Prabodhanm Weekly

Pages

Search

2013 നവംബര്‍ 15

പുതിയ അക്കാദമിക സംസ്‌കാരം സൃഷ്ടിക്കപ്പെടണം

എസ്. ഇര്‍ഷാദ് / സംഭാഷണം

ഴിഞ്ഞ ഒക്‌ടോബര്‍ 19-ന് എസ്.ഐ.ഒ 31 വയസ്സ് പിന്നിട്ടു. തിരിഞ്ഞ് നോക്കുമ്പോള്‍ എന്ത് തോന്നുന്നു?
പിന്നിട്ട മൂന്ന് പതിറ്റാണ്ട് എസ്.ഐ.ഒവിനെ സംബന്ധിച്ചേടത്തോളം അഭിമാനാര്‍ഹമാണ്. ഇന്ത്യയില്‍ രാഷ്ട്രീയ അവബോധമുള്ള ഒരു സര്‍ഗാത്മക വിദ്യാര്‍ഥി ചേരിയെ രൂപപ്പെടുത്താനും കാമ്പസുകളില്‍ ക്രിയാത്മകമായി ഇടപെടുന്ന ഒരു സംഘമാവാനും എസ്.ഐ.ഒവിന് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കേരളത്തില്‍ ചില വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഏകാധിപത്യം നിലനില്‍ക്കുന്ന കാമ്പസുകളെ ജനാധിപത്യവല്‍ക്കരിക്കാന്‍ എസ്.ഐ.ഒ നേതൃത്വം നല്‍കി. ഇന്ന് കേരളത്തിലെ മുഴുവന്‍  യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലുകളിലും പ്രാതിനിധ്യമുള്ള  പ്രസ്ഥാനമായി എസ്.ഐ.ഒ വളര്‍ന്നിരിക്കുന്നു. പ്രഫഷനല്‍ സ്ഥാപനങ്ങളിലടക്കം സജീവ സാന്നിധ്യമാണ് എസ്.ഐ.ഒ. നമ്മുടെ കാമ്പസുകള്‍ മരിച്ചു കൊണ്ടിരിക്കുന്നു എന്ന വിലാപങ്ങള്‍ക്കിടയിലും എസ്.ഐ.ഒ ദേശീയവും അന്തര്‍ദേശീയവുമായ മനുഷ്യാവകാശ പോരാട്ടങ്ങളെയും സ്വാതന്ത്ര്യ പോരാട്ടങ്ങളെയും കാമ്പസുകളില്‍ ഉന്നയിക്കാനും മഅ്ദനി, ബിനായക് സെന്‍, ഇറോം ശര്‍മിള, കൂടംകുളം, പ്ലാച്ചിമട, ചെങ്ങറ, അരിപ്പ, ഫലസ്ത്വീന്‍, ഈജിപ്ത് തുടങ്ങിയവയെല്ലാം കാമ്പസിന്റ അജണ്ടയാക്കാനും എസ്.ഐ.ഒവിന് സാധിച്ചു. അവകാശ പോരാട്ടങ്ങളോടൊപ്പം തന്നെ വിദ്യാഭ്യാസ വിഷയങ്ങളിലെ നയനിലപാടുകളെ സ്വാധീനിക്കുന്ന സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും എസ്.ഐ.ഒ നേതൃത്വം നല്‍കുന്നു.

രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തെ എസ്.ഐ.ഒ എങ്ങനെ വിലയിരുത്തുന്നു?
നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം കൊളോണിയല്‍ പാരമ്പര്യത്തില്‍ നിന്ന്  ഇനിയും മുക്തമായിട്ടില്ല. ഭരണപരമായും നയപരമായും മെക്കാളെ മിനുട്‌സിലെ  ആശയങ്ങള്‍ തന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഇനിയും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭ്യമായിട്ടില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തടക്കം കടുത്ത അനീതിയും അസമത്വവും നിലനില്‍ക്കുന്നു.

