ അറിയിച്ചത് അതുകൊണ്ടാണ്. ജി.സി.സി രാജ്യങ്ങളുടെ വിവിധ സമ്മേളനങ്ങളും ഉച്ചകോടികളും ഈയിടെയായി പാസ്സാക്കിയ പ്രമേയങ്ങള്‍ ഏറെയും ഇറാനുമായി ബന്ധപ്പെട്ടുള്ളതാണ്. യു.എ.ഇയും ഇറാനും തമ്മില്‍ മൂന്നു ദ്വീപുകളെച്ചൊല്ലിയുള്ള തര്‍ക്കം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഇസ്രയേലിന്റെ അണുബോംബുകളേക്കാള്‍ ഭീഷണിയുയര്‍ത്തുന്നത് ഇറാനാണെന്ന് ചില ജി.സി.സി രാജ്യങ്ങളെങ്കിലും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനെതിരായ പോരാട്ടത്തില്‍ ജി.സി.സിയും തങ്ങളും ഒരേ നിലപാടുകാരാണെന്ന് ഇസ്രയേല്‍ സൈനിക മേധാവിയുടേതായി വന്ന പ്രസ്താവനകളും ഇതോട് ചേര്‍ത്തുവായിക്കണം. പേര്‍ഷ്യന്‍ ഗള്‍ഫിലെ ഒരു രാജ്യത്ത് ഇസ്രയേല്‍ നയതന്ത്ര കാര്യാലയം തുറന്നതായി 2013-'14 വര്‍ഷത്തേക്കുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക പദ്ധതിയില്‍ പറയുന്നുണ്ട്. 2010-നു ശേഷം വിവിധ രാജ്യങ്ങളില്‍ ഇസ്രയേല്‍ ആരംഭിച്ച നയതന്ത്ര കാര്യാലയങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഗള്‍ഫ് രാജ്യത്തെ ഓഫീസെന്നും ഇക്കഴിഞ്ഞ മേയ് 11-ന് ഹാരെറ്റ്‌സ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
2005-ല്‍ മുഹമ്മദ് ഖാതമിയുടെ രണ്ടാമൂഴം അവസാനിക്കുകയും നിജാദിയന്‍ കാലഘട്ടം തുടങ്ങുകയും ചെയ്തതോടെയാണ് ഇറാനില്‍ കര്‍ക്കശ നിയമങ്ങള്‍ നടപ്പിലാക്കിയതെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞുകൂടാ. നിരവധി പുസ്തകങ്ങള്‍ നിരോധിക്കുകയും 150-ലേറെ പത്രങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തുവെന്നതാണ് പ്രധാന  പരാതി. അടച്ചുപൂട്ടിയ പത്രങ്ങളുടെ എണ്ണത്തില്‍ അതിശയോക്തിയുണ്ടെങ്കിലും ശക്തമായ സെന്‍സര്‍ഷിപ്പ് ഇറാനില്‍ നിലനില്‍ക്കുന്നുവെന്നത് സത്യം. നിരോധിത പുസ്തകങ്ങളില്‍ പതിനൊന്നെണ്ണമെങ്കിലും താമസിയാതെ വായനക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് സാംസ്‌കാരിക മന്ത്രി അലി ജന്നതി പ്രസ്താവിച്ചത് റൂഹാനി ഭരണത്തിനുള്ള ഗുഡ് സര്‍ട്ടിഫിക്കറ്റായി പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ഈയിടെ കൊട്ടിഘോഷിച്ചു. എന്നാല്‍, ദിവസങ്ങള്‍ പിന്നിടുമ്പോഴേക്ക് തെഹ്‌റാനില്‍നിന്ന് വന്നു ചൂടുള്ള മറ്റൊരു വാര്‍ത്ത. മുഹമ്മദ് നബി (സ) തനിക്കുശേഷമുള്ള ഖലീഫയായി മരുമകന്‍ അലി(റ)യെ നിയോഗിച്ചെന്ന ശീഈകളുടെ വാദത്തെ ചോദ്യം ചെയ്യുന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് ബഹര്‍ എന്ന ദിനപത്രം റൂഹാനി സര്‍ക്കാര്‍ അടച്ചുപൂട്ടി. നാല്‍പതിലേറെ പത്രപ്രവര്‍ത്തകരും 29 ബ്ലോഗര്‍മാരും ഇപ്പോഴും ജയിലുകളിലാണ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ദേശീയ ടെലിവിഷന്‍ നടത്തിയ അഭിമുഖത്തില്‍ ഔദ്യോഗിക മാധ്യമങ്ങളെയും സെന്‍സര്‍ഷിപ്പ് നയങ്ങളെയും കടന്നാക്രമിച്ച റൂഹാനിയുടെ ക്ലിപ്പിംഗുകള്‍ വ്യാപകമായി പ്രചരിപ്പിച്ചാണ് അനുകൂലികള്‍ വോട്ടുപിടിച്ചത്.