നിലനില്‍ക്കുന്ന വിദ്യാഭ്യാസ സംവിധാനത്തില്‍ എന്തു മാറ്റമാണ് എസ്.ഐ.ഒ ആഗ്രഹിക്കുന്നത്?
വിദ്യാഭ്യാസം വര്‍ധിക്കുമ്പോള്‍ തന്നെ സമൂഹത്തില്‍ അനീതിയും അഴിമതിയും അസഹിഷ്ണുതയും വളരുന്നു. മറുവശത്ത് ഉല്‍പാദന സേവന രംഗങ്ങള്‍ മുരടിപ്പ് നേരിടുന്നു. തൊഴിലില്ലാ ബിരുദധാരികള്‍ വര്‍ധിക്കുന്നു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയുടെ ദൗര്‍ബല്യങ്ങളിലേക്കാണ്. നാഗരികതയെയും സമൂഹത്തെയും മുന്നോട്ട് നയിക്കാന്‍ സാധിക്കുന്നതാവണം   വിദ്യാഭ്യാസം. മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പ് സാധ്യമാക്കുന്ന വിദ്യാഭ്യാസ രീതി  ഉണ്ടാവണമെന്നാണ് എസ്.ഐ.ഒ ആഗ്രഹിക്കുന്നത്. മറ്റൊരര്‍ഥത്തില്‍, നല്ല മനുഷ്യരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം ഉണ്ടാവണം. സഹോദര്യവും നീതിയും സാധ്യമാകുന്ന, വിധേയത്വവും അസംതൃപ്തിയും വിപാടനം ചെയ്യാന്‍ സഹായിക്കുന്ന വിദ്യാഭ്യാസ കാഴ്ചപ്പാട് രൂപപ്പെടണം.

‘കേരള മോഡല്‍’ വിദ്യാഭ്യാസത്തെക്കുറിച്ച് എന്താണ് താങ്കളുടെ വിലയിരുത്തല്‍?
കേരള മോഡല്‍ വിദ്യാഭ്യാസത്തിന് ലോക ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സമ്പൂര്‍ണ  സാക്ഷരത നേടിയെടുക്കുന്നതിലും സാര്‍വത്രികവും സൗജന്യവുമായ പ്രാഥമിക  വിദ്യാഭ്യാസം നല്‍കുന്നതിലും ഒരു പരിധിവരെ നാം വലിയ നേട്ടമാണ് കൈവരിച്ചത്. പക്ഷേ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ നാം ഇനിയും ഏറെ മുന്നേറേണ്ടതുണ്ട്.

കേരളത്തിലെ യൂനിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത് ബിഹാറിനെക്കാള്‍ പിന്നിലാണ് എന്ന് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വൈജ്ഞാനികമായും ഭരണ നിര്‍വഹണപരമായും ലോകത്ത് നിരവധി പരിഷ്‌കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, കേരളീയ സമൂഹത്തിന്റെ പൊതുബോധം ഒരു ഘട്ടത്തില്‍ തങ്ങള്‍ എത്തിച്ചേര്‍ന്ന വികാസത്തെ ചരിത്രത്തിന്റെ അവസാനമായി മനസ്സിലാക്കി പുതിയ വികാസങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്നതില്‍ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഉദാഹരണമായി സ്വാശ്രയ വിദ്യാഭ്യാസ പരിഷ്‌കരണത്തോടും സ്വയംഭരണ കോളേജ് ആശയത്തോടും  നിഷേധാത്മകമായ സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. മറ്റു ചിലപ്പോള്‍ പരിഷ്‌കരണത്തിന്റെ ഉദ്ദേശ്യത്തെ തന്നെ അട്ടിമറിക്കുന്ന രീതിയില്‍ പരിഷ്‌കരണത്തെ മിസ് പ്രാക്ടീസ് ചെയ്യുന്നതും കാണാം. ഉന്നത വിദ്യാഭ്യാസ രംഗത്ത് പോലും ഒരു അക്കാദമിക സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുന്നതില്‍ നാം വിജയിച്ചിട്ടില്ല. ഇതുമൂലം കേരളീയ സമൂഹം ലോകത്തോട് മത്സരിക്കാന്‍ സാധിക്കാതെ പുറം തള്ളപ്പെടുന്ന അവസ്ഥയുണ്ട്. നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങളില്‍ നിന്ന് മാറി  ഗുണനിലവാരവും പുതിയ വൈജ്ഞാനിക ഉല്‍പാദനവും ഉറപ്പുവരുത്തുന്ന രീതിയിലുള്ള ഭരണപരവും അക്കാദമികവുമായ പരിഷ്‌കാരങ്ങള്‍ക്ക് നാം തയാറാവേണ്ടതുണ്ട്.

സ്വാശ്രയ കോളേജുകള്‍ ഒരു ദശാബ്ദം പൂര്‍ത്തിയാക്കിയ സന്ദര്‍ഭത്തില്‍ എസ്.ഐ.ഒ അവയെ സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമാക്കുകയുണ്ടായി. പതിറ്റാണ്ട് പിന്നിട്ട സ്വാശ്രയ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തെ, അതിന്റെ അതിജീവന സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു?
സ്വാശ്രയ കോളേജുകള്‍ ഒരു  സാമൂഹിക യാഥാര്‍ഥ്യമായി അംഗീകരിച്ചുകൊണ്ടാണ് എസ്.ഐ.ഒ  അതിനോട് നിലപാട് സ്വീകരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം, പ്രത്യേകിച്ച് പ്രഫഷണല്‍ വിദ്യാഭ്യാസം ലഭ്യമാവാതിരുന്ന സാമൂഹിക ജനവിഭാഗങ്ങള്‍ക്ക് അത് പ്രാപ്യമാക്കാന്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ എസ്.ഐ.ഒ  സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട് സ്വീകരിച്ച സമീപനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പ്രവേശനം മെരിറ്റും സംവരണ തത്ത്വങ്ങള്‍ പാലിച്ചും, ഫീസ് നിശ്ചയിക്കുന്നത് വിദ്യാര്‍ഥികളുടെ സാമ്പത്തികാവസ്ഥക്കനുസരിച്ചുമാകണം. സ്ഥാപനത്തിന്റെ  മുഴുവന്‍  ചെലവും വിദ്യാര്‍ഥികളില്‍ നിന്ന് ഫീസായി ഈടാക്കുന്ന സംവിധാനം പുനരാലോചനക്ക് വിധേയമാക്കണമെന്നാണ് എസ്.ഐ.ഒവിന്റെ നിലപാട്. പണമില്ലാത്തവര്‍ ലോണെടുത്ത് പഠിക്കുക, അതിനു കഴിഞ്ഞില്ലെങ്കില്‍ പഠനം ഉപേക്ഷിക്കുക എന്ന സര്‍ക്കാര്‍ സമീപനത്തില്‍ നിന്ന് വ്യത്യസ്തമായി വിഭവസമാഹരണത്തിന് പുതിയ വഴികള്‍ കണ്ടെത്തേണ്ടതുണ്ട്.
കേരളത്തില്‍ പതിനായിരക്കണക്കിന് സീറ്റുകള്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് മികച്ച സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇനി  ഭാവിയുള്ളൂ എന്നാണ്. എഞ്ചിനീയറിംഗും മെഡിക്കലും മാത്രമാണ് എജുക്കേഷന്‍ എന്ന് ധരിച്ച് അഭിരുചികള്‍ പരിഗണിക്കാതെ കുട്ടികളെ നിര്‍ബന്ധിച്ച് ഇത്തരം കോഴ്‌സുകള്‍ക്ക് ചേര്‍ക്കുന്ന സാമൂഹിക മനോവൈകല്യം കേരളത്തിലുണ്ട്. ഇതും തിരുത്തപ്പെടേണ്ടതാണ്.