പ്രതീക്ഷകള്‍
അന്താരാഷ്ട്ര ഒറ്റപ്പെടലില്‍നിന്ന് ഇറാന്‍ കരകയറുന്നത് മേഖലയിലും പുറത്തും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. വര്‍ഷങ്ങളായുള്ള ഉപരോധങ്ങള്‍ക്കിടയിലും ഇറാന് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടെന്നത് കാണാതിരുന്നുകൂടാ. സിറിയന്‍ വിഷയത്തില്‍ വിയോജിക്കുമ്പോഴും ഇറാനുമായി ഊഷ്മള ബന്ധമുണ്ട് ഇസ്‌ലാമിസ്റ്റുകള്‍ ഭരിക്കുന്ന തുര്‍ക്കിക്ക്. റഷ്യയും ചൈനയും തെഹ്‌റാന്റെ ഉറ്റ സുഹൃത്തുക്കളാണ്. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ഇറാന്‍ ബന്ധം മെച്ചപ്പെടുത്താനുള്ള ആലോചനയിലാണ്. ഇറാനുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വ്യാപാര, സാംസ്‌കാരിക മേഖലകളില്‍ ഇത് സജീവമായി നിലനിന്നിരുന്നു. ഇറാന്റെ പ്രകൃതി വാതകം പൈപ്പ് വഴി ഇന്ത്യയില്‍ എത്തിക്കാമെന്ന ആശയത്തിന് രണ്ടു പതിറ്റാണ്ടിലേറെ കാലത്തെ പഴക്കമുണ്ട്. 1989-ല്‍ തുടക്കമിട്ട ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞുവന്നതാണ് 2,775 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇറാന്‍-പാകിസ്താന്‍-ഇന്ത്യ പൈപ്പ്‌ലൈന്‍. പാകിസ്താന്‍ 1995-ല്‍ പ്രാഥമിക കരാര്‍ ഒപ്പിട്ടെങ്കിലും നാലു വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഒപ്പുവെക്കുന്നത്. എന്നാല്‍, 2008-ല്‍ അമേരിക്കയുമായി സിവിലിയന്‍ ആണവ കരാറില്‍ ഒപ്പിട്ടതിനു പിന്നാലെ ഇന്ത്യ പദ്ധതിയില്‍നിന്ന് പിന്മാറി. ആണവ കരാറില്‍ ഒപ്പുവെക്കാന്‍ അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനക്കു മുന്നില്‍ ന്യൂദല്‍ഹി വഴങ്ങുകയായിരുന്നു. ഇതേ പ്രലോഭനവും ഭീഷണിയും പാകിസ്താനു മുന്നിലും അമേരിക്ക പ്രയോഗിച്ചിരുന്നു. പക്ഷേ, ഇന്ത്യയേക്കാള്‍ അമേരിക്കയുമായി അടുപ്പമുള്ള ഇസ്‌ലാമാബാദ് വഴങ്ങിയില്ല.
അമേരിക്കയുടെ ഇറാന്‍ നയത്തോട് അനുകൂല സമീപനമാണ് ഇന്ത്യ സ്വീകരിച്ചു പോന്നത്. അങ്കിള്‍സാം കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയാനാണ് നാം ശ്രമിക്കുന്നത്. വാതക പൈപ്പ്‌ലൈന്‍ പദ്ധതിയില്‍നിന്ന് പിന്മാറിയതും നാലു വര്‍ഷത്തിനിടെ മൂന്നു തവണ അന്താരാഷ്ട്ര ആണവോര്‍ജ സമിതിയില്‍ (ഐ.എ.ഇ.എ) ഇറാനെതിരെ വോട്ട് ചെയ്തും തെഹ്‌റാന്റെ സൈനിക വിവരങ്ങള്‍ ഒപ്പിയെടുക്കുന്നതിന് ഇസ്രയേല്‍ നിര്‍മിച്ച ചാര ഉപഗ്രഹമായ ടെക്സ്റ്റര്‍ വിക്ഷേപിച്ചുമൊക്കെ മേഖലയിലെ സുഹൃത്തിനെ അകറ്റാനാണ് ഇന്ത്യ ശ്രമിച്ചത്. മൂന്നു വര്‍ഷം മുമ്പ് ഐ.എ.ഇ.എ ഗവേണിംഗ് ബോഡി യോഗത്തില്‍ ഇറാനെതിരെ ഇന്ത്യ വോട്ടുചെയ്തപ്പോള്‍ ക്യൂബയും വെനിസ്വലയും മലേഷ്യയും എതിര്‍ത്തു വോട്ടുചെയ്ത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കെതിരായ നിലപാട് പരസ്യമാക്കുകയുണ്ടായി. മറ്റു രാജ്യങ്ങളുമായുള്ള  ബന്ധങ്ങളും ഇടപാടുകളും തീരുമാനിക്കാന്‍ അമേരിക്ക വരേണ്ടെന്ന് പറയാനുള്ള ആര്‍ജവം മന്‍മോഹന്‍ സിംഗിന് ഇല്ലാത്തത് യു.പി.എ സര്‍ക്കാറിന്റെ അമേരിക്കന്‍ ദാസ്യവൃത്തി കാരണമാണ്. ലോകം വെറുക്കുന്ന ബുഷിനെ ഇന്ത്യയിലെ ജനങ്ങള്‍ സ്‌നേഹിക്കുന്നുവെന്ന് പറയാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതും ഈ മനോഭാവമായിരുന്നല്ലോ. അമേരിക്ക കളം മാറിച്ചവിട്ടുന്നതോടെ ഇന്ത്യയുടെ ഇറാന്‍ നയത്തിലും മാറ്റം പ്രതീക്ഷിക്കാം.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/56-59