വിദ്യാഭ്യാസ രംഗത്ത് പുതുതായി ആരംഭിക്കുന്ന കേന്ദ്ര സര്‍വകലാശാലകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ പി.പി.പി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍) മോഡലിലാണ് ആവിഷ്‌ക്കരിക്കപ്പെടുന്നത്. ഇതിനോടുള്ള എസ്.ഐ.ഒ വിന്റെ സമീപനമെന്താണ്?
പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ (പി.പി.പി) മോഡല്‍ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കാവുന്നതാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പി.പി.പി മോഡല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണത്തേക്കാള്‍ നമുക്ക് സ്വീകരിക്കാവുന്ന ഒരാശയമാണിത്. ഗവണ്‍മെന്റോ ഗവണ്‍മെന്റ് സ്ഥാപനങ്ങളോ സ്വകാര്യ സംരംഭങ്ങളുമായി ചേര്‍ന്ന് സ്ഥാപനങ്ങള്‍ ആരംഭിക്കുകയോ നടത്തുകയോ ചെയ്യുന്നതിനെയാണ് പി.പി.പി എന്ന് പറയുന്നത്. എന്നാല്‍, ഇതിന് പകരം 4 പി (പബ്ലിക് പ്രൈവറ്റ് പീപ്പ്ള്‍ പാര്‍ട്ടിസിപ്പേഷന്‍) മോഡലാക്കണമെന്നാണ് എസ്.ഐ.ഒവിന്റെ നിലപാട്. സര്‍ക്കാറും സ്വകാര്യ സംരംഭകരും ജനങ്ങളും പങ്കാളികളാവുന്ന ഒരു സംവിധാനമാണ് 4 പി മോഡല്‍. ഗുണഭോക്താക്കള്‍ക്ക് കൂടി നയരൂപീകരണത്തില്‍ ഇടപെടാന്‍ സാധിക്കുമെന്നത് ഇതിന്റെ ഗുണഫലമാണ്.

വിദേശ സര്‍വകലാശാലകള്‍ (ഫോറിന്‍ യൂനിവേഴ്‌സിറ്റി), സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവ നമ്മുടെ രാജ്യത്തിന് ഗുണകരമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
വിദേശ സര്‍വകലാശാലകളെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിദേശ സര്‍വകലാശാലകള്‍ വരുന്നതോടെ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റം ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. പുതിയൊരു അക്കാദമിക് കള്‍ച്ചര്‍ രൂപപ്പെടുത്താന്‍ ഇത് സഹായിക്കും. ഇപ്പോള്‍ വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ സാധിക്കുന്നത് വിദേശത്ത് താമസിച്ച് പഠിക്കാന്‍ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങള്‍ അനുകൂലമായവര്‍ക്കു മാത്രമാണ്. ഇത് ഇന്ത്യയിലേക്ക് കടന്നുവരുന്നതോടെ കൂടുതല്‍ വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രയോജനപ്രദമാകും. എന്നാല്‍, വിദേശ സര്‍വകലാശാലകള്‍ വഴി പാശ്ചാത്യ സംസ്‌കാരം നമ്മുടെ സംസ്‌കാരത്തെ മലിനപ്പെടുത്തുമെന്ന വിമര്‍ശനം തള്ളിക്കളയേണ്ടതല്ല. വിദേശ സര്‍വകലാശാലകള്‍ ഗുണനിലവാരം പുലര്‍ത്തില്ല എന്ന ആശങ്കയുമുണ്ട്. എന്നാല്‍, വളരെ ശക്തമായ ഒരു നിയമത്തിനുള്ള കരട് ബില്ല് കേന്ദ്രസര്‍ക്കാര്‍  തയാറാക്കിയിട്ടുണ്ട്. മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം അനുമതി നല്‍കാനുള്ള  വ്യവസ്ഥകള്‍ ബില്ലിലുണ്ട്. ശക്തമായ നിയമം ഉണ്ടായിരിക്കെതന്നെ അതിനെ മറികടന്ന് ഇളവുകള്‍ അനുവദിക്കുന്ന ഭരണകൂട സമീപനത്തെ നിരീക്ഷിക്കുന്ന ജാഗ്രതയുള്ള സമൂഹം കൂടിയുണ്ടെങ്കില്‍ വിദേശ സര്‍വകലാശാലകള്‍  രാജ്യത്തിന് ഗുണം ചെയ്യും.

2013 നവംബര്‍ 16,17 തീയതികളില്‍ തിരുവനന്തപുരത്ത് വെച്ച് കേരള എജുക്കേഷന്‍ കോണ്‍ഗ്രസ് നടക്കുകയാണല്ലോ. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു വിദ്യാര്‍ഥി സംഘടന ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. എന്ത് സന്ദേശമാണ് കേരള എജുക്കേഷന്‍ കോണ്‍ഗ്രസിലൂടെ എസ്.ഐ.ഒ കേരളീയ സമൂഹത്തിന് നല്‍കുന്നത്?
കേരളത്തില്‍ വിദ്യാഭ്യാസം വളരെ സെന്‍സിറ്റീവായ ഒരു ഇഷ്യുവാണ്. വിദ്യാഭ്യാസ രംഗത്ത് ധാരാളം പരിഷ്‌കാരങ്ങള്‍ നടന്നിട്ടുണ്ട്. ഈ പരിഷ്‌കാരങ്ങളെ കുറിച്ചോ നടപ്പാക്കേണ്ട രീതികളെ കുറിച്ചോ ഗൗരവപൂര്‍ണമായ ചര്‍ച്ചകള്‍ പൊതു സമൂഹത്തില്‍ വേണ്ടത്ര നടക്കാറില്ല. ഭരണ നിര്‍വഹണ സമിതികളില്‍ മാത്രമൊതുങ്ങുന്ന ചര്‍ച്ചകളാണ് പലപ്പോഴും  നമ്മുടെ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നത്. ഇത്തരം ചര്‍ച്ചകളോട് റിയാക്റ്റ് ചെയ്യുക എന്നതാണ് പൊതുവേയുള്ള രീതി. നയരൂപീകരണത്തില്‍ ഇടപെടാനുള്ള ഒരു ശ്രമമാണ് കേരള എജുക്കേഷന്‍ കോണ്‍ഗ്രസ്. വിദ്യാഭ്യാസത്തിന്റെ ഭാവിയില്‍ തല്‍പരരായ എല്ലാ വിഭാഗങ്ങളെയും ചിന്താ വീക്ഷണ വൈവിധ്യങ്ങളോടെ തന്നെ ഒരുമിച്ചിരുത്തുന്ന പ്ലാറ്റ്‌ഫോം കൂടിയാണ് കേരള എജുക്കേഷന്‍ കോണ്‍ഗ്രസ്.
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തോട് പല നിലക്കും വിയോജിപ്പുള്ള ഒരു പ്രസ്ഥാനം എന്തിനാണ് ഭരണകൂടം നടപ്പിലാക്കുന്ന നയങ്ങളുടെ പ്രായോഗിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഒരു എജുക്കേഷന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്?
മാറ്റം നിലവിലുള്ള സംവിധാനത്തോട് പുറം തിരിഞ്ഞു കൊണ്ട് മാത്രമേ സാധ്യമാകൂ എന്ന സമീപനം എസ്.ഐ.ഒവിനില്ല. ജനാധിപത്യത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി നിലവിലുള്ള സംവിധാനത്തെ പരിഷ്‌കരിക്കാനും പുതിയ ദിശ നിര്‍ണയിക്കാനും ശ്രമിക്കാവുന്നതാണ്. ഇത്തരം ഇടപെടലുകള്‍ക്ക് രാജ്യത്തിന്റെ  നയങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നത് നമ്മുടെ അനുഭവമാണ്.
 
ഒരേ സമയം വിദ്യാഭ്യാസത്തിന്റെ നയപരവും പ്രായോഗികവും ഘടനാപരവുമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക പ്രായോഗികമാണോ?
ശരിയാണ്. അക്കാദമിക ചര്‍ച്ചകളില്‍ ഇത് വളരെ പ്രയാസമുള്ള കാര്യമാണ്. പക്ഷേ ഒരു പുതിയ  അക്കാദമിക് സംസ്‌കാരം സൃഷ്ടിക്കുക എന്നതിന്റെ തുടക്കമെന്ന നിലക്ക് ഇതിനെ മനസ്സിലാക്കണം. വിദ്യാഭ്യാസത്തെ സംബന്ധിച്ച ഭാവി ചര്‍ച്ചകള്‍ക്ക് ദിശ നിര്‍ണയിക്കാന്‍ കേരള എജുക്കേഷന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

സാധാരണ ഇത്തരം ചര്‍ച്ചകള്‍ക്ക് വിഷയമാവാത്ത മത വിദ്യാഭ്യാസം എന്തുകൊണ്ടാണ് കേരള എജുക്കേഷന്‍ കോണ്‍ഗ്രസ് ചര്‍ച്ചക്കെടുക്കുന്നത് ?
ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു മേഖലയാണ് മത വിദ്യാഭ്യാസം. വിവിധ മത ധാരകളിലെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ എങ്ങനെയാണെന്ന് പരസ്പരം അറിയാത്ത അവസ്ഥയുണ്ട്. ഇത് വലിയ തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുന്നുണ്ട്. ഇത്തരം സംവിധാനങ്ങളെ കുറിച്ച തുറന്ന ചര്‍ച്ച തെറ്റിദ്ധാരണകള്‍ ഒരു പരിധിവരെ ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം വിദ്യാഭ്യാസ സംവിധാനങ്ങളുടെ സിലബസുകളും ബോധനരീതികളും പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ഉദ്ദേശിക്കുന്നു. നഴ്‌സറി തലം മുതല്‍ യൂനിവേഴ്‌സിറ്റി തലം വരെ വികസിച്ച ഈ മേഖലയിലെ സംവിധാനങ്ങളുടെ വളര്‍ച്ച നാം കാണാതിരുന്നുകൂടാ.

കേരള എജുക്കേഷന്‍ കോണ്‍ഗ്രസിനോട് കേരളത്തിലെ അക്കാദമിക വിദ്യാര്‍ഥി സമൂഹത്തിന്റെ പ്രതികരണമെന്താണ് ?
വളരെ സന്തോഷകരവും പ്രോത്സാഹജനകവുമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേരളം ഇത്തരമൊരു വേദി ആഗ്രഹിച്ചിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അക്കാദമിക സമൂഹം വലിയ പിന്തുണയാണ് എസ്.ഐ.ഒവിന് നല്‍കുന്നത്. കേന്ദ്ര-സംസ്ഥാന  സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ കേരള എജുക്കേഷന്‍ കോണ്‍ഗ്രസിനെ ഗൗരവത്തിലെടുത്തിട്ടുണ്ട്.

കേരള എജുക്കേഷന്‍ കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ എവിടം വരെയായി?
കേരള എജുക്കേഷന്‍ കോണ്‍ഗ്രസിന്റെ ഭാഗമായി രാജ്യത്തെ പ്രധാനപ്പെട്ട കേന്ദ്ര - സംസ്ഥാന സര്‍വകലാശാലകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. കേരളത്തിലെ യൂനിവേഴ്‌സിറ്റികള്‍ക്കും കോളേജുകള്‍ക്കും അക്കാദമിക സമൂഹത്തിനും കേരള എജുക്കേഷന്‍ കോണ്‍ഗ്രസിന്റെ സന്ദേശം എത്തിച്ചിട്ടുണ്ട്. രാജ്യത്തെ പ്രഗത്ഭരായ അക്കാദമീഷന്മാരും കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളിലെ അധ്യാപകരും ഗവേഷണ വിദ്യാര്‍ഥികളും അതിഥികളായും വിഷയാവതാരകരായും കേരള എജുക്കേഷന്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും. മലയാളം/ഇംഗ്ലീഷ് ഭാഷകളിലായാണ് പേപ്പര്‍ പ്രസന്റേഷനുകളും പ്രഭാഷണങ്ങളും നടക്കുക. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ സ്ഥാപക മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരില്‍ നിന്നായി 800-ഓളം രജിസ്റ്റര്‍ ചെയ്ത പ്രതിനിധികളെയാണ് പരിപാടിക്ക് ഉദ്ദേശിക്കുന്നത്. പ്രതിനിധികള്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. പതിമൂന്നോളം അക്കാദമിക് സെഷനുകള്‍ക്കും, അഞ്ച് പൊതു ചര്‍ച്ചകള്‍, ഇന്നവേറ്റീവ് മെത്തേഡുകള്‍ പരിചയപ്പെടുത്തുന്ന നാല് പൊതു ചര്‍ച്ചകള്‍  തുടങ്ങി ഇരുപത്തിയൊന്ന്  സെഷനുകളും ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും അടക്കമുള്ള പരിപാടികള്‍ക്കുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

തയാറാക്കിയത്:
അമീന്‍ മോങ്ങം, മുന്‍സിഫ് കക്കോടി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/56-59